The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു


“യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത്. മനുഷ്യരാശി പല നൂറ്റാണ്ടുകൾ ആയി ഈ വികാരത്തിന്റെ പലതരത്തിലും തീവ്രതയിലും ഉള്ള രൂപദേദങ്ങൾ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ടെങ്കിലും അതിനെ ശരിയായി മനസിലാക്കാനോ അതിന്റെ പ്രചാരകരെ നേരിടാനോ മനുഷ്യർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ താളം ഈ വികാരം ആണ്.”- പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയുമായ അയ്ൻ റാൻഡിന്റെ Age of Envy (Part 1) വിവർത്തനം ചെയ്തത് അഭിലാഷ് കൃഷ്ണൻ 

വ്യക്തികൾക്ക് ഉള്ളത് പോലെ സംസ്കാരങ്ങൾക്കും ഒരു ജീവതാളം ഉണ്ട്. അതാത് സമൂഹങ്ങളിൽ നിലനിൽക്കുന്ന ഏറ്റവും അടിസ്ഥാനവും പ്രബലവുമായ ഫിലോസഫി – മനുഷ്യനെയും മനുഷ്യന്റെ നിലനിൽപിനെയും ആ ഫിലോസഫി എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചിരിക്കും ഈ താളം. അതാത് കാലത്തെ വൈകാരിക തലങ്ങളും, മൂല്യങ്ങളും, സ്റ്റെലും രാഷ്ട്രീയവും എല്ലാം ഈ അടിസ്ഥാനത്തിൽ നിന്നാണ് രൂപപെടുന്നത്.

പാശ്ചാത്യലോകത്ത് പതിനെട്ടാം നൂറ്റാണ്ട് യുക്തിയുടെ യുഗം, ജ്ഞാനോദയ യുഗം എന്നൊക്കെ അറിയപ്പെടാറുണ്ട്. അന്ന് പ്രബലമായ ബൗദ്ധിക മുന്നേറ്റം യുക്തിയെ അടിസ്ഥാനപ്പെടുത്തിയതായിരുന്നു. അതിനാൽ അവിടെ നിന്ന് വന്ന മൂല്യങ്ങളിലും മറ്റ് എല്ലാത്തിലും ഈ അടിസ്ഥാന ഫിലോസഫിയുടെ തിളക്കം കാണാം. എന്നാൽ ഇന്ന് നമ്മൾ അസൂയയുടെയും കുശുമ്പിന്റെ യുഗത്തിലാണ് – Age of Envy.

ഭാഷയുടെ പരിമിതി കാരണം കുശുമ്പ്, അസൂയ എന്ന് പറയുന്നെങ്കിലും ഈ സങ്കീർണമായ വികാര പരിസരത്തിന് ഒരു പ്രത്യേക പദം ഇല്ല. ഏറ്റവും ചേർന്ന് നിൽക്കുന്ന മനസിലാക്കാൻ കഴിയുന്ന പദം ഉപയോഗിക്കുന്നു എന്നു മാത്രം. യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത്. മനുഷ്യരാശി പല നൂറ്റാണ്ടുകൾ ആയി ഈ വികാരത്തിന്റെ പലതരത്തിലും തീവ്രതയിലും ഉള്ള രൂപദേദങ്ങൾ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ടെങ്കിലും അതിനെ ശരിയായി മനസിലാക്കാനോ അതിന്റെ പ്രചാരകരെ നേരിടാനോ മനുഷ്യർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ താളം ഈ വികാരം ആണ്. നമ്മൾ അതിൽ മുങ്ങിത്താഴുന്നു. അതിന്റെ പ്രചാരകർ വരെ അത് വെളുപ്പെടുത്തിയിട്ടും അതിനെ നിർവചിക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ മനുഷ്യർ ഒഴിഞ്ഞു മാറുകയാണ്. ആദിമ മനുഷ്യൻ ചെകുത്താനെ ഭയന്ന പോലെ.

എന്താണ് ഈ വികാരം? അത്, നല്ലതിനെ നല്ലതായതിന്റെ പേരിൽ വെറുക്കുക എന്നതാണ്. മികവുള്ളതിനെ മികവുള്ളതായതിന്റെ പേരിൽ വെറുക്കുക എന്നതാണ് (hatred of the good for being the good). വ്യക്തികൾ പലപ്പോഴും അവർ ശരിയല്ല എന്ന് കരുതുന്ന മൂല്യങ്ങൾ കൊണ്ട് നടക്കുന്നവരെ വെറുക്കാറുണ്ട്. ഉദാഹരണമായി അനുസരണയുള്ള കുട്ടിയെ ഉദാഹരണമായി കാണിക്കുമ്പോൾ അനുസരണ ഒരു നല്ല കാര്യമായി കരുതാത്ത കുട്ടികൾ ആ കുട്ടിയെ വെറുത്തേക്കാം. അത് പോലെ മറ്റുള്ളവർക്ക് വേണ്ടി ഒരാൾ സ്വയം ത്യജിച്ച് ജീവിക്കണം എന്ന് കരുതുന്ന ഒരാളെ അങ്ങനെയല്ല ജീവിക്കേണ്ടത് എന്ന് കരുതുന്നവർ വെറുത്തേക്കാം. ഇത് മൂല്യങ്ങൾ തമ്മിലുള്ള സംഘട്ടനം ആണ്. അല്ലാതെ നല്ലതിനെ, മികവിനെ വെറുക്കൽ അല്ല.

ഒരാൾ അയാളുടെ ചിന്തയിൽ നല്ലതെന്ന് കരുതുന്ന ഒരു ഗുണം, കഴിവ്, നേട്ടം, മൂല്യം ഉള്ള ഒരാളെ വെറുക്കുന്നത് ആണ് ഇവിടെ പ്രതിപാദിക്കുന്ന വികാരം. ഉദാഹരണമായി നല്ല മാർക്ക് വാങ്ങണം എന്ന് ആഗ്രഹമുള്ള ഒരു കുട്ടി തനിക്ക് അത് കിട്ടാതെ ആകുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളവനെ വെറുക്കുന്നു. ബുദ്ധി എന്നത് മികച്ച മൂല്യം ആയി കാണുകയും എന്നാൽ സ്വന്തം ബുദ്ധിയിൽ വലിയ മതിപ്പും ഇല്ലാത്ത ഒരാൾ ബുദ്ധിമാനായ ഒരാളെ വെറുക്കുന്നു.

ഏത് മൂല്യത്തെ ആണ് എതിർക്കുന്നത് എന്നതല്ല ഈ വികാരത്തിന്റെ പ്രൈമറി ഘടകം. ഈ വികാരത്തെ മറ്റുള്ള വികാരങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നത് ഇത് വിപരീത ദിശയിൽ പ്രവർത്തിക്കുന്നു എന്നതാണ്. അതായത് വെറുക്കുന്നവൻ വെറുക്കപെടുന്നവന്റെ തിൻമയോ കഴിവുകേടോ അല്ല പകരം നൻമയും മികവും വെറുക്കുന്നു. ഈ വികാരം കൊണ്ടു നടക്കുന്നവർക്ക് പക്ഷേ ഇതിന്റെ നേരെ വിപരീതം, അതായത് തിൻമയുള്ള മനുഷ്യരോട് ആരാധന/ഇഷ്ടം ഇതൊന്നും ഉണ്ടാകില്ല. ഈ വികാരത്തിന്റെ റേഞ്ച് നിസംഗത മുതൽ വെറുപ്പ് വരെയാണ്. നൻമയെ വെറുക്കുന്നവന് ആരെയും സ്നേഹിക്കാൻ ആവില്ല.

വെറുപ്പിന്റെ കാരണങ്ങൾ ആയി വെറുക്കുന്നവൻ പല കാരണങ്ങൾ നിരത്തും. ഉദാഹരണമായി, “ഞാൻ അവന് ബുദ്ധിമാൻ ആയത് കൊണ്ടല്ല വെറുക്കുന്നത്. പക്ഷേ അവന്റെ തലക്കനം കണ്ടിട്ടാണ്.” തലക്കനം ആണെന്ന് ഉള്ളതിന്റെ തെളിവു ചോദിച്ചാൽ ഉത്തരം “അവൻ ധിക്കാരിയാണ്… അവൻ കടുംപിടിത്തക്കാരൻ ആണ്… അവൻ സ്വാർത്ഥനാണ്” തുടങ്ങി അവസാനം “അവൻ ബുദ്ധിമാൻ ആണ് എന്ന് അവന് അറിയാം” എന്ന ഉത്തരത്തിലേക്ക് എത്തും. ശരി, അത് അറിയുന്നതിൽ എന്താണ് പ്രശ്നം? ഉത്തരം ഇല്ല. അത് അറിഞ്ഞിട്ടും അയാൾ ഒളിച്ച് വെക്കണമോ? ഉത്തരം ഇല്ല. ആരിൽ നിന്നാണ് ഒളിക്കേണ്ടത്. പറയാത്ത എന്നാൽ ഉളളിലുള്ള ഉത്തരം ഇതാണ് – “എന്നെ പോലുള്ള മനുഷ്യരിൽ നിന്ന്.”

ഒരാൾ സദ്ഗുണങ്ങളുടെ പേരിലാണോ അതോ മോശം ഗുണങ്ങളുടെ പേരിലാണോ വെറുക്കപ്പെടുന്നത് എന്ന് കണ്ടുപിടിക്കാൻ വളരെ പ്രയാസമാണ്. വെറുക്കുന്നവൻ ആത്മപരിശോധന നടത്തിയാൽ മാത്രമേ അത് മനസിലാക്കുകയുള്ളു. എന്നാൽ ആത്മ പരിശോധന എന്നത് വെറുക്കുന്നവരിൽ സാധാരണ കണ്ടുവരുന്ന ഒരു കാര്യം അല്ല. വ്യക്തി ബന്ധങ്ങൾ ഉൾപ്പെട്ട വിഷയങ്ങളിൽ പൂർണ വിവരം അറിയാൻ കഴിയാത്തതിനാൽ പുറത്ത് നിന്ന് നിരീക്ഷിക്കുന്നവർക്ക് ഒരാൾ പരിചിതരോട് എങ്ങനെ പെരുമാറുന്നു എന്നതിൽ നിന്ന് വെറുപ്പിന്റെ കാരണം അറിയാൻ കഴിയില്ല. പക്ഷേ എങ്ങനെയാണ് അപരിചിതരോട്, സെലിബ്രിറ്റികളോട്, വിജയിച്ചവരോട് തങ്ങളുടെ ജീവിതം ആയി ഒരു ബന്ധമില്ലാത്തവരോട് അവർ വെറുപ്പ് കാണിക്കുന്നത് എന്ന് നോക്കി വെറുപ്പിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാവും.

ഒരാളുടെ വിജയത്തിൽ സങ്കടപെടുകയും പരാജയത്തിൽ സന്തോഷിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ വ്യക്തമായ ആവിഷ്കാരം. വെറുക്കുന്നവന് ഇവിടെ നേടാനും നഷ്ടപെടാനും ഒന്നുമില്ല. അവൻ്റെ ഒരു മൂല്യവ്യവസ്ഥയ്ക്കും എതിരെയല്ല വെറുക്കപെടുന്നവൻ. പക്ഷേ ഏതോ ഒരു മനുഷ്യൻ വിജയിച്ചു അല്ലെങ്കിൽ പരാജയപ്പെട്ടു എന്ന് അറിയുമ്പോൾ അറിയാതെ കുറച്ച് നേരത്തേക്ക് വന്നു പോകുന്ന ഈ വികാരം നിങ്ങൾ എവിടെ എങ്കിലും കണ്ടിട്ടുണ്ട് എങ്കിൽ തിൻമയുടെ ഏറ്റവും രുദ്ര ഭാവം നിങ്ങൾ കണ്ടു എന്നാണ് അർത്ഥം.

ആരുടെയെങ്കിലും അർഹിക്കാത്ത വിജയത്തിൽ നീരസപ്പെടുന്ന, അല്ലെങ്കിൽ ആരുടെയെങ്കിലും അർഹമായ പരാജയത്തിൽ സന്തോഷിക്കുന്ന ഒരു വ്യക്തിയുടെ വികാരത്തെ ഇതായി തെറ്റിധരിക്കരുത്. ആ പ്രതികരണങ്ങൾ നീതി ബോധത്തിൽ ഉണ്ടാകുന്നതാണ്. ഇവിടെ പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസത്തെ പറ്റിയാണ്, അതിന്റെ വൈകാരിക പ്രകടനങ്ങൾ വ്യത്യസ്തമാണ്. അയൽക്കാരൻ ധനികൻ ആണ്, താൻ ദരിദ്രൻ ആണ് എന്നറിയുമ്പോൾ അയാളെ പോലെ ഞാൻ ധനികൻ അല്ലല്ലോ എന്ന തോന്നലിൽ ഒരു അസൂയ തോന്നാം. ഇത് നിഷ്കളങ്കമല്ല പക്ഷേ സാധാരണ ആണ്. കുറച്ചു കൂടെ കടന്ന്, കടം വാങ്ങിയും അയൽക്കാരൻ നടക്കുന്ന പോലെ തനിക്ക് നടക്കാൻ ആഗ്രഹിക്കുന്നതും ഒരു വലിയ തെറ്റല്ല.

ചിലർ അയൽക്കാരൻ്റെ കാറും ആഭരണങ്ങളും സ്വന്തമാക്കാൻ ശ്രമിക്കും. ഇത് സാധാരണ അല്ല. അങ്ങനെ ചെയ്യുന്നവർ കുറ്റവാളികൾ ആണ്. പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ തിൻമ ആണ് ഇവിടെ പറയുന്ന “ഞാൻ എൻ്റെ അയൽക്കാരനെ വെറുക്കുന്നു. കാരണം അവൻ ധനികൻ ആണ്” എന്ന വികാരം. ഉപരിതലത്തിൽ മറ്റുള്ളവരുടെ ധനം തനിക്കില്ലല്ലോ എന്ന അസൂയയും കുശുമ്പും ആണ് പ്രകടമാകുന്നത് എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ ഈ വികാരം ഉള്ളവന് യാതൊരു ആഗ്രഹങ്ങളും ഇല്ല. അവന് ധനികൻ ആകേണ്ട. മനുഷ്യർ ദരിദ്രർ ആയാൽ മതി.

“അവർ നിങ്ങളുടെ സൗഭാഗ്യങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾക്ക് അത് നഷ്‌ടപ്പെടണം എന്ന് അവർ ആഗ്രഹിക്കുന്നു; അവർ വിജയിക്കാൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾ പരാജയപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നു; അവർ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾ മരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു; അവർ ഒന്നും ആഗ്രഹിക്കുന്നില്ല, അവർ അസ്തിത്വത്തെ തന്നെ വെറുക്കുന്നു…” (Atlas Shrugged) ഒരു മൂല്യത്തിനെ നശിപ്പിക്കാനുള്ള ആഗ്രഹവും ജനിപ്പിക്കുന്ന ഒരു ജീവിയുടെ സ്വഭാവം എന്താണ്? ഏറ്റവും അഗാധമായ അർത്ഥത്തിൽ, അത്തരമൊരു ജീവി ഒരു കൊലയാളിയാണ്, ശാരീരികമല്ല, മറിച്ച് ഒരു മെറ്റാഫിസിക്കൽ കൊലയാളി – അത് നിങ്ങളുടെ മൂല്യങ്ങളുടെ ശത്രുവല്ല, മറിച്ച് എല്ലാ മൂല്യങ്ങളുടെയും ശത്രുവാണ്, അത് മനുഷ്യരെ അതിജീവിക്കാൻ പ്രാപ്തരാക്കുന്ന എന്തിന്റെയും ശത്രുവാണ്. അത് ജീവന്റെയും ജീവിക്കുന്ന എല്ലാറ്റിന്റെയും ശത്രുവാണ്.

ജീവികൾ തമ്മിലുള്ള ഏതൊരു വിജയകരമായ ബന്ധത്തിന്റെയും അനിവാര്യതയാണ് അവർ ഓരോരുത്തർക്കും ഉള്ള മൂല്യ വ്യവസ്ഥ. നിങ്ങൾ ഒരു മൃഗത്തെ പരിശീലിപ്പിക്കുകയാണെങ്കിൽ, അത് നിങ്ങളെ അനുസരിക്കുമ്പോഴെല്ലാം നിങ്ങൾ അതിനെ ഉപദ്രവിക്കില്ല. നിങ്ങൾ ഒരു കുട്ടിയെ വളർത്തുകയാണെങ്കിൽ, അവൻ ശരിയായി നടക്കുമ്പോൾ എല്ലാം നിങ്ങൾ അവനെ ശിക്ഷിക്കില്ല. വെറുക്കുന്ന ജീവികളുമായി നിങ്ങൾക്ക് എന്ത് ബന്ധമാണ് സ്ഥാപിക്കാൻ കഴിയുക? നിങ്ങൾ അസ്തിത്വത്തിനായി പോരാടുകയും നിങ്ങളുടെ വിജയം നിങ്ങൾക്ക് നൽകുന്നത് അംഗീകാരവും അഭിനന്ദനവുമല്ല, മറിച്ച് വെറുപ്പാണെന്ന് മനസിലാക്കിയാൽ നിങ്ങൾ ധാർമ്മികത പുലർത്താൻ പരിശ്രമിക്കുകയും നിങ്ങളുടെ സദ്ഗുണം നിങ്ങളെ കൊണ്ടുവരുന്നത് സ്നേഹമല്ല, മറിച്ച് നിങ്ങളുടെ സഹജീവികളുടെ വെറുപ്പാണെന്ന് കണ്ടെത്തിയാൽ നിങ്ങൾക്ക് കരുണ ഉണ്ടാകുമോ? നിങ്ങളുടെ സഹജീവികളോട് നല്ല ബന്ധങ്ങൾ സൃഷ്ടിക്കാനോ നിലനിർത്താനോ നിങ്ങൾക്ക് കഴിയുമോ?

Age of Envy (1971) – Part 1 വിവർത്തനം