“രാഷ്ട്രനിർമ്മാണം എന്നത്, പണിയെടുക്കാനനുവദിക്കാതെ, പഠിക്കാനുവദിക്കാതെ, പഠിപ്പിക്കാനനുവദിക്കാതെ, തൊഴിലും വരുമാനവും നഷ്ടപ്പെടുത്തി ഭിഷണിപ്പെടുത്തലും, പൌരൻറെ, കുട്ടികളുടെ അവകാശങ്ങൾ ഹനിക്കലാണ് എന്ന ബോധ്യം പകർന്നുകൊടുക്കലാണോ?” |
കൊല്ലം ജില്ലയിൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്.യു.) ജൂൺ 04, 2025 ന് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. സർവകലാശാല കലോത്സവ വേളയിൽ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) പ്രവർത്തകർ കെ.എസ്.യു. പ്രവർത്തകരെയും വനിതാ നേതാക്കളെയും ആക്രമിച്ചുവെന്ന് കെ.എസ്.യു. ആരോപിക്കുന്നു. ഈ ആക്രമണത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്തതിനെതിരായ പ്രതിഷേധമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരു ദിവസത്തെ വിദ്യാഭ്യാസ ബന്ദിനു പിന്നിലെ കാരണം.
എന്നാൽ ഈ “സമരം” ഒരു പരിഷ്കൃത സമൂഹത്തിന് അപമാനകരവും അസ്വീകാര്യവുമായ ഒരു പ്രാകൃത സമര രീതിയാണ്, ഇത് തടയാതെ കൂട്ടുനിനിന്ന ഭരണകൂടം ഒരു പരാജയവുമാണ്. ഇക്കാര്യം നമുക്ക് പരിശോധിക്കാം, തിരുത്തലിനുള്ള ശ്രമം നടത്താം.
ഒരു കുടുംബചിത്രം: ഒരു ദിവസത്തെ അസ്വസ്ഥത
ഒരു സാധാരണ മധ്യവർഗ കുടുംബത്തെ സങ്കൽപ്പിക്കുക – രണ്ട് രക്ഷിതാക്കൾ, രണ്ട് സ്കൂൾകുട്ടികൾ (ഒരാൾ പ്രൈമറി ക്ലാസിൽ, മറ്റേയാൾ ഹൈസ്കൂളിൽ). ജോലിയുടെ ക്ഷീണത്തോടെ വീട്ടിൽ തിരിച്ചെത്തിയ രക്ഷിതാവിന്റെ മൊബൈലിൽ ഒരു സന്ദേശം: “നാളെ ക്ലാസുകൾ ഇല്ല. വിദ്യാഭ്യാസ ബന്ദ്. കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിൽ അയയ്ക്കരുത്. വാഹനത്തിന് നേരെ ആക്രമണം ഉണ്ടാകാമെന്നതിനാൽ സ്കൂൾ ബസ് ഓടില്ല.” ഇതോടെ സ്കൂളിൽ പോകുന്ന കുട്ടികളുള്ള സകല രക്ഷകർത്താക്കളുടെയും മനോനില തകരുന്നു. പ്രത്യികിച്ച് ജോലിക്കുപോകുന്ന രക്ഷകർത്താക്കളുടെ, വീട്ടിൽ കുട്ടിയെ സ്വതന്ത്രമായി ഏൽപ്പിച്ചുപോകാൻ കഴിയാത്തവരുടെ. ക്ലാസ്ടീച്ചറെ വിളിച്ചപ്പോൾ കുട്ടിയെ വിടണ്ട എന്ന് പറഞ്ഞു
ഇരുവർക്കും ജോലിസ്ഥലങ്ങളിലേക്ക് പോകേണ്ടിയിരിക്കുന്നു. എന്നാൽ കുട്ടികളെ എവിടെ ഏൽപ്പിച്ചിട്ട് പോകും? ചെറിയ കുട്ടിയെ ഒറ്റയ്ക്ക് വീട്ടിൽ വിടാൻ സാധിക്കില്ല. അപ്പോൾ ഒരാൾക്ക് അവധിയെടുക്കേണ്ടിവരും. ഇത് സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർക്ക് ശമ്പളക്കുറവിനും സർക്കാർ-പൊതുമേഖലയിൽ അവധിനഷ്ടത്തിനും വഴിവെക്കുന്നു. ഇരുവർക്കും അവധിയെടുക്കേണ്ടിവന്നാൽ രണ്ട് വരുമാനവും നഷ്ടം!
ജോലിക്കു പോകുന്ന രക്ഷിതാവ് മറ്റേ രക്ഷിതാവിനെയോ അയൽക്കാരനെയോ കുട്ടികളുടെ ചുമതല ഏൽപ്പിക്കേണ്ടിവരുന്നു. ഇത് അയൽക്കാരന് ബാധ്യതയാകുകയും അയാളുടെ ആ ദിനത്തിലെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. അപൂർവമായെങ്കിലും ഇത്തരം സന്ദർഭങ്ങൾ ബാലപീഡനത്തിന് വഴിവെക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ഫ്ലാറ്റുകളിലോ വില്ലകളിലോ താമസിക്കുന്നവർക്കും അയൽക്കാരുമായി അപരിചിതത്വമുള്ളവർക്കുമുള്ള അസ്വസ്ഥതകൾ ഏറെയാണ്.
വീട്ടിൽ നിൽക്കേണ്ടിവരുന്ന രക്ഷിതാവിനും വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും അന്നത്തെ ഭക്ഷണം തയ്യാറാക്കൽ, കുട്ടികളെ സാന്ത്വനത്തോടെ നിയന്ത്രിക്കൽ തുടങ്ങിയ ജോലികൾ അധികമായി ചെയ്യേണ്ടിവരുന്നു. സ്കൂളിൽ പോകാതെ നിൽക്കുന്ന കുട്ടികളുടെ അധിക ഊർജ്ജം കൈകാര്യം ചെയ്യാൻ പരിശീലനമില്ലാത്ത രക്ഷിതാവ് ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരും.
മനോഭീതിയും അവകാശലംഘനവും
“വഴിയിൽ കുട്ടികളെ തടയും,” “വാഹനങ്ങൾ തകർക്കും,” “സ്കൂൾ സമരം ചെയ്ത് അടച്ചിടും,” “കുട്ടികൾ വഴിയിലാകുകയോ അരക്ഷിതരാകുകയോ ചെയ്യും” എന്നീ ഭയാനകമായ ചിന്തകൾ കുട്ടികളിലും രക്ഷകർത്താക്കളിലും ഉണ്ടാക്കുന്നത് ഇത്തരം പ്രഖ്യാപനങ്ങളുടെ ഫലമാണ്. ഇത് കുട്ടികളിൽ അഗാധമായ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കും. ഓരോ കുട്ടിയുടെയും ഈ ദിനത്തിലെ സ്കൂളിലേക്കുള്ള യാത്ര ഭീകരാനുഭമാകും എന്ന ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും സ്കൂളുകളിലും, എന്തിനേറെ കുട്ടികളിൽ പോലും ഉണ്ടാകും. അതിനാൽ തന്നെ ഇതൊരു അപരിഷ്കൃത സമരരീതിയാണ്. കുട്ടികളെ കരുവാക്കി ഒരു പരിഷ്കൃത സമൂഹത്തിന് ഇത്തരത്തിലുള്ള സമരരീതികളുമായി അതിജീവിക്കാനാകില്ല എന്നതും യാഥാർത്ഥ്യമായി നാം മനസ്സിലാക്കണം.
പ്രായപൂർത്തിയായവരുടെ രാഷ്ട്രനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമാണ് സമരങ്ങളും പണിമുടക്കുമെല്ലാം. അവയെന്താണെന്നും ഓരോ സമരവും ചരിത്രത്തിൽ എന്തുമാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കുട്ടികളെ പറഞ്ഞു പഠിപ്പിച്ചുതന്നെ മാത്രമേ മുന്നോട്ടുപോകാനും കഴിയുകയുമുള്ളൂ. എന്നാൽ അതിനുവേണ്ടി ഒരു പ്രദേശത്തെ, ഒരു ജില്ലയിലെ, ഒരു സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവകാശം, ബാലാവകാശം, മനുഷ്യാവകാശം എന്നിവ അപ്പാടെ അപ്രസക്തമാക്കിയും നാളത്തെ വാഗ്ദാനങ്ങളായവരെ അപരിചിതരുടെ ശബ്ദമുഖരവും ആക്രമണോത്സുകവുമായ രാഷ്ട്രീയ പ്രവൃത്തികൾ കാണാനും കേൾക്കാനും ഇടവരുത്തുക എന്നത് അവരുടെ മനസ്സിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കലാണ്. “ഇതാണ് രാഷ്ട്രീയം” എന്ന ഉറപ്പിക്കൽ ആണ്. രാഷ്ട്രനിർമ്മാണം എന്നത്, പണിയെടുക്കാനനുവദിക്കാതെ, പഠിക്കാനുവദിക്കാതെ, പഠിപ്പിക്കാനനുവദിക്കാതെ, തൊഴിലും വരുമാനവും നഷ്ടപ്പെടുത്തി ഭിഷണിപ്പെടുത്തലും, പൌരൻറെ, കുട്ടികളുടെ അവകാശങ്ങൾ ഹനിക്കലാണ് എന്ന ബോധ്യം പകർന്നുകൊടുക്കലാണോ?
സ്കൂളിൽ പോകാനുള്ള അടിസ്ഥാന അവകാശം വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ തടസ്സപ്പെടുത്തുന്നത് കുട്ടിയുടെ പഠനപുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ മറ്റൊരു വിഷയവും പരിഗണിക്കേണ്ടതുണ്ട്. സ്കൂൾ തുറന്ന് മൂന്നാംദിവസം ഇത്തരമൊരു സമരം നടത്തുന്നത് പഠനതുടർച്ചയില്ലായ്മയ്ക്കും പഠനോത്സാഹക്കുറവിനും കാരണമാകും. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം പ്രവേശനോത്സവമൊക്കെ നടത്തി സ്കൂളിലെത്തുന്ന കുട്ടിക്ക് വീണ്ടും ഒരു ദിവസത്തെ വീട്ടുവാസം പഠനതുടർച്ചയുടെ നഷ്ടമായി മാറും.
സ്വന്തം കാരണങ്ങളാലല്ലാതെ മറ്റേതെങ്കിലും കാരണത്താൽ തന്റെ ഒരു ദിവസത്തെ സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെടുന്നത് കുട്ടിയുടെ അവകാശലംഘനമാണ്. ഇവിടെ വിദ്യാഭ്യാസ ബന്ദിന് പ്രതിപാദിക്കുന്ന വിഷയും തന്നെ പോലീസും നിയമസംവിധാനവുമായി ബന്ധപ്പെട്ട് മാത്രമുള്ള വിഷയമായതിനാൽ, ഇതുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവകാശത്തിൽ കൈവയ്ക്കാൻ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിനോ പൗരബോധമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോ കഴിയുകയില്ല. കുട്ടികളുടെ വിദ്യാഭ്യാസം കവർന്നെടുക്കലല്ല, മറിച്ച് അത് സംരക്ഷിച്ചുകൊണ്ടാണ് ഒരു പരിഷ്കൃത രാഷ്ട്രനിർമ്മാണം.
അപരിഹാര്യമായ നഷ്ടം
വൈദ്യുതി, ജലവിതരണം, ജീവനക്കാരുടെ ശമ്പളം, മധ്യാഹ്ന ഭക്ഷണ പദ്ധതിയുടെ ചെലവ്, സുരക്ഷാ സേവനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കപ്പെട്ടിട്ടും പഠനം നടന്നില്ല എന്നത് ഗുരുതരമായ വിഭവദുർവിനിയോഗമാണ്. സ്വകാര്യ വിദ്യാലയങ്ങളിൽ ഇത് ഭീമമായ സാമ്പത്തിക നഷ്ടത്തിനും, സർക്കാർ വിദ്യാലയങ്ങളിൽ പൊതുനിധിയുടെ അനാവശ്യ ചെലവിനും കാരണമാകുന്നു. ഫാൻ, ലൈറ്റ്, കമ്പ്യൂട്ടർ ലാബുകൾ, ഓഫീസുകൾ എന്നിവയിൽ ഉപയോഗിച്ച വൈദ്യുതി പാഴായതോടൊപ്പം, നിരവധിയായ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും കോളേജുകളിലും ഇത്തരം നഷ്ടം ആവർത്തിച്ചു. രക്ഷിതാക്കളുടെ ജോലിനഷ്ടം മൂലമുള്ള ഉത്പാദനക്ഷമത കുറയുന്നതും നികുതി വരുമാനത്തിൽ ഇടിവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി.
വിലപ്പെട്ട പഠനസമയം നഷ്ടപ്പെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ ക്ലാസിലെ കുട്ടികൾക്ക് പഠനത്തിന്റെ തുടർച്ചയ്ക്ക് ഭംഗം വരുത്തുന്നത് അവരുടെ അക്കാദമിക പുരോഗതിക്ക് തടസ്സമാകുന്നു. പാഠ്യപദ്ധതി പൂർത്തിയാക്കാനുള്ള സമ്മർദ്ദം, അധിക ദിവസങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യം, ഒരു ദിവസത്തെ പാഠം മറ്റൊരു ദിവസത്തെ പാഠത്തോടൊപ്പം ചേർത്ത് പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യം എന്നിവ വിദ്യാർത്ഥികളുടെ മൗലികാവകാശ ലംഘനത്തിന് തുല്യമാണ്. ഇത് ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല.
ബാലാവകാശ ലംഘനം: ഗുരുതര കുറ്റകൃത്യം
വിദ്യാഭ്യാസ ബന്ദ് എന്ന രാഷ്ട്രീയ തന്ത്രത്തിന്റെ യഥാർത്ഥ ലക്ഷ്യം കുട്ടികളിലൂടെ മാതാപിതാക്കളുടെ മേൽ സമ്മർദ്ദം ചെലുത്തലാണ്. ഇവിടെ മാതാപിതാക്കളുടെ സ്വാഭാവിക സ്നേഹബന്ധവും വാത്സല്യവും ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം നടപടികൾ POCSO നിയമത്തിന്റെയും ബാലനീതി നിയമത്തിന്റെയും ലംഘനമാണ്. പതിനാലു വയസ്സിന് താഴെയുള്ള കുട്ടികളെ ഭീഷണിപ്പെടുത്തുന്നതോ അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതോ ക്രിമിനൽ കുറ്റകൃത്യമാണ്.
വെറും പ്രഖ്യാപനത്തിന് മുന്നിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശബ്ദമായി കീഴടങ്ങുന്ന കാഴ്ച അരോചകമാണ്. ജില്ലാ ഭരണാധികാരിയുടെ വ്യക്തമായ നിർദ്ദേശമില്ലാതെ ഈ സ്ഥാപനങ്ങൾ ഭയത്തിൽ കഴിയുന്നത് എന്തിന്? സ്കൂൾ അധികാരികൾ കുട്ടികളുടെ ബാലാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും ഹനിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കരുത്.
സ്കൂൾ വാഹനങ്ങൾ തടയുന്നതും കുട്ടികളെ ഭയപ്പെടുത്തുന്നതും അവരുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും കടുത്ത ഭീഷണിയാണ്. വാഹനങ്ങൾ തകർക്കുന്നതും കേടുവരുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കേണ്ടത് പോലീസിന്റെയും ഭരണസംവിധാനത്തിന്റെയും അനിവാര്യ കടമയാണ്. ബാലാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും തകർത്ത് ഇത്തരം അപരിഷ്കൃത രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് ഭരണകൂടപരാജയം തന്നെയാണ്.
ശരിയായ ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അക്രമാത്മക രീതികൾ പൂർണമായും നിരാകരിക്കണം. “കുട്ടികളുടെ വാഹനം തല്ലിപ്പൊട്ടിക്കും” എന്ന തരത്തിലുള്ള ഭീഷണികളിലൂടെയോ അക്രമത്തിലൂടെയോ വിജയം കൈവരിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. യഥാർത്ഥ ജനാധിപത്യ സമര വിജയം എന്നത് നിങ്ങളുടെ ആവശ്യങ്ങളുടെയും വിഷയങ്ങളുടെയും നീതിയും സാധുതയും ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്ത് അവരെ സ്വമേധയാ പക്ഷത്തു നിർത്തുന്നതിലാണ്. നാളത്തെ പൗരന്മാരുടെ പ്രതിനിധി പ്രസ്ഥാനങ്ങൾക്ക് അത് അനിവാര്യമാണ്. അല്ലെങ്കിൽ പരിഷ്കൃത കാലഘട്ടത്തിൽ അവ അപ്രസക്തമാകും.
മുന്നോട്ട് നടത്തുന്ന എല്ലാ സമരങ്ങളിലും സ്കൂൾ ബസുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്കെതിരെ അക്രമമോ തടസ്സമോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നത് ധാർമ്മിക കടമയാണ്. ഇത് ചെയ്യാൻ തയ്യാറാകാത്തവർ ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരോ പരിഷ്കൃത സമൂഹനിർമ്മാണത്തിൽ താൽപര്യമുള്ളവരോ അല്ല.
“കുട്ടികളുടെ സുരക്ഷ” എന്ന കാരണം പറഞ്ഞ് വിദ്യാലയ അധികൃതർ വാഹനങ്ങൾ നിർത്തിവയ്ക്കുകയോ കുട്ടികൾ സ്കൂളിൽ വരേണ്ടെന്ന് നിർദ്ദേശിക്കുകയോ ചെയ്യുന്നത് 2009ലെ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവരുടെ വിദ്യാഭ്യാസാവകാശം പരിപാലിക്കുകയും ചെയ്യുക എന്നതാണ് വിദ്യാലയങ്ങളുടെ പ്രധാന ചുമതല. പോലീസ് സംരക്ഷണം തേടാതെ അക്രമികളുടെ ഭീഷണിക്ക് വഴങ്ങുന്നത് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാണ്. ഭാവിയിലെ പൗരന്മാരായ കുട്ടികൾക്ക് ശരിയായ പൗരബോധവും ജനാധിപത്യ ചിന്താഗതിയും നൽകേണ്ട വിദ്യാലയങ്ങൾ ഇപ്പോൾ ഭയത്തിന്റെയും പരാജയത്തിന്റെയും മുന്നിൽ വഴങ്ങാൻ പഠിപ്പിക്കുകയാണ്.
പരിഷ്കൃത സമൂഹത്തിന് വേണ്ടി
കെ.എസ്.യു. – എസ്.എഫ്.ഐ. പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനായി പതിമൂന്നു വയസ്സിന് താഴെയുള്ള കുട്ടികളുടെ ബാലാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും കവർന്നെടുക്കുന്നതോ കുടുംബങ്ങളുടെ നിലനിൽപ്പ് അസ്ഥിരപ്പെടുത്തുന്നതോ കുറ്റകരമാണ്. ഇത് പരിഷ്കൃത സമൂഹത്തിന്റെ അടിത്തറ തകിടംമറിക്കുന്ന പ്രവർത്തിയാണ്. ഈ പ്രവണത അവസാനിപ്പിക്കാൻ തയ്യാറാകാത്തത് ലജ്ജാവഹമാണ്.
പ്രതിഷേധം ജനാധിപത്യത്തിന്റെ ശബ്ദമാണ്. അത് സമൂഹത്തെ ഏറ്റവും കുറച്ച് ബാധിക്കുന്ന രീതിയിൽ, പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ബാലാവകാശങ്ങൾക്കും വിദ്യാഭ്യാസ-തൊഴിൽ അവകാശങ്ങൾക്കും മാന്യത കൽപ്പിക്കുന്ന രീതിയിൽ നിയമവിധേയമായി നടത്തണം. ഒരു പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുത്തി കുട്ടികളുടെ അവകാശങ്ങൾ ഹനിച്ച് രാജ്യത്തിന്റെ സാമ്പത്തിക ചോർച്ച വരുത്തുന്ന രീതിയിൽ സമരങ്ങൾ നടത്തരുത്. ധർണ്ണ, സത്യാഗ്രഹം, ശാന്ത പ്രതിഷേധങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള അവതരണം, കോടതി, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ സംരക്ഷണ കമ്മീഷൻ എന്നിവയിലേക്കുള്ള നിയമപരമായ റിപ്പോർട്ടിംഗ് എന്നിവയാണ് മാന്യമായ ബദലുകൾ. വിദ്യാഭ്യാസത്തെ സമരവുമായി ബന്ധിപ്പിക്കാതിരിക്കുന്നത് പരിഷ്കൃത ചിന്തയുടെ ഭാഗമാണ്.
സർക്കാരും പോലീസും ബന്ദിന്റെ പേരിൽ നടക്കുന്ന നിയമവിരുദ്ധവും ഹിംസാത്മകവുമായ പ്രവൃത്തികൾക്കെതിരെ കൃത്യമായ നടപടി എടുക്കണം. കുറ്റകൃത്യം നടക്കാനുവദിച്ച് പിന്നീട് കേസെടുക്കുന്ന സമീപനത്തിനുപകരം കുറ്റകൃത്യങ്ങൾ നടക്കാതെ നോക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളുടെ ശിക്ഷ കഠിനമാക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും സ്കൂളുകളുടെയും ഓഫീസുകളുടെയും സാധാരണ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നത് അവരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്.
കുട്ടികളെ സംരക്ഷിക്കാൻ രക്ഷകർത്താവ് ഇത്തരം സന്ദർഭങ്ങളിൽ അവധിയെടുക്കേണ്ടിവന്നാൽ നഷ്ടപ്പെടുന്ന ദിവസത്തെ വേതനം സർക്കാർ ഇരട്ടിയായി നൽകുന്ന നിയമം അനിവാര്യമാണ്. ഈ തുക സമരക്കാരിൽ നിന്ന് ഈടാക്കുകയും വേണം. ഇത് ക്ലെയിം ചെയ്യാൻ മേലുദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തോടെ അപേക്ഷിക്കാൻ അടിയന്തിര സംവിധാനം ആവശ്യമാണ്. സമരം മൂലം തൊഴിൽ നഷ്ടപ്പെട്ട കുട്ടികൾ വരാത്ത സ്കൂളുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും റിപ്പോർട്ട് ചെയ്യാനും നഷ്ടം കണക്കുകൂട്ടാനും അടിയന്തിരമായി സംവിധാനങ്ങൾ ഉണ്ടാകണം.
രക്ഷിതാക്കൾക്കും സാധാരണക്കാർക്കും ഇത്തരം ബന്ദുകളോട് സ്വാഭാവികമായും എതിർപ്പുണ്ട്. ഈ ശബ്ദം ശക്തിപ്പെടുത്തുക. കുട്ടികളുടെ ഭാവിക്കും സമൂഹത്തിന്റെ പുരോഗതിക്കും അർത്ഥശൂന്യമായ ഇത്തരം തടസ്സങ്ങൾ കാരണം തടയപ്പെടാൻ പാടില്ല. കൊല്ലം ജില്ലയിലെ ഈ സംഭവം ഒരു മാതൃക മാത്രമാണ്. വിദ്യാഭ്യാസ ബന്ദ് എന്ന പ്രാകൃത സമ്പ്രദായത്തിന്റെ യഥാർത്ഥ വില ഒരു കുട്ടിയുടെ മനസ്സിലെ ഭീതിയും ഒരു രക്ഷിതാവിന്റെ നഷ്ടപ്പെട്ട ജോലിദിനവും ഒരു സ്കൂളിന്റെ പാഴായ ഊർജവും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ ഒരു ചെറിയ മുറിവുമാണ്.
ഇന്നും തുടരുന്ന ഈ സമര രീതികൾ കേരളത്തിന് അയോഗ്യവും അപമാനകരവുമാണ്. ഇത് ബലഹീനതയുടെ പ്രകടനമാണ്, ശക്തിയുടേതല്ല. ഇതിനെതിരെ നിലകൊള്ളുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്.
![]()

