അധികാരം കൊടുക്കാൻ തുർക്കിക്കാർ ഡിഗ്രി കൊടുക്കാൻ ഇന്ത്യക്കാരും


ഏകാധിപതിയെ ആദരിക്കാനും ഡിഗ്രി കൊടുക്കാനും ഇന്ത്യയിലും ഒരു സെൻട്രൽ യൂണിവേഴ്സിറ്റി. ജാമിയ മിലിയ. പ്രസിഡണ്ട് എർദോഗൻ  (Recep Tayyip Erdoğan) തുർക്കിയെ ഇസ്ലാമിസ്റ്റ് ശൈലിയിലൂടെ ഏകാധിപത്യത്തിലേക്കു നയിക്കുകയാണെന്ന് ഇതിനകം തന്നെ ലോകത്തിന് വ്യക്തമായിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയിലൂടെ തുർക്കിയിൽ അധികാരത്തിൽ വന്ന എർദോഗൻ ആ ഭരണക്രമത്തെ തന്നെ അട്ടിമറിക്കാനുള്ള ഹിതപരിശോധന നടത്തി വിജയം കണ്ട ഭരണാധികാരിയാണ്. ഭരണാധികാരിയുടെ അമിതാധികാര ത്വരയെ നിയന്ത്രിക്കാനുള്ള അവസാനത്തെ പിടിവള്ളി പോലും എർദോഗനു മുന്നിൽ അടിയറ വെച്ചിരിക്കുകയാണ് തുർക്കി ജനത. ഒരു ഹിതപരിശോധനയിലൂടെ ജനങ്ങൾ നൽകിയ അധികാരത്തിന്റെ പിൻബലത്തിൽ എതിരാളികളെ തെരഞ്ഞു പിടിച്ച് ജയിലിലാക്കുകയും കൊന്നുകളയുകയും ചെയ്തു കൊണ്ടിരിക്കെയാണ് എർദോഗന്റെ ഇന്ത്യാ സന്ദർശനം. ഖലീഫയുടെ ഇസ്ലാമിക ഭരണവും ശരി അത്തുമെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ വേണ്ടെന്നു വെച്ചവരാണ് തുർക്കി ജനത. ജനങ്ങളിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളായിട്ടും ആധുനിക തുർക്കിയുടെ സ്ഥാപകനായ കമാൽ പാഷ തന്റെ രാജ്യത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക്കാക്കി. (രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം നെഹ്റുവും അംബേദ്കറുമടക്കമുള്ള നേതാക്കൾ ഇന്ത്യയിൽ പ്രയോഗിച്ചത് ഈമോഡലാണ്. ) തുർക്കി ജനത ഖലീഫയെ കൈവിട്ട കാലത്ത് ലോകമെമ്പാടുള്ള മുസ്ലിം ജനത ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കാതിരിക്കാനുള്ള മുറവിളിയുയർത്തുകയുണ്ടായി. ഇന്ത്യയിലെ മുസ്ലീങ്ങളും വെറുതെയിരുന്നില്ല . തുർക്കിയിൽ ഖലീഫസ്ഥാൻ നിലനിർത്തുക , സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കാതിരിക്കുക എന്നീ ആവശ്യങ്ങൾക്കായി 1919ൽ ഇന്ത്യൻ മുസ്ലീംങ്ങളുടെ ഒരു സംഘം തന്നെ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനായി കമാൽ പാഷയുടെ മേൽ ബ്രിട്ടീഷുകാരെ കൊണ്ട് സമ്മർദ്ദം ചെലുത്തിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിൽ ഖിലാഫത്തും ബ്രിട്ടീഷുകാർക്കെതിരെയുള്ള ബഹിഷ്ക്കരണമൊക്കെ ഇന്ത്യയിലുണ്ടാകുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷുകാരനെതിരെയുള്ള ഒറ്റക്കെട്ടായ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നത് ഹൈന്ദവ – മുസ്ലിം ഭിന്നിപ്പാണെന്നും മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണ നേടിയാലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ശക്തിപ്പെടൂ എന്നും കരുതിയ എം.കെ.ഗാന്ധി അക്കാലത്ത് പ്രയോഗിച്ച ഒരു സൂത്രമാണ് ഖിലാഫത്തിനെ ഏറ്റെടുക്കൽ. തന്ത്രം മോശമായിരുന്നില്ല. ആധുനിക തുർക്കിയുടെ സ്ഥാപകനായ കമാൽ പാഷക്ക് ബ്രിട്ടീഷുകാരായിരുന്നല്ലോ പിന്തുണ. കമാൽ പാഷയും ബ്രിട്ടീഷുകാരും ഇസ്ലാമിക ഭരണത്തിനെതിരെയാണെന്നർത്ഥം. അപ്പോൾ തുർക്കിയിൽ ഇസ്ലാമിക ഭരണം തിരിച്ചു വരണമെന്ന് പറഞ്ഞാൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ഇസ്ലാമിന്റെ പിന്തുണ നിഷ്പ്രയാസം നേടാമല്ലോ. ഇങ്ങിനെ എം.കെ.ഗാന്ധി തുടങ്ങി വെച്ചതും പിന്നീട് മതേതര കക്ഷികളോരോന്നും ഭരണത്തിലേക്കുള്ള എളുപ്പവഴിയായി കണ്ട് പിൻതുടർന്നു വന്നതുമായ ന്യൂനപക്ഷ പ്രീണനമെന്ന മഹാ വിപത്തിന് ഇന്ത്യയിൽ തുടക്കമായി. ഖിലാഫത്ത് പ്രസ്ഥാനമെന്ന ഒരു ഡെക്കറ്റേഡ് പേരോടെയാണി ഈ പ്രീണന കുതന്ത്രം ഇന്ത്യാചരിത്രത്തിൽ അറിയപ്പെടുന്നത്. ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷുകാർ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലക്ക് പ്രതിക്രിയ ചെയ്യണമെന്ന കോൺഗ്രസിലെ തീവ്രദേശീയവാദികളുടെ ആവശ്യത്തിനുള്ള മറുപടി കൂടിയായി ഖിലാഫത്തിനൊത്തുള്ള ഗാന്ധിയുടെ നിസ്സഹരണ സമരം ഗാന്ധി ഈ എളുപ്പവഴിയിലേക്ക് തിരിയുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ അക്കാലത്തെ ചില ഇസ്ലാം സുഹൃത്തുക്കളാണ്. അലി സഹോദരൻമാരും ഡോ: മുക്തർ അഹമ്മദ് അൻസാരിയും. 1919 ൽ ഇംഗ്ലണ്ടിലേക്കു പോയ മുസ്ലിം സംഘത്തെ നയിച്ചയാളാണ് അലി സഹോദരൻമാരിലൊരാളായ മുഹമ്മദ് അലി. മറ്റേ സഹോദരന്റെ പേര് ഷൗക്കത്ത് അലി. പാക്കിസ്ഥാൻ എന്ന ആശയം ജൻമമെടുക്കുന്നത് ഇവരുടെ തലയിലാണെന്ന് ചില ചരിത്രകാരൻമാർ പറയുന്നു. ഖിലാഫത്ത് കുതന്ത്രം പരാജയപ്പെട്ടതോടെ ഇവർ ഗാന്ധിയുടെ ശത്രുക്കളായി. 1905 ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ഡിഗ്രിയെടുത്ത് ഇംഗ്ലണ്ടിൽ പോയി പ്രാക്ടീസ് ചെയ്ത് ഇന്ത്യക്കാരനായ ആദ്യ സർജൻ എന്നൊക്കെ പേരെടുത്ത വലിയ മനുഷ്യനാണീ അൻസാരി . പലതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിയായ അദ്ദേഹം 1927 ൽ പ്രസിഡണ്ടുമായി. “അഭീഷ്ടകാര്യസിദ്ധിക്ക് അഭികാമ്യം ന്യൂനപക്ഷ പ്രീണനം “എന്ന സിദ്ധാന്തം ഗാന്ധിയിൽ വേരുപിടിപ്പിക്കാൻ ഇവർ തമ്മിലുള്ള സൗഹൃദത്തിനായി. അലി സഹോദരൻമാരെ പോലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും കൂടിയാണ് ഡോ. അൻസാരി . അവസാന കാലം വരെ ഗാന്ധിയോടൊപ്പം നിന്നു. ജാമിയ മിലിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അലി സഹോദരൻമാർക്കുള്ള സ്വാധീനം ഇന്നും തുടരുന്നുവെന്നാണ് എർദോഗാനുള്ള ഓണററി ബിരുദം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ മുസ്ലീം യാഥാസ്ഥിതികർക്കുള്ള സ്വാധീനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ഇങ്ങിനെ പോയാൽ ഇതിനകം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ച് പരിപാലിച്ച് പോരുന്ന അബൂബക്കർ അൽ ബഗ്ദാദിക്കു കൂടി ഓണററി ബിരുദം നൽകി ജാമിയ മിലിയ ആദരിക്കുന്ന കാലം വിദൂരമല്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വാക്താക്കളായ ഇന്ത്യയിലെ ലിബറലുകൾ ഈ വിഷയത്തിൽ പാലിച്ച മൗനം അപലപനീയമാണ് . രാഷ്ട്രീയക്കാരെ പറ്റി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. സാധാരണ മുസ്ലീം = തീവ്രവാദമെന്ന് പറഞ്ഞിറങ്ങുന്ന ബി.ജെ.പി.ക്കാരനും തൽക്കാലം മുങ്ങിയിരിക്കുകയാണ്. ഒരർത്ഥത്തിൽ അവരുടെ പ്രധാനമന്ത്രി ഇവിടെ ഇറക്കുന്ന നമ്പറുകൾ തന്നെയാണ് തുർക്കിയിൽ എർദോഗനും ഇറക്കുന്നത്. ഇവിടെ ഹിന്ദു വികാരമാണെങ്കിൽ അവിടെ ഇസ്ലാം. വാൽ: ഇസ്രയൽ പ്രധാനമന്ത്രിക്കായിരുന്നു ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി ഈ ഓണററി ബിരുദം കൊടുത്തത് എന്ന് വെക്കുക . ആ യൂണിവേഴ്സിറ്റിയിൽ നിന്നെടുത്ത ബിരുദങ്ങൾ മടക്കി കൊടുക്കുന്ന ലിബറലുകളുടെ ക്യൂവായിരുന്നേനെ ഇന്ത്യ മുഴുവൻ !

Leave a Reply

Your email address will not be published. Required fields are marked *