മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു


“വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു… കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശുകാരുടെ ഡോളര്‍ വരുമാനം ബാധിച്ചുതുടങ്ങി. പല ആഫ്രിക്കന്‍ രാജ്യങ്ങളും കെടുതിയിലാകും. ലോകം ഇതുവരെ നേടിയിരുന്ന ജീവിത നിലവാരങ്ങള്‍ പുറകിലേക്ക് പോകും. ബാലമരണങ്ങള്‍, ജീവിത ദൈര്‍ഘ്യം, മാതൃ മരണനിരക്ക് എല്ലാം പുറകിലേക്ക് പോകും”- പി ബി ഹരിദാസന്‍ എഴുതുന്നു.
വരുന്നത്, അശാന്തിയുടെ കാലമോ?

മാനവരാശിക്ക് മുകളില്‍ പല ദുരന്തങ്ങളുടെ കാര്‍മേഘങ്ങള്‍ ഒന്നിച്ച് ഉരുണ്ടുകൂടിയിരിക്കുന്നു. കഴിഞ്ഞ പല ദശകങ്ങളായി അനിതരസാധാരണമായ ജീവിത സൗകര്യങ്ങളും ശാന്തതയും മാനവരാശി ഉണ്ടായതുമുതല്‍ അനുഭവിക്കാത്ത സമാധാനവും സൗകര്യങ്ങളും ജീവിത നിലവാരങ്ങളും അനുഭവിച്ച് മുന്നോട്ടുപോയികൊണ്ടിരിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ തരണം ചെയ്ത് അതിലെ നിരര്‍ത്ഥകത പാഠമായി ഉള്‍ക്കൊണ്ട് പല ഗോത്രീയ മനോഗതികളുടെ നിരര്‍ത്ഥകത ഉള്‍ക്കൊണ്ട് ഒരു ലോക മാനവികത പാഠമാക്കി അതിനായി ശബ്ദിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയി കൊണ്ടിരിക്കുകയായിരുന്നു.

സമാധാനത്തിന്റേയും സയന്‍സ് ഉണ്ടാക്കിയെടുത്ത വികാസങ്ങളും അനുഭവിച്ച് പെറ്റുപെരുകി നമ്മള്‍ 750 കൊടിയിലെത്തി. ഈ ജനങ്ങക്കെല്ലാവര്‍ക്കും, ചില അശാന്തി പ്രദേശങ്ങളിലൊഴികെ, എല്ലാവരെയും തീറ്റി പോറ്റി ചൈല്‍ഡ് മോര്‍ട്ടാലിറ്റി നിയന്ത്രിച്ച്, കാലാവസ്ഥപോലെ വരുമായിരുന്നു മഹാമാരികളെ, മലേറിയ വസൂരി പ്ലേഗ് കോളറ , മുതലായവയെ നിയന്ത്രിച്ച് , മാനവരാശിയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളിലൂടെ നമ്മള്‍ മുന്നോട്ടുപോയികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് വിശ്വാസികള്‍ സാധാരണ പറയുന്നപോലെ, ‘മുകളിലിരിക്കുന്ന ദേവഗണങ്ങള്‍ക്ക്” അസൂയ സഹിക്കാന്‍ കഴിഞ്ഞിട്ടെന്ന വണ്ണം, മാനവരാശിക്ക് മുകളില്‍ ദുരന്തങ്ങളുടെ പല കാര്‍മേഘങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്നു.

കൊറോണ മുതല്‍ കടക്കെണി വരെ

1) നമ്മള്‍ പലതവണ ചര്‍ച്ച ചെയ്ത കൊറോണ എന്ന മഹാമാരി. അത് നിയന്ത്രിതമായി എന്ന് തോന്നുമെങ്കിലും അതുണ്ടാക്കിയ ഉത്പാദന പ്രിക്രിയകളിലെ തടസ്സങ്ങള്‍ പല രാജ്യങ്ങളിലും സാമ്പത്തിക പരാധീനതകളായി അന്നാട്ടിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്നു.

2) വ്‌ളാദിമിര്‍ പൂട്ടിന്‍ എന്ന പെരുമ മോഹിയുടെ അഖണ്ഡ സോവിയറ്റ് യൂണിയന്‍ ഭ്രമങ്ങള്‍ ഉണ്ടാക്കിയ യുക്രൈന്‍ യുദ്ധം. അത് ലോകത്തുണ്ടാക്കികൊണ്ടിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി ദൗ ര്‍ ലഭ്യങ്ങള്‍ വിലക്കയറ്റം ദുരിതങ്ങള്‍.

3) നാന്‍സി പെലോസി എന്നൊരു അമേരിക്കന്‍ മുത്തശ്ശിക്ക്, പെട്ടന്ന്, ലോകത്തെ ഒരു കോണിലെ ജനതയുടെ ജനാധിപത്യവും സമാധാനവും അപകടത്തിലാണെന്ന ഉള്‍വിളി ഉണ്ടാവുകയും, അവരോട് ഐക്യ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുവാനായി അമേരിക്കന്‍ പോര്‍ വിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും അകമ്പടിയോടെ ആ ചെറു പ്രദേശത്തേക്ക് പോകുകയും ആ ജനതയോട് ഐക്യ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു് തിരികെ വരികയും ചെയ്തതാണ് മാനവരാശിക്ക് മുകളിലെ പുതിയ കാര്‍ മേഘം. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയുള്ള അവസ്ഥയില്‍ ആണ് ലോക ജിയോ പൊളിറ്റിക്‌സ് എത്തിനില്‍ക്കുന്നത്.

4) അതിനെല്ലാം ഉപരിയാണ് ലോക രാഷ്ട്രങ്ങള്‍ വരുത്തിവെച്ചിരിക്കുന്ന കടക്കെണി. പൗരന്മാരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി , പോപ്പുലിസത്തിന്റെ ഭാഗമായി, കൊറോണയുടെ കാരണം പറഞ്ഞും അല്ലാതെയും ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം തന്നെ വന്‍ തോതില്‍ കടക്കൂമ്പാരം ഉണ്ടാക്കിവെച്ചിരിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ വികസിത എക്കണോമികള്‍ മാത്രമല്ല മിക്ക മൂന്നാം ലോക രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ഈ കലാപരിപാടി നടത്തി ലോക ജനതയെ മൂക്കറ്റം കടത്തില്‍ ഇറക്കി നിര്‍ത്തിയിരിക്കുന്നു. പല ജനതകളും ഇതില്‍ മുങ്ങി വീര്‍പ്പുമുട്ടിതന്നെ വരും ദശകങ്ങളില്‍ ജീവിക്കേണ്ടിവരും. ഇപ്പോള്‍ ലോക ഇക്കോണമി മുന്നോട്ടുപോകുന്നത് ഒരു അസന്തുലിതാവസ്ഥയില്‍ ആണ്. മുകളില്‍ പറഞ്ഞ മൂന്നു കാരണങ്ങളിലേതെങ്കിലുമൊന്ന് കൈവിട്ടു പോയാല്‍ അതുണ്ടാക്കാവുന്ന ജീവഹാനികള്‍ക്ക് പുറമെ ഇപ്പറഞ്ഞ ഇക്കോണമിയിലുള്ള അസന്തുലിതാവസ്ഥ ആരുടേയും നിയന്ത്രണങ്ങള്‍ക്കകത്തുനില്‍ക്കാതെ പതിക്കും. ആ അസന്തുലിതാതാവസ്ഥ പണപ്പെരുപ്പമായി വിലക്കയറ്റമായി ദൗര്‍ലഭ്യങ്ങളായി തൊഴിലില്ലായ്മയായി ദുരിതമായി പല രാജ്യങ്ങളിലെയും ജനതക്ക് സഹിക്കേണ്ടിവരും.

5) മുകളില്‍ പറഞ്ഞ ജിയോ പൊളിറ്റിക്കല്‍ അവസ്ഥ പാക്കിസ്ഥാന്‍ എന്ന നമ്മുടെ അയല്‍വാസിയെ, ന്യൂക്ലീയര്‍ പാക്കിസ്ഥാനെ, ശ്രീലങ്കയുടെ അവസ്ഥയില്‍ എത്തിക്കും. അവിടത്തെ നിലനില്‍ക്കുന്ന ഭരണക്രമത്തെ താറുമാറാക്കും. ഭരണം ഇസ്ലാമിസ്റ്റ് ഭീകരരുടെ കൈകളിലെത്താം. ആണവായുധങ്ങള്‍ അനിയന്ത്രിത കൈകളില്‍ എത്താം. ഇപ്പറഞ്ഞ ജിയോ പൊളിറ്റിക്കല്‍ അവസ്ഥകള്‍ കാരണങ്ങള്‍ പലതായിട്ടാണ് നമ്മള്‍ കാണുന്നതെങ്കിലും ദുരിതങ്ങള്‍ വിതക്കുമ്പോള്‍ ഒരേസമയം പരസ്പരീ ചേര്‍ന്നപോലെ മാനവരാശിക്കു മേല്‍ നിപതിക്കാം.

കാടിളക്കിയ നാന്‍സി പൊലോസി

ഉണ്ടിരിക്കുന്ന ‘നായര്‍ക്ക്’ ഒരു വിളി കേട്ടതു പോലെ സമാധാനത്തോടെ പോയികൊണ്ടിരിക്കുന്ന ഒരന്തരീക്ഷത്തില്‍, നാന്‍സി പെലോസി എന്നൊരു അമേരിക്കന്‍ മുത്തശ്ശിക്ക്, പെട്ടന്ന്, ലോകത്തെ ഒരു കോണിലെ ജനാധിപത്യവും സമാധാനവും അപകടത്തിലാണെന്ന ഉള്‍വിളി ഉണ്ടാവുകയും, അവരോട് ഐക്യ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുവാനായി അമേരിക്കന്‍ പോര്‍ വിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും അകമ്പടിയോടെ ആ ചെറു പ്രദേശത്തേക്ക് പോകുകയും ആ ജനതയോട് ‘ഐക്യ ധാര്‍ഷ്ട്യം’ പ്രകടിപ്പിച്ച് തിരികെ വരികയും ചെയ്തതാണ് മാനവരാശിക്ക് മുകളിലെ പുതിയ കാര്‍ മേഘം. ഈ സന്ദര്‍ശനത്തെ പലരും ഡീപ്പ് സറ്റേറ്റ് ഗൂഡാലോചനയായി ആണ് വായിക്കുന്നത്. പക്ഷെ അമേരിക്കന്‍ പ്രസിഡന്റും വിവിധ അമേരിക്കന്‍ ബുദ്ധിജീവികളും ഇതിനെ അനുകൂലിക്കുന്നുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അധിക്ഷേക്കുകയും ചെയ്തിട്ടുണ്ട്.

എന്തായാലും അതോടുകൂടി സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിതനിലവാരം പുലര്‍ത്തി ജീവിച്ചുവന്നിരുന്ന തായ്വാന്‍ ജനതയുടെ സമാധാന അന്തരീക്ഷം ഇല്ലാതായി. ശരിതന്നെ, പ്രദേശത്തെ മസില്‍ മാന്‍ ചൈന ആ ചെറു ജനതയെ ഭയപെടുത്തുന്നുണ്ടായിരുന്നു. അത് പക്ഷെ ദശകങ്ങളായുള്ള ഒരു മീശ പിരി ആയി ജീവിതം മുന്നോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ ‘Destined for War’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. പ്രതാപങ്ങളും ആത്മാഭിമാനങ്ങളും ക്ഷത പെട്ടുകഴിഞ്ഞു. അല്‍പ്പസ്വല്‍പ്പം മീശ പിരിവ് മാത്രം കാണിച്ചു നടന്നിരുന്ന ചൈനയെ റഷ്യയുടെ പാളയത്തിലേക്ക് ഈ പെലോസ്സി മുത്തശ്ശി തള്ളിവിട്ടു. അങ്കിള്‍ സാം മാനേജീരിയല്‍ കഴിവുകളില്‍ മിടുക്കന്മാര്‍ ആണെങ്കിലും ഇതുപോലുള്ള ചില അഹങ്കാര അബദ്ധ തീരുമാനങ്ങളും എടുക്കാറുണ്ട്. ഫലം ലോകം എന്നന്നേക്കുമായി മാറിക്കഴിഞ്ഞു. ഇനി വരുന്ന ദശകങ്ങളില്‍ പല സാമ്പത്തിക കഷ്ടതകളിലേക്ക് വീണുകഴിഞ്ഞു.

ഇപ്പോള്‍ കാര്യങ്ങള്‍ നിലനിന്നുപോകുന്നത് വിരോധാഭാസമെന്ന് പറയട്ടെ, പ്രധാന രാജ്യങ്ങളെല്ലാം ആണവായുദ്ധം കൈവശം വെക്കുന്നു എന്നതു കൊണ്ട് മാത്രമാണ് . അല്ലെങ്കില്‍ ഒരു യുദ്ധം ഇപ്പോള്‍ തന്നെ നടന്നിരിക്കുമായിരുന്നു. ലോകത്തെ പ്രധാന രാഷ്ട്രങ്ങളിലെ ഏതെങ്കിലുമൊരു മെഗലോമാനിയാക്കിന്റെ ബുദ്ധി തെറ്റായി പ്രവര്‍ത്തിച്ചാല്‍, വയസ്സന്മാരായ ഏതെങ്കിലും ലോകനേതാക്കന്മാരുടെ, മുത്തശ്ശിമാരുടെ, വാക്കുകള്‍ പ്രവര്‍ത്തികള്‍ അതിരുകടന്നാല്‍ ലോകം അനാവശ്യമായ ഒരു യുദ്ധത്തില്‍ ആണ് ചെന്ന് പെടുക .

റഷ്യ യുക്രൈന്‍ യുദ്ധം ഇത്രമേല്‍ ദുരിതങ്ങള്‍ ലോകത്തുണ്ടാക്കിയെങ്കില്‍ ചൈനയും തായ്വാനും, അമേരിക്കയുടെ പിന്തുണയില്‍, ഒരു യുദ്ധത്തിലെത്തിയാല്‍ ലോക ദുരിതങ്ങള്‍ ഇപ്പോളുള്ളതിന്റെ പതിന്മടങ്ങായിരിക്കും. അതൊരു ആണവ ദുരന്തത്തില്‍ എത്തിയില്ലെങ്കില്‍ പോലും, ലോകത്തിന് അതൊരു മഹാ വിപത്താണ് (Catastrophe) ഉണ്ടാക്കുക. കാരണം പഴയ കാലത്തിനേക്കാള്‍ പലമടങ്ങു് ആഗോളവല്‍ക്കരിക്കപ്പെട്ട സപ്ലൈ ചെയിന്‍, പരസ്പര ബന്ധിതമായി കിടക്കുന്ന ആധുനിക ലോകത്ത്, അതൊക്കെ ഭഞ്ജിക്കപെടും ലോക ഇക്കണോമി തകരും.

കച്ചവടങ്ങള്‍ പഴയപോലെ നിര്‍ബാധമായി സുഖമമായി മുന്നോട്ടുപ്പോകാന്‍ അടുത്തകാലത്തൊന്നും ഇടയില്ല. ഫലം ആഭ്യന്തര ഉല്‍പാദനവും ആഭ്യന്തര കണ്‍സംഷനും കുറവുള്ള രാജ്യങ്ങള്‍ മിക്കവയും, വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ മിക്കവയും, ദൗര്‍ലഭ്യങ്ങളിലേക്കും ആകാശം മുട്ടുന്ന വിലക്കയറ്റത്തിലേക്കും നീങ്ങും. കഴിഞ്ഞ പല പതിറ്റാണ്ടുകളായി അമേരിക്കയും യൂറോപ്പും അവരുടെ മിക്ക അടിസ്ഥാന വ്യവസായങ്ങളും പല മൂന്നാം ലോക രാജ്യങ്ങളിലേക്ക് പതിച്ചു കൊടുത്തിരിക്കുകയാണ്. ചൈന ലോകത്തിന്റെ ഫാക്ടറി ആയാണ് നിലനില്‍ക്കുന്നത്. തായ്ലന്‍ഡ്, വിയറ്റനാം, സൗത്ത് കൊറിയ, ആസ്ട്രേലിയ, ചൈന എന്നിങ്ങനെ രാജ്യങ്ങള്‍ വളരെ പരസ്പര ആശ്രിതമായാണ് ലോകം മുന്നോട്ടുപോകുന്നത്. ആ സിസ്റ്റം ആണ് മുടങ്ങാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ പഴയകാല യുദ്ധങ്ങള്‍ പോലെയല്ല, ഇനിയൊരു യുദ്ധം ലോകത്ത് ദുരിതങ്ങള്‍ വിതക്കാന്‍ പോകുന്നത്. കോളാറ്ററല്‍ ഡാമേജ് ഇല്ലാതെ തന്നെ വന്‍ ദുരന്തങ്ങള്‍ അതുണ്ടാക്കും.

കടക്കെണി എന്ന അശനിപാതം

ഇവിടെയാണ് ലോകരാഷ്ട്രങ്ങള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന കടക്കെണി ഒരു അശനിപാതം പോലെ പല ലോകരാഷ്ട്രങ്ങള്‍ക്കുമേലും പതിക്കാന്‍ പോകുന്നത്. ഇക്കാര്യം നേരത്തെ ഒരു ലേഖനത്തില്‍ പ്രതിപാതിച്ചതാണെങ്കിലും കാര്യത്തിന്റെ പ്രാധാന്യം കൊണ്ട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

ആധുനിക ഫൈനാന്‍സ് ക്യാപിറ്റലിസം ഭാവിയില്‍ നിന്ന് പരിധിയില്ലാത്ത മൂലധനം അഥവാ ഫണ്ടുകള്‍ സ്വരൂപിച്ചെടുക്കാന്‍ പല ടൂളുകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ലോക രാഷ്ട്രങ്ങള്‍ കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളിലായി ലക്കും ലഗാനുമില്ലാതെ അതുപയോഗിച്ചുവരുന്നു. വ്യക്തികള്‍ക്കെന്ന പോലെ രാജ്യങ്ങള്‍ക്കും. എത്രയാകാം ഇത്രക്കുമേല്‍ ആയിക്കൂടാ എന്നത് ആ സിസ്റ്റം ഉപയോഗിക്കുന്നവരുടെ നിര്‍ണ്ണയത്തിലാണ് ഇരിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ മിക്കവയും ഈ ഫണ്ടുകള്‍ പരിധി വിലയിരുത്താതെ ഉപയോഗിച്ചിരിക്കുന്നു. നിലനില്‍ക്കുന്ന അവസ്ഥകളില്‍ സിസ്റ്റങ്ങളില്‍ അതങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു. പുതിയ കടങ്ങളെടുത്തു പഴയ കടങ്ങള്‍ കവര്‍ ചെയ്തു മുന്നോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന തരത്തിലുള്ള അലങ്കോലപ്പെടലുകള്‍ ആരും കണക്കിലെടുത്തിട്ടില്ല. ഫലം ഈ പണ കടക്കൂമ്പാരങ്ങള്‍ ഇന്‍ഫ്‌ളേഷനായി അശനിപാതം പോലെ മിക്ക രാജ്യങ്ങളിലും പതിക്കാന്‍ പോകുന്നു. ആന്തരിക വ്യാവസായിക ഉത്പാദനങ്ങള്‍, ആന്തരിക കണ്‍സംഷന്‍ കുറവുള്ള രാജ്യങ്ങളെ പ്രത്യേകിച്ച് ഇത് ഞെക്കി പിടിക്കും. ശ്രീലങ്ക പാക്കിസ്ഥാന്‍ അര്‍ജെന്റിന മുതലായ പത്രമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്ന രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയും ബ്രിട്ടനും പല യൂറോപ്പിയന്‍ രാജ്യങ്ങളും ചൈനയും ഇതനുഭവിക്കാന്‍ പോകുന്നു. ഫലം ലോകം മുഴുവന്‍ ഉല്‍പാദന മാന്ദ്യത്തിലേക്ക് നീണ്ട മാന്ദ്യത്തിലേക്ക് പോകും. ഞാന്‍ പറയുന്നതല്ല. ഐഎംഎഫ് പറയുന്നു, ഉപയോഗിച്ച വാക്ക് it is gloomy. ‘The global economy, still reeling from the pandemic and Russia’s invasion of Ukraine, is facing an increasingly gloomy and uncertain outlook. Many of the downside risks flagged in our April World Economic Outlook have begun to materialize.’

1930ന് സമാനമായ അവസ്ഥ

വിലകയറ്റം പ്രധാനമായി രണ്ടുതരത്തില്‍ ഉണ്ടാകുന്നു. ഒന്ന് പണപ്പെരുപ്പം. രണ്ടു സപ്ലൈ സൈഡ് ഡിസ്‌റപ്ഷന്‍സ്. രണ്ടാമത്തേതിന് ഉദാഹരണം ലോകം മുഴുവന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഊര്‍ജ പ്രതിസന്ധി, പെട്രോള്‍ ഉത്പന്നങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ പമ്പുകളിലെ നീണ്ട വരികള്‍. അതിനു മുകളില്‍ കടക്കെണി ഉണ്ടാക്കിയ പണപ്പെരുപ്പമെന്ന ട്രാജഡി കൂടി നിപതിക്കുമ്പോള്‍ ജന ജീവിതം ദുഃസ്സഹമാകുന്നു. അമേരിക്കക്ക് പ്രട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകില്ലായിരിക്കാം. പക്ഷെ പണപ്പെരുപ്പം ഉണ്ടാക്കാന്‍ പോകുന്ന വിപത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നത് കണ്ടു തന്നെ അറിയണം. വിപത്ത് എന്ന വാക്ക് തിരഞ്ഞുതന്നെ ഉപയോഗിച്ചതാണ്. അവിടെ 1930 കളിലെ സാമ്പത്തിക അവസ്ഥ ഉണ്ടാകുമെന്ന് പലരും പറയുന്നു. 2008 ലെ പ്രതിസന്ധിയല്ല. 1930നു സമാനമായ അവസ്ഥയാണ് സംസാരിക്കുന്നത്.

സാമ്പത്തിക മാന്ദ്യതകള്‍ ക്യാപിറ്റലിസത്തിലെ ഒരു അവിഭാജ്യ ഭാഗമാണെന്ന് വേണമെങ്കില്‍ പറയാം . അതൊരു ഇടവിട്ട് ഇടവിട്ട് വരാറുള്ള ഒരു പ്രതിഭാസമാണെന്ന് പറയാം. ഉദാഹരണമായി 1969 -1970 കളില്‍ അമേരിക്കയില്‍ റിസെഷന്‍ ഉണ്ടായി 1973 – 1975 ല്‍ ഉണ്ടായി, 1981 – 1982 ല്‍ റിസെഷന്‍ ഉണ്ടായി 2001 ല്‍ ഉണ്ടായി. 2008 ലെ വന്‍ പ്രതിസന്ധി എല്ലാവര്‍ക്കും അറിയാവുന്നതാണ്. 2020 – 21 വീണ്ടും ഒരു റിസെഷന്‍ ഉണ്ടായി. അത് പക്ഷെ കോവിഡിന്റെ ചുമലില്‍ വെച്ച് നമ്മളൊക്കെ സമാധാനിച്ചു. റിസെഷന്‍ എന്ന് വെച്ചാല്‍ അത്രക്ക് അങ്കലാപ്പോടെ കാണേണ്ട കാര്യമില്ല. ഇവിടെ ഇക്കാര്യത്തെ കുറിച്ച് ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ പറഞ്ഞതെന്തെന്നാല്‍, വ്യക്തികള്‍ക്ക് ഉറങ്ങുക ഉണരുക എന്നതുപോലെ സാമ്പത്തിക സിസ്റ്റത്തിന് റിസെഷന്‍ ഇടക്ക് ഒരു ആവശ്യമാകുന്നു. എന്നാല്‍ പക്ഷെ ഒരു തായ്വാന്‍ വിഷയവുമായി ബന്ധപെട്ട്, ഇന്നത്തെ ജിയോ പൊളിറ്റിക്കല്‍ അവസ്ഥയില്‍ ഒരു സാമ്പത്തിക മാന്ദ്യത ഉണ്ടായാല്‍ കാര്യങ്ങള്‍ വേറെയാണ്.

30ല്‍ സംഭവിച്ചത്

എന്താണ് പലരും ഉന്ധരിക്കാറുള്ള 1930 ലെ സാമ്പത്തിക മാന്ദ്യം എന്ന് ചെറുതായി ഒന്ന് പരിശോധിക്കാം. 1930 ലേത് സാമ്പത്തിക പ്രതിസന്ധി എന്ന വാക്കില്‍ ഒതുങ്ങില്ല. അതിനെ ഒരു ഇക്കണോമിക് സിസ്റ്റങ്ങളുടെ കൊളാപസ്സ് എന്നാണ് പറയേണ്ടത്. അതിനെ ദ ഗ്രേറ്റ് ഡിപ്രഷന്‍ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നു. അതിലെ ചരിത്ര, സാങ്കേതിക വശങ്ങള്‍ പിന്നീട് ആകാം. അത് അന്നത്തെ അമേരിക്കന്‍ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ ചര്‍ച്ചചെയ്യാം. അതാണ് ഇവിടെ പ്രസക്തം.

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് മുഴുവന്‍ സാമ്പത്തിക പരാധീനതകളില്‍ ആയിരുന്നുവെങ്കിലും, അമേരിക്കന്‍ ഇക്കണോമി പെട്ടെന്നുതന്നെ പുനരുദ്ധരിക്കപ്പെടുകയും വളരെ വിജയകരമായി മുന്നോട്ടുപോകുകയായിരുന്നു. എങ്ങും ആത്മവിശ്വാസത്തിന്റെ സ്വരങ്ങളായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു, എല്ലാ അടുക്കളകളിലും ചിക്കനും, എല്ലാ വീട്ടുമുറ്റത്തും കാറും നമ്മള്‍ എത്തിക്കും. എല്ലാ വീടുകളും വൈദ്യദീകരിക്കപ്പെട്ടു. റേഡിയോ , ടെലിഗ്രാഫ് ,ടെലിഫോണ്‍, ഏറോപ്ലെയിന്‍ എന്നിങ്ങനെ അമേരിക്കയില്‍ സമൃദ്ധിയുടെ കാലങ്ങളായിരുന്നു 1920 കള്‍.

അവരുടെ ഷെയര്‍ മാര്‍ക്കെറ്റ് ദിവസം തോറും മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. സാധാരണക്കാര്‍ വരെ പത്രങ്ങളിലും റേഡിയോകളിലും മാര്‍ക്കറ്റ് നിലവാരം വായിച്ചു, ശ്രദ്ധിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ ഡ്രൈവര്‍മാരും ഓഫീസ് ബോയ് മുതല്‍ വഴിയരികിലെ ഷൂ പോളിഷ് ബോയ്സ് വരെ ഷെയര്‍ മാര്‍ക്കെറ്റ് സംസാരിക്കുന്ന കാലം. എന്നാല്‍ 1929 ഒക്ടോബറില്‍ ഒരു ബ്ലാക്ക് തേസ്‌ഡേ ഉണ്ടായി. ഷെയര്‍ മാര്‍ക്കെറ്റ് താഴേക്ക് വീണു തുടങ്ങി. പിന്നീട് വരുന്ന ദിവസങ്ങളില്‍ ആ വീഴ്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചില ബാങ്കുകള്‍ ഒന്നിച്ചുചേര്‍ന്നു മാര്‍ക്കറ്റിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചില ദിവസങ്ങള്‍ക്കുശേഷം മാര്‍ക്കറ്റിന്റെ പതനം തുടര്‍ന്നു. ഷെയര്‍ മാര്‍ക്കെറ്റ് വില, മാര്‍ക്കെറ്റ് ക്യാപിറ്റലൈസേഷന്‍, 1931 ആകുമ്പോഴേക്കും 90 ശതമാനവും ഇടിഞ്ഞു ഇല്ലാതായി. മണി ആവിയായി അപ്രത്യക്ഷമായി. ഷെയര്‍ മാര്‍ക്കെറ്റ് നിലവാരം 1932 അവസാനമാകുമ്പോഴേക്ക് തിരിച്ചുവന്നെങ്കിലും ഉത്പാദന മാന്ദ്യത ആ ദശകം മുഴുവന്‍ 1939 ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലം വരെ തുടര്‍ന്നു. ( ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഉയര്‍ന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇക്കാലത്ത് ന്യൂയോര്‍ക്ക് ഷെയര്‍ മാര്‍ക്കെറ്റില്‍ നിക്ഷേപിച്ചിരുന്നു. അദ്ദേഹത്തിന് 1929ല്‍ വന്‍ ധനനഷ്ടമുണ്ടായി; അന്നത്തെ ഒരു മില്ല്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടുവത്രെ.).

1930 ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയെ പലരും ഒരു സ്റ്റോക്ക് മാര്‍ക്കെറ്റ് കൊളാപ്പ്‌സ് ആയാണ് മനസ്സിലാക്കിവെച്ചിട്ടുള്ളത്. എന്നാല്‍ അത് സ്റ്റോക്ക് മാര്‍ക്കെറ്റില്‍ തുടങ്ങി അമേരിക്കന്‍ വ്യവസായം മുതല്‍ അവരുടെ കാര്‍ഷിക മേഖലയെയും അവരുടെ ജീവിത നിലവാരം വരെ എല്ലാറ്റിനെയും തകര്‍ന്നടിയിച്ച ജനജീവിതത്തെ ദുരിതമാക്കിയ ഇക്കണോമി ദുരന്തമായിരുന്നു. പത്തുലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഫാക്ടറികള്‍ പലതും അടച്ചുപൂട്ടപ്പെട്ടു. ഉല്‍പാദനം തകര്‍ന്നു. 2000 ത്തിലധികം ബാങ്കുകള്‍ പൊളിഞ്ഞു. ജനം തെരുവുകളിലേക്ക് എറിയപെട്ടു. കഞ്ഞിപാര്‍ച്ചയെയാണ് പല കുടുംബങ്ങളും ആശ്രയിച്ചത്. അമേരിക്കക്കാരന്‍ കുപ്പത്തൊട്ടികളില്‍ ആഹാര ശകലങ്ങള്‍ക്കായി പരതി. അമേരിക്കകാരന്റെ പ്രശസ്ഥമായ സെന്‍ട്രല്‍ പാര്‍ക്കിനകത്തു ജനം കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കൊണ്ട് കുടിലുകെട്ടി താമസിച്ചു. കറുത്ത വര്‍ഗ്ഗക്കാരനെയാണ് ദുരിതം ഏറെ ബാധിച്ചത്. അല്ലെങ്കില്‍ തന്നെ അവരുടെ ജോലി അടിക്കാനും തളിക്കാനും റൂം ബോയ് ആയിട്ടും ഒക്കെയായിരുന്നു. ഫാക്ടറികളിലും മറ്റും ആദ്യത്തെ ലെ ഓഫ് കറുത്തവനെയായിരുന്നു. പട്ടിണിയും ദുരിതങ്ങളുടെയും വര്‍ഷങ്ങളായിരുന്നു അത്.

ആ ദുരന്തം ഉണ്ടാവാതിരിക്കട്ടെ

ആ ദുരിതങ്ങളെ ടെലിപോര്‍ട്ട് ചെയ്ത് മനസ്സില്‍ കണ്ടാല്‍ അതിന്റെ പല മടങ്ങായിരിക്കും, ലോകം മുഴുവനുമായിരിക്കും, ഇന്നത്തെ ജിയോ പൊളിറ്റിക്‌സ് കൈ വിട്ടുപോയാല്‍ ഉണ്ടാകാന്‍ പോകുന്നത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനം അല്ലെങ്കില്‍ റഷ്യക്ക് യുക്രൈനുമായുള്ള യുദ്ധത്തിലെ തിരിച്ചടികള്‍ ഇവ ലോകത്തിന് വന്നു പതിക്കാവുന്ന ദുരന്തങ്ങള്‍ക്കുള്ള വെടിമരുന്നിലെ തീപ്പൊരി ആയിമാറാനിടയുണ്ട്. ഇവിടത്തെ പ്രധാന വിഷയമെന്തെന്നാല്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളിലും, അത്തരം രാജ്യങ്ങള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന കടക്കൂമ്പാരം കാരണം, 1930 കളിലെ അമേരിക്കയുടെ അവസ്ഥയിലേക്ക് അവര്‍ വീഴും എന്നതാണ്. അങ്ങനെയുള്ള രാജ്യങ്ങളുടെ എണ്ണം വളരെയാണ്. ഒരു ലോക മഹായുദ്ധം ഉണ്ടാകുന്നതിനു സമാനമായ, കൊളാറ്ററല്‍ ഡാമേജ് ഇല്ലാത്ത, ദുരിതങ്ങളും വിലക്കയറ്റവും പട്ടിണിയും ആയിരിക്കും ആ രാജ്യങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. ബാധിക്കാത്ത ഒരു രാജ്യവും ഉണ്ടാകില്ല. പണപ്പെരുപ്പമായും വിലക്കയറ്റമായും ഇന്ധന ക്ഷാമമായും മരുന്ന് ക്ഷാമമായും തൊഴിലില്ലായ്മയായും ആണ് അത് തുടങ്ങുക. പട്ടിണിയായി അത് വികസിക്കും. മാനവരാശിയുടെ ഇന്നോളമുള്ള പുരോഗതിയെ ദശാബ്ദങ്ങളോളം തളര്‍ത്തിയിടും.

ഇപ്പറഞ്ഞതൊന്നും കോണ്‍സ്പിറസി തിയറികളായി വായിക്കരുത്. കോണ്‍സ്പിറസി തിയറികള്‍ മാത്രമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പക്ഷെ ഇവയെല്ലാം വളരെയേറെ സംഭവ്യം ആകുന്നു. ലോകത്തെ പ്രധാന രാഷ്ട്രങ്ങളിലെ ഏതെങ്കിലുമൊരു അല്പബുദ്ധിയുടെ തീരുമാനം, മെഗലോമാനിയാക്കിന്റെ ബുദ്ധി, തെറ്റായി പ്രവര്‍ത്തിച്ചാല്‍ ലോക ജനത കൊടും ദുരിതങ്ങളില്‍ ദുരന്തങ്ങളില്‍ ചെന്നുവീഴും. ഉദാഹരണമായി ഈ ലേഖനം എഴുതി തയാറായപ്പോഴാണ് അഞ്ചു യുഎസ് കൊണ്‍ഗ്രസ് അംഗങ്ങള്‍ വീണ്ടും തായ്വാന്‍ സന്ദര്‍ശിക്കു ന്നത്. അണയുന്ന തീയിലേക്ക് പുതിയ വിറകെന്നപോലെ Ed Markey, എന്നൊരു അമേരിക്കന്‍ സെനറ്ററും കൂട്ടരും ചൈനയെ, ചൈനകാണുന്ന അവമാനീകരണത്തെ, വീണ്ടും തോണ്ടിക്കൊണ്ട് അവര്‍ തായ്വാന്‍ സന്ദര്‍ശിക്കു ന്നു. നാന്‍സി പെലോസിയുടെ സന്ദര്‍ശനം ഉണ്ടാക്കിയ അഭിമാന ക്ഷതങ്ങള്‍ക്ക് മേല്‍ ഇത് ഒഴിവാക്കാമായിരുന്നതല്ലേ. ഇത്തരം ഓരോ ചെറു പ്രവര്‍ത്തികളും ലോക സമാധാനത്തെ ലോക ഇക്കണോമിയുടെ തിരിച്ചുവരവിനെ മുടക്കികൊണ്ടിരിക്കും. ലോക ഇക്കണോമിയുടെ തിരിച്ചുവരവ് എത്ര വൈകുന്നവോ അതില്‍ കൂടുതല്‍ വേഗത്തില്‍ ദരിദ്ര രാജ്യങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും കടുക്കുന്നു.

വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു. എന്നുവെച്ചാല്‍ അവര്‍ ഇന്‍ഫ്ളേഷന്‍ കയത്തിലേക്ക് ഇന്നത്തേതിലും കൂടുതലായി പതിക്കപെടും. കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശ് കാരുടെ ഡോളര്‍ വരുമാനം ബാധിച്ചുതുടങ്ങി. പല ആഫ്രിക്കന്‍ രാജ്യങ്ങളും കെടുതിയിലാകും. ലോകം ഇതുവരെ നേടിയിരുന്ന ജീവിത നിലവാരങ്ങള്‍ പുറകിലേക്ക് പോകും. ബാലമരണങ്ങള്‍, ജീവിത ദൈര്‍ഘ്യം, മാതൃമരണ നിരക്ക് എല്ലാം പുറകിലേക്ക് പോകും.

നമ്മള്‍ ചൊവ്വയിലേക്ക് വാഹനമായ്ക്കുമ്പോള്‍ അനിതരസാധാരണമായ ബുദ്ധികൂര്‍മതയും കുശലതയും പ്രയോഗിക്കുന്നു വിജയിക്കുന്നു. ആ നീണ്ട യാത്രയിലെ ഓരോ മിനുട്ടുകളും ഓരോ മീറ്ററും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു വിജയിക്കുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍, ജിയോ പൊളിറ്റിക്‌സില്‍ അവന് ഈ പ്ലാനിംഗ് ഈ സാമര്‍ത്ഥ്യം കൊണ്ടുവരാന്‍ കഴിയുന്നില്ല. ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിന്നില്ല, മാനവരാശി ഇടക്കിടക്ക് പിടിപ്പുകേടുകള്‍ കാണിക്കുന്നു ആവര്‍ത്തിക്കുന്നു. ദുരന്തങ്ങള്‍ ഉണ്ടാക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *