വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


ആളുകൾ സൌന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്. വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്‍ക്കേണ്ടിവരും.

Racism (വർണ്ണവിവേചനം) എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. Sexism (ലിംഗവിവേചനം) എന്താണെന്നും എല്ലാവര്‍ക്കുമറിയാം.എന്നാല്‍ lookism -സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം-prejudice and discrimination based on physical appearance… അങ്ങനൊന്നുണ്ടോ?

എന്താ സംശയം? അങ്ങിനൊന്നുണ്ട്. അധികം ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമല്ലെങ്കിലും സുന്ദരികള്‍ക്കും, സുന്ദരന്മാര്‍ക്കും എല്ലായിടത്തും പ്രത്യേക പരിഗണന കിട്ടുന്നുണ്ട്‌. ഭംഗിയുടെ കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിവേചനമുണ്ട്. ഒരു പക്ഷേ റേസിസത്തോളമോ സെക്സിസത്തോളമോ തന്നെ ശക്തമാണ് ലുക്കിസം എന്ന സൌന്ദര്യ വിവേചനം. സൌന്ദര്യം എല്ലാറ്റിനെയും സ്വധീനിക്കുന്നുണ്ട്, സമൂഹത്തിലെ നിങ്ങളുടെ സ്റ്റാറ്റസ്, ജോലി, വരുമാനം, വിവാഹബന്ധം, സുഹൃത്തുക്കള്‍ എല്ലാം.

”Don’t judge a book by its cover”എന്നൊക്കെ പറയുമെങ്കിലും നമ്മള്‍ തീരുമാനങ്ങളെടുക്കുന്നത് പുറം മോടിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്. ജനിച്ചു വീഴുന്ന നിമിഷം മുതല്‍തന്നെ ഈ സൌന്ദര്യ വിവേചനം തുടങ്ങും. അത്ര ഭംഗിയില്ലാത്ത കുട്ടികളെ നേഴ്സുമാര്‍ പോലും അത്ര താല്പര്യത്തോടെയല്ല ശുശ്രൂഷിക്കുന്നതത്രെ. ഇത് ഗൗരവമുള്ള പ്രശ്നമാകുന്നത് പ്രായം തികയാതെ ജനിക്കുന്ന ശിശുക്കളിലാണ്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് അത്ര ഭംഗിയൊന്നുമുണ്ടായിരിക്കില്ല. കൂടുതല്‍ ശ്രദ്ധ വേണ്ട ഈ ശിശുക്കള്‍ക്ക് ഈ കാരണം കൊണ്ട് ആവശ്യമായ പരിചരണം കിട്ടാതെ വരാം. നേഴ്സുമാരെ എന്തിനു പറയുന്നു, സ്വന്തം അമ്മ തന്നെ വിവേചനം കാണിക്കാം. നല്ല ഭംഗിയുള്ള നവജാത ശിശുക്കളേയും അത്രയൊന്നും ഭംഗിയില്ലാത്തവരെയും അമ്മമാര്‍ പരിചരിക്കുന്നതില്‍ വ്യത്യാസമുണ്ടെന്നു ഒരു പഠനം കാണിക്കുന്നു. ഇരട്ടക്കുട്ടികളില്‍ ചന്തം കൂടുതലുള്ള കുട്ടിയെ അമ്മ കൂടുതല്‍ പരിഗണിക്കുന്നു എന്നും ചില പഠനങ്ങള്‍ പറയുന്നു. ചന്തം കുറവുള്ള കുട്ടിയെ വെറുക്കുന്നു എന്നോ അവഗണിക്കുന്നു എന്നോ, ഇത് മനഃപൂര്‍വം ചെയ്യുന്നതാണ് എന്നോ അല്ല. പക്ഷേ രണ്ടു തരം കുട്ടികളോടുള്ള പെരുമാറ്റത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ട് എന്നാണ് കാണുന്നത്.

ഇനി സ്കൂളിലെത്തിയാലും ഭംഗിയുള്ള കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തിലും വ്യത്യാസം കാണാം. ഒരു പരീക്ഷണത്തില്‍ ഏഴു വയസ്സുള്ള ഒരു കുട്ടിയുടെ പെരുമാറ്റത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ എന്ന പേരില്‍ ടീച്ചര്‍മാരെ കാണിച്ചപ്പോള്‍ അതോടൊപ്പമുള്ള കുട്ടിയുടെ ചിത്രം ഭംഗിയുള്ളതോ, അല്ലാത്തതോ എന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അഭിപ്രായം മാറുന്നതായി കണ്ടിട്ടുണ്ട്. അവരുടെ കണ്ണില്‍ ഭംഗിയുള്ള കുട്ടിയുടേത് വെറും കുസൃതിയും ഭംഗിയില്ലാത്ത കുട്ടിയുടേത് ശിക്ഷ നല്‍കേണ്ട അനുസരണക്കേടോ ആകും. കൈയ്യോടെ പിടിക്കപ്പെട്ടാല്‍ പോലും (കോപ്പിയടി പോലെ) ഭംഗിയുള്ള കുട്ടിക്ക് അറിയാതെ ഒരബദ്ധം പറ്റിയതും ഭംഗിയില്ലാത്ത കുട്ടിയുടേത് അത് ഒരു സ്ഥിരം സ്വഭാവമോ ആകും. ‘നല്ല’കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേഡും മാര്‍ക്കും കിട്ടുന്നതും അസാധാരണമല്ല. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളില്‍ കൂടുതലും കാണാന്‍ ഭംഗിയില്ലാത്തവരാണ് എന്നും ചില പഠനങ്ങളില്‍ കാണുന്നുണ്ട്.

പലരും കുട്ടികള്‍ തമ്മിലെങ്കിലും ഈ സൌന്ദര്യ വിവേചനം ഉണ്ടായിരിക്കില്ല എന്ന് കരുതും. സൌന്ദര്യം സാമൂഹ്യനിര്‍മ്മിതിയാണ് എന്നാണല്ലോ ബുദ്ധിജീവികള്‍ പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌. അപ്പോള്‍ അവരുടെ ഇടയിലെങ്കിലും രക്ഷ കിട്ടേണ്ടതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. അവിടെയും രക്ഷയില്ല. ഒരുപക്ഷേ കുട്ടികളുടെ ഇടയിലായിരിക്കും ലുക്കിസം കൂടുതല്‍. കുട്ടിക്കാലത്ത് പരസ്പരം വിളിച്ചിരുന്ന പരിഹാസപ്പേരുകള്‍ ഓര്‍ത്താല്‍ മതി. ഏതാണ്ടെല്ലാം തന്നെ അപരന്റെ ശാരീരിക പോരായ്മകളെ കളിയാക്കുന്നതായിരിക്കും. കറുമ്പനും, കോങ്കണ്ണനുമൊക്കെ ചെറിയ കുട്ടികളുടെ ഇടയില്‍പോലും സര്‍വ്വസാധാരണമാണ്.

തീരെ ചെറിയ കുട്ടികള്‍ പോലും സൌന്ദര്യമുള്ളവരെ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് സൈകോളജിസ്റ്റായ Judith Langlois ന്റെ പഠനങ്ങള്‍ കാണിക്കുന്നു. മുതിന്നവര്‍ സൌന്ദര്യമുള്ളവരായി വിലയിരുത്തിയവരുടെ ചിത്രങ്ങള്‍ മൂന്നുമുതല്‍ ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ കാണിച്ചപ്പോള്‍ അവരുടെ അഭിപ്രായവും ഏതാണ്ട് അതു തന്നെയായിരുന്നു. (ഇത്ര ചെറിയ കുട്ടികള്‍ എങ്ങിനെ അഭിപ്രായം പറയും എന്നാണെങ്കില്‍ കുട്ടികള്‍ അവര്‍ക്ക് താല്പര്യം തോന്നുന്ന വസ്തുക്കളെ കൂടുതല്‍ സമയം നോക്കും.)

പഠനത്തില്‍നിന്ന്… They looked longer at the most attractive men, women, babies, African-Americans, Asian-Americans, and Caucasians.This suggests not only that babies have beauty detectors but that human faces may share universal features of beauty across their varied features.

ഇനി അവിടന്നും വിട്ടാല്‍ നിഷ്പക്ഷമായി ജോലി നിര്‍വഹിക്കുന്നു എന്ന് കരുതപ്പെടുന്ന ജഡ്ജിമാരെപോലും സൌന്ദര്യം സ്വാധീനിക്കാം. ഇ എം എസ് പണ്ട് പറഞ്ഞതില്‍ ശരിയുടെ അംശമുണ്ട്. കോടതിയിലെത്തുന്നവരുടെ മാന്യതയും, വസ്ത്രധാരണവും കോടതികളുടെ പെരുമാറ്റത്തെയും വിധിയെയും സ്വാധീനിക്കാം. സൌന്ദര്യമുള്ളവനും ഇല്ലാത്തവനും രണ്ടു തരം നീതിയാകും കോടതികളിൽ നിന്നു ലഭിക്കുക. ധാരാളം പഠനങ്ങളില്‍നിന്നു (using mock juries) മനസ്സിലാക്കാന്‍ കഴിയുന്നത് അതാണ്. പ്രതിയെ കാണാന്‍ കൊള്ളാമെങ്കില്‍ വെറുതെ വിടാനോ അഥവാ ശിക്ഷിക്കപ്പെടുന്നെങ്കില്‍ താരതമ്യേന ലഘുവായ ശിക്ഷ വിധിക്കാനോ ആണ് സാധ്യത കൂടുതലത്രേ. എന്നാല്‍ വാദി ഒരു സുന്ദരിയാണെങ്കില്‍ (ബലാല്‍സംഗം പോലുള്ളവയില്‍) പ്രതിക്ക് കൂടുതല്‍ ശിക്ഷ കിട്ടാനും ചാന്‍സുണ്ട്. നല്ലൊരു സാധനത്തെ ‘നശിപ്പിച്ചു’, ‘ചീത്തയാക്കി’ എന്ന ചിന്തയാവാം കൂടുതല്‍ കടുത്ത ശിക്ഷ നല്കാന്‍ പ്രേരിപ്പിക്കുന്നത്. ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു വിരൂപ പക്ഷേ വലിയ കാരുണ്യമൊന്നും പ്രതീക്ഷിക്കേണ്ട. Sadly It seems they will be penalised for being ugly also.

എന്നാല്‍ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന സുന്ദരികള്‍ക്ക് കൂടുതല്‍ ശിക്ഷ കിട്ടും. സൌന്ദര്യമുള്ളവര്‍ ‘ഫെയര്‍’ ആയിരിക്കും എന്ന നമ്മുടെ മുന്‍വിധി തെറ്റാണെന്ന് തെളിയിച്ചു തന്നതിനുള്ള ശിക്ഷ. അവരോടു തോന്നുന്ന വെറുപ്പിന്റെ ഒരു ഭാഗം അവരുടെ ചെറുപ്പവും, സൌന്ദര്യവുമായി ബന്ധപ്പെട്ടതാണ്.

ഇനി ഉദ്യോഗത്തിന്റേയോ, വരുമാനത്തിന്റേയോ കാര്യം നോക്കിയാലും സൗന്ദര്യമുള്ളവര്‍ അതില്ലാത്തവരേക്കാള്‍ കൂടുതല്‍ മെച്ചമാണെന്നു ഗവേഷകര്‍.‍ (Daniel Hamermesh and Jeff Biddle) There is something called a ”beauty premium.”

ആളുകൾ സൌന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്. വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്‍ക്കേണ്ടിവരും.

ഒരു പരീക്ഷണം കൂടി പറയാം. തിരക്കുള്ള ഒരു എയര്‍പോര്‍ട്ടില്‍ ആരോ അയക്കാന്‍ മറന്നുപോയതു പോലെ കുറെ അപ്ലിക്കേഷന്‍ ഫോമുകള്‍ പലയിടത്തായി നിക്ഷേപിക്കുന്നു. എല്ലാറ്റിലും ഒരേ വിവരങ്ങള്‍ തന്നെയാണ്. ഇത് കണ്ടു കിട്ടുന്നവര്‍ എത്ര പേര്‍ ഇവ എടുത്തു തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കും? അപേക്ഷയുടെ കൂടെ കാണുന്ന ഫോട്ടോ നന്നെങ്കില്‍ അപേക്ഷ കണ്ടു കിട്ടുന്നവര്‍ അതെടുത്ത് തപാല്‍ പെട്ടിയിലിടാന്‍ കൂടുതല്‍ സാധ്യതയുണ്ടത്രെ. ജീവിതത്തില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത, നേരില്‍ കാണാന്‍ ഒരു സാധ്യതയുമില്ലാത്തവരോടുപോലും കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള വിവേചനം..! ആളുകള്‍ കാണാന്‍ ഭംഗിയുള്ളവരോട് എന്തെങ്കിലും സഹായം ചോദിക്കാന്‍ മടിക്കുമെന്നും ചില പഠനങ്ങള്‍ കാണിക്കുന്നു. അപകര്‍ഷതാ ബോധം അല്ലെങ്കില്‍ അവരൊക്കെ വലിയ ആളുകള്‍ എന്ന ചിന്ത?

ലുക്കിസത്തിന്റെ ഒരു വകഭേദമാണ് heightism. ഉയരമുള്ള ആള്‍ സ്വാഭാവികമായും വലിയ ആളുമായിരിക്കുമല്ലോ. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിൽ പോലും ഉയരവും, സോഷ്യൽ സ്റ്റാറ്റസും തമ്മിൽ ബന്ധമുണ്ട്. ഉയരം, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. റൊമാൻസിന്റെ കാര്യത്തില്‍ പോലും പൊക്കമില്ലായ്മ ഒരു പൊക്കമല്ല. സ്ത്രീകൾക്ക് അവരെക്കാള്‍ ഉയരമുള്ള പുരുഷന്മാരെയാണ് താല്പര്യം. സോഷ്യോളജിസ്റ്റായ Feldman ഈ നൂറ്റാണ്ടിലെ ഏതാണ്ട് എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും അവരുടെ പ്രധാന എതിരാളിയേക്കാള്‍ ഉയരമുള്ളവരായിരുന്നു എന്നു പറയുന്നു. നാല്പത്തിമൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ് ശരാശരിയില്‍ കുറഞ്ഞ ഉയരമുള്ളവര്‍.

Malcolm Gladwell അദേഹത്തിന്റെ ‘Blink’ എന്ന പുസ്തകത്തില്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളിലെ മിക്ക സി.ഇ.ഓമാരും ശരാശരിക്ക് മേല്‍ ഉയരമുള്ളവരാണത്രേ. അമേരിക്കക്കാരന്റെ ശരാശരി ഉയരം അഞ്ചടി ഒന്‍പതിഞ്ച്. അമേരിക്കയില്‍ ആറടിയോ അതില്‍കൂടുതലോ പൊക്കമുള്ളവര്‍ 14.5 ശതമാനമാണ്. എന്നാല്‍ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളുടെ സി.ഇ.ഓമാരില്‍ അത് 58 ശതമാനമാണ്. ഇനി ആറടി രണ്ടിഞ്ച് പൊക്കമുള്ള അമേരിക്കക്കാര്‍ 3.9 ശതമാനം. എന്നാല്‍ സി.ഇ.ഓമാരില്‍ മൂന്നിലൊന്നിനെങ്കിലും ആറടി രണ്ടിഞ്ചിനുമേല്‍ പൊക്കമുണ്ട്.

ഉയരമുള്ളവനെ കൂടുതല്‍ കഴിവുള്ളവനായി ധരിക്കുന്നതുപോലെ കൂടുതല്‍ കഴിവുള്ളവനെ കൂടുതല്‍ ഉയരമുളളവനായും കരുതുന്നതായി ചില പരീക്ഷണങ്ങളുണ്ട്. ഒരു കൂട്ടം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേംബ്രിഡ്ജില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ഥി എന്ന പേരില്‍ ഒരാളെ പരിചയപ്പെടുത്തുന്നു. മറ്റൊരു കൂട്ടര്‍ക്കു ഇദേഹത്തെ കേംബ്രിഡ്ജിലെ ഒരു പ്രൊഫസര്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഇദേഹത്തിന് എത്ര ഉയരമുണ്ടായിരുന്നു പിന്നീട് ഊഹിക്കാന്‍ അവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ ‘പ്രൊഫസര്‍ക്ക്’ വെറും ‘വിദ്യാര്‍ത്ഥി’യേക്കാള്‍ അഞ്ചിഞ്ച് വരെ ഉയരം കൂടി.

സൌന്ദര്യം പക്ഷേ ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സൌന്ദര്യമുള്ളവരുടെ കഴിവിനെക്കുറിച്ച് സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷകളുള്ളതു കൊണ്ട് അതനുസരിച്ച് അസാമാന്യമായ കഴിവുകള്‍ കാണിക്കാത്ത സുന്ദരന്മാര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പഴി കേള്‍ക്കേണ്ടിയും വരും. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതോ, സെക്സിയായി വസ്ത്രം ധരിക്കുന്നതോ അവരുടെ കഴിവിലുള്ള മതിപ്പ് കുറയാന്‍ ഇടയാക്കുമെന്ന് പഠനം‍. പട്ടാളത്തിലും മറ്റും പൌരുഷം തോന്നിക്കാത്ത മുഖമുള്ളവരെ (baby faced) പ്രമോഷനും മറ്റും പരിഗണിക്കാന്‍ സാധ്യത കുറവാണ് എന്നും കണ്ടിട്ടുണ്ട്.

മനുഷ്യന്റെ ലുക്കിസത്തില്‍നിന്ന് മൃഗങ്ങള്‍ക്കും രക്ഷയില്ല. കാണാന്‍ ചന്തമില്ലാത്ത മൃഗങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്കൊന്നും വേണ്ടത്ര പണമോ, ആള്‍സഹായമോ കിട്ടാറില്ല. ഐക്യരാഷ്ട്ര സഭയുടെ Convention on Migratory Species 2011–12 വര്‍ഷത്തെ ‘Year of the Bat’ ആയി പ്രഖ്യാപിച്ചിരുന്നു. വല്ല പാണ്ട പോലുള്ള ജീവികള്‍ക്കല്ലാതെ കാണാന്‍ ഒട്ടും കൌതുകമില്ലാത്ത ഈ വവ്വാലിനു വേണ്ടി ഏതെങ്കിലും പ്രകൃതി സ്നേഹികള്‍ മുന്നോട്ടുവരുമെന്നു തോന്നുന്നുണ്ടോ? ജൈവ സംരക്ഷണം പോലും സൗന്ദര്യ മത്സരമായി മാറിയിരിക്കുന്നു. ചില ജീവികൾ സംരക്ഷണം പോലും അർഹിക്കാത്തത്ര വിരൂപരാണ്. Lookism rules.

സ്വന്തം സൌന്ദര്യത്തെപ്പറ്റിയുള്ള സ്വയം ധാരണയും മറ്റുള്ളവരുടെ അഭിപ്രായവും തമ്മില്‍ പലപ്പോഴും വലിയ യോജിപ്പുണ്ടാകാറില്ല. അതിസുന്ദരികളും, സുന്ദരന്മാരും പോലും പലപ്പോഴും സ്വന്തം സൌന്ദര്യത്തില്‍ തൃപ്തരല്ല. സ്ത്രീകളുടെ കാര്യത്തില്‍ ഇതല്‍പ്പം കൂടുതലുമാണ് എന്നും പറയേണ്ടി വരും. പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ചു സ്വന്തം സൌന്ദര്യത്തില്‍ അത്രയൊന്നും ആകാംഷാഭരിതരല്ല. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ സ്വന്തം രൂപം വിമര്‍ശനാത്മകമായി വിലയിരുത്തുന്നതും സ്വന്തം രൂപത്തില്‍ അതൃപ്തരാകുന്നതും. പഠനങ്ങള്‍ കാണിക്കുന്നത് പത്തില്‍ എട്ടു സ്ത്രീകളം കണ്ണാടിയില്‍ കാണുന്ന തങ്ങളുടെ രൂപത്തില്‍ തൃപ്തരല്ല എന്നാണ്. ലോക സുന്ദരികള്‍ പോലും ഇതില്‍ നിന്ന് ഒഴിവല്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. (ഇതൊക്കെയാണ് സൌന്ദര്യവര്‍ദ്ധക ക്രീം നിര്‍മാതാക്കളും, കോസ്മെറ്റിക് സര്‍ജ്ജന്മാരുമെല്ലാം മുതലാക്കുന്നത്.)

നമ്മുടെ സിനിമകളില്‍ പുരുഷന്മാര്‍ ഇരുപതും, മുപ്പതും വര്‍ഷങ്ങള്‍ നായകന്മാരായി വിലസുമ്പോള്‍ നായികമാരുടെ കരിയര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തീരും. നടന്‍മാര്‍ അനുഭവിക്കുന്ന അനര്‍ഹമായ (?) ഒരാനുകൂല്യം തന്നെയാണത്. മനഃപ്പൂര്‍വ്വമുള്ള വിവേചനം എന്നതിനെക്കാള്‍ അതൊരു ജൈവശാസ്ത്ര യാഥാര്‍ത്ഥ്യമണ്. അറുപതു വയസ്സുള്ള ഒരു പുരുഷന് സ്വന്തം പ്രായത്തേക്കാള്‍ പതിനഞ്ചോ, ഒരുപക്ഷേ ഇരുപതോ വയസ്സ് കുറവുള്ള കഥാപാത്രമായി വിശ്വസനീയമായി അഭിനയിക്കാന്‍ പ്രയാസമില്ല. ഒരു സ്ത്രീക്ക് ഏറെക്കുറെ അസാധ്യമായ ഒരു കാര്യമാണത്. ഒറ്റപെട്ട ചില കേസുകളൊഴിച്ചാല്‍ (ഉദാഹരണത്തിന് ഐശ്വര്യ റായ്) അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാന്‍ പ്രയാസമാണ്. ടീനേജ് പ്രായം കഴിഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ പ്രായമോ അല്ലെങ്കില്‍ പ്രായക്കൂടുതലോ ഉള്ള കഥാപാത്രങ്ങള്‍ മാത്രമെ സ്ത്രീകള്‍ക്ക് കിട്ടൂ.

പൊതുവേ ഭാര്യാഭര്‍ത്താക്കന്മാരുടെ സൌന്ദര്യം തമ്മില്‍ ഒരു കോറിലേഷന്‍ ഉണ്ടെങ്കിലും (സുന്ദരികള്‍ക്ക് സുന്ദരന്മാരെ ഭര്‍ത്താക്കന്മാരായി കിട്ടുമ്പോള്‍ സൌന്ദര്യമില്ലാത്തവര്‍ക്ക് അവരെപോലുള്ളവരെ തന്നെയാണ് സാധാരണ കിട്ടുക.) പക്ഷേ ഭാര്യയുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ സൌന്ദര്യം ഊഹിക്കാന്‍ കഴിയുന്നതിലും കൃത്യമായി ഭര്‍ത്താവിന്റെ സൌന്ദര്യത്തില്‍നിന്ന് ഭാര്യയുടെ സൌന്ദര്യം ഊഹിക്കാന്‍ സാധിക്കും. ഒരു സുന്ദരന്റെ ഭാര്യ മിക്കവാറും ഒരു സുന്ദരിയായിരിക്കും. എന്നാല്‍ ഒരു സുന്ദരിയുടെ ഭര്‍ത്താവു പലപ്പോഴും സുന്ദരനായിരിക്കണമെന്നില്ല. ഒരു സ്ത്രീയുടെ സൌന്ദര്യത്തില്‍നിന്ന് അവരുടെ ഭര്‍ത്താവിന്റെ സൌന്ദര്യം ഊഹിക്കുന്നതിനെക്കള്‍ കൃത്യമായി അയാളുടെ സോഷ്യല്‍ സ്റ്റാറ്റസ്, ധനസ്ഥിതി എന്നിവ ഊഹിക്കാം. അതായത് സ്റ്റാറ്റസും, പണവും പുരുഷന്റെ കാര്യത്തില്‍ സൌന്ദര്യത്തിന് പകരമാകം. സൌന്ദര്യമില്ലായ്മ ആണുങ്ങളുടെ വിവാഹ സാധ്യതയെ കാര്യമായി ബാധിക്കുന്നില്ല എന്നര്‍ത്ഥം-പകരം നില്ക്കാന്‍ ധനസ്ഥിതിയും, സ്റ്റാറ്റസും ഉണ്ടെങ്കില്‍.

എന്നാല്‍ തിരച്ചു സംഭവിക്കുന്നത് അപൂര്‍വ്വമാണ്. അതായത് സ്ത്രീയുടെ ധനസ്ഥിതി, സ്റ്റാറ്റസ്, ഉദ്യോഗം ഒന്നും പലപ്പോഴും സൌന്ദര്യവും, ചെറുപ്പവും ഇല്ലായ്മക്കു പകരമാകില്ല. ശരിക്കും വിവേചനം. അല്ലെ? പക്ഷേ സൌന്ദര്യമുള്ള സ്ത്രീക്ക് കൂടുതല്‍ സ്റ്റാറ്റസ്സുള്ള ഭര്‍ത്താവിനെ കിട്ടും. ‘Beauty is skin deep’ എന്ന് ശരിക്കും മനസ്സിലാക്കീട്ടുള്ളവര്‍ സ്ത്രീകളാണ്. അവര്‍ പുരുഷന്മാരോളംതന്നെ യൌവ്വനാരാധകരല്ല. (youth worshipers.) അതേപോലെ പുരുഷന്മാര്‍ സ്ത്രീകളോളം പദവിയാരാധകരുമല്ല. (status worshipers.) പുരുഷന്‍ സ്ത്രീയുടെ സ്റ്റാസ്സിനേക്കാള്‍ സൌന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് ഭര്‍ത്താവിന്റെ സ്റ്റാറ്റസ്സും, ഭാര്യയുടെ സൌന്ദര്യവും തമ്മില്‍ കൂടുതല്‍ കോറിലേഷന്‍ കാണുന്നത്. In other words, beautiful women almost always ‘marry up.’ വലിയ പണക്കാർ സൌന്ദര്യമുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഒട്ടും അപൂർവമല്ല. എന്നാൽ പണക്കാരി സൗന്ദര്യമുള്ള സാധാരണക്കാരനെ വിവാഹം കഴിക്കുന്നത് അത്ര സാധാരണമല്ല. പുരുഷന്റെ കാര്യത്തില്‍ ധനസ്ഥിക്ക് പകരം സൌന്ദര്യം കൊണ്ട് വലിയ കാര്യമില്ല .Men very rarely have the option of ‘marrying up.’ അതും ഒരു വിവേചനം തന്നെ. Learn to accept it.????

ലുക്കിസത്തിന്റെ മറ്റൊരു വകഭേദം കളറിസമാണ്. (Colorism-discrimination based on skin color.) വെളുത്ത നിറമാണ് സൌന്ദര്യലക്ഷണമായി കണക്കാക്കപ്പെടുന്നത് എന്നറിയാമല്ലോ. Fair എന്ന വാക്ക് ‘of light complexion’ എന്ന അര്‍ത്ഥത്തിലും, ‘in a proper or legal manner’ (‘playing fair’), consistent with rules, logic, or ethics (‘fair tactic’) എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട് എന്നത് യാഥര്‍ശ്ചികമാണോ? So here is some breaking news for you… this world is not FAIR. If you are not ‘fair’ (first meaning), the world won’t be ‘fair’ to you (second meaning.)

ഒരു പഠനത്തില്‍ കാണുന്നത് താരതമ്യേന നിറം കൂടിയ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ഇരുണ്ട നിറമുള്ള അവരുടെ കൂട്ടക്കാരേക്കാൾ മുന്‍ഗണന കിട്ടാനും സാധ്യത കൂടുതലാണ് എന്നാണ്. light-skinned black men had the edge in hiring over dark-skinned black men, regardless of credentials.

ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് നമ്മള്‍ കൂടുതല്‍ ഉയരം കല്‍പ്പിച്ചു നല്‍കുന്നപോലെ നമുക്ക് താല്പര്യമുള്ളവരെ അഥവാ നമ്മുടെ അഭിപ്രായങ്ങളുമായി യോജിപ്പുള്ളവരെ കൂടുതല്‍ വെളുത്തവരായും കണക്കാക്കുമെന്ന് പഠനം. Skin color is in the eye of the beholder എന്ന് വേണമെങ്കില്‍ പറയാം. ഒബാമയുടെ ഒരു ‘നോര്‍മല്‍’ നിറമുള്ള ചിത്രവും, ഡിജിറ്റലായി കുറച്ചു വെളുപ്പിച്ചതും, കറുപ്പിച്ചതുമായ രണ്ടു ചിത്രങ്ങൾ കാണിച്ച് അതില്‍ നിന്ന് ഒബാമയുടെ ‘true essence’ വെളിവാകുന്ന ചിത്രം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒബാമ അനുകൂലികള്‍ എന്ന് നേരത്തെ പ്രസ്താവിച്ചവര്‍ ‘വെളുത്ത’ ഒബാമയെ തിരഞ്ഞെടുക്കാനുള്ള സാധ്യത രണ്ടിരട്ടിയോളമായിരുന്നു. അതായത് ഒബാമ ആരാധകര്‍ അദേഹത്തെ കൂടുതല്‍ വെളുത്തവനായി മനസ്സില്‍ കാണുന്നു. ലിബറലെന്ന് സ്വയം കരുതുന്നവര്‍ പോലും ‘Black is bad’ എന്നു വിചാരിക്കുന്നു എന്നര്‍ത്ഥം. (ഇലക്ഷന്‍ സമയത്ത് ക്ലിന്റണ്‍ പക്ഷം ഒരു പരസ്യത്തില്‍ ഒബാമയുടെ കറുപ്പിച്ച ചിത്രം ഉപയോഗിച്ചു എന്ന ആരോപണം അക്കാലത്ത് വിവാദമായിരുന്നു.)

”Beauty is merciless. You do not look at it, it looks at you and does not forgive.” (Nikos Kazantzakis-Report to Greco)