കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍.- രവിചന്ദ്രൻ സി. |
സൗജന്യവാക്‌സിന്‍
വാക്‌സിന്‍ വിരുദ്ധര്‍ തന്നെ വാക്‌സിന്‍ സൗജന്യമായി കൊടുക്കണം എന്നു പറയുന്നത് അന്യായ അന്യന്‍ മോഡലാണ്. വാക്‌സിനേഷന്‍ എന്നത് ഒരു ഒറ്റത്തവണ ഏര്‍പ്പാടല്ല. It is not a one time settlement. അടിയന്തരസാഹചര്യം എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പണംകൊടുത്ത് വാങ്ങി എല്ലാവര്‍ക്കും സൗജന്യമായി കൊടുക്കണം എന്ന വാദത്തില്‍ യുക്തിയുണ്ട്. തല്‍ക്കാലം അതുകൊണ്ട് കുഴപ്പമൊന്നുമില്ല. പൊതുജനാരോഗ്യരംഗത്ത് സര്‍ക്കാര്‍ നികുതിപ്പണം ചെലവിട്ടു എന്ന് കാണാം. പൊതു അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ നല്ലൊരു Enforcing Agency ആണ്.
എന്നാല്‍ മുന്‍കരുതലായി നടത്തുന്ന വാക്‌സിനേഷനും പകര്‍ച്ചവ്യാധിക്കാലത്തെ വാക്‌സിനേഷനും തമ്മില്‍ വ്യത്യാസമുണ്ട്. ഇവിടെ ഏറെ കാത്തിരിക്കാന്‍ സാധ്യമല്ല. വെടിയും തീയുംപോലെ കാര്യം നടക്കണം! എല്ലാവര്‍ക്കും സൗജന്യം എന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പിന്തുടരാവുന്ന രീതിയല്ല. അതിഥിയെ എത്ര ദിവസം നിങ്ങള്‍ വീട്ടില്‍ താമസിപ്പിക്കും? എത്ര തവണ? എത്ര കാലം? പകര്‍ച്ചവ്യാധികള്‍ സ്വിച്ചിട്ടാല്‍ അപ്രത്യക്ഷമാകുന്ന രോഗങ്ങളല്ല. തുടര്‍ച്ചകളും തരംഗങ്ങളും പ്രകമ്പനങ്ങളും വന്നേക്കാം. രോഗകാരികള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്യുമ്പോള്‍ ഒരു കിനാവ് കണ്ടാല്‍ നേരംവെളുക്കില്ല. എയിഡ്‌സിനും എബോളയ്ക്കും എതിരെ മനുഷ്യന്‍ ഇന്നും പൊരുതുകയാണെന്നോര്‍ക്കുക.
കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. വാക്‌സിന്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ സൗജന്യം കിട്ടിയില്ലെങ്കില്‍ വാങ്ങാന്‍ മടിച്ചേക്കും എന്ന വാദം പ്രസരിക്കുന്നുണ്ട്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍. ഉദാ- റേഷന്‍കട സാധനങ്ങള്‍, സൗജന്യ ചികിത്സ. അത്തരം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവാരം കുറവായിരിക്കും എന്ന മുന്‍വിധി അപൂര്‍വമല്ല. പലര്‍ക്കും ക്യു നിന്ന് ബദ്ധപെട്ട് സേവനം നേടാന്‍ താല്പര്യമുണ്ടാവില്ല. കീമോഫോബിയ ചൂണ്ടിക്കാട്ടി കിലോയ്ക്ക് 40 രൂപയ്ക്ക് കിട്ടുന്ന അരി ഉപേക്ഷിച്ച് 200 രൂപയുടെ ജൈവ അരി വാങ്ങുന്ന ടീമുകള്‍ പൂത്തുലയുന്ന കാലമാണ്. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കമൂത്ത് രാജ്യത്തിന് വിമാനം പിടിച്ച് പുറത്ത് പോയി വാക്‌സിനേഷന് വിധേയരാകുന്ന ഇന്ത്യക്കാരെ കുറിച്ചും കേട്ടിരുന്നു. ഇവരൊന്നും സൗജന്യ വാക്‌സിന്‍ ആഗ്രഹിക്കുന്നവരല്ല. സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക. വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല.
സമൂഹത്തില്‍ പലതലത്തിലുള്ള ആളുകള്‍ ഉണ്ടെന്നിരിക്കെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ കൊടുത്തേ തീരൂ എന്ന ‘സോഷ്യലിസ്റ്റ് വിഭ്രാന്തി’ സഹായകരമല്ല. അത് വാക്‌സിനേഷന്‍ സമയത്ത് ലഭ്യമാക്കുന്ന കാര്യത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. സൗജന്യം എന്ന ആശയം തന്നെ് അടിസ്ഥാനപരമായി ഒരു തൊഴിലാളി വിരുദ്ധ മതാത്മക നിലപാടാണ്. തൊഴിലെടുക്കുന്നവന് കൂലിയും മുതല്‍ മുടക്കുന്നവന് പ്രതിഫലവും ലഭിക്കണമെങ്കില്‍ ഉത്പന്നത്തിന് മാര്‍ക്കറ്റ് ഉണ്ടാകണം, വിലകൊടുത്തുവാങ്ങാന്‍ ആളുണ്ടാകണം. നിസ്വരുടെ കാര്യം ഒഴിച്ചുനിറുത്തിയാല്‍ അദ്ധ്വാനത്തെയും പ്രതിഭയേയും അവമതിക്കുന്നവര്‍ മാത്രമേ സൗജന്യത്തിന് കൈ നീട്ടൂ. സൗജന്യമായി കൊടുക്കണമെങ്കിലും ആരെങ്കിലും വിലകൊടുത്ത് വാങ്ങിയേ മതിയാകൂ. അല്ലെങ്കില്‍ ബൗദ്ധികസ്വത്ത്-ഗവേഷണം-പരീക്ഷണം-നിര്‍മ്മാണം-വിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ വേതനം ലഭിക്കില്ല, അവരുടെ ജീവിതം വഴിമുട്ടും. കൈനീട്ടവും സക്കാത്തും വഴി പുരോഗതി അസാധ്യമാണ്.
സൗജന്യമായാല്‍ വാക്‌സിന്‍ വിരുദ്ധര്‍ കുത്തിവെപ്പ് എടുക്കാന്‍ തയ്യാറാകുമോ? ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കുന്നവരാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ വാക്‌സിന്‍ വിരുദ്ധത അത്തരമൊരു സംഗതിയല്ല. അജ്ഞത, മുന്‍വിധി, മതാത്മകത, അന്ധവിശ്വാസങ്ങള്‍, തെളിവിനോടുള്ള അലര്‍ജി തുടങ്ങിയ നിരവധി ലക്ഷണമൊത്തെ റിഗ്രസീവ് മൂലകങ്ങള്‍ ചേര്‍ന്നാണ് വാക്‌സിന്‍വിരുദ്ധതയുടെ സംയുക്തം ഉണ്ടാകുന്നത്. അത് ദാരിദ്ര്യവുമായി ബന്ധപെട്ട കാര്യമല്ല. It is not a function of poverty or poor purchasing power. സൗജന്യമാണ് എന്നതുകൊണ്ട് എതിര്‍പ്പും ഭയവുമുള്ള ഒന്ന് മനുഷ്യന്‍ സ്വീകരിക്കില്ല. മനുഷ്യ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് അങ്ങനെയല്ല. ദാരിദ്രവും കുറഞ്ഞ വാങ്ങല്‍ശേഷിയുമാണ് കാരണമെങ്കില്‍ മാത്രമേ സൗജന്യങ്ങള്‍ക്ക് ധനാത്മകമൂല്യം (positive impact) ഉണ്ടാകൂ.
അശാസ്ത്രീയ മനോഭാവവും മതബോധവും തെറ്റിദ്ധാരണയുമാണ് കാരണമെങ്കില്‍ സൗജന്യ പ്രഖ്യാപനങ്ങള്‍ എന്തോ അടിച്ചേല്‍പ്പിക്കുന്നു എന്ന ധാരണപോലും സൃഷ്ടിച്ചേക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ പലയിടത്തും വാക്‌സിനേഷന്‍ കാംപെയിനുകള്‍ നിശബ്ദമായി ബഹിഷ്‌കരിക്കപെട്ടത് ലഭ്യതയില്ലായ്മയോ ദാരിദ്ര്യമോ മൂലമോ ആയിരുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ദൃശ്യമാകുന്ന വാക്‌സിന്‍ വിരുദ്ധതയും ദാരിദ്ര്യംമൂലമല്ല. സൗജന്യംകൊടുത്താലും കുത്തിവെപ്പ് എടുക്കണോ എന്ന് വ്യക്തികളാണ് തീരുമാനിക്കേണ്ടത്. ഒരാള്‍ വിചാരിച്ചാല്‍ കുതിരയെ വെള്ളത്തിലേക്ക് കൊണ്ടിറക്കാം, ഇരുപത് പേര്‍ വിചാരിച്ചാലും അതിനെകൊണ്ട് കുടിപ്പിക്കാനാവില്ല. ബലപ്രയോഗം കുതിരയുടെ ശ്വാസംമുട്ടിയുള്ള മരണത്തിലാകും കലാശിക്കുക. നിതാന്തമായ ബോധവത്കരണമാണ് ഇക്കാര്യത്തില്‍ കരണീയമായിട്ടുള്ള കാര്യം. ഭീതിവ്യാപാരത്തിന്റെ പത്തിക്ക് തല്ലിക്കൊണ്ടേയിരിക്കണം. പേടിപ്പിച്ചിട്ട് പോകുന്നവന് പേടിയുണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കപെടണം.
വാക്‌സിന്‍ വാങ്ങാന്‍ പൊതുപിരിവും ഫണ്ട് റെയിസിംഗും ചാരിറ്റിയുമൊക്കെ നടത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം വാക്‌സിന്‍ സൗജന്യമായി കൊടുക്കുകയെന്നത് സര്‍ക്കാരിനും എളുപ്പമല്ല എന്നതാണ്. ചാരിറ്റിപ്പണമായാലും നികുതിപ്പണമായാലും പണം കണ്ടെത്തിയേ മതിയാകൂ. ചാരിറ്റി നടത്തുന്നത് വാക്‌സിനുവേണ്ടി പണം മുടക്കാന്‍ തയ്യാറുളളവരാണ്. എല്ലാവര്‍ക്കും കൃത്യസമയത്ത് ബുദ്ധിമുട്ടില്ലാതെ മെച്ചപെട്ട വാക്‌സിനുകള്‍ ലഭ്യമാക്കുക, ബന്ധപെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നു എന്നുറപ്പ് വരുത്തുക, വാങ്ങാന്‍ ശേഷിയില്ലാത്തവരെ മാത്രം സഹായിക്കുക എന്നീ ജോലികളാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. എല്ലാത്തരം വാക്‌സിനുകള്‍ക്കും പരിശോധിച്ച് അനുമതി കൊടുക്കണം. വാക്‌സിന്‍ മാര്‍ക്കറ്റിനെ മത്സരാധിഷ്ഠിതമാക്കണം.
കച്ചി കെട്ടാനുള്ള വള്ളി കച്ചിയില്‍ നിന്ന് വരണം. സബ്‌സിഡിക്കും സൗജന്യത്തിനും ഇന്‍ഷ്വറന്‍സിനും ആവശ്യമായ തുക വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് കണ്ടെത്തണം. അമേരിക്കയില്‍ വാക്‌സിന്‍ കോടതികള്‍ വഴി നഷ്ടപരിഹാരം കൊടുക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതും വാക്‌സിന്‍ വില്‍പ്പനയിലൂടെയാണ്. അങ്ങനെയാണത് തുടര്‍പ്രക്രിയായി പോകേണ്ടത്. ഏതൊരു വ്യവസായവും self sustaining ആയിരിക്കണം. വാക്‌സിന്‍ ഇന്‍ഡസ്ട്രി എക്കാലത്തും പരസഹായത്തോടെ പ്രവര്‍ത്തിക്കേണ്ടി വരുന്നത് ഗുണകരമല്ല. അത് സ്വയം വളരട്ടെ,സ്വന്തംകാലില്‍ നില്‍ക്കട്ടെ.
വാക്‌സിന് ഉള്ളില്‍ കഴിക്കാനുള്ള ഫലപ്രദമായ ആന്റിവൈറല്‍ ടാബ്ലെറ്റ് ഫൈസര്‍ പുറത്തിറക്കുമെന്ന വാര്‍ത്തയുണ്ട്. എങ്കില്‍ സമവാക്യങ്ങളില്‍ മാറ്റമുണ്ടാകും. അതുവരെ ക്ഷമ, സഹിഷ്ണുത, സഹനശഷി എന്നിവ അനിവാര്യമാണ്. ടൈ കെട്ടി മുദ്രാവാക്യം വിളിക്കുന്നതിലോ സ്വയംവീര്‍പ്പിച്ച് വൈകാരികമായി കുത്തിമറിയുന്നതോ പകര്‍ച്ചവ്യാധി നിയന്ത്രണത്തെ സഹായിക്കില്ല. ഇതൊരു നീണ്ട പോരാട്ടമാണ്. സഹിഷ്ണുതയോടെ, പരസ്പരസ്‌നേഹവും കരുതലും വെച്ചുപുലര്‍ത്തി ഒരുമിച്ച് ചുവട് വെക്കണം.