“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു
റഷ്യയില്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ അലക്‌സി നവല്‍നിയുടെ (Alexei Navalny, 47) തടവറയിലെ മരണം നല്‍കുന്ന സന്ദേശം വ്യക്തമാണ്. അകത്തും പുറത്തും ഉന്മൂലനവുമായി മുന്നോട്ട് പോകുകയാണ് പുടിന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നവല്‍നി ജയിലിലാണ്. റഷ്യയില്‍ പുടിന്റെ എതിരാളികള്‍ക്ക് സുരക്ഷിതസ്ഥാനം ജയില്‍ ആണെന്നൊരു മിത്ത് ഉണ്ട്. പതിവ് നടത്തത്തിന് ശേഷം അപ്രതീക്ഷിതമായി കുഴഞ്ഞുവീണു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും ജയിലഴികളില്‍ പിടിച്ച് ഉല്ലാസവാനായിരിക്കുന്ന നവല്‍നിയുടെ വീഡിയോ പുറത്തുവന്നിരുന്നു. തന്റെ ബാങ്ക് അക്കൗണ്ട് കാലിയായെന്നും അതിലേക്ക് കുറച്ച് പണം ഇട്ടുതരാമോ എന്നാണ് ആ വീഡിയോയില്‍ അദ്ദേഹം തമാശരൂപേണേ ജഡ്ജിനോട് ചോദിച്ചത്. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കാര്യത്തിലെന്ന പോലെ ജയിലില്‍ വെച്ചാണ് നവല്‍നിയുടെ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യുന്നതും വിസ്തരിക്കുന്നതും.
ഏതാണ്ട് ഒരു ദശകത്തിന് മുമ്പ് യു-ട്യൂബും സോഷ്യല്‍ മീഡിയയും വഴി പുടിന്റെയും അനുയായികളുടെയും അഴിമതിയും അനധികൃത സമ്പത്തും തെളിവ് സഹിതം പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചതാണ് നവല്‍നിയെ പുടിന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിയത്. റഷ്യയില്‍ ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പുടിന്‍ വിരുദ്ധ പ്രതിഷേധ റാലികള്‍ സംഘടിക്കപെട്ടതോടെ ഈ നാല്‍പ്പത്തിയേഴുകാരനെ അപായപ്പെടുത്താന്‍ പലതവണ ശ്രമമുണ്ടായി. 2011 റോയിട്ടേഴ്‌സമായുള്ള ഒരു അഭിമുഖത്തില്‍ പുടിനെ വെല്ലുവിളിക്കാന്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് നവ്‌ലനി പറഞ്ഞ ഉത്തരമിതായിരുന്നു:”That’s the difference between me and you: you are afraid and I am not afraid,’ he said. ‘I realize there is danger, but why should I be afraid?” നവല്‍നിയുടെ Russia of the Future മൂവ്‌മെന്റ് റഷ്യയില്‍ നിയമവിരുദ്ധമാണ്. പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളും സഖ്യകക്ഷികളുമൊക്കെ യൂറോപ്പില്‍ ഒളിജീവിതം നയിക്കുന്നു.
ധീരതയുടെ പ്രതിരൂപമായി റഷ്യയില്‍ വലിയൊരു വിഭാഗം വാഴ്ത്തുമ്പോഴും പുടിന്റെ അനുയായികള്‍ നവല്‍നിയെ സി.ഐ.എ ഏജന്റ്, രാജ്യദ്രോഹി എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. 2021-ല്‍ പുടിന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് നടപ്പാക്കി എന്ന് കരുതപ്പെടുന്ന വിഷപദാര്‍ത്ഥ പ്രയോഗത്തില്‍ നിന്ന് നവല്‍നി കഷ്ടിച്ചാണ് രക്ഷപെട്ടത്. അന്ന് ജര്‍മ്മനിയില്‍ ലഭിച്ച ആധുനിക ചികിത്സയാണ് നിര്‍ണ്ണായകമായത്. ചികിത്സയ്ക്ക് ശേഷം ജര്‍മ്മനിയില്‍ തങ്ങാമായിരുന്നുവെങ്കിലും നവല്‍നി കൂട്ടാക്കിയില്ല. ഭാര്യയെ ജര്‍മ്മനിയില്‍ നിറുത്തി തിരിച്ചെത്തിയപ്പോള്‍ ഉടനടി അറസ്റ്റ് ചെയ്യപ്പെട്ടു. ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്ന കാലയളിവില്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഒരു കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നതായിരുന്നു കാരണം. വധശ്രമവും ചികിത്സയും നവല്‍നിയുടെ കുറ്റമായിരുന്നില്ല, എന്നിട്ടും പുട്ടിന്റെ റഷ്യയില്‍ വധശ്രമത്തില്‍ നിന്ന് രക്ഷപെടുന്നതും തടവിലാകാന്‍ കാരണമാണ്.
പുടിന്‍ വിമര്‍ശകരെല്ലാം അത്യാഹിതങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും വിധേയമാകും എന്നത് ഒരു നാട്ടുനടപ്പായി റഷ്യന്‍സമൂഹം അംഗീകരിക്കുകയാണ്. വെടികൊണ്ടോ വിമാനംതകര്‍ന്നോ കെട്ടിടത്തില്‍ നിന്ന് വീണോ വിഷവാതകം ശ്വസിച്ചോ തൂങ്ങിമരിച്ചോ ഒക്കെ ആവാം മരണം. ഒന്നും കണ്ടുപിടിക്കപെടില്ല, അന്വേഷണമൊക്കെ വഴിപാടായി കടന്നുപോകും. ഇപ്പോള്‍ ജര്‍മ്മനിയിലുള്ള നവല്‍നിയുടെ ഭാര്യ യൂലിയയും പാശ്ചാത്യഭരണകൂടങ്ങളും നവല്‍നിയെ കൊന്നതാണെന്നും പുടിനാണ് പിന്നിലെന്നും പറയുന്നുണ്ടെങ്കിലും പ്രസ്തുത ആരോപണം ശരിവെക്കുന്ന തെളിവുകളൊന്നും അവരുടെ പക്കലില്ല. ജയില്‍ അധികൃതരില്‍ നിന്നോ റഷ്യന്‍ ഭരണകൂടത്തില്‍ നിന്നോ എന്തെങ്കിലും ലഭിക്കുമെന്നും കരുതാനാവില്ല. തന്റെ രാഷ്ട്രീയ എതിരാളികളെ നീക്കം ചെയ്യാന്‍ പുടിന് പ്രത്യേക വൈഭവം തന്നെയുണ്ട്. വാഗ്നര്‍ ആര്‍മിയുമായി തലവനായ യെവ്ജനി പ്രിഗോഷിന്റെ മരണം തന്നെയാണ് ഏറ്റവും അടുത്തിടെയുള്ള ഉദാഹരണം. പുടിനാണ് കൊന്നതെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്. പക്ഷേ ഔദ്യോഗികമായി അതൊരു വിമാന അപകടം മാത്രം. ബലറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കോഷെങ്കോയുടെ മദ്ധ്യസ്ഥതയില്‍ എല്ലാം പറഞ്ഞൊതുക്കി എന്നൊരു പ്രതീതി സൃഷ്ടിച്ചെങ്കിലും 2023 ജൂണില്‍ തനിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രിഗോഷിനോട് ക്ഷമിക്കാന്‍ പുടിന്‍ തയ്യാറായിരുന്നില്ല. പ്രിഗോഷിനെ പിന്തുണച്ചു എന്നാരോപിക്കപെട്ട യുക്രെയിനിലെ റഷ്യന്‍ സേനകളുടെ സര്‍വസൈന്യാധിപനായിരുന്ന സെര്‍ഗ്യേ സുരോവികിന്‍ 2023 ജൂണ്‍-സെപ്തമ്പര്‍ വരെ അജ്ഞാതവാസത്തിലായിരുന്നു. പ്രിഗോഷിനെ കൊല്ലാനായി ഒരു ചെറിയ യാത്രാവിമാനവും അതിലെ പത്ത് യാത്രക്കാരെയും കൊന്നൊടുക്കിയെങ്കില്‍ നവല്‌നി കൊല്ലാനായി ജയില്‍ തകര്‍ത്തില്ലല്ലോ എന്നാശ്വസിക്കാം.
USSR-കമ്മ്യൂണിസ്റ്റ് ആധിപത്യം കാലം മുതല്‍ റഷ്യ സവിശേഷ ശ്രദ്ധ ചെലുത്തുന്ന മേഖലയാണ് വിഷപ്രയോഗം. ഗന്ധമോ അവശിഷ്ടമോ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള രാസപദാര്‍ത്ഥങ്ങള്‍ അവര്‍ ഇതിനായി വികസിപ്പിച്ചെടുത്തു. സാവധാനം വിഷം ഏല്‍പ്പിച്ച് കൊല്ലുന്ന രീതിയില്‍ വൈദഗ്ധ്യം നേടി. Novichok പോലുള്ള നെര്‍വ് ഏജന്റുകളുടെ നാലാം തലമുറ വരെ വികസിപ്പിച്ചെടുത്തു. പുടിന്റെ സ്വച്ഛാധിപത്യത്തിനെതിരെ വീറുറ്റ പോരാട്ടം നടത്തുമ്പോഴും അമിതദേശീയതയും കുടിയേറ്റ വിരുദ്ധതയും നിയോ-നാസി ബന്ധങ്ങളുമൊക്കെ ആരോപിക്കപെട്ട രാഷ്ട്രീയക്കാരന്‍ കൂടിയാണ് നവല്‍നി. കഴിഞ്ഞ 3 വര്‍ഷമായി ജയില്‍ വാസത്തിനിടെ നവല്‍നിയുടെ ആരോഗ്യം മോശമായിരുന്നു. 300 ദിവസത്തിലധികം ഏകാന്ത തടവിലായിരുന്നു. എങ്കില്‍ ഫെബ്രുവരി 12 അദ്ദേഹത്തെ സന്ദര്‍ശിച്ച മാതാവും 15.2.24 ല്‍ പുറത്തുവന്ന വീഡിയോയും നവാല്‍നി ആരോഗ്യാവാനാണെന്ന് സാക്ഷ്യപെടുത്തുന്നുണ്ട്. 2020 ല്‍(20 August) ഫ്‌ളൈറ്റില്‍(a flight from Tomsk to Moscow) വെച്ചാണ് തനിക്ക് വിഷബാധയേറ്റതെന്ന് നവല്‍നി പറഞ്ഞിരുന്നു. ചായയില്‍ കലര്‍ത്തിയ വിഷമാണ് അന്ന് സംശയിച്ചത്. പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു.