അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു


“ഇപ്പോള്‍ യുഎസ്എ അനിതരസാധാരണമായ സാമ്പത്തിക അഗ്‌നി പരീക്ഷകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെകുത്താനും കടലിനും മദ്ധ്യേ എന്ന് പറയുന്ന അവസ്ഥയിലാണവര്‍. സാമ്പത്തികമായ ഏതു തീരുമാനങ്ങളെടുത്താലും മുന്നില്‍ അപകടം പതിയിരിക്കുന്നു എന്നതാണ് അവരുടെ അവസ്ഥ.”- പി ബി ഹരിദാസന്‍ എഴുതുന്നു
അമേരിക്കന്‍ ബാങ്ക് തകര്‍ച്ചകള്‍

അമേരിക്കയിലെ സിലിക്കോണ്‍വാലി ബാങ്കും മറ്റു രണ്ടു ബാങ്കുകളും തകര്‍ന്നതുമായി ബന്ധപ്പെട്ട് മീഡിയകള്‍ നിറയെ പല വാര്‍ത്തകളും അഭിപ്രായങ്ങളും നിങ്ങള്‍ വായിച്ചു കാണും. അതിനോട് ചില കൂട്ടിച്ചേര്‍ക്കലുകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

1) അമേരിക്കയും ലോകവും 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ പ്രതിസന്ധിയിലേക്ക് പോകുകയാണോ? ഇതാണ് പലരുടെയും ആദ്യ ഉത്കണ്ഠ.

ഈ ബാങ്കിന്റെ പരാജയത്തെ 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യം ചെയ്‌തോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളുമായോ ഇതിനെ കൂട്ടി കുഴച്ചു കാണേണ്ട കാര്യമില്ല. ആധുനിക സാമ്പത്തിക വ്യവസ്ഥ നിരന്തരം പ്രതിസന്ധികള്‍ ഉണ്ടാക്കികൊണ്ടേയിരിക്കും. ചില പ്രതിസന്ധികള്‍ വലിയ കോട്ടങ്ങളൊന്നുമില്ലാതെ പരിഹരിക്കപ്പെടാറുണ്ട്. ചിലത് കൈവിട്ടു പോകുകയും 2008 പ്രതിസന്ധിക്ക് സമാനമായ അല്ലെങ്കില്‍ 1929 – 30 ലെ പ്രതിസന്ധി പോലെ വളരെ വിപത്തുകള്‍ ഉണ്ടാക്കാറുമുണ്ട്. ഇപ്പോള്‍ യുഎസ്എ അനിതരസാധാരണമായ സാമ്പത്തിക അഗ്‌നി പരീക്ഷകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെകുത്താനും കടലിനും മദ്ധ്യേ എന്ന് പറയുന്ന അവസ്ഥയിലാണവര്‍. സാമ്പത്തികമായ ഏതു തീരുമാനങ്ങളെടുത്താലും മുന്നില്‍ അപകടം പതിയിരിക്കുന്നു എന്നതാണ് അവരുടെ അവസ്ഥ. ഇപ്പോള്‍ അമേരിക്കയിലെ ബാങ്കുകള്‍ പരാജയപ്പെട്ടത് 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ കാരണങ്ങള്‍ കൊണ്ടല്ല. എന്നാല്‍ അന്നത്തെ ആ പ്രതിസന്ധിയെ മാനേജ ചെയ്ത് നീട്ടിവെച്ചതില്‍ നിന്നും ഉണ്ടായ ചില കാരണങ്ങള്‍ ഇതില്‍ കിടക്കുന്നുണ്ട്. വഴിയേ അതിലേക്ക് വരാം.

2008 ലെ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി റിയല്‍ എസ്റ്റേറ്റ്, മോര്‍ട്ടഗേജ്, മേഖലയില്‍ നിന്നുമാണ് ഉണ്ടായത്. ഇപ്പോഴത്തേത് ഇന്റെറസ്റ്റ് റേറ്റ് , ഡെഫിസിറ്റ് ഫിനാന്‍സ് / അധിക കടമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തിരിക്കുന്നത്. 2008 ലെ മോര്‍ട്ടഗേജ് മായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിയുടെ കാരണങ്ങള്‍ ഞാനെഴുതിയ ഒരു പുസ്തകത്തില്‍ നിന്ന് കുറച്ചു ഉദ്ധരിക്കാം. ”ഹൗസിങ്, കണ്‍സ്ട്രക്ഷന്‍ എന്നീ റിയല്‍ എക്കണോമിക്കുമുകളില്‍ ഉരുത്തിരിഞ്ഞ ഒരു ഫൈനാന്‍ഷ്യല്‍ ഇക്കോണമി, വളര്‍ന്ന് പന്തലിച്ച് അമേരിക്കന്‍ ഇക്കണോമിയെ ആകപ്പാടെയും ലോക സമ്പത്ത് വ്യവസ്ഥയേയും തകര്‍ച്ചയില്‍ എത്തിക്കുന്നു. ഇതാണ് ചുരുക്കി പറഞ്ഞാല്‍ രണ്ടായിരത്തി എട്ടിലെ ലോക സാമ്പത്തിക പ്രതിസന്ധി. അമേരിക്കക്കാര്‍ അതിനെ പിന്നീട് Sub-Prime Mortgage crisis എന്നു വിളിച്ചു ആക്ഷേപിച്ചു വിലയിരുത്തി. അതായത് prime അല്ലാത്ത security കളുടെമേല്‍ prime അല്ലാത്തവര്‍ക്ക് കടം കൊടുത്ത, കടം കൊടുക്കുന്ന, രീതിയില്‍ നിന്നും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി. ഒരു റിയല്‍ എസ്റ്റേറ്റ് ബബിള്‍ ഉണ്ടായി വളര്‍ന്നതിന് മുകളില്‍ വാതു വെയ്പ്പ് ബാങ്കിങ് ഒരു നിയന്ത്രണവുമില്ലാതെ , reckless , ആയി ദശാബ്ദത്തോളം നടക്കുകയും, ആ ബബിള്‍ അതിന്റെ ക്ഷമത കഴിഞ്ഞപ്പോള്‍ പൊട്ടുകയും ചെയ്തു. ഇതോടെ അനേകര്‍ക്ക് അവരുടെ തൊഴിലും ജീവിതോപാധിയും കരുതല്‍ ധനവും പുക പോലെ അപ്രത്യക്ഷമായി.”

ഇതാണ് 2008 ലെ സാമ്പത്തിക പ്രതിസന്ധി. എന്നാല്‍ ഇപ്പോഴത്തെ SVB ബാങ്ക് തകര്‍ച്ചയുടെ കാരണം ഇതല്ല. എല്ലാം പരസ്പരം അനുബന്ധപെട്ടതാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി പ്രധാനമായും ഫെഡ് റേറ്റ് ഹൈക്ക് മായി ബന്ധപ്പെട്ടതാണ്.

2) അമേരിക്കയിലെ Silicon Valley Bank, Silvergate Bank, Signature Bank എന്നീ ബാങ്കുകള്‍ക്ക് പുറമെ യൂറോപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ Credit Suisse ബാങ്കും പരാജയപെട്ടല്ലോ. എല്ലാം ചേര്‍ന്ന് ഒരു ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ ക്രൈസിസ് ഉടലെടുക്കുകയാണോ?

അമേരിക്കയില്‍ ബാങ്കുകള്‍ പൊളിയുക എന്നത് ഇടക്കിടക്ക് നടക്കാറുള്ള ഒരു വാര്‍ത്തയാണ്. അവരുടെ FDIC എന്ന് വിളിക്കുന്ന The Federal Deposit Insurance Corporation, രംഗത്തുവരികയും രണ്ടു നാല് ദിവസങ്ങള്‍ക്കുള്ളില്‍ 2,50,000 ഡോളര്‍ വരെയുള്ള ഡെപ്പോസിറ്റുകള്‍ സാധാരണക്കാര്‍ക്ക് തിരിച്ചുകൊടുക്കുകയും കാര്യങ്ങള്‍ മുന്നോട്ടുപോകുകയും ചെയ്യും. ആ പരാജയപ്പെട്ട ബാങ്കിന്റെ ബാക്കിയുള്ള ബാധ്യതകള്‍ ഒരു വലിയ ബാങ്ക് വന്ന് ഏറ്റെടുക്കുകയാണ് മിക്ക അവസരങ്ങളിലും പതിവ്. ഇപ്പോഴത്തെ ആകാംക്ഷ ഒരേ സമയത്ത് പല ബാങ്കുകള്‍ പ്രശ്‌നത്തിലാണോ എന്ന ഭയമാണ്. കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍, 2000 നു ശേഷം, അമേരിക്കയില്‍ 563 ബാങ്കുകള്‍ പരാജയപെടുകയുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ബാങ്ക് പരാജയപ്പെടുക എന്നത് നമ്മള്‍ കേള്‍ക്കാത്തതുകൊണ്ടു നമുക്ക് ആ വാക്ക് വലിയ ഭീതി ഉണ്ടാക്കുന്നു. ബാങ്ക് പരാജയങ്ങള്‍ 2008 ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് വളരെ ഉണ്ടായി. എല്ലാവരും ഉദ്ധരിക്കുന്ന ലീമാന്‍ ബ്രോദേര്‍സ് അടക്കം 465 ഓളം ബാങ്കുകള്‍ ആ പ്രതിസന്ധിയില്‍ പരാജയപെട്ടു, FDIC ക്ക് എല്ലാവരെയും സംരക്ഷിക്കാന്‍ അപ്പോള്‍ കഴിഞ്ഞില്ല. അതിനു മുന്‍കാലങ്ങളിലും ഉദാഹരണമായി 1980 കാലത്തും വളരെ ബാങ്കുകള്‍ അമേരിക്കയില്‍ തകര്‍ന്നിട്ടുണ്ട്.

ക്രെഡിറ്റ് സ്വീസ് എന്ന ബാങ്കിന്റെ പരാജയം അമേരിക്കന്‍ ബാങ്ക് പരാജയവുമായി താരതമ്യം ഇല്ല. ക്രെഡിറ്റ് സ്വീസ് ബാങ്കില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചില പ്രതിസന്ധികള്‍ ഉരുത്തിരിഞ്ഞത് ഇപ്പോള്‍ മുന്നോട്ടുപോകാന്‍ ആകാത്ത അവസ്ഥയില്‍ എത്തിയതാണ്. 2019 മുതല്‍ പല അഹിതമായ വാര്‍ത്തകളും ഈ ബാങ്കിനെ കുറിച്ച് വരുന്നുണ്ടായിരുന്നു. ഈ ബാങ്കിലെ പ്രതിസന്ധി യൂറോപ്പിലെ മറ്റു ബാങ്കുകളിലേക്കും കൂടി ബാധിക്കാതിരിക്കാനും അങ്ങനെ ഒരു കണ്ടേജിയന്‍ എഫക്ട് യൂറോപ്പ്യന്‍ ബാങ്കിങ് മേഖലയില്‍ സംഭവിക്കാതിരിക്കാനും കൂടി കണക്കിലെടുത്തുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ UBS എന്ന ലോകത്തെ തന്നെ വലിയൊരു ബാങ്ക് ക്രെഡിറ്റ് സ്വീസ് നെ ഏറ്റെടുത്തതാണ്. ക്രെഡിറ്റ് സ്വീസ് ലെ പ്രതിസന്ധി ഇനിയൊരിക്കല്‍ വിശദമാക്കാം.

3) അമേരിക്കയിലെ Silicon Valley Bank പരാജയപ്പെടാന്‍ കാരണമെന്ത്?

ഇപ്പോഴത്തെ SVB പ്രതിസന്ധി, അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസേര്‍വ്, അടിക്കടി ഒരു ചെറിയ കാലയളവിനുള്ളില്‍, നിരക്ക് വര്‍ദ്ധിച്ചതില്‍ നിന്നും ഉണ്ടായതാണ്. ഒരു വര്‍ഷത്തിനകത്ത് എട്ടു തവണ ഫെഡ് പലിശ വര്‍ദ്ധിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 2022 മാര്‍ച്ചില്‍ 0.25 ശതമാനം മാത്രം ഉണ്ടായിരുന്ന നിരക്ക് ഈ 2023 ഫെബ് ആകുമ്പോഴേക്കും 4 .75 ശതമാനത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം വീണ്ടും 0.25 ശതമാനം ഉയര്‍ത്തുകയുണ്ടായി.

ഫെഡ് എന്തിനാണിങ്ങനെ ഉയര്‍ത്തുന്നത്. അവര്‍ക്ക് നിവൃത്തിയില്ല. ഇന്‍ഫ്ളേഷന്‍ പിടിവിട്ട് മുകളിലേക്ക് പോകുന്നത് തടയാനാണ് റിപ്പോ റേറ്റ് ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് അമേരിക്കയില്‍ ഇപ്പോള്‍ ഇന്‍ഫ്‌ളേഷന്‍. നിയന്ത്രണമില്ലാതെ കഴിഞ്ഞകാലങ്ങളില്‍ നോട്ടടിച്ചിറക്കുന്നതുകൊണ്ടാണ് പ്രധാനമായും ഇന്‍ഫ്ളേഷന്‍ ഉണ്ടാകുന്നത്. യുക്രൈന്‍ യുദ്ധവും കോവിഡ് മഹാമാരിയും പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. പാന്‍ഡെമിക്ക് കാലത്ത് ഓരോ അമേരിക്കക്കാരനും മാസം 2000 ഡോളര്‍ വെച്ച് ചെക്കുകള്‍ വെറുതെ അങ്ങ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ കിറ്റ് ആണ് കൊടുത്തത്.

അവര്‍ ഡെഫിസിറ്റ് ഫൈനാന്‍സ്സിലൂടെ ചെക്കുകള്‍ ഓരോ പൗരനും കൊടുത്തു. കോവിഡ് മഹാമാരി വരുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക കടക്കൂമ്പാരത്തിലായിരുന്നു. ഇതെല്ലാം ചേര്‍ന്ന് ഇപ്പോള്‍ പണപ്പെരുപ്പമായി അമേരിക്കന്‍ എക്കണോമിയില്‍ പ്രവര്‍ത്തിക്കുന്നു. അത് തടയാന്‍ ഫെഡ് ചെയര്‍മാന്‍ Jerome Powell ന് റേറ്റ് വര്‍ദ്ധിപ്പിക്കുക എന്ന മാര്‍ഗം അവലംബിക്കേണ്ടിവന്നു.

ഫെഡ് ചെയര്‍മാന്‍ റേറ്റ് കൂട്ടിയാല്‍ ബാങ്കുകളെ ബാധിക്കുന്നതെങ്ങനെയാണ്? സാധാരണഗതിയില്‍ ആ വര്‍ദ്ധന ബാങ്ക് കസ്റ്റമേഴ്സ്‌ലേക്ക് പകര്‍ന്ന് പോകേണ്ടതാണ്. മോര്‍ട്ടഗേജ് ലോണ്‍ പലിശയിലെ വര്‍ദ്ധനവായും വെഹിക്കിള്‍ ലോണ്‍ പലിശയിലെ വര്‍ദ്ധനവായും അത് പകര്‍ന്ന് കസ്റ്റമേഴ്‌സിലേക്ക് പോകേണ്ടതാണ്. ഇന്ത്യയിലെ പോലെ. അത് നടന്നില്ല. കാരണം ഈ ബാങ്കുകള്‍ വളരെ സ്‌റ്റേബിള്‍ എന്ന് അവര്‍ കണക്കാക്കിയ, അമേരിക്കന്‍ ബോണ്ടുകളിലാണ്,ട്രെഷറി ബോണ്ടുകളിലാണ് അവരുടെ ഡെപ്പോസിറ്റുകള്‍ നിക്ഷേപിച്ചത്.

ഉദാഹരണമായി SVB ബാങ്ക് സ്റ്റാര്‍ട്ടപ്പ് കമ്പനികളിലാണ് അവരുടെ ബാങ്കിങ് ആക്ടിവിറ്റി കേന്ദ്രീകരിച്ചിരുന്നത് . പാന്‍ഡെമിക് കാലത്ത് പല സ്റ്റാര്‍ട്ടപ്പ് കമ്പനികളും വളരെ നല്ല റിസള്‍ട്ടകേള്‍ ഉണ്ടാക്കുകയും അത് SVB ബാങ്കിലേക്ക് ഡെപ്പോസിറ്റ് ആയി ഒഴുകുകയും ചെയ്തു. ഈ ബാങ്കിന്റെ ഡെപോസിറ്റ് വെറും രണ്ടു വര്‍ഷം കൊണ്ട് 65 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 189 ബില്ല്യണ്‍ ഡോളറിലേക്ക് വര്‍ദ്ധിച്ചു. ബാങ്ക് മാനേജ്ന്റെ് ഈ തുകകള്‍ സുരക്ഷിതമായിരിക്കട്ടെ എന്ന് കരുതി മിക്കവയും അമേരിക്കന്‍ ബോണ്ടുകളിലാണ് നിക്ഷേപിച്ചത്. 189 ബില്ല്യണ്‍ ഡോളര്‍ ഡിപ്പോസിറ്റ് ഉള്ളതില്‍ 74 ബില്യണ്‍ മാതമേ മോര്‍ട്ടഗേജ് ലോണ്‍, വൈനറികള്‍ക്ക് കടം, എന്നിങ്ങനെ കൊടുത്തിരുന്നുള്ളു. ഇന്ത്യയിലെ ബാങ്കുകളുമായി താരതമ്യം ചെയ്താല്‍ , ഇന്ത്യയിലെ ബാങ്കുകളുടെ ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷിയോ 72 ശതമാനമാണ്. അതായത് 100 രൂപ ഡെപ്പോസിറ്റ് ആയി കിട്ടിയതില്‍ 72 രൂപയും കടമായി മാര്‍ക്കെറ്റില്‍ ഇറക്കിയിരുന്നു. അതും വളരെ സ്‌പ്രെഡ് ആയി ചെറുകിടക്കാര്‍ മുതല്‍ വന്‍ കിടക്കാര്‍ക്കും, ലക്നോ മുതല്‍ കന്യാകുമാരിവരേക്കും കടങ്ങളായി കൊടുക്കുന്നു. മറിച്ചു് SVB ബാങ്ക് പണം സുരക്ഷിതമായി ഇരിക്കാന്‍ വേണ്ടി അമേരിക്കന്‍ ഗവര്‍മെന്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിച്ചു.

ഇന്നേവരെയുള്ള ‘വിദഗ്ധരുടെ’ നിലപാട് ഒരു ബാങ്ക് സോവറിന് ബോണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നത് ആ ബാങ്ക് സുരക്ഷിതമാണ് എന്ന രീതിയിലാണ് വിലയിരുത്തപ്പെട്ടിരുന്നത്. ബാങ്കുകളുടെ സുരക്ഷിത നിലനിര്‍ത്താന്‍ ആഡിറ്റുകള്‍ക്കു പുറമെ ഓരോ ബാങ്കുകളും ‘Stress Test ‘ കള്‍ നടത്താറുണ്ട് . Stress Test , Risk Modelling, Forensic modelling എന്നൊക്കെ വിളിക്കുന്ന, വിലയിരുത്തലുകള്‍ നടത്താറുണ്ട്. ലോക സ്റ്റോക്ക് മാര്‍കെറ്റില്‍ വല്ല ക്രേഷ് ഉണ്ടാകുകയോ, ലോക സാമ്പത്തിക വ്യവസ്ഥ റിസെഷനിലേക്കു പോകുകയോ, അതേപോലെ മറ്റേതെങ്കിലും തരത്തില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ഡൌണ്‍ ടേണ്‍ ലേക്ക് പോകുകയോ ചെയ്താല്‍ ഡെപോസിറ്റേഴ്‌സിന്റെ താല്പര്യം സംരക്ഷിക്കപെടുമോ എന്നൊക്കെ തിട്ടപ്പെടുത്താനാണ് ഇത്തരം ടെസ്റ്റ്.

ഇത്തരം ടെസ്റ്റുകളില്‍ പരാജയപ്പെട്ടാല്‍ ആ ബാങ്കുകള്‍ക്ക് ഡിവിഡന്‍ഡ് പ്രഖ്യാപിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. അതായത് ഷെയര്‍ ഉടമകള്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ പാടില്ല. SVB യും ഇത്തരം ടെസ്്റ്റുകള്‍ നടത്തുകയും പല അമേരിക്കന്‍ ബാങ്കുകളെ പോലെ അത്തരം ടെസ്റ്റ് കളില്‍ വിജയകരമായി അത് പാസ്സാകുകയും ചെയ്തതാണ്. കാരണം അവരുടെ ഫണ്ടുകള്‍ വളരെ സേഫ് ആയി കണക്കാക്കപ്പെടുന്ന അമേരിക്കന്‍ ഗവണ്മെന്റ് ബോണ്ടുകളിലായിരുന്നു. ഇന്നേവരെ Basel കമ്മിറ്റി അടക്കം എല്ലാവരുടെയും വിലയിരുത്തല്‍ സോവറിന് ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അത് സുരക്ഷിതം എന്നാണ് .

എന്നിട്ടും ബാങ്ക് പൊളിഞ്ഞു. കാരണം അമേരിക്കന്‍ ഫെഡിന്റെ അടിക്കടിയുള്ള റേറ്റ് ഉയര്‍ത്തല്‍. റേറ്റ് ഉയര്‍ത്തുമ്പോള്‍ എന്തുസംഭവിച്ചു എന്നാല്‍ SVB ബാങ്ക് കൈവശം ഉണ്ടായിരുന്നത് കാലാകാലങ്ങളില്‍ വാങ്ങിവെച്ചിരുന്ന പഴയ നിരക്കിലുള്ള ബോണ്ടുകള്‍ ആണ്. ഫെഡ് റേറ്റ് ഉയര്‍ത്തിയപ്പോള്‍ പഴയ നിരക്കിലുള്ള ബോണ്ടുകള്‍ വിലകുറഞ്ഞു. ബോണ്ട് മാര്‍ക്കെറ്റ്ലെ അരിത്ത്മാറ്റിക് അങ്ങനെയാണ്. ഇവിടെ വിവരിക്കുന്നില്ല.

ഡെപ്പോസിറ്റേഴ്‌സ് പിന്‍വലിക്കാന്‍ വന്നപ്പോള്‍ SVB ക്ക് ബോണ്ടുകള്‍ നഷ്ടത്തില്‍ വിറ്റ് കൊടുക്കേണ്ടിവന്നു. SVB ക്ക് ഈ ഇനത്തില്‍ ഉണ്ടായ നഷ്ടം നഷ്ടം 1.78 ബില്ല്യണ്‍ ഡോളര്‍ . എന്നിട്ടും തികയാഞ്ഞു സ്വന്തം ഷെയറുകളും മാര്‍ക്കെറ്റില്‍ വില്‍ക്കാന്‍ തുടങ്ങി. മാര്‍ക്കെറ്റില്‍ ഇതൊരു ഭീതി ഉണ്ടാക്കി. ബാങ്ക് റണ്‍ എന്ന് പറയുന്ന എല്ലാവരും തുക പിന്‍വലിക്കുന്ന അവസ്ഥ വന്നു. ബാങ്കിന് പിടിച്ചു നില്‍ക്കാനായില്ല. ബാങ്ക് പൊളിഞ്ഞു. ഇവിടെ മോറല്‍ ഓഫ് ദി സ്റ്റോറി എന്താണ്. മാര്‍ക്കെറ്റ് എന്ന അതി വിപുലവും ഗഹനവുമായ സിസ്റ്റത്തില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അത് അപ്രതീക്ഷിതമായ പരിണതഫലങ്ങള്‍ ഉണ്ടാക്കും. അമേരിക്കന്‍ ഫെഡ് ചെയര്‍മാനായാലും കൊള്ളാം, നിര്‍മല സീതാരാമന്‍ ആയാലും കൊള്ളാം, ചിദമ്പരം ആയാലും കൊള്ളാം, മാര്‍ക്കെറ്റ് ആരുടേയും വരുതിയിലല്ല. അപ്രതീക്ഷിതമായ പരിണിത ഫലങ്ങള്‍ ഉണ്ടാകാം. ഉദാഹരണം തുര്‍ക്കി, ശ്രീലങ്ക.

4) അമേരിക്കന്‍ ബാങ്ക് പരാജയങ്ങള്‍ ഇന്ത്യയെ ബാധിക്കുമോ?

ഈ ചോദ്യം രണ്ടു തരത്തില്‍ ഉത്തരം പറയണം. ഒന്ന് ഇന്ത്യന്‍ ബാങ്കുകളില്‍ പ്രശ്‌നങ്ങളുണ്ടാകുമോ നമ്മുടെ ഡെപ്പോസിറ്റുകളെ ബാധിക്കുമോ ? രണ്ട് ഇന്ത്യന്‍ എക്കണോമിയെ ബാധിക്കുമോ ?

ഇന്ത്യന്‍ ബാങ്കുകളെ ഇത് ബാധിക്കാന്‍ പോകുന്നില്ല. കാരണം ഇന്ത്യന്‍ ബാങ്കുകളിലെ സിസ്റ്റങ്ങളും രീതികളും, സൂപ്പര്‍ വിഷനും വളരെ സുദൃഢമാണ്. സര്‍ക്കാരും റിസേര്‍വ് ബാങ്കും നിഷ്‌കര്‍ഷിച്ചിട്ടുള്ള പലതരം നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മുകളിലുണ്ട്. മാത്രമല്ല ഇന്ത്യന്‍ ബാങ്കുകള്‍ ലോക ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റുമായി അധികം ഇന്റഗ്രേറ്റഡ് അല്ല. ഈ പരാജയപ്പെട്ട ബാങ്കുകളുമായി ഇന്ത്യയിലെ ബാങ്കുകള്‍ക്ക് അധികം വിനിമയങ്ങളില്ല.

ഇന്ത്യന്‍ ബാങ്കുകളിലെ നിയന്ത്രണങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, ഉദാഹരണമായി ഒരു വ്യവസായിക്ക് ഇത്രവരെയെ ലോണ്‍ കൊടുക്കാവൂ, ടോട്ടല്‍ അസ്സെറ്റിന്റെ 23 ശതമാനത്തില്‍ കൂടുതല്‍ സെക്യൂരിറ്റികളില്‍ ( Limit Of Held-To-Maturity Securities For Banks 23 %) നിക്ഷേപിച്ചുകൂടാ, 17 ശതമാനം വരെ കാര്‍ഷിക കടങ്ങള്‍ കൊടുത്തിരിക്കണം, MSME കള്‍ക്ക് ലോണ്‍ കൊടുത്തിരിക്കണം എന്നിങ്ങനെ ടണ്‍ കണക്കിന് നിഷ്‌ക്കര്ഷകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ വിധേയമാണ്. ഇതെല്ലാം വെളിയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എല്ലാവര്‍ഷവും ആഡിറ്റ് ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ബാങ്കുകളുടെ അസ്സറ്റുകളും ലയബിലിറ്റികളും ഇന്ത്യ മുഴുവന്‍ വിതരണം ചെയ്യപ്പെട്ടാണ് കിടക്കുന്നത്.

ഉദാഹരണമായി ചെന്നൈയില്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക് അങ്ങ് അസം മുതല്‍ ഗുജറാത്ത് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും ചെറുതും വലുതുമായ കോടിക്കണക്കിന് ഇടപാടുകാര്‍, കൃഷിക്ക് മുതല്‍ കോര്‍പറേറ്റുകള്‍ മുതല്‍ പെട്ടിക്കടകള്‍ വരെ കടമായി, ഡെപ്പോസിറ്റുകളായി പരന്നു കിടക്കുന്നു. എന്നുവെച്ചാല്‍ ബാങ്ക് റണ്‍ എന്ന അമേരിക്കക്കാരന്‍ അഭിമുഖീകരിക്കുന്ന തരം പ്രതിസന്ധി ഇന്ത്യയില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തുലോം തുച്ഛമാണ്. അമേരിക്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി മുഴുവന്‍ റീജിണല്‍ ബാങ്ക്‌സ് എന്ന് അവര്‍ വിളിക്കുന്ന ബാങ്കുകളിലാണ്. പലവയും , ചില ഫോക്കസ്‌കളിലും, ലോക്കലൈസ്ഡ് ആയാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ എക്കണോമിയെ ബാധിക്കുമോ എന്നതാണ് ചോദ്യമെങ്കില്‍ അത് അമേരിക്ക അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ചിരിക്കും. അമേരിക്ക ഒരു deflation, recession and depression ഇതില്‍ എവിടെ ചെന്ന് നില്‍ക്കും എന്നതിനനുസരിച്ചിരിക്കും ഇന്ത്യയെ ബാധിക്കുക.. ഇന്ത്യ ഓരോ വര്‍ഷവും 76 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതി യു എസ് ലേക്ക് നടത്തുന്നു. യു എസ് ഒരു ഡിപ്രെഷനിലേക്ക് പോകുന്ന പക്ഷം കയറ്റുമതിയെ ഈ പ്രതിസന്ധി ബാധിക്കും. അത് ഇന്ത്യയെ ഒരു പരിധി വരെ ബാധിക്കാം.

5) ഇപ്പോഴത്തെ SVB ബാങ്കിങ് പ്രതിസന്ധി മറ്റു യു എസ് ബാങ്കുകളിലേക്ക് വ്യാപിക്കുമോ?

ഇപ്പോള്‍ അമേരിക്കയിലെ റീജ്യണല്‍ ബാങ്കുകള്‍ പ്രതിസന്ധിയിലായിരിക്കുന്നത് ബാഡ് ലോണ്‍ പോര്‍ട്ടഫോളിയോ കാരണമല്ല. അതായത് മെഹുല്‍ ചോക്സി പോലുള്ളവര്‍ക്ക് കടം കൊടുത്തത് കൊണ്ട് ഉണ്ടായ പ്രതിസന്ധിയല്ല. മുകളില്‍ പറഞ്ഞതുപോലെ ഈ പറയുന്ന യു എസ് ബാങ്കുകളുടെ ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷിയോ കുറവാണ്. ഇന്ത്യയിലെ ബാങ്കുകള്‍ 100 രൂപയില്‍ 72 രൂപയാണ് മാര്‍ക്കെറ്റില്‍ കടമായി കൊടുത്തിരിക്കുന്നത്. അത്രപോലും ഈ അമേരിക്കന്‍ ബാങ്കുകള്‍ ലോണ്‍ കൊടുത്തിട്ടില്ല.

അവരുടെ പ്രശ്‌നം ലിക്വിഡിറ്റി ആണ്. ഒരു ബാങ്ക് റണ്‍ ഉണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇനിയൊരു ആറ് ബാങ്കുകള്‍ കൂടി വളരെ പ്രശ്‌നത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു. മുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവരുന്നു. അവര്‍ വലിയ തുകകള്‍ അമേരിക്കന്‍ ട്രെഷറി ബോണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത് . ഈ ബാങ്കുകളുടെ കൈവശമുള്ള നിരക്ക് കുറഞ്ഞ ബോണ്ടുകള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടിവരുന്നു. അവരുടെ ലാഭം വല്ലാതെ ഇടിയുന്നു. അവരുടെ സ്റ്റോക്ക് മാര്‍ക്കെറ്റ് ഷെയര്‍ വില കുത്തനെ താഴേക്ക് വന്നു. മിക്ക റീജ്യണല്‍ ബാങ്കുകളുടെയും ഷെയര്‍ വില വല്ലാതെ ഇടിഞ്ഞിരുന്നു. മാര്‍ക്കെറ്റില്‍ ഭീതിയായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. അത് മറികടക്കാന്‍ കഴിഞ്ഞ ആഴ്ച യു എസ് ഫെഡ് ബാങ്കുകളുടെ കൈവശമുള്ള ഹെല്‍ഡ് ടു മെച്യുരിറ്റി, പഴയ നിരക്കിലുള്ള ബോണ്ടുകള്‍ക്ക് മേല്‍ സമാനമായ തുക ഫെഡില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിച്ചു.

അങ്ങനെ കഴിഞ്ഞ കുറച്ചു ദിവസമായി മാര്‍കെറ്റില്‍ ഒരു ശാന്തത ഉണ്ട്. അതുമൂലം ലിക്വിഡിറ്റി പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായതുകൊണ്ടാണ് ഈ ബാങ്കുകളില്‍ ഒരു കണ്ടേജിയന്‍ എഫക്ട് ഇല്ലാതെ ഇപ്പോള്‍, മുന്നോട്ടുപോയി കൊണ്ടിരിക്കുന്നത്. അല്ലാതെയും ഫെഡ് മാര്‍ക്കെറ്റില്‍ ലിക്വിഡിറ്റി തുറന്നുവെച്ചിട്ടുണ്ട്, പ്രെസിഡണ്ടും ചെയര്‍മാനും നിരന്തരം മീഡിയകളില്‍ വന്ന് ഉറപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

ജാനെറ്റ് യെല്ലന്റെ ഇത്തരം തീരുമാനങ്ങളില്‍ കാര്യങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അമേരിക്കന്‍ ഇക്കോണമി ഒരു തകര്‍ച്ചയിലേക്ക് പോകും. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും പിന്നീടുള്ള വീഴ്ച തടയാന്‍ കഴിയില്ല. കാരണം FDIC അവര്‍ക്ക് കിട്ടിയ ഇന്‍ഷുറന്‍സ് പ്രീമിയം തുക, അവരുടെ ഫണ്ട്, സൂക്ഷിച്ചിരിക്കുന്നത് യു എസ് ബോണ്ടുകളിലാണ്, പഴയ ട്രെഷറി റേറ്റുകളിലാണ്. അത് 128 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് (The Deposit Insurance Fund (DIF) $128.2 billion … FDIC site). അതായത് ഒരു അമേരിക്കന്‍ ബാങ്ക് പൊളിഞ്ഞാല്‍ $ 250000 ന് താഴെ തുക ഡെപ്പോസിറ്റ് ആയി ഉള്ളവരുടെ തുകക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ, അത് കൊടുക്കാന്‍ ഇപ്പോള്‍ FDIC കൈവശം 128 ബില്ല്യണ്‍ മാത്രമാണുള്ളത്. അമേരിക്കയിലുള്ള അത്തരം ഡെപ്പോസിറ്റുകളുടെ ആകെത്തുക ഇതിന്റെ പല പല മടങ്ങാണ്. ഇന്ത്യയിലും ഇതുപോലെയൊക്കെ തന്നെ. ആധുനിക സാമ്പത്തിക സിസ്റ്റം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുന്നത് ഒരു ട്രസ്റ്റിനു പുറത്താണ് .

6) ഇപ്പോഴത്തെ യുഎസ് പ്രതിസന്ധി 1929 നു സമാനമായ, നൂറ്റാണ്ടിലെ വന്‍ പ്രതിസന്ധി ആയി മാറുമോ?

ഇതൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യമാണ്. സാദ്ധ്യത ഉണ്ട്. ഒരു പുതിയ ലേഖനമായി തന്നെ ഇക്കാര്യം എഴുതാന്‍ ഉദ്ദേശിക്കുന്നു. ആധുനിക ഫിനാന്‍സ് മാര്‍ക്കെറ്റുകളെ വളരെ ഡെലികെറ്റ് ആയി വിവേകപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ എല്ലാ ചെറു പ്രതിസന്ധികളും ആ രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിലായിലെത്തിക്കും. കഴിഞ്ഞ പല പതിറ്റാണ്ടുകളായി അമേരിക്ക അവരുടെ ഫൈനാന്‍ഷ്യല്‍ എക്കണോമിയെ മിസ് മാനേജ് ചെയ്തുകൊട്‌നിരിക്കുകയാണ്. അവര്‍ കഴിഞ്ഞ പതിറ്റാണ്ടുകള്‍, പ്രത്യേകിച്ച് 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, പിടിച്ചുനിന്നത് യു എസ് ഡോളര്‍ ലോക കറന്‍സി ആയി നിലനില്‍ക്കുന്നത് കൊണ്ടുമാത്രമാണ്.

ലോക കറന്‍സി എന്ന സ്റ്റാറ്റസ് അവര്‍ വളരെ ഉപയോഗിക്കുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയപ്പോഴൊക്കെ, ഇറാക്ക് യുദ്ധമായാലും, 2008 ലെ പ്രതിസന്ധി സമയത്തും, പാന്‍ഡെമിക് കാലത്തും അവര്‍ ഈ സൗകര്യത്തെ (ദുരു)പയോഗം ചെയ്തു. അവരുടെ പ്രതിസന്ധികളെ ലോകത്തിന് വീതിച്ചു നല്കലാണത്. മറ്റു ലോക രാജ്യങ്ങള്‍ അത് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക ജിയോ പൊളിറ്റിക്‌സ് അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവരുടെ പഴയ ലോയകരാഷ്ടങ്ങളെ ഗെയിമിംഗ് നടത്തികൊണ്ടുപോകുന്ന രീതി ഇനി മുന്നോട്ടുപോകില്ല. പഴയ രീതിയിലുള്ള, അമേരിക്കക്ക് മുന്‍കൈ ഉള്ള, യൂണിപോളാര്‍ ലോകം ഇനി നടപ്പില്ല. അത്തരം അവസ്ഥയില്‍ ഡോളറിന്റെ ലോക കറന്‍സി കരുത്ത്, അവസ്ഥ എന്താകും ?

സൗദി അറേബ്യ ചൈനീസ് കറന്‍സിയില്‍ എണ്ണ വ്യാപാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ ചൈന റഷ്യ ഇവരെല്ലാം ഡോളറിന് പുറത്ത് ട്രേഡിങ്ങ് തുടങ്ങി കഴിഞ്ഞു. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന വാക്ക് de-dollarization എന്നാണ്. ലോക കച്ചവടങ്ങള്‍ക്കായി ഒരു ‘BRICS’ കറന്‍സിയും ചര്‍ച്ചയിലാണ്. ഇന്ത്യ രൂപയില്‍ കച്ചവടം നടത്താന്‍ പല രാജ്യങ്ങളുമായി തയാറെടുത്തു കഴിഞ്ഞു, തുടങ്ങി കഴിഞ്ഞു. ഒരു മള്‍ട്ടി പോളാര്‍ മള്‍ട്ടി കറന്‍സി ലോകമാണ് വരാന്‍ പോകുന്ന വര്‍ഷങ്ങള്‍. ഇവയൊക്കെ വിജയിക്കുന്നതിനനുസരിച്ചു് ഈ രാജ്യങ്ങളിലെ ഡോളര്‍ ശേഖരങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ച് ഒഴുകിത്തുടങ്ങും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഒരു ഇന്‍ഫ്ളേഷന്‍ കയത്തില്‍ ചെന്ന് പെടും. ആ സാമ്പത്തിക പ്രതിസന്ധി 1929 ന് സമാനമോ അതിലും വലുതോ ആകാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ അമേരിക്കയുടെ എല്ലാ നീക്കങ്ങള്‍ക്ക് പുറകിലും ഇതൊഴിവാക്കുക എന്ന ലക്ഷ്യമാണുള്ളത്.

ഇതിനൊരു മറുവശമുണ്ട്. മുകളില്‍ അമേരിക്ക മിസ് മാനേജ് ചെയ്തു എന്ന വാക്കുപയോഗിച്ചുവെങ്കിലും അതോടൊപ്പം തന്നെ അവര്‍ ഒരു ഫാസ്റ്റ് ഡിസിഷന്‍ മേക്കിങ്, ഹൈ മാനേജീരിയല്‍ എഫിഷ്യന്‍സി ഉള്ള രാജ്യവുമാണ്. വരാന്‍ പോകുന്ന പ്രതിസന്ധി മുന്നില്‍ കണ്ടുകൊണ്ട് പല തീരുമാനങ്ങളും അവര്‍ എടുക്കുന്നുണ്ട്. ഉദാഹരണമായി അലാസ്‌കയില്‍ എണ്ണ കുഴിച്ചെടുക്കാനുള്ള പുനര്‍ തീരുമാനം. വര്ഷങ്ങളായി പാരിസ്ഥിതിക കാരണങ്ങള്‍ കൊണ്ട് അത് തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ അതുമായി മുന്നോട്ടുപോകുവാനുള്ള തീരുമാനം സാമ്പത്തിക സമ്മര്‍ദ്ധങ്ങള്‍ തന്നെയാണ്. മിഡില്‍ ഈസ്റ്റിനേക്കാള്‍ എണ്ണ ശേഖരം അലാസ്‌കയില്‍ ഉണ്ടത്രേ. ഒരു ദിവസം 180000 ബാരല്‍ എണ്ണ അവര്‍ക്ക് അവിടെ നിന്ന് മാര്‍ക്കെറ്റില്‍ എത്തിക്കാന്‍ കഴിയും.

അതുപോലെ ടെക്‌നൊളജിയിലും റിസേര്‍ച്ച് മേഖലയിലും എപ്പോഴും അവരാണ് മുന്‍പന്തിയില്‍. അവര്‍ക്ക് എലോണ്‍ മസ്‌ക് മാരുണ്ട്, ടെസ്ല ഉണ്ട്, ഗൂഗിള്‍ ഉണ്ട്, മൈക്രോ സോഫ്റ്റ് ഉണ്ട്, ചാറ്റ് ജിപിട്ടി ഉണ്ട്, വന്‍ സിലിക്കണ്‍ ശേഖരമുണ്ട്. (സിലിക്കണ്‍ ഉല്പന്നങ്ങള്‍ ഇല്ലാത്ത ഒരു ആധുനിക ലോകം ഇല്ല). അങ്ങനെ മണി ഉണ്ടാക്കാന്‍ പല അടിത്തറകളും അവര്‍ക്കുണ്ട്. അതുകൊണ്ട് സാമ്രാജ്യത്വ അമേരിക്ക കുറ്റിയറ്റു കുളം തൊണ്ടും എന്ന ഗോപ്യ ആഗ്രഹങ്ങള്‍ ആര്‍ക്കെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അങ്ങനെ നടക്കണമെന്നില്ല. അവര്‍ ഒരു ഹൈ എഫിഷ്യന്റെ സമൂഹം കൂടിയാണ്.

പക്ഷെ അവര്‍ വന്‍ പ്രതിസന്ധിയിലാണ്. അവര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന കട കൂമ്പാരത്തില്‍ നിന്ന് വെളിയില്‍ വരിക എളുപ്പമല്ല. വരാന്‍ പോകുന്ന മാസങ്ങളില്‍ വര്‍ഷങ്ങളില്‍ അവര്‍ ഇന്‍ഫ്ളേഷനുമായി പൊരുതി തന്നെ ജീവിക്കേണ്ടിവരും. അമേരിക്ക എന്ന യൂണി പോളാര്‍ സാമ്രാജ്യത്തിന്റെ സ്ഥാനം പതിയെ വീഴുക തന്നെ ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *