ലിറ്റ്മസ്’24 (കോഴിക്കോട്) -നോടനുബന്ധിച്ച് എസ്സെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തുടങ്ങിയ കാമ്പയിനാണ് സൈലൻസ് ദി നോയ്സ് (Silence The Noise Campaign). സമകാലിക സമൂഹത്തിലെ ഗുരുതരമായ പൗരാവകാശ ലംഘനമായ ശബ്ദമലിനീകരണത്തിനെതിരെ നിയമപരമായി പ്രതികരിക്കുക, അതുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി, ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുക, നടപടി സ്വീകരിക്കാൻ അധികാരികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ലിറ്റ്മസ്’25 (കൊച്ചി) അടുത്തെത്തി നിൽക്കുമ്പോൾ ഒരു വർഷം പൂർത്തിയാകുന്ന പ്രവർത്തനങ്ങളുടെ നാൾ വഴികളിലൂടെ ക്യാമ്പയിൻ കോർഡിനേറ്റർ മനു എ. എസ്. കൊല്ലം – ഒരു റിപ്പോർട്ട്
Silence the Noise Campaign (Litmus 24 to 25)
1. 2024-ലെ ലിറ്റമസിന് മുമ്പ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നടന്ന അൺചെയിൻ 24 പ്രോഗ്രാമിന്റെ ഭാഗമായി, ‘കോളാമ്പികൾ പൂക്കുന്ന ആരാധനാലയങ്ങൾ’ എന്ന തലക്കെട്ടിൽ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടത്തിന്റെ അനിവാര്യതയും അത്യാവശ്യകതയും ബോധ്യപ്പെടുത്തുന്ന ഒരു അവതരണം നടത്താനുള്ള അവസരം എസെൻസ് കൊല്ലം ടീമും കരുനാഗപ്പള്ളി സുഹൃത്തുക്കളും നൽകിയത് ഞാൻ സ്നേഹപൂർവം സ്മരിക്കുന്നു. ഈ പ്രോഗ്രാമിൽ അവതരിപ്പിച്ച പ്രസൻറേഷന്റെ വീഡിയോ ഇവിടെ നൽകുന്നു: https://youtu.be/RMwqESfBQQU. അന്നുതന്നെ നടന്ന RC യുമായുള്ള കൂടിക്കാഴ്ചയിലും പിന്നീട് എസെൻസ് ഗ്ലോബലിന്റെ ചുമതലക്കാരുമായുള്ള ആശയവിനിമയത്തിലും കേരളത്തിൽ ശബ്ദമലിനീകരണത്തിനെതിരെയുള്ള ഒരു സാമൂഹിക സമര പ്രക്ഷോഭ പ്രവർത്തനം അത്യാവശ്യമാണെന്ന തിരിച്ചറിവിലേക്ക് എത്തി. ഈ തിരിച്ചറിവോടെയാണ് കോഴിക്കോട് നടന്ന ലിറ്റമസ് വേദിയിൽ ശബ്ദമലിനീകരണത്തിന്റെ നിയമ-ആരോഗ്യ ബോധവത്കരണത്തിന് വേദിയൊരുക്കാൻ സൈലൻസ് ദി നോയിസ് കാമ്പെയ്ൻ സ്റ്റാൾ ഒരുക്കിയത്. അതുമാത്രമല്ല, “ശബ്ദമലിനീകരണം കുറ്റകരമാണ്, കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്” എന്ന ബ്രോഷർ പങ്കെടുത്ത എല്ലാവർക്കും വിതരണം നടത്തുന്നതിനും കാമ്പെയ്ൻ്റെ ഭാഗമായി എസെൻസ് ഗ്ലോബൽ ശ്രദ്ധിച്ചിരുന്നു. ഇത് ശബ്ദമലിനീകരണത്തെ കേരള സമൂഹത്തിൽ നിന്നും തുടച്ചുനീക്കി ചട്ടം പരിപാലിക്കണമെന്ന ഇച്ഛാശക്തിയുടെ പ്രതിഭലനമായി കാണാവുന്ന കാര്യമാണ്. ഇതിന്റെ തുടർച്ചയാണ് ‘സൈലൻസ് ദി നോയിസ് കാമ്പെയ്ൻ’ എന്ന വിശാലമായ ശബ്ദമലിനീകരണ വിരുദ്ധ കാമ്പെയ്ൻ ആരംഭിച്ചത്. ലിറ്റമസ് 2025-ന് ഈ കാമ്പെയിനിന് ഒരു വയസ്സ് പൂർത്തിയാകുകയാണ്.
2. ശബ്ദമലിനീകരണത്തെ ‘പബ്ലിക് ന്യൂസൻസ്’ എന്ന നിലയിൽ മാത്രം പരിഗണിച്ച് അവഗണിച്ചിരുന്ന അധികാരികൾക്കു മുന്നിൽ, ശബ്ദമലിനീകരണം ഒരു പൊതുജനാരോഗ്യ പ്രശ്നമായതിനാൽ ഇന്ത്യൻ പാർലമെന്റ് രൂപപ്പെടുത്തി പരിപാലിച്ചുപോരുന്ന The Noise Pollution (Regulation and Control) Rules, 2000 നിബന്ധനകളുടെ ലംഘനം എന്ന നിലയിൽ പരിഗണിച്ചാണ് നടപടി എടുക്കേണ്ടത് എന്ന് ധരിപ്പിക്കുന്നതിനായി, കേരളത്തിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് മേധാവികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും മറ്റ് അധികാരികൾക്കും മന്ത്രിതലത്തിലും മുഖ്യമന്ത്രിക്കും ഇലക്ഷൻ കമ്മിഷനുമുൾപ്പെടെ വിശദമായ കത്തിടപാടുകൾ നടത്തി. കേരള സമൂഹത്തിന്റെ ആരോഗ്യപരവും സാമൂഹികവുമായ അഭിവൃദ്ധിക്കായി പ്രശ്നത്തിന്റെ ഗൗരവവും ചട്ടം പൂർണമായി പാലിക്കേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കി, കുറിപ്പുകൾ, നിലവിലുള്ള ഉത്തരവുകൾ, സർക്കുലറുകൾ, ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾ, സുപ്രീംകോടതി, ഹൈകോടതി, ബാലാവകാശ, മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുകൾ എന്നിവയുടെ കോപ്പികളും വിശദീകരണങ്ങളും സഹിതം അയച്ചുനൽകി നിരന്തരം ബോധ്യപ്പെടുത്തലുകൾ നടത്തിവരികയും, ഇപ്പോഴും തുടരുകയുമാണ്.
3. സ്റ്റേറ്റുമായി നടത്തിയ കത്തിടപാടുകളിൽ വളരെ പ്രധാനപ്പെട്ടവയിൽ ചിലത് ഇവയാണ്:
– കുട്ടികളുടെ ആരോഗ്യം രാജ്യപുരോഗതിക്ക് പരമപ്രധാനമാണ്. എന്നാൽ നിശബ്ദമേഖലകളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, കുട്ടികൾ പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലെയും ശബ്ദനില അനുവദനീയമായ പരിധിക്ക് അനുസൃതമായി നിലനിർത്തുന്നതിന്, വിദ്യാഭ്യാസ സ്ഥാപന അധികാരികളോ, പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനോ, ഇവന്റ് നടത്തുന്ന ടീമോ, പൊതുജനങ്ങളോ ശ്രദ്ധ പുലർത്തുന്നില്ല എന്നത് ദുഃഖകരമാണ്. ഈ വിഷയത്തിൽ ഇടപെടാൻ നിയമപാലന അധികാരികളോ, പോലീസോ, ഗ്രാമപഞ്ചായത്തുകളോ ശ്രമിക്കാത്തതിനാൽ ഈ വിഷയം കേരള സർക്കാരിനോടും, പ്രത്യേകിച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയോടും, വിദ്യാഭ്യാസ വകുപ്പിനോടും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശബ്ദമലിനീകരണ നിയമങ്ങളുടെ പാലനം ഉറപ്പുവരുത്തുന്നതിനായുള്ള ഒരു “സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ” പുറത്തിറക്കുന്നതിനുള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. കൂടാതെ ചട്ടം പ്രകാരം നിശബ്ദമേഖലയായി പരിഗണിക്കേണ്ട കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്, പ്രത്യിക വിഭാഗമായി പരിഗണിക്കേണ്ട അംഗൻവാടികൾ ഉൾപ്പെടെയുള്ള ഡെ-കെയറുകളലേയ്ക്ക് കടന്നുവരുന്ന സ്ഥിരമായതും താൽക്കാലികമായതുമായ ലൗഡ്സ്പീക്കർ ശബ്ദ സോഴ്സുകളെ നിയന്ത്രിക്കുന്നതിനായി മറ്റ് രണ്ട് കത്തുകളും അയച്ചിരുന്നു. ഇവയെല്ലാം സർക്കാരിന്റെ പരിഗണനയിലാണ്.
– ആരോഗ്യ മേഖലയിൽ പെടുന്ന കേരളത്തിലെ എല്ലാ ആശുപത്രികളും, സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും, ഡിസ്പൻസറികളും, വൃദ്ധരെയും, കുട്ടികളെയും, രോഗികളെയും പരിചരിക്കുന്ന ഇടങ്ങളും ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും ചട്ടം പ്രകാരം നിശബ്ദമേഖലാ പരിധിയിൽ പെടുന്നതിനാൽ, ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജിന് നിയമപാലനം ഉറപ്പുവരുത്തുന്നതിനായുള്ള നിരവധി കത്തുകൾ അയച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് കേരളത്തിലെ എല്ലാ ആശുപത്രികളുടെയും മുന്നിൽ നിശബ്ദമേഖലാ ബോർഡുകൾ സ്ഥാപിക്കുന്നതും, ആശുപത്രികൾ കേന്ദ്രീകരിച്ച് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതുമാണ്. ആരോഗ്യ മേഖല പൊതുജനങ്ങളെ ബോധവത്കരിക്കാൻ ചെയ്ത് സോഷ്യൽ മീഡിയാ വഴി പ്രചരിപ്പിക്കുന്ന വീഡിയോ പ്രോഗ്രാമുകളുടെ മാതൃകയിൽ ശബ്ദമലിനീകരണ വിഷയവും അവതരിപ്പിക്കണം എന്നും കത്തയച്ചിട്ടുണ്ട്, കൂടാതെ നിശബ്ദമേഖലയായ ആശുപത്രികളിലേക്ക് പുറത്തുനിന്നും കടന്നുവരുന്ന ശബ്ദമലിനീകരണം അധികാരികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യാൻ അതാത് ആശുപത്രി അധികാരികൾക്ക് നിർദ്ദേശം നൽകുന്നതിനുള്ള സർക്കുലറുകൾ ഇറക്കണം എന്നും ഈ അയച്ച കത്തുകളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
– ഓടുന്ന വാഹനങ്ങളിലെ ശബ്ദമലിനീകരണം പരിഹരിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിനു പുറമേ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം നിബന്ധനകളുടെ ലംഘനവും പരിഗണിച്ച് നടപടി സ്വീകരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാറിനും, ബഹുമാനപ്പെട്ട ഗതാഗത കമ്മീഷണറിനും വിശദമായ കത്ത് നൽകിയിട്ടുണ്ട്. ഇവിടെ വഹന ശബ്ദ പ്രശ്നത്തിന്റെ ഗൗരവം എന്തെന്നാൽ, വാഹനത്തിൽ ഉത്പാദിപ്പിക്കുന്ന ശബ്ദം ചട്ടം വ്യവസ്ഥകളിലെ 5(4), 5(5) നിബന്ധനകൾ പരിഗണിച്ചാൽ വാഹനത്തിന്റെ പരിധിക്കുള്ളിലോ, റോഡിന്റെ പരിധിക്കുള്ളിലോ അവസാനിപ്പിക്കേണ്ടതാണ്. വാഹനം അതിൻറെ ഉടമയുടെ സ്വകാര്യ സ്വത്തും, വാഹനം സഞ്ചരിക്കുന്ന റോഡ് പൊതു ഇടവും, അതിനു സമീപത്തുള്ള താമസക്കാരും കച്ചവടക്കാരും ഉള്ള പ്രദേശങ്ങൾ വീണ്ടും സ്വകാര്യ ഇടവുമാണ്. സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കന്ന വാഹന ഉടമ (അതിലെ യാത്രക്കാർ) ഒഴികെ മറ്റെല്ലാം മനുഷ്യരുടെയും, റോഡ് ഉപയോഗിക്കുന്ന മറ്റ് വാഹന ഉപയോഗക്താക്കളുടെയും, സഹയാത്രികരുടെയും, പൊതുനിരത്തിന് സമീപത്തെ താമസമേഖലകളിലെ, കച്ചവട സ്ഥാപനങ്ങളിലെ മനുഷ്യരുടെയും ഉൾപ്പെടെയുള്ള ഭരണഘടനാപരമായ അവകാശമായ ആർട്ടിക്കിൾ 21ന്റെ ലംഘനം നടത്തി കടന്നുപോകാതെ നോക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്റെ പരമ പ്രധാനമായ കടമയാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്തുകളെല്ലാം അയച്ചത്. കൂടാതെ കേരളത്തിൽ ഇന്ന് ഓടുന്ന എല്ലാ ആംബുലൻസുകളുടെയും സൈറണുകൾ നിയമപ്രകാരമുള്ള ശബ്ദനിയിലും പതിൻ മടങ്ങ് ഉയരെ ശബ്ദം ഉത്പാദിപ്പിക്കുന്നതും, ഈ വിഷയത്തിലെ ലോകാര്യജ്യങ്ങൾ വരുത്തിയിട്ടുള്ള പരിഷ്കാരങ്ങൾ ഉൾക്കൊള്ളാത്തതുമായതിനാൽ ടി വിഷയം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ പടിപടിയായി വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കത്തും അയച്ചിട്ടുണ്ട്. ഇവയൊക്കെ പരിഗണനയിലാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു.
– ഇലക്ഷൻ കമ്മീഷന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് സമയത്തെ ലൗഡ്സ്പീക്കർ ഉപയോഗം, പടക്ക ഉപയോഗം എന്നിവ നിയന്ത്രണ നിയമങ്ങൾ ലംഘിക്കാതെ നോക്കേണ്ടതാണ് എന്നും. അല്ലാത്തപക്ഷം ജയിച്ച സ്ഥാനാർത്ഥി പോലും നിരവധി ദേശീയ നയമലംഘനത്തിൽ കുറ്റക്കാരനായിത്തീർന്നായിരിക്കും സഭയിൽ എത്തിച്ചേരുന്നത് എന്നത് ഓർമ്മപ്പെടുത്തിയാണ് വിശദമായ കത്തുകൾ അയച്ചത്. ആയതും കമ്മീഷൻറെ പരിഗണനയിലാണ്.
– ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ കെ. കൃഷ്ണൻകുട്ടിക്കും, ബഹുമാനപ്പെട്ട കേരള പവർ സെക്രട്ടറിക്കും, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും, കെ.എസ്.ഇ.ബി. ചെയർമാനും മറ്റ് അധികാരികൾക്കും ഇലക്ട്രിസിറ്റി ആക്ട് 2003 ആയി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി അയച്ച കത്തുകൾ നിരവധിയാണ്. പൊതു നിരത്തിലെ വൈദ്യുതി ഉപയോഗവും, ജനറേറ്റർ ഉപയോഗവും, ലൗഡ്സ്പീക്കർ ഉപയോഗവും രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമങ്ങളുടെ ലംഘനം നടത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. പൊതു നിരത്തിലേക്ക് ഇപ്പോൾ ചെയ്യുന്ന രീതിയിൽ മൊട്ടു സൂചി കുത്തിയിറക്കി നടത്തുന്ന അപരിഷ്കൃത/നിയമവിരുദ്ധ അലങ്കാര ദീപ/ട്യൂബ് ലൈറ്റ് സ്ഥാപനങ്ങൾ നാഷണൽ ഇലക്ട്രിസിറ്റി കോഡ് 2023 ൻറെ ലഘനമാണ്. നിയമപ്രകാരം സ്വന്തം സ്ഥല പരിധിയിൽ എല്ലാ ഇലക്ട്രിക് വയറുകളും അവസാനിപ്പിക്കാത്തപക്ഷം സെക്ഷൻ 138 മുതൽ 151 വരെയുള്ള ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം ശിക്ഷാർഹമാണ്. ഇവയെല്ലാം പാലിക്കപ്പെടാത്തതിനാലാണ് 2025ൽ പോലും കേരളത്തിലെ വൈദ്യുതി അപകട മരണ നിരക്ക് 200 ൽ താഴെ കൊണ്ടുവരാൻ വൈദ്യുതി സുരക്ഷയ്ക്കായി മാത്രം രൂപീകരിച്ച കേരളത്തിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കഴിയാത്തത്. കെ.എസ്.ഇ.ബി. പോസ്റ്റുകളുടെ പൂർണ്ണ അധികാരി കെ.എസ്.ഇ.ബി. മാത്രമാണ്. അവരുടെ പോസ്റ്റുകളിൽ കയറുന്നതും അലങ്കാര ദീപങ്ങൾ സ്ഥാപിക്കുന്നതും, ലൗഡ്സ്പീക്കർ കെട്ടുന്നതും എന്തിനേറെ പോസ്റ്റർ പതിക്കുന്നതു പോലും മേൽ സൂചിപ്പിച്ചിരിക്കുന്ന സെക്ഷനുകൾ പ്രകാരം 3 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റവുമാണ്. ഈ വകുപ്പുകളുടെ അഴിമതിയും കാര്യക്ഷമത ഇല്ലായ്മയുണ് ഇന്നും തുടരുന്ന വൈദ്യുതി അപകട മരണങ്ങൾക്ക് മുഖ്യ കാരണം. ഇവയെല്ലാം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിരന്തരം കത്തുകൾ അയച്ചുവരികയാണ്. വകുപ്പുകളുടെ അഴിമതിയ്ക്കെതിരെ ലോകായുക്തയിൽ നൽകിയിരിക്കുന്ന കേസും പുരോഗമിക്കുകയാണ്.
– പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റിനും, ഗ്രാമപഞ്ചായത്തുകൾക്കും അയച്ച നിരവധി കത്തുകളിളിലൂടെ ഗ്രാമത്തിലെ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും നാളിന്നുവരെയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടണം എന്നതും, ജനങ്ങളെ ബോധവത്കരിക്കാനും, കേരളത്തിലെ പ്രദേശങ്ങളെ ശബ്ദമേഖലകളായി തിരിക്കണം എന്ന 2002 ലെ ഉത്തരവ് പാലിക്കപ്പെടണം എന്നും, പൊതുനിരത്തുകളിലെ അനധികൃതമായ എല്ലാ സ്ഥാപനങ്ങളും, അലങ്കാര ദീപങ്ങളും, പൊതുനിരത്തിൽ സ്ഥാപിക്കുന്ന ശബ്ദ വർദ്ധിത ഉപകരണങ്ങളും പിടിച്ചെടുക്കാനുമുള്ള ഉത്തരവാദിത്തം നിർവ്വിഹിക്കണം എന്നുമുള്ള നിരവധിയായ കത്തുകളും തുടർന്നുവരികയാണ്.
– ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നടത്തിയ ഒരു പ്രസ്താവനയിൽ 10 മണിക്ക് ശേഷമുള്ള ചട്ടം പാലനം കലാകാരന്മാരെ ബാധിക്കും എന്ന തെറ്റായ പ്രസ്താവന നടത്തിയത് ചട്ടം അവബോധമില്ലായ്മ മൂലമായതിനാൽ, അദ്ദേഹത്തിന് ചട്ടം വിവരങ്ങളും, കലാകാരന്മാർക്ക് ചട്ടം നിയന്ത്രണ നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടുതന്നെ 24 മണിക്കൂറും ഇപ്പോൾ ചെയ്യുന്നതിനേക്കാൾ വളരെ പ്രഫഷണൽ ആയി തന്നെ പ്രോഗ്രാം അവതരിപ്പിക്കാൻ കഴിയും എന്നത് ബോധ്യപ്പെടുത്തിക്കൊണ്ട് കത്ത് അയച്ചിരുന്നു.
– ഈ കത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ടതാണ്. ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന പരമാവധി ശബ്ദനില നിയന്ത്രണ നിയമങ്ങളുടെ ഷെഡ്യൂൾ പ്രകാരം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. കൂടാതെ രാത്രി കാലയളവിൽ വരുന്ന 10.00 p.m മുതൽ 6.00 a.m വരെയുള്ള സമയത്ത് അനുവദനീയമായ ശബ്ദപരിധി ലംഘിക്കാനോ, താമസ മേഖലകളിലോ നിശബ്ദമേഖലകളിലോ ഏതെങ്കിലും തരത്തിലുള്ള ശബ്ദവും ഉത്പാദിപ്പിക്കാനോ കഴിയാത്തപക്ഷം എങ്ങനെയാണ് വെടിക്കെട്ടുകളോ, പടക്കമോ പൊട്ടിക്കുന്നത് എന്ന് ചോദ്യം ഉയർത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകൾ ഈ വിഷയത്തിൽ പരിഗണിച്ചാൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. കേരളത്തിലെ ഹൈക്കോടതികൾ പോലും ഈ വിഷയത്തിൽ ചട്ടം വിരുദ്ധമായി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വളരെ ദുഃഖത്തോടെ പറയേണ്ടിവരുന്നു. ആഘോഷ പരിപാടികളിലെ വെടിമരുന്ന് ഉപയോഗം നിയന്ത്രണ നിയമങ്ങൾക്കും, എക്സ്പ്ലോസീവ് ആക്ടിനും, പെട്രോളിയം എന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) നിർദ്ദേശങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കണം എന്നത് ബോധ്യപ്പെടുത്തിക്കൊണ്ട് കേരള സർക്കാരിനും, അതാത് ജില്ലകളിലെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാർക്കും, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും The National Disaster Management Authority (NDMA) ചെയർമാനുമായ ശ്രീ നരേന്ദ്ര മോദിക്കും കാര്യ- കാരണ-നിയമ വിവരങ്ങൾ സഹിതം കത്ത് അയച്ചിരുന്നു.
– അയച്ച കത്തുകളിൽ സന്തോഷം നൽകിയത് കൊല്ലം ജില്ലയുടെ നഗര കേന്ദ്രത്തിൽ അഞ്ചിലധികം വലിയ ആശുപത്രികളും, കുട്ടികളുടെ കളിസ്ഥലമായ പാർക്കും, നിരവധി ആളുകൾ താമസിക്കുന്ന താമസ മേഖലകളുമായ സ്ഥലമായ ആശ്രമം മൈതാനത്ത് നടത്തിവന്ന വെടിക്കെട്ട് അനുമതി പുനഃപരിശോധിക്കണം എന്ന കത്തിന് ഫലപ്രാപ്തിയുണ്ടായതാണ്.
– ആഘോഷങ്ങളിലെ സുരക്ഷാ ലംഘനങ്ങൾ ഗൗരവതരമായതിനാൽ കൊല്ലം ജില്ലയിലെ തന്നെ പുറ്റിംഗൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ഫെസ്റ്റിവൽ എസ്.ഒ.പി. ഉൾപ്പെടെയുള്ളവ പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്.
4. ചട്ടം പരിപാലിക്കാനുള്ള അധികാരികൾ എന്ന നിലയിലും ചട്ട നിബന്ധനകൾക്ക് വിധേയമായി മാത്രം ലൗഡ്സ്പീക്കർ ഉപയോഗം നിയന്ത്രിക്കാനുള്ള അധികാരികൾ എന്ന നിലയിലും കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും ജില്ലാ പോലീസ് മേധാവികളിൽ നിന്നും ജില്ലാ മജിസ്ട്രേറ്റുമാരിൽ നിന്നും 2024-ലെ നാല് മാസത്തെ മൈക്ക് പെർമിറ്റുകളുടെ വിശദാംശങ്ങളും ചട്ടം ലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി വിവരങ്ങളും മേൽ സൂചിപ്പിച്ച കത്തുകളിൽ സ്വീകരിച്ച നടപടികളുടെ വിവരങ്ങളും ചേർത്ത് വിവരാവകാശം ചോദിക്കുകയും, മറുപടി ലഭ്യമാകാത്തതിന് നിരവധി ഫോളോ അപ്പുകൾ നടത്തുകയും ചെയ്തു. ലഭിച്ച മറുപടികളിൽ കണ്ട എല്ലാ ക്രമക്കേടുകളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ചൂണ്ടിക്കാട്ടി മേലധികാരികൾക്ക് നിരവധി പരാതികൾ നൽകുകയും തുടർന്ന് അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും തുടർ പരാതികളും നൽകി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ പിന്നീട് ആ ബോധ്യത്തിലേക്ക് അധികാരികൾ എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്.
5. അധികാരികളിൽ ചട്ടം പരിപാലനം അനിവാര്യമാണെന്ന ബോധം ഉണ്ടാക്കിയ ശേഷമാണ് ‘കോളാമ്പി ഔട്ട്’ കാമ്പെയ്ൻ #1 (https://essenseglobal.com/activism/stn-campaign) ആരംഭിച്ചത്. ഈ കാമ്പെയ്ൻ വളരെയധികം പങ്കാളിത്തത്തോടെ 30 ദിവസത്തിനുള്ളിൽ അവസാനിച്ചു. കാമ്പെയിനിൽ നൽകുന്ന എല്ലാ പരാതികളും ഉടൻ തന്നെ ചട്ടം പാലനത്തിനായി നിയോഗിക്കപ്പെട്ട അധികാരികളായ അതാത് ജില്ലാ പോലീസ് മേധാവികൾക്ക് നേരിട്ട് (പരാതിക്കാരന്റെ വിവരങ്ങൾ ഇല്ലാതെ) സമർപ്പിക്കപ്പെട്ടത്, പൗരന്മാർക്ക് ഭയമില്ലാതെ പരാതി നൽകാനുള്ള ഒരു സുരക്ഷിതമായ മാർഗമായിരുന്നു. ഇത് വളരെയധികം ആളുകൾ പ്രയോജനപ്പെടുത്തി. പരാതികൾ നിരന്തരം നൽകി ചോദ്യം ചെയ്യുന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചാൽ മാത്രമേ ചട്ടം പാലിക്കപ്പെടുകയും, കുറ്റം ചെയ്യുന്നവർ അത് തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യൂ. ഇതുവരെയുള്ള എല്ലാ ഭരണഘടനാ നിയമങ്ങളും പൊതു നന്മയ്ക്കായുള്ള എല്ലാ മാറ്റങ്ങളും കൂട്ടായ പ്രയത്നത്തിലൂടെ തന്നെയാണ് നടപ്പിലായിട്ടുള്ളത് എന്ന് നാം ഓർക്കേണ്ടതാണ്.
6. ‘കോളാമ്പി ഔട്ട്’ കാമ്പെയിൻ #1 അവസാനിച്ചശേഷം, ഓരോരുത്തരും നൽകിയ പരാതികളെല്ലാം ക്രോഡീകരിച്ച് ഒരു ലിസ്റ്റാക്കി കേരള സർക്കാറിന് ഒരു കവറിംഗ് ലെറ്റർ സഹിതം തുടർ പരാതിയായി സമർപ്പിക്കുകയും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് അധികാരികൾ തുടർന്നുകൊണ്ടിരിക്കുകയുമാണ്. കുറ്റകൃത്യം തുടർന്നുവരുന്നയിടങ്ങളിൽ, അതിനെതിരെ നാം അവർത്തിച്ച് പരാതിപ്പെടൽ തുടർന്ന് പ്രതിരോധം ശക്തിപ്പെടുത്തണം.
7. ശേഷം മൂന്ന് മാസത്തെ കാമ്പെയിൻ #2 ആരംഭിക്കുകയും അത് ഓഗസ്റ്റ് 30-ന് അവസാനിക്കുകയും ചെയ്തിരുന്നു. 3 മാസം ലഭിച്ചിട്ടും പങ്കാളിത്തം വളരെ മോശമായിരുന്ന കാമ്പെയിൻ ആണ് #2. #2 കാന്പയിൻറെ ഭാഗമായി ലഭ്യമായ ലിസ്റ്റും, ആദ്യ കാമ്പെയിൻ ലിസ്റ്റും ഒന്നുചേർന്ന തുടർ പരാതി കവറിംഗ് ലെറ്റർ സഹിതം സർക്കാരിലേയ്ക്ക് ഉടൻ സമർപ്പിക്കും.
8. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കാമ്പെയിൻ #3 ആണ്. ഈ കാമ്പെയിനിൽ, ചട്ടം നിബന്ധനകളിലേക്ക് നാം കൂടുതൽ അടുത്തുനിൽക്കുകയാണ്. “All sounds must stay within your own premises.” എന്നനിലയിൽ ചട്ടനിബന്ധന ലംഘിക്കുന്ന എല്ലാ പരാതികളും രഹസ്യമായി റിപ്പോർട്ട് ചെയ്യപ്പെടുക എന്നുള്ളതാണ് #3 ലക്ഷ്യം. “Noise Pollution is a crime and it’s Punishable under Indian Law” എന്ന സന്ദേശം ലിറ്റമസ് 2025-ന് ശേഷം കേരളത്തിലെ മുക്കിലും മൂലയിലും അലയടിക്കണം. “ആരാധനാലയങ്ങളിലെ ലൗഡ്സ്പീക്കറുകളുടെ സ്ഥിരം ഇൻസ്റ്റാളേഷനും ഉപയോഗവും ചട്ടം ലംഘനമാണ് മാത്രമല്ല ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് ഒരു മത അവകാശമല്ല; ആർട്ടിക്കിൾ 21 പ്രകാരമുള്ള ശാന്തമായ ജീവിതമാണ് പ്രധാനം.”
9. കൊല്ലം ജില്ലയിൽ കൊട്ടാരക്കര വച്ച് നടന്ന 2025-ലെ അൺചെയിൻ പ്രോഗ്രാമിൽ Dr. John Panicker (ENT Senior Consultant, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, മുൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം) മായി നടത്തിയ “ശാന്തതയുടെ ശബ്ദം” എന്ന ടൈറ്റിലിൽ നടന്ന അഭിമുഖത്തിൽ (https://www.youtube.com/watch?v=BnpcFH57Yh4) ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ശാസ്ത്രീയമായി വിശദീകരണം സഹിതം ഉൾപ്പെട്ടിരുന്നത് നാമെല്ലാം കണ്ടതാണ്. ശബ്ദമലിനീകരണം കേരളത്തിൽ നിന്നും തുടച്ചുമാറ്റേണ്ടതിൻറെ അനിവാര്യത ഉയർത്തിപ്പിടിക്കുന്നതിന് ഈ പ്രോഗ്രാം ഉപകരിച്ചു. നമ്മെ രോഗിയാക്കുന്ന, നമ്മുടെ നാടിന്റെ ശാന്തത തകർക്കുന്ന ശബ്ദ മലിനീകരണത്തെ നമുക്ക് നിസ്സാരമായി പുറത്താക്കാനാകും.
10. നാം അറിയാതെ തന്നെ ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ലൗഡ്സ്പീക്കറുകൾ. ഇത് അമിതമായും, അമിതശബ്ദത്തിലും ഉപയോഗിക്കുമ്പോൾ ഗുരുതരമായ ശബ്ദ മലിനീകരണത്തിന് കാരണമാകുകയും അതിനാൽ തന്നെ പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. അത് ഇല്ലാതാക്കാൻ ഇന്ത്യൻ പാർലമെന്റ് 2000-ൽ പാസാക്കിയ ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 നിബന്ധനകൾ പ്രകാരമേ ഓരോ പ്രദേശത്തും ശബ്ദം ഉത്പാദിപ്പിക്കാൻ കഴിയൂ എന്നിരിക്കെ അതു ലംഘിച്ചു പ്രവർത്തിക്കുന്ന കേരളത്തിലെ ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തിന് രണ്ട് പ്രധാന ഉറവിടങ്ങളാണുള്ളത്. ഒന്നാമത്തേത് സ്ഥിരം ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിക്കുന്നവയും, രണ്ടാമത്തേത് താൽക്കാലിക ഇവന്റുകളിൽ ഉപയോഗിക്കുന്നവയും.
11. സ്ഥിരമായി സ്ഥാപിച്ച് പ്രവർത്തിക്കുന്ന ലൗഡ്സ്പീക്കറുകൾ: ഇവ പ്രധാനമായും ആരാധനാലയങ്ങളിലും, മറ്റ് ചില സ്ഥാപനങ്ങളിലും കാണപ്പെടുന്നു. ഇവയുടെ പ്രശ്നം സ്ഥിരമായും ആവർത്തിച്ചുള്ളതുമായ ശബ്ദമലിനീകരണമാണ്. ഇവയ്ക്ക് ചുറ്റുപാടും ജീവിക്കുന്ന മനുഷ്യർക്ക് സ്ഥിരമായ ഭാഗികമായോ ഉള്ള കേൾവ്വിക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയ്ക്ക് പാത്രീഭവിക്കുന്നുണ്ട്. ഈ ശബ്ദം എക്സ്പോസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇതറിയുന്നില്ല എന്നതാണ് വസ്തുത. ഈ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ലൌഡ്സ്പീക്കറുകളിൽ ഭൂരിഭാഗവും കേരളത്തിൽ ഉപയോഗം നിരോധിച്ച കോളാമ്പി തരം ലൗഡ്സ്പീക്കറുകളോ അതിന്റെ പരിഷ്കരിച്ച പതിപ്പുകളോ ആണ്. സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കുന്നത് ചട്ടലംഘനമായതിനാൽ അത് ശിക്ഷാർഹമാണ്.
– ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി 2000 ൽ ചട്ടം നിലവിൽ വന്നശേഷമോ 2005 ൽ സുപ്രീംകോടതി ഉത്തരവിന് ശേഷമോ, 2015 ൽ പരിസ്ഥിതി വകുപ്പിൻറെ ഉത്തരവിന് ശേഷമോ പോലും സർക്കാർ ശ്രമിച്ചിട്ടില്ല. 2005 ലെ സുപ്രീം കോടതിയുത്തരവിൽ പറഞ്ഞ പൊതുസമൂഹത്തെ ബോധവൽക്കരിക്കൽ പോലും ഇനിയും നടന്നിട്ടില്ല.
– എല്ലാ ശബ്ദവും സ്വന്തം പരിസരത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രം നിയന്ത്രിക്കുകയും സമൂഹത്തിന്റെ ശാന്തതയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയുമാണ് സ്ഥിരമായി പ്രവർത്തിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.
– സ്വയം നിയന്ത്രണം ഊന്നിപ്പറഞ്ഞും, ബോധവൽക്കരണ കാമ്പെയിനുകൾ നടത്തിയും ശബ്ദം സ്വന്തം പരിസരത്തിൽ മാത്രമായി നിയന്ത്രിക്കണം.
– സ്കൂളുകൾ, കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ സാദ്ധ്യമായ എല്ലായിടങ്ങളിലും ശബ്ദ മലിനീകരണത്തിന്റെ ദോഷഫലങ്ങൾക്കെതിരേയുള്ള കാന്പയിനുകൾ നിരന്തരം സംഘടിപ്പിക്കണം.
– നിരന്തര ബോദ്ധ്യപ്പെടലുകൾ ഫലപ്രദമായില്ലെങ്കിൽ കർശനമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്.
– നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉടൻ നിയമനടപടികൾ സ്വീകരിക്കണം.
12. താൽക്കാലിക ഇവന്റുകളിൽ ഉപയോഗിക്കുന്ന ലൗഡ്സ്പീക്കറുകൾ: വിവാഹം, ഉത്സവങ്ങൾ, രാഷ്ട്രീയ പരിപാടികൾ, പൊതുയോഗങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഉറവിടം. ശബ്ദ മലിനീകരണത്തിന്റെ ഏറ്റവും സാധാരണവും ഉഗ്രവുമായ രൂപമാണ് ഇവിടെ കാണപ്പെടുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ, ഇവന്റ് സംഘാടകർ എന്നിവർ പലപ്പോഴും ചട്ടം പൂർണ്ണമായും അവഗണിച്ച്, അനുവദനീയമായ എല്ലാ ശബ്ദ പരിധിയും ലംഘിച്ചും, അനുവദനീയമല്ലാത്ത രാത്രി സമയങ്ങളിൽ പോലും ഉച്ചത്തിലുള്ള ശബ്ദം പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഇവർതന്നെ സ്വന്തം സ്ഥലപരിധിക്ക് പുറത്തേയ്ക്ക് കിലോമീറ്ററുകളോളം ദുരത്തിൽ എണ്ണിയാലൊടുങ്ങത്തവിധം ലൌഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നു. ഇവിടെ സ്വന്തം സ്ഥലപരിധിക്ക് പുറത്തേയ്ക്ക് പ്രവഹിക്കുന്ന ശബ്ദത്തിനു പുറമേ, ലോ ഫ്രീക്വൻസി ബാസ് വൈബ്രേഷൻ ഉണ്ടാക്കുന്നും ഉണ്ട്. ഗുരുതരമായ കേൾവി തകരാർ ഉണ്ടാക്കുന്ന നിരോധിത വിഭാഗത്തിൽ പെടുന്ന കോളാന്പി സ്പീക്കറുകളുടെയും, അതിൻറെ ബോക്സ് രൂപത്തിലാക്കിയ പതിപ്പിൻരെയും വളരെ വലിയ ശേഖം ഓരോ ലൈറ്റ് ആൻറ് സൌണ്ട് കാരൻരെയും കയ്യിൽ ഇന്നും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
– ഒരു ഇവൻറ് നടത്തിപ്പുകാരൻ, അദ്ദേഹത്തിന്റെ കസ്റ്റമറിന് വേണ്ടി സ്വന്തം ശക്തികാണിക്കാൻ ഒരു പ്രദേശമാകെയുള്ള ജനങ്ങളെ കരുതൽ തടങ്കലിൽ എന്നപോലെയാക്കി ശബ്ദ ഉപകരണങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നത് കേരളത്തിൽ വർദ്ധിച്ചുവരുന്ന പ്രവണതയാണ്. ഇവൻറ് മാനേജ്മെന്റ് കാരുടെയും, ലൈറ്റ് ആൻറ് സൌണ്ട് ഉടമകളുടെ കച്ചവടതാൽപര്യവും മാത്രമാണ് ഇതിന് അടിസ്ഥാനം.
– സ്വന്തമായ സ്ഥലപരിധിയിലോ, അദ്ദേഹം വാടകയ്ക്കെടുത്ത സ്ഥലപരിധിയിലോ എല്ലാ ശബ്ദവും അവസാനിക്കുന്പോഴാണ് ചട്ടം പാലനം നടക്കുന്നത്. അതിനുള്ളിൽ പോലും ചട്ടപ്രകാരമുള്ള പരമാവധി ശബ്ദനലിയിൽ അധികം ഉത്പാദിപ്പിക്കാൻ കഴിയില്ല.
– ഇത്തരം സാഹചര്യത്തിൽ ബോധവൽക്കരണം മാത്രം പ്രശ്നം പരിഹാരത്തിന് പര്യാപ്തമല്ല. കർശനമായ നിയമനടപടി അനിവാര്യമാണ്.
– Noise Pollution Rules, 2000 ലംഘിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾക്കും ഇവന്റ് സംഘാടകർക്കും നേരെ കർശനമായ നടപടികൾ തന്നെ സ്വീകരിക്കണം.
– പിഴ, ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കൽ, ഇവന്റ് ലൈസൻസ് റദ്ദാക്കൽ എന്നിവ ഉൾപ്പെടെ നടത്തണം.
– തുടർച്ചയായി കുറ്റം ചെയ്യുന്ന ഇവന്റ് മാനേജ്മെന്റ്, ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനാനുമതി താൽക്കാലികമായോ സ്ഥിരമായോ നിഷേധിക്കണം.
– എല്ലാ ലൈറ്റ് ആൻഡ് സൗണ്ട്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾക്കും ജില്ലാ മജിസ്ട്രേറ്റിന്റെ രജിസ്ട്രേഷൻ ഏർപ്പെടുത്തണം.
13. W.P.(C) No. 3735/2005, Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others കേസിൽ ആരാധനാലയങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗം മതപരമായ അവകാശമല്ലെന്നും പൗരാവകാശത്തിന് മേൽ മറ്റൊന്നും നിലനിൽക്കില്ലെന്നും, ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കുന്ന നിർദ്ദേശങ്ങളുമുള്ള സുപ്രീംകോടതിയുടെ ഉത്തരവും, ദേശീയ ഹരിത ട്രിബ്യൂണലിന്റെ O A 519/2016 പ്രകാരമുള്ള ചട്ടം ലംഘനത്തിനുള്ള പരിഷ്കരിച്ച ശിക്ഷ (ഉടൻ 10,000 രൂപ), ലിമിറ്ററുകൾ സ്ഥാപിച്ച ശബ്ദ ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന ഉത്തരവ്, കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ 27.04.2021 തീയതിയിലെ A-140111-1-2021-MON എന്ന ഉത്തരവ് (ഇതുപ്രകാരം ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പാലിക്കാത്ത കാരണത്താൽ 01.11.2021 മുതൽ കേരള പോലീസ് മേധാവി പ്രതിമാസം 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം) എന്നിവയുടെ നടപ്പാക്കൽ കേരളത്തിൽ ഉചിതമായി ഇന്നുവരെ നടന്നിട്ടില്ല. ഇത് ഗുരുതരമായ ഭരണപരാജയമാണ്. നാം കേരളീയർ ഇന്നും ശബ്ദമലിനീകരണത്തിന്റെ ഇരകളായി തുടരുന്നതിന് കാരണം ഈ ഭരണപരാജയമാണ്. നാം ഉണർന്നുപ്രവർത്തിക്കാതെ ഈ അവസ്ഥ മാറുകയില്ല.
14. കൊല്ലം സിറ്റി & റൂറൽ പോലീസ് ജില്ലകളിൽ 200-ലധികം ചട്ടം ലംഘന കേസുകൾ കോടതിയിലെത്തിയിട്ടുണ്ട്. വൈദ്യുതി നിയമലംഘനം നടത്തിയവർക്കെതിരെ ഇലക്ട്രിസിറ്റി ആക്ട് 2003 ലംഘനത്തിനും കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ചട്ടം ലംഘനം, വൈദ്യുതി നിയമലംഘനം എന്നിവയ്ക്കെതിരെ ഉടൻതന്നെ കേസെടുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ശബ്ദമലിനീകരണ ചട്ടം ലംഘനമോ വൈദ്യുതി നിയമലംഘനമോ നടത്താൻ ആരാധനാലയങ്ങൾക്ക് പ്രത്യേക അവകാശം ഇല്ലാത്തതിനാൽ അത് ചെയ്യുന്നവരും ചെയ്യാൻ പ്രേരണ നൽകുന്നവരും, കൂട്ടുനിൽക്കന്നവരും, ഇവൻറ് മാനേജ്മെൻറും, നിയമവിരദ്ധമായി സ്വന്തം ഉപകരണങ്ങൾ സ്ഥാപിച്ച് നൽകുന്ന ലൈറ്റ് ആൻറ് സൌണ്ട് ഉടമയും കോടതി നടപടികൾ നേരിടാൻ ബാധ്യസ്ഥരാകും എന്ന് കൊല്ലം ജില്ലയിലെ 200-ൽ അധികം വരുന്ന EPA 1986 കേസുകൾ ഓർമ്മിപ്പിക്കുന്നു.
15. ഉത്സവാഘോഷങ്ങളിലെ കെട്ടിയെഴുന്നള്ളിപ്പുകളുടെ ഉയരം കുറയ്ക്കണം എന്നും, വൈദ്യുതി ലൈനുകൾ അഴിച്ചുനിൽക്കാൻ കഴിയില്ലെന്നും, ഇവ കൊണ്ടുപോകാൻ മുൻകൂട്ടി പോലീസിന്റെയും കെ.എസ്.ഇ.ബി.യുടെയും അനുമതി ആവശ്യമാണെന്നും, പുറം സ്ഥലങ്ങളിൽനിന്നും എഴുന്നള്ളിപ്പുകൾ കൊണ്ടുവരാൻ പാടില്ലെന്നും ഉള്ള ഉത്തരവുകൾ വന്നുകഴിഞ്ഞു. പൊതുനിരത്തുകൾ ഉപയോഗപ്പെടുത്തിയുള്ള എല്ലാ ഘോഷയാത്രകൾക്കും ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന ഉത്തരവ് നിലവിൽതന്നെയുണ്ട്. അതിനായി The Kerala Public Ways (Restriction of Assemblies and Processions) Act, 2011 നിലവിലുണ്ട്.
16. വെടിക്കെട്ട്, പടക്കം പൊട്ടിക്കൽ ഉൾപ്പെടെ ശബ്ദം ഉത്പാദിപ്പിക്കുന്ന എല്ലാ പ്രവർത്തികളും ചട്ടം നിബന്ധനകളുടെ പരിധിയിൽ പെടുമെന്നതിനാൽ രാത്രി നിർവചനത്തിൽ വരുന്ന രാത്രി 10 മുതൽ രാവിലെ 6 വരെ ശബ്ദം ഉത്പാദിപ്പിക്കുന്ന പരിപാടികൾ പൊതു ഇടങ്ങളിലോ, നിശബ്ദമേഖലകളിലോ, താമസമേഖലകളിലോ അനുവദനീയമല്ല. അത്തരം പ്രവർത്തികൾ കുറ്റകരവും ശിക്ഷാർഹവുമാണ്. മാത്രവുമല്ല പടക്കം, വെടിക്കെട്ട് എന്നിവയ്ക്ക് പ്രത്യേക അനുമതികളും ആവശ്യമാണ്. ഓടിച്ചെന്ന് പടക്കം വാങ്ങി കത്തിച്ചെറിഞ്ഞ് പൊട്ടിക്കാമെന്ന തോന്നൽ കേരള ജനത ഇനിയും ഉപേക്ഷിക്കേണ്ടതാണ്. എക്സ്പ്ലോസീവ് ആക്ടിന്റെ പരിധിയിൽ വരുന്നതുകൂടിയാണ് ഇത്തരം കുറ്റകൃത്യങ്ങൾ. പാരമ്പര്യത്തിന്റെയും ആചാര പെരുമയുടെയും പേരിൽ നിങ്ങൾ നിയമം ലംഘിക്കുമ്പോൾ മൂല്യശോഷണം സംഭവിക്കുന്നത് ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് മാത്രമാണ്.
17. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ‘സൈലൻസ് ദി നോയിസ്’ കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും, ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാനും, #3 (https://essenseglobal.com/activism/stn-campaign/#campaign) കാമ്പെയിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാനും, എല്ലാ എസെൻസ്, ലിറ്റമസ് സ്നേഹികളെയും, പ്രവർത്തകരെയും, ഭരണഘടനാ ബോധമുള്ള മറ്റെല്ലാ പൌരൻമാരെയും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകരെയും, മറ്റല്ലാ ശാസ്ത്ര പ്രചാരകരെയും ക്ഷണിക്കുന്നു.
സ്നേഹപുർവ്വം,
മനു എ. എസ്.
Campaign Co-ordinator
“Silence the Noise” Campaign by esSENSE Global
Silence the Noise: File Your Complaint Today!
![]()

