ചരിത്രം ജൂതരെ മാത്രമാണോ കുറ്റക്കാര്‍ ആക്കുന്നത്; പലസ്തീന്‍ പ്രശ്‌നത്തില്‍ ഗൗതം വര്‍മ്മ എഴുതുന്നു


ജൂതന്‍മ്മാര്‍ പലസ്തീനിലേക്ക് അധിനിവേശം നടത്തിയവര്‍ മാത്രമാണെന്നും, ഇന്ന് നാം കാണുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇവര്‍ മാത്രമാണെന്നുമുള്ള നരേറ്റീവ് കേരളത്തിലും വളരെ പ്രശസ്തമാണ്. എന്നാല്‍ ജൂത കുടിയേറ്റം പലസ്തീനിലേക്ക് എങ്ങനെ തുടങ്ങി, അതിന് ഇടയാക്കിയ ആഗോള സാഹചര്യമെന്ത്, ബ്രിട്ടീഷുകാര്‍ വഹിച്ച് പങ്ക് എന്ത് എന്ന് ഒന്ന് ആരും പഠിക്കാറില്ല. ചരിത്രത്തിന്റെ ഈ ഗതിവിഗതികളിലേക്ക് വെളിച്ചം വീഴുകയാണ് ഗൗതം വര്‍മ്മയുടെ ഈ ലേഖനം.

ജൂതരുടെ അതിജീവനവും പലസ്തീന്റെ കണ്ണീരും

1917 ൽ ഒന്നാം ലോകമഹായുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് നീങ്ങുന്ന സമയത്താണ് ലോകചരിത്രത്തിന്റെ ഗതിമാറ്റിയ ചില സംഭവങ്ങൾ അരങ്ങേറുന്നത്. കുടിയേറ്റങ്ങളുടെ ഫലമായി ജൂതന്മാർ പല രാജ്യങ്ങളിലായി ചിതറികിടന്നിരുന്നതുകൊണ്ടുതന്നെ ഒരേസമയം ബ്രിട്ടീഷ് സൈന്യത്തിലും ജർമ്മൻ സൈന്യത്തിലും ജൂതരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അത് പലപ്പോഴായി ശക്തിപ്പെട്ടിരുന്ന Anti-Semetic ചിന്തകൾക്ക് മറ്റൊരു കാരണംകൂടി സമ്മാനിച്ചു – ജർമ്മൻ ജൂതന്മാർ ബ്രിട്ടീഷ് ചാരന്മാരാണ് എന്നൊരു നരേറ്റീവ് കൂടി അന്തരീക്ഷത്തിൽ ഒഴുകിനടന്നു. ബ്രിട്ടീഷുകാർ Zionist നേതാക്കളുമായി ഒപ്പുവച്ച Balfour Declaration (പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ് പിന്തുണ വാക്ദാനം നൽകുന്ന കരാർ) അത്തരം സംശയങ്ങളുടെ ആക്കം കൂട്ടി.

അക്കാലത്ത് പ്രധാനമായും മൂന്ന് വിഭാഗം ജൂതർ ആണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് Orthodox ചിന്ത പുലർത്തിയിരുന്നവർ. അവർ അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ കുടിയേറിയവർക്കിടയിൽ തങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നവരായിരുന്നു. രണ്ടാമത്തേത് Socialist ചിന്താഗതിക്കാർ. റഷ്യയായിരുന്നു അവരുടെ വിഹാരരംഗം. Trotsky യെപ്പോലുള്ള ജൂതർ മറ്റ്‌ സോഷ്യലിസ്റ്റുകൾക്കൊപ്പം 1917 ൽ റഷ്യൻ വിപ്ലവം നയിച്ച് അധികാരം പിടിച്ചെടുത്തതോടെ റഷ്യയിൽ ജൂതർക്ക് ഒരു മേൽക്കൈ ലഭിച്ചു. മൂന്നാമത്തെ വിഭാഗം ആയിരുന്നു Zionist. മറ്റ്‌ രണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വംശീയ പീഡനങ്ങൾക്ക് വിധേയരായ ജൂതരായിരുന്നു ജൂതരാഷ്ട്രത്തിനായി വാദിച്ച Zionist കൾ.

ഒന്നാം ലോകമഹായുദ്ധം ഏത് വിധേനയും ജയിക്കണം എന്ന് ഉറപ്പിച്ച ബ്രിട്ടൺ അതിനായി ഒരേ സമയം ഫ്രാൻസുമായും, അറബികളുമായും, Zionist കളുമായും വിവിധ കാരറുകളിലേർപ്പെട്ടു. ജൂതർക്ക് ജെറുസലേം ആസ്ഥാനമാക്കി പലസ്തീനിൽ ജൂതരാജ്യം, Ottoman സാമ്രാജ്യത്തിനെതിരെ തങ്ങൾക്കൊപ്പം നിന്ന് പോരാടുന്ന അറബികൾക്ക് Ottoman സാമ്രാജ്യത്തിന്റെ ഭാഗമായ സ്ഥലങ്ങളിൽ പരമാധികാരം, ഒപ്പം ഫ്രാൻസിന് തുർക്കി സിറിയ പോലുള്ള ഇടങ്ങളിൽ പരമാധികാരം നൽകുന്ന Sykes-Picot Agreement എന്നീ കരാറുകൾ ബ്രിട്ടൺ ഒപ്പുവച്ചു.

ശേഷം 1917 ഡിസംബർ 9 ന് ബ്രിട്ടീഷ് ആർമി ജെറുസലേം പിടിച്ചടക്കി. ഒടുവിൽ ഒന്നാം ലോകമഹായുദ്ധത്തിന് പിന്നാലെ ലോക ഗവണ്മെന്റ് എന്ന ആശയത്തിലൂന്നിയ League of Nations എന്ന സംഘടന നിലവിൽ വന്നു. ലോകസമാധാനം ലക്ഷ്യമിട്ട് രൂപീകൃതമായ ഈ സംഘടനയ്ക്ക് മുന്നിൽ യുദ്ധജേതാക്കളായ ബ്രിട്ടണും ഫ്രാൻസും എല്ലാം ചേർന്ന് British Mandate എന്ന പേരിൽ ഒരു കരാർ സമർപ്പിച്ച് പാസാക്കിയെടുത്തു. പലസ്തീനും ട്രാൻസ് ജോർദാനും അടങ്ങിയ പ്രദേശത്ത് ഭരണം നടത്താനുള്ള അധികാരം ബ്രിട്ടീഷുകാർക്ക് നൽക്കുന്ന ഒരു കാരാറായിരുന്നു അത്. Chaim Weizmann നെപോലുള്ള Zionist നേതാക്കൾക്ക് സന്തോഷം പകരുന്ന ഒരു നീക്കമായിരുന്നു അത്. British Mandate പ്രകാരം പലസ്തീനിലെ ആദ്യത്തെ High Commissioner ആയി നിയമിക്കപ്പെട്ട, ഒരു ജൂതൻകൂടിയായ Herbert Samuel, Chiam Weizmann ന്റെ ആശയങ്ങളുടെയും സർവോപരി Zionism ത്തിന്റെയും ഒരു വലിയ അനുഭാവിയായിരുന്നു. അങ്ങനെ പലസ്തീനിലേക്കുള്ള ജൂതരുടെ കുടിയേറ്റത്തിന്റെ അടുത്തഘട്ടം ആരംഭിക്കുകയായിരുന്നു.

High Commissioner ആയി അധികാരമേറ്റശേഷം Herbert Samuel ആദ്യം ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് Hebrew ഭാഷയെ പലസ്തീനിലെ മൂന്ന് ഔദ്യോഗിക ഭാഷകളിൽ ഒന്നാക്കി മാറ്റുക എന്നതാണ് (ഇംഗ്ലീഷ്, അറബി എന്നതായിരുന്നു മറ്റ്‌ രണ്ട് ഭാഷകൾ). ജൂതർക്ക് കിട്ടിയ ഒരു അംഗീകാരവും ഒപ്പം അവരുടെ കോടിയേറ്റങ്ങൾക്ക് കിട്ടിയ ഒരു വലിയ പ്രോത്സാഹനവും ആയിരുന്നു ഈ നീക്കം. ഇത് അവിടുത്തെ അറബ് ജനതയ്ക്കിടയിൽ സ്വാഭാവികമായും ചില മുറുമുറുപ്പുകൾക്ക് ഇടയാക്കി. യുദ്ധസമയത്ത് ബ്രിട്ടീഷുകാർ അറബികൾക്കും ചില വാക്ദാനങ്ങൾ നൽകിയിരുന്നു. ജെറുസലേമിലെ Al-Aqsa പള്ളിയും മറ്റും അടങ്ങിയ പരിസരത്തെ ഭരണാധികാരം അറബികൾക്ക് നൽകാം എന്ന വാക്ദാനം. അതേസമയം Al-Aqsa പള്ളിയുടെ പരിസരത്തെ മതിലുകളിലൊന്നായിരുന്നു ജൂതന്മാർ വിശുദ്ധമായി കരുതിയിരുന്ന ‘വിലാപത്തിന്റെ മതിൽ’ എന്നറിയപ്പെട്ടിരുന്ന Western Wall (ചരിത്രപ്രധാനമായ Solomon’s Temple ന്റെ പിന്നീട് നടന്ന രണ്ടാം പുനരുദ്ധാരണത്തിന്റെ അവശിഷ്ടമായിരുന്നു വിലാപത്തിന്റെ മതിൽ). ഒരേ സ്ഥലം രണ്ട് മതകാർക്ക് വീതിച്ചുകൊടുക്കാനുള്ള ബ്രിട്ടീഷ് നീക്കം കൈവിട്ട ഒരു കളിയായിരുന്നു. അതേസമയം 1921 ൽ Al-Aqsa അടക്കമുള്ള ജെറുസലേമിലെ മതപരമായ കാര്യങ്ങളുടെ നേതൃസ്ഥാനമായ Grand Mufti of Jerusalem എന്ന പദവിയിലേക്ക് Herbert Samuel നിയമിച്ചതാവട്ടെ Mohammed Amin al-Husseini എന്ന, തികഞ്ഞ Zionist വിരോധിയായ ഒരു വ്യക്തിയെയും. മതംകൊണ്ടുള്ള ബ്രിട്ടന്റെ ഈ തീക്കളിക്ക് നിരപരാധികളായ ഒരുപാട് ജൂതന്മാരും പലസ്തീനികളും ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരും എന്ന് അറിഞ്ഞിട്ടും പലരും അത് അറിയാത്തതായി ഭാവിച്ചു എന്നതായിരുന്നു ചരിത്രത്തിലെ വലിയ ക്രൂരതകളിൽ ഒന്ന്.

ഈ കാലഘട്ടത്തിലെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സമ്മതത്തോടെത്തന്നെ പലസ്തീനിലേക്ക് Zionist അനുഭാവികളായ ജൂതരുടെ കുടിയേറ്റം നടക്കുന്നുണ്ടായിരുന്നു. അതേസമയം ജൂതകുടിയേറ്റത്തിനെതിരെ ഒറ്റപ്പെട്ട രീതിയിൽ അറബികളുടെ കലാപങ്ങളും നടന്നിരുന്നു. അവയെല്ലാം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ എന്ന രീതിയിൽ അതാത് സമയങ്ങളിൽ ബ്രിട്ടീഷ് പട്ടാളം അടിച്ചമർത്തിക്കൊണ്ടിരുന്നു.

അക്കാലയളവിൽ തന്നെ പലസ്തീനിലെ അറബ് കർഷകരിൽ നിന്നും വിവിധയിടങ്ങളിയായി ഭൂമിവാങ്ങിക്കൂട്ടിയ ജൂത കുടിയേറ്റക്കാർ മെല്ലെ അവിടെ കൃഷിയും മറ്റും ആരംഭിച്ചുതുടങ്ങിയിരുന്നു. പടിപടിയായി തങ്ങളുടെ സ്വപ്നരാഷ്ട്രത്തിന്റെ വിത്തുപാകുകയായിരുന്നു അവർ. തങ്ങളുടെ ഭൂമി കൈവിട്ടുപോകുകായാണെന്ന് മനസ്സിലാക്കിയ ഒരു വിഭാഗം അറബികൾ ഈ കൃഷിക്കാരായ കുടിയേറ്റക്കരെ ആക്രമിച്ചികൊണ്ടിരുന്നു. തങ്ങളുടെ ഭൂമിയിൽ പിടിച്ചിനിൽക്കുക എന്നത് ജൂതരുടെയും നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. മറ്റുള്ളയിടങ്ങളിലെ പീഡനങ്ങൾ സഹിക്കവയ്യാതെ തങ്ങളുടെ അവസാന ആശ്രയം എന്ന് കരുതി കുടിയേറിയവരായിരുന്നു ഭൂരിഭാഗം ജൂതന്മാരും. അതിനാൽത്തന്നെ തങ്ങളുടെ സംരക്ഷണത്തിനായി കൂട്ടത്തിലുണ്ടായിരുന്ന, മുൻപ് ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനിക പരിചയമുള്ളവരെ ചേർത്ത് അവരൊരു ചെറിയ സൈന്യത്തിന് രൂപം കൊടുത്തു. അതായിരുന്നു Haganah. പിന്നീട് വരാനിരുന്ന പല കലാപങ്ങളിലും യുദ്ധങ്ങളിലുമെല്ലാം ജൂതരുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച പോരാളികളുടെ, പലപ്പോഴും Extremist എന്നുപോലും വിളിക്കാമായിരുന്ന, സംഘം. പലപ്പോഴായി നടന്ന അറബ് – ജൂത പോരാട്ടങ്ങളിൽ ബ്രിട്ടീഷ് പട്ടാളവും Samuel Herbert ഉം ഒന്നുകിൽ ജൂതരോടൊപ്പം അറബ് കലാപങ്ങൾ അടിച്ചമർത്തുകയോ അല്ലെങ്കിൽ Haganah ക്ക് അനുകൂലമായ രീതിയിൽ തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയോ ചെയ്തുപോന്നു.

1924 നും 1929 നും ഇടയിൽ Anti-Semetic പീഡനങ്ങൾ മൂലം സഹികെട്ട് യൂറോപ്പിൽ നിന്നും, പ്രത്യേകിച്ച് പോളണ്ടിൽ നിന്നുമെല്ലാം ഏകദേശം 82,000 ത്തോളം ജൂതർ പലസ്തീനിലേക്ക് കുടിയേറി.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെകിലും പരസ്പരം ശത്രുതയില്ലാത്ത ജൂത കുടിയേറ്റക്കരെ അംഗീകരിച്ചിരുന്ന അറബികളും അറബികളുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന ധാരാളം ജൂതരും പലസ്തീനിൽ ഉണ്ടായിരുന്നു.

പക്ഷെ വരുംകാലങ്ങളിൽ Germany യിൽ നടന്ന പല സംഭവങ്ങളും ലോകചരിത്രത്തിന്റെ താളംതെറ്റിക്കാനും, വഴിതിരിക്കാനും, എല്ലാത്തിലുമുപരി അതിജീവനത്തിന് വേണ്ടി രണ്ട് വിഭാഗം ജനങ്ങൾ രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് വഴിതെളിക്കുന്നതുമായിരുന്നു. പലസ്തീന്റെ വരുംകാലമാകട്ടെ മെല്ലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തീതുപ്പി പൊട്ടിത്തെറിക്കാനായി ഒരു അവസരവും കാത്തുനിൽക്കുകയായിരുന്നു – നായകനും വില്ലനും ഇല്ലാത്ത, ജയിക്കുന്നവനും തോൽക്കുന്നവനും ഇല്ലാത്ത, അതിജീവിക്കുന്നവർ മാത്രമുള്ള പോരാട്ടങ്ങളുടെ തുടക്കത്തിനായി…

References:
Al-Nakba (Al-Jazeera Documentary)
British Mandate : https://en.wikipedia.org/wiki/Mandate_for_Palestine
Faith and Fate – Roaring Twenties – 1920-1929 (Documentary)
Herbert Samuel : https://en.m.wikipedia.org/wiki/Herbert_Samuel,_1st_Viscount_Samuel


Leave a Reply

Your email address will not be published. Required fields are marked *