“സകലരും വന്യമൃഗങ്ങളെപ്പോലെ പരസ്പരം ആക്രമിച്ചിരുന്ന ആ അവസ്ഥയില്‍ മനുഷ്യന്റെ സ്വത്തിനൂം ജീവനും യാതൊരു സുരക്ഷയും ഇല്ലായിരുന്നു. ഓരോ വ്യക്തിയും ഭീതിയില്‍ കഴിഞ്ഞിരുന്നു.ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് മനുഷ്യര്‍ പരസ്പരം സഹകരിച്ച് സമൂഹങ്ങളായി സ്വയം സംഘടിച്ചത്”- സാഹിര്‍ ഷാ എഴുതുന്നു.
വേട്ടസംഘത്തിനിന്ന് സാമൂഹിക ജീവിയിലേക്ക്
എന്താണ് സാമൂഹിക കരാര്‍ അഥവാ സോഷ്യല്‍ കോണ്ട്രാക്ട് ? അത് ഭരണകൂടവും വ്യക്തിയും തമ്മിലുള്ള ഒരു അലിഖിത കരാര്‍ ആണ്. സുരക്ഷിതം ആയ ജീവിതം കൈവരിക്കാന്‍ വേണ്ടി വ്യക്തികള്‍ സാമൂഹികമായി സംഘടിച്ച് ഒരു നിയമ സംഹിതയ്ക്ക് കീഴില്‍ ജീവിക്കാന്‍ ഉണ്ടാക്കുന്ന പരസ്പര ധാരണയാണിത്. പ്രാചീനമനുഷ്യര്‍ ഒറ്റപ്പെട്ട വേട്ടക്കാരുടെ സംഘങ്ങളില്‍ നിന്ന് സാമൂഹികജീവി ആയി പരിണമിച്ചത് ഈ ധാരണമൂലമാണ്.
ഫിലോസഫിയുടെ ആരംഭകാലത്ത് ചിന്തകരുടെ ശ്രദ്ധ ആകര്‍ഷിച്ച ഒരു വിഷയമാണ് സാമൂഹിക കരാര്‍. ആദ്യകാലങ്ങളില്‍ സോക്രട്ടീസ് (470- 399 ബി സി), പ്ലേറ്റോ (428- 348 ബി സി), എപ്പിക്കൂറിയസ് (341- 270 ബി സി) മുതലായ ചിന്തകരാണ് സാമൂഹിക കരാര്‍ തത്വത്തിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയത്.
സോക്രട്ടീസിന് ഏഥന്‍സിന്റ ശിക്ഷ
സോക്രട്ടീസിനെ 399 ബി സി യില്‍ ഏഥന്‍സിലെ കോടതി മതനിരാസം, യുവജനതയെ വഴിതെറ്റിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി വിചാരണയ്ക്ക് വിധേയനാക്കി. ഏഥന്‍സ് ഒരു ജനാധിപത്യ നഗര രാഷ്ട്രം (city state) ആയിരുന്നു എങ്കിലും ആ രാഷ്ട്രത്തിന് ഒരു ഔദ്യോഗിക മതം ഉണ്ടായിരുന്നു. ആ മതത്തിന്റെ ദൈവങ്ങളെ നിന്ദിക്കുന്നത് അസെബിയ (asebia) എന്ന വകുപ്പില്‍ പെടുന്ന കുറ്റകൃത്യമായിരുന്നു.
സ്വമേധയാ രാജ്യം വിടുക, സ്വത്ത് ജപ്തി ചെയ്യുക, വോട്ടവകാശം ഇല്ലാതാവുക, വധശിക്ഷ എന്നിങ്ങനെ പല രീതിയിലുമുള്ള ശിക്ഷകളാണ് ഈ വകുപ്പില്‍ പെട്ട കുറ്റ കൃത്യങ്ങള്‍ക്ക് കോടതി വിധിച്ചിരുന്നത്. വധശിക്ഷ അപൂര്‍വ്വം ചില കേസുകളില്‍ മാത്രമാണ് നല്‍കിയിരുന്നത്.
അക്കാലത്തെ കോടതി വിചാരണ ജൂറി സിസ്റ്റം അനുസരിച്ചായിരുന്നു. ഇക്കാലത്തെ പോലെ പത്തോ പതിനഞ്ചോ പേരുള്ള ജൂറി അല്ല എന്ന് മാത്രം. ജൂറിയില്‍ 501 പുരുഷ പൗരന്മാരാണ് ഉണ്ടാവുക. സോക്രട്ടീസ് കുറ്റക്കാരനാണെന്ന് 280 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജൂറി വിധിച്ചു. എന്ത് ശിക്ഷയാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് പ്രതീക്ഷിച്ചത് പോലെ വളരെ നിഷേധാത്മകമായ ഒരു നിലപാടാണ് സോക്രട്ടീസ് എടുത്തത്. ജീവിതകാലം മുഴുവന്‍ ഫ്രീ ഫുഡ് തരണം അല്ലെങ്കില്‍ നൂറ് ഡ്രാക്മ (തുച്ഛമായ ഒരു തുക) ഫൈന്‍ അടക്കാം എന്നാണ് സോക്രട്ടീസ് പറഞ്ഞത്.
കോടതിയുമായി കൊമ്പ് കോര്‍ക്കുന്ന നിലപാട് എടുത്തതിനാല്‍ സോക്രട്ടീസിനെ എഴുപത്തൊന്നാം വയസ്സില്‍ ഏഥന്‍സിലെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. രാജ്യത്തിലെ ബഹുമാന്യനായ ഒരു ചിന്തകന്‍ ആയത് കൊണ്ട് സോക്രട്ടീസ് സ്വമേധയാ ജയില്‍ ചാടി രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെ എന്ന് കരുതി വളരെ അയഞ്ഞ സുരക്ഷയോടെ ആയിരുന്നു അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ക്രിറ്റോ എന്ന ധനികനായ സുഹൃത്ത് സോക്രട്ടീസിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവര്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങളാണ് പ്ലേറ്റോയുടെ ക്രിറ്റോ എന്ന കൃതിയുടെ ആഖ്യാനം. രക്ഷപ്പെടാനുള്ള സകല സംവിധാനങ്ങളും താന്‍ ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്ത് പോയി ജീവിച്ചൂടെ എന്ന് ക്രിറ്റോ ചോദിക്കുന്നു.
അന്നേരം സോക്രട്ടീസ് പറഞ്ഞത് എഴുപത് വയസ്സ് പ്രായമായ ഞാന്‍ ഇത്രയും കാലം ഈ രാജ്യത്തിനെയും അതിന്റെ നിയമങ്ങളെയും അംഗീകരിച്ചാണ് ഇവിടെ ജീവിച്ചത്. എനിക്ക് വേണമെങ്കില്‍ ഇവിടം വിട്ട് Crete, Lacedaemon മുതലായ രാജ്യങ്ങളിലോട്ട് പോകാമായിരുന്നു. ഏഥന്‍സിനെ മനസ്സില്‍ പരിപൂര്‍ണ്ണമായി അംഗീകരിച്ചാണ് ഞാന്‍ ഇത്രയും കാലം ഇവിടെ ജീവിച്ചത്. അതിന് ശേഷം ഏഥന്‍സ് രാജ്യം എനിക്ക് വിധിച്ച ശിക്ഷയില്‍ നിന്ന് ഒളിച്ചോടിയാല്‍ ഞാന്‍ സ്വയം പരിഹാസ്യനാവില്ലേ.
quote from Crito (English translation by Benjamin Jowett) SOCRATES: Then will they not say: ‘You, Socrates, are breaking the covenants and agreements which you made with us at your leisure, not in any haste or under any compulsion or deception, but after you have had seventy years to think of them, during which time you were at liberty to leave the city, if we were not to your mind, or if our covenants appeared to you to be unfair. You had your choice, and might have gone either to Lacedaemon or Crete, both which states are often praised by you for their good government, or to some other Hellenic or foreign state. Whereas you, above all other Athenians, seemed to be so fond of the state, or, in other words, of us, her laws (and who would care about a state which has no laws?), that you never stirred out of her; the halt, the blind, the maimed were not more stationary in her than you were. And now you run away and forsake your agreements. Not so, Socrates, if you will take our advice; do not make yourself ridiculous by escaping out of the city.
എഥന്‍സ് നഗരത്തിന്റെ നിയമങ്ങള്‍ അനുസരിച്ചാണ് സോക്രട്ടീസിന്റെ പിതാവ് സോക്രട്ടീന്റെ മാതാവിനെ കല്യാണം കഴിച്ചതും അങ്ങനെ സോക്രട്ടീസ് ജനിച്ചതും. ശിശു ആയ സോക്രട്ടീസിനെ പരിപാലിക്കാന്‍ തന്റെ പിതാവിനെ ബാധ്യസ്ഥനാക്കിയത് ഈ രാജ്യത്തിന്റെ നിയമങ്ങളാണ്. അങ്ങനെ തന്റെ അസ്ഥിത്വത്തിന്റെ തന്നെ അടിസ്ഥാനമായ എഥന്‍സ് നഗരത്തിനെ ഈ വധശിക്ഷയുടെ പേരില്‍ ധിക്കരിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു സോക്രട്ടീസിന്റെ നിലപാട്.
നവോത്ഥാനകാലം
യൂറോപ്യന്‍ നവോത്ഥാനകാലത്ത് തോമസ് ഹോബ്‌സ് (1588 – 1679) എന്ന ഇംഗ്ലീഷ് തത്വചിന്തകനാണ് സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയത്. തോമസ് ഹോബ്‌സിന്റെ ജീവിതകാലത്താണ് ഇംഗ്ലണ്ടില്‍ രാജഭരണം അട്ടിമറിച്ച് ജനാധിപത്യം സ്ഥാപിക്കാനുള്ള ആഭ്യന്തര യുദ്ധം (1642 – 1651) പൊട്ടിപ്പുറപ്പെട്ടത്. ഈ യുദ്ധത്തില്‍ രാജഭരണത്തെ പിന്തുണയ്ക്കുന്ന റോയലിസ്റ്റുകളുടെ വാദം രാജാവിന്റെ അധികാരം ദൈവദത്തം ആണെന്നും രാജാവിനെ അനുസരിക്കേണ്ട കടമ ദൈവത്തിനെ അനുസരിക്കുന്നതിന് തുല്യമാണെന്നും വാദിച്ചു (ഇസ്ലാമികരാജ്യങ്ങളിലെ രാജഭരണവും ഇതേ ആശയത്തില്‍ അധിഷ്ടിതമാണ്).
ഈ ദൈവിക അധികാരത്തിന്റെ ആശയത്തിനെ ന്യായീകരിക്കാന്‍ എഴുതപ്പെട്ട കൃതിയാണ് റോബര്‍ട്ട് ഫില്‍മര്‍ എന്ന തത്വചിന്തകന്റെ Patriarcha, or The Natural Power of Kings എന്ന പുസ്തകം. മറുഭാഗത്ത് ഒളിവര്‍ ക്രോംവെല്ലിന്റെ കീഴിലുള്ള ജനാധിപത്യവാദികള്‍ പാര്‍ലമെന്റിന്റെ സര്‍വ്വാധികാരത്തിന് വേണ്ടി നില കൊണ്ടു. തോമസ് ഹോബ്‌സിന്റെ നിലപാട് ഇവ രണ്ടിനും ഇടയില്‍ ആയിരുന്നു.
രാജാവിന്റെ ദൈവിക അധികാരം എന്ന തത്വത്തിനെ ഹോബ്‌സ് പൂര്‍ണ്ണമായും തിരസ്‌കരിച്ചു. പക്ഷേ മനുഷ്യസമൂഹം നിലനില്‍ക്കണം എങ്കില്‍ രാജ്യത്ത് ഒരു പരമാധികാരം ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് ഹോബ്‌സ് വാദിച്ചു. സമൂഹം എന്ന സങ്കല്പം ഉണ്ടാവുന്നതിന് മുമ്പുള്ള അവസ്ഥയെ ഹോബ്‌സ് ‘state of nature’ എന്ന് വിളിച്ചു (Leviathan or The Matter, Forme and Power of a Commonwealth Ecclesiasticall and Civil 1651).
സകലരും വന്യമൃഗങ്ങളെപ്പോലെ പരസ്പരം ആക്രമിച്ചിരുന്ന ആ അവസ്ഥയില്‍ മനുഷ്യന്റെ സ്വത്തിനൂം ജീവനും യാതൊരു സുരക്ഷയും ഇല്ലായിരുന്നു. ഓരോ വ്യക്തിയും ഭീതിയില്‍ കഴിഞ്ഞിരുന്നു.ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് മനുഷ്യര്‍ പരസ്പരം സഹകരിച്ച് സമൂഹങ്ങളായി സ്വയം സംഘടിച്ചത്. ഈ പ്രാചീന സമൂഹങ്ങളില്‍ ഗോത്ര തലവന്‍ അല്ലെങ്കില്‍ രാജാവ് എന്ന ഒരു സര്‍വ്വാധികാരി ഉണ്ടായി. ഈ സര്‍വ്വാധികാരികളുടെ ഭരണം പലപ്പോഴും നീതിപൂര്‍വ്വമല്ലായിരുന്നെങ്കിലും ഈ നിയമവ്യവസ്ഥ നല്‍കുന്ന സുരക്ഷ ശാന്തവും സുരക്ഷിതവുമായ ജീവിതം സാധ്യമാക്കി എന്ന് ഹോബ്‌സ് വാദിച്ചു.
ഈ പരമാധികാരത്തിന് കീഴ്‌പെട്ടു ജീവിക്കാന്‍ ജനങ്ങള്‍ പ്രകടമായോ (explicit consent) പരോക്ഷമായോ (tacit consent) ഉള്ള സമ്മതം നല്‍കിയിട്ടുണ്ട് എന്ന ആശയം സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയുടെ ഒരു അടിസ്ഥാന ഘടകമാണ്. ജനങ്ങള്‍ തങ്ങളുടെ ചില സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സര്‍ക്കാറിന് മുന്നില്‍ അടിയറ വയ്ക്കുന്നു അതിന് പകരം സര്‍ക്കാര്‍ അവരുടെ അവശേഷിക്കുന്ന അവകാശങ്ങളെ സംരക്ഷിക്കുന്നു. ഇതാണ് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ധാരണ.
ഏതാണ്ട് അതേ കാലഘട്ടത്തില്‍ John Locke (1632- 1704), Jean-Jacques Rousseau (1712 -1778), Immanuel Kant (1724- 1804) സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി. തോമസ് ഹോബ്‌സിന്റെ സ്റ്റേറ്റ് ഒഫ് നേച്ചര്‍ എന്ന തത്വത്തിനോട് ജോണ്‍ ലോക്ക് യോജിച്ചു എങ്കിലും അദ്ദേഹം സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയെ അല്‍പ്പം വ്യത്യസ്ഥമായിട്ടാണ് വ്യാഖ്യാനിച്ചത്.
ലോക്കിന്റെ വ്യാഖ്യാനം അനുസരിച്ച് പൗരന്മാരുടെ അനുമതി (consent) ഏറ്റവും പ്രധാനമാണ അതാണ് ഭരണകൂടത്തിന്റെ സാധുതയെ (legitimacy) നിര്‍ണ്ണയിക്കുന്നത് എന്നതാണ് ലോക്കിന്റെ സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയുടെ അടിസ്ഥാന സന്ദേശം. ഭരണകൂടം ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഭരണകൂടത്തിനെതിരെ ആയുധമെടുക്കാന്‍ പൗരന്മാര്‍ക്ക് അവകാശം ഉണ്ട് എന്ന ലോക്കിന്റെ ആശയങ്ങളാണ് അമേരിക്കയില്‍ ജെഫ് ഫര്‍സണിസത്തിനെ (Thomas Jefferson third president of the United States 1743- 1846) സ്വാധീനിച്ചത്.
ഇതേ ആശയങ്ങളാണ് അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാമത്തെ ഭേദഗതിയുടെ (second amendment) രൂപീകരണത്തെ സ്വാധീനിച്ചത്. ”A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed.’ എന്നാണ് അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതിയില്‍ പറയുന്നത്. ആയുധം കൈവശം വയ്ക്കാനുള്ള അവകാശം ഭരണഘടനയില്‍ ഉള്ളത് കൊണ്ടാണ് എത്ര വെടിവെപ്പ് നടന്നാലും ആയുധങ്ങളുടെ വില്പന തടയാന്‍ പറ്റാതായത്.
സമകാലിക പ്രസക്തി
പതിനേഴാം നൂറ്റാണ്ടിലെ വിശകലനങ്ങള്‍ പര്യാപ്തമാണ് ഇനി ഇതില്‍ വികസനം ഒന്നും ആവശ്യമില്ല എന്ന് പൊളിറ്റിക്കല്‍ ഫിലോസഫര്‍മാര്‍ക്ക് തോന്നിയത് കൊണ്ടാകാം Hobbes, Locke, Rousseau, Kant എന്നിവരുടെ കാലഘട്ടത്തിന് ശേഷം വളരെക്കാലം സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയില്‍ പുതിയ തത്വങ്ങള്‍ ഒന്നും ഉണ്ടായില്ല. John Rawls എന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫിലോസഫര്‍ 1971 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച A Theory of Justice എന്ന കൃതിയാണ് വീണ്ടും സോഷ്യല്‍ കോണ്ട്രാക്റ്റ് തിയറിയെ center stage കൊണ്ട് വന്നത്.
ഈ ഗ്രന്ഥത്തില്‍ Rawls ഭരണകൂടങ്ങള്‍ എങ്ങനെ ആയിരിക്കണം എന്താണ് ഉത്തമ സമൂഹം എന്നീ വിഷയങ്ങളെ സോഷ്യല്‍ കോണ്ട്രാക്റ്റിന്റെ വെളിച്ചത്തില്‍ പരിശോധിക്കുന്നു. ഒരു നിഷ്പക്ഷമായ നിലപാടില്‍ നിന്ന് ആശയങ്ങളെ വിശകലനം ചെയ്ത് ധാര്‍മ്മികവും രാഷ്ട്രീയവുമായ ഒരു നിലപാട് രൂപീകരിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട് എന്നതാണ് Rawls മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന ആശയം.
ഇതില്‍ അദ്ദേഹം Original Position (also known as veil of ignorance) എന്ന thought experiment അവതരിപ്പിക്കുന്നു. ഒരു മനുഷ്യന്‍ തന്റെ സ്വന്തം സ്വത്വത്തിനെക്കുറിച്ചുള്ള പരിപൂര്‍ണ്ണമായ അജ്ഞത ഉള്ള അവ്സ്ഥയില്‍ ആണെന്ന് സങ്കല്പിക്കുക. അതായത് തന്റെ ദേശം, സാമ്പത്തിക സ്ഥിതി, രാഷ്ട്രീയം, വംശം, ഭാഷ, ജെന്‍ഡര്‍, പ്രായം, മതം, ഒന്നും അറിയാത്ത അവസ്ഥയില്‍ ഒരു ഉത്തമ സമൂഹത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നതാണ് ഈ thought experiment. ഈ original position ആണ് ഹോബ്ബ്‌സ് നിര്‍വ്വചിച്ച state of nature. ആ ഒരു അവസ്ഥയില്‍ മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന അടിസ്ഥാന നിയമങ്ങള്‍ സകലര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന ഒന്നായിരിക്കും എന്നതാണ് Rawls മുന്നോട്ട് വയ്ക്കുന്ന തത്വം.
ഫെമിനിസ്റ്റ് നിലപാട്
സോഷ്യല്‍ കോണ്ട്രാക്റ്റ് സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന ഒരു സാര്‍വ്വജനിക കരാര്‍ ആണെന്ന ആശയം ഫെമിനിസ്റ്റുകള്‍ തിരസ്‌കരിക്കുന്നു. സോഷ്യല്‍ കോണ്ട്രാക്റ്റ് ഉണ്ടാവുന്നതിനും മുന്‍പേ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ഉള്ള ഒരു original pact പുരുഷന്മാര്‍ ഉണ്ടാക്കിയിരുന്നു എന്നതാണ് ഫെമിനിസ്റ്റ് വീക്ഷണം (The Sexual Pact – Carole Pateman 1988). രാജാവിനെ അധികാരത്തില്‍ നിന്ന് ഇറക്കി ജനാധിപത്യം സ്ഥാപിച്ച പ്രക്രിയയെ അച്ഛനെ സ്ഥാനഭ്രഷ്ടനാക്കി സഹോദരന്മാരുടെ ഭരണം സ്ഥാപിക്കല്‍ ആയിട്ടാണ് Carole Pateman ഉപമിച്ചത്. പാട്രിയാര്‍ക്കല്‍ നിയന്ത്രണം ഇല്ലാതാകുമ്പോള്‍ മാത്രമേ സോഷ്യല്‍ കോണ്ട്രാക്റ്റ് സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന ഒരു സാര്‍വ്വജനിക കരാര്‍ ആവുകയുള്ളു.