ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും


  കേരള സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശാസ്ത്രീയ മനോവൃത്തി എന്നുള്ളത്.
എന്താണ് Scientific temper?
ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള   എന്തോ ഒന്നാണ്  എന്ന് കരുതിയെങ്കില്‍  തെറ്റി. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ കയ്യില്‍ മീന്‍ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ കൊട്ടകള്‍ നിറയെ മത്സ്യം വാങ്ങിക്കൂട്ടുന്നതിനെ ശാസ്ത്രജ്ഞാനം എന്ന് പറയാമെങ്കില്‍ മത്സ്യം പിടിക്കുവാന്‍ ഉള്ള കഴിവിനെ ശാസ്ത്രീയ മനോവൃത്തി എന്ന് വിളിക്കാം. നമ്മുടെ സമൂഹത്തിന്റെ ഒരു ടെമ്പോ ആണ്, ശാസ്ത്രവും മതവും തമ്മില്‍ അഗാധമായ സൗഹൃദം ആണെന്നും, ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരെല്ലാം മതം മനസ്സിലാക്കും എന്നൊക്കെയുള്ളത്. യാഥാര്‍ത്ഥ്യം ശാസ്ത്രവും മതവും തമ്മില്‍ അങ്ങനെ അഗാധമായൊരു ബന്ധവുമില്ല എന്നുള്ളതാണ്. ശാസ്ത്രത്തിനു വിരുദ്ധമായ പലതുമുണ്ട്, അതില്‍ ഏറ്റവും വിരുദ്ധമായ ഒന്ന് ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍, അങ്ങനെ ഒന്നാണ് മതം. മതം പൂര്‍ണ്ണമായും അശാസ്ത്രീയമല്ല, പക്ഷെ ശാസ്ത്രവും മതവും തമ്മില്‍ എപ്പോഴും ഒരു സൌഹാര്‍ദ്ദം വേണ്ടിവരുന്നത് മത ജീവിതത്തിനു വളരെ ആവശ്യമാണ്. അതായത് ശാസ്ത്രവും, യുക്തിബോധവും, സാമാന്യബോധവും ഒന്നുമില്ലാതെ ജീവിതം ദുഷ്കരമായിരിക്കും, പക്ഷെ മതമില്ലാതെ സുഖമായി ജീവിക്കാം. ഒരു 150 വര്‍ഷത്തിനു മുന്നേ ഒരു ഭിക്ഷക്കാരനു പോലും മതവിശ്വാസി അല്ലാതെ ജീവിക്കുക അസാധ്യമായിരുന്നു. അല്ലെങ്കില്‍ ശാസ്ത്രത്തില്‍ നിന്നും മതം പൂര്‍ണ്ണമായും പിന്മാറിയിട്ടു ഒരു 150 വര്‍ഷമേ ആയിട്ടുള്ളൂ. ന്യൂട്ടന്‍, ലൂയി പാസ്ടര്‍  എന്നിവരുടെയൊക്കെ കാലഘട്ടം അതിനു മുന്നേ ആയിരുന്നു, അന്ന് വിദ്യാഭ്യാസം അനുഷ്ഠിരുന്നതെല്ലാം പുരോഹിതരായിരുന്നു, അല്ലെങ്കില്‍ പൊതുവില്‍ അവരുടെ ശാസ്ത്രം മതം പറയുന്നത് സാധൂകരിക്കാനുള്ള ഒരു ഉപാധിയായിരുന്നു.
എന്താണ് സയന്‍സിന്റെ അടിസ്ഥാനം?
പരമ്പരാഗതമായി മനുഷ്യന്‍ അറിവ് ആര്ജ്ജിച്ചിരുന്നത് നാല് മാര്‍ഗതിലൂടെയാണ്. അതിനെ TADR എന്ന് വിളിക്കാം. Tradition, Authority, Dogma and Revelation.
എന്താണ് ട്രെഡീഷന്‍  (tradition) ?
എങ്ങനെയാണ് അറിവുണ്ടാകുന്നത്? അറിവുണ്ടാകുന്നത് പാരമ്പര്യമായി ഉള്ളതാണ്, പറഞ്ഞു വച്ചിട്ടുള്ളതാണ്‌ അതിനെ അറിവായി കാണുന്ന രീതിയാണ് Traditional ആയി ഉള്ള ജ്ഞാനസമ്പാദനം. പരമ്പരാഗതമായി മനുഷ്യന്‍ അറിവ് ആര്‍ജ്ജിച്ചിരുന്ന ഒരു മാര്‍ഗ്ഗമാണ് tradition വഴി.
എന്താണ് അതോറിറ്റി (authority) ?
നമ്മുടെ സമൂഹത്തില്‍ hierarchically top ladders ല്‍ നില്‍ക്കുന്ന ആളുകള്‍ ഉണ്ട്. ഉദാഹരണമായി അരിസ്ടോട്ടില്‍ പറഞ്ഞു, ബുദ്ധന്‍ പറഞ്ഞു, നെപ്പോളിയന്‍ പറഞ്ഞു, ഇങ്ങനെ പലരുടെയും വാചകങ്ങളില്‍ അഭിരമിക്കുന്ന ഒരു സമൂഹം ജ്ഞാനപരമായി ശെരിയായ പാതയിലല്ല സഞ്ചരിക്കുന്നത്  ആരുപറഞ്ഞു എന്നതിന് ശാസ്ത്രത്തില്‍ പ്രാധാന്യമില്ല, ശാസ്ത്രത്തില്‍ തമ്പുരാക്കന്മാരില്ല, പ്രവാചകന്മാരില്ല, അതോരിറ്റികളില്ല. ആരുപറഞ്ഞാലും, പറയുന്നത് സ്വന്തം നിലയില്‍ സാധുവാണോ എന്നുള്ളതാണ് പ്രധാനം.
എന്താണ് ഡോഗ്മ (Dogma) ?
ഒരു ആശയ പരിസരം, ആശയ സംഹിത എന്നിവയൊക്കെ ഡോഗ്മയില്‍ വരും. ഉദാഹരണമായി മതം ഒരു ഡോഗ്മയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍, ഗാന്ധിസം, മാര്‍ക്സിസം തുടങ്ങിയ തത്വ സംഹിതകളെല്ലാം തന്നെ ഡോഗ്മയാണ്.  ഒരു മാര്‍ക്സിസ്റ്റുകാരന്‍ കാര്യങ്ങളെ വിലയിരുത്തുന്നത് വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ പിന്‍പറ്റിയായിരിക്കും. എന്തിലും രണ്ടു സംഭവങ്ങള്‍ ഉണ്ടെന്നും, അതിലെ സംഘര്‍ഷവും ഐയ്ക്യവും ആണ് ലോകം എന്നും അയാള്‍ വിലയിരുത്തും. അയാളുടെ ജീവിതവീക്ഷണത്താല്‍ പരിമിതപ്പെട്ട ലോക കാഴ്ചകള്‍ ആണ് അയാള്‍ക്കുള്ളതു. എന്തിലും വര്‍ഗ്ഗ സംഖര്‍ഷം കാണുന്ന അയാള്‍, അയാളുടെ ഡോഗ്മക്ക് അടിമയാണ്. മറ്റൊന്നാണ് ക്രിസ്ത്യാനികള്‍ടയിലുള്ള പാപബോധം. ഇതുപോലുള്ള ഡോഗ്മാകളായിരുന്നു ഒരുകാലത്ത് അറിവിന്റെ മാര്‍ഗ്ഗം.
എന്താണ് റെവലെഷന്‍ (revelation) ?
രണ്ടുതരത്തിലുള്ള അറിവുണ്ട്. ഒന്ന് ട്യൂഷന്‍, യഥാര്‍ത്ഥത്തിലുള്ള ടീച്ചിംഗ് ലേണിംഗ് (Teaching – Learning) പ്രോസ്സസ് എല്ലാം ട്യൂഷന്റെ ഭാഗമാണ്. പരീക്ഷകള്‍, നിരീക്ഷണങ്ങള്‍, experimentation, പഠനയാത്രകള്‍ എന്നിങ്ങനെ കഷ്ടപ്പെട്ട് നേടുന്ന അറിവിന്റെ മാര്‍ഗ്ഗമാണ് ട്യൂഷന്‍ എന്ന് പറയുന്നത്. പക്ഷെ പരമ്പരാഗതമായി സമൂഹത്തില്‍ കണ്ടുവരുന്ന നിലപാട് ഈ ട്യൂഷന്‍ എന്നത് വളരെ കുറഞ്ഞ നിലവാരത്തില്‍ ഉള്ളതാണെന്നും ആ അറിവിന്‌ ശാശ്വതമായ മൂല്യമില്ലെന്നും, അതേസമയം ട്യൂഷനെ അതിജീവിക്കുന്ന ഒരു തരം അറിവുണ്ടെന്നുമാണ്. (ഇന്റ്യൂഷന്‍ – Intuition). ഇന്റ്യൂഷന്‍ (Intuition) എന്ന് പറഞ്ഞാല്‍ ഇന്ദ്രിയങ്ങളില്‍ നിന്നോ പുസ്തകങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ അല്ല അറിവ് ലഭിക്കുന്നത്, മറിച്ചു അറിവിന്റെ സമ്പൂര്‍ണ്ണ കേന്ദ്രവുമായി ഒരു അദൃശ്യമായ ബന്ധത്തില്‍ നിന്നുമാണ് എന്ന കാഴ്ചപ്പാടാണ്. എകാന്തതയിലിരിക്കുമ്പോള്‍, അല്ലെങ്കില്‍ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളിലേക്ക് ഈ അറിവ് സ്വയം ഊറി വരുന്നു. ഉദാഹരണമായി ബ്രഹ്മം എന്നുള്ളത് അധ്യാപകരില്‍ നിന്നോ, പുസ്തകങ്ങളില്‍ നിന്നോ അറിയാന്‍ സാധിക്കില്ല, മറിച്ചു ചിലയാളുകള്‍ മാത്രം അവരുടെ തപസ്സിലൂടെ ഈ അറിവ് അവരുടെ മനസ്സിലേക്ക് വന്നു എന്ന് അവര്‍ അവകാശപ്പെടുന്നു. അതിനെ ഒരു അറിവായി എടുക്കുക. ഇടയബാലകനായ കാളിദാസന്റെ പരിചിതമായ കഥ ഇത്തരത്തിലുള്ള അറിവ് സമ്പാദനത്തിന് ഒരു ഉദാഹരണമാണ്. ഇത്തരത്തില്‍ അറിവ് ആര്ജ്ജിക്കുന്നതിനെയാണ് revelation എന്ന് പറയുന്നത്. മുകളില്‍ പറഞ്ഞ അറിവിന്റെ നാല് ശ്രോതസ്സുകളുടെ നിരാകരണത്തില്‍  ആണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രം വ്യത്യസ്തമാകുന്നത്. ജ്ഞാനോദയാനന്തര സമൂഹത്തില്‍ അറിവ് ആര്‍ജ്ജിക്കുന്ന ഇത്തരം നാല് മാര്‍ഗ്ഗങ്ങളെ ഏറെക്കുറെ ഒഴിവാക്കി പരിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. മറ്റൊന്നാണ് Apriori എന്നും aposteriori എന്നും രണ്ടു തരത്തില്‍ ഉള്ള knowledge.  ഇതില്‍ ആദ്യത്തേത് ഒരു വസ്തുവിനെ ഒരു സംഭവത്തെ അറിയുന്നതിന് മുന്നേ, നിരീക്ഷിക്കുന്നതിന് മുന്നേ ഊഹാധിഷ്ടിതമായി സ്വരൂപിക്കുന്ന അറിവാണ്. ഉദാഹരണത്തിന് ബ്രഹ്മത്തെക്കുറിച്ചുള്ള പലതരം വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുമ്പോഴും, യാതൊരു പരീക്ഷണമോ നിരീക്ഷണമോ ഇല്ലാതെ അതെല്ലാം അറിവായി പരിഗണിക്കുന്ന പ്രവണത. എല്ലാ മതങ്ങളും ഇതേ മാര്‍ഗ്ഗം അവലംബിക്കുന്നു. രണ്ടാമത്തെ മാര്‍ഗ്ഗത്തില്‍ അറിവ് ആര്‍ജ്ജിക്കുന്നതു  ഒരു വസ്തുവിനെ അല്ലെങ്കില്‍ ഒരു സംഭവത്തെ അറിഞ്ഞതിനു ശേഷം, വിലയിരുത്തിയതിനു ശേഷം, അന്വേഷിച്ചതിനു ശേഷം യുക്തിസഹമായി തെളിവ് കൊണ്ട് വന്നതിനു ശേഷം മാത്രമാണ്. ഇതാണ് സയന്‍സിന്റെ മാര്‍ഗ്ഗം.
എങ്ങിനെയാണ് അറിവ് സമ്പാദിക്കുന്നത്?
അറിവ് സമ്പാദന രീതി വ്യക്തിനിഷ്ഠമല്ല, മറിച്ചു വസ്തുനിഷ്ഠമായിരിക്കണം. ഉദാഹരണമായി വൃക്ഷങ്ങളുടെ വാര്‍ഷിക വലയങ്ങള്‍. വൃക്ഷം എത്ര വര്‍ഷം ജീവിച്ചു എന്നും, ഓരോ കാലഘട്ടത്തിലും അതിനു എത്രമാത്രം ജല ലഭ്യത ഉണ്ടായിരുന്നു, എത്രമാത്രം വരള്‍ച്ച ഉണ്ടായിരുന്നു, അതെങ്ങനെയാണ് അതിജീവിച്ചത്, ഏതു കാലയളവിലാണ് എറ്റവുമധികം പോഷകം കിട്ടിയത്, ഇതിനെ ഏതൊക്കെ രോഗകീടങ്ങള്‍ ആക്രമിച്ചിട്ടുണ്ട് അങ്ങനെ എല്ലാം തന്നെ വാര്‍ഷികവലയങ്ങള്‍ നമുക്ക് പറഞ്ഞു തരും. ഇങ്ങനെ കിടക്കുന്ന ജ്ഞാനത്തെ തിരിച്ചറിയാനുള്ള ഉപാധികള്‍ കൂടി ആവശ്യമാണ്‌. മഴവില്ലിന്റെ കാര്യമെടുത്താല്‍, മഴവില്ലിനെ ദൈവത്തിന്റെ കയ്യോപ്പായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ട്. പക്ഷെ നീരാവിയിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ നമ്മുടെ കണ്ണില്‍ അനുഭവപ്പെടുന്ന ദൃശ്യവിസ്മയമാണ് അതിന്റെ കാരണമെന്നും, അത് പരീക്ഷണ ശാലയില്‍ ഉണ്ടാക്കാം എന്നും കൂടി തെളിയിച്ചതോടുകൂടി മഴവില്ലിന്റെ നിഗൂഡത ഇല്ലാതെ വന്നു. പലപ്പോഴും വസ്തുനിഷ്ഠമായ ജ്ഞാനം നിരാശപ്പെടുത്തിയെക്കാം , ഒരുപക്ഷെ തണുത്തത്‌ ആയിരിക്കാം, കമനീയത ഇല്ലായിരിക്കാം, പക്ഷെ വസ്തുനിഷ്ഠഞാനമാണ് യഥാര്‍ത്ഥ ജ്ഞാനം.
ശാസ്ത്രീയ മനോവൃത്തി എങ്ങനെയാണ് സാമൂഹിക പരിഷ്കരണത്തെ സഹായിക്കുക?
സാമൂഹിക പരിഷ്ക്കരണത്തിന്  നാല് ചക്രങ്ങള്‍ ഉണ്ടെങ്കില്‍ അത് നാലും ശാസ്ത്രതിന്റെതാണ്. അതായത് നമ്മുടെ സമൂഹത്തിലുള്ള സമസ്ത മാറ്റങ്ങളുടെയും അടിസ്ഥാനം ശാസ്ത്രമാണ്. സയന്‍സ് എന്ന് പറയുന്നത് പരീക്ഷണശാലകളില്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസമോ വാതകമോ അല്ല, ശാസ്ത്രഞ്ജന്‍മാര്‍ക്ക് മാത്രം കരഗതമായ എന്തോ ഒന്നും അല്ല സയന്‍സ്. ഒരു കര്‍ഷകന് ശാസ്ത്രം, ശാസ്ത്രീയ മനോവൃത്തി ഉണ്ടാകാം, എന്നുമാത്രമല്ല, ഒരു സയന്റിസ്റ്റ് ആയതോടുകൂടി ശാസ്ത്രീയ മനോവൃത്തി ഉണ്ടാകണം എന്നുമില്ല, സയന്റിഫിക് ടെമ്പര്‍ (Scientific Temper) ഉണ്ടാകുവാനായി സയന്‍സ് പഠിക്കണം എന്നുമില്ല. Scientific temper is state of mind.  അന്വേഷിക്കാനും, യുക്തിസഹമായി ചിന്തിക്കാനും ഒക്കെയുള്ള ഒരു ത്വരയാണ് സയടിഫിക് ടെമ്പര്‍ (Scientific Temper). നമ്മുടെ സമൂഹത്തില്‍ ഡോക്ടര്‍മാരും, ശാസ്ത്രജ്ഞന്മാരും ഒക്കെ പലപ്പോഴും ശാസ്ത്രജ്ഞാനം ഉള്ളവരായിരിക്കും, പക്ഷെ ശാസ്ത്രീയ മനോവൃത്തി ഇല്ലാത്തവരായി കാണപ്പെടുന്നു. ആമിഷ് (Amish) എന്ന് പറയുന്ന അമേരിക്കയിലെ ഒരു ഗോത്ര ജനതയുണ്ട്. സ്വിറ്റ്‌സർലാൻഡിൽ  നിന്നും പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ ആണ് ആമിഷുകള്‍. ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന ആമിഷുകള്‍ ലോകത്താകമാനമായുണ്ട് . സയന്‍സ് മുന്നോട്ടു വയ്ക്കുന്ന സാങ്കേതിക വിദ്യകളെ അവര്‍ നിരാകരിക്കും. ടെലഫോണ്‍, വൈദ്യതി, മോട്ടോര്‍ കാറുകള്‍ തുടങ്ങി ആധുനിക ശാസ്ത്രം മുന്നോട്ടു വക്കുന്ന സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ അവര്‍ നിരാകരിക്കുന്നു. പ്രധാനമായും അവര്‍ ചെയ്യുന്നത് ബൈബിള്‍ വായിക്കുക, പഠിക്കുക എന്നത് മാത്രമാണ്. ലോകത്തിലെ ഒരുവിധം എല്ലാ സംസ്ക്രുതികളുടെയും സമ്മേളനമായ അമേരിക്ക എന്ന വലിയ രാജ്യത്തിലും ഇങ്ങനെ പ്രാകൃതമായ ഒരു ജനത ഇപ്പോഴും ജീവിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ആമിഷുകളുടെ എണ്ണത്തില്‍ 123 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനു കാരണം അവര്‍ വാക്സിനേഷന്‍ സ്വീകരിച്ചു തുടങ്ങി എന്നതാണ്. പക്ഷെ ഈ ഒരു വ്യത്യാസം പോലും നമ്മുടെ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടില്ല. ആമിഷുകളുടെ ശാസ്ത്രീയ മനോവൃതിയില്‍ ഉണ്ടായ മാറ്റമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അമീഷുകളിലേക്ക് വെളിച്ചം വരുന്നു. എത്ര പിടിച്ചു നിന്നാലും ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അധിഷ്ഠിതമായ ഒരു ലോകത്തില്‍ നിന്നും പിന്നോക്കം പോകുവാന്‍ ഒരു ജനസമൂഹത്തിനും കഴിയില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് അമീഷുകള്‍. (Collected from the speech delivered by Ravichandran C on the topic “Scientific temper and Social Reforms” on Dec 7 2016, at Govt College, Thavannoor, Malappuram) Watch the video at YouTube Channel: https://youtu.be/hKdRuPDJxZs

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *