നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു


“കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. എന്‍ജിഒ യുക്തിതവാദികള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതെല്ലാം, റീ-ലേണ്‍ ചെയ്യേണ്ടിയിരിക്കുന്നു.” – ഹരിദാസന്‍ പി ബി എഴുതുന്നു
യുക്തിവാദികളും ക്യാപിറ്റലിസവും

കേരളത്തിലെ യുക്തിവാദികളുടെ യുക്തി തട്ടിയുടയുന്നൊരിടമാണ് ക്യാപിറ്റലിസം. യുക്തിവാദമെന്നാല്‍ കുറെ ദൈവ നിഷേധവും, മത വിമര്‍ശനവുമായി അവരവരുടെ കംഫര്‍ട്ട് സോണില്‍ ഹീറോകളായി കടന്നുപോവുമ്പോഴാണ്, ക്യാപിറ്റലിസം ഒരു ചര്‍ച്ചയായി കേറിവരുന്നത്. അതോടുകൂടി പല യുക്തിവാദികളും പ്രതിസന്ധിയിലായി. എങ്ങനെ പ്രതികരിക്കണം ഏത് നിലപാടെടുക്കണം എന്നത് അവരെ അസ്വസ്ഥാരാക്കി. ഇത്രയും കാലം അവര്‍ അവരുടെ അഭിപ്രായങ്ങള്‍ കെട്ടിപ്പടുത്തതും വ്യക്തിത്വ ഐഡിന്റിറ്റികള്‍ ഉണ്ടാക്കിയെടുത്തതും ദൈവനിഷേധ പ്രഭാഷണങ്ങളും, ഞാന്‍ പാവങ്ങളുടെ കൂടെയാണെന്ന് ഐക്യപ്പെട്ടുകൊണ്ടുള്ള കുറച്ചു സോഷ്യലിസവും ഒക്കെ ചേര്‍ന്നൊരു സമീപനങ്ങളിലൂടെയാണ്.

ക്യാപിറ്റലിസം ഒരു ചര്‍ച്ചയായി വന്നതോടുകൂടി ചിലരൊക്കെ വിദഗ്ധമായി, ഒഴിഞ്ഞുമാറി സംസാരിക്കുന്നു. ചിലര്‍ കൊക്കൂണിലാണ്. എതിര്‍ത്തു സംസാരിക്കാനുള്ള ആയുധങ്ങള്‍ കൈയിലില്ല. സംസാരിച്ചാല്‍ യുക്തിരഹിതമായി പോകമെന്ന് അവര്‍ക്ക് ഉള്ളാല്‍ അറിയാം. അപ്പോള്‍ ഈ കൊക്കൂണില്‍ നിന്ന് പതിയെ ഇടക്ക് തല പുറത്തിട്ട് നോക്കും. വീണ്ടും സേഫ് സോണിലേക്ക് പിന്‍വലിയും. വേറെ ചിലര്‍ കാള്‍ മാര്‍ക്‌സിന്റെ ഭൗതികവാദം ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഞങ്ങളാണ് യഥാര്‍ത്ഥ യുക്തിവാദത്തിന്റെ അവകാശികള്‍ എന്ന് ധ്വനിപ്പിച്ചുകൊണ്ട് ശഠിച്ചുനടക്കുന്നു.

അവിശ്വാസിയില്‍ നിന്ന് റാഷനലിസ്റ്റിലേക്ക്

പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നതുകേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു പുറത്തിട്ട് യുക്തിവാദിയാകുന്നതും താരമമ്യേന എളുപ്പപണിയാണ്. അത് വേണ്ടെന്നല്ല. അതൊരു സാമൂഹിക സേവനം തന്നെ. അത് നിര്‍ബാധം നടക്കട്ടെ. എന്നാല്‍ ഞാന്‍ ഒരു റാഷനലിസ്റ്റ് ആണ് എന്ന് പറയാന്‍ അതുപോര.

മുന്നില്‍വരുന്ന ആശയങ്ങള്‍ പക്ഷപാതിത്വം ഇല്ലാതെ, സ്വന്തം ധീഷണയോട് സത്യസന്ധത പുലര്‍ത്തി കാര്യങ്ങളെ സമീപിക്കുന്നുണ്ടോ എന്നതാണ് ഒരു റാഷനലിസ്റ്റിന്റെ ബെഞ്ച് മാര്‍ക്ക്. ദൈവനിഷേധം മാത്രമല്ല അത്. സ്വന്തം ധീഷണയോട് സത്യസന്ധത പുലര്‍ത്തി എന്നതാണ് കീ വേര്‍ഡ്. പലരും അവിടെയാണ് തട്ടിയുടയുന്നത്. പലരും അവിടെയാണ് കൊക്കൂണിലേക്ക് പോകുന്നത്. ക്യാപിറ്റലിസം പൊതു രംഗത്ത് ചര്‍ച്ചയില്‍ വന്നതോടെ യുക്തിവാദികള്‍ പലരും അത്രക്ക് യുക്തിസഹരല്ല എന്നത് വെളിവായി. ‘അനുയോജ്യമായ’ യുക്തി കൊണ്ടുനടക്കുന്നവരാണ് പലരും എന്നത് വ്യക്തമായി.

യുക്തിവാദികളില്‍ വലിയൊരു ഭാഗം വരുന്നത് എന്‍ജിഒ ബുദ്ധിജീവികളില്‍ നിന്നാണ്. അവര്‍ പഠിച്ചു വളര്‍ന്നിരിക്കുന്നത് ‘ദേശാഭിമാനി’ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. കോര്‍പ്പറേറ്റ്‌സ്, നവ ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, അമേരിക്കന്‍ സാമ്രാജ്യത്വം മുതലാളിവര്‍ഗ്ഗം, അംബാനി-അദാനി എന്നീ ചില സംജ്ഞകളോട് തിക്തമായ അരിശം ആണ് ഇവരുടെ അടിത്തറ. ഈ സംജ്ഞകളോട് സംവേദിക്കുമ്പോള്‍ അവര്‍ യുക്തി പണയം വെക്കുന്നു. പെട്ടെന്നൊരുനാള്‍ ഈ വാക്കുകളെയൊക്കെ പക്ഷപാതമില്ലാത്ത യുക്തിയുടെ മൂശയില്‍ വിലയിരുത്തപ്പെടണം എന്ന അവസ്ഥ വന്നതൊടികൂടി പലരും സ്ഥാനഭ്രംശം സംഭവിച്ചവരായി.

അവരില്‍ ചിലര്‍, കിട്ടിപ്പോയ ഇമേജുകളും പൊസിഷനും സ്ഥാനങ്ങളും കളയാന്‍ മനസ്സില്ലാത്തവര്‍, യുക്തിവാദി ആയാലും കൊള്ളാം, അല്ലെങ്കിലും കൊള്ളാം, ഞങ്ങള്‍ പറയുന്നതില്‍ ശരിയുണ്ടെന്ന് ശാഠ്യം പിടിച്ചു തുടരുന്നു. പക്ഷെ അവര്‍ യുക്തിവാദി എന്ന കുപ്പായം കളയാന്‍ തയ്യാറല്ല. കാര്യം മനസ്സിലായ ചിലര്‍ ഇക്കാര്യത്തില്‍ മൗനം കൊണ്ടുനടക്കുന്നു. വേറെ ചില ‘നിഷ്‌കളങ്കര്‍’ ക്യാപിറ്റലിസത്തില്‍ എന്തൊക്കെയോ കുഴപ്പമുണ്ട്, സമയാ സമയത്തുള്ള ഡിഎ, പെന്‍ഷന്‍, സബ്സിഡി, റേഷന്‍ ഇവയൊന്നും ക്രൂരന്മാരായ ക്യാപിറ്റലിസ്റ്റുകാര്‍ കൊണ്ട് നടക്കില്ല എന്നൊക്കെയുള്ള ജ്ഞാനത്തില്‍ തുടരുന്നവരാണ്. അവരിട്ടിരിക്കുന്ന നല്ല കുപ്പായവും കെട്ടിയവള്‍ക്ക് വാങ്ങിച്ച സാരിയും ക്യാപിറ്റലിസ്റ്റുകള്‍ ഉണ്ടാക്കിയതാണെന്ന പ്രാഥമിക സത്യത്തിലേക്ക് അവര്‍ നോക്കാന്‍ മടിക്കുന്നു. പ്രധാനമായും അവരെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

നേതാക്കള്‍ എന്തുകൊണ്ട് ക്യൂബയില്‍ പോവുന്നില്ല?

സുഹൃത്തുക്കളെ, ഒരു വെല്‍ഫെയര്‍ സ്റ്റേറ്റ് (Welfare State) ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിലെ നടക്കുകയുള്ളു എന്നതാണ് അതിന്റെ ശരിയായ യുക്തി. ഒരു നീണ്ട കാലയളവില്‍ ഒരു ക്ഷേമരാഷ്ട്രം നിലനിന്ന് പോകണമെങ്കില്‍ വെല്‍ത്ത് ക്രിയേഷന്‍ നടക്കേണ്ടതുണ്ട്. Money, wealth, has to be generated in order to spend/distribute it. ആ വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം. നിങ്ങള്‍ ദേശാഭിമാനി സ്‌കൂളില്‍ പഠിച്ചതെല്ലാം റീ-ലേണ്‍ ചെയ്യേണ്ടിയിരിക്കുന്നു. സര്‍ക്കാരുകള്‍, ഏതു സാമ്പത്തിക വ്യവസ്ഥയിലുള്ള സര്‍ക്കാരുകള്‍ ആയിരുന്നാലും, സേവനങ്ങള്‍ നിരന്തരം ഒഴുക്കി മുന്നോട്ടുപോകാന്‍ ആവില്ല. പണം ഉണ്ടാക്കപ്പെടണം. വലിയ ധനവും വലിയ പദ്ധതികളും ഉണ്ടായാലേ മാനവരാശിക്ക് ഇന്നത്തെ അവസ്ഥയിലുള്ള ജീവിത നിലവാരത്തില്‍ ജീവിക്കാന്‍ കഴിയുകയുള്ളു. അതിനാവശ്യമായ ജനാധിപത്യപരമായ നിയമ വ്യവസ്ഥകളുടെ സംഘാതമാണ് ക്യാപിറ്റലിസം.

കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍ അതായത് മുതലാളികള്‍, പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം, എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. പരിഹരിച്ചു കിടപ്പുണ്ട് എന്നല്ല. കൈകാര്യം ചെയ്യപ്പെട്ടുകിടക്കുന്നുണ്ട്. പലപ്പോഴും അവ ‘ദിസ് ഈസ് ദി ബെറ്റര്‍ ഓപ്ഷന്‍’ എന്ന നിലക്ക് കൊണ്ടുനടക്കുന്നതാണ് മുന്നോട്ടുപോകുന്നവയാണ്. പല പോരായ്മകളും കാണും.. (‘എല്ലാ’ എന്നുവെച്ചാല്‍ ഒട്ടുമിക്കവയും എന്നേ വായിക്കാവൂ. എല്ലാം ഉള്‍ക്കൊള്ളുന്ന എന്ന ഒരവസ്ഥയില്ല. Man is a very complex being). ക്യാപിറ്റലിസത്തി ല്‍ പ്രായോഗികതക്ക് മാത്രമേ സ്ഥാനമുള്ളൂ. അവിടെ കൊച്ചു വൈകാരികതകള്‍ക്ക് ഇടമില്ല.

ഇവിടെ ജീവിതനിലവാരം എന്നുവെച്ചാല്‍, എല്ലാവരും മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ടിട്ടുള്ള, മാരുതി കാര്‍ ഓടിച്ചു നടക്കുന്ന ജീവിത നിലവാരം എന്നല്ല അര്‍ത്ഥം. മറിച്ച് വയറും തള്ളി, മൂക്കും ഒലിപ്പിച്ച്, ജനിച്ച് അഞ്ചു വയസ്സാകുന്നതിന് മുമ്പ് മരിച്ചുപോകുന്ന, അല്ലെങ്കില്‍ കോളറകളും വസൂരികളും നടമാടാത്ത, ക്ഷാമങ്ങളും പട്ടിണികളും കാലാകാലങ്ങളില്‍ വന്ന് ലക്ഷങ്ങളെ പട്ടിണിക്കിട്ട് കൊണ്ടുപോകാത്ത അടിസ്ഥാന അവസ്ഥ ആണ് ആദ്യം മനസ്സില്‍ കാണേണ്ടത്. ഈ നിലയിലേക്കുള്ള ജീവിതനിലവാരം ആണ് ഉദ്ദേശിക്കുന്നത്. 1990 ല്‍ 89 കോടി മാത്രമുണ്ടായിരുന്ന നമ്മള്‍ ഇന്നെത്തിനില്‍ക്കുന്നത് 139 കോടിയിലാണ്.

ഈ വലിയ ജനസംഖ്യവെച്ച് മേല്‍പ്പറഞ്ഞ ബേസിക് ജീവിത നിലവാരം നിലനിര്‍ത്താന്‍ തന്നെ അനിതര സാധാരണമായ ഉത്പാദന പ്രക്രിയ നടക്കേണ്ടതുണ്ട് എന്ന് എന്‍ജിഒ യുക്തിവാദികള്‍ അടിസ്ഥാനമായി മനസ്സിലാക്കുക.കോവിഡ് പോലുള്ള മാരക വിപത്തുകള്‍ വന്നാല്‍, വേറൊരു രാജ്യത്തെ ആശ്രയിക്കാതെ നമുക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനടക്കം, സമ്പത്ത് വ്യവസ്ഥയില്‍ ബഹുമുഖമായ ഉല്‍പാദനപ്രക്രിയകളും വൈവിധ്യവും ആവശ്യമുണ്ട്. ചികിത്സക്കാവശ്യമായ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ മാത്രം എന്നൊരു സാമ്പത്തിക ക്രമമില്ല. രാജ്യത്തിന്റെ എക്കണോമിക്ക് ആഴവും പരപ്പും ഉണ്ടെങ്കിലേ വാക്‌സിനുകളും കിറ്റുകളും ഉണ്ടാവുകയുകള്ളൂ. ആ ആഴവും പരപ്പും ക്യൂബയില്‍ ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ നേതാക്കന്മാര്‍ ക്യൂബയിലേക്ക് ചികില്‍സിക്കാന്‍ പോകാത്തത്. അമേരിക്കയിലേക്ക് പോകുന്നത്!

ആഴവും പരപ്പും ഉള്ള ഒരു സമ്പത്ത് വ്യവസ്ഥയില്‍ മാത്രമേ ഗഹന ഗവേഷണങ്ങള്‍ ആവശ്യമായ ആശുപത്രികളും, ആരോഗ്യ പരിരക്ഷ സംവിധാനങ്ങളും ഉണ്ടാവുകയുള്ളൂ. ആ ആഴവും പരപ്പുമുള്ള ഉല്‍പാദന പ്രക്രിയ ഒരു ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിലെ ഉണ്ടാവുകയുള്ളു. അത് ഉള്‍കൊണ്ടാല്‍ ക്യാപിറ്റലിസത്തെ അംഗീകരിക്കുന്ന ഒരു റാഷനലിസ്റ്റ് ആകാന്‍ നിങ്ങള്‍ക്ക് വിമുഖത്തുണ്ടാവില്ല. നിങ്ങള്‍ കൊക്കൂണിലേക്ക് വലിയേണ്ട ആവശ്യം ഉണ്ടാവില്ല. ക്യാപിറ്റലിസം നിങ്ങള്‍ക്ക് അഭികാമ്യമായി ബോധ്യപ്പെടും. നിങ്ങളുടെ ചിന്ത ഈ വഴിക്കാണ് ചിന്തിച്ചു മുന്നോട്ടുപോകേണ്ടത്, 139 കോടി ജനതയുടെ ക്ഷാമങ്ങളും പട്ടിണിയും ഇല്ലാത്ത ജീവിതം എങ്ങനെ ഉണ്ടാക്കാം എന്ന വഴിക്ക്. അല്ലാതെ നിങ്ങളുടെ സഹപ്രവര്‍ത്തകന്‍, കരിയര്‍ ബുദ്ധിജീവികള്‍, പറയുന്ന അംബാനിക്ക് കോടികള്‍ കൂടുന്നു എന്ന കുനുഷ്ടിന്റെ തത്വശാസ്ത്രങ്ങളില്‍ ചിന്തകളെ പണയം വെക്കരുത്.

ഫ്രീ മാര്‍ക്കറ്റ് എന്ന ബാലികേറാമല

എന്‍ജിഒ യുക്തിവാദികളുടെ, പൊതുവെ എന്‍ജിഒ ബുദ്ധിജീവികളുടെ, ഒരു ബാലികേറാമലയാണ് അല്ലെങ്കില്‍ കീറാമുട്ടിയാണ് ‘മാര്‍ക്കറ്റ്’ അല്ലെങ്കില്‍ ഫ്രീ മാര്‍ക്കറ്റ്. ആധുനിക മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിന്റെ വ്യാപ്തിയും പരപ്പും അവര്‍ക്കങ്ങട് മനസ്സിലാകുന്നില്ല. അതിന്റെ ഡൈമന്‍ഷന്‍ അവര്‍ക്കങ്ങട് ഉള്‍ക്കൊള്ളാനാകുന്നില്ല.

എന്റെ പേജില്‍ വന്ന ഒരു കമെന്റ് വായിക്കുക… ‘ചങ്ങാതീ, നാടിന്റെ സമ്പത്തു ഉണ്ടാകുന്നതു പ്രകൃതിയില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളും നടത്തുന്ന അധ്വാനത്തിലൂടെയാണ്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയും അവരവരുടെ സമ്പത്തു ഉണ്ടാക്കേണ്ടത് സത്യസന്ധമായ അധ്വാനത്തിലൂടെയാണ്. തട്ടിപ്പു, വെട്ടിപ്പ് , ചതി, അഴിമതി, കൊള്ള, മോഷണം, തുടങ്ങിയ ‘അധ്വാനത്തിലൂടെയും’ സമ്പത്തു ഉണ്ടാക്കാന്‍ ചിലര്‍ക്ക് കഴിയുന്നു. അതില്‍ ഒന്നാണ് ‘ഈ മാര്‍ക്കറ്റ്’ എന്ന സംവിധാനം. മാര്‍ക്കറ്റ് ‘അപകടത്തിന് വിധേയം’ എന്നൊരു മുന്നറിയിപ്പ് വാക്യം എഴുതി ചതിക്കുന്ന വിദ്യ. അവിടെ ഉണ്ടാകുന്ന സമ്പത്തിനു പരിധിയില്ല. എന്നാല്‍ സത്യസന്ധമായ അധ്വാനത്തിലൂടെ ഉണ്ടാകുന്ന സമ്പത്തിനു ഒരു പരിധി ഉണ്ടാകും, അത് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ തരികിട വഴിയിലൂടെ ഉണ്ടാക്കുന്ന സമ്പത്തിനു പരിധിയില്ല. എന്നാല്‍ അങ്ങനെ സമ്പത്തു ഉണ്ടാക്കുന്നവരുടേതാണ് നാം കാണുന്ന, അഥവാ നമ്മെ കാണിക്കുന്ന അഥവാ നമ്മെ പഠിപ്പിക്കുന്ന ‘ആധുനിക’ ലോകം… ‘ ഈ പോസ്റ്റ് വായിച്ച നിങ്ങള്‍ക്കെന്തു തോന്നി .ഇതാണ് ഒരു ടിപ്പിക്കല്‍ ആവറേജ് എന്‍ജിഒ മലയാളി ബുദ്ധിജീവി. മാര്‍ക്കറ്റ് അവര്‍ക്കൊരു കീറാമുട്ടിയാണ്. ആധുനിക മാര്‍ക്കറ്റ് ക്യാപിറ്റലിസം അവര്‍ക്കങ്ങട് പിടികിട്ടുന്നില്ല. ഇതില്‍ പലരും യുക്തിവാദികളുമാണ് .ഇവരെ ഒരു ശരിയായ ഒരു റാഷനലിസ്റ്റ് ആയി ഉയര്‍ത്തണമെങ്കില്‍ വര്‍ഷങ്ങള്‍ ഇനിയും ഒരുപാട് എടുക്കും.

ഫ്രീ മാര്‍ക്കറ്റ് എല്ലാവര്‍ക്കും തോന്നിയപോലെ തോന്നുംപടി കൊടുക്കല്‍ വാങ്ങലുകള്‍ ഉല്‍പാദനങ്ങള്‍ നടത്തുന്നൊരിടമല്ല. മാനവരാശി ഉണ്ടാക്കിയെടുത്തിരിക്കുന്ന ജനാധിപത്യപരവും അല്ലാത്തതുമായ നിയമങ്ങളുടെ മുക്കാല്‍ പങ്കും മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ ഉണ്ടാക്കിയെടുത്തവയാണ്. എങ്ങനെ തിരഞ്ഞെടുപ്പ് നടത്താം, എങ്ങനെ ഭരണാധികാരിയെ തിരഞ്ഞെടുക്കാം, മുതലായ ജനാധിപത്യ വ്യവസ്ഥകള്‍ അതിലെ ചെറിയൊരു ഭാഗം മാത്രമാണ്.

നിങ്ങളുടെ ക്രിമിനല്‍ നിയമങ്ങളോ, അല്ലെങ്കില്‍ മറ്റു സിവില്‍ നിയമങ്ങള്‍ ഓരോ പുസ്തകത്തില്‍ ഒതുങ്ങുന്നവയാണെങ്കില്‍ മാനവരാശി മാര്‍ക്കറ്റിനുവേണ്ടി ഉണ്ടാക്കിവെച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും നിയമ നിര്‍ദ്ദേശങ്ങളുടെയും അതായത് ട്രേഡിങ്ങ്, കോണ്‍ട്രാക്ടസ്, എക്‌സിക്യൂഷന്‍ ഓഫ് കോണ്‍ട്രാക്ച്യുല്‍ ഒബ്ലിഗേഷന്‍സ്, ഷിപ്പിംഗ്, ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് മുതലായവ എല്ലാം ചേര്‍ത്താല്‍, വക്കീലന്മാരുടെ പല അലമാരകള്‍ വേണ്ടിവരും. അതാണ് അതിന്റെ തോത്. അതില്‍ എഴുതപെട്ടവയും അല്ലാത്ത കസ്റ്റംസ് ആന്‍ഡ് പ്രാക്ടീസ് പ്രകാരം കൊണ്ടുനടക്കുന്നവയും കൂടി ഉള്‍കൊണ്ടാലേ ‘മാര്‍ക്കറ്റ്” ആവുകയുള്ളൂ. അതാണ്  മാര്‍ക്കറ്റ്. അത് അതി ബൃഹത്താണ്. സാഗരംപോലെ മാര്‍ക്കറ്റ് നിയമങ്ങളും അതിലെ വ്യാവഹാരിക ക്രമങ്ങളും പ്രവര്‍ത്തിക്കുന്നു അതിലാണ് മാനവരാശി നിലനിന്നു പോകുന്നത്. അതാണ് മാനവരാശിയെ മുന്നോട്ട് നയിക്കുന്നത്. “ശരിയായ അദ്ധ്വാനത്തിന്റെ ലോകം” മാര്‍ക്കറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

എന്തിനാണ് ഈ കോര്‍പ്പറേറ്റ് ഫോബിയ

യുക്തിവാദികള്‍ക്ക് ഒരു യഥാര്‍ത്ഥ റാഷണലിസ്റ്റ് ആയി ഉയരാന്‍ കഴിയാതെ പോകുന്ന ഇനിയൊരു കടമ്പയാണ് കോര്‍പറേറ്റ് ഫോബിയ. അരിശം മൂത്താല്‍ അവര്‍ നിങ്ങളെ ‘കോര്‍പറേറ്റ് ദല്ലാളന്‍’ എന്നൊക്കെ വിളിക്കും. കോര്‍പറേറ്റുകള്‍ എന്നാല്‍ ചൂഷണവും കൊള്ളയും ചതിയും എന്നതിന്റെ മൂര്‍ത്തിരൂപമായിട്ടാണ് അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. വലിയ വലിയ പ്രൊഫസ്സര്‍ന്മാരും എഴുത്തുകാരന്മാരുംവരെ ഈ അന്ധവിശ്വാസത്തിന് അടിമകളാണ്. കോര്‍പറേറ്റുകള്‍ എന്നാല്‍ Big Money യും Big Project കളും ഉണ്ടായി വന്നപ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ കാലങ്ങളെടുത്ത് മാനവരാശി വളര്‍ത്തിയെടുത്ത ഇന്‍സ്റ്റിട്യൂഷനുകളാണ്.

എന്താണീ കോര്‍പറേറ്റ്സ് എന്ന എന്റെ ഒരു ലേഖനത്തിലെ കുറച്ചു വരികള്‍ ഇവിടെ കുറിക്കുന്നു. കോര്‍പറേറ്റുകള്‍ എന്നാല്‍ കുറെ മുതലാളിമാര്‍ ചേര്‍ന്ന് അവര്‍ക്കനുകൂലമായി ചൂഷണോപാധികള്‍ക്കായി വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റിട്യൂഷനുകളല്ല സ്ഥാപനങ്ങളല്ല. മാനവരാശിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആ വളര്‍ച്ചകളുടെ ഒരു കാലഘട്ടത്തിന്റെ അവസ്ഥയില്‍, ഇനി ആ വളര്‍ച്ച മുന്നോട്ടുപോകണമെങ്കില്‍ നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥകള്‍, നിയമങ്ങള്‍ മതിയാവുകയില്ല എന്ന സ്ഥിതിയില്‍ കാലഘട്ടം ഉരുത്തിരിയിച്ചെടുത്ത, ഒരു സാമ്പത്തിക അടിത്തറയുടെ നിര്‍മിതിയാണ് അവര്‍. ആ അടിത്തറക്ക് മുകളിലാണ് മാനവരാശി വളര്‍ന്ന് ഇന്നത്തെ നിലയില്‍ എത്തിയത്. നിലനില്‍ക്കുന്നത്. ഇനി മുന്നോട്ടുപോകാനും ഈ അടിത്തറയുടെ ആവശ്യമുണ്ട്.

മാനവരാശി വളര്‍ന്ന് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ജീവിത നിലവാരത്തില്‍ എത്തിച്ചേര്‍ന്നത് സയന്‍സും ടെക്നോളജിയും കൊണ്ട് മാത്രമല്ല. കോര്‍പറേറ്റുകള്‍ എന്ന് വിളിക്കുന്ന, നിങ്ങള്‍ നാഴികക്ക് നാല്‍പ്പതുവട്ടവും പ്രസംഗിച്ച് അവഹേളിക്കുന്നവര്‍ കൂടി ഉള്ളതുകൊണ്ടാണ്. അതിനു മുകളിലാണ് മനുഷ്യരാശിയുടെ പുരോഗതി കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. ആ വ്യവസ്ഥിതിക്ക് കുറവുകളും കുറ്റങ്ങളും ഏറെ ഉണ്ടാകാം. മാനവരാശിയുടെ എല്ലാ പദ്ധതികളെയും പോലെ ഈ വ്യവസ്ഥക്കും കുറവുകള്‍ കുറ്റങ്ങള്‍ ഏറെ ഉണ്ട് ഉണ്ടാകും അന്യുനമൊന്നുമല്ല ആകുകയുമില്ല. പക്ഷെ ആ കുറവുകള്‍ വിലയിരുത്തപ്പെടേണ്ടത് ആ സിസ്റ്റം ഉണ്ടാക്കിയെടുത്ത ഗുണവശങ്ങളുമായി തട്ടിച്ചുനോക്കുകൊണ്ടായിരിക്കണം. അതിന്റെ വ്യാപ്തി മനസ്സിലാക്കികൊണ്ടുകൂടിയായിരിക്കണം… (കോര്‍പറേറ്റുകളെ വിശദമായമായി പരിചയപെടുത്തിക്കൊണ്ടുള്ള ഈ ലേഖനം വായിക്കാന്‍, എല്ലാ ക്യാപിറ്റലിസം വിമുഖ (യുക്തിവാദികള്‍ക്കും, എന്റെ ആ പേജിലേക്ക് സ്വാഗതം ‘എന്താണീ കോര്പറേറ്റ് ‘)

‘യുക്തിവാദവും കവിതയും ക്യാപിറ്റലിസവും’

കേരളത്തിലെ യുക്തിവാദികള്‍ പലരും യുക്തിയിലല്ല ചിന്തിക്കുന്നത്, ഇമോഷണല്‍ മാനങ്ങളിലാണ് അവര്‍ അഭിരമിക്കുന്നത് എന്നതിന്റെ നേര്‍ തെളിവാണ് കാര്‍ഷിക ബില്ലിനോടുള്ള അവരുടെ പ്രതികരണം. ഇമോഷണല്‍ കോഷ്യന്റ് യുക്തിയെ നിയന്ത്രിക്കുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് കാണാനാകുന്നത് വാചാടോപങ്ങളായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ടത് എന്‍ജിഒ യുക്തിവാദികള്‍ അല്ലെങ്കില്‍ കരിയര്‍ യുക്തിവാദികള്‍ കാര്‍ഷിക നിയമങ്ങളെ കുറിച്ചു് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നല്ലേ എന്നതല്ല. എന്ത് കൊണ്ട് അവരിങ്ങനെ പറയുന്നു എന്നതാണ്.

അവര്‍ റാഷനലിസ്റ്റുകളല്ല. കുപ്പായം മാത്രം യുക്തിവാദിയുടേത്. കാര്‍ഷിക ബില്‍ ചര്‍ച്ചകള്‍ ഒരു തവണ കൂടി കേട്ടുനോക്കുക. വികാര വിക്ഷോഭങ്ങളുടെ പ്രകടനങ്ങള്‍ പലതുകാണാം. ഒരുപാട് യുക്തിവാദികള്‍ ആവേശത്തോടെ അവിടെ പ്രതികരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ പോയിന്റ് ബൈ പോയന്റ് സംസാരിക്കുന്ന യുക്തിവാദി അവിടെ നിങ്ങള്‍കണ്ടിരിക്കാനിടയില്ല. വികാരപരതയോടെ ഹെര്‍ഡ് മെന്റാലിറ്റിയില്‍ കാര്യങ്ങള്‍ പറയുന്നത് റാഷനലിസമല്ല. അവരുടെ പലരുടെയും യുക്തിവാദി കുപ്പായം വെറും ആടയാഭരണത്തിന്റെ ഭാഗമാണ്. An image they want to present for themselves.

യുക്തിവാദികളില്‍ പലരും ക്യാപിറ്റലിസത്തെ തൊടാതെ അകന്നു മാറിനില്‍ക്കുന്നത് അല്ലെങ്കില്‍ ചിലര്‍ ക്യാപിറ്റലിസത്തെ എതിര്‍ക്കുന്നത് ‘പാവങ്ങളെ’ പ്രതിയാണ്. ‘സാധാരണക്കാരനെ’ ഉദ്ധരിച്ചാണ്. ഇതൊരു വന്‍ അജ്ഞതയാണ്. സുഹൃത്തുക്കളെ നിങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിയാണ് ചിന്തിക്കുന്നതെങ്കില്‍, സാധാരണക്കാരന്റെ ജീവിതത്തെ പ്രതിയാണ് നിങ്ങളുടെ സോഷ്യല്‍ കോണ്‍ഷ്യസ് എങ്കില്‍ നിങ്ങള്‍ ക്യാപിറ്റലിസത്തെ പ്രോത്സാഹിപ്പിച്ചാണ് സംസാരിക്കേണ്ടത്.

50 കോടി ജനങ്ങളാണ് ഈ ഇന്താ മഹാരാജ്യത്ത് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളില്‍ കൂടുതലായി ഉണ്ടായത്. ഒരു പാകിസ്ഥാനും ബംഗ്ലാദേശും ചേര്‍ന്നത്രക്ക് ജനത. നമ്മള്‍ 139 കോടിയാണ്. ഇവരെയൊക്കെ പരിപാലിക്കാന്‍, റേഷന്‍ കടകളിലെ വരികളില്‍ സംഘര്‍ഷമുണ്ടാക്കാതെ ജീവിക്കാന്‍, അനിതര സാധാരണമായ ഉല്‍പാദന പ്രക്രിയകള്‍ നടക്കേണ്ടതുണ്ട്. പട്ടിണി പരിവട്ടങ്ങളില്ലാതെ ജനത്തിന് ജീവിക്കാന്‍ കഴിയുന്നതും, സമയാ സമയം വാക്‌സിനുകള്‍ ഉത്പാദിപ്പിച്ചു നല്‍കിയുള്ളതടക്കമുള്ള ആരോഗ്യ പരിരക്ഷയും, ലോക നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കി മുന്നോട്ടുപോകൊണ്ടുപോകാവുന്ന ഒരേ ഒരു സാമ്പത്തിക ക്രമം മാത്രമേ ഉള്ളൂ. അത് ക്യാപിറ്റലിസമാണ്.

നിങ്ങളുടെ കൈവശം തെളിയിക്കപ്പെട്ട വേറൊരു സാമ്പത്തിക പദ്ധതിയില്ല. വൈകാരികതയിലാണ് നിങ്ങള്‍ സംസാരിക്കുന്നത്. ക്യാപിറ്റലിസത്തില്‍ കാണുന്ന പോരായ്മകളെ പ്രതി നിങ്ങള്‍ അന്ധരാകരുത്. ഒരു റാഷനലിന്റെ പ്രാഥമിക ഉത്തരവാദിത്തം വൈകാരികതയില്ലാതെ കാര്യങ്ങളെ വിലയിരുത്തലാണ്. ഭയക്കേണ്ട, നിങ്ങള്‍ ക്യാപിറ്റലിസത്തെ അനുകൂലിച്ചു സംസാരിച്ചു എന്നത് കൊണ്ട് നിങ്ങളുടെ കവിതയുടെ അല്ലെങ്കില്‍ പ്രസംഗങ്ങളുടെ മാറ്റ് കുറയുന്നില്ല. മറിച്ചു നിങ്ങളുടെ എഴുത്തിലും പ്രസംഗങ്ങളിലും സത്യസന്ധത പ്രതിഫലിക്കുകയും ചെയ്യും. യുക്തിവാദവും കവിതയും ക്യാപിറ്റലിസവും ഒന്നിച്ചുപോകും.


Leave a Reply

Your email address will not be published. Required fields are marked *