പൗരത്വബില്ലും ഭരണഘടനയും


പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം(place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രം ബാധകമായ വകുപ്പായതിനാല്‍ പുറത്തുനിന്നുള്ളവരെ എങ്ങനെ പരിഗണിക്കണം എന്നകാര്യത്തില്‍ വ്യക്തതയില്ല. പാകിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടല്ലോ. മൂന്നര ശതമാനം വരുന്ന ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ജൂതര്‍…..തുടങ്ങിയവരാണ് പാകിസ്ഥാനിലെ ന്യൂനപക്ഷം എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. പാകിസ്ഥാനിലെ മുസ്ലീം സമുദായം മുസ്ലീം ആയി പരിഗണിക്കാത്ത അമഹമ്മദിയ വിഭാഗം(ക്വദിയാനികള്/Qadian movement‍) കണക്കില്‍ എവിടെ വരും?

പഞ്ചാബുകാരനായിരുന്ന മിര്‍സ ഗുലാം അഹമ്മദ് (1835-1908) എന്ന വ്യക്തിയാണ് അഹമ്മദിയരുടെ അവസാന പ്രവാചകന്‍. മുഹമ്മദിന് ശേഷം പ്രവാചകരില്ല എന്ന മുഖ്യധാരാ മുസ്ലിം സമുദായത്തിന്റെ നിലപാട് കാരണം പിന്നീട് പ്രവാചകത്വം അവകാശപെട്ട് വന്നവരുടെയെല്ലാം കാര്യം കുദാ ഗവ ആയി. മുഹമ്മദ് വന്നതോടെ പ്രവാചകനിര്‍മ്മാണം അള്ളാഹു അവസാനിപ്പിച്ചു എന്ന് മുഖ്യധാരാ മുസ്ലീങ്ങള്‍ വാദിക്കുമ്പോള്‍ അതല്ല വേറൊരു ആള്‍ കൂടെ അതിന് ശേഷം വന്നു എന്നാണ് അഹമ്മദിയരുടെ വാദം. അതായത് കുര്‍-ആന്‍ + മുഹമ്മദ് + മിര്‍സ ഗുലാം അഹമമ്മദ് എന്നതാണ് ക്വാദിയാനികളുടെ വഴിക്കണക്ക്. അതങ്ങ് ക്വദിയാനി പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് മുഖ്യധാരാ മുസ്ലിങ്ങളും. അന്ത്യനാളുകളില്‍ പ്രതീക്ഷിക്കപെടുന്ന മഹ്ദി താനാണെന്ന അവകാശവാദമാണ് ഗുലാം അഹമ്മദ് ഉന്നയിച്ചത്. മുഹമ്മദിന്റെ മറ്റൊരു പേരായ അഹമ്മദ് എന്ന നാമം ആധാരമാക്കി ഇവര്‍ തങ്ങളെ അഹമ്മദീയര്‍ എന്നടയാളപെടുത്തുന്നത്.

209 രാജ്യങ്ങളില്‍ അഹമ്മദിയരുണ്ട്. പല വ്യക്തികളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍. വിന്യസിക്കപ്പെട്ടതിനാല്‍ ലോകമെമ്പാടും എത്രപേരുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ് അഹമ്മദിയ ജനസംഖ്യയായി പൊതുവെ അംഗീകരിക്കപ്പെടുന്നത്. അതില്‍ 40 ലക്ഷം പാകിസ്ഥാനിലുണ്ട്. ഇന്ത്യയില്‍ അവരുടെ ജനസംഖ്യ അറുപതിനായിരം മുതല്‍ പത്ത് ലക്ഷംവരെയാണ്. അവിടെയും കണക്കില്‍ കൃത്യതയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഹമ്മദീയര്‍ മുസ്ലിങ്ങളാണ്. എന്നാല്‍ പാകിസ്ഥാനില്‍ അഹമ്മദീയര്‍ക്ക് മുസ്ലിം ആയി ജീവിക്കാനാവില്ല-അത് നിയമവിരുദ്ധമാണ്. സിയ ഉള്‍ഹഖിന്റെ കാലത്ത് അഹമ്മദിയ വിഭാഗത്തെ അമുസ്ലിം ആയി പ്രഖ്യാപിച്ചിരുന്നു. മുസ്ലീം അഭിവാദനരീതികളും മതപദങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും അഹമ്മദിയരെ വിലക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയും പാകിസ്ഥാനിലുണ്ട്. മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനില്‍ പൗരത്വം കിട്ടണമെങ്കില്‍ അവര്‍ മിര്‍സ ഗുലാം അഹമ്മദ് വ്യാജനായിരുന്നു എന്ന് എഴുതി ഒപ്പിട്ടുകൊടുക്കണം. അല്ലെങ്കില്‍ ജനറല്‍ ക്വാട്ടയില്‍ അപേക്ഷിക്കണം.

പ്രപഞ്ചോത്പത്തി സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിന് (standard model) നല്‍കിയ സംഭാവനകളുടെ പേരില്‍ അറിയപ്പെടുന്ന പാകിസ്ഥാനി ശാസ്ത്രജ്ഞനാണ് തിയററ്റിക്കല്‍ ഫിസിസിസ്റ്റായ ഡോ അബ്ദു സാലാം (Abdus Salam /1926 – 1996). അദ്ദഹേത്തിന്റെ electroweak unification theory ക്ക് 1979 ല്‍ ഫിസിക്സിലെ നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. ഷെല്‍ഡന്‍ ഗ്ലാസ്‌ഷോ, സ്റ്റീവന്‍ വീന്‍ബൈര്‍ഗ് എന്നിവര്‍ക്കൊപ്പമാണ് അന്ന് സാലാം നൊബേല്‍ പുരസ്‌കാരം പങ്കുവെച്ചത്. അഹമ്മദിയ (Ahmadiyya Community ) വിഭാഗക്കാരനായ അദ്ദേഹത്തിന്റെ കബറിന് മുകളില്‍ ”ആദ്യത്തെ മുസ്ലിം നൊബേല്‍ ജേതാവ്”( ‘First Muslim Nobel Laureate’) എന്ന് നാട്ടുകാര്‍ അഭിമാനപൂര്‍വം എഴുതിവെച്ചു. പിന്നീടാണ് അഹമ്മദീയരെ അമുസ്ലിങ്ങളാക്കിയ നിയമം പാകിസ്ഥാനില്‍ വരുന്നത്. മതവെറിയര്‍ ഈ വാചകത്തില്‍ നിന്നും ‘മുസ്ലീം’ മായിച്ചു കളഞ്ഞു. അങ്ങനെ അബ്ദു സാലാമിനെ ”ആദ്യത്തെ നൊബേല്‍ ജേതാവ് ”ആക്കി മാറ്റി!! പാകിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന, കാശ്മീര്‍ തര്‍ക്കവിഷയത്തിലൊക്കെ ഐക്യരാഷ്ട്ര സഭയിലും മറ്റും സൂപ്പര്‍ പ്രകടനം കാഴ്ചപെച്ച സഫറുള്ള ഖാനും (Muhammad Zafarullah Khan/1893-1985) അഹമ്മദിയ വിഭാഗക്കാരനായിരുന്നു. ഇന്ന് പാകിസ്ഥാനില്‍ നടക്കുന്ന മതപ്രചോദിത കൊലകള്‍ക്കും മതനിന്ദാകുറ്റങ്ങള്‍ക്കും മതപീഡനത്തിനും ഏറ്റവുമധികം വിധേയമാകുന്നത് അഹമ്മദിയ വിഭാഗക്കാരാണ്.

സമാനമാണ് മുഹമ്മദിന്റെ മരുമകനായ അലിയുടെ പാരമ്പര്യം അവകാശപെടുന്ന ഷിയ മുസ്ലിംങ്ങള്‍. പാകിസ്ഥാനില്‍ പല വെള്ളിയാഴ്ചകളിലും പൊട്ടിത്തെറിച്ച മുസ്ലിംപള്ളികളില്‍ മിക്കതും ഷിയ വിഭാഗക്കാരുടേതാണ്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം ഷിയ മുസ്ലിങ്ങളാണ്. മറ്റൊരു അയല്‍ രാജ്യമായ ഇറാന്‍ ഷിയ ഭൂരിപക്ഷ രാജ്യമാണ്. എങ്കിലും പാകിസ്ഥാനില്‍ ഷിയകളുടെ അവസ്ഥ ഒട്ടും മഹത്തരമല്ല. പക്ഷെ അഹമ്മദിയകളും ഷിയകളും മുസ്ലീങ്ങളാണെന്ന് ഇന്ത്യ പ്രഖ്യാപിക്കുമ്പോള്‍ മതപരമായ പീഡനം നേരിട്ട് അഭയാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. മൂന്ന് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പരിഗണിച്ചതില്‍ മതപീഡനം മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കില്‍ അഹമ്മദിയകളെയും ഷിയകളെയും വിട്ടുകളയുന്നത് ദയാശൂന്യതയാണ്. സമാനമാണ് ശ്രീലങ്ക, ബര്‍മ്മ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികളെ മൊത്തത്തില്‍ ഒഴിവാക്കുന്നതും. ദശകങ്ങളായി നീറിപ്പുകയുന്ന ആസ്സാമിലെ വിദേശ പൗരത്വപ്രശ്‌നത്തിന് വേണ്ടി പണിത മോതിരം ആയതിനാലാണ് ഇത്തരം ഒഴിവാക്കലുകള്‍ പുതുക്കിയ പൗരത്വനിയമത്തില്‍ കടന്നുകൂടിയതെന്ന് വ്യക്തം.

പുതുക്കിയ പൗരത്വനിയമം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന വാദം സാധുവാകുന്നത് എങ്ങനെ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന നിരന്തരം പരിഷ്‌കരിക്കപ്പെടുന്ന ഒരു ഡോകുമെന്റാണ്. അതിനുള്ള വഴി ഭരണഘടന തന്നെ മുന്നോട്ടുവെക്കുന്നുണ്ട്(ആര്‍ട്ടിക്കിള്‍ 368). ജാതിയും മതവും അടിസ്ഥാനത്തില്‍ വിവേചനം(discrimination) നടത്താന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ? ഉണ്ടെന്നും പറയാം-ഇല്ലെന്നും പറയാം. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16 വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകളും ഉപാധികളും ലിംഗ/ജാതി പരമായ വിവേചനം അംഗീകരിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 30 ഭാഷ/മതപരമായ വിവേചനത്തില്‍ തെറ്റു കാണുന്നില്ല. നിയമത്തിന് മുമ്പാകെയുള്ള സമത്വം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 14 ഇന്ത്യയില്‍ എല്ലാത്തരം വാദക്കാരും തരാതരംപോലെ ഉന്നയിക്കുന്ന ഒരു ഭരണഘടനാ നിയമം ആണ്.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് സംബന്ധിച്ച് തര്‍ക്കം വന്നപ്പോള്‍ സുപ്രീകോടതിയും ഒരു വിഭാഗം രാഷ്ട്രീയകക്ഷികളും ആര്‍ട്ടിക്കിള്‍ 14 വെച്ചാണ് കോടതിവിധിയെ ന്യായീകരിച്ചത്. കോണ്‍ഗ്രസ്സും ബി.ജെ.പി യും അവിടെ ആര്‍ട്ടിക്കിള്‍ 14 ന്റെ പ്രസക്തിയെക്കാള്‍ ആര്‍ട്ടിക്കിള്‍ 25 ന്റെ(മതസ്വാതന്ത്ര്യം) വലുപ്പം ഉന്നയിച്ച് ആചാരസംരക്ഷണത്തിന് വേണ്ടി അണിനിരന്നു. പിന്നീട് കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ല്‍ ഭേദഗതി വരുത്തിയപ്പോള്‍ ഇതേ ബി.ജെ.പി രണ്ടുതരം ജനതയോ സംസ്ഥാനങ്ങളോ പാടില്ല, ഒരു രാജ്യം-ഒരു ജനത-ഒരു നിയമം എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ട്ടിക്കിള്‍ പതിനാലിനെ ആശ്ലേഷിച്ചു. എന്നാല്‍ മറുപക്ഷത്ത് കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനും ആര്‍ട്ടിക്കിള്‍ 14 അക്കാര്യത്തില്‍ ആകര്‍ഷണീയമായി തോന്നിയില്ല. അവര്‍ കാശ്മീരിന്റെ പ്രത്യേക പദവി നിലനിറുത്തുന്നതിനെ കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നിലനിറുത്തുന്നതിനെ കുറിച്ചും സംസാരിച്ചു. ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലും ബി.ജെ.പി ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്നു, ഒരു രാജ്യം-ഒരു നിയമം എന്ന മുദ്രാവാക്യം മുഴക്കുന്നു. കോണ്‍ഗ്രസ്സും പ്രതിപക്ഷവും അത് കണ്ടില്ലെന്ന് നടിക്കുന്നു, മതത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതി ബില്‍ വരുമ്പോള്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷവും വീണ്ടും ആര്‍ട്ടിക്കിള്‍ 14 ലേക്ക് തിരിച്ചുപോകുന്നു.

ബി.ജെ.പിയാകട്ടെ ആര്‍ട്ടിക്കിള്‍ 14 അനുവദിക്കുന്ന വിവേചനത്തിന്(the so called positive discrimination) ആധാരമായ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച് തന്നെയാണ് പൗരത്വബില്‍(CAB) അവതരിപ്പിച്ചതെന്ന് സ്ഥാപിക്കുന്നു. കോണ്‍ഗ്രസ്സും പ്രതിപക്ഷവും അതംഗീകരിക്കുന്നില്ല. അവര്‍ ഇക്കാര്യത്തില്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ‘പവിത്രത’യെ(sanctity) മുറുകെ പിടിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അവരവരുടെ സൗകര്യമനുസരിച്ച് തട്ടിക്കളിക്കുന്ന ആര്‍ട്ടിക്കിള്‍ 14 വലിയതോതില്‍ വ്യാഖ്യാനത്തിന് വിധേയമാണ് എന്ന വസ്തുതയാണ് ഇവിടെ പ്രകടമാകുന്നത്. സമത്വം സ്ഥാപിക്കാനായാലും വിവേചനം നടപ്പിലാക്കാനായാലും, എല്ലാവര്‍ക്കും എപ്പോഴും വേണ്ടിവരുന്ന ആയുധമാണ് ആര്‍ട്ടിക്കിള്‍ 14 എന്ന് സാരം.

രാജ്യത്തെ എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും തുല്യമായിരിക്കണം എന്നും ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്നില്ല.(Article 14 does not mean that all laws must be general in character or that the same laws should apply to all persons or that every law must have universal application). എല്ലാവരും സ്വഭാവപരമായി (by nature) തുല്യര്‍ അല്ലാത്തതിനാല്‍ സമത്വം(equality) എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 14 ലെ അനുബന്ധ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഭിന്ന വ്യക്തികളെ വ്യത്യസ്തമായി തന്നെ രാഷ്ട്രം കൈകാര്യം ചെയ്യണം. തുല്യമല്ലാത്ത സാഹചര്യങ്ങളിലുള്ളവരെ തുല്യരായി പരിഗണിച്ചാല്‍ അത് അസമത്വം സൃഷ്ടിക്കും (The State can treat different persons in differently if circumstances justify such treatment. Further, the identical treatment in unequal circumstances would amount to inequality). അതായത് സമത്വം വേണം, പക്ഷെ എല്ലാ വ്യക്തികളുടെയും കാര്യത്തില്‍ അത് പിന്തുടരാനാവില്ല. ആര്‍ട്ടിക്കിള്‍ 14 അനുസരിച്ച് സമത്വം പാലിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമില്ല, സമത്വം ലഭിക്കാനുള്ള അവകാശവും എല്ലാവര്‍ക്കുമില്ല.

ഉദാഹരണമായി ബംഗ്ലാദേശില്‍ നിന്ന് മതപീഡനം മൂലം ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അവിടുത്തെ ന്യുനപക്ഷങ്ങളെയും കച്ചവടവും മറ്റ് സാധ്യതകളും ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന അവിടുത്തെ ഭൂരിപക്ഷ സമുദായത്തെയും ‘സമാനരായി’ (equal) പരിഗണിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ ആര്‍ട്ടിക്കിള്‍ 14 വ്യക്തമായ ഉത്തരം നല്‍കില്ല. ഇവരുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ സ്‌റ്റേറ്റിന് അവരെ വ്യത്യസ്തരായി പരിഗണിക്കാവുന്നതേയുള്ളൂ. 2012 ല്‍ സി.പി.എം ജനറല്‍ സെക്രട്ടറി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ മന്‍മോഹന്‍സിംഗ് 2003 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തന്നെ ചൂണ്ടിക്കാട്ടി ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നത് ശ്രദ്ധിക്കുക. മതപീഡനം മൂലം പ്രാണനും വാരിപ്പിടിച്ച് പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങളെയും കച്ചവടത്തിനും മെച്ചപെട്ട ജീവിതസാധ്യതകള്‍ മുന്‍നിറുത്തി അനധികൃതമായി രാജ്യത്തിലേക്ക് നുഴഞ്ഞുകയറുന്നവരെയും സമീകരിക്കുന്നത് യുക്തിസഹമല്ല എന്നു സാരം.

ആര്‍ട്ടിക്കിള്‍ 14 ല്‍ യുക്തിസഹമായ വര്‍ഗ്ഗീകരണം(reasonable classification) നടത്താന്‍ സ്‌റ്റേറ്റിന് അവകാശമുണ്ടെന്ന് പറയുന്നുണ്ട്. അതാകട്ടെ തിരിച്ചറിയാനാവുന്ന വ്യതിരിക്തതകളെ (intelligible differentia) ആധാരമാക്കിയ യുക്തിസഹമായ(rational) വര്‍ഗ്ഗീകരണം ആയിരിക്കണം. വര്‍ഗ്ഗീകരണം സ്വേച്ഛാപരമാകാനും (arbitrary) പാടില്ല. അതായത് ആളുംതരവും നോക്കി പെരുമാറുന്നതില്‍ തെറ്റില്ല-സാധൂകരിക്കാനാവശ്യമായ വാദങ്ങള്‍ മുന്നോട്ടുവെക്കണമെന്ന് മാത്രം. അതേസമയം ‘വര്‍ഗ്ഗ അടിസ്ഥാനത്തിലുള്ള നിയമനിര്‍മ്മാണം'(class legislation) സ്‌റ്റേറ്റ് നടത്താന്‍ പാടില്ലെന്നും ഇതേ ആര്‍ട്ടിക്കിള്‍ നിഷ്‌കര്‍ഷിക്കുന്നു(The article 14 forbids class legislation). കാരണം അത് വിവേചനപരമാണ്. ചുരുക്കത്തില്‍ ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന ‘fair and equitable” treatment അത്ര എളുപ്പം വിശകലനത്തിന് വിധേയമാക്കാവുന്ന ഒന്നല്ല.

ആര്‍ട്ടിക്കിള്‍ 14 ന്റെ അന്തസത്തയെ ദുര്‍ബലപെടുത്തുന്ന ഉപവകുപ്പുകള്‍ അതില്‍ തന്നെയുണ്ട് എന്നതാണ് വിഷയം. സ്ത്രീകള്‍, കുട്ടികള്‍, സംവരണം, ഭാഷ-മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ പ്രത്യേക അവകാശങ്ങള്‍…. തുടങ്ങിയവയൊക്കെ ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയവുമായി ചേര്‍ന്നുപോകുന്നവ അല്ലാത്തതിനാലാണ് ഉപാധികളും ഉപവകുപ്പുകളും‍ ചേര്‍ക്കേണ്ടി വന്നത്. അതുപോലെതന്നെ മതാടിസ്ഥാനത്തില്‍ ‘ന്യൂനപക്ഷ-ഭൂരിപക്ഷ’ വിഭജനങ്ങള്‍ നടത്തുന്നത് 1976 ലെ ഭരണഘടനാ ഭേദഗതിയുമായും ചേര്‍ന്നു പോകുന്നില്ല. പക്ഷെ അതു സംബന്ധിച്ച് ആധുനിക ജനാധിപത്യവും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമാണ്. അതായത് ആര്‍ട്ടിക്കിള്‍ 14 ല്‍ തുളയിട്ടാല്‍ അത് അപ്പടി മുങ്ങിപ്പോകുമെന്ന് പറയുന്നത് ശരിയല്ല. അത്യാവശ്യം തുളകള്‍ ഇട്ട് തന്നെയാണ് അത് മുന്നോട്ടു പോകുന്നത്. പിന്നെ ”ആ തുളയല്ല ഈ തുള..” എന്നൊക്കെയുള്ള വാദപ്രതിവാദ സാധ്യത മാത്രം ബാക്കിയാകുന്നു.

ചോദ്യമിതാണ്, ആര്‍ട്ടിക്കിള്‍ 14 ലെ നിയമത്തിന് മുന്നിലെ സമത്വം(ഏതൊരു വ്യക്തിക്കും, പൗരന്‍ ആകണമെന്നില്ല) പാലിക്കാന്‍ പൗരത്വഭേദഗതി നിയമത്തിന് സാധിക്കുന്നുണ്ടോ? വിവേചനത്തിന് (discrimination) ആസ്പദമായി പരിഗണിക്കേണ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടു എന്ന് വേണമെങ്കില്‍ വാദിക്കാനാവും എന്നതാണ് വാസ്തവം. മൂന്ന് അയല്‍ രാജ്യങ്ങളെ മാത്രം പരിഗണിച്ചത് സ്വച്ഛാപരമാണ് എന്നു തോന്നാമെങ്കിലും ആസ്സാം സംഘര്‍ഷവും രാജീവ് ഗാന്ധിയും ആസ്സാം ഗണപരിഷത്തുമായുള്ള കരാറും പിന്നീട് ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും ബംഗ്ലാദേശിലെ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ചരിത്രവും പരിഗണിക്കുമ്പോള്‍ NRC യുടെ പരിഹാരബലിയായി അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് ദശകങ്ങള്‍ നീളുന്ന രാഷ്ട്രീയ-നിയമ ചരിത്രത്തിന്റെയും സ്വാഭാവികമായ പരിണാമത്തിന്റെയും പിന്തുണ അവകാശപെടാനാവും.

പാകിസ്ഥാനിലെ അഹമ്മദിയ വിഭാഗം പാകിസ്ഥാന് മുസ്ലിങ്ങളല്ല എന്നത് പാകിസ്ഥാന്‍ നിയമമാണ്. ഇന്ത്യന്‍ നിയമം അനുസരിച്ച് അവര്‍ മുസ്ലിങ്ങള്‍ തന്നെയാണ്. ആ നിലയിലാണ് അവരെ ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചിട്ടുള്ളതും ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ളതും. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഷിയകളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടരെയും മുസ്ലീങ്ങളായി തന്നെയാണ് ആ രാജ്യങ്ങളും ലോകവും പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഷിയകള്‍ക്ക് മുസ്ലിം പദവിയും ന്യൂനപക്ഷപദവിയും മുസ്ലിം സംവരണവും ലഭിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്‍ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന മാനദണ്ഡമായ യുക്തിസഹമായ വര്‍ഗ്ഗീകരണം (reasonable classification) എന്ന മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ എങ്ങുമെത്താത്ത രീതിയില്‍ സംവാദം സാധ്യമാണ്.

ആര്‍ട്ടിക്കിള്‍ 14 ന്റെ അന്തസത്ത ഒരിക്കല്‍ ലംഘിച്ചാല്‍ പിന്നീട് നിരന്തര ലംഘിപെടാനുള്ള സാധ്യത നിലവില്‍ വരും, നിയമത്തിന് മുന്നിലുള്ള സമത്വം എന്ന അവകാശം തന്നെ ആവിയായിപോകും എന്ന വാദം ഉയരുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16 വരെ വായിച്ചു നോക്കിയാല്‍ നിയമത്തിനു മുന്നിലുള്ള സമത്വവും അവസരങ്ങളുടെ സമത്വവും ലിഗം, ജാതി, മതം അടിസ്ഥാനത്തില്‍ ലംഘിക്കാനും ഇളവ് വരുത്താനും ഭരണഘടന തന്നെ തയ്യാറായിട്ടുണ്ടെന്ന് വ്യക്തമാകും. അങ്ങനെയാണ് സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ സമത്വം അനുവദിക്കാന്‍ ഭരണഘടന തയ്യാറായിട്ടുള്ളത്. എന്നാല്‍ അതുകൊണ്ട് മാത്രം ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയം ആവിയായിപ്പോയിട്ടുമില്ല. ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന വിവേചന വ്യവസ്ഥകളായ യുക്തിസഹമായ വര്‍ഗ്ഗീകരണം, യുക്തിസഹമായ കാര്യകാരണബന്ധം, നോണ്‍ ആര്‍ബിട്രറിനെസ്സ് എന്നിവയൊക്കെ തല്‍പര കക്ഷികള്‍ക്ക് വാദിച്ച് ജയിക്കാന്‍ പാകത്തില്‍ അവ്യക്തവും ഇലാസ്തികവുമാണ്.

അപ്പോള്‍ പുതുക്കിയ പൗരത്വനിയമത്തില്‍ ഭരണഘടനാലംഘനം എവിടെയാണ് വരുന്നത്? അതിലൊന്ന് നാല്‍പ്പത്തി രണ്ടാം ഭേദഗതിയില്‍ 1976 ല്‍ കൂട്ടിചേര്‍ത്ത ഭരണഘടനയുടെ ആമുഖത്തിലെ secular എന്ന പദമാണ്. ഒരു സെക്കുലര്‍ രാജ്യത്തിന് അഭയാര്‍ത്ഥികളുടെ പൗരത്വാവകാശം മതാടിസ്ഥാനത്തില്‍ തീരുമാനിക്കാനാവില്ല. മതരാജ്യങ്ങള്‍ക്ക് അത്തരമൊരു ധര്‍മ്മസങ്കടം ആവശ്യമില്ല. സെക്കുലറിസം എന്താണെന്ന് ഇന്ത്യയിലെ കോടതികളോ സര്‍ക്കാരോ ഭരണഘടന തന്നെയോ കൃത്യമായി നിര്‍വചിച്ചിട്ടില്ല. സ്വാഭാവികമായും സെക്കുലറിസത്തിന് ലോകം മുഴുവന്‍ കല്‍പ്പിച്ച് നല്‍കുന്ന അര്‍ത്ഥം തന്നെ നമുക്ക് സ്വീകരിക്കേണ്ടിവരും. പൗരത്വഭേദഗതി ബില്‍ സംശയലേശമന്യേ ഇവിടെ ഭരണഘടനാ ലംഘനം നടത്തുന്നുണ്ട്. ഇതിനും എതിര്‍വാദങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്. നിര്‍വചന കൃത്യത ഇല്ലാത്ത എന്തും സംവാദങ്ങളില്‍ ച്യൂയിംഗംപോലെ പെരുമാറും.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള പ്രത്യേക അവകാശങ്ങള്‍ അടങ്ങിയ ആര്‍ട്ടിക്കിള്‍ 371 ന്റെ ലംഘനമാണ് പൗരത്വഭേദഗതി എന്നതാണ് പരിഗണിക്കപ്പെടേണ്ട കാര്യം. ഇവിടെ അധികം ചര്‍ച്ചിച്ച് കൊഴുപ്പിക്കാനുള്ള അവസരമില്ല. ആസ്സാമിലെ പൗരത്വ രജിസ്റ്റര്‍ പ്രകാരം ഇനിയും യോഗത്യ നേടാനാവാത്ത 19 ലക്ഷം പുറംദേശക്കാരില്‍ 13-14 ലക്ഷംഅമുസ്ലിങ്ങളാണ് എന്നാണറിയുന്നത്. ദേശീയ പൗരത്വരജിസ്റ്റര്‍ അപേക്ഷകന്റെ ജാതിയോ മതമോ പരിഗണിക്കുന്നില്ല എന്നാണറിയുന്നത്. അപ്പോള്‍ ഈ കണക്കിന്റെ സ്രോതസ്സ് വ്യക്തമല്ല. എന്നാല്‍ കേവലം 31000 പേര്‍ക്ക് മാത്രമേ പുതുക്കിയ പൗരത്വബില്ലിന്റെ ആനുകൂല്യം ലഭിക്കൂ എന്നാണ് ഔദ്യോഗിക ഭാഷ്യം. അപ്പോള്‍ ഈ കണക്കുകളൊന്നും പൊരുത്തപെടുന്നില്ല. ആസ്സമില്‍ പൗരത്വ രജിസ്റ്ററിന് പുറത്തുപോയ 13 ലക്ഷം അമുസ്ലിം പുറംദേശക്കാരെ പൗരന്‍മാരായി ഉള്‍കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതുക്കിയ പൗരത്വബില്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ബാക്കി അഞ്ചുലക്ഷംവരുന്ന മുസ്ലിം അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ നിയമം നിശബ്ദമാണ്. ഇത് വിവേചനപരമാണെന്ന് സ്പഷ്ടമാണ്. എന്നാല്‍ അഭയാര്‍ത്ഥികളെ ആരെയുംതന്നെ സ്വീകരിക്കാനിവില്ല എന്ന നിലപാടുമായാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനത തെരുവ് കത്തിക്കുന്നത്. തങ്ങളുടെ വംശീയവും സാംസ്‌കാരികപരവുമായ അവകാശങ്ങള്‍ (ethnic and cultural rights) സംരക്ഷിക്കപെടാന്‍ അന്യര്‍ ഭീഷണിയാണ് എന്നും അത്തരം കലര്‍പ്പുകള്‍ അംഗീകരിക്കാനാവില്ല എന്നുമാണ് ആസ്സാം ജനതയുടെ വാദം. ഇവിടെ അവര്‍ക്ക് ഭരണഘടനാലംഘനം വ്യക്തമായി ഉന്നയിക്കുകയും ചെയ്യാം. എതിര്‍വാദങ്ങള്‍ തീരെ ദുര്‍ബലമാണ്.

അപ്പോള്‍ പരിഹാരമെന്താണ്? പുതുക്കിയ പൗരത്വബില്‍ പിന്‍വലിക്കുകയോ മുസ്ലിം അഭയാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി അത് ഭേദഗതി ചെയ്യുകയോ ആണ് പോംവഴി. സര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. പ്രശ്‌നം ആത്യന്തികമായി പരിഹരിക്കപ്പെടുമോ? പുതുക്കിയ പൗരത്വനിയമം പിന്‍വലിച്ചാല്‍ ആസ്സാമിലെ പുറത്തുപോയ 19 ലക്ഷത്തെയും ജാതമതഭേദമില്ലാതെ പൗരന്‍മാരായി സ്വീകരിക്കേണ്ടതുണ്ട്. മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും രാജ്യമെമ്പാടും സമാനമായ നിലപാട് സ്വീകരിക്കണം. അതിന് തയ്യാറല്ലെന്ന് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നു. ആസ്സാമിലെ ഭൂരിപക്ഷ ജനത കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി മുന്നോട്ടുവെക്കുന്ന നിലപാടാണിത്. അതില്‍ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. അപ്പോഴെന്തു ചെയ്യും? ഈ അഭയാര്‍ത്ഥികളെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുമോ? ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും എന്തുചെയ്യും? ”അഭയാര്‍ത്ഥികളെ സംരക്ഷിക്കണം”എന്നാണ് നാം പൊതുവെ പറയുക. ”അഭയാര്‍ത്ഥികളെ സംരക്ഷിച്ചുകൊള്ളാം” എന്നല്ല എന്നോര്‍ക്കുക. സംരക്ഷണം അന്യന്റെ ബാധ്യതയാകുമ്പോഴേ മുദ്രാവാക്യംവിളിക്ക് ഉശിരുണ്ടാകൂ.

ചുരുക്കത്തില്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമാകുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്ക് അവരുടെ വംശീയവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിച്ച് കൊടുക്കാം എന്ന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംബന്ധിച്ചാണ് കൃത്യമായ ഭരണഘടനാ ലംഘനം നടന്നിട്ടുള്ളത്.

പുതുക്കിയ പൗരാവകാശനിയമം മുസ്ലിം മതവിഭാഗത്തിലുള്ള അഭായാര്‍ത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല. ആധുനിക ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും അന്തസത്തയ്ക്ക് കടക വിരുദ്ധമാണ് ഈ സമീപനം. മാനവികതയുടെയും വിവേചനരാഹിത്യത്തിന്റെയും പക്ഷം ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ഭരണഘടന ഉറപ്പുനല്‍കുന്ന സംവാദസാധ്യതകള്‍ക്കും ഉയരത്തില്‍ സഞ്ചരിക്കാന്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ ഇത്തരം വിവേചനങ്ങളെ യുക്തിസഹമായി തുറന്നു കാട്ടാനാവൂ. ഭരണഘടനാ ധാര്‍മ്മികത വിഭാവനം ചെയ്യുന്ന മൂല്യബോധത്തിനും ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഒരു സമൂഹം ഉരുത്തിരിയണം. സഹജീവി സ്‌നഹത്തിനും മാനവികതയ്ക്കും മുന്‍തൂക്കം നല്‍കണംഅന്യര്‍ ള്ളതുകൊണ്ടാണ് നാം ഉള്ളത് (we are because of other people) എന്ന ഉബുണ്ടു തത്വം തിരിച്ചറിയണം.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *