അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു


“ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ നിലപാടാണ്.”

ബാബറിപ്പള്ളി തകർക്കപ്പെടുന്ന വാർത്തകളുടെ വീഡിയോ ഫൂറ്റേജ് കാണുമ്പോൾ യൂപീയിലടക്കമുള്ള മുന്നോക്കജാതി ഹിന്ദുക്കൾ പോലും അതിൽ ഞെട്ടൽ രേഖപ്പെടുത്തുന്നതായി കാണാം. എന്തിന് രഥയാത്ര നടത്തിയ സാക്ഷാൽ അദ്വാനിയും അന്ന് പ്രമുഖ പ്രതിപക്ഷനേതാവായിരുന്ന വാജ്പേയിയുമടക്കം ആ ‘തർക്കമന്ദിരം’ തകർന്നു വീണതിൽ വ്യസനിച്ചു. എന്നാൽ ഇന്ന് സുപ്രീം കോടതിയുടെ അനുവാദത്തോടെ, ഒരു ഒത്തുതീർപ്പിൻ്റെ രൂപത്തിൽ, ആ ടൈറ്റിൽ ഡിസ്പ്യൂട് തീർക്കപ്പടുകയും അവിടെ ഒരു രാമക്ഷേത്രം ഉയരുകയും പകരം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മുസ്ലിങ്ങൾ ഒരു നൂറ്റാണ്ടോളം ആരാധിച്ചിരുന്ന ഒരു പള്ളി പൊളിച്ച് അമ്പലം കെട്ടുന്നതിൽ ഈശ്വരവിശ്വാസമില്ലാത്ത ഹിന്ദുത്വവാദികളടക്കം അത്യാഹ്ളാദം രേഖപ്പെടുത്തുകയും ചെയ്യുകയാണ്. പള്ളിയെക്കുറിച്ച് ഒരു വാക്കു പോലും ഉരിയാടാതെ പ്രമുഖർ പ്രസ്തുത അമ്പലവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സന്തോഷിക്കുന്നു. വാസ്തവത്തിൽ ഇത് പുരോഗമനത്തിൽ പൊതിഞ്ഞ് ജമായതെ ഇസ്ലാമി അവരുടെ ഇസ്ലാമിയ തഖിയ്യ പ്രബോധനം മീഡിയ വൺ മാതിരിയുള്ള ദഅവാ മാധ്യമങ്ങൾ വഴി ഒളിച്ചുകടത്തുന്നതു പോലെ അപകടകരമായ മതരാഷ്ട്രവാദത്തെ സാംസ്‌കാരിക ദേശീയത എന്ന തേനിൽ ചലിച്ചു സേവിക്കുന്ന റിവാഞ്ചിസമാണ്.

സുപ്രീം കോടതി പരിഗണിയ്ക്കുന്ന ഒരു തർക്കമന്ദിരത്തെ തകർക്കുന്നവർ, അവർ ജിഹാദികളോ കർസേവകരോ ആരായാലും, രാജ്യത്തെ നിയമവ്യവസ്ഥയെ നോക്കുകുത്തികളാക്കുന്നവരാണ്. അത്തരം പ്രവർത്തനങ്ങളെയാണ് കൃത്യമായും മതതീവ്രവാദം എന്ന് വിശേഷിപ്പിക്കാവുന്നത്. മറ്റൊരു മതേതര രാഷ്ട്രത്തിൽ ഇത് പോലെ മറ്റൊരു മതവിഭാഗം റിവാഞ്ചിസ്റ്റ് വാദങ്ങളുന്നയിച്ച് തങ്ങളുടെ ആരാധനാലയത്തെ പൊളിച്ചു നീക്കിയാൽ ഇപ്പോൾ ഈ തീവ്രവാദത്തെ ന്യായീകരിക്കുന്നവരും അത് തെറ്റാണെന്ന് പറയും. ഇവിടെയാണ് ഇസ്ലാമിസ്റ്റുകൾ തങ്ങൾക്ക് അനുകൂലമായ സ്ഥലങ്ങളിൽ ശരീയത്തും പ്രതികൂലമായ ഇടങ്ങളിൽ പുരോഗമന തഖ്‌ഖിയ്യയും പയറ്റുന്നത് പോലെ ഹിന്ദുത്വയുടെ ആശയപരമായ പൊള്ളത്തരവും ഹിന്ദുത്വയെന്നാൽ മതരാഷ്ട്രവാദമല്ലെന്ന ഇരട്ടത്താപ്പും വെളിവാകുന്നത്. പകൽവെളിച്ചത്തിൽ അമ്പലം പൊളിച്ച ഇത്തരം മതതീവ്രവാദികളെയാണ് ഇന്നത്തെ അമ്പലക്കമ്മിറ്റിയും ഉത്തർപ്രദേശ് സർക്കാരും ആദരിക്കുന്നതെന്നത്, ബിൽക്കിസ് ബാനു വിഷയത്തിലെന്ന പോലെ ഹിന്ദുത്വയുടെയും തഖ്‌ഖിയ്യയുടെ മറ നീക്കുന്നു.

റിവാഞ്ചിസം എന്നാൽ ഏതെങ്കിലും കാരണങ്ങളാൽ ഭൂതകാലത്തിൽ നഷ്ടപ്പെട്ടുപോയ സ്ഥലങ്ങളും മറ്റും തിരിച്ചു പിടിക്കാനുള്ള, ഇഷ്ടമുള്ളിടത്തോളം വരെ മാത്രം ചരിത്രം കുഴിക്കുന്ന, ഒരു സമൂഹമെന്ന നിലയിൽ പിന്നോട്ടു പായുന്ന രാഷ്ട്രീയവാദമാണ്. റിവാഞ്ചിസം ഹമാസികൾ അവരുടെ ഇസ്രായേലിലെ ഒരു പള്ളി തിരിച്ചു പിടിക്കാനായി നടത്തിയാലും, പണ്ട് മുസ്ലിങ്ങൾ പിടിച്ചടക്കിയ സ്ഥലങ്ങൾ തിരിച്ചു പിടിക്കാനായി ഇന്ന് കുരിശയുദ്ധക്കാർ പടവെട്ടിയാലും, കഅബ വീണ്ടും കൈപ്പിടിയിലൊതുക്കാൻ ഇന്ന് കുറച്ച് ഖുരൈഷികൾ എന്ന് അവകാശപ്പെട്ട് ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും അവരുടെ ബാപ്പയായ അള്ളാഹുവിൻ്റെയും ആരാധകരായ അറബികൾ രംഗത്തിറങ്ങിയാലും റിഗ്രസീവാണ്.

അനേകമനേകം അമ്പലങ്ങളും പള്ളികളും നിലവിൽത്തന്നെയുള്ള ഉത്തർപ്രദേശ് പോലെ പല വികസന സൂചികകളിലും പിന്നോക്കം നിൽക്കുന്ന ഒരു സംസ്ഥാനത്ത് അമ്പലം, പള്ളി എന്നിവയുടെ പേരിൽ തർക്കിക്കുന്നതും അതിൽ ആരെങ്കിലും തോൽക്കുന്നതും വിജയിക്കുന്നതും ആത്യന്തികമായി ഒരു സമൂഹം എന്ന രീതിയിൽ രാജ്യത്തിൻ്റെ തിരിഞ്ഞുനടത്തമാണ്. ഇന്നത്തെ മുസ്ലിം സമൂഹം ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിനെക്കുറിച്ച് വർഗീയ/സാമുദായിക/ഗോത്രീയ/സാഹോദര്യ ബോധം കൊണ്ട് ഓർക്കുന്നതിനെ ഒരു തരത്തിലും ഏതോ നൂറ്റാണ്ടുകൾക്കപ്പുറത്ത് ഏതോ അനിസ്ലാമിക ആരാധനവസ്തുക്കൾ തകർക്കപ്പെട്ടവരുടെ വ്യഥകളുമായി തട്ടിച്ചു നോക്കുന്നത് ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഭൂതകാലത്തിൻ്റെ തെറ്റുകുറ്റങ്ങൾ ഇന്ന് ഇങ്ങനെ തിരുത്താൻ നടക്കുന്നത്, ഒരു നൂറ്റാണ്ടു കഴിഞ്ഞ് ഇന്നത്തെ യാഥാർത്ഥ്യമായ രാമൻ്റെ അമ്പലത്തെ മറ്റൊരു കൂട്ടർ ‘പണ്ട് അത് ഒരു പള്ളിയായിരുന്നു’ എന്ന് ന്യായം പറഞ്ഞ് തകർക്കുന്നതിനു തുല്യമാണ്. ഒരു കൂട്ടം ആളുകൾ ഇന്നത്തെ ഇസ്രായേൽ എന്ന യാഥാർത്ഥ്യത്തെ കുറെ പഴയ ഭൂപടങ്ങൾ നിരത്തി പണ്ടു കാലത്തേതു പോലെയാക്കണമെന്ന് വാദിക്കുന്നത് പോലെയാണിതും. നമ്മുടെ പിതാമഹന്മാരുടെ കളിത്തൊട്ടിലായ സാവന്നയുടെ മടിത്തട്ടിലേക്ക് പോവുന്നതിലേ മനുഷ്യകുലം എന്ന രീതിയിൽ ഈ ചരിത്രം കുഴിച്ചുകൊണ്ടുള്ള തിരിഞ്ഞു നടത്തം അവസാനിക്കുകയുള്ളൂ.

ബാബർ ക്ഷേത്രം തകർത്തതിന് തെളിവില്ലെന്നും, മുസ്ലിങ്ങൾ ഒരു നൂറ്റാണ്ടായി ആരാധന നടത്തിയ സ്ഥലമാണെന്നും, വിഗ്രഹങ്ങൾ ഒളിപ്പിച്ചു കടത്തിയതാണെന്നും പറഞ്ഞ ഇതേ സുപ്രീം കോടതി യാതൊരു സംശയത്തിനും വക തരാത്ത മട്ടിലുള്ള ഹിംസയെന്നാണ് ബാബരിപ്പള്ളിയുടെ തകർക്കലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. പകരമായി മുസ്ലിങ്ങൾക്ക് കുറച്ച് ഭൂമിയും നൽകി. ഇത് എന്തുതരം ടൈറ്റിൽ ഡിസ്പ്യൂട്ട് തീർപ്പാണ്? എതിരാളിക്ക് സ്ഥലം അനുവദിച്ചു നൽകുന്ന ഒരു ഒത്തുതീർപ്പ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ തന്നെ വിചിത്രമായിരിക്കണം. ഇത് നടക്കേണ്ടിയിരുന്നത് കോടതിയ്ക്ക് പുറത്താണ്. Any effort towards religious harmony is commendable, but ideally, such matters should be resolved outside the courtroom to avoid casting a shadow on the constitution and the principles of jurisprudence.

മറ്റ് ചില പുരാവസ്തു ഗവേഷകർ പറയുന്നത് കാശിയും മഥുരയും കൂടെ മതസൗഹാർദ്ദം പ്രകടിപ്പിക്കുവാൻ വിട്ടു കൊടുക്കണമെന്നാണ്. മുസ്ലിങ്ങൾ വിട്ടു കൊടുക്കാനിരുന്ന ഈ മന്ദിരങ്ങളുടെ തകർച്ചയ്ക്കും മറ്റുമെല്ലാം വളമിട്ടു കൊടുത്തത് ഇടതുപക്ഷ ചരിത്രകാരന്മാരാണെന്ന വാദത്തെയും പലരും പിന്താങ്ങുന്നു എന്നത് അത്ഭുതകരമാണ്. ഇത് ഡാറ്റകൾ കൊണ്ട് സമർത്ഥിച്ചെടുക്കാവുന്ന ഒന്നല്ല. കോൺഗ്രസ്സും ബിജെപിയുമാണ് ബാബരിയുടെ പതനത്തിനും രാമരാഷ്ട്രീയത്തിനും വഴിവെട്ടിയത്. ഇസ്ലാമിസ്റ്റ് സ്വത്വവാദ ചുവയുള്ള ചരിത്രകാരനായ ഇർഫാൻ ഹബീബിനും മറ്റും ഇതിൽ എന്ത് പങ്കാണുള്ളത്?

മുസ്ലിങ്ങൾ വിട്ടു കൊടുക്കാനിരുന്ന സ്ഥലം എന്ന വാദം തന്നെ ഭീകരമാണ്. ഒരു നൂറ്റാണ്ടോളം ആരാധിച്ചു കൊണ്ടിരുന്ന ഒരു സ്ഥലം കുറേ ഹിന്ദു റിവാഞ്ചിസ്റ്റുകൾ ചരിത്രം കുഴിച്ചു വരുമ്പോൾ വിട്ടു കൊടുക്കണമെന്ന് പറയുന്നവർ അപകടകരമായ ഒരു രാഷ്ട്രീയത്തിനാണ് വഴി വെട്ടുന്നത്. മുസ്ലിങ്ങൾ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറാകുന്നുവെങ്കിൽ അത് മതരാഷ്ട്രമായി മാറുന്ന ഒരു സമൂഹത്തിൽ അന്തർലീനമായ അവരുടെ ഭയത്തെക്കൂടി വെളിവാക്കുന്നു, അതിലുപരി റിവാഞ്ചിസത്തെ ന്യായീകരിക്കുന്നു.

മെക്കയ്‌ക്കോ ജെറുസലേമിനോ മുസ്ലിമോ ജൂതനോ മതരാഷ്ട്രങ്ങളിലും സാംസ്കാരികമായുള്ള മതരാഷ്ട്രങ്ങളിലും പ്രാധാന്യം കൊടുക്കുന്നത് പോലെ, ഒരു മതേതരരാജ്യത്ത്, നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു കാലത്ത് ഒരു അമ്പലം തകർത്തിരുന്നു എന്ന് പറഞ്ഞ് തകർത്തതിന് യാതൊരു തെളിവും ഹാജരാക്കാതെ, ഇനി തെളിവുകൾ ഹാജരാക്കുന്നു എന്നു തന്നെയിരിക്കട്ടെ, അതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബദലായി അമ്പലം പണിയണമെന്ന് വാദിക്കുന്നത് അങ്ങേയറ്റം അപകടകരമായ റിഗ്രെസ്സിവ് മതരാഷ്ട്രവാദമാണ്.

മതം എന്നത് ദൈവികമായ ഒരു സഹിഷ്ണുതാപരമായ സത്യാന്വേഷണമാണ് എന്ന വാദം പോലും നിലംപരിശാവുകയാണ് ഇങ്ങനെ കോടതിവ്യവഹാരങ്ങളെപ്പോലും കാറ്റിൽപ്പറത്തി ഒരു കൂട്ടം മതവാദികൾ ഒരു ആരാധനാലയം പൊളിച്ച് അതിന് മുകളിൽ റിവാഞ്ചിസ്റ്റ് വാദങ്ങളിറക്കി മറ്റൊന്ന് പണിയുമ്പോൾ. അവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ദൈവികതയ്ക്കു പകരം ഹിംസാത്മകയായ, ഇസ്ലാമിന് സമാനമായ രാഷ്ട്രീയമാണുള്ളത്. അത് ഒരു പൊളിറ്റിക്കൽ റിലീജിയനാണ്.

എർദോഗൻ്റെയും മൊഹമ്മെദിൻ്റെയുമൊക്കെ യഥാക്രമം ഹഗിയ സോഫിയ, കഅബ കയ്യേറ്റങ്ങൾ പോലെ പ്രാകൃതമായ അത്തരം കുടീരങ്ങളിലിരിക്കുന്ന ദൈവങ്ങൾക്കു വേണ്ടി പിടഞ്ഞ് മരിക്കുന്ന കൽച്ചറലോ റിലീജിയസോ ആയ കർസേവകർക്ക് അതുകൊണ്ട് തന്നെ ഹൂറിമാരെത്തേടിയും പാശ്ചാത്യ സാമ്രാജ്യത്തിനെതിരെയും കൊല്ലപ്പെടുന്ന ജിഹാദികളിൽ നിന്നും കുരിശു യുദ്ധക്കാരിൽ നിന്നും യാതൊരു വ്യത്യാസവുമില്ല. ഇത്തരം ആൾക്കൂട്ടങ്ങൾക്കെതിരെ ഏതെങ്കിലും ഇടതുപക്ഷം ശബ്ദിച്ചാൽ അവർ വിഷയത്തെ ആളിക്കത്തിക്കുന്നു എന്നൊക്കെ വാദിക്കുന്നത് അപകടകരമാണ്. ഒളിച്ചു കടത്തിയ വിഗ്രഹങ്ങളെ എടുത്തു കളയാത്ത പണ്ഡിറ്റ് ജഹവർലാൽ നെഹ്‌റു, ശിലാന്യാസത്തിനായി പള്ളി തുറന്നു കൊടുത്ത രാജീവ് ഗാന്ധി, പള്ളി തകർക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും അത് കണക്കിലെടുക്കാതിരുന്ന നരസിംഹ റാവു എന്നീ ഭരണാധികാരികളും അരുൺ നെഹ്‌റു അടക്കമുള്ള കോൺഗ്രെസ്സുകാരും എല്ലാറ്റിനുമുപരി രഥയാത്ര നടത്തിയ അദ്വാനിയടക്കമുള്ള ഹിന്ദുത്വവാദികളുമാണ് രാമജന്മഭൂമിയെ ആളിക്കത്തിച്ചത്. ഇതിനെല്ലാം ഉപോൽബലകമായത് ദൈവമെന്ന അന്ധവിശ്വാസവും മതസ്വത്വബോധവുമാണ്, ദൈവത്തിന് അല്ലെങ്കിൽ ദൈവങ്ങൾക്കു വേണ്ടി വേണ്ടി കൊല്ലപ്പെടാമെന്ന അതേ മാനസികവ്യാപാരവും. ഇതിൻ്റെ പാപഭാരം ഇടതുപക്ഷത്തിൻ്റെ മേലിടുകയും കാശിയും മഥുരയും കൂടി മുസ്ലിങ്ങൾ വിട്ടു കൊടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കെകെ മുഹമ്മദുമാരുടെ വാക്കുകളിൽ ഹിന്ദുത്വയുടെ രഥത്തെക്കാൾ പ്രഹരശേഷിയുണ്ട് ഇടതുപക്ഷത്തിൻ്റെ എതിർപ്പിന്!

ഹിന്ദുത്വവാദികളോ ഇസ്ലാമിസ്റ്റുകളോ വാദിക്കുന്നത് കൊണ്ട് എന്തെങ്കിലും വസ്തുതകൾ അതല്ലാതായിത്തീരുന്നില്ല. ഇസ്ലാമിസ്റ്റുകൾ കാശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് സംഘികൾ എപ്പോഴും സംസാരിക്കുന്നത് കൊണ്ട് അത് സുഡാപ്പികൾക്ക് വളമാകുന്നു എന്ന് പറയുന്നതിൽ കഥയില്ല. സമാനമായി ബിൽക്കിസ് ബാനുവിനെ തന്റെ ആർഎസ്എസ് ആശയം, മുഖ്യമന്ത്രി എന്ന നിലയിലെ നിഷ്‌ക്രിയത്വം, പക്ഷപാതപരമായ സമീപനം, സ്റ്റേറ്റ് പോലീസിനെ ഉപയോഗിച്ച് അനുകൂലമായി പ്രവർത്തിക്കൽ, വിദ്വേഷപ്രസംഗങ്ങൾ എന്നിവ വഴി ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും മരണത്തിന് വഴിതെളിച്ച ഗുജറാത്ത് കലാപകാലത്ത് ‘മരണവ്യാപാരി’ എന്ന് വിളിക്കപ്പെട്ട, ഇന്ന് പിആർ പണികളിലൂടെ മുഖച്ഛായ മാറിയ മോദിയുടെ പാർട്ടിക്കാർ പീഢിപ്പിച്ച്, അവരുടെ പീഢകരെ തുറന്നു വിടുന്നതിനെക്കുറിച്ച് ഇസ്ലാമിസ്റ്റുകൾ സംസാരിച്ചു എന്ന് കരുതി അത് ഹിന്ദുത്വവാദികൾക്ക് വളമിടലാകുന്നില്ല. അവർ മാത്രമല്ല ഇതൊക്കെ പറയേണ്ടത് എന്നതാണ് വാസ്തവം. പറയുന്നത് അവർ മാത്രമാകുമ്പോഴാണ് പറച്ചിൽ പ്രതികൂലമാകുന്നത്. ബാബരിയുടെ കാര്യവും സമാനമാണ്. മുസ്ലിങ്ങൾ എന്നതിലപ്പുറം ഒരു കോടതിവിധി ഒരു ഒത്തുതീർപ്പ് കാണിച്ച് രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും പല്ലിളിച്ചു കാണിക്കുന്നത് ഓരോ പൗരനും നേരെയുള്ള വെല്ലുവിളിയാകുന്നത് വിശ്വാസവും റിവാഞ്ചിസവും അടിസ്ഥാനമാക്കിയാണോ നീതി വിധിക്കേണ്ടത് എന്ന ന്യായമായ സംശയം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരു മുസ്ലിം മാത്രമല്ല പോലും ഓരോ പൗരനും ഇത്തരം തൊടുന്യായങ്ങൾ ജിഹാദിസത്തെ പ്രതിരോധിക്കാനെന്ന വ്യാജേന, ‘മനുഷ്യർ കൊല്ലപ്പെട്ടാലും സാരമില്ല, പുതിയ ഒരു അമ്പലം പണിയാൻ നമുക്ക് കൾച്ചറൽ കർസേവ വേണ’മെന്ന സമകാലിക ഇന്ത്യയിലെ പൊതുധാരണ അപകടകരമാം വണ്ണം റിഗ്രസീവാണെന്ന് ഇസ്ലാമിസ്റ്റുകൾ വിളിച്ചു പറഞ്ഞാലും അതങ്ങനെയല്ലാതാകുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

നേതാക്കന്മാർ രക്തസാക്ഷികളോ ബലിദാനികളോ ജിഹാദികളോ ആകാതെ, പാവപ്പെട്ടവരെയൊക്കെ ഇതിനുള്ള ചൂതുകളാക്കി മുന്നിൽ നിറുത്തുന്ന രാഷ്ട്രീയം പോലെ അപകടകരമായ ഒന്നാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അമ്പലങ്ങളും പള്ളികളും തട്ടി നിലവിൽത്തന്നെ നടക്കാനാകാത്ത, സാമ്പത്തികമായും സാമൂഹികമായും ശാസ്ത്രസാങ്കേതികപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ രാജ്യത്തിലെ ഇത്തരം ‘കൾച്ചറൽ കർസേവ’യുമെന്നെ കാര്യം അതുകൊണ്ട് തന്നെ ഓരോ പൗരനും ഓർത്തിരിക്കേണ്ട യാഥാർത്ഥ്യമാണ്. ഇത് ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ നിലപാടാണ്.