“ഇന്ത്യയുടേയും കേരളത്തിന്റെയും സർക്കാരുകൾ എടുത്ത് കൂട്ടുന്ന കടങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടാകാറുണ്ടല്ലോ. രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റേയും കടമെടുപ്പിന്റെ ആവശ്യകതയെ ന്യായീകരിച്ച് കൊണ്ട് ഇരു പക്ഷക്കാരും നിരവധി വാദങ്ങൾ ഉന്നയിക്കാറുണ്ട്. കേരളത്തിന്റെ കടമെടുപ്പ് നിത്യ ചെലവുകൾക്ക് വേണ്ടി ആണെന്നും അത് ശാശ്വതമല്ല എന്നും ഒരു പക്ഷം പറയുമ്പോൾ ഇന്ത്യയുടെ ഭീമമായ കടത്തെ ചൂണ്ടി കാണിച്ചു കൊണ്ട് മറുപക്ഷം രംഗത്ത് വരും. ജനങ്ങളെ ഭരിക്കുന്ന സർക്കാരുകളുടെ കടമെടുപ്പ് എങ്ങിനെ ആണ് സമ്പദ് വ്യവസ്ഥയെയും ജനങ്ങളെയും ബാധിക്കുന്നത് എന്നതും കടമെടുപ്പ് സംബന്ധിച്ച് നിലവിൽ പ്രചാരത്തിൽ ഉള്ള ചില പൊതുബോധങ്ങളുടെ വിശകലനവും ആണ് ഈ ലേഖനത്തിൽ ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്.” വിഷ്ണു അജിത് എഴുതുന്നു
സർക്കാരുകളുടെ കടമെടുപ്പ്
കേരള സർക്കാരിന്റെ കടമെടുപ്പ് ന്യായീകരിക്കാൻ വേണ്ടി കേന്ദ്രത്തിന്റെ കടമെടുപ്പിനെ കൂട്ട് പിടിക്കുന്ന ന്യായീകരണങ്ങൾ വിമര്ശിക്കപ്പെടേണ്ടത് തന്നെ ആണ്. എന്നിരുന്നാലും കേരളത്തിന്റെ കടമെടുപ്പിനെ വിമർശിക്കുമ്പോളും ഇന്ത്യ ഒരു പരമാധികാര രാജ്യം ആയതിനാൽ ഇന്ത്യയുടെ കടമെടുപ്പ് അത്ര ഭയക്കേണ്ടതില്ല എന്ന ഒരു ധാരണ പലർക്കും ഉണ്ട്. ഇന്ത്യയുടെ കടം രാജ്യത്തിനെ അധികം ബാധിക്കില്ല എന്ന വാദത്തിന് പ്രധാന കാരണങ്ങൾ ഭൂരിഭാഗം കടവും രാജ്യത്തെ ജനങ്ങളിൽ നിന്ന് തന്നെ വാങ്ങുന്നത് ആണ് എന്നതും ഇന്ത്യ ഒരു പരമാധികാര രാജ്യം ആയത് കൊണ്ട് തന്നെ കടപ്പത്രങ്ങൾ എത്ര വേണമെങ്കിലും സർക്കാരിന്റെ ആവശ്യാനുസരണം പ്രിൻറ് ചെയ്തെടുക്കുവാനും കുറഞ്ഞ പലിശയിൽ ലഭ്യമാക്കുവാനും കഴിയും എന്നത് ആണ്. ഒരു പരമാധികാര രാജ്യത്തിന്റെ കടം മുഴുവനായി തിരിച്ചടക്കേണ്ട കാര്യം ഇല്ല എന്നും തിരിച്ചടവിനു വേണ്ട പലിശ മാത്രം നികുതി വഴി കണ്ടെത്തിയാൽ ഈ പ്രക്രിയ എത്ര വേണമെങ്കിലും തുടർന്ന് പോകുകയും ചെയ്യാം എന്നും അവർ വാദിക്കുന്നു. സർക്കാരിന്റെ വിപണിയിലെ ഇടപെടലുകളെ സാധൂകരിക്കാൻ വേണ്ടി കെയ്ൻസിയൻ സാമ്പത്തിക ശാസ്ത്രജ്ഞർ ഉന്നയിക്കുന്ന വാദങ്ങളിൽ പ്രധാനം ആണ് ഇത്തരം വാദങ്ങൾ എന്നത് കൊണ്ട് തന്നെ ഇത്തരം വാദങ്ങൾ ശാസ്ത്രീയം ആണ് എന്ന തെറ്റിധാരണയും പരക്കെ നിലവിലുണ്ട്.
സർക്കാരുകളുടെ കടമെടുപ്പ് ന്യായീകരിക്കുന്ന ഇത്തരം വാദങ്ങളെല്ലാം പ്രധാനമായും ഊന്നൽ കൊടുക്കുന്നത് രാജ്യത്തിനെ മാക്രോ തലത്തിൽ എങ്ങിനെ ബാധിക്കും എന്ന കാര്യം പരിശോധിക്കാൻ ആണ്. രാജ്യത്തിന് മുഴുവൻ ആയി ഒരു താല്പര്യം ആണ് എന്ന് assume ചെയ്യുന്ന ഇത്തരം വിശകലനങ്ങളുടെ പ്രധാന പ്രശനം സർക്കാരുകളുടെ കടം എടുപ്പ് രാജ്യത്തിലെ ഓരോ വ്യക്തികളെയും വ്യക്തി തലത്തിൽ എങ്ങിനെ ബാധിക്കുന്നു എന്ന് കണ്ടെത്താൻ ശ്രമിക്കുന്നില്ല എന്നത് തന്നെ ആണ്. എങ്ങിനെ ആണ് സർക്കാർ എടുക്കുന്ന കടം വ്യക്തി തലത്തിൽ ആളുകളെ ബാധിക്കുന്നത്? ഇത് ആർക്കെല്ലാം ഗുണം ഉണ്ടാക്കുന്നു? ആർക്കെല്ലാം ദോഷം ഉണ്ടാക്കുന്നു? ഇത് മനസ്സിലാക്കുന്നതിനു മുന്നേ എന്താണ് കടം എന്നും എങ്ങിനെ ആണ് സർക്കാർ കടമെടുപ്പ് പ്രക്രിയ നടക്കുന്നത് എന്നും നോക്കാം.
എന്താണ് സ്വകാര്യ കടം? (Private Debt)
സർക്കാരുകളുടെ പൊതു കടം (Public Debt) എന്താണ് എന്ന് മനസിലാക്കുന്നതിന് മുന്നേ സാധാരണ സ്വകാര്യ വ്യക്തികൾ തമ്മിൽ ഉള്ള കടമെടുപ്പ് പ്രക്രിയ (Private Debt) എന്താണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ ഒരു കച്ചവട ഇടപാടിൽ നിന്നും കടമെടുപ്പിനെ വ്യത്യസ്തം ആക്കുന്നത് അത് ഒരു നിശ്ചിത കാലം നീണ്ടു നിൽക്കുന്ന ഒരു ഇടപാട് ആണ് എന്നത് ആണ്. ഈ ഇടപാടിൽ ഏർപ്പെടുന്ന കടം എടുക്കുന്ന വ്യക്തിക്കും കടം കൊടുക്കുന്ന വ്യക്തിക്കും പണത്തിന്റെ ആവശ്യം വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും എന്നത് കൊണ്ടാണ് അവർ ഈ ഇടപാടിൽ സ്വമേധയാ പങ്കെടുക്കാൻ തയ്യാർ ആകുന്നത്. ഉദാഹരണത്തിന് ഒരു ആയിരം രൂപ C എന്ന വ്യക്തി D എന്ന വ്യക്തിക്ക് ഒരു വര്ഷത്തിനു ശേഷം പലിശ സഹിതം തിരിച്ചു തരണം എന്ന ധാരണയിൽ കൊടുക്കുന്നു എന്ന് കരുതുക. ഒരു വർഷത്തിന് ശേഷം D ആ പണം തിരിച്ച കൊടുക്കുമ്പോൾ ആണ് ഈ ഒരു ഇടപാട് കഴിയുക. C യെ സംബന്ധിച്ചു ഇപ്പോൾ കൈയിൽ ഉള്ള ആയിരം രൂപയെക്കാൾ മൂല്യം ഒരു വര്ഷം കഴിഞ്ഞു ലഭിക്കുന്ന ഉയർന്ന തുകയ്ക്ക് ആണെങ്കിൽ D യെ സംബന്ധിച്ചു കൂടുതൽ മൂല്യം അപ്പോൾ തന്നെ ലഭിക്കുന്ന ആയിരം രൂപയ്ക്ക് ആണ്. അത് കൊണ്ട് തന്നെ ഈ ഇടപാടിൽ തിരിച്ചടവ് കഴിയുമ്പോൾ C യും D യും ലാഭം ഉണ്ടാക്കി എന്ന് പറയാം.
നമ്മൾ എല്ലാവരും പൊതുവെ ഇപ്പോൾ ഉള്ള ഉപഭോഗത്തിനു ആണ് ഭാവിയിൽ ഉള്ള ഉപഭോഗത്തെക്കാൾ മൂല്യം കൊടുക്കുന്നത് എന്നത് കൊണ്ട് ആണ് ഇവിടെ D ഉയർന്ന തുക കൊടുക്കേണ്ടി വരുന്നത്. അധികം ആയി D നൽകേണ്ടി വരുന്ന പലിശ എത്രത്തോളം എന്നത് C യുടെ പണത്തിന്റെ ഉപഭോഗം മാറ്റി വെക്കാൻ ഉള്ള ഈ ത്വര (Time Preference) എത്രത്തോളം ഉണ്ട് എന്നത് അനുസരിച്ച് ഇരിക്കും. ഉയർന്ന ടൈം പ്രീഫെറെൻസ് ഉള്ളവർ (ഉദാഹരണം വയോധികർ, കുട്ടികൾ) ഉടൻ തന്നെ ഉപഭോഗത്തിനു താല്പര്യം ഉള്ളവർ ആയിരിക്കും. അവർ പെട്ടെന്ന് തന്നെ കൈയിലെ പണം ചെലവ് ചെയ്യുകയും വളരെ കുറച്ചു മാത്രം ഭാവി ആവശ്യങ്ങൾക്ക് വേണ്ടി സേവ് ചെയ്യുന്നവരും ആയിരിക്കും. അത് കൊണ്ട് തന്നെ അവർ കൂടുതൽ പലിശ ലഭിച്ചാൽ മാത്രമേ കടം കൊടുക്കാൻ തയ്യാർ ആകുക ഉള്ളൂ. നേരെ മറിച്ചു കുറഞ്ഞ ടൈം പ്രീഫെറെൻസ് ഉള്ള, ഭാവിയിലെ ഉപഭോഗത്തിനു ഇന്നത്തെ ഉപഭോഗത്തെക്കാൾ പ്രാധാന്യം കാണുന്ന ആളുകൾ (ഉദാഹരണം: ചെറുപ്പക്കാർ) കുറഞ്ഞ പലിശയിലും കടം കൊടുക്കാൻ തയ്യാർ ആകുകയും ചെയ്യും.
ഇനി തിരിച്ചടക്കാൻ D യ്ക്ക് കഴിഞ്ഞില്ലെങ്കിലോ? സ്വകര്യ കടങ്ങൾ വ്യക്തികൾ തമ്മിലോ സ്ഥാപനങ്ങൾ തമ്മിലോ പരസ്പരം ഉണ്ടാക്കുന്ന കരാറുകൾ ആണല്ലോ. ഈ കരാറുകളുടെ ലംഘനം ഒരു തരത്തിൽ മോഷണമാണ്. മുകളിലെ ഉദാഹരണത്തിൽ കടം കൊടുത്ത C ആണ് ആ പണത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ. അത്കൊണ്ട് തന്നെ D വാങ്ങിയ കടം തിരിച്ച കൊടുക്കാതെ ഇരുന്നാൽ, കടം കൊടുത്ത C ചാരിറ്റി ആയി കരുതി അത് വേണ്ട എന്ന് വെക്കാത്ത ഇടത്തോളം കാലം D ഒരു തരത്തിൽ C യുടെ സമ്പത്ത് മോഷ്ടിച്ചതിന് തുല്യം ആണ് എന്ന് പറയാം. കടം തിരിച്ച കൊടുക്കാത്ത കാലത്തോളം പലിശയും പിഴയും കണക്കാക്കി തന്റെ സമ്പത്തിൽ നിന്നും തിരിച്ച കൊടുക്കാൻ D എപ്പോളും ബാധ്യസ്ഥനാണ്. ഈ ഒരു സാധ്യത കൂടെ മുന്നിൽ കണ്ടു കൊണ്ട് ആണ് തന്റെ പണം നിശ്ചിത സമയത്തേക്ക് വേണ്ട എന്ന് വെക്കാൻ വേണ്ടി എത്ര പലിശ ലഭിക്കേണ്ടത് ഉണ്ട് എന്ന് കടം കൊടുക്കുന്ന വ്യക്തി (നമ്മുടെ C) കണക്കു കൂട്ടുന്നത്. തിരിച്ച കിട്ടും എന്ന് ഉറപ്പ് ഇല്ലാതെ ആകുമ്പോൾ തിരിച്ചടവിന്റെ പലിശ കൂടുകയും കടമായി ലഭിക്കുന്ന പണത്തിന്റെ ലഭ്യത കുറയുകയും ചെയ്യും. ഇതിനെ Finance ഭാഷയിൽ ക്രെഡിറ്റ് റിസ്ക് പ്രീമിയം എന്ന് വിളിക്കും. ഇങ്ങനെ ഓരോ വ്യക്തിയുടെയും സ്ഥാപനങ്ങളുടെയും സമ്പദ് വ്യവസ്ഥയിലെ ടൈം പ്രീഫെറൻസും അവർ ക്രെഡിറ്റ് റിസ്കിനെ കുറിച്ച് നടത്തുന്ന അനുമാനങ്ങളും ചേർന്ന് കൊണ്ട് ആണ് എത്രത്തോളം പണം ഉപഭോഗത്തിനു ഉപയോഗിക്കും, എത്രത്തോളം പണം ഭാവി ആവശ്യങ്ങൾക്ക് ആയി ആളുകൾ മാറ്റി വെക്കും, മാറ്റി വെച്ച പണം ആർക്കെല്ലാം ഏതെല്ലാം പലിശ നിരക്കിൽ എത്രത്തോളം കടമായി ലഭിക്കും എന്നതെല്ലാം സമ്പദ് വ്യവസ്ഥയിൽ നിർണയിക്കപ്പെടുന്നത്.
സർക്കാരുകളുടെ പൊതുകടം എങ്ങിനെ സ്വകാര്യ കടത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു?
കരാറുകളുടെ ഈ പവിത്രത നില നിൽക്കണം എങ്കിൽ സ്വകാര്യ കടങ്ങൾക്ക് ഉള്ള പോലെ തന്നെ പൊതു കടത്തിനും ഇത് ബാധകം ആകേണ്ടത് ഉണ്ട്. എന്നാൽ പൊതു കടത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ട്. കാരണം സർക്കാരുകൾ സമ്പത്ത് ഉണ്ടാക്കുന്നില്ല (കാര്യക്ഷമത ഇല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തക ആക്കുക വഴി വരുമാനം ഉണ്ടാക്കുന്ന ചില Exceptions ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല). സർക്കാരുകളുടെ സമ്പാദ്യം ഉണ്ടാകുന്നത് ജനങ്ങളുമായി നടത്തുന്ന സ്വമേധയാ ഉള്ള കൊടുക്കൽ വാങ്ങലുകൾ മൂലവുമല്ല. അത്കൊണ്ട് തന്നെ സർക്കാരുകൾ കടം വാങ്ങുമ്പോൾ സർക്കാരും സർക്കാരിന് കടം കൊടുക്കുന്നവരും ഒന്നും അത് കടം വാങ്ങാൻ ഉത്തരവിടുന്ന രാഷ്ട്രീയക്കാരുടെയോ ഉദ്യോഗസ്ഥരുടെയോ സമ്പത്തിൽ നിന്ന് തിരിച്ച് കൊടുക്കാമെന്ന് അല്ല പ്രതീക്ഷിക്കുന്നത്. മറിച്ച് ജനങളുടെ മുകളിൽ പ്രത്യക്ഷമായും പരോക്ഷമായും നികുതി ഭാരം ചുമത്തി നിര്ബന്ധ പൂർവം പണം കണ്ടെത്തി കൊണ്ട് തിരിച്ചടയ്ക്കുവാൻ സാധിക്കും എന്ന് പ്രതീക്ഷിച്ചു ആണ്. മറ്റുള്ളവരുടെ പണം പേടിപ്പെടുത്തി പിടിച്ചു വാങ്ങുന്ന വിയറ്റ്നാം കോളനിയിലെ റാവുത്തറിനെ ഓർക്കുക, അങ്ങിനെ ഒരു പ്രദേശത്തെ ആളുകളുടെ മുകളിൽ തന്റെ അധികാരം ഉപയോഗിച്ച് കൊണ്ട് പണം എളുപ്പത്തിൽ കണ്ടെത്താൻ റാവുത്തറിന് കഴിയുമെങ്കിൽ പുള്ളിക്കാരന് കടം കൊടുക്കാൻ ആർക്കും മടി ഉണ്ടാകില്ല. മറ്റുള്ളവരെ പേടിപ്പിച്ചു നിർത്തി അവരുടെ പണം വാങ്ങി തിരിച്ചു തരാൻ റാവുത്തറിന് കഴിയും എന്ന് അവർക്കും അറിയാം. ചുരുക്കത്തിൽ സർക്കാരിന് കടം കൊടുക്കുന്ന ആളുകൾ ഭാവിയിൽ സർക്കാർ നടത്തുന്ന നികുതി കൊള്ളയുടെ ഒരു ഭാഗം തങ്ങൾക്ക് കൂടെ ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് സർക്കാരിന് എത്ര കടവും മടി കൂടാതെ കൊടുക്കാൻ തയ്യാറാകുന്നത്. അതായത് സ്വകാര്യ കടങ്ങളുടെ കരാറിന് വിപരീതമായി ഇവിടെ സർക്കാരും കടം കൊടുക്കുന്നവരും തമ്മിൽ ഉള്ള കരാർ അധാര്മികവും കരാറിൽ ഇല്ലാത്ത പൊതു ജനങളുടെ സ്വകാര്യ സ്വത്തിന്റെ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ഉള്ളതും ആണ്.
ഇങ്ങനെ നികുതി ചുമത്താൻ ഉള്ള അധികാരം കുത്തക ആക്കിയത് കൊണ്ട് തന്നെ എത്ര ചിലവുകൾ അധികമായി കൊണ്ടേ ഇരുന്നാലും സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമൊക്കെ കടമെടുത്തു കൊണ്ട് ചിലവുകൾ നികത്താൻ സർക്കാരിന് കഴിയുന്നു. അങ്ങിനെ എല്ലാ വർഷങ്ങളിലും വരവിലും കൂടുതൽ ചിലവഴിച്ച് കൊണ്ട് കടം കുന്നു കൂട്ടുന്ന സർക്കാരുകൾ കടം എടുക്കുന്ന തുക തിരിച്ചടയ്ക്കാൻ ഉള്ള സമയം ആകുമ്പോൾ വീണ്ടും പുതിയ കടപ്പത്രം ഇറക്കി കൊണ്ട് കടം പുതുക്കുന്നു. ഇങ്ങനെ വർഷാ വര്ഷം അതാത് വര്ഷങ്ങളിലെ ചിലവ് നികത്താനും ഒപ്പം പഴയ കടങ്ങളുടെ തിരിച്ചടവിനും വേണ്ടി കടം എടുത്ത് കൊണ്ടേ ഇരുന്നാൽ കടം കുമിഞ്ഞു കൂടുന്നതിനൊപ്പം എല്ലാ വർഷങ്ങളിലും ഈ കടം സർവീസ് ചെയ്യാൻ വേണ്ട പലിശയും ഉയർന്നു കൊണ്ടേ ഇരിക്കും.
എത്ര ഉയർന്ന കട ബാധ്യത ഉണ്ടാകുമ്പോൾ പോലും ഇങ്ങനെ കടം വീണ്ടും വീണ്ടും എടുക്കാനും അത് റോൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകാനും നികുതി മാത്രം അല്ല സർക്കാരിനെ സഹായിക്കുന്നത്. രാജ്യത്തെ എല്ലാ വിധ പണവിനിമയങ്ങൾക്കും ഉപയോഗിക്കാൻ നിയമ സാധുത ഉള്ള കറൻസി സർക്കാരിന് മാത്രം ആണ് അച്ചടിച്ച് ഇറക്കാൻ ഉള്ള അധികാരം. ശൂന്യതയിൽ നിന്ന് പണം കണ്ടെത്തി സർക്കാരിന്റെ ചിലവുകൾ കണ്ടെത്തുന്ന ഈ പ്രതിഭാസത്തെ ആണ് ഇൻഫ്‌ളേഷൻ എന്ന് വിളിക്കുന്നത്. ഇൻഫ്‌ളേഷൻ വഴി പണം കണ്ടെത്താൻ ഉള്ള ഈ വിശേഷാധികാരം ഉള്ളത് പരമാധികാരമുള്ള സർക്കാരുകൾക്ക് മാത്രം ആണ്. ഇതാണ് സംസ്ഥാനങ്ങളെ അപേക്ഷിച്ച പരമാധികാര രാജ്യങ്ങളെ കൂടുതൽ കടമെടുക്കാൻ “പ്രാപ്തി” ഉള്ളവർ ആക്കി മാറ്റുന്നത്. അങ്ങിനെ സർക്കാരിന്റെ ആവശ്യത്തിന് പണം അടിച്ചിറക്കുമ്പോൾ ജനങ്ങളുടെ കൈയിലുള്ള പണത്തിന്റെ മൂല്യം കുറയുകയും അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇൻഫ്‌ളേഷനെ സർക്കാർ ചുമത്തുന്ന ഒരു അദൃശ്യ നികുതി എന്ന് വിളിക്കാം. സർക്കാരുകൾ നികുതി കൂട്ടി എന്ന് ജനങ്ങൾക്ക് മനസ്സിലാകില്ല എന്ന് മാത്രം അല്ല, പിരിച്ചെടുക്കാൻ യാതൊരു തരത്തിൽ ഉള്ള അധ്വാനവും സർക്കാരിന് ഉണ്ടാകുന്നുമില്ല. അത്കൊണ്ട് തന്നെ സർക്കാരുകളെ സംബന്ധിച്ച ഏറ്റവും ഇഷ്ടം ഉള്ള നികുതി ഇൻഫ്‌ളേഷൻ വഴി ലഭിക്കുന്ന ഈ അദൃശ്യ നികുതി ആയിരിക്കും. എന്നാൽ അച്ചടിക്കുന്ന പണം ആദ്യം ലഭിക്കുകയും പണത്തിന്റെ രൂപത്തിൽ അല്ലാത്ത സമ്പത്ത് ഒരുപാട് ഉണ്ടാകുകയും ചെയ്യുന്നതിനാൽ വലിയ പണക്കാരെ ഇൻഫ്‌ളേഷൻ അധികം ബാധിക്കില്ല. പക്ഷെ ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങളെ സംബന്ധിച്ചു ഏറ്റവും ദുരിത പൂർണമായ നികുതി ഭാരം ആണ് ഇൻഫ്‌ളേഷൻ. ഇൻഫ്‌ളേഷൻ ജനങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് വിശദീകരിച്ച കൊണ്ട് മുൻപ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.
https://essenseglobal.com/economy/money-inflation-freebees/
സർക്കാരുകൾ എടുക്കുന്ന കടം പൂർണമായും തിരിച്ചടക്കേണ്ടതില്ലേ?
സർക്കാരിന്റെ കടമെടുപ്പ് ന്യായീകരിക്കാൻ കെയ്ൻസിൻ സാമ്പത്തിക ശാസ്ത്രജ്ഞർ ഉന്നയിക്കുന്ന പ്രധാന വാദം ആണ് സർക്കാരുകൾക്ക് പഴയ കടം വീട്ടാൻ വേണ്ടി പുതിയ കടം എടുത്തു കൊണ്ട് കടം റോൾ ചെയ്തു പോകാൻ കഴിയും എന്നതിനാൽ എടുക്കുന്ന കടം പൂർണമായും തിരിച്ചടക്കേണ്ടതില്ല എന്നത്. അത്കൊണ്ട് തന്നെ സർക്കാരിന് ചിലവുകൾ ചെയ്യാൻ വേണ്ട പണം കടം ഉപയോഗിച്ച് കണ്ടെത്തുകയും അത് സർക്കാർ വിവിധ മേഖലകളിലേക്ക് ചെലവ് ചെയ്യുമ്പോൾ കൂടുതൽ ജോലികൾ സൃഷ്ടിക്കപ്പെടുകയും കൂടുതൽ സാമ്പത്തിക ക്രയ വിക്രയങ്ങൾ നടക്കുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുതിച്ചുയരുകയും ചെയ്യും എന്നുള്ളത് ആണ് കെയ്ൻസിൻ യുക്തി. ഈ യുക്തി ഉപയോഗിച്ചാണ് സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം വരുമ്പോൾ കൂടുതൽ കടമെടുത്തും പണം പ്രിൻറ് ചെയ്തും സമ്പദ് വ്യവസ്ഥയിലേക്ക് സർക്കാരുകൾ പണം പമ്പ് ചെയ്തു ഇറക്കിയാൽ മാന്ദ്യത്തിൽ നിന്നും രക്ഷ നേടാം എന്ന് ഉള്ള വാദം ഇവർ ഉന്നയിക്കുന്നത്.
ഇത്തരം വാദങ്ങളുടെ പ്രധാന പ്രശനം ഒരു ഒറ്റനോട്ടത്തിൽ കാണുന്ന പരിണിത ഫലങ്ങൾ മാത്രം വിലയിരുത്തിക്കൊണ്ട് നിഗമനങ്ങളിൽ എത്തുന്നു എന്നുള്ളത് ആണ്. സർക്കാർ കടം വാങ്ങി ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന വികസനത്തെ കടം വാങ്ങിയത് മൂലം ഉള്ള നേട്ടം ആയി കാണിക്കുന്ന ആളുകൾ ഈ കടം സർക്കാർ വാങ്ങിയത് മൂലം സമ്പദ്s വ്യവസ്തയിൽ ഉണ്ടാകാതെ പോയ പല വികസനകളെയും തൊഴിലുകളെയും കുറിച്ച പരിഗണിക്കുന്നില്ല. തിരിച്ചടവിനെ കുറിച്ച് ആശങ്ക വേണ്ടാതെ, യാതൊരു നഷ്ടവും ആർക്കും സംഭവിക്കാതെ സുലഭമായി കടം എടുത്ത് രാജ്യത്തിലെ ജനങ്ങൾക്ക് സമ്പൽ സമൃദ്ധി സൃഷ്ടിക്കാനും വികസനം കൊണ്ട് വരുവാനും സർക്കാരുകളുടെ അടുത്ത് യാതൊരു മാജിക്കും ഇല്ല. അത് മനസ്സിലാക്കാൻ മുകളിൽ പറഞ്ഞ നമ്മുടെ ഉദാഹരണത്തിലേക്ക് വീണ്ടും ഒന്ന് പോകാം. ഇവിടെ കടം വാങ്ങുന്ന D ക്കു അത് കടമെടുക്കാൻ സാധിച്ചത് ടൈം പ്രീഫെറെൻസ് കുറഞ്ഞ C എന്ന വ്യക്തി തന്റെ ഉപഭോഗം കുറച്ചു കാലത്തേക്ക് മാറ്റി വെച്ചത് കൊണ്ട് മാത്രം ആണ്. അല്ലാത്ത പക്ഷം അവിടെ ഒരു ഇടപാട് സാധ്യം അല്ല. ഇത് ഒരു സമ്പദ് വ്യവസ്ഥയിലെ എല്ലാ ആളുകൾക്കും ബാധകം ആണ്. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ടൈം പ്രീഫെറെൻസ് കുറഞ്ഞ ആളുകൾ ഭാവി ആവശ്യങ്ങൾക്ക് വേണ്ടി നീക്കി വെച്ച തുക മാത്രമേ സർക്കാരുകൾ എന്നല്ല, ഏതൊരു വ്യക്തിക്കും കടമായി എടുക്കുവാൻ സാധിക്കുക ഉള്ളൂ. അത് കൊണ്ട് തന്നെ സർക്കാർ ഇങ്ങനെ കടമായി എടുക്കുന്ന ഓരോ രൂപയും സ്വകാര്യ വ്യക്തികൾക്കും സംരംഭകർക്കും കടമായി എടുക്കാൻ കഴിയുമായിരുന്ന സമ്പദ് വ്യവസ്ഥയിലെ നീക്കിയിരുപ്പിൽ (Savings) നിന്നും കുറയ്ക്കുക ആണ്. അത് കാരണം തന്നെ സ്വകാര്യ വ്യക്തികൾക്ക് ലഭ്യമായ കടം കുറയുകയും പലിശ ഉയരുകയും ചെയ്യും (Crowding out effect). ഇത് സ്വാഭാവികമായും സംരംഭകർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ഉള്ള ചിലവ് ഉയർത്തും, വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി ജനങ്ങൾ എടുക്കുന്ന കടത്തിന്റെയും ചിലവ് ഉയർത്തും, ഉയർന്ന കടമെടുപ്പ് തുടർന്ന് പോകാൻ വേണ്ടി സർക്കാരുകൾ ഉയർത്തുന്ന നികുതിയും ഇൻഫ്‌ളേഷൻ മൂലം ഉണ്ടാകുന്ന സ്ഥായിയായ വില വർധനയും എല്ലാം ഇതോടൊപ്പം തന്നെ ചിലവുകൾ വർധിപ്പിക്കുന്നു എന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടത് ആണ്. തൽഫലമായി സ്വകാര്യ മേഖലയിൽ ഉണ്ടാകുമായിരുന്ന നിരവധി സാധന സേവനങ്ങളും സമ്പത്തും ജോലി സാധ്യതകൾ കൂടെ നശിപ്പിക്കപ്പെടും.
ഇവിടെ സർക്കാരിന്റെ ഇടപെടൽ മൂലം യാതൊരു Wealth Creation ഉം നടക്കുന്നില്ല, മറിച്ച് ജനങ്ങൾക്ക് ആവശ്യമുള്ളത് എന്ന് ജനങ്ങൾ കരുതുന്ന മേഖലകളിലേക്ക് പോകേണ്ട വിഭവങ്ങളെ സർക്കാരിന്റെ അധികാരങ്ങൾ ഉപയോഗിച്ച് സർക്കാരിന് ആവശ്യമുള്ളത് എന്ന് കരുതുന്ന മേഖലകളിലേക്ക് മാറ്റുക എന്നത് മാത്രമാണ് സംഭവിക്കുന്നത്. കൂടുതൽ കടമെടുക്കാൻ സാധിക്കുന്ന അവസ്ഥയിൽ കൂടുതൽ ചെലവ് ചെയ്യുവാനും പോപ്പുലിസ്റ് പോളിസികൾ വഴി രാഷ്ട്രീയ നേട്ടം കൊയ്യുവാനും സാധിക്കും എന്നത് കൊണ്ട് തന്നെ സാധിക്കും എന്നത് കൊണ്ട് തന്നെ കൂടുതൽ സുലഭമായി കടം ലഭിക്കുന്ന അവസ്ഥയിൽ കുടത്തിനു അനുസരിച്ച വലിപ്പം വെക്കുന്ന മീനിനെ പോലെ സർക്കാരിന്റെ ചിലവുകളും ഉയർന്നു കൊണ്ടേ ഇരിക്കും. ഒരു വശത്ത് സമ്പദ് വ്യവസ്ഥയെ stimulatesചെയ്തു കൊണ്ട് തൊഴിലുകൾ സൃഷ്ടിക്കുകയും ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നു എന്ന് പറയപ്പെടുന്ന സര്ക്കാര് കടം അതെ സമയം തന്നെ സ്വകാര്യ മേഖലയിൽ ഉണ്ടാകുമായിരുന്നു നിരവധി തൊഴിലവസരങ്ങളും ഉപഭോഗങ്ങളും ഇല്ലാതെ ആക്കുക മാത്രം അല്ല, അധ്വാനിച്ചുണ്ടാക്കിയ പണം എവിടെ ചെലവ് ചെയ്യണം എന്നത് തീരുമാനിക്കാൻ ഉള്ള ജനങളുടെ സ്വാതന്ത്ര്യം കൂടെ ഇല്ലാതെ ആക്കുകയും നിക്ഷിപ്ത താല്പര്യങ്ങളും വോട്ട് ബാങ്കുകളും സംരക്ഷിക്കാനുള്ള അധികാരം ഏതാനും അധികാരികൾക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ ഉണ്ടാകാതെ പോയ തൊഴിലവസരങ്ങളൊന്നും പ്രഥമ ദൃഷ്ടിയിൽ മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ടും യാതൊരു ഡാറ്റയിലും ഇത് പ്രതിഫലിച്ച സാധിക്കില്ല എന്നത് കൊണ്ടും കടമെടുപ്പ് ന്യായെകരിക്കുന്നവർ ഈ ഒരു വസ്തുത അവഗണിക്കുന്നു.
കടമെടുത്ത് വികസന പ്രവർത്തനങ്ങൾ ചെയ്‌താൽ നല്ലത് ആണോ?
സര്ക്കാര് കടമെടുപ്പിനു സ്ഥിരം കേൾക്കുന്ന മറ്റൊരു ന്യായീകരണം ആണ് നിത്യ ചെലവുകൾക്ക് വേണ്ടി കടം എടുക്കുന്നത് മാത്രം ആണ് പ്രശനം, മറിച്ചു കടം എടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തുക ആണെങ്കിൽ നല്ലത് ആണ് എന്നത്. സർക്കാർ കടമെടുപ്പുകളുടെ പ്രത്യാഘാതങ്ങൾ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുമ്പോളും അത് ഭരണാധികാരികൾ മോശം ആയത് കൊണ്ട് ആണ് എന്നും പൊളിറ്റിക്കൽ ബയാസുകൾ ഒന്നും ഇല്ലാത്ത രാജ്യത്തിന്റെ നന്മ മാത്രം ലക്ഷ്യമായുള്ള ഭരണാധികാരികളും അഴിമതി ഇല്ലാത്ത മികച്ച യോഗ്യതകൾ ഉള്ള ഉദ്യോഗസ്ഥരും ഉണ്ടായാൽ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടമെടുപ്പ് കൊണ്ട് കൂടുതൽ വികസനം ഉണ്ടാക്കാൻ കഴിയും എന്നും ചിലർ കരുതുന്നു. എന്നാൽ എത്ര ഐഡിയൽ ആയ നേതാവ് ഭരണത്തിൽ വന്നാലും, എത്ര കാര്യക്ഷമത ഉള്ള ഉദ്യോഗസ്ഥർ പോളിസികൾ രൂപീകരിച്ചാലും ജനങ്ങൾ ഓരോ ആളുകളും അവർക്ക് വേണ്ടി ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന അത്രയും റിസൾട്ട് ഉണ്ടാക്കാൻ കഴിയില്ല എന്നത് ആണ് യാഥാർഥ്യം.
രാജ്യത്തിലെ ഓരോ ജനങ്ങളും വ്യസ്ത്യസ്ത താല്പര്യങ്ങളും മുന്ഗണനകളും അഭിരുചികളും ഉള്ള വ്യക്തികൾ ആണ്. എല്ലാവര്ക്കും പൊതുവായി ഒരു താല്പര്യം എന്നൊന്നില്ല. അത്കൊണ്ട് തന്നെ എല്ലാ ജനങ്ങളുടെയും താല്പര്യങ്ങൾ മനസ്സിലാക്കി ഒരു തീരുമാനം എടുക്കാൻ ആർക്കും കഴിയില്ല. അങ്ങിനെ തീരുമാനം എടുക്കാൻ കഴിയണം എങ്കിൽ ഓരോ വ്യക്തികളുടെയും വ്യത്യസ്ത സാഹചര്യങ്ങളും താല്പര്യങ്ങളും അറിയാനും ആളുകളുടെ മനസ്സ് വായിക്കാനും പ്രവചിക്കാനും കൂടെ കഴിയണം. ഇത് അസാധ്യം ആണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്കൊണ്ട് തന്നെ ജനങ്ങൾ എന്തെല്ലാം ആവശ്യങ്ങൾക്ക് ആണ് കൂടുതൽ പ്രിയോറിറ്റി കൊടുക്കുക എന്നും അവർക്ക് ഏറ്റവും മൂല്യം കല്പിക്കുന്ന ഇൻവെസ്റ്റ്മെൻറ്കൾ ഏത് ആയിരിക്കും എന്നും ഒരു നേതാവിനും കണക്കു കൂട്ടി കൊണ്ട് പണം ചിലവഴിക്കുക സാധ്യം അല്ല. ഇത് കൊണ്ട് തന്നെ തങ്ങളുടെ അധ്വാനിച്ച പണം എവിടെ ചെലവഴിക്കണം എന്ന തീരുമാനം എടുക്കാൻ ഉള്ള അധികാരം അതാത് വ്യക്തികളിൽ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന കാര്യക്ഷമത എത്ര മികച്ച നേതാവ് വന്നാലും സർക്കാരിന് ലഭിക്കില്ല. ഈ ഒരു കാരണം കൊണ്ടാണ് എല്ലാവിധ സെൻട്രൽ പ്ലാനിങ്ങുകളും പരാജയപ്പെട്ടു പോകുന്നത്. സർക്കാർ കടമെടുപ്പിനും സ്ഥിതി ഒട്ടും വ്യത്യസ്തം അല്ല.
ഇതോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട ഒന്നാണ് സർക്കാരിന്റെ താല്പര്യങ്ങളും ഇൻസെന്റീവുകളും. സർക്കാരിന്റെ പ്രധാന ഇൻസെന്റീവ് ജനങളുടെ നികുതി പണം കാര്യക്ഷമമായി വിനിയോഗിക്ച്ച് കൊണ്ട് ജനങ്ങൾക്ക് നന്മ ചെയ്യുക എന്നതു അല്ല, മറിച്ച് ജനങ്ങളുടെയും വിഭവങ്ങളുടെയും മുകളിൽ ഉള്ള അധികാരം നിലനിർത്തുക എന്നത് ആണ്. സർക്കാർ ചിലവഴിക്കുന്നത് അധികാരികളുടെ സ്വന്തം പണം അല്ല എന്ന് മാത്രം അല്ല ചിലവഴിക്കുന്നത് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു വേണ്ടിയും ആണ്. എത്ര നിക്ഷ്പക്ഷരായ ഭരണാധികാരികളും ഉദ്യോഗസ്ഥരും വന്നാലും അവർ അവരുടെ സ്വന്തം പണം സ്വന്തം ആവശ്യത്തിന് ചെലവഴിക്കുമ്പോൾ ഉള്ള കരുതലും കാര്യക്ഷമതയും ഒന്നും തന്നെ മറ്റുള്ളവരുടെ പണം ചെലവഴിക്കുമ്പോൾ ഉണ്ടാകില്ല. അങ്ങിനെ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതിനേക്കാൾ തങ്ങൾക്കു ലഭിക്കുന്ന ബഡ്ജറ്റ് വിഹിതം കൂട്ടി എടുക്കുക എന്ന താല്പര്യം ഉള്ള ആളുകൾ വിഭവങ്ങളെ കാര്യക്ഷമമായി വിനിയോഗിക്കുന്നത് പ്രതീക്ഷിക്കുന്നത് അര്ഥശൂന്യമാണെന്ന് മാത്രം അല്ല അവർ അവരുടെ മോശം പ്രകടനത്തിന് കാരണം ചെലവ് ചെയ്യാൻ കാര്യമായ പണം ലഭിക്കുന്നില്ല എന്ന് പഴി പറഞ്ഞു കൊണ്ടേ ഇരിക്കുകയും ചെയ്യും. കേന്ദ്ര-കേരള സർക്കാരുകളുടെ കടമെടുപ്പ് സംബന്ധിച്ച തർക്കങ്ങളും ന്യായീകരണങ്ങളും ഒക്കെ ശ്രദ്ധിച്ചാൽ ആർക്കും ഈ കാര്യം മനസ്സിലാകും.
ഇനി ഒന്നുകൂടെ യാഥാർത്യപരമായി ഈ ഇൻസെന്റീവുകളെ സമീപിച്ചാൽ ഇത്തരം കാര്യക്ഷമത ഇല്ലായ്മയ്ക്കു പുറമെ അഴിമതിയും ചുവപ്പു നാടയും സ്വജന പക്ഷപാതവുമെല്ലാം സർക്കാർ പണം ചെലവഴിക്കുന്നതിൽ പ്രകടമാകും എന്ന് കാണാം. നാടിന്റെ “വികസനത്തിന്” എന്ന പേര് പറഞ്ഞു യഥേഷ്ടം കടം എടുക്കാൻ ഉള്ള അധികാരം സർക്കാരിന് കൊടുത്ത ശേഷം മികച്ച വിഷൻ ഉള്ള യാതൊരു പൊളിറ്റിക്കൽ ബയാസുകളും ഇല്ലാത്ത ആളുകൾ അധികാരത്തിൽ വരും എന്നും അവർ അവർക്കു ലഭിച്ച അധികാരം സൂക്ഷിച്ചു വിനിയോഗിക്കും എന്നും പ്രതീക്ഷിക്കുന്നത് തികച്ചും അപ്രായോഗികമായ ഉട്ടോപിയൻ ചിന്താഗതി മാത്രമാണ്. അത്കൊണ്ട് തന്നെ സർക്കാർ കടമെടുത്ത് സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന തൊഴിലവസരങ്ങളും അഭിവൃദ്ധിയുമെല്ലാം സ്വകാര്യ മേഖലയിൽ നഷ്ടം ആകുന്ന തൊഴിലവസരങ്ങളേക്കാളും അഭിവൃദ്ധതിയെക്കാളും എല്ലായ്പ്പോലും കുറവായിരിക്കും എന്ന് മാത്രം അല്ല, കൂടുതൽ പ്രൊഡക്ടിവ് ആയും കാര്യക്ഷമം ആയും ജനങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭകർക്കും സ്ഥാപനങ്ങൾക്കും പകരം സർക്കാരിന് താല്പര്യം ഉള്ള വ്യക്തികളിലേക്കും മേഖലകളിലേക്കും ആവും വിഭവങ്ങൾ എത്തിച്ചേരുക. അത്കൊണ്ട് തന്നെ സമൂഹത്തിലെ പല ആളുകളെയും പല രീതിയിൽ ഈ ഇടപെടൽ ബാധിക്കുന്നു. എന്നാൽ വ്യക്തി അടിസ്ഥാനത്തിൽ ഈ കടമെടുപ്പ് ഓരോ പൗരന്മാരെയും എങ്ങിനെ ബാധിക്കുന്നു എന്ന് കാണാൻ ശ്രമിക്കാത്ത കെയ്ൻസിൻ സാമ്പത്തിക ശാസ്ത്രജ്ഞർ ഈ വസ്തുത മനഃപൂർവം കണ്ടില്ല എന്ന് നടിക്കുന്നു.
കടം എടുത്തത് തിരിച്ചടയ്ക്കാൻ പണക്കാരെയും കോര്പറേറ്റുകളെയും ടാക്സ് ചെയ്‌താൽ പോരെ?
കടമെടുപ്പ് സംബന്ധിച്ച മറ്റൊരു വാദം ഇങ്ങനെ ആണ്: കടം തിരിച്ചടയ്ക്കാൻ പണക്കാരെയും കോര്പറേറ്റുകളെയും ടാക്സ് ചെയ്‌താൽ മതി, അത് പാവങ്ങളെ ബാധിക്കില്ല. സർക്കാർ ചുമത്തുന്ന നികുതിയുടെ എല്ലാ ഭാരവും നികുതി കൊടുക്കുന്ന ആളുകൾ മാത്രം ആണ് വഹിക്കേണ്ടി വരുന്നത് എന്ന തികച്ചും തെറ്റായ വീക്ഷണം ആണ് ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനം. കോര്പറേറ്റ് കമ്പനികളുടെ നികുതി കൂട്ടി കടം വീട്ടാൻ ശ്രമിച്ചാൽ ആ നികുതി ഭാരം സ്വാഭാവികമായും സംരംഭകരുടെ ലാഭ സാധ്യത കുറയ്ക്കും. എന്നാൽ ഇതിനെ നേരിടാനും സംരംഭം ലാഭത്തിൽ തുടരാനും ആയി ഉത്പന്നങ്ങളുടെ വില കൂട്ടി ലാഭ വിഹിതം നില നിർദത്തൻ ശ്രമിക്കും. ഇങ്ങനെ വില കൂട്ടുമ്പോൾ അവർ കൊടുക്കുന്ന നികുതിയുടെ ഒരു ഭാഗം സ്വാഭാവികമായും ഉപഭോക്താക്കളിലേക്ക് വരും. ജനങ്ങൾക്ക് വിശ്വാസ്യത ഉള്ള ബ്രാൻഡുകളും അവശ്യ സാധന സേവനങ്ങൾ കൊടുക്കുന്നതും ആയ കമ്പനികൾക്കു നികുതി മൂലം വരുന്ന അധിക ബാധ്യതയുടെ വലിയ പങ്കും ഇങ്ങനെ വില കൂട്ടി കൊണ്ട് ഉപഭോക്താക്കളിലേക്ക് മാറ്റാൻ സാധിക്കും. അങ്ങിനെ മാറ്റാൻ സാധിക്കാത്ത കമ്പനികൾ ഈ നികുതി വര്ധനവിനോട് പ്രതികരിക്കുക ചെലവ് ചുരുക്കിയും തൊഴിലാളികളെ വെട്ടികുറച്ചും ഭാവിയിൽ കൂടുതൽ വിപുലീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ പ്ലാനുകൾ ഉപേക്ഷിച്ചും ഒക്കെ ആയിരിക്കും. ഒപ്പം തന്നെ ഉയർന്ന നികുതി പുതുതായി സംരംഭം തുടങ്ങാൻ തീരുമാനിക്കുന്ന പുതിയ സംരംഭകരേയും ബാധിക്കുന്നു, വിശേഷിച്ചും ചെറുകിട സംരംഭകരെ. ഇങ്ങനെ ഏതു രീതിയിൽ ഉള്ള പ്രതികരണങ്ങളിലും വലിയ കോർപ്പറേറ്റു സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഉണ്ടാകുന്ന നഷ്ടത്തിനെക്കാൾ വലിയ നഷ്ടം സാധാരണ ജനങ്ങൾക്ക് തന്നെ ആണ് സംഭവിക്കുന്നത്. ഇത് കൂടാതെ രാജ്യത്തെ നികുതി കൂടുതൽ ആകുമ്പോൾ കമ്പനികൾ നികുതി കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് മാറുവാനും ശ്രേമിക്കും. അതും ഇല്ലാതെ ആകുന്നത് നിരവധി തൊഴിൽ അവസരങ്ങൾ കൂടെ ആണ്.
മറ്റൊരു മാർഗം ചരക്കു സേവന നികുതി ആണ്. നിലവിൽ കേന്ദ്രമായാലും സംസ്ഥാനം ആയാലും സർക്കാരുകൾ എടുത്ത ഭീമമായ കടത്തിന്റെ തിരിച്ചടവിനും പലിശയ്ക്കും ആയി പ്രധാനമായും ആശ്രയിക്കുന്നത് പെട്രോൾ ഡീസൽ, മദ്യം, ലോട്ടറി തുടങ്ങിയവയ്ക്കു ചുമത്തുന്ന അമിത നികുതിയെ ആണ്. 100 ശതമാനത്തിനു മുകളിൽ ആണ് സർക്കാരുകൾ ഇതിന്മേൽ ചുമത്തുന്ന നികുതി. ഇത് സാധാരണക്കാരന്റെയും പാവപെട്ടവന്റെയും കീശയെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി സാധാരണക്കാരെ രക്ഷിക്കാൻ ആഡംബര വസ്തുക്കളുടെ മുകളിൽ നികുതി ചുമത്താം എന്ന് കരുതിയാലും കാര്യമില്ല. അവിടെയും കുറെ തൊഴിലവസരങ്ങൾ ഇല്ലാതെ ആകുക മാത്രമേ സംഭവിക്കുന്നുള്ളൂ. പ്രശസ്ത സാമ്പത്തിക ശാസ്തജ്ഞൻ ആയ ഫ്രഡറിക് ബാസ്റ്യാറ്റിന്റെ വാക്കുകൾ കടമെടുത്താൽ “Government is the great fiction through which everybody endeavors to live at the expense of everybody else.”
മാന്ദ്യം വരുന്നത് തടയാൻ കടം വാങ്ങി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ടത് (Stimulus) അത്യാവശ്യം ആണോ?
കടമെടുപ്പിനു എന്തെല്ലാം ദോഷങ്ങൾ ഉണ്ടെന്നു പറഞ്ഞാലും സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം ഉണ്ടാകുമ്പോൾ അത് പരിഹരിക്കണമെങ്കിൽ സർക്കാർ ഇടപെടൽ കൂടിയേ തീരൂ എന്നും അതിനായി സർക്കാരുകൾ കടമെടുപ്പ് നടത്തുന്നതും പണം പ്രിന്റു ചെയ്തു ചെലവഴിക്കുന്നതും അത്യാവശ്യം ആണെന്നും ഉള്ള വാദം ഒന്ന് പരിശോധിക്കാം.
സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ഒറ്റ വാചകത്തിൽ പറഞ്ഞു തീർക്കാൻ കഴിയില്ല എങ്കിലും എന്ത് കൊണ്ട് മാന്ദ്യം സംഭവിക്കുന്നു എന്നത് പറഞ്ഞു വെച്ചാൽ മാത്രമേ സർക്കാരിന്റെ സാമ്പത്തിക ഉത്തേജനം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ കഴിയുള്ളൂ എന്നത് കൊണ്ട് കുറഞ്ഞ വാക്കുകളിൽ ഒന്ന് പറയാൻ ശ്രമിക്കാം. മുൻപ് പറഞ്ഞ കടമെടുപ്പിനെ കുറിച്ചുള്ള ഉദാഹരണത്തിൽ D യ്ക്ക് കടമെടുക്കണമെങ്കിൽ C ഉപഭോഗം മാറ്റിവെച്ചുകൊണ്ട് സേവ് ചെയ്തിരിക്കണം എന്ന് നമ്മൾ പറഞ്ഞല്ലോ. അത്പോലെ സമ്പദ് വ്യവസ്ഥയിൽ പ്രൊഡക്ടിവ് ആയ ഇൻവെസ്റ്മെന്റുകൾ നടക്കാനും സമ്പദ് വ്യവസ്ഥ ചലിക്കാനും ഏതെങ്കിലുമൊക്കെ ആളുകൾ മാറ്റി വെച്ച സേവിങ്‌സുകൾ ഉപയോഗിച്ച് മാത്രമേ കഴിയുക ഉള്ളൂ. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ ഉള്ള സേവിങ്‌സുകൾ ജനങ്ങൾക്ക് യാതൊരു ഉപകാരവും ഉണ്ടാകാത്ത, തെറ്റായ സ്ഥലങ്ങളിലേക്കു ഇൻവെസ്റ്റ് ചെയ്യപ്പെടുകയും അത് വഴി സമ്പദ് വ്യവസ്ഥയിൽ ആളുകൾ മൂല്യം കല്പിക്കുന്ന സംരംഭങ്ങളിലേക്ക് ഈ സേവിങ്‌സുകൾ എത്താതെ പോകുകയും ചെയ്യുമ്പോൾ ആണ് സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത്. ഇതിൽ നിന്നും രക്ഷപ്പെടണം എങ്കിൽ തെറ്റായ ഇന്വേസ്റ്മെന്റുകൾ നടത്തിയ സ്ഥാപനങ്ങളിലേക്ക് പണം എത്തുന്നത് നിൽക്കുകയും കൂടുതൽ സേവിങ്സ് സൃഷ്ടിക്കപ്പെടുകയും ചെയ്യണം.
തെറ്റായ ഇന്വേസ്റ്മെന്റുകൾക്കു നഷ്ടം സംഭവിക്കുകയും അത്തരം സംരംഭങ്ങൾ പൂട്ടി പോകുകയും ചെയ്യുന്നത് സമ്പദ് വ്യവസ്ഥയിലെ ആളുകൾക്ക് എല്ലാം അത്തരം മേഖലകളിലേക്ക് പണം ഇൻവെസ്റ്റ് ചെയ്യുന്നത് നിർത്തണം എന്നും അവിടെ ലാഭം ഉണ്ടാക്കാൻ ഉള്ള അവസരം ഉണ്ടാകുന്നില്ല എന്നും ഉള്ള സിഗ്നൽ കൊടുക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരം സംരംഭങ്ങൾ നശിക്കുന്നതിനെ Creative Destruction എന്ന് വിളിക്കും. അതോടൊപ്പം തന്നെ ജനങ്ങൾക്ക് കൂടുതൽ ആവശ്യം ഉള്ള മേഖലകളിൽ കൂടുതൽ ലാഭം നേടാൻ ഉള്ള സാദ്ധ്യതകൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ അത് അത്തരം മേഖലകളിലേക്ക് ഇന്വേസ്റ്മെന്റുകളെ വഴി തിരിച്ചു വിടാൻ ഉള്ള സിഗ്നലും കൊടുക്കുന്നു. ഈ സിഗ്നലുകൾ തെറ്റായ സംരംഭങ്ങളിലേക്ക് സേവിങ്‌സുകൾ പോകുന്നത് കുറയ്ക്കുകയും ശെരിയായ മേഖലകളിലേക്ക് സേവിങ്‌സുകൾ എത്തിക്കുകയും അത് വഴി മാന്ദ്യത്തിൽ നിന്നുള്ള കരകയറ്റം നടക്കുകയും ചെയ്യും.
മുകളിൽ വിവരിച്ച കാര്യം സ്വാഭാവികമായി തന്നെ സമ്പദ് വ്യവസ്ഥയിൽ നടക്കും. എവിടെയും സർക്കാരിന്റെ ഇടപെടൽ ആവശ്യമില്ല. എന്നാൽ സർക്കാരിന്റെ ഓരോ ഇടപെടലുകളും ഈ സ്വാഭാവിക പ്രക്രിയയെ തകിടം മറിക്കുന്നു. സർക്കാർ പ്രൊഡക്ടിവ് ആയ യാതൊരു സേവനവും ചെയ്യുന്നില്ല എന്നത് കൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയെ സ്റ്റിമുലേറ്റ് ചെയ്യാൻ സർക്കാരിന് സമ്പത്ത് ഉണ്ടാക്കുന്ന ആളുകളുടെ അടുത്ത് നിന്നും പണം ബലമായി എടുത്ത് മാത്രമേ അത് ചെയ്യാൻ കഴിയുള്ളൂ. കൂടുതൽ ചിലവ് ചെയ്യും തോറും കൂടുതൽ വിഭവങ്ങൾ സമ്പത്ത് ഉണ്ടാക്കാൻ കഴിയുന്ന ആളുകളുടെ അടുത്ത് നിന്നും പിടിച്ചു വാങ്ങി കൊണ്ടേ ഇരിക്കും. ഇതോടൊപ്പം തന്നെ പണം അച്ചടിച്ചിറക്കുകയും ചെയ്യുന്നു.
ഈ പണം ഉപയ്യോഗിച്ച് സർക്കാരുകൾ ചെയ്യുന്നത് മാന്ദ്യം മൂലം പരാജയപ്പെടുന്ന സംരംഭങ്ങളെ പരാജയപ്പെടാൻ അനുവദിക്കാതെ രക്ഷിക്കുക എന്നത് ആണ്. “Bailout” എന്ന ചെല്ലപ്പേരിൽ വിളിക്കുന്ന ഈ പരിപാടി Creative Destruction നടക്കുവാൻ സമ്മതിക്കാതെ, നികുതി ദായകരുടെ ചിലവിൽ മോശം ഇന്വേസ്റ്മെന്റുകൾ നടത്തിയ ആളുകളെ അവരുറെ തെറ്റിന്റെ പരിണിതഫലം അനുഭവിക്കാൻ വിടാതെ രക്ഷിച്ചെടുക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയിൽ പരാജയപ്പെടേണ്ട ഇന്വെസ്റ്റ്മെന്റുകളേതെന്ന് തിരിച്ചറിയാൻ ഉള്ള അവസരം ഇല്ലാതെ ആക്കുക മാത്രമല്ല കൂടുതൽ റിസ്കുള്ള സംരംഭങ്ങൾ തുടങ്ങി പരാജയപ്പെട്ടു പോയാലും സർക്കാരുകൾ നികുതി പണം ഉപയോഗിച്ച് കൊണ്ട് തങ്ങളെ രക്ഷിച്ചെടുക്കും എന്ന വിശ്വാസം കൂടുതൽ ആളുകൾക്ക് കൊടുക്കുന്നു. ഇതിന്റെ ഫലമായി കൂടുതൽ മോശം ഇന്വേസ്റ്മെന്റുകൾ നടക്കുകയും നല്ല ഇന്വേസ്റ്മെന്റുകളിലേക്ക് പോകേണ്ട പണം കുറയ്ക്കുകയും ചെയ്യുന്നു. അത്കൊണ്ട് തന്നെ മാന്ദ്യം ഇല്ലാതെ ആക്കാൻ എന്ന പേരിൽ സര്ക്കാര് നടത്തുന്ന ഈ ഇടപെടൽ മാന്ദ്യം ഇല്ലാതെ ആകുന്നില്ല എന്ന് മാത്രം അല്ല കടം കുമിഞ്ഞു കൂട്ടി ഭാവിയിൽ കൂടുതൽ വലിയ മാന്ദ്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാകുന്നതിനും ഇടവരുത്തുക ആണ് ചെയ്യുന്നത്.
മുകളിൽ പറഞ്ഞ ഓരോ കാരണങ്ങൾ കൊണ്ടും സർക്കാരുകൾ എടുക്കുന്ന കടം അധാര്മികമാണെന്നു മാത്രമല്ല അശാസ്ത്രീയവും കൂടി ആണ്. സ്വന്തം തീരുമാനങ്ങളുടെ പരിണിതഫലം അനുഭവിക്കേണ്ടാത്ത ആളുകൾക്ക് കൂടുതൽ കടമെടുക്കാൻ ഉള്ള അധികാരം കൊടുക്കുന്നത് മൂലം കൂടുതൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ജനങ്ങൾ നേരിടേണ്ടി വരുന്നു. ഏറ്റവും സങ്കടകരമായ വസ്തുത എന്തെന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്വന്തം കഴിവിൽ വളർന്നു വരാൻ ആഗ്രഹിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരെ ആണ്. അത്കൊണ്ട് തന്നെ സംസ്ഥാനങ്ങൾ തമ്മിലുള്ള കടങ്ങളുടെയോ സംസ്ഥാനങ്ങളും രാജ്യവും എടുത്ത കടങ്ങളുടെയോ രാജ്യങ്ങൾ തമ്മിലുള്ള കടങ്ങളുടെയോ താരതമ്യങ്ങൾ നടത്തി തങ്ങളുടെ ഇഷ്ടപ്പെട്ട സർക്കാരിന്റെ കടം പ്രശ്നമില്ല എന്ന നിഗമനങ്ങളിൽ എത്തുന്നത് വെറും അർത്ഥ ശൂന്യമായ താരതമ്യങ്ങൾ മാത്രമാണ്.