അദ്വാനി രഥയാത്ര തുടങ്ങിയ സോമനാഥില്‍ എന്തുകൊണ്ടാണ് കലാപം മാറിനിന്നത്; ആരാണ് ഇവിടെ സമാധാനം കൊണ്ടുവന്നത്;രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


”അദ്വാനിയുടെ രഥയാത്ര തുടങ്ങിയ ഗുജറാത്തിലെ സോമനാഥില്‍ എന്തായിരുന്നു അവസ്ഥ? അവിടെ യാതൊരു തരത്തില്‍ ഉള്ള വര്‍ഗീയ ലഹളകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതേ അവസ്ഥ ആയിരുന്നു ഇന്ത്യയിലെ പല ഇടങ്ങളിലും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ സൗമിത്ര ഝാക്ക് ഇതിനൊരു ഉത്തരമുണ്ട്. അതാണ് ക്യാപിറ്റലിസം നല്‍കുന്ന സമാധാനം”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

ക്യാപിറ്റലിസം നല്‍കുന്ന സമാധാനം

1984ല്‍ ലോക്‌സഭയില്‍ ബിജെപിക്ക് രണ്ട് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 1989 ആയപ്പോഴേക്കും ബിജെപിയുടെ എംപിമാരുടെ എണ്ണം 89 ആയി ഉയര്‍ന്നു. 80കളില്‍ 1528ല്‍ അയോദ്ധ്യയില്‍ മുഗളര്‍ പണിഞ്ഞ ബാബറി മസ്ജിദ്, രാമന്‍ ജനിച്ച സ്ഥലത്തിന് മുകളില്‍ ഒരു അമ്പലം തകര്‍ത്തു കൊണ്ടാണ് പണിഞ്ഞത് എന്ന് അവകാശവാദം ഉന്നയിച്ചു കൊണ്ടാണ് സംഘ പരിവാര്‍ സംഘടനകള്‍ ബിജെപിയുടെ പിന്തുണയോട് കൂടി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. പള്ളി പൊളിച്ചു അമ്പലം പണിയണം എന്നായിരുന്നു അവരുടെ ആവശ്യം. 1990ല്‍ വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിക്കുന്നതോട് കൂടി ഹിന്ദു വോട്ടുകളില്‍ കാര്യമായ വിള്ളല്‍ വീഴും എന്ന് മനസ്സിലാക്കിയ ബിജെപി, അയോദ്ധ്യ തര്‍ക്കം മതപരമായി ആളിക്കത്തിച്ചു ഹിന്ദുക്കളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ തീരുമാനിക്കുന്നു.

എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ 25 സെപ്റ്റംബര്‍ 1990ല്‍ ഗുജറാത്തിലെ തെക്കന്‍ തീര പ്രദേശമായ സോമനാഥില്‍ തുടങ്ങി ഒരു മാസമെടുത്ത് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ എത്തുന്ന ഒരു രഥയാത്ര ബിജെപി സംഘടിപ്പിക്കുന്നു. ഈ യാത്രയില്‍ ഉടനീളം എവിടെയൊക്കെ നിര്‍ത്തി പ്രസംഗിച്ചോ അവിടെയെല്ലാം മതവിദ്വേഷ പ്രസംഗങ്ങള്‍ ആണ് ഈ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയത്. 1992 ഡിസംബര്‍ 6ന് അയോധ്യയിലേക്ക് ഏതാണ്ട് ഒന്നര ലക്ഷം സംഘ് പരിവാര്‍ കര്‍സേവകര്‍ മാര്‍ച്ച് ചെയ്തു. അന്നേ ദിവസം ഒരു വലിയ സംഘം കര്‍സേവകര്‍ ബാബറി പള്ളി പൊളിച്ചു കളഞ്ഞു. തുടര്‍ന്ന് മാസങ്ങളോളം രാജ്യത്ത് പലയിടങ്ങളില്‍ വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ഏതാണ്ട് 2000 മനുഷ്യരാണ് ഈ ലഹളകളില്‍ കൊല്ലപ്പെട്ടത്.

എന്നുകൊണ്ട് സോമനാഥില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല

അദ്വാനിയുടെ രഥയാത്ര തുടങ്ങിയ ഗുജറാത്തിലെ സോമനാഥില്‍ എന്തായിരുന്നു അവസ്ഥ? അവിടെ യാതൊരു തരത്തില്‍ ഉള്ള വര്‍ഗീയ ലഹളകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതേ അവസ്ഥ ആയിരുന്നു ഇന്ത്യയിലെ പല ഇടങ്ങളിലും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ സൗമിത്ര ഝാക്ക് (Saumitra Jha) ഇതിനൊരു ഉത്തരമുണ്ട്. സോമനാഥ് ഉള്‍പ്പെടെയുള്ള പൗരാണിക ചരിത്രം ഉള്ള തീരപ്രദേശങ്ങളില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും സാമൂഹികപരമായും സാമ്പത്തികപരമായും യോജിപ്പിലൂടെ (integrated) ജീവിച്ചവര്‍ ആയിരുന്നു. കാലങ്ങളായി ഈ രണ്ടു കൂട്ടരും അവിടെ ഉള്ള സാമൂഹിക സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ (സ്‌കൂള്‍, ആശുപത്രി എന്നിങ്ങനെ) ഒരുമിച്ചു പങ്കിടുകയും, അസോസിയേഷനുകള്‍ രൂപീകരിക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജന/ ദുരന്ത നിവാരണ യജ്ഞങ്ങളില്‍ കൈകോര്‍ക്കുകയും സംയുക്ത സംരംഭങ്ങളില്‍ (Joint venture) പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു.

കൂടാതെ ഒരു കൂട്ടര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റേ കൂട്ടര്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന ബിസിനസ്സുകള്‍ നിരവധി ആയിരുന്നു. ഇത് നൂറു കണക്കിന് വര്‍ഷങ്ങള്‍ ആയിട്ട് നടന്നു പോരുന്ന ഒരു പ്രക്രിയ ആയിരുന്നു. മധ്യകാലഘട്ടങ്ങളില്‍ ഈ തീരപ്രദേശങ്ങളില്‍ വിദേശികളായിട്ടുള്ള മുസ്ലിം കച്ചവടക്കാര്‍ക്ക് സോമനാഥ ക്ഷേത്രത്തിന്റെ ഭൂമി പതിച്ചു നല്‍കി അവരെ താമസിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നു. എന്തെന്നാല്‍ ഈ മുസ്ലീം കച്ചവടക്കാര്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല രാജ്യങ്ങളിലും തുണിയുടെ വ്യാപാരവുമായി ബന്ധപെട്ടു നല്ല സ്വാധീനം ഉണ്ടായിരുന്നു. സോമനാഥിന് ഈ കച്ചവടക്കാര്‍ ഒരു പുതിയ അവസരവും വിദേശ മാര്‍ക്കറ്റും ആണ് തുറന്ന് കൊടുത്തത്. കാലം ചെല്ലുംതോറും സോമനാഥിലെ തുറമുഖങ്ങളില്‍ മണ്ണടിഞ്ഞു, കടലിന്റെ ആഴം നഷ്ടപ്പെടുകയും ആ കച്ചവടം ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിലേക്ക് മാറുകയും ചെയ്തു.

എന്നാല്‍ കാലങ്ങളെടുത്തു പരിണമിച്ച ആ ഹിന്ദു-മുസ്ലിം കൂട്ടായ്മ അത് പോലെ നിലനിന്നു പോന്നു. ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് ഈ പുരാതന തുറമുഖ നഗരങ്ങളില്‍ ഒന്നും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ല. അതായത് കച്ചവടം എന്ന ഭൗതിക താല്‍പ്പര്യം നമ്മുടെ ഗോത്രീയതയുടെ അതിര്‍വരമ്പുകളേ ഭേദിക്കുന്നതാണ്. അവിടെ വിട്ടുവീഴ്ച്ചകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അത് വഴി സമാധാനം നിലനില്‍ക്കുന്നു. ഈ ജനം മതത്തെ ആളിക്കത്തിക്കുന്ന അധികാരദുര്‍മോഹികളെ അകറ്റി നിര്‍ത്തുന്നു.

വാണിജ്യത്തിന് സമാധാനം വേണം

യൂറോപ്പിലെ ജ്ഞാനോദയകാലഘട്ടത്തില്‍ (The age of enlightenment) തുടങ്ങി പല തത്വചിന്തകരും മുന്നോട്ട് വച്ചിട്ടുള്ള ഒരാശയം ആണ് ഇത്.

”Commerce is a cure for most destructive prejudices. Wherever the ways of man are gentle, there is commerce; and wherever there is commerce, the ways of men are gentle.’ – Montesquieu

‘International trade would extirpate the system of war.’ – Thomas Paine

‘Commerce rapidly renders war obsolete, by strengthening and multiplying the personal interests which act in natural opposition to it.’ – John Stuart Mill

വാണിജ്യത്തിന് സമാധാനം വളരെ ആവശ്യമാണ്. വാണിജ്യം ആഗോളവല്‍ക്കരിക്കപ്പെട്ടതോടെ നമ്മുടെ സമ്പത് ഘടനയുമായി നേരിട്ട് ബന്ധം ഇല്ല എന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ പോലും നമ്മേ ബാധിക്കാം. ഉദാഹരണത്തിന് ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധം ലോകത്തിന്റെ സാമ്പത്തിക വിപണിയെ ബാധിച്ചിട്ടുണ്ട്. ഒരു വര്‍ഗീയ ലഹളയില്‍ കടകള്‍ കത്തിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങള്‍ (infrastructure) നശിപ്പിക്കപ്പെടുമ്പോള്‍ അവിടെ പണമുണ്ടാക്കാന്‍ ഉള്ള സാധ്യതകള്‍ കെട്ടു പോകുന്നു. നിക്ഷേപകരുടെ വിശ്വാസം നഷ്ട്ടപെടും. നിക്ഷേപകര്‍ക്ക് ആവശ്യം സ്ഥിരതയുള്ള പരിസരങ്ങളാണ്, അല്ലാതെ ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന ഒരു സമൂഹം അല്ല. നിക്ഷേപകര്‍ സമാധാനത്തിന് വേണ്ടി ഗവണ്മെന്റ്കളില്‍ സമ്മര്‍ദ്ദം ചെലുത്തും.

ജപ്പാന് ശേഷം ഏറ്റവും കൂടുതല്‍ (ഒരു ട്രില്യണ്‍ ഡോളറിന് മുകളില്‍) അമേരിക്കന്‍ പൊതു കടം ഗവണ്മെന്റ് ബോണ്ടുകളായി ചൈന കൈവശം വച്ചിരിക്കുന്നു എന്നത് അമേരിക്കയും ചൈനയും നേരിട്ട് യുദ്ധങ്ങളിലൂടെ ഏറ്റുമുട്ടുന്നതില്‍ നിന്ന് പരസ്പരം പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. ഈ അവസ്ഥയെ ക്യാപിറ്റലിസം നല്‍കുന്ന സമാധാനം (Capitalistic peace) എന്ന് വിളിക്കാം.

എന്നാല്‍ സമാധാനം ഉണ്ടാവാന്‍ ഉള്ള ഏക കാരണം വാണിജ്യം മാത്രം ആണ് എന്ന് തെറ്റിദ്ധരിക്കരുത്. സമാധാനത്തിന് രാജ്യത്ത് ഫെഡറല്‍ സംവിധാനം ഉള്ള ഗവണ്മെന്റും പിന്നെ ജുഡീഷ്യറിയും പോലീസും വിജിലന്‍സും സ്വതന്ത്രമായ മാധ്യമങ്ങളും അടങ്ങുന്ന സുതാര്യമായ സാമൂഹിക സ്ഥാപനങ്ങളും ആവശ്യമാണ്. Centralized planning ഉള്ള/ ഏകാധിപതിമാര്‍ ഭരിക്കുന്ന ഇടങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടും. മതം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സ്ഥലങ്ങളില്‍, അത് പോലെ എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും കൊടുക്കാത്ത ഇടങ്ങളില്‍ സമാധാനം ഒരു പ്രശ്‌നമായിരിക്കും.

ഫ്രീ മാര്‍ക്കറ്റില്‍ മതം ഇടപെട്ടാല്‍

എണ്ണ റിപ്പബ്ലിക്കുകളുടെ കാര്യം എടുക്കാം. ഏകാധിപതിമാര്‍ അവിടുത്തെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അല്ല. അവിടുത്തെ പ്രകൃതി വിഭവങ്ങള്‍ വില്‍ക്കാന്‍ അവര്‍ ജനങ്ങളുടെ അഭിപ്രായം തേടേണ്ടതില്ല. എണ്ണ ധാരാളം ഉള്ള രാജ്യങ്ങളില്‍ അവിടുത്തെ ഭരണാധികാരികള്‍ ജനങ്ങളെ അടിച്ചമര്‍ത്തിയാലും, അയല്‍ക്കാരുമായി യുദ്ധത്തിന് പോയാലും, യുദ്ധത്തില്‍ അവിടുത്തെ ജനങ്ങള്‍ മരിച്ചു വീണാലും അവര്‍ അധികാരത്തില്‍ തുടരും. എണ്ണയുടെ വിറ്റുവരവ് അവര്‍ ജനങ്ങളിലേക്ക് വിതരണം ചെയ്യാതെ സ്വന്തം കീശയില്‍ ആക്കിയാലും അത് ചോദ്യം ചെയ്യപ്പെടാറില്ല.
സ്വാഭാവികമായി ആ ഇടങ്ങളില്‍ അസ്ഥിരതകള്‍ രൂക്ഷമാകുകയും തീവ്രവാദവും ആഭ്യന്തര യുദ്ധങ്ങളും ഉണ്ടാവുകയും ചെയ്യും. അധികം ഉള്ള പ്രകൃതി വിഭവങ്ങള്‍ പലപ്പോഴും ഏകാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം ആണ്.

ഫ്രീ മാര്‍ക്കറ്റില്‍ മതം ഇടപെടുന്നതിനെ കുറിച്ച് ഒരു ഉദാഹരണം പറയാം. ഒരു പഞ്ചായത്തില്‍ വര്‍ഷങ്ങളായി ഒരു വ്യക്തി ഒരു പ്ലൈവുഡ് കട നടത്തി വന്നിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഉല്‍പ്പന്നത്തിന്റെ മികച്ച ഗുണമേന്മയും വിലക്കുറവും മികച്ച സര്‍വീസും ആയിരുന്നു ആ കടയുടെ വിജയം. ആദ്യ കാലങ്ങളില്‍ വളരെ diverse ആയ വിശ്വാസങ്ങള്‍ ഉള്ള മനുഷ്യര്‍ ആയിരുന്നു അവിടെ താമസിച്ചിരുന്നത്. എന്നാല്‍ പോകെ പോകെ ഒരു മതത്തില്‍ പെട്ടവരുടെ കുടിയേറ്റം അങ്ങോട്ടുണ്ടായി. അവര്‍ അവിടെ പല സ്ഥാപനങ്ങള്‍ തുറന്നതില്‍ രണ്ട് പ്ലൈവുഡ് കടയും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആദ്യത്തെ പ്ലൈവുഡ് കടയോട് ഗുണമേന്മയിലോ വിലയിലോ കൊപീറ്റ് ചെയ്യാന്‍ കഴിയുന്നില്ല. അതിനെ മറികടക്കാന്‍ അവര്‍ ചെയ്തത് സ്വന്തം ഗോത്രത്തിന്റെ മത നേതാക്കളെ കൊണ്ട് അവരുടെ വിശ്വാസികളോട് പറയിക്കുകയായിരുന്നു. തങ്ങളുടെ ഗോത്രത്തിലുള്ള ആളുകളുടെ കടയില്‍ നിന്ന് മാത്രമേ പ്ലൈവുഡ് വാങ്ങാവൂ, അതിപ്പോ ഗുണമേന്മ കുറഞ്ഞാലും വില കൂടിയാലും.

മികച്ചു നിന്നിരുന്ന ആദ്യത്തെ കട പയ്യെ പയ്യെ കച്ചവടം കുറഞ്ഞു ഒടുവില്‍ പൂട്ടേണ്ടി വരുന്നു. വ്യത്യസ്ത മത വിശ്വാസം ഉള്ള ജനങ്ങള്‍ സാമൂഹികപരമായും സാമ്പത്തികപരമായും യോജിപ്പിലൂടെ (integrated) ജീവിക്കാന്‍ ഗോത്ര മതബോധം അനുവദിക്കാത്ത അവസ്ഥയും ഉണ്ട്. അവിടെ കാലം ചെല്ലുംതോറും സ്പര്‍ദ്ധകള്‍ വര്‍ധിച്ചു സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുക. സമാധാനപൂര്‍വ്വം ആയ ജീവിതത്തിന് മത നേതാക്കളെ അകറ്റി നിര്‍ത്തേണ്ടതും കലര്‍ന്നു പരസ്പരം ഇടപഴകി ജീവിക്കേണ്ടതും ഒരു ആവശ്യമാണ്.

സമാധാനം വരുന്ന വഴികള്‍

സൗമിത്ര ഝ, ഇസ്രേലി സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ മോസസ് ഷായോ ആയി ചേര്‍ന്ന് ഒരു പരീക്ഷണം നടത്തി. അതായത് ഇസ്രയേലിന്റെ സമ്പദ്ഘടന എത്ര മാത്രം പലസ്തീനും സമാധാനവും ആയി ഇഴപിരിഞ്ഞു കിടക്കുകയാണ് എന്ന് ഈ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ ബോധവാന്മാരാണോ എന്നറിയാന്‍ ആയിരുന്നു ഈ പരീക്ഷണം. 2015 ഇലക്ഷന്‍ നടക്കുന്നതിന് മുമ്പേ ആയിരുന്നു 1350 പേരെ പങ്കെടുപ്പിച്ചു ഈ പരീക്ഷണം നടത്തിയത്. ഇവര്‍ക്ക് ഏഴ് ആഴ്ച്ച ഇസ്രയേല്‍-പലസ്തീന്‍ കമ്പനികളുടെ സ്റ്റോക്ക് വാങ്ങാനും വില്‍ക്കാനും സൗകര്യം ഉണ്ടാക്കി കൊടുത്തു.

പതുക്കെ പതുക്കെ രാഷ്ട്രീയക്കാര്‍ നടത്തുന്ന വര്‍ഗീയ വാചാടോപങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണ്ടാക്കുന്ന തിരിച്ചടികള്‍ അവര്‍ക്ക് ബോധ്യം വന്നു. ഇലക്ഷന് ശേഷം പങ്കെടുത്തവര്‍ക്കെല്ലാം ഒരു പൊളിറ്റിക്കല്‍ സര്‍വേ ഫോം പൂരിപ്പിക്കാന്‍ അയച്ചു കൊടുത്തു. സ്റ്റോക്ക് ട്രേഡിങ്ങ് നടത്തിയവരില്‍ കൂടുതല്‍ ആളുകളും പലസ്തീനുമായി സമാധാനക്കരാറില്‍ ഏര്‍പ്പെടും എന്ന് തങ്ങളുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞ പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുക എന്ന് സര്‍വേയില്‍ കുറിച്ചു.

ഇതാണ് ചുരുക്കത്തില്‍ ക്യാപിറ്റലിസം തരുന്ന സമാധാനം.


Leave a Reply

Your email address will not be published. Required fields are marked *