കുടിയേറ്റചരിത്രം മനുഷ്യചരിത്രം


കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ രീതിയില്‍ നടക്കേണ്ട പ്രക്ഷോഭത്തെ വഴിതിരിച്ചു വിടുന്നത്. കടുത്ത മതവാദികള്‍പോലും സെക്കുലറിസത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ പ്ലസ്. മുമ്പ് സൂചിപ്പിച്ചതുപോലെ പൗരത്വമാനദണ്ഡങ്ങളില്‍ മതാടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെയും സെക്കുലറിസത്തിന്റെയും അന്തസത്തയ്ക്ക് വിരുദ്ധമാണ്. That is blatant discrimination in a secular country. മതപീഡനത്തിന് വിധേയമായ ന്യൂനപക്ഷ മതസ്ഥര്‍ എന്ന വിശദീകരണം വരുമ്പോള്‍ മതരഹിതരും വിവേചനത്തിന് പാത്രമാകുകയാണ്. മറ്റൊരു വിഷയം 2014 ഡിസം 31 മുതല്‍ 2019 ഡിസം വരെ കുടിയേറിയവരുടെ കാര്യമാണ്. പുതുക്കിയ നിയമം അനുസരിച്ച് അവര്‍ക്കും മുസ്ലിം അനധികൃത കുടിയേറ്റക്കാര്‍ക്കും ഇളവില്ല. ലക്ഷങ്ങള്‍ വരുന്ന അവരെ എങ്ങനെ കൈകാര്യംചെയ്യും? വമ്പന്‍ പ്രശ്‌നമാണിത്.

ആസ്സാമിലെ പ്രശ്നം മനസ്സിലാക്കി മാത്രമേ CAA യെക്കുറിച്ച് പഠിക്കാന്‍ തുടങ്ങാവൂ. നിരവധി സുഷിരങ്ങളുള്ള അതിര്‍ത്തികളാണ് നമ്മുടെ പ്രധാന പ്രശ്‌നം. 1971 മാര്‍ച്ച് 26-1971 ഡിസം 17 വരെയാണ് ബംഗ്ലാദേശ് യുദ്ധം നടക്കുന്നത്. യുദ്ധം തുടങ്ങിയത് മുതല്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ആസ്സാം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഇരച്ചുകയറി. ഇന്ത്യാവിഭജനത്തിന് മുമ്പ് മുതല്‍തന്നെ സംഭവിച്ചുകൊണ്ടിരുന്നതാണെങ്കിലും അനധികൃത കുടിയേറ്റമെങ്കിലും യുദ്ധം സംഗതിഗതികള്‍ രൂക്ഷമാക്കി. ബംഗ്ലാദേശ് യുദ്ധത്തിന് മുമ്പും പിമ്പുമായി ആസ്സാമിലെത്തിയ പുറംദേശക്കാരെയെല്ലാം പുറത്താക്കി നാടിനെ ശുദ്ധീകരിക്കണം എന്ന് പറഞ്ഞ് തുടങ്ങിയ മുറവിളിയാണ് ‘ആസ്സാംപ്രക്ഷോഭം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഏതാണ്ട് 15 വര്‍ഷങ്ങള്‍ നീണ്ട അക്രമാസക്തവും രക്തരൂക്ഷിതവുമായ സമരത്തിനൊടുവില്‍ ആസ്സാംഗണപരിഷത്തും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി 1985 ല്‍ കരാറുണ്ടാക്കിയതോടെയാണ് പ്രക്ഷോഭം തീരുന്നത്. സംസ്ഥാനം മുഴുവനുള്ള കണക്കെടുത്ത് വിദേശികളെ പുറത്താക്കാം എന്നതായിരുന്നു കരാര്.‍ അതില്‍പിന്നെ പ്രഫുല്ലകുമാര്‍ മഹന്തിയും ഭൃഗുകുമാര്‍ ഫുക്കാനും ചേര്‍ന്ന ആസ്സാംഗണ പരിഷത്ത് മന്ത്രിസഭ വന്നു. വിദേശികളെ പുറത്താക്കികൊള്ളാം എന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ആസ്സാം ഗണപരിഷത്തിന് അതിന് സാധിച്ചില്ല. രാഷ്ടീയപരമായ അവരുടെ സ്വാധീനം കുറഞ്ഞു. ബി.ജെ.പി ഉള്‍പ്പടെയുള്ള കക്ഷികള്‍ കളംപിടിച്ചു. അപ്പോഴും വിദേശപൗരത്വ പ്രശ്നം കെടാത്ത കനലായി നിലകൊണ്ടു. അത് പരിഹരിക്കാതെ ആസ്സാമിലെ പ്രതിഷേധം ശമിക്കില്ല. പൊള്ളുന്ന പ്രശ്നമായതിനാല്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ഉള്‍പ്പടെ എല്ലാ ഭരണനേതൃത്വങ്ങളും ഈ വിഷയത്തിന് മേല്‍ അടയിരുന്നു.

പക്ഷെ പ്രശ്‌നം അപ്രത്യക്ഷമായില്ല. പ്രശ്‌നപരിഹാരത്തിന്റെ ആദ്യഘട്ടം ആരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നു കണ്ടെത്തുകയാണ്. അങ്ങനെയാണ് ആസ്സാമില്‍ പൗരത്വ രജിസ്റ്റര്‍ എന്ന ആശയം വരുന്നത്. സുപ്രീംകോടതിയാണ് അതിന്റെ നിബന്ധനകളും നിഷ്‌കര്‍ഷകളും മുന്നോട്ടുവെച്ചത്. കോടതിക്ക് ഒഴിഞ്ഞുമാറാനാവില്ലല്ലോ. 1971 മാര്‍ച്ച് 24 ബംഗ്ലാദേശ് യുദ്ധം തുടങ്ങിയ സമയമാണ്. അതിന് ശേഷം വന്നവരെല്ലാം വിദേശികള്‍-അതാണ് ആസ്സാമിലെ പൗരത്വ രജിസ്റ്ററിന്റെ സമവാക്യം. സമാന മാനദണ്ഡങ്ങളുമായി ഒരു സര്‍വെ രാജ്യത്താകമാനം ആവശ്യമില്ല. രാജ്യത്താകമാനം വരുന്ന പൗരത്വരജിസ്റ്റര്‍ വളരെ ചെലവേറിയ കാര്യമാണ്. അഥവാ നടപ്പാക്കിയാല്‍ തന്നെ മാനദണ്ഡങ്ങള്‍ ആസ്സാമിലെ പോലെയാവില്ല, ആകാനും സാധ്യമല്ല.
2014 ഡിസം 31 വരെയുള്ള വിദേശ അഭയാര്‍ത്ഥികളില്‍ മതപീഡനത്തിന് ഇരയായവരെ മാത്രം സ്വീകരിക്കും എന്നു പറഞ്ഞ് മതപരമായ വിവേചനം ഒഴിവാക്കി CAA അവതരിപ്പിക്കുന്നതായിരുന്നു വേണ്ടിയിരുന്നത്. പീഡനം മതപരം മാത്രമാണോ എന്ന ചോദ്യം തല്‍ക്കാലം വിട്ടുകളയുക. പക്ഷെ മതപരമായ പീഡനത്തിന് വിധേയമായി എന്ന് എങ്ങനെ തീരുമാനിക്കും എന്നതും വിഷയമാണ്. അപ്പോഴും ഇതേ തോതിലുള്ള പ്രക്ഷോഭമായിരിക്കും വരിക.‍ വേണ്ടത് ‘മതം-മതപീഡനം’ തുടങ്ങിയ ഉപാധികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പൗരത്വനിയമം ഭേദഗതി ചെയ്യുകയാണ്.

2014 ഡിസം 31 വരെ (ഈ തീയതി വെച്ച് സമയപരിധി വെക്കുന്നതിന്റെ സാംഗത്യം വ്യക്തമല്ലെങ്കിലും) രാജ്യത്ത് പ്രവേശിച്ച എല്ല വിദേശ അഭയാര്‍ത്ഥികളെയും പൗരന്‍മാരായി അംഗീകരിക്കുക എന്നതാണ് പോംവഴി. അല്ലെങ്കില്‍ എല്ലാ അഭയാര്‍ത്ഥികളെയും ഒരുപോലെ തള്ളുക. The second one will be objected internationally. പക്ഷെ ഇതുകൊണ്ടൊന്നും ആസ്സാമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും പ്രശ്നം അവസാനിക്കില്ല. അവര്‍ക്ക് വിദേശികളെ വേണ്ട. മറ്റ് ന്യായങ്ങളൊന്നും സ്വീകാര്യമല്ല. അപ്പോള്‍ എന്തു ചെയ്യും? കേരളം ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുമോ? സാധ്യത തീരെക്കുറവാണ്, തദ്ദേശീയമായ ചെറുത്തുനില്‍പ്പുകള്‍ ഇതേ തോതില്‍ ഉണ്ടാകും. പിന്നെയുള്ളത് ശതകോടികള്‍ ചെലവിട്ട് ഈ മനുഷ്യര്‍ക്കെല്ലാം അഭയാര്‍ത്ഥി-കരുതല്‍ തടങ്കല്‍ ക്യാമ്പുകള്‍ (refugee-detention camps) നിര്‍മ്മിക്കുക എന്നത് മാത്രമാണ്. ഇന്ത്യയിലോ ലോകത്തോ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ പുതിയ കാര്യമല്ല. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നൂറിലധികം അത്തരം ക്യാമ്പുകള്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി മാത്രം നടന്നുപോകുന്നുണ്ട്. ആസ്സാമിലും മറ്റും ഇതുപോലെ വമ്പന്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമുണ്ടോ? ഭരണപരമായി നോക്കിയാല്‍ അതൊരു നല്ല കാര്യംതന്നെയാണ്. അല്ലെങ്കില്‍ രാജ്യത്തുള്ളത് ആരാ-എന്താ എന്ന കാര്യത്തില്‍ ചരിത്രപരമായ അവ്യക്തത നിലനില്‍ക്കും. അതിനായി കൃത്യതയുള്ള പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുകയും അത് നിരന്തരം പുതുക്കി മുന്നോട്ടുപോകുകയും വേണം. പക്ഷെ ചെലവ് അസഹനീയമായിരിക്കും. തെറ്റുകള്‍ക്കും ന്യൂനതകള്‍ക്കുമുള്ള സാധ്യതകള്‍ സമൃദ്ധം. പൗരത്വം തെളിയിക്കേണ്ടപ്പോള്‍ മാത്രം തെളിയിക്കുന്ന രീതി മതിയെങ്കില്‍ പൗരത്വരജിസ്റ്റര്‍ ആവശ്യമില്ല. പൗരത്വ രജിസ്റ്റര്‍ ഇല്ലാതെയാണല്ലോ ഇന്ത്യ ഇത്രയും നാള്‍ മുന്നോട്ടുപോയത്. രജിസ്റ്റര്‍ ഉണ്ടാക്കാനായി നിലവില്‍ രാജ്യത്തെ പൗരന്‍മാരെ ബുദ്ധിമുട്ടിക്കരുത് എന്നത് സാമാന്യമര്യാദ മാത്രമാണ്. 75 ലക്ഷത്തോളം പുറംദേശക്കാര്‍ സംസ്ഥാനത്തുണ്ടെന്ന് ആസ്സാം ജനത പറയുന്നത്. ഇത് അനൗദ്യോഗിക കണക്കാണ്. എന്നാല്‍ പൗരത്വരജിസ്റ്റര്‍ പ്രകാരം 19 ലക്ഷം മാത്രമേ ഉള്ളൂ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പൗരത്വഭേദഗതി നിയമം ഒരിക്കല്‍കൂടി ഭേദഗതി ചെയ്ത് 2014 ഡിസമ്പറിന് മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും പൗരത്വം നല്‍കാം എന്നാക്കിയാല്‍ പൗരത്വ ഭേഗദതി നിയമത്തിന്റെ ന്യൂനത പരിഹരിക്കപെടും. മറ്റൊരു ഓപ്ഷന്‍ ഭേദഗതി നിയമം തന്നെ റദ്ദാക്കുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ അനധികൃത കുടിയേറ്റക്കാരായ ആര്‍ക്കും പൗരത്വം ഇല്ല എന്ന അവസ്ഥ വരും. ഇതാണ് ആസ്സാം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ ജനതയുടെ നിലപാട് ആണത്. ഇന്ത്യയുടെ ബാക്കി ഭാഗത്തുള്ളവരുടെ അവസ്ഥ അതല്ല. അവര്‍ക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ നിലവില്‍ ബാധ്യതയില്ല. ‘മറ്റുള്ളവര്‍ സ്വീകരിക്കണം’ എന്നു വാദിക്കുന്നതും ‘ഞങ്ങള്‍ സ്വീകരിക്കാം’ എന്നു പറയുന്നതും തമ്മിലുള്ള ദൂരം ചില്ലറയല്ല. വടക്കുകിഴക്കന്‍ ജനതയെ മുഴുവന്‍ വില്ലന്‍മാരായി ചിത്രീകരിച്ച് സ്വയംമിനുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സാരം.

പൗരത്വ ഭേദഗതി ബില്‍-2019 റദ്ദാക്കി എന്നു കരുതുക. എങ്ങനെയാണ് ദശലക്ഷക്കണിക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുക? രാജ്യത്തെ ജനങ്ങള്‍ വ്യക്തിഗതമായി അതിന് തയ്യാറാവില്ല, അവര്‍ക്കത് സാധിക്കുകയുമില്ല. ഈ മനുഷ്യരെ എങ്ങോട്ടും തള്ളിവിടാനാവില്ല. ഏറ്റെടുക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്. അപ്പോള്‍ സര്‍ക്കാര്‍ തന്നെ ചെയ്യണം. എങ്ങനെ? ഏതാനും ആയിരങ്ങള്‍ ഉള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മ്മിക്കാന്‍ തന്നെ കോടികള്‍ ആവശ്യമാണ്. 3000 പേരെ അധിവസിപ്പിക്കാന്‍ ആസ്സാമില്‍ ഉണ്ടാക്കിയ ഒരു ക്യാമ്പിന് നാല്‍പത് കോടി ചെലവായി! ഇത് നിര്‍മ്മാണചെലവ് മാത്രമാണ്. മൂവായിരം പേരെ അധിവസിപ്പിക്കാനുള്ള ക്യാമ്പ് നിര്‍മ്മാണത്തിന് 40 കോടി ചെലവായി എങ്കില്‍ ദശലക്ഷങ്ങളുടെ കാര്യത്തില്‍ എന്തു ചെലവ് വരും എന്നാലോചിക്കുക. വെറുതെ ക്യാമ്പ് ഉണ്ടാക്കിയിട്ട് കാര്യമില്ല. അവിടെയുള്ള ജനങ്ങളുടെ ഭക്ഷണം, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം… തുടങ്ങി മുഴുവന്‍ ജീവിതവ്യാപാരങ്ങള്‍ക്കും സംരക്ഷണം നല്‍കണം. മുന്നോട്ടു പോകുന്തോറും ക്യാമ്പിലെ ജനസംഖ്യയും വര്‍ദ്ധിക്കും, ആവശ്യങ്ങളേറും, ചെലവ് വര്‍ദ്ധിക്കും….എത്രനാള്‍ ഇങ്ങനെ മുന്നോട്ടുപോകാനാവും?

മറ്റൊരു സാധ്യമായ നിയമ ഭേദഗതി അഭയാര്‍ത്ഥി സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ്. കേന്ദ്ര ഫണ്ട് നല്‍കിയാല്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവാണ്. ചുരുക്കത്തില്‍ വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി ജനസംഖ്യയെ കൈകാര്യം ചെയ്യാനുള്ള സംവിധാനവും വിഭവശേഷിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ല. ആകെ പരിഹാരമായി വരുന്നത് വന്നവരെയെല്ലാം കാലാനുസരണം(11 വര്‍ഷം തികയുന്ന മുറയ്ക്ക്) പൗരന്‍മാരായി അംഗീകരിച്ച് അവരെ സ്വന്തം നിലയില്‍ ജീവസന്ധാരണം നടത്താന്‍ അനുവദിക്കുകയാണ്. അപ്പോഴും കുറെ ക്യാമ്പുകള്‍ വേണ്ടിവരും. ഇതൊക്കെ പറയുമ്പോള്‍ എളുപ്പമാണ്. പക്ഷെ ഈ ജനതയെ സ്വീകരിക്കാന്‍ ബാദ്ധ്യതപെട്ട ജനതയ്ക്ക് സ്വീകാര്യമാകില്ല. അവരുടെ അവകാശങ്ങളും അവസരങ്ങളും സാധ്യതകളും കുടിയേറ്റക്കാര്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന വാദമാണ് തദ്ദേശിയര്‍ ഉന്നയിക്കുക-ലോകമെമ്പാടും അതങ്ങനെയാണ്. ആസ്സാമില്‍ പോയി കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം കൊടുക്കണം എന്ന് ആരും പ്രസംഗിക്കാത്തതിന്റെ കാരണമതാണ്. കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. Migration can not be stopped, it can only be managed. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *