ഒരു ‘രാസ’ ഭീകരന്റെ കഥ


  (1) ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം ‘സത്തിന്റെ രൂചി’എന്നാണ്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ചാമത്തെ പ്രധാന രുചിയായ ‘ഉമാമി’ പ്രദാനം ചെയ്യുന്നതാണ് എം.എസ്.ജി യെ പ്രിയങ്കരമാക്കുന്നത്. ചൈനീസ് വിഭവങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എം.എസ്.ജി ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും എത്തിയിട്ടുണ്ട്. ജൈവഭ്രമിതാക്കളും ഭീതിവ്യാപാരികളും എം.എസ്.ജി ക്ക് എതിരെ വന്‍തോതില്‍ എതിര്‍പ്രചരണം നടത്താറുണ്ട്. ഭക്ഷണത്തെ വിഷമയമാക്കുന്ന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, നാഢീസംബന്ധമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ഒരു വിഷവസ്തു ആയാണ് അവര്‍ അജിനോമോട്ടോയെ കാണുന്നത്. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം, മായംചേര്‍ക്കാത്ത നാടന്‍ ഭക്ഷണം എന്നിവയൊക്കെ കഴിച്ച് ‘ആതുരതയില്ലാതെ ദീര്‍ഘകാലം ജീവിച്ച പഴയ തലമുറയെ’ ചൂണ്ടിക്കാട്ടിയാണ് അജിനോമോട്ടയും ആക്രമിക്കപ്പെടുന്നത്. (2) മോണോസോഡിയം ഗ്ലൂട്ടമേറ്റിന്റെ അമിതസ്വാധീനം ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും, നാഡീകോശങ്ങളെ അമിതമായി സക്രിയമാക്കും എന്നൊക്കെയാണ് ആരോപണങ്ങള്‍. വീണ്ടും കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുന്ന അജിനോമോട്ടോ ആസക്തിയും വിശപ്പും വര്‍ദ്ധിപ്പിക്കുന്നതിലൂടെ പൊണ്ണത്തടിക്ക് കാരണമാകുന്നു. ഹൃദ്രോഗം മുതല്‍ എയിഡ്‌സ് വരെയുള്ള മാരകരോഗങ്ങള്‍ക്ക് അജിനോമോട്ടോ കാരണമായേക്കാം എന്നാണ് ഭീതിവ്യാപാരികളുടെ ലേഖനങ്ങളില്‍ പറയുന്നത്. പലരും തങ്ങള്‍ക്കുണ്ടാകുന്ന പലതരം അലര്‍ജികളുടെ കാരണമായി അജിനോമോട്ടോയെ സങ്കല്‍പ്പിക്കുന്നു. മുന്നൂറില്‍പ്പരം രോഗങ്ങള്‍ കാസര്‍കോട്ട് സൃഷ്ടിച്ച എന്‍ഡോസള്‍ഫാനേയും കടത്തിവെട്ടുന്ന റെക്കോഡാണ് അജിനോമോട്ടോയ്ക്കുള്ളത്! ഭക്ഷണശാലകളിലൊക്കെ ‘ഇവിടെ പാചകം ചെയ്യാന്‍ അജിനോമോട്ടോ ഉപയോഗിക്കുന്നില്ല’എന്ന് പരസ്യം ചെയ്തിരിക്കുന്നത് കണ്ടിട്ടില്ലേ? ഉപഭോക്താക്കളില്‍ ആത്മവിശ്വാസം ജനിപ്പിക്കാനാണ് ഇത്. അത്രമാത്രം വിരുദ്ധപ്രചരണം അജിനോമോട്ടോയ്ക്ക് എതിരെ നടന്നിട്ടുണ്ട്. (3) എന്താണ് വാസ്തവം? അത്ര ഭീകരനാണോ അജിനോമോട്ടോ? ആദ്യമായി പറയട്ടെ, അജിനോമോട്ടോ ഒരു ഭക്ഷണപദാര്‍ത്ഥമല്ല. രുചി വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന ഉപ്പിന് സമാനമായ ഒരു വസ്തുവാണ്. അതെന്നല്ല ഏതൊരു വസ്തുവും നിര്‍ദ്ദിഷ്ട അളവിലും കൂടുതലായി ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കും എന്നത് ഒരു തര്‍ക്കവിഷയമേ അല്ല. അജിനോമോട്ടോയ്ക്ക് എതിരെയുളള പ്രചരണം ആഗോളതലത്തില്‍ ശക്തിപ്പെടുന്നത് 1960 കളിലാണ്. പ്രസിദ്ധമായ ദി ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിയായ റോബര്‍ട്ട് ഹോ മാന്‍ കോക്ക് (Robert Ho Man Kwok) എന്ന പേരുള്ള ഒരു ഭിഷഗ്വരന്റെ ഒരു സംശയനിവാരണകത്ത് പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങളുടെ ആരംഭം. (4) ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ നിന്നും ആഹാരം കഴിച്ചശേഷം തനിക്ക് അലര്‍ജിക്ക് സമാനമായ ചില അസ്വസ്ഥതകള്‍ ഉണ്ടായതിന്റെ കാരണം അറിയാനാണ് അദ്ദേഹം കത്തെഴുതിയത്. റോബര്‍ട്ടിന്റെ കത്തിനെ തുടര്‍ന്ന് മറ്റ് പല വായനക്കാരും ചൈനീസ് ഭക്ഷണം കഴിച്ച ശേഷം സമാനമായ അസ്വസ്ഥതകള്‍ തങ്ങള്‍ക്ക് ഉണ്ടായതായി അവകാശപ്പെട്ടു. ‘റെസ്റ്ററണ്ട് സിന്‍ഡ്രോം’ എന്നായിരുന്നു ആ രോഗലക്ഷണങ്ങള്‍ക്ക് വീണ വിളിപ്പേര്. ചൈനീസ് ഭക്ഷണങ്ങളില്‍ രുചിവസ്തുവായി ചേര്‍ക്കുന്ന എം.എസ്.ജി യെ സംശയത്തിന്റെ നിഴലിലാക്കുന്നതായിരുന്നു കത്തുകളിലെ അനുഭവവര്‍ണ്ണനകള്‍. (5) തുടര്‍ന്ന് അമേരിക്കന്‍ നാഡീശാസ്ത്രജ്ഞനായ ജോണ്‍ ഓള്‍നി (John Olney) എം.എസ്.ജിയെക്കുറിച്ച് ഒരു പഠനം നടത്തി ‘സയന്‍സ്’മാഗസിനില്‍ ഫലം പ്രസിദ്ധീകരിച്ചു. തന്റെ പരീക്ഷണശാലയിലെ വെള്ള എലികളിലേക്ക് അദ്ദേഹം എം.എസ്.ജി നേരിട്ട് കുത്തിവെച്ചതിനെ തുടര്‍ന്ന് അവയ്ക്ക് മസ്തിഷ്‌ക്കസ്രാവവും അനുബന്ധമായ തകരാറുകളുമുണ്ടായി. കോക്കിന്റെ കത്തും ഓള്‍നിയുടെ പരീക്ഷണഫലവും കൂടി വന്നതോടെ എം.എസ്.ജി യുടെ നില പരുങ്ങലിലായി. (6) സത്യത്തില്‍ ഓള്‍നിയുടെ പരീക്ഷണഫലം എം.എസ്.ജി ഭഷ്യവിഷബാധ ഉണ്ടാക്കുന്നതിന് തെളിവായിരുന്നില്ല. എലികളുടെ ത്വക്കിനുള്ളിലേക്ക് അദ്ദേഹം എം.എസ്.ജി നേരിട്ട് കുത്തിവെക്കുകയായിരുന്നു. ആഹാരത്തിലൂടെയാണ് ചെറിയ അളവില്‍ എം.എസ്.ജി നാം ഉള്ളിലാക്കുന്നത്. ഗ്ലുട്ടമേറ്റ് സാധാരണ നമ്മുടെ ദഹനവ്യവസ്ഥ വിഘടിപ്പിക്കുന്ന വസ്തുവാണ്. കഴിക്കുന്നത് കുത്തിവെച്ചാല്‍ കളി മാറുമെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയുന്നത് കാര്യമാണ്. എം.എസ്.ജി അമിതമായി കഴിച്ചത് മൂലം വിഷബാധയേല്‍ക്കുകയോ മരിക്കുകയോ ചെയ്ത കേസുകളൊന്നും ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, കുതിരയ്ക്ക് താങ്ങാന്‍ കഴിയുന്ന മാത്ര(dose)യാണ് ഓള്‍നി എലികളില്‍ കുത്തിവെച്ച് മസ്തിഷ്‌ക്ക തകരാറുണ്ടാക്കിയത്. മാത്ര കൂടുതലാണെങ്കില്‍ എം.എസ്.ജി മാത്രമല്ല കുടിവെള്ളംപോലും പ്രശ്‌നമാണെന്ന് വ്യക്തമാണല്ലോ. (7) പിന്നീട് ഈ വിഷയത്തില്‍ നടന്ന മുഴുവന്‍ പരീക്ഷണങ്ങളും ഓള്‍നിയുടെ കുത്തിവെപ്പ് പരീക്ഷണങ്ങളുടെ കഥയില്ലായ്മ വ്യക്തമാക്കുന്നതായിരുന്നു. 1993 ല്‍ 71 പേരെ ഉള്‍പ്പെടുത്തിയ കണിശമായ ശാസ്ത്രീയപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ എം.എസ്.ജി യുടെ ആരോപിതമായ ദൂഷ്യഫലങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ല (link). 1999 ല്‍ ആസ്തമ ബാധിച്ച (അലര്‍ജിയുടെ പ്രശ്‌നം കൂടുതലായുള്ള) 100 രോഗികളില്‍ പൊലിപ്രഭാവം നിയന്ത്രിച്ചുകൊണ്ടുള്ള സിംഗിള്‍ ബ്ലൈന്‍ഡ് പരീക്ഷണം നടത്തിയ കാതറിന്‍ വോസ്സ്‌നറുടെ (Katherine Woessner) സംഘത്തിനും എം.എസ്.ജി യുടെ ഉപഭോഗംമൂലം ദൂഷ്യഫലങ്ങള്‍ കണ്ടെത്താനായില്ല. ദി ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ സയന്റിഫിക് ഇമ്മ്യൂണോളജിയില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും സമാനമായ ഫലം കാണിച്ചു. 130 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഈ ഡബിള്‍ ബ്ലൈന്‍ഡ് പരീക്ഷണത്തിലും എം.എസ്.ജി ഗണനീയമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്താനായില്ല(Volume 106, Issue 5, Pages 973–980). ഇതു സംബന്ധിച്ച് നടത്തിയ സമാനമായ പരീക്ഷണഫലങ്ങളുടെ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം. (8) ഇന്നുവരെ അജിനോമോട്ടോ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി സ്ഥിരീകരിക്കപ്പെട്ട രേഖകളോ തെളിവുകളോ ഇല്ല. പരിശോധനകള്‍ക്ക് ശേഷം 1958 ല്‍ ‘അങ്ങേയറ്റം സുരക്ഷിതം’എന്നാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (U.S. Food and drug administration/FDA) അജിനോമോട്ടയെ വിശേഷിപ്പിച്ചത്. സുരക്ഷിത ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെട്ട ഗ്രാസ് കാറ്റഗറിയില്‍ അതിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എത്രമാത്രം അജിനോമോട്ടോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കയിലെ ജോയിന്റ് എക്‌സ്‌പേര്‍ട്ട് കമ്മറ്റി ഓണ്‍ ഫുഡ് അഡിറ്റീവ്‌സ് (Joint expert committee on food additives/JECFA) 1987 ല്‍ നിരീക്ഷിച്ചത് അജിനോമോട്ടോയുടെ ശരാശരി ദിവസ ഉപയോഗം ‘കൃത്യമായി പറയുന്നില്ല'(not specified‘) എന്നായിരുന്നു. 1992 ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (American Medical Association) നടത്തിയ പഠനത്തില്‍ അജിനോമോട്ടയെ ‘സുരക്ഷിതം’ എന്ന് അംഗീകരിക്കുകയുണ്ടായി. ഈ പഠനത്തിന് യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കിയിരുന്നു. (9) ‘ഉമാമി’ എന്ന രുചി പ്രദാനംചെയ്യുന്ന, സോഡിയവും ഗ്ലൂട്ടമിക് അമ്ലവും ചേരുന്ന അജിനോമോട്ടയിലെ ഗ്ലൂട്ടമിക് അമ്ലം നമ്മുടെ ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു അമിനോ അമ്ലമാണ്(non essential amino acid). മൊത്തം 20 അമിനോ അമ്ലങ്ങള്‍ ഉള്ളതില്‍ പതിനൊന്നെണ്ണം ശരീരത്തില്‍ സഹജമായി ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ഇതില്‍ ഒന്നാണ് ഗ്ലൂക്കാമിക് ആസിഡ്. ബാക്കി ഒമ്പതെണ്ണം ഭക്ഷണം വഴി ലഭിക്കുന്നു. പാകംചെയ്ത മാംസം, വെണ്ണ, തക്കാളി സൂപ്പ്, ചിലയിനം കുമിളുകള്‍. ചിലയിനം പരിപ്പുകള്‍, സോയബീന്‍ സൂപ്പ് എന്നിവയടക്കം പ്രകൃതിജന്യമായ നിരവധി വസ്തുക്കളില്‍ സഹജമായി ഗ്ലൂട്ടമിക് അമ്ലം ഉണ്ടാകുന്നുണ്ട്. അതായത് നമ്മുടെ ശരീരത്തിന് വളരെ പരിചിതമായ ഒരു രാസവസ്തുവാണിത്. (10) മോണോ സോഡിയം എന്നാല്‍ ഒരു സോഡിയം ആറ്റം എന്നര്‍ത്ഥം. സോഡിയം എന്ന ആല്‍ക്കലി മൂലകം ഗ്ലൂട്ടമേറ്റ് അമ്ലവുമായി ചേരുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ എന്നാണ് ഇനി നോക്കേണ്ടത്. ജലം കലര്‍ന്ന ലായനികളില്‍ MSG സോഡിയം, ഗ്ലൂക്കാമേറ്റ് എന്നിവയായി വിഘടിപ്പിക്കപ്പെടും. 1908 ല്‍ ജപ്പാനീസ് കെമിസ്റ്റായ കിക്കുനെ ഇക്കാഡെയാണ് (Kikunae Ikeda) ഉമാമി രുചിക്ക് ആധാരമാക്കിയ രാസവസ്തുക്കള്‍ കണ്ടെത്തിയത്. തന്റെ ഭാര്യ തയ്യാറാക്കിയ കറികളുടെ സവിശേഷരുചിക്ക് കാരണം അവയില്‍ ചേര്‍ക്കുന്ന ഒരിനം സമുദ്രജീവിയുടെ(a sea weed) കൊമ്പുകളാണെന്ന് ഇക്കാഡെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഉമാമി രുചിയുടെ കാരണഹേതുവായ രാസവസ്തു വേര്‍തിരിച്ചെടുത്തു. ഇക്കാഡെയുടെ അനുമതിയോടെ സബുറോസുകെ സുസുകി (Saburosuke Suzuki) 1909 ല്‍ ഉമാമി സത്ത് അജിനോമോട്ടോ എന്ന പേരില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പുറത്തിറക്കി. 26 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കമ്പനിക്ക് 2013 ലെ കണക്ക് പ്രകാരം 27518 തൊഴിലാളികളുണ്ട്. അന്നജം, കരിമ്പ്, മൊളാസസ്സ് എന്നിവ പുളിപ്പിച്ച് സോഡിയംകൂടി ചേര്‍ത്താണ് അവര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അജിനോമോട്ടോ നിര്‍മ്മിക്കുന്നത്. (11) ചുരുക്കത്തില്‍ അജിനോമോട്ടയെക്കുറിച്ചുള്ള ആരോപണങ്ങള്‍ വികസിതരാജ്യങ്ങളില്‍ കാര്യമായി പഠിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദൂഷ്യഫലങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഗ്ലൂട്ടമിക് അമ്ലത്തിനൊപ്പം ചേര്‍ക്കുന്ന സോഡിയമാണ് അജിനോമോട്ടോയ്ക്ക് ഉപ്പുരുചി നല്‍കുന്നത്. സോഡിയം അയോണുകള്‍ ഉപ്പുരസമാണ് നമ്മുടെ ചുരുക്കി പറഞ്ഞാല്‍ കറിയുപ്പ്(സോഡിയം ക്ലോറൈഡ്) പോലെ ഒരു സോഡിയം സംയുക്തമാണ് മോണോസോഡിയം ഗ്ലൂട്ടമേറ്റ്. സോഡിയം ശരീരത്തിന് ആവശ്യമുള്ള മൂലകമാണെങ്കിലും അധികമാക്കുന്നത് പ്രശ്‌നഹേതുവാണ്. രക്തത്തിലുള്ള കാല്‍സ്യം അയോണുകളെ കോശഭിത്തികള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതിന് രക്തത്തിലെ സോഡിയം കാരണമാകുന്നുണ്ട്. ഇങ്ങനെ കാല്‍സ്യം നിക്ഷേപം അധികമാകുമ്പോള്‍ രക്തക്കുഴലുകളുടെ കനം വര്‍ദ്ധിക്കുകയും രക്തപ്രവാഹത്തിന് തടസ്സം നേരിടുകയും ചെയ്യാം. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഹേതുവായിത്തീരാറുണ്ട്. അതുകൊണ്ട് തന്നെ ഉപ്പ് അധികം കഴിക്കരുത് എന്ന് പറയുന്നത്. ദിവസം 6-7 ഗ്രാം ഉപ്പാണ് അഭികാമ്യം. പക്ഷെ ഉപ്പുമാങ്ങയും മറ്റ് അച്ചാറുകളുമക്കം ഉപ്പുചേര്‍ത്ത ഭക്ഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ 20 ഗ്രാമില്‍ അധികം ഉപ്പ് ദിവസം അകത്താക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. (12) കറിയുപ്പില്‍ സോഡിയത്തിന്റെ അളവ് ഏതാണ്ട് 39 ശതമാനമാണ്, അജിനോമോട്ടോയിലാകട്ടെ 12 ശതമാനവും. അതായത് കറിയുപ്പിന്റെ മൂന്നിരട്ടി അജിനോമോട്ടോ ഉപയോഗിച്ചാലും ദൂഷ്യം സമാനമായിരിക്കും. പക്ഷെ അജിനോമോട്ടോ അങ്ങനെ കൂടുതലായി ഉപയോഗിക്കുന്ന സാധനമല്ല. അതുകൊണ്ടുതന്നെ അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത താരതമ്യേന കുറവാണ്;മറിച്ചുള്ള തെളിവുകളും. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അഭിപ്രായപ്രകാരം ഒരു മുതിര്‍ന്ന വ്യക്തി ദിവസവും ശരാശി 13 ഗ്രാം ഗ്ലുട്ടമേറ്റ് ആഹാരത്തിലടങ്ങിയ പ്രോട്ടീനുകളിലൂടെ സ്വന്തമാക്കുന്നുണ്ട്. ഭക്ഷണത്തില്‍ പുറമെ അജിനോമോട്ടോ ചേര്‍ത്താല്‍ പരമാവധി 0.55 ഗ്രാം കൂടി കൂടുതലാകും-അത്രമാത്രം. (13) അജിനോമോട്ടോ അലര്‍ജികളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കുന്നുവെന്ന ആരോപണം പരിഹാസ്യവും പലതവണ നിരാകരിക്കപ്പെട്ടതുമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഒഹായോ യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ ഓഫ് ഫുഡ് ആയ പ്രൊഫ കെന്‍ ലീ തുറന്നടിക്കുന്നുണ്ട്(“It’s ridiculous, It’s wacko, it’s weird; it’s not true that MSG has any kind of toxic or causative role in food allergies.”/Prof.Ken Lee, the director of food innovation at The Ohio State University link ). അജിനോമോട്ടോയ്ക്ക് എതിരെയുള്ള പ്രചരണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും ഭീതിവ്യാപാരികള്‍ ഇളക്കിവിട്ട സംശയം ഇപ്പോഴും പലരേയും വിട്ടൊഴിഞ്ഞിട്ടില്ല.. അതാണ് ഭീതിവ്യാപാരത്തിന്റെ കരുത്ത്. പേടിപ്പെടുത്താന്‍ എളുപ്പമാണ്, പറഞ്ഞുമനസ്സിലാക്കുക പ്രായേണ ദുഷ്‌ക്കരവും. അജിനോമോട്ടോ വേണമെന്നുള്ളവര്‍ മാത്രം ഉപയോഗിച്ചാല്‍ മതി, പക്ഷെ അത് വിഷമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ മിത്രങ്ങളാണെന്ന് തോന്നുന്നില്ല.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *