ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍


“ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം ഗീത-ഉപനിഷത്ത് വേദാന്ത ഫാന്‍സാണ്. അറിയപെടുന്ന പല പുരോഗമനകുട്ടന്‍മാരും ഈ പട്ടികയുടെ മുന്‍നിരയിലുണ്ട്.” – സി രവിചന്ദ്രന്‍ എഴുതുന്നു
ഇതൊക്കെ താണ്ടാ ഹിന്ദുത്വ

ഗുജറാത്തിന് പുറമെ ഹിമാചല്‍ പ്രദേശിലും ഒമ്പതാംക്ലാസ് മുതല്‍ ഹിന്ദുമതസാഹിത്യമായ ഭഗവദ് ഗീത പഠിപ്പിക്കാന്‍ പോകുന്നു(https://www.ndtv.com/education/shrimad-bhagavad-gita-will-be-taught-in-himachal-pradesh-from-class-9-onwards). വൈകാതെ കര്‍ണ്ണാടകയിലും ഈ ആചാരം വരുമത്രെ. ഇതര സമുദായക്കാര്‍ എതിര്‍ത്തില്ലെങ്കില്‍ കേരളത്തിലും വൈകില്ല. ഒരു ബഹുസ്വരസമൂഹത്തിലേക്ക് ഭൂരിപക്ഷ മതസാഹിത്യവും അന്ധവിശ്വാസങ്ങളും തന്ത്രപൂര്‍വം കുത്തിവെക്കുന്നത് സാര്‍വത്രികമായി എതിര്‍ക്കപെടേണ്ടതാണ്. രാജ്യചരിത്രവും സംസ്‌കാരവും ഭൂരിപക്ഷ മതസാഹിത്യത്തില്‍ കുളിപ്പിച്ചെടുക്കാനുള്ള നിശബ്ദ കര്‍സേവയാണിത്. സമൂഹത്തിന്റെ മതേതരസ്വാഭാവത്തെ തകര്‍ത്ത് സാംസ്‌കാരിക മേധാവിത്വവും(cultural hegemony) രാഷ്ട്രീയ അധികാര സ്ഥിരീകരണവുമാണ്(Consolidation of political power) ഇവിടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതം എല്ലാവരെയും സ്വീകരിക്കുന്നു-അത് മതേതരമാണ്-മതേതരത്വം എന്നാല്‍ ഹിന്ദുദേശീയതയാണ് എന്ന വാദമാണ് ഹിന്ദുത്വ രാഷ്ട്രീയശക്തികള്‍ കഴിഞ്ഞ രണ്ട് ദശകമായി ഒളിഞ്ഞുംതെളിഞ്ഞും മുന്നോട്ടുവെക്കുന്നത്. ഗീത സ്‌കൂളുകളില്‍ കടന്നുചെല്ലുന്നതും ഈ പ്രചരണത്തിന്റെ കയ്യാളായാണ്. അതായത്-‘ഗീത എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, അതൊരു മതഗ്രന്ഥമല്ല’!

ഹിന്ദുമതരാഷ്ട്രീയം (Hindu Religious Politics) ആഴത്തില്‍ സ്ഥിരീകരിക്കുക എന്നതാണ് ഗീത കുട്ടികളുടെ ബാദ്ധ്യതയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ സഹജമായ ചിന്താശേഷിയും അന്വേഷണത്വരയും നശിപ്പിച്ച് അവരെ മതസാഹിത്യത്തിലും അന്ധവിശ്വാസങ്ങളിലും കുരുക്കിയിടാനാണ് ശ്രമം. ഇന്നലെവരെ ഗീതയില്ലാതെ കുട്ടികള്‍ പഠിച്ചു, കുറെക്കഴിയുമ്പോള്‍ ഗീതയില്ലെങ്കില്‍ കുട്ടികള്‍ക്ക് വിമ്മിഷ്ടവും വിറയലും എന്ന അവസ്ഥ സംജാതമാകും! ഗീതയുടെ അഭാവത്തില്‍ അവരുടെ വിദ്യാഭ്യാസം പൂര്‍ണ്ണമാകില്ലെന്നും ആചാരവും സംസ്‌കാരവും ക്ഷയിക്കുമെന്നും മുറവിളി ഉയരും. ചൂല്‍ മുതല്‍ വിപ്ലവാരിഷ്ടകുപ്പികള്‍വരെ പൊതുനിരത്തിലൂടെ മതസേവ-മാനവസേവ എന്ന പ്ളക്കാര്‍ഡും പിടിച്ച് ഉരുണ്ടുമറിയും.

ഭാഷകളും കോഡിംഗും നേരത്തെ പഠിക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് ഗുണമുണ്ട് എന്ന് പറയുന്നതുപോലെയല്ല മതസാഹിത്യം അവരിലേക്ക് കുത്തിയിറക്കുന്നത്. അതൊരു പിന്നോട്ടടിയാണ്, നശീകരണ പ്രക്രിയയാണ്. ആവര്‍ത്തിക്കട്ടെ,
ഗീത ഒരു ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്. ഗീത പഠിച്ചവരെയും അതിഷ്ടപെടുന്നവരെയും വിലയിരുത്തിയാല്‍ ഗീതയുടെ മാഹാത്മ്യം കൂടുതല്‍ വ്യക്തമാകും. പ്രേതത്തിന്റെ പ്രത്യക്ഷപെടല്‍, മരിക്കാത്ത ആത്മാവ്, പുനര്‍ജന്മം, മോക്ഷം…തുടങ്ങിയ ഡീഫോള്‍ട്ട് മതാന്ധവിശ്വാസങ്ങളും ഭക്തിവിശേഷങ്ങളുമാണ് ഗീതയുടെ ഇതിവൃത്തം.

ഗീതാദ്ധ്യാപകരും പഠനശിബിരങ്ങളും ധ്യാനയോഗങ്ങളും പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന വിദ്യാലയങ്ങളിക്ക് കടന്നു കയറുന്ന ചിത്രം ഭാവനയില്‍ കാണുക. യോഗയും ധ്യാനകൃഷിയും കീമോഫോബിയയും വാക്സിന്‍വിരുദ്ധതയുമൊക്കെ നമ്മുടെ വിദ്യാഭ്യാസത്തെ കീഴടക്കി കഴിഞ്ഞു. അന്ധവിശ്വാസപ്രചരണത്തിലും അശാസ്ത്രീയതയിലും ആറാടി തുടിക്കുന്ന അദ്ധ്യാപകരാണ് ചുറ്റും. ഗീതകൂടി വരുന്നതോടെ മതഭ്രാന്തിന് ചെമ്പരത്തിപ്പൂ കൂടി കിട്ടിയ അവസ്ഥയാകും. മതപരമായ ധ്രൂവീകരണവും വിശ്വാസരാഷ്ട്രീയ സ്ഥിരീകരണവും ഉണ്ടാക്കുന്ന ഇത്തരം റിഗ്രസീവ് നീക്കങ്ങള്‍ തിരുത്താനാവില്ലെന്നതാണ് അതിലും അപകടം. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും അധികാരം കിട്ടിയാല്‍ ഗീതാപഠനം സ്‌കൂളുകളില്‍ നിന്ന് എടുത്തുമാറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കുമോമോ?! വേണമെങ്കില്‍ ഉപനിഷത്തുകള്‍കൂടി ഉള്‍പ്പെടുത്തും. അതുമല്ലെങ്കില്‍ ഇതര മതസാഹിത്യങ്ങള്‍കൂടി കുട്ടികളെ പഠിപ്പിക്കുന്ന മതേതരക്രീഡയില്‍ മുഴുകും! അതിനപ്പുറം പ്രതീക്ഷിക്കരുത്.

വിശ്വാസരാഷ്ട്രീയം (Faith politics) അധികാരം ഉറപ്പിച്ച് സാംസ്‌കാരികമേധാവിത്വം നേടിയെടുക്കുന്നതിന്റെ രീതിശാസ്ത്രമാണ് ഇവിടെ കാണാനാവുക. ഇക്കാര്യത്തില്‍ മതേതര ബുദ്ധിജീവികളും ഫാസിസത്തിനെതിരെ പൊരുതി ഒരുവശം തളര്‍ന്നുപോയവരും പുലര്‍ത്തുന്ന നാണംകെട്ട നിസംഗത ചോദ്യം ചെയ്യപെടേണ്ടതാണ്. ഭൂരിപക്ഷമതവും സംസ്‌കാരവും ഡീഫോള്‍ട്ട് സെറ്റിംഗായി അംഗീകരിച്ച മട്ടിലാണ് പൊതുവെ രാഷ്ട്രീയകക്ഷികള്‍ പെരുമാറുന്നത്. ശ്രീകൃഷ്ണന്‍ സ്വപ്നദര്‍ശനം നല്‍കി കുറെ കാര്യങ്ങള്‍ പറഞ്ഞു എന്നവകാശപെട്ടാണ് ‘ഹിന്ദുത്വവിരുദ്ധപോരാളി’യായ മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്!

ഭൂരിപക്ഷമതസാഹിത്യത്തെയും അത് ഉദ്പാദിപ്പിക്കുന്ന സാംസ്‌കാരിക പരിസരങ്ങളെയും ന്യു നോര്‍മലാക്കി അംഗീകരിക്കുന്നത് ആപത്കരമാണ്. ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം ഗീത-ഉപനിഷത്ത് വേദാന്ത ഫാന്‍സാണ്. അറിയപെടുന്ന പല പുരോഗമനകുട്ടന്‍മാരും ഈ പട്ടികയുടെ മുന്‍നിരയിലുണ്ട്. ചിന്താശേഷിയും അറിവും നശിച്ച തലമുറ ശവമാണ്. മതരാഷ്ട്രീയം ശവഘോഷയാത്രയാകുന്നു. എവിടെ നിന്നെങ്കിലും ഒരല്‍പ്പം ഹിന്ദുത്വ കിട്ടിയിരുന്നെങ്കില്‍ ചാടിവീണ് ചവിട്ടിക്കുഴയ്ക്കാമായിരുന്നു എന്ന ഡയഗോലുമായി പാഞ്ഞു നടക്കുന്ന വീരുക്കളുടെ ശ്രദ്ധയ്ക്ക്: ഇതൊക്കെ താണ്ടാ ഹിന്ദുത്വ.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *