“ക്യാപിറ്റലിസത്തിന്റെ എതിരാളികള്‍ എല്ലായ്‌പ്പോഴും കൊളോണിലസത്തെ ക്യാപിറ്റലിസവും ആയി ബന്ധപെടുത്തി എല്ലാ തിന്‍മകളുടെയും മൂലകാരണമായി ക്യാപിറ്റലിസത്തെ പ്രതിഷ്ഠക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റു ദരിദ്രരാജ്യങ്ങളുടെയും ദുരവസ്ഥയ്ക്ക് കാരണം കോളനിവല്‍ക്കരണവും, സമ്പന്ന രാജ്യങ്ങള്‍ ക്യാപിറ്റലസത്തിലൂടെ നടത്തിയ ചൂഷണവും ആണ് എന്നാണ് സോഷ്യലിസ്റ്റ് നരേറ്റീവ്. ഇത് എത്രകണ്ട് ശരിയാണ്”?- അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു. |
ക്യാപിറ്റലിസവും കൊളോണിയലിസവും ഒന്നല്ല!
അധിനിവേശം ഒരു രാജ്യത്തെ ഒരിക്കലും മോചനം ഇല്ലാത്ത തരത്തില്‍ ദാരിദ്ര്യത്തിലേക്ക് തള്ളി ഇടുമോ എന്ന് ചോദിച്ചാല്‍ അങ്ങനെ യാതൊരു നിര്‍ബന്ധവും ഇല്ല. ആഫ്രിക്കയില്‍ നിന്ന് വലിയ തോതില്‍ മനുഷ്യരെ അടിമകളായി അറ്റ്‌ലാന്റിക് സമുദ്രം വഴി അമേരിക്കയിലേക്ക് കടത്തി എന്ന് വാദിക്കുന്നവര്‍ ഒരിക്കല്‍ പോലും ആരാണ് ഈ മനുഷ്യരെ അടിമകളാക്കി വെള്ളക്കാര്‍ക്ക് വിറ്റത് എന്ന് പറയാറില്ല. ആയിരക്കണക്കിന് ഗോത്രങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ട്. എത്രയോ ഗോത്രത്തലവന്മാര്‍ ആണ് അവരുടെ ഗോത്രത്തിലെ സഹോദരി-സഹോദരന്മാരെ അടിമകളാക്കി വിദേശികള്‍ക്ക് വിറ്റത്. അധിനിവേശ ശക്തികള്‍ ഇന്ത്യയില്‍ വരുന്നതിനേക്കാള്‍ മുമ്പേ സാധാരണ ഇന്ത്യക്കാര്‍ അടിമകളെ പോലെ തന്നെ ആണ് ജാതിശ്രേണിയില്‍ ഉന്നതര്‍ക്ക് പാദസേവ ചെയ്തു ജീവിച്ചു പോന്നത്. ഇന്ത്യക്കാര്‍ സോദരരായ മറ്റു ഇന്ത്യക്കാരെ ഏറ്റവും മോശമായി അടിച്ചമര്‍ത്തിയിരുന്നത്!
ബ്രിട്ടീഷുകാര്‍ വന്നതിന് ഒപ്പം പലവിധ ജ്ഞാനോദയ ആശയങ്ങള്‍ കൂടെ ഇന്ത്യയിലേക്ക് പോന്നു. ജാതിപരമായ അടിച്ചമര്‍ക്കലുകള്‍ക്ക് എതിരെ പോരാടാന്‍ ഉള്ള ജ്ഞാനം ജ്യോതിബാ ഫുലേക്കും, ബി ആര്‍ അംബേദ്കര്‍ തുടങ്ങി നിരവധി നവോഥാന നായകര്‍ക്ക് കിട്ടിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും മറ്റുള്ളവരുമായി ഉള്ള സമ്പര്‍ക്കത്തിലൂടെയും ആണ്. ഇന്ന് സമ്പന്നമായി ഇരിക്കുന്ന പല രാജ്യങ്ങളും ഒരു കാലത്തു ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവര്‍ ആണ്. അത് പോലെ ഒരു കാലത്തു അധിനിവേശ ശക്തികളായിരുന്ന സ്‌പെയിന്റെയും പോര്‍ച്ചുഗലിന്റെയും പ്രതാപം നഷ്ട്ടപെട്ടു.
ഒരു പ്രദേശം പിന്നോക്കാവുന്നതെങ്ങനെ?
ഒരു പ്രദേശം ദാരിദ്ര്യത്തില്‍ കഴിയുന്നതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എടുക്കാം. മലമുകളില്‍ അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ സമനിരപ്പില്‍ വസിക്കുന്നവരേക്കാള്‍ വികസനത്തില്‍ പിന്നിലായിരിക്കും. ആഫ്രിക്കയുടെ കാര്യമെടുത്താല്‍ സഹാറ മരുഭൂമി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആഫ്രിക്കയില്‍ ഉള്ളവരെ ലോകത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. ലോകത്തിലെ 13 ശതമാനം ജനങ്ങള്‍ മാത്രമേ ആഫ്രിക്കയില്‍ ഉള്ളു എന്നാല്‍ ലോകത്തിലെ 30 ശതമാനം ഭാഷകളും വിവിധങ്ങളായ ആഫ്രിക്കന്‍ ഭാഷകള്‍ ആണ്.
പ്രകൃതി വിഭവങ്ങളുടെ ലഭ്യത ഒരു പ്രദേശത്തിന്റെ വികസനവുമായി ബന്ധപെട്ടു കിടക്കുന്നു. എണ്ണ കണ്ടെത്തുന്നതിന് മുമ്പ് ഇന്നത്തെ പല ഗള്‍ഫ് രാജ്യങ്ങളില്‍ വസിച്ചിരുന്നവര്‍ ബദുക്കള്‍ (Bedouin) ആയിട്ടാണ് ജീവിച്ചിരുന്നത്. റോഡും ജലഗതാഗത സൗകര്യങ്ങളും ഒരു പ്രദേശം വികസിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ വികസനം കുറഞ്ഞ ചില സ്ഥലങ്ങള്‍ എടുത്താല്‍ അവിടെ വെള്ളം ശേഖരിക്കാന്‍ അവര്‍ക്ക് മണിക്കൂറുകളോളം നടക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാവും. ഈ ജോലി തീര്‍ത്തിട്ട് ആ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ അവര്‍ രണ്ടാം തരം പൗരരായി തുടരുന്നു.
കാലാവസ്ഥ സ്ഥിരത (climate consistency) ഉള്ള സ്ഥലങ്ങളിലേക്ക് ആണ് ഒരു കാലത്തു മനുഷ്യര്‍ കുടിയേറ്റം നടത്തിയിരുന്നത്. ഉദാഹരണത്തിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്. എന്തെന്നാല്‍ വടക്ക് നിന്ന് തെക്കോട്ട് കുടിയേറ്റം നടത്തുമ്പോള്‍ temperate/ tropical സോണുകള്‍ കടന്നു വേണം സഞ്ചരിക്കാന്‍. സാമൂഹികമായി ഇടകലരുന്നതിലൂടെ (cultural integration) വികസനം ഉണ്ടാവും ഒരു സ്ഥലത്തു ഒരു പുതിയ കണ്ടുപിടുത്തം ഉണ്ടായാല്‍ അത് cultural integration കൊണ്ട് മറ്റു സ്ഥലങ്ങളില്‍ എത്തും. ദേശീയതയുടെ ഭാഗമായി സ്വയം ലോകത്തിന് മുന്നില്‍ തങ്ങളുടെ ജനതയെ അടച്ചിടുന്ന ഉത്തര കൊറിയ പോലെ ഉള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം പരിതാപകരമായിരിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇന്നും ജീവിക്കുന്ന ഗോത്ര മനുഷ്യര്‍ അങ്ങനെ ജീവിക്കുന്നത് അവിടെ അധിനിവേശം ഉണ്ടായിട്ടല്ല.
ക്യാപിറ്റലിസത്തിന്റെ എതിരാളികള്‍ എല്ലായ്‌പ്പോഴും കൊളോണിലസത്തെ ക്യാപിറ്റലിസവും ആയി ബന്ധപെടുത്തി എല്ലാ തിന്‍മകളുടെയും മൂലകാരണമായി ക്യാപിറ്റലസത്തെ പ്രതിഷ്ഠക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റു ദരിദ്രരാജ്യങ്ങളുടെയും ദുരവസ്ഥയ്ക്ക് കാരണം കോളനിവല്‍ക്കരണവും, സമ്പന്ന രാജ്യങ്ങള്‍ ക്യാപിറ്റലിസത്തിലൂടെ നടത്തിയ ചൂഷണവും ആണ് എന്നാണ് സോഷ്യലിസ്റ്റ് നരേറ്റീവ്.എന്നാല്‍, ‘മുതലാളിത്ത ചൂഷണം’ എന്ന ആശയം തന്നെ അസംബന്ധമാണ്. ഒരു സ്വതന്ത്ര വിപണിയില്‍, സപ്ലെ ആന്‍ഡ് ഡിമാന്‍ഡിന്റ പ്രവര്‍ത്തനത്തിലൂടെ അധ്വാനത്തിന്റെയും ഉത്പന്ന സേവനങ്ങളുടെയും വില നിര്‍ണ്ണയിക്കപ്പെടുന്നിടത്ത് ചൂഷണം അസാധ്യമാണ്. ഗവണ്‍മെന്റ് ഇടപെടലുകളുടെയും, നിയന്ത്രണങ്ങളിലൂടെയും തൊഴിലിന്റെ ചലനാത്മകത തടസ്സപ്പെടുന്നിടത്താണ് തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നത്. എല്ലാ സോഷ്യലിസ്റ്റ്/ കമ്മ്യൂണിസ്റ്റ് സമ്പദ്വ്യവസ്ഥകളിലും ഈ യഥാര്‍ത്ഥ ചൂഷണം നമ്മള്‍ക്ക് കാണാം.
കോളനിവത്ക്കരണത്തിന് കാരണമെന്ത്?
ക്യാപിറ്റലസത്തിന്റെ എതിരാളികള്‍ വാദിക്കുന്നത് കോളനിവല്‍ക്കരണത്തിന്റെ കാരണം ക്യാപിറ്റലിസം ആണെന്നാണ്. യഥാര്‍ത്ഥത്തില്‍ ക്യാപിറ്റലിസത്തിന്റെ അഭാവമാണ് കോളനിവല്‍ക്കരണത്തിന് കാരണം. കോളനികള്‍ സൃഷ്ടിക്കപെടാനുള്ള പ്രധാന കാരണം മെര്‍ക്കന്റലിസവും ദേശീയതയുമാണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കുകയും അത് വഴി രാജ്യങ്ങള്‍ സാമ്പത്തിക അഭിവൃദ്ധി നേടുകയും ചെയ്യുന്ന വ്യവസ്ഥയാണ് മെര്‍ക്കന്റലിസം. അവിടെ രാജ്യത്തിന്റെ സ്വത്ത് എന്നാല്‍ അധികാരികള്‍ സ്വന്തമാക്കുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അളവ് ആണ്. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി മറ്റൊരു രാജ്യത്തിന്റെ നഷ്ടവും ദുരിതവുമാണ് എന്ന ധാരണ അന്താരാഷ്ട്ര ബന്ധങ്ങളെ നിര്‍ണ്ണയിച്ചു. യൂറോപ്പ് എപ്പോഴും യുദ്ധം ചെയ്യുകയോ യുദ്ധത്തിന് തയ്യാറെടുക്കുകയോ ചെയ്തു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് ലോകം മുഴുവന്‍ യൂറോപ്യന്‍ ശക്തികള്‍ നിര്‍മ്മിച്ച കോളനികള്‍. മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍, കോളനികള്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് ഒരു പൈതൃക ഭാരമായി ആണ് അനുഭവപ്പെട്ടത്. 1852ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ പ്രസിദ്ധമായ തുറന്ന വാതില്‍ നയം ആരംഭിക്കുമ്പോള്‍ ബ്രിട്ടീഷ് സ്റ്റേറ്റ്മാന്‍ ഡിസ്രേലി പറഞ്ഞത് ‘Our colonies are millstones around our necks’ എന്നായിരുന്നു.
ക്യാപിറ്റലിസത്തിന്റെ വ്യക്താക്കള്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സമര സമയത്ത് കോളനികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരുന്നു വാദിച്ചത്. കൂടാതെ, ആദം സ്മിത്ത് തന്റെ പ്രസിദ്ധമായ വെല്‍ത്ത് ഓഫ് നേഷന്‍സില്‍ എഴുതിയതിനേക്കാള്‍ വിനാശകരമായ ഒരു വിമര്‍ശനം കൊളോണിയലിസത്തിനെതിരെ മറ്റാരും എഴുതി കാണില്ല. അത് കൊണ്ട് തന്നെ കൊളോണിയലിസത്തെ മുതലാളിത്തത്തോട് കൂട്ടിച്ചേര്‍ക്കുക എന്നത് വ്യക്തമായ ഒരു അസംബന്ധമാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന മൂന്ന് ദശകങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കോളനിവല്‍ക്കരണം അതിവേഗം വികസിച്ചു. ഫ്രാന്‍സ് ആഫ്രിക്കയില്‍ തന്റെ സാമ്രാജ്യം വിപുലീകരിച്ചു, ജര്‍മ്മനി ആഫ്രിക്കയിലും പോളിനേഷ്യയിലും കോളനികള്‍ സ്വന്തമാക്കി. ഈ ഉദാഹരണങ്ങളില്‍ എല്ലാം ഗവണ്‍മെന്റുകള്‍ തങ്ങളുടെ ഭരണത്തിന് വിലകുറഞ്ഞ മഹത്വങ്ങളും നേട്ടങ്ങളും കൊയ്യുന്നതിനായി രാജ്യത്തെ വ്യവസായികളുടെയും ബിസിനസിന്റെയും താല്‍പ്പര്യത്തിനും ഉപദേശത്തിനും വിരുദ്ധമായി ആണ് പ്രവര്‍ത്തിച്ചത്.
അത് പോലെ, ജപ്പാനും റഷ്യയും വിദേശ രാജ്യങ്ങളെ ആക്രമിച്ചത് വ്യവസായികളുടെ സമ്മര്‍ദ്ദം മൂലമോ അല്ലെങ്കില്‍ അധികാരികള്‍ അധിക നികുതി ചുമത്തിയും, ദേശസാത്ക്കരണം നടത്തിയും ദിവസേന ദ്രോഹിക്കുന്ന മുതലാളിമാരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ വേണ്ടിയോ അല്ല. അധികാര വര്‍ഗം ഒരിക്കലും വ്യാപാരികളുടെ ഒരു കൈത്താങ്ങായിരുന്നില്ല. വ്യാപാരികളുടെ ഉപദേശം രാജാക്കന്‍മാര്‍ സ്വീകരിച്ചിരുന്നെങ്കില്‍, അടിച്ചമര്‍ത്തലില്‍ നിന്നും കൊള്ളയില്‍ നിന്നുമല്ല, സ്വമേധയാ ഉള്ള കൈമാറ്റത്തിലൂടെയാണ് അഭിവൃദ്ധി ഉണ്ടാകുന്നത് എന്ന് അവര്‍ മനസ്സിലാക്കുമായിരുന്നു.
പുരോഗതി ക്യാപിറ്റലിസത്തിലൂടെ
മറ്റ് ചിലപ്പോള്‍ കോളനികള്‍ ഉണ്ടാക്കുന്നത് സ്വത്ത് വെട്ടിപിടിക്കാന്‍ പോലും ആയിരുന്നില്ല. ഫ്രാന്‍സിന്റെ ആഫ്രിക്കന്‍ അധിനിവേശം അതിന് ഒരു ഉദാഹരണമാണ്. 1870-ലെ ഫ്രാന്‍സ്-ജര്‍മ്മന്‍ യുദ്ധത്തിലെ സൈനിക പരാജയങ്ങള്‍ ഫ്രഞ്ച് സൈന്യത്തിന്റെ അഭിമാനത്തെയും ആത്മവിശ്വാസത്തെയും സാരമായി വ്രണപ്പെടുത്തി. സൈന്യത്തിന്റെ അഭിമാനവും പ്രതാപവും വീണ്ടും ഊട്ടിയുറപ്പിക്കാനും അതിന്റെ പോരാട്ടവീര്യം പ്രകടിപ്പിക്കാനുമുള്ള പുതിയ പ്രവര്‍ത്തന മേഖലകള്‍ അതിന് അടിയന്തിരമായി ആവശ്യമായിരുന്നു. വടക്കേ ആഫ്രിക്കയിലെ തദ്ദേശവാസികള്‍ക്കെതിരായ യുദ്ധം അങ്ങനെ ആണ് ആരംഭിക്കുന്നത്. അവരുമായി വ്യാപാരം ചെയ്യാന്‍ അല്ല മറിച്ച് യുദ്ധം ചെയ്യാന്‍ ആയിരുന്നു ഫ്രാന്‍സിന് താല്‍പര്യം.
ഇനി കോളോണിയലസത്തിന് ശേഷമുള്ള കാലം നോക്കിയാല്‍ ഏതൊക്കെ രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിനുശേഷം ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ സ്വീകരിച്ചുവോ അവിടെയല്ലാം സാമ്പത്തികമായ പുരോഗതി ഉണ്ടായി. ക്യാപിറ്റലസത്തിനെ മാറ്റി നിര്‍ത്തി സോഷ്യലിസം സ്വീകരിച്ച രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങള്‍ ആയി തുടര്‍ന്നു.സൗത്ത് ആഫ്രിക്കന്‍ ഫ്രീമാര്‍ക്കറ്റ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ Leon Low പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ് ‘ Thank Goodness people are ‘ exploiting ‘ Africa by buying things from it, investing in it , by employing people in it . Worst thing that would happen is people stop ‘ exploiting’ Africa ‘
ചൂഷണത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ പറഞ്ഞ് ആഫ്രിക്കയുടെ വികസനം തടയുന്നവര്‍ക്ക് ഇതിലും നല്ല മറുപടി ഇല്ല. Leon Low തന്റെ ചെറുപ്പത്തില്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു. തെരുവില്‍ കൈവണ്ടിയില്‍ പഴം വിറ്റതിന്റെ പേരില്‍ പോലീസ് മര്‍ദ്ദദനം നേരിട്ട ഒരു ആഫ്രിക്കന്‍ സ്ത്രീയാണ് താന്‍ കണ്ട ആദ്യ ക്യാപിറ്റലിസ്റ്റെന്നും ആ സംഭവം തന്റെ ചിന്താരീതിയെ തന്നെ മാറ്റിയെന്നും അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. ക്യാപിറ്റലിസം സ്വീകരിച്ച പല ആഫ്രിക്കന്‍ ഉള്‍നാടുകളും ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിലൂടെയാണ് കടന്നു പോകുന്നത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷനും, ബിറ്റ് കോയിനും വരെ അവിടെ എത്തിയിരിക്കുന്നു എന്നും അദ്ദേഹം ആ ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. മറ്റെല്ലായിടത്തും സംഭവിച്ചതു പോലെ ക്യാപിറ്റലസത്തിലൂടെ വലിയ രീതിയില്‍ ആഫ്രിക്കയും ദാരിദ്ര്യം തുടച്ചു നീക്കി.
ഘാനയും ഐവറികോസ്റ്റും തമ്മിലെ പന്തയം
ആഫ്രിക്കയുടെ കാര്യം പറഞ്ഞത് കൊണ്ട് രസകരമായ ഒരു കാര്യം പറയാം. 1960 കളോടെയാണ് പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവരുടെ കോളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയത്. ഈ കാലത്ത് സ്വാതന്ത്ര്യം കിട്ടിയ രണ്ടു രാജ്യങ്ങളാണ് ഘാനയും ഐവറി കോസ്റ്റും. ആ സമയത്ത് ഈ രണ്ടു രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ വളരെ പ്രസിദ്ധമായ ഒരു ബെറ്റ് അടിച്ചു, ഏതു രാജ്യം ആരായിരുക്കും വരുന്ന കാലത്ത് കൂടുതല്‍ സമ്പല്‍സമൃദം എന്നതായിരുന്നു ആ ബെറ്റ്. ആ കാലത്ത് ഘാനയായിരുന്നു കൂടുതല്‍ സമ്പല്‍സമൃദം എന്ന് മാത്രവുമല്ല അവര്‍ക്കായിരുന്നു കൂടുതല്‍ പ്രകൃതിവിഭവങ്ങളും, അതുകൊണ്ട് തന്നെ ഐവറി കോസ്റ്റിന്റെ പ്രസിഡന്റിന് ഒരു പ്രതീക്ഷക്കും വകയുമുണ്ടായിരുന്നില്ല. ഘാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്കും ഐവറി കോസ്റ്റ് സ്വതന്ത്ര വിപണിയുമാണ് പിന്തുടര്‍ന്നത്. 1982 ആയപ്പോഴേക്കും ഐവറി കോസ്റ്റ് ഘാനയെ സാമ്പത്തികമായി മറികടന്നു, അതിലെ ദരിദ്രരായ 20 ശതമാനം ആളുകള്‍ക്ക് ഘാനയിലെ മിക്ക ആളുകളേക്കാളും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഉണ്ടാകുന്ന അവസ്ഥയായി.
ഇത് ഏതെങ്കിലും രാജ്യത്തിന്റെയോ ജനങ്ങളുടെയോ ശ്രേഷ്ഠത കൊണ്ടായിരുന്നില്ല, മറിച്ചു അവര്‍ സ്വീകരിച്ച സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യേകത കൊണ്ടായിരുന്നു. ഇനിയാണ് ഏറ്റവും രസകരമായ കാര്യം നടന്നത്. വാസ്തവത്തില്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍, ഐവറി കോസ്റ്റിലെ ഒരു പുതിയ തലമുറയിലെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കൂടുതല്‍ നിയന്ത്രണം ഗവണ്‍മെന്റിനുണ്ടാകാനുള്ള പ്രലോഭനത്തിന് കീഴടങ്ങിയപ്പോള്‍, ഘാന ഒടുവില്‍ അതിന്റെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറച്ചു കാലം കൊണ്ട് തന്നെ ഈ രണ്ട് രാജ്യങ്ങളുടെയും അവസ്ഥ നേര്‍ വിപരീതമായി മാറി. ഇപ്പോള്‍ ഘാനയുടെ സമ്പദ്വ്യവസ്ഥ വളരാന്‍ തുടങ്ങി, അതേസമയം ഐവറി കോസ്റ്റിന്റെ സമ്പദ്വ്യവസ്ഥ ചുരുങ്ങാനും തുടങ്ങി.
അതായത് ക്യാപിറ്റലിസവും കൊളോണിയലിസവും ഒന്നല്ല!