ഓക്‌സിജന്‍ ക്ഷാമം: മേജര്‍ രവിയും നടി കങ്കണയുമൊക്കെ പ്രചരിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരങ്ങള്‍


ക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ചെടി നടാനാണ് ബോളിവുഡ് നടി കങ്കണ റണൗത്ത് ആവശ്യപ്പെടുന്നത്. സംവിധായകനും നടനുയുമായ മേജര്‍ രവി പറയുന്നത് ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ആശുപത്രിയിലെ ഓക്സിജനും, അന്തരീക്ഷത്തിലെ ഓക്സിജനും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതാണ് വസ്തുത. മനുഷ്യന് ആവശ്യത്തിനുള്ളത്ര ഓകിസിജന്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. പക്ഷേ കോവിഡ് മൂലം ശ്വാസകോശത്തില്‍ അണുബാധ വരുന്നതുകൊണ്ട്, ശ്വസന പ്രക്രിയ തടസ്സപ്പേടുമ്പോഴാണ് കൃത്രിമമായി ഓക്സിജന്‍ കൊടുക്കേണ്ട അവസ്ഥ വരുന്നത്. ഇതൊന്നും മനസ്സിലാക്കാതെ കിട്ടിയ സമയത്തിന് ശാസ്ത്രവിരുദ്ധത തള്ളി മറിക്കുകയാണ് നമ്മുടെ സെലിബ്രിറ്റികള്‍ ചെയ്യുന്നത്.
കുറഞ്ഞത് ഓക്‌സിജനല്ല; തലയിലെ ആള്‍ത്താമസത്തിന്

ഈ കോവിഡ് കാലത്ത് രാജ്യം ഓക്സിജന്‍ ക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണ്. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്സിജന്‍ ലഭിക്കാതെ നിരവധി പേര്‍ മരിക്കുന്നതിന്റെ ദയനീയമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അപ്പോഴാണ് സെലിബ്രിറ്റികള്‍ എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം, ഇത് മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത അപരാധമായി ചിത്രീകരിക്കുന്നത്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ചെടി നടാനാണ് ഹോളിവുഡ് നടി കങ്കണ റണൗത്ത് ആവശ്യപ്പെടുന്നത്. സംവിധായകനും നടനുയുമായ മേജര്‍ രവി പറയുന്നത് ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ആശുപത്രിയിലെ ഓക്സിജനും, അന്തരീക്ഷത്തിലെ ഓക്സിജനും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതാണ് വസ്തുത. മനുഷ്യന് ആവശ്യത്തിനുള്ളത്ര ഓകിസിജന്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. പക്ഷേ കോവിഡ് മൂലം ശ്വാസകോശത്തില്‍ അണുബാധ വരുന്നതുകൊണ്ട്, ശ്വസന പ്രക്രിയ തടസ്സപ്പേടുമ്പോഴാണ് കൃത്രിമമായി ഓക്സിജന്‍ കൊടുക്കേണ്ട അവസ്ഥ വരുന്നത്. ഇതൊന്നും മനസ്സിലാക്കാതെ കിട്ടിയ സമയത്തിന് ശാസ്ത്ര വിരുദ്ധത തള്ളി മറക്കുകയാണ് നമ്മുടെ സെലിബ്രിറ്റികള്‍ ചെയ്യുന്നത്.

മരം നട്ടാല്‍ ഓക്സിജന്‍ കൂടില്ല

ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ എഴുതുന്നു –

‘ഈ ശാസ്ത്രബോധമില്ലാത്ത സെലബ്രിറ്റികളുടെ വെര്‍ബല്‍ ഡയേറിയ സഹിക്കാന്‍ പറ്റാതായിരിക്കുന്നു. മരം നട്ടാല്‍ അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കൂടില്ല. ഭൂമിയിലെ ഓക്സിജന്‍ ഉണ്ടാക്കുന്നത് മിക്കവാറും മരങ്ങളല്ല. കടലിലെ പ്ലാങ്ക്ടണുകളാണ്. മരങ്ങള്‍ പകല്‍ ഉണ്ടാക്കുന്ന ഓക്സിജന്‍ രാത്രിയില്‍ അവര്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുന്നുണ്ട്. അതിനാല്‍ മരങ്ങളുടെ ആകെ ഓക്സിജന്‍ സംഭാവന ഏതാണ്ട് പൂജ്യമാണ്. മനുഷ്യന്റെ ഇടപെടലുകള്‍ കൊണ്ട് ഭൂമിയിലെ ഓക്സിജന്റെ അളവില്‍ പറയത്തക്ക ഒരു കുറവും ഉണ്ടായിട്ടില്ല. മരങ്ങളൊക്കെ ലോകത്തു നിന്ന് അപ്രത്യക്ഷമായാലും പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം ഭൂമിയിലെ ഓക്സിജന് ഒരു കുറവും ഉണ്ടാകാന്‍ പോകുന്നില്ല. നമ്മുടെ പ്രശ്നം ഓക്സിജന്റെ അളവ് കുറയുന്നതല്ല, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുന്നതാണ്. അതിനും വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്തതുകൊണ്ടോ, വേദിക്ക് ഭക്ഷണം കഴിച്ചതുകൊണ്ടോ പരിഹാരമാകില്ല.

(അതെങ്ങനാ ബോധമുണ്ടെന്ന് കരുതുന്നവര്‍ക്കുപോലും ബോധമില്ല. കഴിഞ്ഞ ദിവസം അന്തരിച്ച വിവേക് എന്ന നടന്‍ അബ്ദുല്‍ കലാമിന്റെ ഉപദേശപ്രകാരം ഗ്ലോബല്‍ വാമിങ് തടയാന്‍ മരങ്ങള്‍ നടുന്ന പ്രവര്‍ത്തിയിലായിരുന്നത്രെ. ഗ്ലോബല്‍ വാമിങ് ഓക്സിജന്റെ കുറവുകൊണ്ടല്ല, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആധിക്യം കൊണ്ടാണ് ഉണ്ടാകുന്നത്. അതിന് മരം നട്ടിട്ട് ഒരു പ്രയോജനവുമില്ല.)’ – ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

ക്ഷാമം ഓക്സിജനല്ല ഓക്സിജന്‍ സിലിണ്ടറിന്

അന്തരീക്ഷത്തിലെ ഓക്സിജനല്ല മനുഷ്യര്‍ ക്രിത്രിമമായി ഉണ്ടാക്കുന്ന ഓക്സിജന്‍ സിലിണ്ടറിനാണ് ക്ഷാമമെന്നാണ് പ്രശസ്ത ശാസ്ത്രപ്രചാരകന്‍ ബൈജു രാജ് ചൂണ്ടിക്കാട്ടുന്നത്.

ബൈജു രാജിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

വാര്‍ത്ത:

ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി. രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്.

സത്യത്തില്‍ ഭൂമിയില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഓക്സിജന്‍ കുറഞ്ഞിട്ടാണോ ഓക്സിജന്‍ ക്ഷാമം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ? അതുകൊണ്ടാണോ കോഡിഡ് ബാധിതര്‍ ശ്വാസംമുട്ടനുഭവിക്കുന്നത് ? അല്ല എന്ന് അരിയാഹാരം തിന്നുന്ന എല്ലാവര്‍ക്കും അറിയാം, ഓക്സിജന്‍ സിലിണ്ടറുകള്‍ക്കാണ് ക്ഷാമം. പ്രകൃതയിലെ ഓക്സിജന് ഒരു കുറവും ഇപ്പോള്‍ ഇല്ല. മരങ്ങള്‍ കുറവുള്ള ഗള്‍ഫ് നാടുകളിലും, മരങ്ങള്‍ ഇല്ലാത്ത അന്റാര്‍ട്ടിക്കയിലും മനുഷ്യനു സുഖമായി ശ്വസിക്കാം… അണുബാധ ശ്വാസകോശത്തില്‍ ഉണ്ടാവുമ്പോള്‍ ഓക്സിജന്‍ സ്വീകരിക്കാനുള്ള ശ്വാസകോശത്തിന്റെ ശേഷിയില്‍ കുറവ് വരുന്നു.നമ്മുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 20 -21% ഓക്സിജന്‍ ആണുള്ളത്. അതായത് വായുവിലെ അഞ്ചില്‍ ഒന്ന് ഓക്സിജന്‍. (അഞ്ചില്‍ ഒന്ന് മാത്രം).

എന്നിട്ടുപോലും ശ്വസിക്കുമ്പോള്‍ ഉള്ളിലെത്തുന്ന വായുവിലെ മുഴുവന്‍ ഓക്സിജനും ശ്വാസകോശം ഉപയോഗിക്കില്ല. കോവിഡോ, അല്ലെങ്കില്‍ മറ്റു ഏതെങ്കിലും രോഗം ബാധിച്ചു ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറഞ്ഞാല്‍ ശ്വസിക്കുന്നതിലെ അഞ്ചിലൊന്ന് ഓക്സിജന്‍ അയാള്‍ക്ക് പോരാതെ വരും. ആ പോരായ്മ പരിഹരിക്കാന്‍ ഓക്സിജന്‍ കൂടുതല്‍ കൃത്രിമമായി കലര്‍ത്തിയ വായു ശ്വസിക്കേണ്ടി വരും. അതിനാണ് ഓക്സിജന്‍ സിലിണ്ടര്‍ യൂണിറ്റുകള്‍.

എന്നാല്‍ സാധാരണ ഒരു വ്യക്തി ഓക്സിജന്‍ കൂടുതല്‍ ശ്വസിച്ചതുകൊണ്ട് ഒരു നേട്ടവും ഇല്ല. പലപ്പോഴും അത് ദോഷമാവുകയും ചെയ്യും. കാരണം വായുവിലെ അഞ്ചിലൊന്ന് ഓക്സിജന്‍ ശ്വസിച്ചു ജീവിക്കാനാണ് നാം പരിണാമത്തിലൂടെ രൂപപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ഓക്സിജന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് കിട്ടുവാനായി നാം ശ്വാസോച്ഛാസം വേഗത്തിലാക്കും. കുറവ് ആവശ്യമുള്ള ഉറങ്ങുന്ന സമയത്തു ശ്വാസോച്ഛാസം മെല്ലെയും ആക്കും. അതിനുള്ള മെക്കാനിസമെല്ലാം നമ്മുടെ ശരീരത്തില്‍ത്തന്നെ ഉണ്ട്. അത് കാരണം ഒരു സാധാരണ വ്യക്തി ഓക്സിജന്‍ കൂടുതല്‍ ശ്വസിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ആണുണ്ടാവുക.

ഇനി മേജര്‍ രവി പറഞ്ഞതുപോലെ നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷ ആണോ ഇത് ? മരങ്ങള്‍ കുറഞ്ഞിട്ടാണോ ഓക്സിജന്‍ കുറയുന്നത് ? അല്ല. ഇന്ത്യയില്‍ ഈ അടുത്തൊന്നും മരങ്ങള്‍ കുറഞ്ഞിട്ടില്ല. അന്തരീക്ഷത്തില്‍ ഓക്സിജന്‍ ക്ഷാമവും ഇല്ല. അപ്പോള്‍ ഒരു ചോദ്യം..

ഭൂമിയില്‍ ഉള്ള ഓസ്‌കിജന്‍ മുഴുവന്‍ മരങ്ങള്‍ പുറപ്പെടുവിക്കുന്നതാണോ? അല്ല. പലരും പറഞ്ഞതു കേട്ടിട്ടുള്ളതാണ്… ഭൂമിയിലെ ഓക്സിജന്‍ മുഴുവന്‍ കാടുകള്‍ അല്ലെങ്കില്‍ ചെടികള്‍ പ്രകാശസംശ്ലേഷണം വഴി ഉണ്ടാക്കുന്നതാണ് എന്ന്. എന്നാല്‍ അങ്ങനെ അല്ല. അവ കരയിലെ മരങ്ങള്‍ വഴി മാത്രം ഉണ്ടാവുന്നതല്ല. പകരം. കടലിലെ പ്ലാക്റ്റേണുകളില്‍ നിന്നാണു് !

ഭൂമിയിലെ ഓക്സിജന്‍ ഉല്‍പാദനത്തിന്റെ 60 മുതല്‍ 80% വരെ സമുദ്രത്തില്‍ നിന്നാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നത്. ഈ ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും സമുദ്രത്തിലെ പ്ലാങ്ക്ടണില്‍ നിന്നാണ് – ഡ്രിഫ്റ്റിംഗ് സസ്യങ്ങള്‍, ആല്‍ഗകള്‍, പ്രകാശസംശ്ലേഷണം ചെയ്യാന്‍ കഴിയുന്ന ചില ബാക്ടീരിയകള്‍! സമുദ്രങ്ങളുടെയും തടാകങ്ങളുടെയും ഉപരിതലത്തില്‍ വസിക്കുന്ന ചെറിയ സസ്യങ്ങളാണ് ഫൈറ്റോപ്ലാങ്ക്ടണ്‍. ഓരോന്നും നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമാണ്, പക്ഷേ അവ വളരെയധികം കൂടിച്ചേരുമ്പോള്‍, അവയ്ക്ക് വിവിധതരം ജലത്തെ അടിസ്ഥാനമാക്കി ചുവപ്പ്, പച്ച, നീല, അല്ലെങ്കില്‍ വെള്ള നിറങ്ങളില്‍ ആയിരിക്കും. ഫൈറ്റോപ്ലാങ്ക്ടണ്‍ വളരെ ചെറുതാണെങ്കിലും ഒരൊറ്റ തുള്ളി വെള്ളത്തില്‍ ആയിരക്കണക്കിന് ഫൈറ്റോപ്ലാങ്ക്ടണ്‍ ഉണ്ടാവാം. അവയില്‍ നിറഞ്ഞിരിക്കുന്ന ഒരു സമുദ്രം ദിവസം മുഴുവന്‍ അദൃശ്യമായ ഓക്സിജന്‍ പുറന്തള്ളുന്നത് സങ്കല്പിച്ചുനോക്കുക !

ചില ഫൈറ്റോപ്ലാങ്ക്ടണുകള്‍ സ്വയം പ്രകാശിക്കും. കൊച്ചിയിലും മറ്റും കടല്‍ത്തീരങ്ങളില്‍ ഇത്തരം തിളങ്ങുന്ന പ്ളാക്ടാണുകളെ ചില സീസണുകളില്‍ കാണാറുണ്ട്. നീലയും, പച്ചയും നിറങ്ങളില്‍ ഇവ പ്രകാശിക്കുന്നു. ഫൈറ്റോപ്ലാങ്ക്ടണുകളുടെ പ്രകാശം സൃഷ്ടിക്കാനുള്ള കഴിവ് ബയോലുമിനെസെന്‍സ് എന്നറിയപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും ചെറിയ പ്രകാശസംശ്ലേഷണം ചെയ്യുന്ന ജീവിയാണ് പ്രോക്ലോറോകോക്കസ് എന്ന ഒരു പ്രത്യേക ഇനം. എന്നാല്‍ ഈ ചെറിയ ബാക്ടീരിയ നമ്മുടെ ജൈവമണ്ഡലത്തിലെ ഓക്സിജന്റെ 20% വരെ ഉത്പാദിപ്പിക്കുന്നു! ഭൂമിയിലെ എല്ലാ ഉഷ്ണമേഖലാ മഴക്കാടുകളേക്കാളും ഉയര്‍ന്ന ശതമാനമാണിത് !

സമുദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്സിജന്റെ കൃത്യമായ ശതമാനം കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം അളവ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പ്രകാശസംശ്ലേഷണം പ്ലാങ്ക്ടണ്‍ ട്രാക്കുചെയ്യാനും സമുദ്രത്തില്‍ സംഭവിക്കുന്ന പ്രകാശസംശ്ലേഷണത്തിന്റെ അളവ് കണക്കാക്കാനും ഗവേഷകര്‍ക്ക് സാറ്റലൈറ്റ് ഇമേജറി ഉപയോഗിക്കാം, പക്ഷേ സാറ്റലൈറ്റ് ഇമേജറിക്ക് മുഴുവന്‍ കഥയും പറയാന്‍ കഴിയില്ല. ജലത്തിന്റെ പോഷകത്തിന്റെ അളവ്, താപനില, മറ്റ് ഘടകങ്ങള്‍ എന്നിവയിലെ മാറ്റങ്ങള്‍ക്ക് പ്രതികരണമായി കാലാനുസൃതമായി പ്ലാങ്ക്ടണിന്റെ അളവ് മാറുന്നു. നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെ ഓക്സിജന്റെ അളവ് ദിവസത്തിന്റെ സമയവും വേലിയേറ്റവും അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
എന്തായാലും നമ്മള്‍ ശ്വസിക്കുന്ന അധികം ഓക്സിജനും കടലിലെ പ്ലാക്റ്റേണുകളില്‍ നിന്നാണ്!

എന്തായാലും നമ്മുടെ രാജ്യത്തു അന്തരീക്ഷത്തിലെ ഓക്സിജന് ഒരു കുറവും വന്നിട്ടില്ല. മരങ്ങളും കുറഞ്ഞിട്ടില്ല. കുറഞ്ഞത് തലയിലെ അള്‍ത്താമസം മാത്രം. – ഇങ്ങനെയാണ് ബൈജു രാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *