മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു


കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.- സി എസ് സുരാജ് 
എന്താണ്  UAPA?

രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു കൂടി 1967 ഡിസംബർ 30 തിന് ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്  UAPA (The Unlawful Activities Prevention Act, 1967).

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെയാണിവിടെ, രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.

അതായത്, 2019 മുതൽ ഈ നിയമ പ്രകാരം ഗവണ്മെന്റിന്, സംഘടനകളെ മാത്രമല്ല വ്യക്തികളെ കൂടി രാജ്യത്തിനെതിരായ പ്രവർത്തനങ്ങൾ നടത്തുന്നവരായി, അതായത് ഭീകരവാദികളായി പ്രഖ്യാപിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് സാരം!

ഭരണഘടന പൗരന്മാർക്കുറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ തകർക്കുന്ന ഒന്നാണ് UAPA. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു നിയമം ഇന്ത്യൻ ഭരണഘടനയെ മറികടന്നു കൊണ്ട് നടപ്പിലാക്കുകയെന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല.

UAPA പോലൊരു നിയമം നിലവിൽ വരുന്നതിന് പ്രധാനമായും വെല്ലുവിളിയുയർത്തിയിരുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കൾ 19 ആയിരുന്നു. 1963 ലെ പതിനാറാം ഭരണഘടന ഭേദഗതി (SIXTEENTH AMENDMENT ACT, 1963) പ്രകാരം ആർട്ടിക്കൾ 19-ൽ ചില ഭേദഗതികൾ വരുത്തി കൊണ്ട്, UAPA പോലുള്ള നിയമങ്ങൾ കൊണ്ടു വരുന്നതിൽ വിലങ്ങു തടിയായി നിന്നിരുന്ന ആർട്ടിക്കൾ 19-നെ നിശബ്ദമാക്കുകയാണുണ്ടായത്.

ഇതേ ഭരണഘടന ഭേദഗതിയിലൂടെ, വിവിധ ഓഫീഷ്യൽസിന്റെ സത്യപ്രതിജ്ഞയെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഷെഡ്യൂൾ മൂന്നിലും, പാർലിമെന്റ് അംഗങ്ങളുടെ യോഗ്യത പ്രതിപാദിക്കുന്ന ആർട്ടിക്കൾ 84 ലും, നിയമസഭാംഗങ്ങളുടെ യോഗ്യത പ്രതിപാദിക്കുന്ന ആർട്ടിക്കൾ 173 ലും ഭേദഗതികൾ നടത്തുകയുണ്ടായി. ഇവിടെയെല്ലാം, അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) എന്ന രണ്ട് വാക്കുകൾ കൂടി ചേർക്കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്.

ചുരുക്കി പറഞ്ഞാൽ, 1963 ൽ നടത്തിയ ഈ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മുൻനിർത്തി പൗരന്മാരുടെ സ്വാതന്ത്ര്യത്തിലുൾപ്പടെ ആവശ്യമായ നിയന്ത്രണങ്ങൾ നടത്താൻ സ്റ്റേറ്റിന് അവകാശം നൽകി. ഈ അവകാശത്തിലൂടെയാണ്‌ 1967 ൽ UAPA നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്. ദേശീയോദ്‌ഗ്രഥനത്തെ (National Integration) പറ്റി പഠിക്കാനായി ദേശീയോദ്‌ഗ്രഥന കൗൺസിൽ (National Integration Council) നിയമിച്ച കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു 1963 ലെ ഈ ഭരണഘടനാ ഭേദഗതി.

സ്വാതന്ത്രാനന്തര ഇന്ത്യയിൽ, വിവിധ കാലങ്ങളിൽ UAPA ക്ക് സമാനമായ വിവിധ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1987 ൽ നിലവിൽ വന്ന TADA (Terrorist and Disruptive Activities Prevention Act), അതിനു ശേഷം 2002 ൽ നിലവിൽ വന്ന POTA (Prevention of Terrorism Act) എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2015 ൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്നും 2019 ആയപ്പോഴേക്കും 72% വർദ്ധനവാണുണ്ടായിട്ടുള്ളത്. 2019-ൽ മാത്രം 1226 UAPA കേസുകളിലായി 1948 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 498 അറസ്റ്റുകൾ!

സാധാരണ കേസുകളിലെ അറസ്റ്റുകളിൽ നിന്നും വിഭിന്നമാണ്  UAPA പ്രകാരമുള്ള അറസ്റ്റുകൾ. ഇതെപ്രകാരമാണെന്ന് മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം അറസ്റ്റുകളുടെ ഭീകരത നമുക്ക് മനസ്സിലാവുകയുള്ളൂ. UAPA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവശ്യത്തിനനുസരിച്ച്, ആവശ്യക്കാരന് ആരുടെ മുകളിലും പ്രയോഗിക്കാനാവും. കാരണം, അത്രത്തോളം വ്യക്തതയില്ലാത്തതും, വിശാലമായതും, അതിരുകളില്ലാത്തതുമായ കുറ്റകൃത്യങ്ങളും UAPA യിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൻ പ്രകാരം ആരെയും ഒരു ഗവണ്മെന്റിന് കുറ്റക്കാരനായി പ്രഖ്യാപിക്കാൻ കഴിയും.

മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.

സ്വാതന്ത്ര്യത്തിനുള്ള അവകാശവും, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണവും (Art. 19 & 21) നിഷേധിക്കുന്ന ഒന്നാണ്  UAPA. ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്! കോടതിയുടെ മുന്നിലിത്തരം കേസുകളെത്തുമ്പോൾ കുറ്റക്കാരെല്ലെന്ന് കണ്ട് കോടതിയിവരെയെല്ലാം മോചിപ്പിക്കുകയാണ്‌ പതിവ്. സർക്കാർ കണക്കുകൾ കാണിക്കുന്നത്, UAPA പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വെറും 2.2% കേസുകൾ മാത്രമാണ് കോടതി ശരി വെച്ചിട്ടുള്ളതെന്നാണ്. UAPA നിയമം അത്രത്തോളം ദുരുപയോഗപ്പെടുന്നുണ്ടെന്ന് സാരം!

സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് ഇന്ത്യയിലിന്ന് നിലവിലുള്ള UAPA എന്ന മനുഷ്യത്വ വിരുദ്ധ നിയമം. മികച്ചൊരു ഭരണഘടന പോലും മോശപ്പെട്ടയാളുകളുടെ കയ്യിൽ കിട്ടിയാൽ അത് അനാരോഗ്യപരമായ ഒന്നായി മാറുമെന്ന വസ്തുത മുന്നിലുള്ളപ്പോൾ, ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കയ്യിൽ UAPA പോലൊരു നിയമം കിട്ടിയാൽ എന്താണുണ്ടാവുകയെന്ന് നമ്മുക്കൂഹിക്കാവുന്നതേയുള്ളൂ!

UAPA ചുമത്തപ്പെട്ടയാൾക്ക് നീതി ലഭിക്കാനുള്ള സാധ്യതയെല്ലാം തന്നെയുണ്ട്. പക്ഷേ, അതെന്ന്?! എന്ന ചോദ്യമവിടെ അവശേഷിക്കും. കസ്റ്റഡി സമയവും, വിചാരണ സമയവുമെല്ലാം നീട്ടി നീട്ടി ഒരാളെ, അയാൾ കുറ്റക്കാരനാണെങ്കിലുമല്ലെങ്കിലും നരകയാതന അനുഭവിപ്പിക്കാൻ UAPA യിലൂടെ ഒരു സ്റ്റേറ്റിന് കഴിയും. ഇതിനെല്ലാമൊടുവിൽ അയാൾ മോചിതനായെന്നും വരാം. അതിനെയാരെങ്കിലും നീതിയെന്ന് വിളിച്ചാൽ, ആ നീതി അനീതിയാണെന്ന് പറയാൻ നമ്മളിനിയും മടിക്കരുത്!


Leave a Reply

Your email address will not be published. Required fields are marked *