ക്യാപിറ്റലിസത്തിൽ, ഒരു സ്ഥാപനമോ ഉൽപ്പന്നമോ വിജയം നേടുന്നത് എതിരാളികളെക്കാൾ മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നതിലൂടെയാണ്. എന്നാൽ ക്രോണിയിസത്തിൽ വിജയം നേടുന്നത് രാഷ്ട്രീയക്കാരെ സേവിക്കുന്നതിലൂടെയാണ്. ഈ രണ്ട് വ്യവസ്ഥകളും പരസ്പരവിരുദ്ധമാണ്.
ക്രോണി ക്യാപിറ്റലിസം പലപ്പോഴും ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാഭാവിക ഫലമായി ആളുകൾ തെറ്റിദ്ധരിക്കുകയോ അതാണെന്ന് പറഞ്ഞു സോഷ്യലിസ്റ്റ് പ്രേമികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുമുണ്ട്. എന്നാൽ, ക്രോണി ക്യാപിറ്റലിസം യഥാർത്ഥത്തിൽ ക്യാപിറ്റലിസം അല്ല, മറിച്ച് ക്യാപിറ്റലിസ്റ് ആശയങ്ങൾക്ക് നേർ വിപരീതമാണ്. അതു കൊണ്ട് ഈ പ്രയോഗത്തെ ‘ക്രോണിയിസം’ എന്ന് മാറ്റിയെഴുതണം എന്നാണ് എന്റെ അഭിപ്രായം.
ക്യാപിറ്റലിസത്തിൽ, ഒരു സ്ഥാപനമോ ഉൽപ്പന്നമോ വിജയം നേടുന്നത് എതിരാളികളെക്കാൾ മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നതിലൂടെയാണ് (ഇന്നോവേഷനുകൾ കൊണ്ടുവരിക, വില കുറയ്ക്കുക, മികച്ച സേവനം നൽകുക). എന്നാൽ ക്രോണിയിസത്തിൽ വിജയം നേടുന്നത് രാഷ്ട്രീയക്കാരെ സേവിക്കുന്നതിലൂടെയാണ് (മന്ത്രിമാരെ സ്വാധീനിക്കുക, പ്രത്യേക അനുമതികൾ നേടുക, അല്ലെങ്കിൽ നിയമങ്ങൾ ഉപയോഗിച്ച് എതിരാളികളെ തടയുക). ഈ രണ്ട് വ്യവസ്ഥകളും പരസ്പരം വിരുദ്ധമാണ്.
ക്രോണിയിസം എന്തുകൊണ്ട് ഉണ്ടാകുന്നു?
1. അധികമായ സർക്കാർ അനുമതികളും ലൈസൻസുകളും
സർക്കാർ അനുമതികൾ, ക്വോട്ടകൾ എന്നിവ കൂടുംതോറും കമ്പനികൾ രാഷ്ട്രീയ ബന്ധം നേടാൻ പ്രേരിപ്പിക്കപ്പെടുന്നു.
2. വ്യക്തതയില്ലാത്ത നിയമങ്ങൾ
നിയമങ്ങൾക്ക് വ്യക്തത ഇല്ലെങ്കിൽ അത് മന്ത്രിമാർക്കും ബ്യൂറോക്രാറ്റുകൾക്കും കാര്യങ്ങളെ അവർക്കനുകൂലമായ രീതിയിൽ വളച്ചൊടിക്കാൻ അധികാരം നൽകുന്നു.
3. പൊതുവിപണിയിലെ അവസരങ്ങൾ റെഗുലേറ്റ് ചെയ്യപ്പെടുന്നത്
എങ്ങനെ, എപ്പോൾ, ആർക്ക് വിപണിയിൽ പ്രവേശിക്കാം എന്നതിൽ സർക്കാർ അനാവശ്യ നിയന്ത്രണം വരുത്തുമ്പോൾ, അത് സ്വാഭാവികമായി ക്രോണിയിസത്തിന് വഴിയൊരുക്കുന്നു.
4. രാഷ്ട്രീയ ഫണ്ടിംഗിന്റെ ആശ്രയത്വം.
തിരഞ്ഞെടുപ്പ് ചെലവുകൾക്കും സ്വന്തം കീശയിലേക്കും രാഷ്ട്രീയ പാർട്ടികൾ പണം പിരിക്കാൻ ഇറങ്ങുമ്പോൾ വലിയ കമ്പനികൾ പണം നൽകുകയും അതിന് പ്രത്യുപകാരമായി സർക്കാരിനെക്കൊണ്ട് പലകാര്യങ്ങളും നേടി എടുക്കുകയും ചെയ്യും.
ക്രോണിയിസം vs ഇന്നൊവേഷൻ: ജെയിംസ് ഡൈസണിൻറെ (James Dyson) പോരാട്ടം
മാർക്കറ്റിൽ വന്നിട്ട് കുറേക്കാലം ആയെങ്കിലും ഈ അടുത്ത് മാളിൽ പോയപ്പോൾ ആണ് ഞാൻ ഡൈസൺ വാക്വം ക്ലീനറുകൾ ശ്രദ്ധിക്കുന്നത്. അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഇതിന് നല്ലൊരു കഥയുണ്ടെന്നെനിക്ക് മനസ്സിലായത്.
പതിറ്റാണ്ടുകളായി വലിയ വാക്വം ക്ലീനർ കമ്പനികൾ (ഹൂവർ, ഇലക്‌ട്രോലക്സ് പോലുള്ളവ) ലോക വിപണി അടക്കി വാണിരുന്നു. വാക്വം ക്ളീനറിന്റെ വിൽപ്പന കൂടാതെ അവർ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചത് വാക്വം ക്‌ളീനറിന്റെ വാക്വം ബാഗുകൾ വിറ്റു കൊണ്ടാണ്. കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം ഈ ബാഗുകൾ ഉപഭോക്താക്കൾക്ക് വീണ്ടും വാങ്ങേണ്ടി വരുമായിരുന്നു. ഇത് കമ്പനികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കി. 1970-കളുടെ അവസാനം ജെയിംസ് ഡൈസൺ എന്ന എഞ്ചിനീയർ ബാഗില്ലാത്ത സൈക്ലോണിക് വാക്വം ക്ലീനർ കണ്ടുപിടിച്ചു. പഴയ വാക്വം ക്ലീനറുകൾ ബാഗ് കാലിയായിരിക്കുമ്പോൾ നന്നായി പ്രവർത്തിക്കും. എന്നാൽ ബാഗിൽ പൊടി നിറയുന്നതോട് കൂടി വലിച്ചെടുക്കാനുള്ള ശേഷി (suction) 30–40% കുറയും. അതെ സമയം ഡൈസൺ വാക്വം ക്ലീനറുകൾക്ക് ബാഗില്ലാത്തതിനാൽ വലിച്ചെടുക്കാനുള്ള ശേഷി കുറയില്ല.
സ്വാഭാവികമായും ഡൈസൺ വാക്വം ക്ലീനറുകൾ ഹിറ്റ് ആവേണ്ടതാണ്. എന്നാൽ യൂറോപ്യൻ കമ്മീഷൻ ഒരു വിചിത്രമായ നിയമം കൊണ്ടു വന്നു. വാക്വം ക്ലീനറുകൾ പൊടിയില്ലാത്ത അവസ്ഥയിൽ പ്രവർത്തിപ്പിച്ചു ടെസ്റ്റ് പാസ് ആയാലേ വിപണിയിൽ ഇറക്കാൻ പറ്റൂ. ഇത് ലോകമെമ്പാടുമുള്ള സ്റ്റാൻഡേർഡ് സ്ഥാപനമായ ഐ.ഇ.സി (International Electrotechnical Commission – IEC) മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിരുന്നു. വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്ന രേഖകൾ പരിശോധിച്ചപ്പോൾ യൂറോപ്യൻ കമ്മീഷൻ എന്തിനാണ് ഐ.ഇ.സി. മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചത് എന്നതിന് ഉത്തരം കിട്ടി. ബാഗുകളുള്ള വാക്വം ക്ലീനറുകൾ നിർമ്മിക്കുന്ന വലിയ ജർമ്മൻ കമ്പനികൾ യൂറോപ്യൻ കമ്മീഷനെ സ്വാധീനിച്ചതായിരുന്നു. പൊടി നിറയുമ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്ന ബാഗുകളുള്ള അവരുടെ സാങ്കേതികവിദ്യയ്ക്ക് അനുകൂലമായി നിയമം മാറ്റിയെഴുതാൻ കമ്പനികൾ പ്രേരിപ്പിച്ചു. ഡൈസൺ കമ്പനി 2013-ൽ ഈ പരിശോധനാ രീതിയെ കോടതിയിൽ ചോദ്യം ചെയ്തു. ആദ്യം തള്ളിയെങ്കിലും വീണ്ടും അപ്പീൽ നൽകി. 4 വർഷത്തെ കാലതാമസത്തിനൊടുവിൽ, 2017-ൽ അനുകൂലമായ വിധി നേടി. 1990-കളുടെ മധ്യത്തോടെ, ഡൈസൺ യുകെയിലെ ഒന്നാം നമ്പർ വാക്വം ബ്രാൻഡായി മാറി പിന്നീട് ലോകമെമ്പാടും വിപണിയുള്ള ഒരു കമ്പനിയായി വളർന്നു. പഴയ ബാഗ് വാക്വം വിൽപ്പന കുത്തനെ ഇടിഞ്ഞു. വിപണിയിൽ മത്സരം അനുവദിക്കപ്പെട്ടാൽ, ഇന്നൊവേഷൻ ഒടുവിൽ ക്രോണിയിസത്തെ തോൽപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഡൈസന്റെ വിജയം.
ക്രോണിയിസത്തിന്റെ മറ്റ് ഉദാഹരണങ്ങൾ
ഇന്ത്യയിലെ 2ജി സ്പെക്ട്രം കേസ് (2007–08)
സർക്കാർ മത്സരത്തിന്റെ രീതിയായ ലേലം വിളിക്കുന്നതിന് പകരം, ടെലികോം സ്പെക്ട്രം ലൈസൻസുകൾ “ഫസ്റ്റ് കം ഫസ്റ്റ്” എന്ന രീതിയിൽ വിതരണം ചെയ്തു. രാഷ്ട്രീയ സ്വാധീനമുള്ള ചില കമ്പനികൾക്ക് വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സ്പെക്ട്രം ലൈസൻസുകൾ ലഭിച്ചു കമ്പോള മത്സരം ഒഴിവായതിന്റെ ഫലമായി സ്വാധീനമുള്ള സ്ഥാപനങ്ങൾക്ക് വലിയ നേട്ടം ലഭിക്കുകയും ഉപഭോക്താക്കൾക്ക് കിട്ടേണ്ട ലാഭം നഷ്ട്ടമാകുകയും സർക്കാരിന് യഥാർത്ഥത്തിൽ കിട്ടേണ്ട വരുമാനം കുറയുകയും ചെയ്‌തു.
2008-ലെ യു.എസ്. സാമ്പത്തിക മാന്ദ്യം.
അശ്രദ്ധമായ വായ്പാ വിതരണം നടത്തിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അമിതമായ റിസ്ക് എടുത്തു. വീടുകളുടെ വില ഉയർന്നുകൊണ്ടേയിരിക്കും എന്ന ധാരണയിൽ, കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പോലും (Subprime mortgages) ഭവന വായ്പകൾ നൽകി ഭവന കമ്പോളത്തിലെ കുമിളയ്ക്ക് (Housing bubble) ഇവർ ആക്കം കൂട്ടി. ഈ അപകടകരമായ വായ്പകളെ സങ്കീർണ്ണമായ സാമ്പത്തിക ഉൽപ്പന്നങ്ങളാക്കി മാറ്റി ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് വിറ്റത് അവസാനം റിസെഷൻ ആഗോള സാമ്പത്തിക വ്യവസ്ഥയിലേക്ക് വ്യാപിക്കാൻ കാരണമായി. വീടുകളുടെ വില കുറയാൻ തുടങ്ങിയപ്പോൾ, വായ്പയെടുത്തവർ തിരിച്ചടവിൽ പരാജയപ്പെട്ടു, മോർട്ട്ഗേജ് അടിസ്ഥാനമാക്കിയുള്ള ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾക്ക് വൻ നഷ്ടം നേരിട്ടു. ഇതിന്റെ ഫലമായി, സാമ്പത്തിക രംഗത്ത് പരിഭ്രാന്തിയുണ്ടാവുകയും വായ്പാ വിതരണം നിലയ്ക്കുകയും ചെയ്തു. ലെഹ്മാൻ ബ്രദേഴ്‌സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ തകർന്നത് യു.എസിനെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും കഠിനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. അമിതമായ റിസ്ക് എടുത്ത വലിയ സ്ഥാപനങ്ങൾ തകർന്നാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന കാരണം പറഞ്ഞ് സർക്കാർ, നികുതിദായകരുടെ പണം ഉപയോഗിച്ച് കോടിക്കണക്കിന് ഡോളർ ഇവർക്ക് നൽകി (Bailout) സഹായിച്ചു. ക്യാപിറ്റലിസത്തിൽ പരാജയം വ്യവസ്ഥയുടെ ഭാഗമാണ്. ക്രോണിയിസം സ്വാധീനമുള്ളവരെ അവരുടെ പരാജയത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിച്ചു.
മത്സരം കൊണ്ടുവന്ന പരിഷ്കാരങ്ങൾ
ഇന്ത്യയുടെ 1991-ലെ സാമ്പത്തിക ഉദാരവൽക്കരണം
1991-ന് മുൻപ്, ഇന്ത്യയിൽ നിലനിന്നിരുന്ന ‘ലൈസൻസ് രാജ്’ എന്ന വ്യവസ്ഥയിൽ ഒരു ബിസിനസ്സ് തുടങ്ങാനോ വിപുലീകരിക്കാനോ ഡസൻ കണക്കിന് സർക്കാർ അനുമതികൾ ആവശ്യമായിരുന്നു, ഇത് ക്രോണിയിസത്തിന്റെ ഭാഗമായി രാഷ്ട്രീയ ബന്ധമുള്ള ബിസിനസ്സ് ഗ്രൂപ്പുകൾക്ക് മാത്രം വളരാൻ അവസരം നൽകി. എന്നാൽ, നരസിംഹ റാവുവും മൻമോഹൻ സിങ്ങും മറ്റും 1991-ലെ പരിഷ്കരണത്തിലൂടെ വ്യവസായ ലൈസൻസിംഗ് എടുത്തുമാറ്റുകയും ഇറക്കുമതി നിയന്ത്രണങ്ങൾ കുറയ്ക്കുകയും താരിഫുകൾ ലഘൂകരിക്കുകയും വിപണികൾ തുറന്നുകൊടുക്കുകയും ചെയ്തതോടെ രാജ്യത്ത് മത്സരം വർദ്ധിച്ചു. അതിന്റെ ഫലമായി ഐ.ടി, ടെലികോം, ഓട്ടോമോട്ടീവ് പോലുള്ള വ്യവസായങ്ങൾ കുതിച്ചുയർന്നു. ഇത് ഉപഭോക്താക്കൾക്ക് മികച്ച തിരഞ്ഞെടുപ്പുകളും കുറഞ്ഞ വിലയും നേടിക്കൊടുക്കുകയും സംരക്ഷിക്കപ്പെട്ടിരുന്ന പഴയ കുത്തകകളെ വിപണിയിൽ മത്സരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
യു.എസ്. എയർലൈൻ നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ (1978)
1978-ന് മുൻപ്, യു.എസിലെ വിമാന യാത്രാ റൂട്ടുകളും നിരക്കുകളും സർക്കാർ നിശ്ചയിച്ചിരുന്നതിനാൽ, രാഷ്ട്രീയ സ്വാധീനമുള്ള എയർലൈനുകൾക്ക് മാത്രമേ റൂട്ട് അനുമതികൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ‘എയർലൈൻ ഡീറെഗുലേഷൻ ആക്റ്റ്’ വഴി നിരക്കുകൾ, റൂട്ടുകൾ, പുതിയ കമ്പനികളുടെ പ്രവേശനം എന്നിവയിലുള്ള സർക്കാർ നിയന്ത്രണം നീക്കിയതോടെ ഡസൻ കണക്കിന് പുതിയ എയർലൈനുകൾ വിപണിയിൽ പ്രവേശിച്ചു, അതിന്റെ ഫലമായി ടിക്കറ്റ് നിരക്ക് 30–40% കുറയുകയും വിമാന യാത്ര സാധാരണക്കാർക്ക് പ്രാപ്യമാവുകയും കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ള പുതിയ ബിസിനസ്സ് മോഡലുകൾ ഉയർന്നു വരികയും ചെയ്തു.
ക്രോണിയിസം കുറയ്ക്കുന്നതിനുള്ള വഴികൾ
1. സുതാര്യമായ ലേലം വിളികൾ: സ്പെക്ട്രം, ഖനികൾ, ഭൂമി തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ വിതരണം ചെയ്യുമ്പോൾ, സ്വാധീനമുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ഒഴിവാക്കാൻ സുതാര്യമായ ലേലം വിളികൾ നടത്തുക.
2. ലളിതമായ നികുതി സമ്പ്രദായങ്ങൾ: നികുതി നിരക്കുകളും നിയമങ്ങളും കോംപ്ലിക്കേറ്റഡ് ആയാൽ അതിനെ മറികടക്കാൻ വലിയ കമ്പനികൾക്ക് മാത്രമേ അതിനുള്ള ലോബിയിസ്റ്റുകളെയും അഭിഭാഷകരെയും നിയമിക്കാൻ കഴിയുകയുള്ളൂ. അവർ ഈ സങ്കീർണ്ണതയെ പ്രയോജനപ്പെടുത്തി പ്രത്യേക ഇളവുകൾ സ്വന്തമാക്കും. ചെറിയ കമ്പനികൾക്ക് അത് സാധിക്കാതെ വരികയും മത്സരം ഉണ്ടാവാതെ ഇരിക്കുകയും ചെയ്യും. അത് കൊണ്ട് നികുതി നിയമങ്ങൾ ലളിതമാക്കുക.
3. സ്വതന്ത്ര റെഗുലേറ്ററി സംവിധാനങ്ങൾ: രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമായ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന റെഗുലേറ്ററി സ്ഥാപനങ്ങൾ സ്ഥാപിക്കുക. ഇത് നിയമങ്ങൾ കുത്തകകൾക്ക് അനുകൂലമായി വളച്ചൊടിക്കുന്നത് തടയും.
4. മനുഷ്യന്റെ ഇടപെടൽ കുറയ്ക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ: ലൈസൻസുകൾ, അനുമതികൾ തുടങ്ങിയവ നൽകുന്നതിൽ മനുഷ്യന്റെ വിവേചനാധികാരം കുറയ്ക്കുന്നതിനായി ഡിജിറ്റൽ, ഓൺലൈൻ സംവിധാനങ്ങൾ നടപ്പിലാക്കുക. ഇത് കൈക്കൂലിയും സ്വാധീനവും കുറയ്ക്കാൻ സഹായിക്കും.
മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ എല്ലാം വ്യക്തമാക്കുന്നത്, ക്രോണിയിസം എന്നത് ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം അല്ല എന്നതാണ്. ഡൈസന്റെ പോരാട്ടവും, ഇന്ത്യയിലെ 1991-ലെ ഉദാരവൽക്കരണവും, യു.എസ്. എയർലൈൻ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതും തെളിയിക്കുന്നത്, വിപണിയിൽ മത്സരം അനുവദിക്കപ്പെടുകയും ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ ഇല്ലാതാക്കുകയും ചെയ്താൽ, നൂതന ആശയങ്ങൾ വളരുകയും ഉപഭോക്താക്കൾക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും എന്നതാണ്. 2008-ലെ സാമ്പത്തിക മാന്ദ്യത്തിൽ വലിയ സ്ഥാപനങ്ങളെ ‘ബെയിൽഔട്ട്’ ചെയ്ത് സംരക്ഷിച്ചത്, ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന തത്വമായ പരാജയം അംഗീകരിക്കുക എന്നതിനെ ലംഘിച്ചുകൊണ്ടുള്ള ഒരു ക്രോണിയിസ്റ്റ് സമീപനമായിരുന്നു. അതുകൊണ്ട്, സാമ്പത്തിക വളർച്ചയ്ക്കും പൊതുജന താൽപ്പര്യത്തിനും ഉചിതമായത്, ക്രോണിയിസത്തെ തള്ളിക്കളയുകയും, മത്സരം, മെറിറ്റ്, സുതാര്യത എന്നിവയിൽ അധിഷ്ഠിതമായ ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസത്തിന് പ്രോത്സാഹനം നൽകുക എന്നതാണ്.
![]()

