സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു


“Wealth Inequality കൂടുന്നത് അല്ല പ്രശ്നം, മറിച്ച് Wealth ഉണ്ടാക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവസരവും നിഷേധിക്കപ്പെടുകയും ചിലർക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുകയും ഇഷ്ടം ഉള്ള ഇടപാടുകളിൽ ഏർപ്പെടാൻ ഉള്ള അവസരം എല്ലാ ആളുകൾക്കും ലഭിക്കാതെ വരികയും ചെയ്യുന്നത് ആണ്.” -വിഷ്ണു അജിത് എഴുതുന്നു

പണക്കാർ കൂടുതൽ പണക്കാർ ആകുന്നു ദരിദ്രർ കൂടുതൽ ദരിദ്രരും എന്ന നരേറ്റീവ് ഏത് കാലത്തും വിറ്റ് പോകുന്നത് ആണ്. അതിനെ സ്ഥാപിക്കാൻ വേണ്ടി കൊണ്ട് വരുന്ന കണക്കുകളിൽ പ്രധാനി ആണ് വരുമാനത്തിൻ്റെ ശതമാനം വെച്ചുള്ള കണക്ക് കൂട്ടൽ. ഓരോ വർഷവും കടന്നു പോകും തോറും ലോകത്തിലെ/ഇന്ത്യയിലെ ദരിദ്രരായ ആളുകളുടെ സമ്പത്ത് നിലവിലെ സമ്പത്തിൻ്റെ ശതമാനത്തിൽ കണക്കാക്കുമ്പോൾ കുറഞ്ഞു കുറഞ്ഞു വരികയും നേരെ മറിച്ച് ടോപ് 1% സമ്പന്നരുടെ വിഹിതം കൂടി വരുകയും ചെയ്യുന്നു എന്നത് ആണ് പ്രശ്നം.

ഇത് സ്ഥാപിക്കാൻ നിരവധി റിപ്പോർട്ടുകൾ എടുത്ത് quote ചെയ്യുന്ന ഇടത് സൈബർ പോരാളികൾ ഇങ്ങനെ സാമ്പത്തിക അസമത്വം വർധിക്കാൻ കാരണം പാവപ്പെട്ടവരെ പണക്കാർ ചൂഷണം ചെയ്യുന്നത് ആണ് എന്നും അത് കൊണ്ട് പണക്കാരുടെ സമ്പത്ത് പിടിച്ചെടുത്ത് പാവപെട്ട ആളുകൾക്ക് കൊടുക്കണം എന്നും വാദിക്കുന്നു.

എന്താണ് യാഥാർത്ഥ്യം?

സമ്പത്തിൻ്റെ വിതരണം ശതമാനക്കണക്കിൽ പറയുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം സമ്പത്ത് എന്നാല് മാറ്റമില്ലാത്ത ഒരു സ്ഥിരസംഖ്യ ആണ് എന്ന തെറ്റിധാരണ ഉളവാക്കുന്നു എന്നത് ആണ്. പക്ഷേ സമ്പത്ത് എന്നത് അനുദിനം വർധിച്ച് കൊണ്ടേ ഇരിക്കുന്ന ഒന്നാണ്. ആളുകളുടെ ആവശ്യങ്ങൾ കണ്ട് പിടിച്ച് അത് നിറവേറ്റാൻ നമ്മൾ നമ്മളുടെ ബുദ്ധിയും ശക്തിയും സമയവും സമ്പത്തും എല്ലാം ഉപയോഗിച്ച് കൊണ്ട് റിസ്ക് എടുക്കുമ്പോൾ കൂടുതൽ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന സമ്പത്ത് സൃഷ്ടിക്കപ്പെടുന്നു. എങ്ങിനെ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നു എന്നും എന്ത് കൊണ്ട് സമ്പത്ത് ഉണ്ടാക്കുന്നത് ഒരു Positive sum game ആണെന്നും എല്ലാം മുമ്പ് പല പോസ്റ്റുകളിലും വിശദീകരിച്ചിട്ടുണ്ട്.

അത്കൊണ്ട് തന്നെ ശതമാന കണക്കിൽ പാവപെട്ട ആളുകളുടെ share കുറയുന്നു എന്നത് കൊണ്ട് പാവപെട്ട 10% ആളുകളുടെ സമ്പത്ത് കുറഞ്ഞു എന്നും അവർ കൂടുതൽ ദരിദ്രരായി മാറി എന്നും അർഥം ആകുന്നില്ല. മൊത്തം സമ്പത്ത് വളർന്നുകൊണ്ടേ ഇരിക്കുമ്പോൾ ശതമാന വിഹിതം കുറഞ്ഞാലും സമ്പത്തിൻ്റെ വിഹിതം മുൻവർഷങ്ങളിലേക്കാൾ കൂടുതൽ തന്നെ ആയിരിക്കും. അതായത് ശതമാന കണക്കിൽ സാമ്പത്തിക അസമത്വം കൂടുമ്പോൾ പോലും പാവപെട്ട ആളുകളുടേ ജീവിത സാഹചര്യങ്ങള് കാലക്രമേണ മെച്ചപ്പെട്ടുകൊണ്ടെ ഇരിക്കുകതന്നെ ആണ് എന്നർത്ഥം.

ഒപ്പം തന്നെ കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം ഒരു വ്യക്തിയുടെ സമ്പത്ത് എല്ലാ കാലവും മാറികൊണ്ടെ ഇരിക്കും എന്നത് ആണ്. അത് കൊണ്ട് തന്നെ 50 വർഷം മുന്നേ ലിസ്റിൽ ഉള്ള ഒരു ശതമാനം ആളുകൾ/അവരുടെ പിൻ തലമുറക്കാർ ആവില്ല ഇന്നത്തെ ആദ്യ ഒരു ശതമാനത്തിൽ ഉണ്ടാകുക. ഇതേ പോലെ ഏറ്റവും താഴെ തട്ടിൽ ഉള്ള ആളുകളിൽ പലരും അവരുടെ കരിയറിൽ മുന്നോട്ട് പോകുന്നത് അനുസരിച്ച് ലോവർ ക്ലാസ്സിൽ നിന്ന് മിഡിൽ ക്ലാസ്സിലേക്ക് മാറുകയും പുതിയ ആളുകൾ ലോവർ ക്ലാസ്സിലേക്ക് വരുകയും ചെയ്തു കൊണ്ടേ ഇരിക്കും.

എന്നാല് ആളുകളുടെ മനസ്സിൽ തങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിൽ നിൽകുന്നവരോട് ഉണ്ടാകുന്ന അസൂയ എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ട് സമ്പത്ത് ഉള്ളവരോട് ഉള്ള വിദ്വേഷം വർധിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾ സ്വപ്നം കാണുകയും ചെയ്യുന്ന ആളുകൾ ഈ വസ്തുതകൾ മനപൂർവമോ അല്ലാതെയോ അവഗണിക്കുന്നു. അത്കൊണ്ട് ഇത്തരം കണക്കുകളുമായി വരുന്നവരോട് ആദ്യം ചോദിക്കേണ്ടത് ശതമാന കണക്ക് നോക്കി മറ്റുള്ളവരുടെ സമ്പത്ത് വർധിച്ചത് compare ചെയ്യുന്നതിന് പകരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം കൂടുകയാണോ കുറയുക ആണോ ചെയ്യുന്നത് എന്നത് ആണ്.

ഇനി എന്ത് കൊണ്ട് സമ്പത്ത് വളരുമ്പോൾ സ്വഭാവികം ആയി സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു എന്ന് പരിശോധിക്കേണ്ടത് ഉണ്ട്. എല്ലാ മനുഷ്യരും പല തരത്തിൽ വ്യത്യസ്തരാണ്. ലോകത്ത് എല്ലാ ആളുകളുടെയും കഴിവും അഭിരുചികളും റിസ്ക് എടുക്കാൻ ഉള്ള ത്വരയും അധ്വാനവും എല്ലാം തന്നെ വ്യത്യസ്തം ആയിരിക്കും. അത്കൊണ്ട് തന്നെ വളരുന്ന സമ്പത്ത് തുല്യം ആയി വിതരണം ചെയ്യപ്പെടുക ഇല്ല. കൂടുതൽ റിസ്ക് എടുക്കുന്ന, കൂടുതൽ കഴിവ് ഉള്ളവർക്ക് കൂടുതൽ സമ്പത്ത് ലഭിക്കും. ലഭിക്കണം. അതാണ് ന്യായം. അല്ലാതെ സമൂഹത്തിലെ പ്രശ്നങ്ങളും ആവശ്യങ്ങളും കണ്ട് പിടിച്ച് അത് പരിഹരിക്കാൻ വേണ്ടി തങ്ങളുടെ ബുദ്ധിയും പണവും എല്ലാം വിനിയോഗിക്കുന്ന ആളുകൾക്കും യാതൊന്നും ചെയ്യാത്തവർക്കും മടി പിടിച്ച് ഇരിക്കുന്ന ആളുകൾക്കും എല്ലാം വളരുന്ന സമ്പത്ത് ഒരേ പോലെ ലഭിക്കണം എന്ന് വാശി പിടിക്കുന്നതും അങ്ങിനെ സംഭവിച്ചില്ല എങ്കിൽ അത് അനീതി ആണെന്നും വാശി പിടിക്കുന്നത് ഫാസിസം ആണെന്ന് മാത്രം അല്ല കൂടുതൽ അധ്വാനിക്കാനും കൂടുതൽ സമ്പത്ത്, ജോലി സാധ്യതകൾ എന്നിവ സമൂഹത്തിൽ ഉണ്ടാകാനും ഉള്ള സാധ്യത കൂടെ തല്ലി കെടുത്തൽ ആണ്. അത് കൂടുതൽ ബാധിക്കുക സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവർക്ക് തന്നെ ആണ്.

അതായത് Wealth Inequality കൂടുന്നത് അല്ല പ്രശ്നം, മറിച്ച് Wealth ഉണ്ടാക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവസരവും നിഷേധിക്കപ്പെടുകയും ചിലർക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുകയും ഇഷ്ടം ഉള്ള ഇടപാടുകളിൽ ഏർപ്പെടാൻ ഉള്ള അവസരം എല്ലാ ആളുകൾക്കും ലഭിക്കാതെ വരികയും ചെയ്യുന്നത് ആണ്.

എന്തെല്ലാം കാരണങ്ങൾ കൊണ്ട് ആണ് ചിലർക്ക് അധികം favour ലഭിക്കുന്നത് എന്ന് ആണ് പരിശോധിക്കേണ്ടത്. അത് പരിശോധിച്ചാൽ അതിന് കാരണം സർക്കാരിൻ്റെ കൈയിൽ കൂടുതൽ അധികാരം ഉള്ളത് ആണ് എന്ന് മനസ്സിലാകും. കൂടുതൽ നിയന്ത്രണം, അധികാരം എന്നിവ വളരെ കുറച്ച് ആളുകളിൽ കേന്ദ്രീകൃതമാകുമ്പോൾ അവർക്ക് ഇഷ്ടം ഉള്ള ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് മറ്റുള്ളവരുടെ മുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തങ്ങൾക്ക് വേണ്ട രീതിയിൽ മത്സരം ഇല്ലാതെ ആക്കാനും അധികാരം സഹായിക്കും. അതിന് ഉള്ള പ്രതിഫലം ഇലക്ടറൽ ബോണ്ടുകൾ ആയും, അതുമല്ലെങ്കിൽ അഴിമതി പണം ആയും അതും അല്ലെങ്കിൽ നേരിട്ടോ അല്ലാതെയോ ഉള്ള മറ്റ് favours ആയും അധികാരികൾക്ക് ലഭിക്കും.

നേരിട്ടുള്ള ഇത്തരം ഫേവറുകൾ കൂടാതെ ജനങ്ങളുടെ നന്മയ്ക്ക് എന്ന പേരിൽ സർക്കാരുകൾ വിപണിയിൽ കൊണ്ട് വരുന്ന പല നിയന്ത്രണങ്ങളും ഫെയർ ആയ മത്സരങ്ങൾ ഇല്ലാതെ ആക്കുകയും സാധാരണക്കാർക്ക് മുന്നോട്ട് വരാൻ ഉള്ള വഴികൾ അടയ്ക്കുകയും ചെയ്യുന്നുണ്ട്. മിനിമം വേജ് നിയമങ്ങളും Inflation ഉം എങ്ങിനെ സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് വിശദീകരിച്ച് എഴുതിയ ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു.

ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ ആകാൻ സർക്കാരിൻ്റെ അധികാരങ്ങൾ കുറയുക ആണ് വേണ്ടത്. അധികാരം കുറഞ്ഞാൽ favours കുറയും, കൂടുതൽ ആളുകൾക്ക് മത്സരത്തിലേക്ക് കടന്നു വരുവാൻ കഴിയും, ചുവപ്പ് നാടകൾ ഇല്ലാതെ ആകും. മത്സരം മികച്ച രീതിയിൽ വിഭവങ്ങളെ ഏറ്റവും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ സഹായിക്കും. നേരെ മറിച്ച് അസമത്വം കുറയ്ക്കാൻ വേണ്ടി സര്ക്കാര് ഇടപെടലുകൾ കൂടുതൽ ശക്തം ആക്കിയാൽ പരിഹാരം ഉണ്ടാകില്ല എന്ന് മാത്രം അല്ല, ആരെയാണോ സഹായിക്കേണ്ടത്, അവർക്ക് കൂടുതൽ ദ്രോഹം മാത്രമേ ഉണ്ടാകുക ഉള്ളൂ.

നൊബേൽ സമ്മാന ജേതാവ് Milton Friedman ൻ്റെ വാക്കുകൾ കടം എടുത്താൽ, സമത്വവും സ്വാതന്ത്ര്യവും ഒരുമിച്ച് കൈവരിക്കുക അസാധ്യം ആണ്. നിങൾ സമത്വത്തേക്കാൾ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുക ആണെങ്കിൽ നിങ്ങൾക്ക് സ്വതന്ത്രവും ഒരു പരിധി വരെ സമത്വവും ലഭിക്കും. എന്നാല് സമത്വം വരുവാൻ സ്വാതന്ത്ര്യം പരിമിതപെടുത്താൻ ശ്രമിക്കുക ആണെങ്കിൽ സമത്വവും ഉണ്ടാകില്ല സ്വതന്ത്രവും ഉണ്ടാകില്ല. സാമ്പത്തിക സ്വാതന്ത്ര്യം കൂടുതൽ ഉള്ള, സര്ക്കാര് കുറച്ച് മാത്രം വിപണിയിൽ ഇടപെടുന്ന സ്ഥലങ്ങളും മേഖലകളും മെച്ചപ്പെടാനും അവിടത്തെ ആളുകളുടെ ജീവിത സാഹചര്യം സാമ്പത്തിക സ്വാതന്ത്ര്യം കുറഞ്ഞ സ്ഥലങ്ങളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട് ഇരിക്കാനും ഉള്ള പ്രധാന കാരണം ഇത് തന്നെ ആണ്.