ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു


“ഇസ്ലാമും ശാസ്ത്രവും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. എന്നാല്‍ എല്ലാക്കാലവും അതായിരുന്നില്ല സ്ഥിതി. ചരിത്രത്തില്‍ ഇസ്ലാമിന് ശാസ്ത്ര പുരോഗതിയില്‍ ഒരു നിര്‍ണായക പങ്കുണ്ട്”- അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു.

അറേബ്യ ലോക കേന്ദ്രമായ കാലം!

എട്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള മധ്യകാല ഇസ്ലാം ശാസ്ത്രത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ കാലഘട്ടമായിരുന്നു. അബ്ബാസിദ് ഖലീഫമാരുടെ ഭരണത്തില്‍ അറേബ്യ ലോകത്തിന്റെ വ്യാപാര കേന്ദ്രമായി മാറി. ഇന്ത്യയും, ചൈനയും യൂറോപ്പും അറേബ്യയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടു. പത്താം നൂറ്റാണ്ട് ആയപ്പോഴേക്കും ബാഗ്ദാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരമായി മാറി. സില്‍ക്ക് റൂട്ടിലൂടെ ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും ഉല്‍പ്പന്ന സേവനങ്ങളും ബാഗ്ദാദിലെക്ക് ഒഴുകി. ആഗോളവല്‍ക്കരണത്തിന്റെ ആദ്യമാതൃകകളില്‍ ഒന്നായിരുന്നു അത്. എല്ലാവിധത്തിലും സുവര്‍ണകാലഘട്ടം.

ഭൗതികസൗകര്യങ്ങളുടെ സമ്പല്‍സമൃദ്ധി മാത്രമായിരുന്നില്ല, അറിവിനു വേണ്ടിയുള്ള അടങ്ങാത്ത ആവേശമായിരുന്നു മധ്യകാല ഇസ്ലാമിലെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ സംസ്‌ക്കാരങ്ങളെയും അവള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ലോകത്തിന്റെ പല കോണുകളില്‍ ഉള്ള പണ്ഡിതന്മാര്‍ അറേബ്യയിലേക്ക് കുടിയേറി. വിലകുറഞ്ഞ ചൈനീസ് പേപ്പര്‍ അറേബ്യയില്‍ എത്തിയത് അറിവിന്റെ വിപ്ലവത്തിന് തന്നെ തുടക്കംകുറിച്ചു. പേപ്പറിന്റെ ധാരാളിത്തം കാരണം, ചരിത്രത്തിലാദ്യമായി, ബൗദ്ധിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വരുമാനമുണ്ടാക്കാവുന്നതായി മാറി. വിലകുറഞ്ഞ പേപ്പര്‍ , ലൈബ്രറികളുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചു. കൂടാതെ ട്രാന്‍സിലേഷന്‍ മൂവ്‌മെന്റ് (വിവര്‍ത്തന വിപ്ലവം) ആരംഭിച്ചു. ഗ്രീക്ക് ,ചൈനീസ്, സംസ്‌കൃതം ഭാഷകളിലെ വിവിധ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ആസ്‌ട്രോണമി , തത്വശാസ്ത്രം തുടങ്ങി അതുവരെ മനുഷ്യന്‍ കണ്ടെത്തിയ അറിവുകളെല്ലാം അറബി ഭാഷയിലേക്ക് മാറ്റപ്പെട്ടു. ശാസ്ത്രത്തിന്റെ സകല മേഖലകളിലും അറേബ്യന്‍ പണ്ഡിതര്‍ അവരുടെ സംഭാവകനകള്‍ നല്‍കി.

ജ്യോമട്രിയിലെയും ട്രിഗണോമട്രിയിലെയും സമവാക്യങ്ങള്‍, മക്ക ഏത് ദിശയിലാണ് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്തി. കാര്‍ഷികരംഗത്തും വ്യവസായങ്ങളിലും പുതിയ ശാസ്ത്ര അറിവുകള്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു . അറബി ശാസ്ത്ര ഭാഷയായി.

പുതിയ അറിവുകള്‍ പൊതുജനങ്ങളിലേക്ക് പകരാന്‍ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (മദ്രസകള്‍) തുടങ്ങി. അരിസ്റ്റോട്ടിലിന്റെയും, സോക്രട്ടസിന്റെയും, ടോളമിയുടെയും, ശുശ്രുതന്റെതും വിദ്യാര്‍ഥികള്‍ അറേബ്യയില്‍ ഉണ്ടായി.

മതവും ശാസ്ത്രവും

മധ്യകാല ഇസ്ലാമില്‍ ആദ്യ കാലത്ത് മതം ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു തടസ്സമായിരുന്നില്ല, എന്നാല്‍ ഒരു ചാലകശക്തി ആയിരുന്നു താനും. അറിവ് നേടാനുള്ള ആഹ്വാനം ഖുര്‍ആനില്‍ തന്നെ ഉണ്ടായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആരംഭകാലത്തെ ശാസ്ത്രത്തിന്റെ ഫലങ്ങള്‍ ഒന്നും തന്നെ മതത്തിന്റെ തത്വശാസ്ത്രത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നത് ആയിരുന്നില്ല എന്നതാണ്. ശൈശവ ദിശയിലായിരുന്ന ശാസ്ത്രം, മതം മുന്നോട്ടുവെക്കുന്ന സര്‍വ്വശക്തനായ ദൈവത്തിനും, അദ്ദേഹം സൃഷ്ടിച്ച പ്രകൃതിനിയമങ്ങള്‍ക്കും പ്രപഞ്ചത്തിനും യാതൊരു ഭീഷണിയുയര്‍ത്തുന്നവ ആയിരുന്നില്ല.

യുക്തിയും വെളിപാടും (Reason and Revelation)

കാലക്രമേണ രണ്ടു വ്യത്യസ്ത ചിന്താഗതികള്‍ മധ്യകാല ഇസ്ലാമില്‍ രൂപപ്പെട്ടു. ഒരു വിഭാഗം യുക്തിക്ക് മുന്‍തൂക്കം നല്‍കി (Mu’tazila). അറിവിന്റെ ഏക ഉറവിടം ഖുര്‍ആന്‍ അല്ല എന്നും മനുഷ്യബുദ്ധിക്ക് അനുസരിച്ച് കണ്ടെത്തുന്ന ശാസ്ത്രസത്യങ്ങള്‍, പരീക്ഷണത്തിലൂടെ നേരിടുന്ന ശാസ്ത്ര അറിവുകള്‍ ഒക്കെ ശരിയും തെറ്റും വേര്‍തിരിച്ചു അറിയാന്‍ ഉപയോഗിക്കാന്‍ കഴിയും എന്നൊക്കെ അവര്‍ ചിന്തിച്ചു, വാദിച്ചു. എന്നിരുന്നാലും ദൈവം, പ്രവാചകന്‍, എന്നീ ആത്യന്തിക സത്യങ്ങള്‍ക്ക് ഉള്ളില്‍ ആയിരിക്കണം യുക്തി എന്ന് അവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു.

രണ്ടാമത്തെ വിഭാഗം പൂര്‍ണമായും വെളിപാടില്‍ വിശ്വസിച്ചു (Ash’ari). ഖുര്‍ആന്‍ ആണ് അറിവിന്റെ ഏകവഴി എന്നും അത് വ്യാഖ്യാനങ്ങള്‍ക്ക് വിധേയമല്ല എന്നും ഈ കൂട്ടര്‍ വാദിച്ചു. തുടര്‍ന്ന് ഈ രണ്ടു കൂട്ടരും തമ്മിലുള്ള ആശയ സംവാദങ്ങളും പോരാട്ടങ്ങളും മധ്യകാല ഇസ്ലാമിന്റെ മുന്നോട്ടുള്ള വഴിയില്‍ നിര്‍ണായകമായിരുന്നു. ചില രാഷ്ട്രീയ സംഭവങ്ങളുടെ പരിണിതഫലമായി നിര്‍ഭാഗ്യവശാല്‍ സുവര്‍ണ്ണ കാലഘട്ടത്തിന്റെ അവസാന സമയത്ത് വെളിപാടിന് വേണ്ടി വാദിച്ചവരുടെ സംഘത്തിനാണ് ജനപിന്തുണയും അധികാര പിന്തുണയും ഉണ്ടായിരുന്നത് . ഈ പവര്‍ ഷിഫ്റ്റ് ആണ് ഇസ്ലാമിന് നേരിട്ട് ആദ്യത്തെ ആഘാതം.

സുവര്‍ണ്ണയുഗത്തിന്റെ അവസാനം

കുരിശുയുദ്ധങ്ങള്‍, ഓട്ടോമന്‍ സാമ്രാജ്യത്തിലെ വളര്‍ച്ച, മംഗോള്‍ ആക്രമണം, ആഭ്യന്തര യുദ്ധങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ അറേബ്യയുടെ സുവര്‍ണകാലം അവസാനിച്ചു. സില്‍ക്ക് റൂട്ട് ഉപേക്ഷിച്ചു യൂറോപ്പ് പുതിയ കടല്‍ വഴികള്‍ വ്യാപാരത്തിനായി കണ്ടെത്തി. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇസ്ലാമിന്റെ അപ്രമാദിത്യം അതോടെ അവസാനിച്ചു.

എന്നാല്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഇസ്ലാം ഒരു നിര്‍ണായകപങ്ക് അതിനോടകം തന്നെ വഹിച്ചു കഴിഞ്ഞിരുന്നു. പുരാതനമായ എല്ലാ അറിവുകളും ക്രോഡീകരിക്കുകയും വേണ്ട കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയും ചെയ്ത് അവര്‍ അത്, ഉയര്‍ന്നുവന്ന പുതിയ ശക്തിയായ യൂറോപ്പിന് കൈമാറി. അറേബ്യയില്‍ ഉയര്‍ന്നുവന്ന ശാസ്ത്രീയചിന്താഗതി ഉപയോഗിച്ച് AD 1500 ശേഷം യൂറോപ്പ് മുന്നോട്ടു കുതിച്ചു. അവരുടെ ആദ്യകാല ശാസ്ത്ര ശ്രമങ്ങള്‍ അറബിയില്‍ നിന്ന് അറിവിന്റെ അമൂല്യശേഖരം പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു. യൂറോപ്പില്‍ Renaissance, Enlightenment, Age of discovery, Colonialism, Industrial Revolution എന്നിവയിലൂടെ ശാസ്ത്രം അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു.

ഇസ്സാമിലേക്ക് ശാസ്ത്രം തിരിച്ചുവരുന്നു

ഇസ്ലാമിക ലോകത്തേക്ക് ശാസ്ത്രം രണ്ടാമത് വന്നപ്പോഴേക്കും, മധ്യകാലത്ത് അവര്‍ പരിശീലിച്ചിരുന്ന ശൈശവദശയില്‍ നിന്ന് അത് ഒരുപാട് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. കൊളോണിയലിസത്തിന് അവസാനം യൂറോപ്പില്‍ നിന്ന് പതിയെ സ്വാതന്ത്ര്യത്തിലേക്ക് വന്ന ഇസ്ലാം യൂറോപ്പിന്റെതായ എല്ലാ ആദര്‍ശങ്ങളോടും മുഖം തിരിച്ചു. ശാസ്ത്രം മാത്രമല്ല ഗ്ലോബലൈസേഷന്‍, സെക്കുലറിസം, തുടങ്ങിയ ആശയങ്ങളോട് എല്ലാം ശത്രുതാ മനോഭാവത്തോടെ ആണ് അവര്‍ നേരിട്ടത്.

മധ്യകാല ഇസ്ലാമില്‍ സംഭവിച്ചത് പോലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് രണ്ടു ചിന്താരീതികള്‍ ഇസ്ലാമിക ലോകത്ത് ഉയര്‍ന്നുവന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ശാസ്ത്രീയമായി ചിന്തിക്കണമെന്നും ശാസ്ത്രത്തിന്റെ എല്ലാ വിധഗുണങ്ങളും ഉപയോഗിച്ചുകൊണ്ട് മുന്നോട്ട്‌പോകണം എന്ന് കരുതിയിരുന്ന വിഭാഗം പിന്തള്ളപ്പെട്ടു. വെളിപാട് സാഹിത്യത്തിനു വേണ്ടി വാദിച്ചവര്‍ വീണ്ടും വിജയിച്ചു. ഭൂതകാലത്തേക്ക് തിരിച്ചു നടക്കുന്നതാണ് ഇസ്ലാമിന് നല്ലതെന്ന് അവര്‍ ഭൂരിപക്ഷത്തെയും വിശ്വസിപ്പിച്ചു. എന്നാല്‍ ആ തിരിഞ്ഞു നടത്താം ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് ആയിരുന്നില്ല, പകരം മധ്യകാല ഇസ്ലാമിന്റെ അവസാന സമയത്ത് ശക്തിപ്രാപിച്ച വെളിപാടിന് പ്രാധാന്യം കൊടുക്കുന്ന ചിന്താരീതിയിലേക്കായിരുന്നു.

പരിണാമം, ക്വാണ്ടം മെക്കാനിക്‌സ്, ശൂന്യാകാശം , പ്രപഞ്ചോല്‍പ്പത്തി, മനുഷ്യ ശരീരം, ഭൂമിയുടെ ഘടനാ, പ്രകൃതി പ്രതിഭാസങ്ങളുടെ നിര്‍വചനം തുടങ്ങിയ എല്ലാ അറിവുകളും തന്നെ മതത്തിന്റെ അടിസ്ഥാനത്തെ തകര്‍ക്കാന്‍ പ്രാപ്തമായത് ആയിരുന്നു.മതത്തെ രക്ഷിക്കാനായി ശാസ്ത്രവും മതവും ഒരിക്കലും ചേര്‍ന്ന് പോകുന്നതല്ല എന്ന നിഗമനത്തിലേക്ക് ഇസ്ലാം പണ്ഡിതര്‍ എത്തി ചേര്‍ന്നു.

ആധുനിക ലോകത്തെ മുസ്ലിം ശാസ്ത്രജ്ഞന്മാരെ പൊതുവെ നാലായി തിരിക്കാം.

  1. ശാസ്ത്രത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കുന്നവര്‍.
  2. ആധുനിക ശാസ്ത്രം കണ്ടെത്തിയ എല്ലാ അറിവുകളും ഖുര്‍ആനില്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു എന്ന് കരുതുന്നവര്‍.
  3. ശാസ്ത്രത്തിലെ പുതിയ അറിവുകള്‍ ഉപയോഗിച്ച് ഇസ്ലാം മതത്തിന്റെ തത്വസംഹിത പരിഷ്‌കരിക്കണമെന്ന കരുതുന്നവര്‍.
  4. മറ്റെല്ലാ മേഖലകളിലും ഉള്ള ശാസ്ത്ര അറിവുകളെ അംഗീകരിക്കുന്നു എങ്കിലും മനുഷ്യനെ സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ആയ ജീവിതലക്ഷ്യം ,മാനസിക സന്തോഷം, ധാര്‍മികത തുടങ്ങിയവയില്‍ ശാസ്ത്രത്തില്‍ യാതൊരു റോളില്ല എന്നും അങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ഇസ്ലാം മതത്തിന് മാത്രമേ കഴിയുമെന്ന് കരുതുന്നവര്‍.

അങ്ങനെ രാഷ്ട്രീയ സാഹചര്യങ്ങളും മത രക്ഷക്കായുള്ള യാഥാസ്ഥിക ശ്രമങ്ങളും ചേര്‍ന്നു രണ്ടാംവരവില്‍ സയന്‍സിനെ പൂര്‍ണമായും ഇസ്ലാമില്‍ നിന്നകറ്റി. ലോകജനസംഖ്യയുടെ വലിയൊരു പങ്ക് ആയ ഇസ്ലാം സമൂഹത്തില്‍നിന്ന് ശാസ്ത്രജ്ഞരുടെ പ്രാതിനിധ്യം തന്നെ ഇല്ലാതെയായി. നോബല്‍ സമ്മാന ജേതാക്കളുടെ ലിസ്റ്റിലും ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്ന പുതിയ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നവരുടെ എണ്ണത്തിലും ഇസ്ലാമിക ശാസ്ത്രജ്ഞന്‍മാര്‍ വളരെ കുറവാണ്.

അതേ സമയം ‘ചിന്തിക്കുന്ന ഹൃദയ’ത്തിലും, ‘ആഴക്കടലിന്റെ ഇരുട്ടിലും’ അനാചാരങ്ങളുടെ ലോജിക്കിലും ശാസ്ത്രത്തെ കണ്ടെത്താന്‍ ആയി മലയാള മതപൗരോഹിത്യം കഠിനാധ്വാനം ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിത ബുദ്ധിയും ജനിറ്റിക്ക് എഞ്ചിനീയറിംഗ്‌ന്റെയും സ്‌പേസ് ടെക്‌നോളജിയുടെയും ഒക്കെ ചുവടുപിടിച്ച് ശാസ്ത്ര ലോകം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. നഷ്ടപ്പെട്ട കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകള്‍ പരിഹരിച്ച് ആരംഭകാലത്തെ പോലെ അറിവിനായി വാതിലുകള്‍ തുറന്നിട്ടില്ല എങ്കില്‍ കോടിക്കണക്കിന് വരുന്ന ഇസ്ലാമിക ജനസമൂഹം ഒരു പാട് പിറകിലേക്ക് തള്ളപ്പടും.