എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു


‘ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ ഇടത്/വലത് രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് ‘രക്തസാക്ഷി’. ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതും താലോലിക്കപ്പെടാന്‍ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം. ‘രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നുള്ളത് ഇന്നുയര്‍ന്ന് കേള്‍ക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളില്‍ ഒന്ന് കൂടിയാണ്.’- കെ എ നസീര്‍ എഴുതുന്നു
പ്രാകൃതമായ രക്തസാക്ഷിത്വം!

കൊടി ഏതുമാകട്ടെ, മതം ഏതുമാകട്ടെ, ഏതൊരു വ്യക്തി കൊല്ലപ്പെട്ടു എന്ന് കേള്‍ക്കുമ്പോഴും വേദനയും അസ്വസ്ഥതയും ഒരുപോലെ അനുഭവപ്പെടുന്ന ഒരാളാണ് ഞാന്‍. അപരന്റെ ജീവനെടുക്കുന്നതിനോളം നീചമായൊരു പാപവും ഈ ഭൂമിയിലില്ല എന്നതാണെന്റെ ബോധ്യം. ‘സ്വന്ത’ക്കാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം കണ്ണീര്‍ ഗ്രന്ഥികള്‍ സക്രിയമാവുകയും പേനത്തലപ്പില്‍ വിലാപഗീതം തുടിക്കുകയും അപരര്‍ കൊല്ലപ്പെടുമ്പോള്‍ കക്ഷത്തെ കണക്ക് പുസ്തകം തുറന്ന് ചോരക്കണക്കുകള്‍ നിരത്തി സ്‌കോര്‍ബോര്‍ഡ് കൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മനുഷ്യരോടും ആശയങ്ങളോടും അറപ്പാണ്, വെറുപ്പാണ് അത് മാറ്റമില്ലാത്ത നിലപാടാണ്.

ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ ഇടത്/വലത് രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് ‘രക്തസാക്ഷി’ ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതും താലോലിക്കപ്പെടാന്‍ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം ഇന്ന് നാം ജീവിക്കുന്ന കാലത്തിലെ അവസ്ഥകളും മത-രാഷ്ട്രീയ സംഘങ്ങളുടെ പ്രവര്‍ത്തനപഥങ്ങളും വെച്ച് നോക്കുമ്പോള്‍ രക്തസാക്ഷി എന്ന വാക്കിനര്‍ത്ഥം ഏറ്റവും ക്രൂരമായി വഞ്ചിക്കപ്പെട്ടവന്‍ എന്ന് കൂടിയാണ്. ‘രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നുള്ളത് ഇന്നുയര്‍ന്ന് കേള്‍ക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളില്‍ ഒന്ന് കൂടിയാണ്.

മറ്റു പലവിധ കാരണങ്ങളാല്‍ കൊല്ലപ്പെടുന്നവരെ വരെ (അത് നിസാരമായ ഒന്നാണ് എന്ന അര്‍ത്ഥത്തിലല്ല) ഉള്‍പ്പെടുത്തി രക്തസാക്ഷി പട്ടിക വിപുലീകരിച്ച് രക്തസാക്ഷികള്‍ക്ക് വേണ്ടി ആക്രാന്തം കാണിക്കുന്നത് എത്ര നീചമായ മാനസികാവസ്ഥയാണ് കൊന്നവന്റേയും കൊല്ലപ്പെട്ടവന്റേയും പാര്‍ട്ടിക്കാരും മതക്കാരും തൊട്ടടുത്ത ദിവസം മുതല്‍ സാധാരണ ജീവിതം തുടരുമ്പോഴും മരണം വരെയും ഒരസാധാരണ നീറ്റലും പുകച്ചിലുമായി, ഉറക്കത്തില്‍ പോലും സ്വസ്ഥത തരാത്ത മുറിവുകളുമായി തുടരുന്നത് മാതാപിതാക്കളും മക്കളും ഭാര്യയും ഒക്കെയാണ് ക്രൂരമായി കൊലചെയ്യപ്പെട്ട പിതാവിന്, മകന്, പ്രിയതമന് വാവിട്ട് നിലവിളിച്ച് അന്ത്യചുംബനം നല്‍കുന്ന മനുഷ്യരുടെ ദൈന്യതയോളം മനസ്സ് മരവിക്കുന്ന മറ്റെന്ത് കാഴ്ചയാണുള്ളത്… അവരുടെ വേദനകളുടെ ആഴത്തിനും പരപ്പിനും കണ്ണീരിന്റെ പുളിപ്പിനും പകരം വെയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല എന്നാണ് എന്റെ രാഷ്ട്രീയ ബോധ്യം.

ചാനലില്‍ കയറിയിരുന്ന് കൊന്നവനെ ന്യായീകരിച്ച് പ്രസംഗിക്കുന്നതും കൊല്ലപ്പെട്ടവരുടെ നാമത്തിലുള്ള സ്മാരകങ്ങളും സ്തൂപങ്ങളും പ്രാദേശിക ഹര്‍ത്താലുകളും പണപ്പിരിവുകളുമൊക്കെ വര്‍ദ്ധിച്ച് വരുന്നതും നമ്മുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റേയും നിലവാരമില്ലായ്മയുടേയും മാത്രം ലക്ഷണങ്ങളാണ്. ഇങ്ങനെയൊക്കെ പറയുമ്പോള്‍, ‘നിനക്ക് ചരിത്രം അറിയാമോടാ, ഇന്നലെ ഇവിടെ എങ്ങനെയൊക്കെയായിരുന്നു എന്ന് നിനക്കറിയാമോടാ’ എന്നൊക്കെ ട്യൂഷന്‍ ക്ലാസെടുക്കാന്‍ വരുന്നവരോട് ഇത്രമാത്രമേ പറയാനുള്ളൂ; ചരിത്രം നിങ്ങളുടെ തോന്ന്യാസങ്ങള്‍ക്കും ചോരക്കളികള്‍ക്കുമുള്ള സാധൂകരണങ്ങളല്ല. ഇന്നലെകളില്‍ അങ്ങനെയൊക്കെയായിരുന്നു എന്നുള്ളത് ഇന്ന് ഇങ്ങനെയൊക്കെയാവാം എന്നതിനുള്ള സമ്മതപത്രങ്ങളല്ല. ഇന്നലെ അങ്ങനെയൊക്കെയായിരുന്നുവെങ്കില്‍ ഇന്നും നാളെയും അങ്ങനെയായിക്കൂടാ എന്ന വകതിരിവിന്റെ പേരുകൂടിയാണ് രാഷ്ട്രീയം.

ഇങ്ങനെയൊക്കെ പറയുന്നത് അരാഷ്ട്രീയവാദി ആയത്‌ കൊണ്ടാണ് എന്നാണെങ്കില്‍ ജീവിച്ചിരിക്കുന്ന കാലമത്രയും അരാഷ്ട്രീയവാദിയായി തുടരാനാണ് താത്പര്യം. മനുഷ്യന്റെ ജീവന് വില കല്‍പിക്കുന്നതിനേക്കാള്‍ വലിയ മറ്റൊരു ‘രാഷ്ട്രീയ ബോധ’വും ഈ ലോകത്തിലില്ല എന്നതാണെന്റെ രാഷ്ട്രീയ ബോധ്യം.


Leave a Reply

Your email address will not be published. Required fields are marked *