അപകോളനിവത്കരണം ഇസ്രായേലിൽ സാധ്യമാകില്ല, എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണൻ


“Israel is only the first target. The entire planet will be under our law, there will be no more Jews or Christian traitors.” – മഹമൂദ് അൽ-സഹർ പറഞ്ഞതാണിത്. ഹമാസ് ആണോ പലസ്‌തീൻ ജനതയുടെ പ്രതിനിധികൾ? താലിബാൻ ആണ് അഫ്ഘാൻ ജനതയുടെ പ്രതിനിധികൾ എന്ന് പറയുന്നത് പോലെ ആണത്.

Settler Colonialism

ഇസ്രയേലിനെയും പലസ്തീനെയും ചുറ്റിപ്പറ്റി ഈയിടെയായി ധാരാളമായി കേൾക്കുന്ന “Settler colonialism” (കുടിയേറ്റ കോളനിവൽക്കരണം) എന്ന ആശയമാണ് Adam Kirsch എഴുതിയ ‘On settler colonialism: Ideology, violence, and justice’ എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കി ഇവിടെ വിശദീകരിക്കുന്നത്. ഒക്‌ടോബർ 7-ന് ശേഷമാണ് ഈ പദം കൂടുതൽ കേട്ട് തുടങ്ങിയതെങ്കിലും, രണ്ടു പതിറ്റാണ്ടായി അക്കാദമിക് വിദഗ്ധർക്കിടയിൽ സ്വാധീനം ചെലുത്തിയ ആശയമാണിത്. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് രണ്ട് മാസത്തിന് ശേഷം നടത്തിയ ഒരു സർവേയിൽ 81 ശതമാനം അമേരിക്കക്കാർ, ഇസ്രായേലിനെ പിന്തുണച്ചപ്പോൾ 18-24 വയസ്സ് പ്രായമുള്ള 50 ശതമാനം പേർ മാത്രമാണ് ഇസ്രയേലിനെ പിന്തുണച്ചത്. ആ പ്രായപരിധിക്കുള്ളിൽ, പ്രതികരിച്ചവരിൽ 66 ശതമാനം പേരും ഹമാസിൻ്റെ ആക്രമണം വംശഹത്യ സ്വഭാവമുള്ളതാണെന്ന് സമ്മതിച്ചെങ്കിലും, അതിൽ 60 ശതമാനം പേരും പലസ്തീനികളുടെ മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ ഹമാസിന്റെ ഒക്ടോബർ 7 ആക്രമണം ന്യായീകരിക്കാമെന്നും പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോളേജ് പ്രായമുള്ള അമേരിക്കക്കാരിൽ പകുതിയിലേറെയും പലസ്തീനികൾ ഇസ്രായേലി ജൂതന്മാരെ വംശഹത്യ നടത്തുന്നത് ന്യായമാണെന്ന് വിശ്വസിക്കുന്നു.

തദ്ദേശീയ ജനങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ യൂറോപ്യൻ കുടിയേറ്റക്കാർ സ്ഥാപിച്ച അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ ആണ് settler colonialism എന്ന പദം കൊണ്ട് ചില അക്കാദമിക്കുകൾ വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ലോക ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗവും നിർബന്ധിതമായി അടിച്ചേൽപ്പിക്കപ്പെട്ട വിദേശ ഭരണത്തിൻ കീഴിൽ തുടർന്നു. യു.എൻ കണക്ക് പ്രകാരം കൊളോണിയൽ ഭരണത്തിൻ കീഴിൽ ജീവിക്കുന്നവരുടെ എണ്ണം 1945-ൽ 750 ദശലക്ഷത്തിൽ നിന്ന് 2000 ആയപ്പോഴേക്കും 2 ദശലക്ഷമായി കുറഞ്ഞു. കൊളോണിയലിസത്തിന് ശേഷം ഉള്ള സ്വാതന്ത്ര്യം ചിലപ്പോൾ ഒക്കെ സമാധാനപരമായ ഒരു പ്രക്രിയയുമായിരുന്നില്ല. സാമ്രാജ്യശക്തി പിൻവാങ്ങിയിടത്തു പോലും, വിമോചിതരായ ഇന്ത്യ, ഇസ്രായേൽ ഉൾപ്പടെ ഉള്ള രാജ്യങ്ങൾ പലപ്പോഴും അതിർത്തികൾ നിർണ്ണയിക്കാൻ യുദ്ധങ്ങൾ ചെയ്യേണ്ടി വന്നു.

അമേരിക്കയിലെ കുടിയേറ്റ കൊളോണിയലിസത്തിന്റെ സൈദ്ധാന്തികർ പറയുന്നത്, Decolonization (അപകോളനീകരണം) കുടിയേറ്റക്കാരുടെ സ്വത്തവകാശത്തെയും പരമാധികാരത്തെയും ഇല്ലാതാക്കുന്നു എന്നാണ്. പ്രായോഗികമായി, “പരമാധികാര തദ്ദേശീയ ഗോത്രങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഭൂമി തിരിച്ചുനൽകുക” എന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്നാൽ ഈ സൈദ്ധാന്തികർ, അമേരിക്കയുടെ ഏതൊക്കെ ഭാഗങ്ങളാണെന്ന് തദ്ദേശീയ ഗോത്രങ്ങൾക്ക് തിരികെ നൽകേണ്ടതെന്നോ ഇപ്പോൾ അവിടെ താമസിക്കുന്ന പുതു തലമുറ വെള്ളക്കാർ എങ്ങോട്ടേക്കാണ് പോകേണ്ടതെന്നോ വ്യക്തമാക്കുന്നില്ല. കുടിയേറ്റ കൊളോണിയലിസത്തിൻ്റെ പ്രത്യയശാസ്ത്രം വർത്തമാനകാലമാണ് ഭൂതകാലത്തേക്കാൾ മികച്ചതാണെന്ന് വിശ്വസിക്കുന്നില്ല. അതിൻ്റെ അസാധ്യമായ ലക്ഷ്യം 1788 (ഇംഗ്ലീഷുകാർ ഓസ്‌ട്രേലിയയിൽ എത്തിയ വർഷം) അല്ലെങ്കിൽ 1607 (ഇംഗ്ലീഷുകാർ ഇന്നത്തെ വിർജീനിയയിൽ എത്തിയ വർഷം) അല്ലെങ്കിൽ 1492-ന് (കൊളംബസ് ഇന്നത്തെ ബഹാമാസിൽ എത്തിയ വർഷം) മുമ്പ് അങ്ങനെ ചരിത്രത്തിൽ എവിടെയെങ്കിലും നില നിന്നിരുന്ന ലോകത്തിലേക്ക് ക്ലോക്ക് തിരിച്ചുവിടുക എന്നതാണ്.

2016-ൽ എണ്ണായിരത്തോളം ആളുകൾ താമസിക്കുന്ന, നോർത്ത്, സൗത്ത് ഡക്കോട്ടയിൽ പരന്നു കിടക്കുന്ന Standing Rock Sioux റിസർവേഷൻ അതിർത്തിയിൽ, മണ്ണിനടിയിലൂടെ എണ്ണ കൊണ്ടു പോകാൻ ഉള്ള പദ്ധതി ആയ ഡക്കോട്ട ആക്‌സസ് പൈപ്പ്‌ലൈൻ നിർമ്മാണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. തങ്ങളുടെ പൂർവികരെ അടക്കിയിരിക്കുന്ന പുണ്യഭൂമിയെ ഈ പൈപ്പ്‌ലൈൻ നശിപ്പിക്കുമെന്നും ജലവിതരണത്തെ മലിനമാക്കുകയും ചെയ്യും എന്നാരോപിച്ചുകൊണ്ട്‌ പ്രതിഷേധക്കാർ ഒരു നിർമ്മാണ സ്ഥലത്ത് പ്രതിഷേധിച്ചപ്പോൾ അവരെ ഭരണകൂടം നായ്ക്കളെയും ജലപീരങ്കികളെയും ഉപയോഗിച്ച് നേരിട്ടു. ഈ ഏറ്റുമുട്ടൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. അതിനും അഞ്ചു വർഷം മുമ്പ് നടന്ന Occupy Wall street പ്രതിഷേധം പോലെ സ്റ്റാൻഡിംഗ് റോക്ക് പ്രതിഷേധം, പരിസ്ഥിതിവാദം, ക്യാപിറ്റലിസ്റ് വിരുദ്ധത തുടങ്ങി നിരവധി ആക്ടിവിസങ്ങളുടെ കേന്ദ്രമായി മാറി. ആശ്ചര്യമായി ആ കൂട്ടത്തിൽ പാലസ്തീൻ വിമോചനം ആവശ്യപ്പെടുന്നവരും ഉണ്ടായിരുന്നു. ഒരു എണ്ണ പൈപ്പ് ലൈൻ നിർമ്മാണം തടയുന്നതും പലസ്‌തീൻ വിമോചനവും വളരെ വ്യത്യസ്തമായ ലക്ഷ്യങ്ങളായി തോന്നിയേക്കാം, പക്ഷേ പല പുരോഗമനവാദികൾക്കും, ഇവ രണ്ടും കുടിയേറ്റ കോളനിവൽക്കരണത്തിന് എതിരെ ഉള്ള ഒരേ പോരാട്ടമാണ്.

ഇസ്രയേലിനെതിരെ ബഹിഷ്കരണം, ഉപരോധം എന്നിവയ്ക്കായി വാദിക്കുന്ന Palestinian BDS National കമ്മിറ്റിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: “As indigenous Palestinians, we pledge to stand in solidarity with indigenous peoples around the world, including in Turtle Island.” പലസ്തീനിയൻ യൂത്ത് മൂവ്‌മെൻ്റ് സ്റ്റാൻഡിംഗ് റോക്കിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചു. അവരുടെ പ്രസ്‌താവന ഇങ്ങനെ ആയിരുന്നു: “We stand together with our Indigenous siblings in the fight against corporate greed and the settler colonial state.”

1880-കളിൽ ആധുനിക സയണിസ്റ്റ് കുടിയേറ്റം ആരംഭിച്ചപ്പോൾ പലസ്തീൻ ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ ഒരു പ്രവിശ്യയായിരുന്നു, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയിരുന്ന സ്ഥലത്തു ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുന്നു. ഭാഷ, സംസ്കാരം, അറബ് ജനതയുടെ മതം വൻതോതിൽ ആധിപത്യം പുലർത്തുന്ന പ്രദേശത്തിൽ ഇസ്രായേൽ സ്ഥാപിതമായി എഴുപത്തഞ്ചു വർഷത്തിനു ശേഷം, മൊറോക്കോ മുതൽ ഇറാഖ് വരെയുള്ള മിഡിൽ ഈസ്റ്റിലെ ഇരുപത്തിരണ്ട് അറബ് രാജ്യങ്ങളുടെ ഇടയിൽ കിടക്കുന്ന ഏക ജൂത രാഷ്ട്രമാണ് ഇസ്രായേൽ. ഇസ്രായേൽ പലസ്‌തീനികളെ പൂർണമായി വംശീയഹത്യ ചെയ്‌തില്ലെങ്കിലും ഏഴരലക്ഷം വരുന്ന ഒരു വലിയ കൂട്ടം പലസ്‌തീനികളെ അവരുടെ സ്ഥലം ഉപേക്ഷിച്ചു അഭയാർത്ഥി ക്യാംപുകളിൽ അഭയം പ്രാപിക്കാൻ ഇടയാക്കി.

പ്യൂരിറ്റൻ കുടിയേറ്റക്കാർ മസാച്യുസെറ്റ്സിൽ എത്തി എഴുപത്തഞ്ചു വർഷം കഴിഞ്ഞപ്പോൾ, തദ്ദേശീയരായ ന്യൂ ഇംഗ്ലണ്ടിലെ ജനസംഖ്യ ഏകദേശം 140,000 നിന്ന് 10,000 ആയി കുറഞ്ഞു. 1948-ന് ശേഷമുള്ള അതേ കാലയളവിൽ, അറബ് ജനസംഖ്യ ചരിത്രപരമായ പലസ്തീൻ പ്രദേശത്തു 1.3 ദശലക്ഷത്തിൽ നിന്ന് ഏകദേശം 7.5 ദശലക്ഷം ആയി വർദ്ധിക്കുകയാണ് ഉണ്ടായത്. ചൈനീസ് സർക്കാർ, ഒരു ദശലക്ഷം ടിബറ്റൻ കുട്ടികളെ സാംസ്കാരികമായും മതപരമായും ഭാഷാപരമായും പരിവവർത്തനം ചെയ്യാൻ നിർബന്ധിതമായി സ്‌കൂളുകളിൽ ചേർക്കുന്നതായി 2023-ൽ യു.എൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്‌തു. 2017 മുതൽ ഒരു ദശലക്ഷത്തിലധികം വരുന്ന ഉയ്ഗൂർ മുസ്ലിം ജനതയെ പുനർ വിദ്യാഭ്യാസ ക്യാമ്പുകൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന തടവറകളിൽ ചൈന അടച്ചിരിക്കുന്നു. കൂട്ട വന്ധ്യംകരണത്തിലൂടെയും മറ്റു നിർബന്ധിത ജനന നിയന്ത്രണത്തിലൂടെയും ചൈന ഉയ്ഗൂർ മുസ്ലിങ്ങളെ നിയന്ത്രിക്കുന്നു. ചൈനയിൽ നടക്കുന്ന ഈ സംഭവങ്ങൾ കുടിയേറ്റ കൊളോണിയലിസത്തിന്റെ വക്താക്കൾ അങ്ങനെ സംസാരിച്ചു കാണാനില്ല.

ഒക്ടോബർ 7-ന് ശേഷം, അമേരിക്കയിലെ നിരവധി LGBTQ സംഘടനകൾ പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഹമാസ് ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രസ്‌താവനകൾ നടത്തി: “We stand with Palestinians against a settler-colonial state backed by the finances and brutality of the U.S” എന്നതാണ് ഒരു പ്രസ്‌താവന. ഈ നിലപാടിൻ്റെ പ്രശ്നം മിഡിൽ ഈസ്റ്റിലെ മറ്റേതൊരു സമൂഹത്തേക്കാളും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് ഇസ്രായേൽ കൂടുതൽ പിന്തുണ നൽകുന്നു എന്നതാണ്. ഇസ്രായേൽ ആണ് സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകിയ ആദ്യ രാജ്യങ്ങൾ ഒന്ന്. നേരെമറിച്ച്, പലസ്‌തീൻ സമൂഹത്തിൽ സ്വവർഗരതി നിഷിദ്ധമാണ്. സ്വവർഗ്ഗാനുരാഗികൾ പീഡനത്തിനും അക്രമത്തിനും ഇരയാകുന്നു. അത്തരത്തിൽ, 2022-ൽ ഇരുപത്തഞ്ചുകാരനായ സ്വവർഗാനുരാഗിയായ അബു മുർഖിയെ ഹെബ്രോണിൽ ശിരഛേദം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഹമാസിന്, സ്വവർഗരതിയോടുള്ള സമീപനം അവർ “പാശ്ചാത്യ പാപത്തിനോടും അപചയത്തിനോടും” കാണിക്കുന്ന അസഹിഷ്ണുതയ്ക്ക് പ്രാഥമിക ഉദാഹരണമാണ്. 2010-ലെ ഒരു അഭിമുഖത്തിൽ ഹമാസ് നേതാവും പലസ്റ്റീൻ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രിയായിരുന്ന മഹമൂദ് അൽ-സഹർ ഒരു യൂറോപ്യൻ അഭിമുഖക്കാരനോട് പറഞ്ഞു: “You do not live like human beings. You do not (even) live like animals. You accept homosexuality. And now you criticize us?” എങ്കിലും കുടിയേറ്റ കൊളോണിയലിസത്തിൻ്റെ പ്രത്യയശാസ്ത്രത്തിന് ഈ വസ്തുത മനസ്സിലാക്കാൻ കഴിയില്ല. കാരണം എല്ലാ സദാചാര രാഷ്ട്രീയ സമരങ്ങൾക്കും അവരുടെ ശത്രു ഒന്ന് മാത്രമാണ്.

ഏറ്റവും വലിയ വിരോധാഭാസം, പലസ്തീനിലെ തദ്ദേശീയരായ ജനങ്ങൾ പലസ്‌തീനികൾ തന്നെയാണെന്ന് കുടിയേറ്റ കൊളോണിയലിസത്തിൻ്റെ പ്രയോക്താക്കൾ ശഠിക്കുന്നതാണ്. ഒരു മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ജൂതർ, അവരാണ് ഇസ്രായേൽ ദേശത്തെ ആദ്യം വന്ന തദ്ദേശീയരായ ആളുകൾ എന്ന് കരുതുന്നുണ്ട്. പല ജനങ്ങളുടെയും സൃഷ്ടി മിഥ്യാധാരണകൾക്ക് വിരുദ്ധമായി, അക്ഷരാർത്ഥത്തിൽ സ്വന്തം മണ്ണിൽ നിന്ന് ഉയർന്നു വന്ന തദ്ദേശീയരായ ഒരു മനുഷ്യസമൂഹവും ഇല്ല. ജനിതകവും പാലിയൻ്റോളജിക്കൽ തെളിവുകളും സൂചിപ്പിക്കുന്നത് ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽ നിന്ന് കുടിയേറിത്തുടങ്ങി പതിനായിരക്കണക്കിന് വർഷങ്ങളെടുത്തു ക്രമേണ ലോകമെമ്പാടും വ്യാപിച്ചു. തദ്ദേശീയരായ അമേരിക്കക്കാരുടെയും ഓസ്‌ട്രേലിയയിലെ അബൊറിജിനുകളുടെയും പൂർവികർ കുടിയേറി വന്നവർ തന്നെയാണ്.

റോമൻ സാമ്രാജ്യം എ.ഡി ഒന്നും രണ്ടും നൂറ്റാണ്ടിൽ ദശലക്ഷക്കണക്കിന് ജൂതരെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. തലമുറകളോളം ഈ ജനം അവരുടെ മാതൃരാജ്യത്തിലേക്കുള്ള പുനഃസ്ഥാപനത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ആറ് ദശലക്ഷം ജൂതന്മാരെ നാസികൾ കൊന്നു തള്ളിയതോടെ ഈ പുരാതന ആത്മീയത, സയണിസം ഒരു ആധുനിക രാഷ്ട്രം സ്ഥാപിക്കുന്നതിന് ആക്കം കൂട്ടി.യൂറോപ്യൻ സെറ്റിൽമെൻ്റ് ഓസ്‌ട്രേലിയിലും അമേരിക്കയിലും തദ്ദേശീയ ജനസംഖ്യയുടെ നാശത്തിലേക്ക് നയിച്ചു. ഇസ്രായേൽ ഒരു കുടിയേറ്റ കൊളോണിയൽ രാഷ്ട്രമാണെങ്കിൽ, പലസ്‌തീൻ ജനതയുടെ വംശഹത്യ, പ്രത്യയശാസ്ത്രപരമായി അനിവാര്യമായേനേ. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല എന്ന് കാണാം. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയെ ആക്രമിച്ചപ്പോൾ വംശഹത്യ ആണ് ഇസ്രായേലിന് മേൽ ഇടത് ബുദ്ധിജീവികൾ ആരോപിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ സൗത്ത് ആഫ്രിക്ക വംശഹത്യ ആരോപിച്ചു. 2011 മുതൽ നടക്കുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ആറ് ലക്ഷം മനുഷ്യർ കൊല്ലപ്പെട്ടു. ഈ ക്രൂരതകൾ ഒരിക്കലും വംശീയഹത്യകളായി മുദ്രകുത്തപ്പെടുന്നില്ല. 2023-ൽ മാത്രമാണ് സിറിയയുടെ ഏകാധിപതിയായ ബാഷർ അൽ അസദിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി കുറ്റം ചുമത്തിയത്, അതും വംശീയഹത്യ കുറ്റം അല്ല, പകരം മൂന്നാം മുറ പീഡനങ്ങൾ നടത്തുന്നു എന്ന കുറ്റം മാത്രമാണ്.

ഇന്നത്തെ പല വിദ്യാർത്ഥികളും ഒക്ടോബർ 7 -ലെ ജൂതരുടെ കൂട്ടക്കൊല ആഘോഷിക്കുകയും കോളേജിൽ വെച്ച് അവരുടെ ജൂതരായ സമപ്രായക്കാരെ ശല്യം ചെയ്യുകയും അതിൽ ലജ്ജിക്കാതെ ഇരിക്കുകയും ചെയ്യാറാറുണ്ട്. കാലാകാലങ്ങളിലായി ജൂതരെ പീഡിപ്പിച്ചവരുടെ അതേ മാനസികാവസ്ഥയാണ് ഇത്. ഒരു തരം പുണ്യപ്രവർത്തി ആയിട്ടാണ് അവർക്കത് തോന്നുന്നത്. ഒക്‌ടോബർ 7 ആക്രമണത്തെക്കുറിച്ചുള്ള അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത് ലോകത്തിൽ നിന്ന് എല്ലാത്തരം അനീതികൾ തുടച്ചുനീക്കുന്നതിനുള്ള താക്കോൽ പലസ്തീൻ വിമോചനമാണ് എന്നവർ ധരിച്ചുവച്ചിരിക്കുന്നു എന്നതാണ്. 2023 നവംബറിൽ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുടെ പത്രം അറുപത്തിയഞ്ച് വിദ്യാർത്ഥി സംഘടനകൾ ഒപ്പിട്ട ഒരു കത്ത് പ്രസിദ്ധീകരിച്ചു. “നദിയിൽ നിന്ന് കടലിലേക്ക്, പലസ്തീൻ സ്വതന്ത്രമാകും” എന്ന മുദ്രാവാക്യം വിശദീകരിക്കുന്നതായിരുന്നു ആ കത്ത്. മെഡിറ്ററേനിയനും ജോർദാനും ഇടയിലുള്ള ജൂത രാഷ്ട്രം ഇല്ലാതാവുക എന്നാണിത് അർത്ഥമാക്കുന്നതെങ്കിലും നദി മുതൽ കടൽ വരെ എന്ന് പറയുമ്പോൾ പലസ്തീൻ സ്വതന്ത്രമാകുമെന്ന് വിദ്യാർത്ഥികൾ സങ്കൽപ്പിക്കുന്നു, കൊലപാതകവും വംശഹത്യയും പിന്തുണക്കുന്നില്ല, ഇത് ഇസ്‌ലാമോഫോബിയ, യഹൂദവിരുദ്ധത, വർണ്ണവിവേചനം, സൈനിക അധിനിവേശം എന്നിവയില്ലാത്ത ഒരു ലോകത്തിന്റെ സങ്കൽപ്പം ആണെന്നവർ പറയുന്നു. ഒരു ആഹ്വാനം എന്ന നിലയിൽ ഇത് അസംബന്ധമാണ്. പലസ്തീൻ വിമോചനം കൊണ്ട് ചൈനയിലോ റഷ്യയിലോ ഇറാനിലോ സൈനിക അധിനിവേശത്തിന് അന്ത്യം കൊണ്ടു വരാൻ സാധിക്കുമോ? ലോകത്തിലെ വർണവിവേചനമോ മ്യാൻമറിൽ റോഹിൻഗ്യകൾക്കെതിരെ ഉള്ള അക്രമണമോ ഇല്ലാതാകുമോ?

എന്തു കൊണ്ട് ഇസ്രായേലിനെ അപകോളനിവൽക്കരിക്കാൻ (Decolonize) കഴിയില്ല?

ഇന്നത്തെ ഇസ്രായേൽ എന്ന സ്ഥലത്ത് ആധുനിക ജൂത കുടിയേറ്റം ആരംഭിച്ച അതേ സമയത്താണ് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ ശക്തികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തെ തമ്മിൽ വിഭജിച്ചു അവിടുത്തെ വിഭവങ്ങളെയും തദ്ദേശീയരെയും ചൂഷണം ചെയ്യുന്നതിനായി കോളനികൾ രൂപീകരിച്ചത്. എന്നാൽ ലോകമെമ്പാടും തങ്ങൾ നേരിട്ട പീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ ജൂതന്മാർ സ്വയം പര്യാപ്തത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ചെറിയ കാർഷിക സന്നദ്ധ സംഘങ്ങൾ ആയിട്ടാണ് ഇന്നത്തെ ഇസ്രായേലിൽ വന്നു തുടങ്ങിയത്.

ഒരു രാജ്യത്തേക്ക് ആളുകൾ കുടിയേറുന്നത് അവിടുത്തെ തൊഴിലുറപ്പും ഉയർന്ന വേതനവും ലാഭകരമായ ബിസിനസ്സും ലക്ഷ്യമാക്കിയാവും, വടക്കേ ആഫ്രിക്കയിലെ കോളനികളിൽ സ്ഥിരതാമസമാക്കിയ യൂറോപ്യന്മാരെപ്പോലെ. എന്നാൽ ഉയർന്ന ജീവിതനിലവാരം തേടിയല്ല ജൂതർ വിഭവങ്ങളില്ലാത്ത പൊതുവെ ദരിദ്രമായ പലസ്റ്റീനിലേക്ക് വന്നത്. ഈ ഗ്രൂപ്പുകൾക്ക് ഒരു ഗവൺമെൻ്റിൻ്റെയും പിൻബലമില്ലെങ്കിലും അവർ സ്വയം പര്യാപ്‌തരാവുകയായിരുന്നു. ബെൽജിയം റബ്ബറിന് വേണ്ടി കോംഗോ കീഴടക്കിയത് പോലെയോ ബ്രിട്ടൻ വജ്രങ്ങൾക്ക് വേണ്ടി സൗത്ത് ആഫ്രിക്കയിൽ പോയത് പോലെയോ ജൂതർക്ക് പലസ്റ്റീനിൽ വിഭവങ്ങൾ ഒന്നുമില്ലായിരുന്നു. യൂറോപ്പിൽ അവർ പരിശീലിച്ച വാണിജ്യ വ്യാപാരങ്ങൾക്ക് പകരം കൃഷിയിൽ ഏർപ്പെടുന്നതിലൂടെ യഹൂദർ പുനർജനിക്കണമെന്ന് അവർ വിശ്വസിച്ചു. 1880 മുതൽ ഇസ്രായേലിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാനകാരണം സാമ്പത്തിക അഭിലാഷമായിരുന്നില്ല രാഷ്ട്രീയ പീഡനത്തിൽ നിന്നുള്ള രക്ഷപെടൽ ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സാർ ചക്രവർത്തി, 1930-കളിൽ നാസിസം, 1948-ന് ശേഷമുള്ള അറബ് ദേശീയ ഭരണകൂടങ്ങളും 1990-കളിൽ മുൻ സോവിയറ്റ് യൂണിയനും തുടങ്ങി വളരെക്കാലമായി യഹൂദർ കുടിയൊഴിപ്പിക്കപ്പെട്ട് പോകാൻ ഒരിടവുമില്ലാതെ നരകിച്ചുകൊണ്ടിരുന്നു. അങ്ങനെ പോകാൻ ഒരിടവുമില്ലാതെ ആ അഭയാർത്ഥികൾ നിർമ്മിച്ച രാജ്യമാണ് ഇസ്രായേൽ. ദീർഘ കാലാടിസ്ഥാനത്തിൽ നോക്കിയാൽ സ്വയം ഭരണം നേടാൻ ആയി ഒരു കോളനി ജനതയുടെ ആഗ്രഹം വിദൂര ദേശത്തുള്ള കോളനികളുടെ നിയന്ത്രണം നിലനിർത്താനുള്ള ഒരു സാമ്രാജിത്വ ശക്തിയുടെ ആഗ്രഹത്തെക്കാൾ ശക്തമാണ്. സാമ്രാജ്യത്തിൻ്റെ പടയാളികൾക്കും ഭരണാധികാരികൾക്കും തിരികെ പോകാൻ ഒരു മാതൃരാജ്യമുണ്ട്. അതേ സമയം കോളനിവൽക്കരിക്കപ്പെട്ട ആളുകൾക്ക് അവർ പോരാടുന്ന സ്ഥലമല്ലാതെ മറ്റൊരു വീടില്ല. വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും അത് കൊണ്ടാണ് അമേരിക്ക പരാജയപ്പെട്ടത്. യുദ്ധം പണച്ചിലവാണ്. താലിബാന് തിരിച്ചു അധികാരത്തിൽ കേറാൻ ചെയ്യേണ്ടി വന്നത് അമേരിക്കയുടെ പണം തീരുന്നത് വരെയും കൂടുതൽ അമേരിക്കൻ ജീവനുകൾ നഷ്ടമാകുന്നത് വരെയും കാത്തിരിക്കുക എന്നതായിരുന്നു.

ഇസ്രായേൽ ഒരു കോളനി ശക്തിയാണെങ്കിൽ, പലസ്തീൻ വിമോചനത്തിനായുള്ള പോരാട്ടം വിയറ്റ്നാം പോരാളികളുടെ അതേ തന്ത്രങ്ങൾ ഉപയോഗിച്ച് വിജയിക്കാൻ കഴിയണം. സിവിലിയന്മാർക്കെതിരായ അതിക്രമങ്ങൾക്ക് ഒടുവിൽ കോളനി നിലനിർത്താൻ സാധിക്കാതെ വരികയും സാമ്രാജ്യത്ത ശക്തി കോളനി ഉപേക്ഷിച്ചു പോകുകയും ചെയ്യും. എന്നാൽ ഇസ്രായേലിലെ 70 ലക്ഷം ജൂതന്മാർക്ക് പോകാൻ മറ്റൊരു ഇടമില്ല എന്നതാണ് വസ്തുത. അവരുടെ പൂർവ്വികർ പീഡനവും വംശഹത്യയും രക്ഷപെട്ട് അവരുടെ മുൻ വാസസ്ഥലങ്ങൾ ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ട് തന്നെ അവർ പോരാടും .അൾജീരിയയിലോ വിയറ്റ്നാമിലോ ഉണ്ടായിരുന്ന ഫ്രഞ്ചുകാരെപ്പോലെയല്ല, മറിച്ച് അൽജീരിയനും വിയറ്റ്നാമീസും ആയ തദ്ദേശീയരെപ്പോലെ. ഇസ്രായേലിൻ്റെ അയൽ അറബ് രാജ്യങ്ങൾ ഈ വസ്തുത അംഗീകരിക്കുകയും ജൂത രാഷ്ട്രത്തെ ആക്രമിക്കാനും ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനുമുള്ള പതിറ്റാണ്ടുകളായി നടത്തിയ ശ്രമങ്ങൾ അവസാനിപ്പിക്കുകയുമാണ്. അടുത്തിടെ യു.എ.ഇ ഇസ്രായേലുമായി ഉഭയകക്ഷി ബന്ധം ആരംഭിച്ചിരുന്നു. ഇസ്രായേൽ സ്ഥാപിതമായി എഴുപത്തിയഞ്ച് വർഷം പിന്നിട്ടിട്ടും പല പലസ്തീനികളും ഇടത് പക്ഷ ബുദ്ധിജീവികളും ഈ വസ്തുത അംഗീകരിച്ചിട്ടില്ല, ഇതാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷം തുടരുന്നതിനുള്ള പ്രധാന കാരണം.

“Israel is only the first target. The entire planet will be under our law, there will be no more Jews or Christian traitors.” – മഹമൂദ് അൽ-സഹർ പറഞ്ഞതാണിത്. ഹമാസ് ആണോ പലസ്‌തീൻ ജനതയുടെ പ്രതിനിധികൾ? താലിബാൻ ആണ് അഫ്ഘാൻ ജനതയുടെ പ്രതിനിധികൾ എന്ന് പറയുന്നത് പോലെ ആണത്. ഇസ്രയേലുമായി സമാധാനം വേണം എന്ന് വാദിക്കുന്ന പലസ്‌തീനിലെ മറ്റൊരു രാഷ്ട്രീയ സംഘടനയാണ് ഫത്തഹ്. ഹമാസ്-ഫത്തഹ് തമ്മിൽ ഉള്ള സംഘർഷങ്ങളിൽ 2006/ 2007 കാലഘട്ടത്തിൽ തന്നെ 600 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി Palestinian Independent Commission for Citizens’ Rights പറയുന്നു.

നൂറു കണക്കിന് ന്യൂക്ലിയർ ബോംബുകൾ കൈവശം വച്ചിരിക്കുന്ന ഇസ്രയേലിനെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാം എന്ന് മോഹിക്കുന്നത് തന്നെ കിളി പോയതിന്റെ ലക്ഷണം ആണ്. അത് ഈ നേതാക്കൾക്കും അറിയാം. എന്നാൽ അണികൾക്കും ആരാധകർക്കും ഇത് മനസ്സിലാവും എന്ന് തോന്നുന്നില്ല. ഹമാസിന്റെ നേതാക്കൾ സുരക്ഷിതമായി സുഖസുഷുപ്തിയിൽ ഖത്തറിൽ ഇരിക്കുന്നു. കോടീശ്വരന്മാരായ ഈ നേതാക്കളുടെ മക്കൾ ഖത്തറിലും യൂറോപ്പിലും ഉള്ള മണിമാളികകളിൽ വസിക്കുന്നു, ലംബോര്ഗിനിയും റോൾസ് റോയ്‌സും ഓടിച്ചു നടക്കുന്നു. സുരക്ഷിത സ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് ഈ നേതാക്കൾ അക്രമം പ്രവർത്തിക്കാൻ കോട്ടപ്പള്ളി സഖാവിനെ പോലെ ആഹ്വാനം ചെയ്യുന്നു. അക്രമത്തിലും പ്രത്യാക്രമണത്തിലും നിരപരാധികൾ മരിച്ചു വീഴുന്നു.

ഗോത്രീയത എന്ന ഭാവം ഓരോ മനുഷ്യരിലും അന്തർലീനമാണ്. അവിടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു പ്രസക്തിയും ഇല്ല. അതിന്റെ ഭാഷ അഭിമാനത്തിന്റേത്/പ്രതികാരത്തിന്റേത്. സ്വഗോത്ര സ്നേഹം, പരഗോത്ര വിരോധം – നമ്മൾ പ്രതിരോധിക്കുന്നു, അവർ ആക്രമിക്കുന്നു. സ്വഗോത്രത്തിൽ ഉള്ളവരോട് അതിയായ സ്നേഹം. ഒരു ജൂതനെയോ പലസ്തിനിയെയോ നേരിട്ട് പോലും കണ്ടിട്ടില്ലെങ്കിലും ഗോത്രീയതയുടെ പേരിൽ, ഒരു പൗരാണിക കഥയിൽ ഉള്ള വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടരോട് അകമഴിഞ്ഞ സ്നേഹവും മറ്റേ കൂട്ടരോട് വിധ്വേഷവും തോന്നുന്നത് മതപരമായ ആ സോഫ്റ്റ്‌വെയർ കാരണം ആണ്. വർഗശത്രുക്കൾ എന്ന അതേ മത സോഫ്റ്റ്‌വെയർ തന്നെ.

An eye for an eye will make the whole world blind. Co-existence is the only solution.

References:
1. O Jerusalem! – Larry Collins, Dominique Lapierre
2. Lawrence in Arabia: War, deceit, imperial folly and the making of the modern Middle East – Scott Anderson
3. On settler colonialism: Ideology, violence, and justice – Adam Kirsch

Loading