കൊല്ലപ്പെടുന്നവരുടെ സുവിശേഷം


  (1) നാസ്തികരെ കൊല്ലാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ അനിവാര്യമായിത്തീരും. ചുമക്കാന്‍ വിധിക്കപ്പെട്ടവ ഒഴികയുള്ള എല്ലാ വിശ്വാസഭാണ്ഡങ്ങളും തള്ളിക്കളഞ്ഞവരാണ് മിക്ക മതവിശ്വാസികളും. 99.99 ശതമാനം വരുന്ന അന്യദൈവങ്ങളെ കയ്യൊഴിഞ്ഞാണ് അവരരവരുടെ ചക്കരദൈവത്തില്‍ ഒട്ടിപ്പിടിക്കുന്നത്. വിശ്വാസവിമര്‍ശനമാണ് നീറ്റലുണ്ടാക്കുന്നതെങ്കില്‍ അന്യമതഗ്രന്ഥങ്ങളൊക്കെ കത്തിക്കേണ്ടിവരും. പാരമ്പര്യസംരക്ഷണപ്പൂതിയാണ് വിഷയമെങ്കില്‍ പൂര്‍വികരെ അപ്പാടെ തള്ളണം. കാരണം അവര്‍ പറഞ്ഞതോ ചെയ്തതോ അല്ല നിങ്ങള്‍ പിന്തുടരുന്നത്. (2) ദൈവമില്ല (അള്ളാഹു അല്ലാതെ) എന്നു പറയുന്നവരും അള്ളാഹു-ആരാണത്?(അള്ളാ-ഹു?) എന്നു ചോദിക്കുന്നവരും ഫലത്തില്‍ നിരീശ്വരവാദികള്‍ തന്നെ. അവരെല്ലാം കോഴ്‌സ് മുഴുവന്‍ പഠിച്ചവരാണ്, മുഴുവന്‍ ഫീസും അടച്ചവരാണ്, പരീക്ഷ എഴുതിയവരാണ്…നിര്‍ഭാഗ്യവശാല്‍ ഒരു പേപ്പര്‍ മാത്രം കിട്ടിയില്ല. എല്ലാ പേപ്പറും കിട്ടിയവരെ കഴുത്തറുക്കാനും പൊട്ടിത്തെറിപ്പിക്കാനും കുത്തിമലര്‍ത്താനും അവരെ പ്രേരിപ്പിക്കുന്നത് കിട്ടാതെപോയ ആ ഒരു പേപ്പറാണ്. മാനവികത എന്നാണ് ആ വിഷയത്തിന്റെ പേര്. അന്യനെ സഹിക്കാനും സ്വമതത്തോട് മനുഷ്യനെപോലെ യുക്തിസഹമായി സംവദിക്കാനുമാണ് അത് പഠിപ്പിക്കുന്നത്. (3) തമിഴ്‌നാട് സ്വദേശിയായ എച്ച് ഫാറൂഖ്*(31) എന്ന ദിവസവേതന തൊഴിലാളിയെ ഫേസ്ബുക്ക്/വാട്‌സ് അപ്പ് പോസ്റ്റുകളുടെ പേരില്‍ കൊന്നു തള്ളിയവര്‍ അത്രയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. ദ്രാവിഡ വിടുതലൈ കഴകത്തിന്റെ പ്രവര്‍ത്തകനായ ഫറൂഖിനെ സ്‌ക്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം കോയമ്പത്തൂരില്‍ വെച്ച് ആസൂത്രിതമായി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് പ്രേരണയായി വ്യക്തിപരമോ വ്യാപരപരമോ ആയ കാരണങ്ങളൊന്നും പോലീസ് സൂചിപ്പിക്കുന്നില്ല. മതവിമര്‍ശനമാണ് കാരണം എന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. കീഴടങ്ങിയ പ്രതികളിലൊരാളുടെ(അന്‍സത്*-30) മുഖത്ത് വിരിയുന്ന കരളുരുക്കുന്ന ചിരി വെളിവാക്കുന്നതും മറ്റൊന്നല്ല. ഈ ചിരി അവസാനമായി മലയാളി കണ്ടത് പ്രൊഫ. ടി.ജെ ജോസഫ് കൈവെട്ട് കേസിലെ പ്രതികള്‍ കോടതിവിധിക്ക് ശേഷം ഒളിമ്പിക്‌സ് ജേതാക്കളെപ്പോലെ ചിരിച്ചുറഞ്ഞു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ്.
(4) എല്ലാവരും മതവാദികളാകുന്ന സമൂഹം മനുഷ്യജീവിതം ദുസ്സഹമാക്കും. കേരളത്തില്‍ അത് സംഭവിക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. കള്ളനാണയങ്ങള്‍ എല്ലായിടുത്തുമുണ്ട്. എങ്കിലും മതേതരവാദികള്‍ക്കിടയില്‍ അതിന്റെ എണ്ണം കൂടി വരികയാണ്. പരോക്ഷമതാനുരാഗികളാണ് കേരളത്തിലെ മതേതരവാദികളില്‍ നല്ലൊരുപങ്കും. പുരോഗമനരാഷ്ട്രീയം താലോലിക്കുന്ന മിക്കവരും വഴുവഴുപ്പുള്ള പച്ചവിറകുകളാണ്, കത്തില്ല, വല്ലാതെ പുകഞ്ഞ് നില്‍ക്കും. വെടിവെക്കുമ്പോള്‍ പൊട്ടിത്തെറിക്കും, വെട്ടിയരിയുമ്പോള്‍ കണ്ണടയ്ക്കും. ആദ്യത്തേത് നന്നായി വിറ്റുപോകുമെന്നും രണ്ടാമത്തേത് കച്ചവടം പൊളിച്ചേക്കുമെന്നും മനസ്സിനുള്ളില്‍ കുറിച്ചിടും. (5) ഉത്താരാധുനികത എന്ന പേരില്‍ വില്‍ക്കപ്പെടുന്നത് മതാനുരാഗവും ശാസ്ത്രവിരുദ്ധതയുമാകുന്നു. വാക്കുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. പദങ്ങള്‍ക്ക് അകാലനര വീണിരിക്കുന്നു. ഹിംസമാത്രം എന്ന പരസ്യവുമായി സമൂഹത്തെ വേട്ടയാടുന്നവരെ സമാധാനമതക്കാര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നു! ഫാസിസ്റ്റ് എന്നാല്‍ ഫാസിസ്റ്റുകള്‍ പരസ്പരം വിളിക്കുന്ന കളിപ്പേരായി മാറിയിരിക്കുന്നു. സാമ്രജ്യത്വവിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയുമൊക്കെ അതാതിന്റെ മൊത്തക്കച്ചവടക്കാര്‍ എതിരാളികളെ അധിക്ഷേപിക്കാന്‍ ഒപ്പിച്ചെടുക്കുന്ന കുസൃതിപ്രയോഗങ്ങള്‍ മാത്രം! യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാന്‍ വിസമ്മതിക്കുന്നവര്‍ ഭാവനാപ്രതിയോഗികളെ സൃഷ്ടിച്ച് അവരുടെ വരിയുടച്ച് ആളുകളിക്കുന്നു. പ്രശ്‌നം ചുറ്റും ഇരമ്പിയാര്‍ക്കുന്ന അഗ്നിബാധയില്ല, മീശ കരിഞ്ഞതാണ്! (6) ഇസ്ലാം ഒരു ‘ടൈം മിഷീനാ’ണ്. ആധുനിക മനുഷ്യനെ 1400 വര്‍ഷം പുറകിലുള്ള ഗോത്രമനുഷ്യന്റെ മാനസിക അവസ്ഥയിലേക്ക് വലിച്ചെറിയാന്‍ അതിന് നിസ്സാരമായി സാധിക്കുന്നു. പരമതനിന്ദയുടെ പരമമായ ആഘോഷമാണ് അത് മുന്നോട്ടുവെക്കുന്ന മതസാഹിത്യം. ഫാറൂഖ് നിര്‍ഭാഗ്യവനായ ഇരയാണ്. ശരിയായ കൊലയാളികളെ ലഭിച്ചിരുന്നെങ്കില്‍ അവന് ഫാസിസത്തിന്റെ ഇര ആകാനുള്ള ഭാഗ്യമെങ്കിലും സിദ്ധിക്കുമായിരുന്നു! അവനെ കുറിച്ചോര്‍ത്ത് ഇല പൊഴിക്കാന്‍ നന്മയുടെ പൂമരങ്ങള്‍ ഇനി വരില്ല. കൊല പ്രശ്‌നമല്ല, ആരെയാണ് കൊന്നത്, ആരാണ് കൊന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനം. രക്തംകാണുമ്പോള്‍ ഹരംകയറുന്നവരും അന്വേഷിക്കുന്നത് ആരുടെ രക്തം എന്നാണ്. വൈദേശിക വിഷമതകള്‍ ഓര്‍ത്ത് ആഴ്ചകളോളം കരഞ്ഞു തളരുന്നവര്‍ അയല്‍പക്കത്തെ ഹത്യകള്‍ ആമോദത്തോടെ അവഗണിക്കുന്നത് അങ്ങനെയാണ്. (7) എല്ലാ മരണവും മരിക്കാത്തവരുടെ പ്രശ്‌നമാണ്. മരണം അടയാളപ്പെടുത്തപ്പെടുന്ന രീതി എന്തായാലും അതുകൊണ്ട് കൊല്ലപ്പെട്ടയാള്‍ക്ക് പ്രയോജനമൊന്നുമില്ല. പക്ഷെ പ്രതിഷേധം വരുംകൊലകള്‍ക്കെതിരെയുള്ള താക്കീതാണെന്ന് മനസ്സിലാക്കണം. നാസ്തികനെ കൊല്ലുന്നത് സുരക്ഷിതമാണെന്ന ധാരണ പരക്കുന്നു. ആരാണ് ചോദിക്കാന്‍?! മതം കത്തി വീശുമ്പോള്‍ പുരോഗമനക്കാരുടെ തൊണ്ടക്കുഴിയില്‍ കഫംനിറയും. ദു:ഖം നടിച്ചാല്‍ സാധ്യത മങ്ങുമെന്ന് മനസ്സിലാക്കുന്നവര്‍ താളംചവിട്ടി തറമണ്ണ് കുഴയ്ക്കും. പരസ്യമായി അപലപിച്ച് തളരുമെങ്കിലും വിശ്വാസികള്‍ പൊതുവെ ഇതൊക്കെ ഇഷ്ടപ്പെടുന്നവരാണ്. അതാണ് മതംനിര്‍മ്മിക്കുന്ന മാനസികാവസ്ഥ. നാസ്തികനെ കൊല്ലുമ്പോള്‍ തനിക്ക് ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു എന്നു ഗൂഡമായി ആഹ്ലാദിക്കുന്നവരെല്ലാം മതവിശ്വാസികളാണ്. ഒരര്‍ത്ഥത്തില്‍ അവര്‍ മാത്രമാണ് വിശ്വാസികള്‍, ബാക്കിയൊക്കെ മനുഷ്യരാണ്. (8) വിശ്വാസി മരിച്ചാല്‍ മതം നശിക്കും, അവന്റെ ദൈവം മരിക്കും. ഇന്നത്തെ മതങ്ങളൊക്കെ കുരുത്തത് പുരാതനമതങ്ങളുടെയും ദൈവങ്ങളുടെയും ശവപറമ്പുകളിലാണ്. ഹിംസ കൊണ്ട് എന്തിനേയും സംരക്ഷിക്കാം, എത്ര അധമമായ ആശയത്തേയും. ലജ്ജാകരമായ ഭൗതികാസക്തിയും അതിന്റെ മരണാനന്തര തുടര്‍ച്ചയും ആഗ്രഹിക്കുന്നു എന്ന കാരണത്താല്‍ മറ്റേതൊരു വിശകലനപദ്ധതി പ്രകാരവും മനോവൈകല്യം എന്ന് മാത്രം വിലയിരുത്തപ്പെടാമായിരുന്ന ചിന്താരീതികള്‍ വിമര്‍ശിക്കപ്പെടുന്നത് അവസാനിക്കണമെങ്കില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ തലയൊടിയണം. നാസ്തികര്‍ മരിക്കുമ്പോഴും നാസ്തികത ജീവിക്കുന്നത് അങ്ങനെയാണ്. എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന ലോകത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. മതം നേരെ തിരിച്ചും. മതം മതത്തെ മാത്രം സ്‌നേഹിക്കുന്നു, അല്ലാത്തവരെ കൊല്ലുന്നു. കൊന്നില്ലെങ്കില്‍ മതം മരിക്കും.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *