കൈനീട്ടാത്ത സമൂഹം


(1) റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് എന്ന സുപ്രീംകോടതി(പരമാനന്ദ കഠാരെ Vs കേന്ദ്രസര്‍ക്കാര്‍, 1988) വിധി മൂന്ന് ദശകങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ കേരളം തീരുമാനിച്ചുവെന്ന വാര്‍ത്ത അത്യന്തം സന്തോഷകരമാണ്. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. തികച്ചും അഭിനന്ദനാര്‍ഹമായ ഭരണതല ഇടപെടലാണ് ഇത്. പല വേദികളിലായി പലപ്പോഴും പറയുകയും എഴുതുകയും ചെയ്ത ഒരു കാര്യത്തിലുണ്ടാകുന്ന അനുകൂല നീക്കം ആഹ്‌ളാദകരമാണ്.

(2) കേരളത്തില്‍ റോഡ് യാത്ര അത്ര സുരക്ഷിതമല്ല എന്നത് ഒരു വസ്തുതയാണ്. ഇടുങ്ങിയ റോഡുകളും വാഹനബാഹുല്യവും ഗതാഗതനിയമങ്ങളോടുള്ള അനാദരവും നമ്മുടെ റോഡുകളെ കൊലക്കളങ്ങളാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. റോഡപകടത്തില്‍ പെടുന്നവരെ ശ്രദ്ധിക്കാനോ ആശുപത്രിയിലെത്തിക്കാനോ പൊതുസമൂഹത്തിന് താല്പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ആശുപത്രിയില്‍ എത്തിക്കുന്ന ആള്‍ക്ക് പാരിതോഷികവും നിയമക്കുരുക്കില്‍ നിന്നുള്ള മോചനവും ഉറപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. അതേസമയം അപകടക്കേസുകള്‍ കയ്യൊഴിയാനുള്ള പ്രവണത ആശുപത്രിക്കാര്‍ക്കിടയിലുണ്ട്. ഇക്കാര്യത്തില്‍ അവരെ അധിക്ഷേപിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവാം. ആദ്യ 48 മണിക്കൂറിലെ ചികിത്സയ്ക്ക് ഉപാധികളില്ലാതെ സര്‍ക്കാര്‍ പ്രതിഫലംനല്‍കും എന്നുറപ്പായാല്‍ മറ്റൊന്നും തിരക്കാന്‍ നില്‍ക്കാതെ, രോഗിയുടെ വലുപ്പചെറുപ്പം അന്വേഷിക്കാതെ, ചെലവിനെക്കുറിച്ച് വ്യാകുലപ്പെടാതെ അടിയന്തരചികിത്സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കും, സാധിക്കണം.

(3) റോഡപകടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മാരകരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം തിരിച്ചടികളിലും സമാനമായ പരിരക്ഷ പൗരന് ലഭ്യമാകണം. രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥനാബോര്‍ഡുകളും ഫ്‌ലക്‌സുകളും ഇന്ന് കേരളത്തിലെങ്ങും കാണാനാവും. എന്തുകൊണ്ട് ഈ ഭിക്ഷാടനം ഒഴിവാക്കിക്കൂടാ? കൈ നീട്ടുന്ന ജനതയായി കേരളസമൂഹം പരമിതപ്പെടരുത്. പരിരക്ഷാ പദ്ധതികളുമായി സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ രംഗത്തു വന്നാല്‍ കൊടുത്ത് ശീലിച്ചവര്‍ക്കും വാങ്ങി ശീലിച്ചവര്‍ക്കും ആശ്വാസംകിട്ടും.

(4) സദാ മറ്റുള്ളവരുടെ ദയയില്‍ ജീവിക്കേണ്ടിവരിക എന്നത് വേദനാജനകമാണ്. പരസഹായം വാങ്ങി ഒരു പ്രതിസന്ധിയില്‍ നിന്ന് കരകയറിയാല്‍ കുനിഞ്ഞ ശിരസ്സോടെ മാത്രമേ പിന്നീട് സഹായിച്ചവരുടെ മുന്നില്‍ ചെല്ലാനാവൂ. സഹായിച്ചവര്‍ എന്ന ഔന്ന്യത്വബോധം മറുപക്ഷത്തിനും ഉണ്ടാകും. എല്ലാവരും അങ്ങനെ പെരുമാറുന്നുണ്ടാവില്ല, പക്ഷെ ഇരുപക്ഷത്തിനും അത് മനസ്സിലുണ്ടാവും. ചാരിറ്റിയിലൂടെ ഒരു ജനതയും ആത്യന്തികമായി രക്ഷപെട്ടിട്ടില്ല. പരിരക്ഷാപദ്ധതികളുടെ നിസ്സാരവിഹിതം അടയ്ക്കാന്‍ പൗരന്‍ തയ്യാറാകണം. ഉദാഹരണമായി, റോഡപകട ചികിത്സാ ഇന്‍ഷ്വറന്‍സിന്റെ പ്രീമീയം ഇന്ധനവിലയിലോ റോഡ് നികുതിയിലോ ഏര്‍പ്പെടുത്തുന്ന നിസ്സാരവര്‍ദ്ധനയിലൂടെ പരിഹരിക്കാം. അല്ലെങ്കില്‍ വാഹനംവാങ്ങുമ്പോള്‍ ഒറ്റത്തവണയായി ഈടാക്കാം. നാമറിയാതെ ഈ തുക അടഞ്ഞുപോകും.സമൂഹം ഒന്നടങ്കം അംഗങ്ങള്‍ ആകുന്നതോടെ പ്രീമിയംതുക ഗണ്യമായി കുറയും, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ലാഭമുണ്ടാകും. നിസ്സാരതുകപോലും അടയ്ക്കാനാവാത്ത പരമദരിദ്രരുടെ പ്രിമീയം സര്‍ക്കാര്‍ തന്നെ അടയ്ക്കാം. അതിനുള്ള തുക മറ്റുള്ളവരില്‍നിന്ന് കണ്ടെത്തണം.

(5) കള്ളക്കടത്തുകാര്‍ മുതല്‍ ആള്‍ദൈവങ്ങള്‍വരെ ചാരിറ്റി നടത്തി സ്വയംസംരക്ഷിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരം പരിരക്ഷകള്‍ അനിവാര്യമാകുകയാണ്. പ്രകടമായ ചൂഷണത്തിലൂടെ നൂറ് രൂപ ഉണ്ടാക്കി, അതില്‍ ഒരു രൂപ ജീവകാരുണ്യത്തിന് വലിച്ചെറിഞ്ഞ്, അതിന് പത്ത് രൂപയുടെ പരസ്യപ്രചരണവും കൊടുത്ത് സ്വയം മഹത്വപ്പെടുത്തുന്ന ഇത്തരക്കാരുടെ മുന്നിലേക്ക് സാധാരണക്കാരെ എത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അധികബാധ്യയില്ലാതെതന്നെ ഈ ഉത്തരവാദിത്വം നിറവേറ്റാനുമാവും. അര്‍ഹത ഇല്ലാത്ത പണമാണല്ലോ വാങ്ങുന്നത് എന്ന ബോധം സഹായം ലഭിക്കുന്നവര്‍ക്കോ സൗജന്യം നല്‍കുകയാണല്ലോ എന്ന ധാരണ കൊടുക്കുന്നവര്‍ക്കോ ഉണ്ടാകില്ല. ആരും കൈ നീട്ടേണ്ടതില്ല, ആരും വെച്ചുനീട്ടേണ്ടതില്ല. എന്തെന്നാല്‍ സര്‍ക്കാരിന് മുഖമില്ല. അത് നാം തന്നെയാണ്, ആ പണം നമ്മുടേതാണ്.

(6) വര്‍ദ്ധിച്ച അപകടസാധ്യതയുള്ള എല്ലാ വ്യവഹാരങ്ങള്‍ക്കും ചെറിയൊരു തുക ഇന്‍ഷ്വറന്‍സ് പ്രീമീയമായി അടച്ചുകൊണ്ടിരിക്കുക, അപകടങ്ങളെയും തിരിച്ചടികളെയും സധൈര്യം നേരിടുക. അതോടെ ചാരിറ്റിതന്ത്രങ്ങള്‍ അപ്രസക്തമാകുന്ന, സക്കാത്ത് സംസ്‌ക്കാരം തീണ്ടാത്ത, ആത്മാഭിമാനവും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരു പൊതുസമൂഹം ഉയര്‍ന്നുവരും. സൗജന്യങ്ങളും ചാരിറ്റിയും ഭക്ഷിച്ച് ജീവിക്കുന്ന ജനത സ്വയം ആദരിക്കാന്‍ പരാജയപ്പെടുന്ന ഒന്നാണെന്ന തണുത്ത സത്യമാണ് അവിടെ തിരിച്ചറിയപ്പെടുന്നത്. മറ്റുള്ളവരോടോ ഭാവനാശക്തികളോടോ കൈനീട്ടാത്ത, ഭിക്ഷാടനംവെറുക്കുന്ന, സ്വയംസംരക്ഷിക്കുന്ന ഒരു ജനതയായി ഉയരാന്‍ നമുക്ക് സാധിക്കട്ടെ.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *