“അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുന്നതിലും കൂടുതല്‍ തുക നല്‍കി കൊണ്ട് സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങണം. മൊണ്ടെക് സിംഗ് ആലുവാലിയ അലുവാലിയയുടെ അത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു യാത്രാവിവരണമാണ്” – പ്രമോദ് കുമാര്‍ എഴുതുന്നു |
ഇന്ത്യയുടെ വളര്‍ച്ചാകാലത്തിന്റെ അണിയറക്കഥ
1990കളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉദാരവല്‍ക്കരിച്ച ത്രിമൂര്‍ത്തികളില്‍, ഒരാളായിട്ടാണ് ബ്യൂറോക്രാറ്റും സാമ്പത്തിക വിദഗ്ധനുമായ മൊണ്ടെക് സിംഗ് ആലുവാലിയ അറിയപ്പെടുന്നത്. ഇവര്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ പുതിയ യുഗത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഈ കാലത്ത്, ഗവണ്മെന്റ് തലത്തില്‍, നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളാണ് മൊണ്ടെക് സിംഗ് ആലുവാലിയയുടെ ആത്മകഥയായ Backstage: The Story Behind India’s High Growth Years എന്ന പുസ്തകം പറയുന്നത്. മുഖവുരയില്‍, ഈ പുസ്തകം ഒരു ഓര്‍മ്മക്കുറിപ്പല്ലെന്ന് ആലുവാലിയ പറയുന്നുണ്ട്; ഓര്‍മ്മക്കുറിപ്പ് വിഭാഗത്തോട് തനിക്ക് വിമുഖതയുണ്ടെന്നും. മറിച്ച്, ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു യാത്രാവിവരണമാണ് ഇതെന്നും പറയുന്നു.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിപി സിംഗിന്റെയും നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിംഗിന്റെയും സര്‍ക്കാരുകളുടെ കാലത്ത്, അതിന്റെ അകത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ആലുവാലിയ, ആ കാലത്ത് നടപ്പിലാക്കിയ പരിഷ്‌കരണങ്ങളെ കുറിച്ചും അത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടി വന്ന ചുറ്റുപാടുകളെ കുറിച്ചും ഇന്ത്യയില്‍ നിലനിന്നിരുന്ന സാമ്പത്തിക സംവിധാനങ്ങളെ കുറിച്ചും ഒരുള്‍ക്കാഴ്ച്ച ഈ പുസ്തകം നല്‍കുന്നുണ്ട്. ആലുവാലിയ കൈകാര്യം ചെയ്യുന്ന വിഷയം മിക്കവാറും സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ടതിനാല്‍, അത് സാധാരണക്കാരന്‍ മനസിലാക്കന്‍ എളുപ്പമല്ലെങ്കിലും സൂക്ഷ്മത കൊണ്ടും സംക്ഷിപ്തമായ രചന പ്രാവീണ്യത്തോടെ ആലുവാലിയ, താന്‍ കഴിവുള്ള ഒരു ആശയവിനിമയക്കാരനാണെന്ന് തെളിയിക്കുന്നുണ്ട്.
മന്‍മോഹന്‍ വിളിച്ചു; ഇന്ത്യയിലേക്ക്
പുസ്തകത്തിന്റെ ആദ്യഭാഗത്ത്, ആലുവാലിയയുടെ ബാല്യകാലം, യൗവനം, ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിന് ശേഷം വാഷിംഗ്ടണ്‍ ഡിസിയിലെ ലോകബാങ്കില്‍ സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കരിയറിന്റെ തിളക്കമാര്‍ന്ന തുടക്കങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്നു.
വേള്‍ഡ് ബാങ്കില്‍ 10 വര്‍ഷം സേവനം അനുഷ്ഠിച്ചതിന് ശേഷം, അന്ന് ഇന്ത്യന്‍ ഗവണ്മെന്റിലെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഉപദേശ പ്രകാരം 1979 ലാണ് Economic Adviser in the Ministry of Finance എന്ന തസ്തികയിലേക്ക് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത്, 1979 ലെ മണ്‍സൂണ്‍ മോശമായിരുന്നു, ഇറാനിയന്‍ വിപ്ലവം എണ്ണവില കുത്തനെ ഉയര്‍ത്തി. 1979-80ല്‍ ഇന്ത്യയുടെ ജിഡിപിയില്‍ 5 ശതമാനത്തിന്റെ ഇടിവുണ്ടായി. ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നു.
‘ലൈസന്‍സ്-പെര്‍മിറ്റ് രാജ്’ സമ്പദ്വ്യവസ്ഥ, വ്യക്തി ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ഉദാരവല്‍ക്കരണത്തിന് മുമ്പ് നിയന്ത്രിത ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഒരു ഉപഭോക്താവും നിര്‍മ്മാതാവും ഒക്കെ ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു എന്നെല്ലാം പുസ്തകത്തിന്റെ ആദ്യ ഭാഗത്തു വ്യക്തിപരമായ അനുഭവത്തിലൂടെ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
1979 ഇന്ത്യയിലേക്ക് തിരിച്ചു വന്ന അലുവാലിയയ്ക്ക് താമസിക്കുന്നതിന് ഒരു വീടും ഓഫിസിലേക്ക് പോകുന്നതിനും മറ്റുമായി കാര്‍ വാങ്ങണമെന്നുണ്ടായിരുന്നു. അക്കാലത്ത് ഒരു ഫ്‌ളാറ്റ് വാടകയ്ക്കെടുക്കുന്നത് എളുപ്പമായിരുന്നില്ല, കാരണം വാടക നിയന്ത്രണ നിയമങ്ങള്‍ കുടിയാന്മാര്‍ക്ക് വളരെയധികം സുരക്ഷ നല്‍കിയിരുന്നു, പാട്ടക്കാലാവധി അവസാനിച്ചാല്‍ അവരുടെ സ്വത്ത് തിരികെ ലഭിക്കില്ലെന്ന് ഭൂവുടമകള്‍ ആശങ്കാകുലരായിരുന്നു. അത് കൊണ്ട് തങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു വാടകക്കാരനെ കിട്ടുന്നതുവരെ പലപ്പോഴും അവരുടെ വാടക വീടുകള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു. ഓഫീസിന് സമീപം ഒരു വാടകയ്ക്ക് വീട് കിട്ടുന്നതിന് ഒരുപാട് അന്വേഷിച്ച് അലഞ്ഞു നടക്കേണ്ടി വന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ആകെ രണ്ടു മോഡല്‍ കാര്‍ മാത്രം
അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുന്നതിലും കൂടുതല്‍ തുക നല്‍കി കൊണ്ട് സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങണം. നിയന്ത്രിത സമ്പദ്വ്യവസ്ഥയിലെ ദൗര്‍ലഭ്യത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള തന്റെ ആദ്യ അനുഭവമായിരുന്നു ഇതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
‘ലൈസന്‍സ്-പെര്‍മിറ്റ് രാജ്’ എന്നത് ഒരു നിയന്ത്രിത നയവും സമ്പ്രദായവുമായിരുന്നു, മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം ഒരു പ്രത്യേക ഉല്‍പ്പാദന ശേഷിയുള്ള ഒരു നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ലൈസന്‍സിന് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിദേശത്തത് നിന്ന് മടങ്ങിവരുന്ന യാത്രക്കാര്‍ ലഗേജായി കൊണ്ടുവരുന്നത് ഒഴികെ, ‘ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു’. മൂലധന വസ്തുക്കള്‍ക്കും ചില അസംസ്‌കൃത വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇറക്കുമതി അനുവദിക്കപ്പെട്ട തീരുമാനങ്ങള്‍ ഭരണ ഉദ്യോഗസ്ഥ തലത്തിലെ വ്യക്തിപരമായ സ്വാധീനങ്ങള്‍ക്ക് വിധേയമായിരുന്നുവെന്ന് അലുവാലിയ എഴുതുന്നു. സ്വാഭാവികമായും, വലിയ അഴിമതിക്കും ചുവപ്പുനാടയ്ക്കും ഇത് വഴി തെളിയിക്കുകയും ചെയ്തു. ചുവപ്പുനാടയ്ക്ക് ഒരു ഉദാഹരണം അലുവാലിയ പറയുന്നു: 1983-ല്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍.ആര്‍. നാരായണ മൂര്‍ത്തിക്ക് വിദേശത്ത് നിന്നും ഒരൊറ്റ കമ്പ്യൂട്ടറിന് ഇറക്കുമതി ലൈസന്‍സ് ലഭിക്കുന്നതിന് ഡല്‍ഹിയില്‍ പലതവണ അപേക്ഷിക്കേണ്ടി വന്നതെങ്ങനെയെന്ന് അദ്ദേഹം പറയുന്നു. അവസാനം അപേക്ഷിച്ച കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞപ്പോഴേക്കും അതിനേക്കാള്‍ ഗുണമേന്‍മയുള്ളതും വില കുറഞ്ഞതുമായ കമ്പ്യൂട്ടറുകള്‍ വിദേശ വിപണിയില്‍ വന്നു കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ പട്ടിണി മാറ്റിയ ഇന്ദിര
പുസ്തകത്തിന്റെ രണ്ടാം ഭാഗം 1991ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മുമ്പുള്ള ദശാബ്ദത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ലോകബാങ്ക് ജോലിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അലുവാലിയ, ഇന്ദിരാഗാന്ധി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചു. ആ കാലത്തു ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയവീക്ഷണം എന്തായിരുന്നു എന്ന് ഹരിതവിപ്ലവത്തിന്റെ പിന്നാമ്പുറ കഥ പറഞ്ഞു കൊണ്ട് അദ്ദേഹം വിശദമാക്കുന്നുണ്ട്. ഹരിതവിപ്ലവത്തിന്റെ വിജയത്തിന്റെ രാഷ്ട്രീയ ക്രെഡിറ്റ് 1960-കളുടെ അവസാനത്തില്‍ അത് സാധ്യമാക്കാന്‍ ധീരമായ തീരുമാനങ്ങള്‍ എടുത്ത ഇന്ദിര ഗാന്ധിക്കാണ്. ഇന്ത്യന്‍ കൃഷി സാഹചര്യങ്ങള്‍ക്കായി അനുയോജ്യമായ ഹൈബ്രിഡ് വിത്ത് വികസിപ്പിക്കാന്‍ മെക്‌സിക്കോയിലെ ഗവേഷണ സ്ഥാപനമായ (CGIAR ന്റെഭാഗമായ) International Maize and Wheat Improvement Center നിന്ന് ഉയര്‍ന്ന വിളവ് നല്‍കുന്ന മെക്സിക്കന്‍ ഗോതമ്പ് വിത്ത് വലിയ അളവില്‍ ഇറക്കുമതി ചെയ്യണമെന്ന് കൃഷി മന്ത്രി സി. സുബ്രഹ്‌മണ്യം ശക്തമായി വാദിച്ചു, കൃഷി സെക്രട്ടറി ബി. ശിവരാമന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എം.എസ്. സ്വാമിനാഥന്‍ എന്നിവരുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാല്‍ തദ്ദേശിയ വിത്തുകളെ ആശ്രയിച്ചു കൊണ്ട് കൃഷിരീതികളില്‍ മെച്ചപ്പെടുത്തലുകളോടെ, തീവ്രമായ കാര്‍ഷിക വികസന പരിപാടി മതിയെന്ന് പറഞ്ഞു കൊണ്ട് ആസൂത്രണ കമ്മീഷന്‍ അവരുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തു. വിത്ത് ഇറക്കുമതി ചെയ്യുന്നത് ദുര്‍ലഭമായ വിദേശനാണ്യമെടുക്കുമെന്ന കാരണത്താല്‍ ധനമന്ത്രാലവും മെക്‌സിക്കന്‍ ഗോതമ്പ് യഥാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുത്തത് അമേരിക്കന്‍ അഗ്രോണമിസ്റ്റ് നോര്‍മന്‍ ബോര്‍ലോഗ്, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ഗ്രാന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാലും, ആ വിത്ത് സ്വീകരിക്കുന്നത് യുഎസ് സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് തുല്യമായതിനാല്‍ രാഷ്ടീയമായി ഇടതുപക്ഷവും ഈ ആശയത്തെ ശക്തമായി എതിര്‍ത്തു. വിവിധ കോണുകളില്‍ നിന്നുള്ള ഭീമാകാരമായ എതിര്‍പ്പിനെ ശ്രീമതി ഗാന്ധി മറികടക്കുകയും ഹരിത വിപ്ലവം നടപ്പിലാക്കുകയും ഇന്ത്യ ഭക്ഷ്യ സ്വയം പര്യാപ്തയിലേക്ക് നീങ്ങുകയും ചെയ്തു.
രാജീവ് ഗാന്ധിയുടെ കൂടെ
സമ്പദ്വ്യവസ്ഥയെയും ബിസിനസിനെയും കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ വീക്ഷണം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആലുവാലിയയ്ക്ക് അവസരം ലഭിച്ചു. രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്ളവര്‍ വലിയൊരു ശതമാനം രാഷ്ട്രീയ ‘തൊഴില്‍’ മാത്രം ചെയ്തു പരിചയമുള്ളപ്പോള്‍ രാജീവ് പ്രൊഫഷണല്‍ പൈലറ്റ് ആയിരുന്നു. അത് കൊണ്ട് തന്നെ കാര്യങ്ങളെ പ്രൊഫഷണല്‍ ആയി കാണാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു, സാങ്കേതിക പരിജ്ഞാനമുള്ള അദ്ദേഹം അമ്മയേക്കാള്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് അനുകൂലമായി ‘ലൈസന്‍സ്-പെര്‍മിറ്റ് രാജിന്റെ’ ചില വശങ്ങള്‍ മാറ്റാനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ആലുവാലിയ എഴുതുന്നു, ‘രാജീവിന് ആവശ്യമായ അടിസ്ഥാനപരമായ പരിഷ്‌കാരം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും, കുറച്ചുകൂടി നിയന്ത്രണമില്ലാത്ത സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനുള്ള ലക്ഷ്യം ഉണ്ടായിരുന്നു.’ എന്നാല്‍ തുടര്‍ന്ന് വന്ന ബോഫോഴ്‌സ് വിവാദം, ഷഹബാനു കേസ്, അയോധ്യ വിഷയം തുടങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ സാമ്പത്തിക രംഗത്ത് കാര്യമായി ഭേദഗതി കൊണ്ട് വരുന്നതിന് അദ്ദേഹത്തിന് സാധിച്ചില്ല.
‘എം ഡോക്യുമെന്റ്’
രാജീവ് ഗാന്ധിക്ക് ശേഷം വിശ്വനാഥ് പ്രതാപ് സിംഗ് പ്രധാനമന്ത്രിയായി; സിംഗിന്റെ ഭരണത്തില്‍ അലുവാലിയ ‘എം ഡോക്യുമെന്റ്’ തയ്യാറാക്കി, അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ, നിയന്ത്രണങ്ങളില്‍ നിന്നും തുറന്നുകൊടുക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന കുറിപ്പായിരുന്നു അത്. അലുവാലിയ എഴുതുന്നു, ‘ഈ ആശയങ്ങളില്‍ പലതും ഔദ്യോഗിക തലങ്ങളില്‍ അനൗപചാരികമായി പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആന്തരികമായി സ്ഥിരതയുള്ള പ്രത്യേക നയ മാറ്റങ്ങളുടെ കൂട്ടമായി ഒരിക്കലും സംയോജിപ്പിച്ചിട്ടില്ലായിരുന്നു് ‘എം ഡോക്യുമെന്റിന്റെ’ ക്രെഡിറ്റ് അലുവാലിയ ഒരിക്കലും തന്റെതാണ് എന്ന് അവകാശപ്പെട്ടിട്ടില്ല. മറ്റൊരു സന്ദര്‍ഭത്തില്‍, ധനകാര്യ മന്ത്രാലയത്തിലെ തീരുമാനങ്ങള്‍ എടുക്കുന്ന സംസ്‌കാരത്തെ കുറിച്ച്, പ്രത്യേകിച്ച് ‘അനിശ്ചിതത്വത്തില്‍’ ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
‘മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു സാമ്പത്തിക വിദഗ്ധന്‍ പറയുന്നത് കേള്‍ക്കുന്നത് എതിര്‍ക്കും’. പകരം, ‘പ്രത്യേകിച്ച് നന്നായി പ്രവര്‍ത്തിക്കുന്നതായി തോന്നിയ ഒരു സമീപനം, ആദ്യം ഒരു ആശയം ഒരു നിര്‍ദ്ദേശമായി അവതരിപ്പിക്കുക, ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായി അതിന്റെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുക, തുടര്‍ന്ന് ചര്‍ച്ചയില്‍ സംയുക്തമായി വികസിച്ച ആശയമായി പരാമര്‍ശിക്കുക, അവസാനം നയരേഖയായി ഉള്‍പ്പെടുത്തുക. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും ആശയത്തിന്റെ ക്രെഡിറ്റ് എല്ലാവരുമായി പങ്കിടുകയും ചെയ്യുക’.
റാവു-മന്‍മോഹന്‍-അലുവാലിയ ത്രിമൂര്‍ത്തികള്‍
പുസ്തകത്തിന്റെ മൂന്നാം ഭാഗം ഉദാരവല്‍ക്കരണത്തെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 1990 ല്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത്, ഇന്ത്യ സ്വര്‍ണ്ണം പണയം വെച്ച് ഐഎംഎഫില്‍ ല്‍ നിന്നും കടം വാങ്ങി. 1991ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായി. 1991ലെ ജനറല്‍ ഇലക്ഷനില്‍ പി.വി. നരസിംഹറാവുവിന്റെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റു, മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായി, വാണിജ്യ സെക്രട്ടറിയായിരുന്ന ആലുവാലിയ, ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറിയായി. തുടര്‍ന്ന് അദ്ദേഹവും ഉദാരവല്‍ക്കരണത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
സാമ്പത്തിക മേഖലകളിലെ പരിഷ്‌കരണങ്ങള്‍, നികുതി പരിഷ്‌കാരങ്ങള്‍, മറ്റുള്ളവ ഉള്‍പ്പെടെ ഇന്ത്യന്‍ ബിസിനസുകളെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങളും നയങ്ങളും ഭേദഗതി ചെയ്തു. സ്റ്റീല്‍, വ്യോമയാനം, ടെലികമ്മ്യൂണിക്കേഷന്‍, പെട്രോളിയം ശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപം തുറന്നു കൊടുത്തു. പൊതുമേഖലയ്ക്ക് സംവരണം ചെയ്തിട്ടുള്ള വ്യവസായങ്ങളുടെ എണ്ണം 18 ല്‍ നിന്ന് 8 ആയി കുറച്ചു.
ഉദാരവല്‍ക്കരണത്തിന് കൂടുതല്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നത് മന്‍മോഹന്‍ സിംങ്ങോ പി വി നരസിംഹ റാവുവോ എന്ന ചോദ്യത്തിന് അലുവാലിയ നല്‍കുന്ന വീക്ഷണം ഇങ്ങനെയാണ്. റാവു ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അര്‍ഹിക്കുന്നു. പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റാവു സിംഗിനെ തിരഞ്ഞെടുത്തു; ഇന്ത്യ തന്റെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയണമെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും റാവു തിരിച്ചറിഞ്ഞു. എന്നിരുന്നാലും, ‘സമ്പദ്വ്യവസ്ഥയുടെ സാധ്യതകള്‍ അഴിച്ചുവിടാന്‍ ആവശ്യമായ മാറ്റങ്ങളുടെ മുഴുവന്‍ ശ്രേണിയും റാവു തിരിച്ചറിഞ്ഞില്ല. വ്യാപാര ഉദാരവല്‍ക്കരണവും അയവുള്ള വിനിമയ നിരക്കിലേക്കുള്ള മാറ്റവും സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങളും സംഭവിച്ചത് മന്‍മോഹന്‍ സിങ്ങിന്റെ വൈദഗ്ധ്യവും വിവേകവും മൂലമാണ്. മാത്രമല്ല, മന്‍മോഹന്‍ സിംഗ് ക്രമേണ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് ‘മാറ്റം സാവധാനത്തില്‍ പൊരുത്തപ്പെടാന്‍’ വേണ്ടിയാണെന്നും ആലുവലിയ പറയുന്നു.
ഉദാരവല്‍ക്കരണത്തെ ഇന്ത്യയില്‍ സാര്‍വത്രികമായി പിന്തുണച്ചിരുന്നില്ലെന്നും ആലുവാലിയ ഓര്‍മ്മിപ്പിക്കുന്നു; ‘ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും’ ഇന്ത്യന്‍ ഇടതുപക്ഷവും കോണ്‍ഗ്രസിലെ തന്നെ ഒരുപക്ഷവും അതിനെ എതിര്‍ത്തിരുന്നു എന്നും അദ്ദേഹം ഓര്‍ക്കുന്നു.
ഓഹരി കുഭാകോണം
ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ പഴുതുകള്‍ ഉപയോഗിച്ചു ഹര്‍ഷദ് മേത്ത എന്ന സ്റ്റോക്ക് ബ്രോക്കര്‍ നടത്തിയ തിരിമറിയാണ് ഓഹരി കുഭാകോണം എന്നറിയപ്പെടുന്നത്. സാമ്പത്തിക രംഗം ഉദരവല്‍ക്കരിക്കുന്ന കാലത്ത് തന്നെ ഇങ്ങനെ ഒരു കുഭാകോണം നടന്നത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതികൂട്ടിലാക്കി എന്ന് ആലുവാലിയ ഓര്‍ക്കുന്നു. ഹര്‍ഷദ് മേത്ത തനിക്കു വേണ്ടുന്ന അതിഭീമമായ തുകകള്‍ സമാഹരിച്ചത് ബാങ്കുകളില്‍ നിന്നായിരുന്നു. ഒരു ഈടും കൊടുക്കാതെ തന്നെ. ഇതിനായി മേത്ത ഉപയോഗപ്പെടുത്തിയത് റിപ്പോ മാര്‍ക്കറ്റിനെയാണ്. ബാങ്കുകള്‍ അവരുടെ ഡെപ്പോസിറ്റിന്റെ ഒരു ഭാഗം സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും. പലിശ ചെറുതായിരിക്കുമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ സെക്യൂരിറ്റികള്‍ വിറ്റു കാശാക്കാം എന്ന സൗകര്യവുമുണ്ട്. ഇതിനു പുറമെ എല്ലാ ബാങ്കുകളും ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിതശതമാനം കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന് നിയമമുണ്ട്.
ഡെപ്പോസിറ്റു തുകയില്‍ വരുന്ന മാറ്റമനുസരിച്ച് സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും വേണം. വിവിധ ബാങ്കുകള്‍ തമ്മില്‍ നിരന്തരം നടക്കുന്ന ഈ ഇടപാടുകള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുകയും സെക്യൂരിറ്റികളുടെ ഉടമസ്ഥതകളില്‍ രേഖാമൂലം മാറ്റം വരുത്തുകയും ചെയ്യും.
വിവിധ ബാങ്കുകള്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ബ്രോക്കര്‍മാര്‍ വഴിയാണ്. റിസര്‍വ് ബാങ്കിന്റെ രേഖകളില്‍ സെക്യൂരിറ്റി ഉടമസ്ഥാവകാശം മാറ്റിയെഴുതുന്നതിന് രണ്ട് ആഴ്ചയോളം കാലതാമസമുണ്ടാകുമെന്ന് ഹര്‍ഷദ് മേത്തക്ക് അറിയാമായിരുന്നു. അതിനിടയില്‍ ബാങ്ക് വാങ്ങിയ സെക്യൂരിറ്റികള്‍ ഹാജരാക്കിയില്ലെങ്കിലും പ്രശ്നമില്ല. ഈ പഴുതുപയോഗപ്പെടുത്തി സെക്യൂരിറ്റി ഇല്ലാതെതന്നെ ബാങ്കുകളില്‍ നിന്ന് വലിയതോതില്‍ പണമെടുക്കുകയും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു മേത്തയുടെ അടവ്. സെക്യൂരിറ്റികളുടെ വാങ്ങലും വില്‍പ്പനയും നിരന്തരം നടക്കുന്നതുകൊണ്ട് അപകടമൊന്നുമില്ലാതെ പണം റോള്‍ ചെയ്തുപോകാനും കഴിഞ്ഞു. ഇങ്ങനെ ഏതാണ്ട് 3500 കോടി രൂപയുടെ ബാങ്കു പണമാണ് മേത്തയെടുത്ത് ഓഹരിക്കമ്പോളത്തില്‍ കളിച്ചത്. കളി പാളി. എസ്ബിഐയുടെ അക്കൗണ്ടില്‍ പണം തിരിച്ചെത്തിയില്ല. അതോടെ കോലാഹലമായി. ഹര്‍ഷദ് മേത്ത അറസ്റ്റിലാവുകയും ചെയ്തു.
തുടര്‍ന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ജാനകിരാമന്റെ കീഴില്‍ ആര്‍ബിഐ ഒരു കമ്മിറ്റി രൂപീകരിച്ചു, എന്താണ് പിഴവ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ അവര്‍ സമര്‍പ്പിച്ചു. പാര്‍ലമെന്റില്‍ ബഹളത്തെ തുടര്‍ന്ന് വിവിധ പാര്‍ട്ടികളില്‍ നിന്നുമുള്ള 30 അംഗങ്ങളുമായി ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) നിയമിക്കപ്പെട്ടു. കമ്മിറ്റി നിരവധി മീറ്റിംഗുകള്‍ നടത്തി, അതില്‍ ആലുവാലിയയുടേയും മറ്റ് സഹപ്രവര്‍ത്തകരും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
പ്രതിസന്ധിയെ ‘വ്യവസ്ഥയുടെ പരാജയം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിന് വിമര്‍ശിക്കപ്പെട്ടു, ഇത് വ്യക്തികളെ സംരക്ഷിക്കാനുള്ള ശ്രമമായി പല എംപിമാരും കണ്ടു. ചില വ്യക്തികള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് സംശയമില്ലെന്നും അതിനാലാണ് സിബിഐ അന്വേഷണം കൊണ്ടുവന്നതെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. എന്നിരുന്നാലും, വഞ്ചനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ച വ്യവസ്ഥാപരമായ ബലഹീനതകളും ഉണ്ടായിരുന്നു, ഈ ബലഹീനതകള്‍ പരിഹരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്കുകള്‍ക്കിടയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഇലക്ട്രോണിക് ട്രേഡിംഗ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍, ബ്രോക്കര്‍മാര്‍ വാങ്ങുന്നതും വില്‍ക്കുന്നതും ബാങ്കുകളെ ഒരുമിച്ച് കൊണ്ടുവരേണ്ട ആവശ്യമില്ല. പബ്ലിക് ഡെറ്റ് ഓഫീസിലെ രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിലെ പരാജയം ബിആര്‍ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കി, അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടു. ബാങ്കിംഗ് സംവിധാനത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ ചെറുക്കുന്ന തൊഴിലാളി യൂണിയനുകള്‍, പ്രശ്‌നത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
ഉപസംഹാരം
തുടര്‍ന്ന് വാജ്പായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പ്രത്യേകിച്ച് അവര്‍ നടപ്പിലാക്കിയ സ്വകാര്യവല്‍ക്കരണം, ഒന്നാം യുപിഎയുടെ കാലത്തുണ്ടായ ജിഡിപി വളര്‍ച്ചയും ആ കാലത്തു നടപ്പിലാക്കിയ ദേശിയ തൊഴിലുറപ്പ് പദ്ധതികള്‍ പോലുള്ള സാമൂഹിക പദ്ധതികളെ കുറിച്ചും അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറും അതിനെ തുടര്‍ന്ന് ഇടതുപക്ഷം സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത്, യുപിഎ സര്‍ക്കാറിന്റെ അവസാനകാലത്ത് നേരിടേണ്ടി വന്ന അഴിമതി ആരോപണങ്ങളും പിന്നീട് വന്ന മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങള്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകുന്നതിന് നികുതി, കൃഷി, ബാങ്കിംഗ്, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വേണ്ടിവരും എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
1980 മുതല്‍ 2014 വരെ യുള്ള കാലഘട്ടത്തിലെ ഇന്ത്യന്‍ സാമ്പത്തിക രാഷ്ട്രീയത്തെ കുറിച്ചും വിശദമായി മനസിലാക്കാന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ് മൊണ്ടെക് സിംഗ് അലുവാലിയയുടെത്.