മുത്തലാഖ് – ഒരു സബ്ബ് ഇൻസ്പെക്റ്ററുടെ അനുഭവ കഥ
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ബിജുവിന് കലിയായിരുന്നു. ജീവിച്ചിരുന്ന കാലത്തോളം അഛൻ അമ്മയെ അടിക്കുന്നതയാൾ കണ്ടീട്ടുണ്ട്. പല അടികളും അമ്മ കൊണ്ടിരുന്നത് തനിക്ക് വേണ്ടിയായിരുന്നു എന്നയാൾ ഓർക്കാറുമുണ്ട്. സ്ക്കൂൾ യൂണിഫോമിന് , പെൻസിലിന്, പുസ്തകത്തിന് എന്ന് വേണ്ട അമ്മ കാശു ചോദിച്ചാൽ അടി തീർച്ചയായിരുന്നു. എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഭരണഘടന എഴുതിയതാരെന്നു ചോദിച്ചു പോലും അമ്മയെ അഛൻ തല്ലിയിട്ടുണ്ട്. അമ്മയുടെ ഭാഗ്യമെന്ന് അമ്മയും ബിജുവിന്റേതെന്ന് ബിജുവും സ്വകാര്യമായി അഹങ്കരിക്കുന്ന ഒരു സംഭവം പൊടുന്നനെ തന്നെ ഉണ്ടായി. എഴുപത്തി അഞ്ചു വർഷം കൊണ്ട് കുടിക്കേണ്ട ക്വാട്ട 20 വർഷം കൊണ്ടടിച്ച് തീർത്ത് ലിവർ ബൾബായി അഛൻ വടിയായി. അതോടെ മനസ്സമാധാനത്തോടെ അമ്മക്ക് കൂലിപ്പണിക്ക് പോകാനായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ബിജു പോലീസിൽ സബ്ബ് ഇൻസ്പെക്ടറായി. തൃശൂർ ടൗണിനോടടുത്ത ഒരു പോലീസ് സ്റ്റേഷനിൽ ചാർജെടുത്തപ്പോൾ ബിജു ഒരു പുതിയ രീതി അവിടെ കൊണ്ടു വന്നു. സ്റ്റേഷന്റെ അധികാര പരിധിയിലുള്ള എല്ലാ വീടുകളിലെയും സ്ത്രീകൾക്ക് തന്റെ പേഴ്സണൽ ഫോൺ നമ്പർ കൊടുക്കുക. അമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു. “ഞാൻ അനുഭവിച്ച പോലുള്ള ഗാർഹിക പീഢനം ഒരൊറ്റ സ്ത്രീയും അനുഭവിക്കരുത്: നിന്റെ സ്റ്റേഷനതിർത്തിക്കുള്ളില്ലെങ്കിലും! ” ബിജു അമ്മക്ക് വാക്കും കൊടുത്തു. ഭർത്താവിൽ നിന്നോ പൂവാലൻമാരിൽ നിന്നോ ശല്യമുണ്ടാകുന്ന നിമിഷം ബിജുവിനെ സ്ത്രീകൾക്ക് നേരിട്ട് വിളിക്കാം.മിനിറ്റുകൾക്കുള്ളിൽ പോലീസ് അടുത്തെത്തും. പുതിയ രീതി പൊടുന്നനെ ഫലിച്ചു . കൂമ്പിനിടി കിട്ടിയ പല ആണുങ്ങളും പൊടുന്നനെ ഡീസന്റായി. തൃശൂരിലെ ഗുണ്ടകൾ സംഘങ്ങളായി വേർതിരിഞ്ഞ് പരസ്പരം വെട്ടിച്ചാകുന്ന കാലമായിരുന്നു അത്. പലരുടെയും വിഹാരകേന്ദ്രങ്ങളും ഒളിയിടങ്ങളും ബിജുവിന്റെ സ്റ്റേഷൻ പരിധിക്കുള്ളിലായിരുന്നു. ഗുണ്ടകളെ നിഷ്ഠൂരം അടിച്ചൊതുക്കിയ ബിജു ജില്ലയിൽ തന്നെ പ്രശസ്തനായി. അങ്ങിനെ നാട്ടുകാർ നാലു നല്ലത് പറയുന്ന കാലത്താണ് ഡിപ്പാർട്ട്മെൻറ് വക ഒരു ട്രാൻസ്ഫറടിച്ചു കയ്യിൽ കിട്ടിയത്. “ചലോ ചലോ പൊന്നാനി ” സ്റ്റേഷനതിർത്തിക്കുള്ളിലെ നൂറുകണക്കിന് സ്ത്രീകൾ ബിജുവിനെ നിലനിർത്താനായി ഒപ്പു സമാഹരണമൊക്കെ നടത്തി ഉന്നതങ്ങളിൽ നിവേദിച്ചെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. മലബാറിലേക്ക് പോയെ പറ്റൂ. പൊന്നാനിക്കടുത്തുള്ള ഒരു ന്യുനപക്ഷ സമുദായ ഭൂരിപക്ഷ പ്രദേശമായിരുന്നു അത് . ചാർജെടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിജു ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ചു. കുടുംബ കലഹങ്ങളൊന്നും അധികം സ്റ്റേഷനിൽ വരുന്നില്ല. ബിജുവിന് സാധാരണ സ്റ്റേഷനിൽ ഏറ്റവുമധികം ഡീൽ ചെയ്യേണ്ടി വരാറുള്ളത് ഇതാണല്ലോ . “ഇതെന്താ ഈ നാടു നന്നായോ”? ബിജു സഹപ്രവർത്തകൻ വിനയനോടു ചോദിച്ചു. “കുടിയൻമാരില്ലാത്ത നാടും പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളുമില്ലല്ലോ, ഇവിടെയും ഇഷ്ടം പോലുണ്ട്. പക്ഷെ പ്രശ്നങ്ങൾ എല്ലാം സമുദായത്തിനുളളിൽ തന്നെ പറഞ്ഞു തീർക്കുകയാണ് പതിവ്. ” അൽപ്പം ഫിലോസഫി കലർത്തി വിനയൻ പറഞ്ഞു. പക്ഷെ എന്തത്ഭുതം; കാത്തിരിപ്പിന് ഫലമുണ്ടായി. അന്ന് തന്നെ ഒരു കേസ്സ് വന്നു. സൈനബയെ മൊഴിചൊല്ലിയ കേസ്സ്. മുപ്പത്തി അഞ്ചുള്ള സൈനബ മുന്ന് മക്കളുമായാണ് വന്നത്. ഒരാൾ ഒക്കത്താണ്. കണ്ണ് ഇറുക്കിയടച്ചുറങ്ങുന്നു ഒരു പെൺകുഞ്ഞ്. ഒരു കാരണവർ സഹായിയായുണ്ട്. അടുത്ത ബന്ധുവാണെന്ന് ബന്ധം പറഞ്ഞു. മൊഴി ചൊല്ലിയതിന്റെ കാരണം ? “ഓന് ബേറെ കെട്ടണം; കാരണവർ പറഞ്ഞു. “നഷ്ടപരിഹാരം കിട്ടണം , ഈ മൂന്ന് കുഞ്ഞു കുട്ട്യോളെം കൊണ്ട് ഓള് എന്താ കാട്ടാ ?” വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് ബിജു അവരെ സമാധാനിപ്പിച്ചയച്ചു. മുസ്‌ലിം വ്യക്തിനിയമം സൈനബക്കെതിരാണെന്നറിയാഞ്ഞല്ല , യാതനാപർവ്വം താണ്ടുന്ന സ്ത്രീകൾക്ക് കഴിയാവുന്നത്ര തുണ പോകുക , അത്രക്കു മാത്രമെ ബിജുവിനാകൂ. അമ്മക്ക് കൊടുത്ത വാക്കാണ്. സാധാരണ കോൺസ്റ്റബിളിനെ വിട്ടെന്വേഷിക്കേണ്ട കേസ്സാണെങ്കിലും ബിജു നേരിട്ട് തന്നെ പോയി കാര്യങ്ങൾ തിരക്കി. ഖാദർ എന്നാണയാളുടെ പേര് . മേസനായിരുന്നു. അക്കാലത്താണ് സൈനബയെ നിക്കാഹ് കഴിക്കുന്നത്. പിന്നെ ഗൾഫിൽ പോയി. പണം സ്വരുക്കൂട്ടി കുറച്ച് സ്ഥലം വാങ്ങിച്ചിട്ടു.പിന്നെ അത് ലാഭത്തിന് മറിച്ച് വിറ്റു. അങ്ങിനെ വിറ്റും വാങ്ങിയും കുറച്ചു സ്ഥിതിയായപ്പോൾ ഖാദറിന് സൈനബയുടെ സ്ഥിതി പോരെന്നു തോന്നി. അങ്ങിനെ ഖാദർ നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് “മുത്തലാഖ് ” ഖാദറിനെ സ്റ്റേഷനിൽ കൊണ്ടു വന്നു. ഗുണ്ടകളെ ഒതുക്കുന്ന കാലത്ത് നിയമം ബിജുവിന് അനുകൂലമായിരുന്നല്ലോ. പക്ഷെ ഇവിടെ അതില്ല. മുസ്ലിം വ്യക്തിനിയമം ഖാദറിനെ സംരക്ഷിക്കുന്നു . അതു നന്നായി മനസ്സിലാക്കി വളരെ സോഫ്ട് ആയാണ് ബിജു ഖാദറിനോട് ആവശ്യപ്പെട്ടത് ; “മൂന്നു ലക്ഷം കൊടുക്കണം: ഓരോ കുട്ടിയുടെയും പേരിൽ ഓരോ ലക്ഷം കൊടുക്കണം , എന്താ സമ്മതല്ലേ? ബിജു സോഫ്ടാണെന്നു കണ്ടപ്പോൾ കണ്ടപ്പോൾ ഖാദർ മുരണ്ടു. “ങ്ങ’ള് എന്ത് വർത്താനാ സാറേ ഇപ്പറയണത്. ഇതൊക്കെ നടക്കണ കാര്യാ .. ഞെകൊണ്ട് ഇത് പറ്റൂല.” ബിജു കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റതും രണ്ട് പോലീസുകാർ ഖാദറിനെ ലോക്കപ്പിലേക്ക് കയറ്റി കുനിച്ചു നിർത്തിയതും വളരെ പെട്ടെന്നായിരുന്നു. പതിവു രീതിയിൽ മുട്ടുകാൽ പ്രയോഗിക്കുന്നതിനു മുൻപ് തന്നെ ഖാദർ ഒന്നു മുള്ളി പറഞ്ഞു. ” സാറേ മേത്ത് വെരുത്താക്കരുത് : ങ്ങള് പറയണതെന്തായാലും ചെയ്തോളാം” ഖാദറിനെ ഒരു കസേരയിലിരുത്തി മര്യാദകൊടുത്ത് ഇൻസ്പെക്ടറുടെ മുറിയിലേക്ക് സൈനബയെയും ബന്ധുവിനെയും ബിജു വിളിപ്പിച്ചു. മൂന്ന് കുട്ടികളിൽ ഒരാൾ ഇപ്പോഴും ഒക്കത്ത് തന്നെ . ആകാംക്ഷ കൊണ്ടാകണം ആ കുഞ്ഞ് കണ്ണുകൾ തുറന്ന് പിടിച്ചിട്ടുണ്ട്. ബിജു ആ കുട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ സൈനബയോട് പറഞ്ഞു. ” ഖാദറിനോട് ഞാൻ എല്ലാ കാര്യങ്ങളും സംസാരിച്ചു. പ്രശ്നങ്ങൾ നല്ല രീതിയിൽ തീരണമെന്ന് അവനും താൽപ്പര്യമുണ്ട്. സൈനബോട് ഞാനൊരു തീർപ്പ് പറയട്ടെ?” “സാറെ , ങ്ങള് എന്ത് തീർപ്പണ്ടാക്യാലും മേണ്ടില്ല, ഞമ്മക്ക് പതിനയ്യായിരം ഉറുപ്പിക കിട്ടണം. അത് കിട്ടോ “. ബിജുവിന്റെ കണ്ണിൽ ഇരുട്ട് കയറി. മൂന്ന് ലക്ഷം ഒപ്പിക്കാൻ മൂന്നാം മുറയെടുത്ത കേസാണ് പൊടുന്നനെ പതിനഞ്ചായിരമായി നെഞ്ചു കലക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ എന്തൊക്കൊയൊ സംഭവിച്ച തുടർനിമിഷങ്ങളിൽ ഖാദർ പതിനഞ്ചായിരം കൊടുത്ത് സ്ഥലം കാലിയാക്കി കാണണം. എഴുത്തു പണികളെല്ലാം കഴിഞ്ഞ് റൈറ്ററുടെ അടുത്ത് നിന്ന് പോകുന്നേരം സൈനബ നന്ദി പറയാനായി ബിജുവിന്റെ റൂമിലേക്ക് വന്നു. ബിജു സൈനബയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ മുഖത്തേക്ക് ഭയനീയമായി നോക്കി. ആ പിഞ്ചു കുഞ്ഞ് കണ്ണുകൾ ഇറുകി അടച്ചിരിക്കുന്നു .