അകിരാ കുറൊസാവയുടെ സ്വപ്നങ്ങളും എന്റെ മരണവും; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിന്റെ ജീവിതത്തിൽ ഒരു കടുത്ത പ്രശ്നം വരുമ്പോൾ നീ സ്വയം ദൈവത്തെ വിളിച്ചു തുടങ്ങുമെന്ന്. പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ പോലെ, വീട്ടിൽ ടൂർ പോകാൻ പൈസ ചോദിച്ചിട്ട് അമ്മാവൻ തന്നില്ല, അത് കൊണ്ട് ഞാൻ നേരെ പോയി നക്സലൈറ്റ് ആയി എന്ന് പറയുന്ന പോലെ അല്ല ഞാൻ അവിശ്വാസി ആയത്. അത് വർഷങ്ങളുടെ ഒരു പരിണാമ പ്രക്രിയയിലൂടെ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു… വിശ്വാസത്തിലോട്ട് ഒരു തിരിച്ചു പോക്ക് എനിക്കിനി ഒരിക്കലും സാധ്യമല്ല.” – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
An Advance Self Obituary

ഒരു അഞ്ച് വർഷം മുമ്പ് പലപ്പോഴും എന്റെ മരണം എങ്ങനെ ആയിരിക്കും, ആരെങ്കിലും എന്നെ മിസ്സ് ചെയ്യുമോ എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കയെയാണ് ഞാൻ അകിരാ കുറൊസാവയുടെ “Dreams” എന്ന സിനിമ കാണുന്നത്. അതോടെ എന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടി. ഇപ്പോൾ ഇതോർക്കാൻ ഒരു പ്രത്യേക കാരണം കൂടി ഉണ്ട്. കഴിഞ്ഞ മാസം എനിക്ക് കോവിഡ് പിടിപെട്ടു. വലിയ വായിൽ സയൻസ് പ്രചാരണം നടത്തുന്ന ഞാൻ തന്നെ വാക്സിൻ സെന്റർ വരെ ഒരൊറ്റ ദിവസം മിനക്കെട്ട് പോകാൻ ഉള്ള മടി കാരണം രണ്ടാമത്തെ ബൂസ്റ്റർ വാക്‌സിൻ എടുക്കുന്നതിൽ ജാഗ്രത കുറവ് കാണിച്ചു എന്നതാണ് സത്യം. അങ്ങനെ quarantine-നിൽ എല്ലാ ശാരീരിക/മാനസിക അസ്വസ്ഥതകളോട് കൂടി ഇരിക്കുമ്പോൾ ആണ് നേരിട്ട് കണ്ടിട്ടില്ലെങ്കിലും എസ്സൻസിലൂടെയും ങ്യാഹൂ സിനിമ ഗ്രൂപ്പിലൂടെയും പരിചയപ്പെട്ട് വാട്ട്സാപ്പിലൂടെ വിദേശ ഭാഷാ സിനിമകളും സോഷ്യൽ വിഷയങ്ങളും ജീവിതവും ഒക്കെ ചർച്ച ചെയ്തു ഒരു പേർസണൽ സൗഹൃദം പുലർത്തിയിരുന്ന ദിലീപ് ദാമോദരൻ 27ന് ഒരു വാഹനാപകടത്തിൽ മരിച്ചത്. അതെനിക്ക് ഒരു വലിയ മാനസിക ആഘാതം ആയി, പ്രിത്യേകിച്ചും ഞങ്ങൾ ഒരേ പ്രായക്കാർ ആയത് കൊണ്ട് കൂടി. ജീവിതം എത്ര unpredictable ആണ് എന്ന് കൂടി ആലോചിച്ചപ്പോൾ ആണ് ഇത് എഴുതാൻ തോന്നിയത്.

2017 വരെ എങ്കിലും ഞാൻ ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. മതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് തോന്നി തുടങ്ങി, അവിടെ നിന്ന് വളരെ യാദൃശ്ചികമായി സ്വതന്ത്ര ചിന്തയുടെ പാതയിൽ സഞ്ചരിച്ചു തുടങ്ങുകയായിരുന്നു. അതോടെ ഞാൻ ഒരു തികഞ്ഞ അവിശ്വാസി ആയി മാറി. രണ്ട് ലക്ഷം വർഷം മുമ്പ് ആധുനിക മനുഷ്യൻ പരിണമിച്ചു. ഈ കഴിഞ്ഞ പതിനായിരം വർഷം മുമ്പ് കൃഷി കണ്ടു പിടിക്കുന്നത് വരെ ചെറു ഗോത്രങ്ങളായി വേട്ടയാടി നടക്കുകയായിരുന്നു മനുഷ്യർ. കൃഷി കണ്ടെത്തിയ ശേഷം മാത്രം ആണ് ചെറു ഗോത്രങ്ങൾ വലിയ ഗോത്രങ്ങൾ ആയതും പിന്നീട് വലിയ സംസ്കാരങ്ങൾ ഉണ്ടായതും. ആ പൗരാണിക സംസ്കാരങ്ങളിൽ (ഈജിപ്ത്, മെസോപ്പൊട്ടാമിയ, ഗ്രീസ്, ഇന്ഡസ് വാലി) ആയിരക്കണക്കിന് ജനങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളേ ഇന്ന് ആരും ആരാധിക്കുന്നില്ല. ആ സംസ്കാരങ്ങൾ നശിച്ചപ്പോൾ ദൈവങ്ങളും നശിച്ചു പോയി. ഇന്ന് നാം ആരാധിക്കുന്ന ഏതൊരു ദൈവത്തിനും കൂടി വന്നാൽ ഒരു നാലായിരം വർഷത്തിന് മേലെ പഴക്കമില്ല എന്ന് മനസ്സിലാക്കിയത് എനിക്ക് ഒരു വലിയ തിരിച്ചറിവായിരുന്നു.

എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിന്റെ ജീവിതത്തിൽ ഒരു കടുത്ത പ്രശ്നം വരുമ്പോൾ നീ സ്വയം ദൈവത്തെ വിളിച്ചു തുടങ്ങുമെന്ന്. പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ പോലെ, വീട്ടിൽ ടൂർ പോകാൻ പൈസ ചോദിച്ചിട്ട് അമ്മാവൻ തന്നില്ല, അത് കൊണ്ട് ഞാൻ നേരെ പോയി നക്സലൈറ്റ് ആയി എന്ന് പറയുന്ന പോലെ അല്ല ഞാൻ അവിശ്വാസി ആയത്. അത് വർഷങ്ങളുടെ ഒരു പരിണാമ പ്രക്രിയയിലൂടെ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ആദ്യമായി ഞാൻ മനസ്സിലാക്കിയത് ജീവിപരിണാമം ആണ്, തുടർന്ന് genetics, neuroscience, psychology, evolutionary biology/psychology, economics, behavioral economics, feminism, astronomy, modern medicine, pseudo medicines അങ്ങനെ പലതും. Daniel Dennett പറയുന്ന പോലെ മനുഷ്യ വംശത്തിനു കിട്ടിയ ഏറ്റവും മഹത്തരമായ ആശയം പ്രകൃതിനിർധാരണത്തിലൂടെയുള്ള ജീവി പരിണാമം തന്നെയാണ്, എന്തെന്നാൽ 1859 വരെയും മനുഷ്യജീവിതത്തിന്റെ ഉദ്ദേശം അതിന്റെ നിർമിതി, ജീവന്റെ തന്നെ ഉദ്ദേശവും ശാസ്ത്രത്തിനു പ്രവേശനമില്ലാത്ത ഒരു മണ്ഡലമായിരുന്നു. മർത്യജൻമം ദൈവീകമായ അംശമുള്ള ഒന്നാണെന്നാണ് പൊതുവെയുള്ള ലോകവീക്ഷണം. 1859-ൽ Origin of species പ്രസിദ്ധീകരിക്കുന്നതിലൂടെയാണ് ശാസ്ത്രത്തിനു അതീതമെന്നു കരുതപ്പെട്ടിരുന്ന ചോദ്യങ്ങൾക്കു ശാസ്ത്രത്തിനു ഉത്തരം പറയാം എന്ന് വന്നത്. അതോടു കൂടി മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം എന്ത് തുടങ്ങിയ എല്ലാ ചോദ്യങ്ങളും അഭിസംബോധന ചെയ്ത ലോകത്തിലെ എല്ലാ മത പുസ്‌തകങ്ങളിൽ പറഞ്ഞിട്ടുള്ള പുരാതനമായ എല്ലാ തത്വശാസ്ത്രങ്ങളും ചിന്താ പദ്ധതികളും 1859-ൽ റദ്ദ് ആയി. ഒരു ചങ്ങല നിലനിൽക്കുന്നത് അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിലാണ്. ആ കണ്ണി പൊട്ടിയാൽ ചങ്ങല തകർന്നു. ഒരു ജീവിയിൽ നിന്ന് മറ്റൊരു ജീവിയിലേക്കു മാറാൻ ആരുടേയും ഇടപെടൽ ഇല്ല എന്ന് മൃദുവായി പറയുന്നതോടു കൂടി അതുവരെയുള്ള പ്രപഞ്ച വീക്ഷണത്തിന്റെ ചങ്ങല തകരുകയാണ്.

ഇവരോട് ഒക്കെ ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ എം എൻ കാരശ്ശേരി, സി വിശ്വനാഥൻ, ജബ്ബാർ മാഷ്, രവിചന്ദ്രൻ സി, അഗസ്റ്റസ് മോറിസ്, വൈശാഖൻ തമ്പി, ഹരിദാസൻ പി ബി, ബീനാ കായലൂർ, ഐഷ മാർക്കറൂസ്, മനുജ മൈത്രി, ടോമി സെബാസ്റ്റ്യൻ, പ്രവീൺ രവി, നിഷാദ് കൈപ്പള്ളി, ജോസ്റ്റിൻ ഫ്രാൻസിസ്, സിറിയക് അബ്ബി ഫിലിപ്സ്, ചന്ദ്രശേഖർ രമേശ്, കെ എം ശ്രീകുമാർ, ആരിഫ് ഹുസൈൻ തെരുവത്ത്, രാജു വാടാനപ്പള്ളി, സി എസ് സുരാജ്, അഭിലാഷ് കൃഷ്ണൻ, ഷാരോൺ സാപിയൻ, അസ്‌കർ അലി, മുകുന്ദ് ചുള്ളിയിൽ, മൈത്രേയൻ, റഹ്ന എം, ഫാസിൽ ബഷീർ, അനുപ് ഐസക്, നിതിൻ രാമചന്ദ്രൻ, ഗായത്രി ഹേമ സുരേഷ്, ദിലീപ് മാമ്പള്ളിൽ തുടങ്ങിയവരുടെ വീഡിയോകളും നിരവധി പേരുടെ എഴുത്തുകളും സഹായകമായിട്ടുണ്ട്. പറഞ്ഞു വരുന്നത്- വിശ്വാസത്തിലോട്ട് ഒരു തിരിച്ചു പോക്ക് എനിക്കിനി ഒരിക്കലും സാധ്യമല്ല. അത് ഞാൻ തിരിച്ചറിയാൻ കാരണം ആരെയും പോലെ എനിക്ക് ഇതിനിടയിൽ പല ദുരന്തങ്ങളും ദുരനുഭവങ്ങളും ഉണ്ടായിട്ടും ഞാൻ ദൈവത്തെ വിളിച്ചില്ല. എന്റെ അച്ഛൻ മരിച്ചപ്പോഴും, എന്റെ അനിയത്തിയുടെ ആദ്യത്തെ കുഞ്ഞു മരിച്ചപ്പോഴും പിന്നെ വേറെ പല സംഭവങ്ങൾ നടന്നപ്പോളും ഞാൻ logically ചിന്തിക്കാൻ ആണ് ശ്രമിച്ചത്. അതായത് ഏതു ഹോസ്പിറ്റലിൽ ആണ് നല്ല NICU ഉള്ളത്, മറ്റൊരു തൊറാസിക് സർജനുമായി 2nd opinion എടുക്കണമോ എന്നിങ്ങനെ. ഇത്തരം സാഹചര്യങ്ങളിൽ എല്ലാം ദൈവത്തിൽ അർപ്പിച്ചു ഒരു നടപടിയും എടുക്കാതെ പ്രാർത്ഥിക്കുന്ന ചിലരെ എനിക്കറിയാം. അവരുടേത് ഒരു തരത്തിൽ പറഞ്ഞാൽ തെറ്റായ overconfidence ആണ്. എന്റെ ഉറ്റവരോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഞാൻ ദൈവത്തെ വിളിക്കാഞ്ഞത്. ആ ദിവസങ്ങളിൽ ഞാൻ വളരെ stressed out ആയിരുന്നു. ഒരു 50 സിഗരറ്റ് എങ്കിലും ഒരു ദിവസം വലിച്ചിട്ടുണ്ട്. Smoking is injurious to health- Never smoke. It will kill you. It is not worth it. ഞാൻ ഇപ്പോൾ പഴയ പോലെ സിഗരറ്റ് വലിക്കാറില്ല.

Akira Kurosawa’s Dreams എന്ന സിനിമ അവകാശപ്പെടുന്നത്, അകിരാ കുറൊസാവ സ്വയം കണ്ടതായി പറയപ്പെടുന്ന 8 സ്വപ്‌നങ്ങളുടെ ഒരു ചലച്ചിത്രവിഷ്ക്കാരമാണ്. എട്ടും മനോഹരമായ സ്വപ്‌നങ്ങൾ ആണ്. അതിലേ എട്ടാമത്തെ സ്വപ്‌നം ആണ് “Village of the watermills.”

ഒരു ചെറുപ്പക്കാരൻ (അത് അകിരാ കുറൊസാവ തന്നെ ആണ് എന്ന് ഊഹിക്കാം. എന്തെന്നാൽ അകിരാ കുറൊസാവയുടെ signature തൊപ്പി ഇയാൾ വച്ചിട്ടുണ്ട്) ഒരു ഗ്രാമത്തിൽ വന്നിട്ട് അവിടെ കാണുന്ന വളരെ പ്രായം ചെന്ന ഒരു അപ്പുപ്പനോട് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ചില philosophical ചോദ്യങ്ങൾ ചോദിക്കുന്നു. അവസാനം ആ അപ്പുപ്പൻ പറയുന്നു- “People say that life is hard. It is just talk. Life is great. I’m now 103 years. A good age to stop living.” അത് കൊണ്ട് നമ്മൾ നമ്മുടെ പൂർവികർ എങ്ങനെ ജീവിച്ചിരുന്നുവോ അങ്ങനെ ജീവിക്കണം എന്നാണ് ഈ അപ്പുപ്പൻ ഉപദേശിക്കുന്നത്. ഇതിൽ വസ്തുതാപരമായ ഒരു തെറ്റ്, നമ്മൾ 100 വർഷം മുമ്പുള്ള നമ്മുടെ പൂർവികരെ പോലെ ജീവിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ 100 വയസ്സ് പോയിട്ട്, on average 33 വയസ്സ് പോലും തികയ്ക്കുമായിരുന്നില്ല. Infant mortality, on average അത്രക്ക് കൂടുതൽ ആയിരുന്നു ആ കാലം. എന്നാൽ മോഡേൺ മെഡിസിൻ, വാക്‌സിനുകൾ, ഹരിത വിപ്ലവം, വിദ്യാഭ്യാസം തുടങ്ങി അനവധി ആധുനിക കാരണങ്ങളാൽ നമ്മുടെ ശരാശരി ആയുസ്സ് 35 നിന്ന് 70 വയസ്സിന് മുകളിൽ ആയി. സിനിമ ഫിക്ഷൻ ആണ്, അതിനെ ഭാവന ആയി തന്നെ കണ്ട് ആസ്വദിക്കുക. എനിക്കും ഈ അപ്പൂപ്പനെ പോലെ 100 വയസ്സ് വരെ എങ്കിലും ജീവിക്കണം എന്നാഗ്രഹമുണ്ട്,അതിൽ എനിക്ക് യാതൊരു നിയന്ത്രണവും ഇല്ലെങ്കിലും. എന്തെന്നാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈ ലോകം എന്റെ വീക്ഷണത്തിൽ മനോഹരമാണ്. 2008ൽ മരിക്കേണ്ടിയിരുന്ന എന്റെ അച്ഛന്റെ ആയുസ്സ് 2021 സെപ്റ്റംബർ വരെ വലിച്ചു നീട്ടുകയും ഈ മനോഹരമായ ലോകത്തിലെ കാഴ്ച്ചകൾ കാണാൻ അദ്ദേഹത്തെ സഹായിച്ചതും മോഡേൺ മെഡിസിൻ ആണ്.

മറ്റൊരാളുടെ ജീവൻ എടുക്കാൻ നമ്മൾക്ക് അവകാശം ഇല്ല എങ്കിലും സ്വബോധ്യത്തോടെ ആത്മഹത്യ ചെയ്യാൻ അവകാശം ഉണ്ട് എന്ന് വാദിക്കുന്നവർക്ക് അങ്ങനെ പറയാൻ ഉള്ള അവകാശമുണ്ട് എന്ന് ഞാൻ കരുതുന്നു. എന്നാൽ മാനസിക രോഗങ്ങൾ കാരണം ആത്മനഹത്യ ചെയ്യേണ്ടി വരിക സങ്കടം ഉള്ള കാര്യം ആണ്. മാനസികാരോഗ്യം ഇപ്പോഴും നമ്മുടെ traditional സമൂഹത്തിൽ taboo ആയിട്ടുള്ള വിഷയം ആണ്. Psychiatristനെ കാണാൻ പോയാൽ ഭ്രാന്താണ് എന്ന് മുദ്ര കുത്തുന്ന പഴമക്കാർ ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളെ മോഡേൺ മെഡിസിൻ രീതിയിൽ deal ചെയ്‌തു അവർക്ക് ജീവിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. Psychiatrist/ psychologist നിങ്ങളുടെ രക്ഷകർ ആണ്

സിനിമയിൽ അതിന് ശേഷം കാണിക്കുന്നത് ഒരു funeral procession ആണ്, അതിൽ കൊച്ചുകുട്ടികൾ തൊട്ട് മുതിർന്നവർ എല്ലാം ഒരു മരണം ആടിപ്പാടി ആഘോഷിക്കുന്നു. ഞാൻ ഈ ആഘോഷം കാണാൻ ഉണ്ടാവില്ലെങ്കിലും എന്റെ ആഗ്രഹം എന്നെ സ്നേഹിക്കുന്നവർ എന്റെ മരണവും ഒരു ആഘോഷവേള ആക്കി മാറ്റണം എന്നാണ്. അപ്പൊ പറയാൻ ഞാൻ ഉണ്ടാവില്ലല്ലോ. അത് കൊണ്ടാണ് ഇപ്പോഴേ പറയുന്നത്.

അവിശ്വാസി ആയ സമയം ഞാൻ കരുതിയത് എന്റെ ശവശരീരം മണ്ണിൽ അടക്കം ചെയ്‌തു വെറുതെ ഭൂമിയിലെ സ്പേസ് വേസ്റ്റ് ആക്കുന്നതിനു പകരം ദഹിപ്പിച്ച ശേഷം ആ ഹിന്ദു മതാചാരത്തെ മറികടക്കാൻ ആ ചാരം ഒരു പൊതു ടോയ്‌ലറ്റിന്റെ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു വിടണം എന്നാണ്. ഇതൊക്കെ എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ചെയ്യണം (നിങ്ങൾക്കുള്ള എന്റെ ചെറിയ ഒരു പണി!!) എന്റെ അമ്മുമ്മക്ക് dementia വന്നപ്പോൾ പുള്ളിക്കാരിക്ക് അവസാനം നടന്നത് ഒന്നും ഓർമ്മ ഇല്ല എന്നാൽ കുട്ടിക്കാലത്തെ കാര്യങ്ങൾ ആ രോഗത്തിന്റെ പ്രിത്യേകത കാരണം നല്ല ഓർമ്മയോടെ എപ്പോഴും സംസാരിക്കും. 35 വയസ്സ് വരെ എങ്കിലും കടുത്ത വിശ്വാസി ആയി ജീവിച്ച എനിക്ക് ഒരു പക്ഷെ Alzheimer’s/ dementia പോലെ വല്ലതും വന്നു ഞാൻ മരിച്ചു പോയാൽ എന്നെ ഹൈന്ദവ രീതിയിൽ അടക്കിയാൽ മതി എന്നെങ്ങാനും പറഞ്ഞാൽ എന്റെ കിളി (neurons in my brain) അടിച്ചു പോയി എന്ന് മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി- That is not me saying. എന്റെ ഉത്തമബോധ്യത്തിൽ നിന്ന് കൊണ്ട് ഞാൻ ഇപ്പോൾ പറയുക ആണ്, ഇനി മതത്തിലേക്ക് ഒരു തിരിച്ചു പോകില്ല.

എന്തായാലും അവയവദാനം വളരെ കുറവ് നടക്കുന്ന കാരണം ജീവിക്കാൻ ആഗ്രഹം ഉള്ള ധാരാളം മനുഷ്യർ ഒരവയവം കിട്ടാൻ ഇല്ലാതെ പലപ്പോഴും മരിച്ചു പോകുന്ന അവസ്ഥ ഉണ്ട് എന്ന് ഉമാ പ്രേമൻ പറയുന്നത് കേട്ടപ്പോൾ ആണ് എന്റെ ശവശരീരം കത്തിച്ചു ചാരം ക്ലോസറ്റിൽ ഇടുന്നതിന് പകരം അത് അവയവദാനത്തിന് കൊടുത്തു, അവർക്കാവശ്യം ഉള്ള അവയവങ്ങൾ എല്ലാം എടുത്ത ശേഷം ബാക്കി ശരീരം മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് പഠിക്കാൻ വിട്ടു കൊടുക്കുന്നതാണ് നല്ലത് എന്ന് എനിക്ക് ബോധ്യമായത്. മറ്റു മനുഷ്യർക്ക് എന്നെ കൊണ്ട് അങ്ങനെ എങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമല്ലോ. ഇങ്ങനെ തന്നെ ചെയ്യാൻ നിയമപരമായി സാധിക്കുമോ എന്നെനിക്കറിയില്ല. എന്നാൽ ഇത് നടത്തേണ്ടത് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ്. ഇതിനെ കുറിച്ച് എന്റെ പങ്കാളിയും അമ്മയും aware ആണ് എന്നാൽ ഇനി അകന്ന ബന്ധത്തിൽ ഉള്ള ആരെങ്കിലും അത് object ചെയ്താൽ (നീർക്കോലി കടിച്ചാലും പ്രശ്‌നമുണ്ട്- പാമ്പ് ഏതാണ് എന്നറിയില്ലെങ്കിൽ) അവരെ പറഞ്ഞു മനസ്സിലാക്കി എന്റെ ആഗ്രഹം നടത്തിതരേണ്ട ബാധ്യത ഞാൻ എന്റെ സുഹൃത്തുക്കളിൽ നിക്ഷേപിക്കുന്നു. അതാണ് ഈ പോസ്റ്റ് എഴുതാൻ തന്നെ കാരണം.

റിച്ചാർഡ് ഡോക്കിൻസിന്റെ ‘Unweaving the rainbow’ വിവർത്തനം ചെയ്‌തു Manoj Bright ഇങ്ങനെ എഴുതുന്നു:
“നമ്മളെല്ലാം ഒരു നാൾ മരിച്ചു പോകും. അതാണ് നമ്മളെ ഭാഗ്യവാൻമാരാക്കുന്നത്. മിക്കവരും ഒരിക്കലും മരിക്കാൻ പോകുന്നില്ല. കാരണം അവർ ഒരിക്കലും ജനിക്കാനും പോകുന്നില്ല. ഇവിടെ എന്റെ സ്ഥാനത്ത് ഉണ്ടാകാമായിരുന്ന, ഒരിക്കലും വെളിച്ചം കാണാൻ അവസരം കിട്ടാതെ പോയവരുടെ എണ്ണം അറേബ്യയിലെ മണൽത്തരികളേക്കാൾ അധികമായിരിക്കും. തീർച്ചയായും ജനിക്കാതെ പോയ ആ ആത്മാക്കളുടെ കൂട്ടത്തിൽ കീറ്റ്സിനെക്കാൾ വലിയ കവികളും, ന്യൂട്ടനെക്കാൾ വലിയ ശാസ്ത്രജ്ഞരും ഉണ്ടായിരിക്കും. നമുക്കിത് അറിയാൻ സാധിക്കുന്നത് നമ്മുടെ DNA പ്രകാരം സാധ്യമായ ആളുകൾ ശരിക്കുള്ള ആളുകളേക്കാൾ അങ്ങേയറ്റം അധികമാണ് എന്നതു കൊണ്ടാണ്. അമ്പരപ്പിക്കുന്ന ഈ അനുപാതവ്യത്യാസം നിലനിൽക്കേ സാധാരണക്കാരായ ഞാനും നിങ്ങളുമൊക്കെയാണ് ഇവിടെ ജനിക്കാൻ ഇടയായിട്ടുള്ളത്. എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി ജനിക്കാനുള്ള ഭാഗ്യം കിട്ടിയ നമ്മൾ കുറച്ചു പേർ ബഹുഭൂരിപക്ഷം പേർക്കും ഉണരാൻ കഴിഞ്ഞിട്ടില്ലാത്ത ആ മുൻ അവസ്ഥയിലേക്കുള്ള അനിവാര്യമായ തിരിച്ചു പോക്കിന്റെ പേരിൽ എന്തിനു വിലപിക്കുന്നു?” – Richard Dawkins

മരണത്തെക്കുറിച്ച് എങ്കിലും ലോകത്തിൽ ഇത്രയും പ്രണയത്തോടെ കൂടി ഉള്ള ഒരു ഗാനം ഉണ്ടായിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. റഫീഖ് അഹമ്മദ് ഈ പാട്ട് എഴുതിയ നിമിഷം ഈ ലോകത്തിൽ എത്ര മനോഹരമായ നിമിഷത്തിൽ ആയിരിക്കും. എൻറെ മരണത്തിനു ശേഷം ഈ പാട്ട് ഷഹബാസ് അമൻറെ സ്വരത്തിൽ എല്ലാവരെയും കേൾപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.

“മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ.” – Spirit

ഞാൻ യാദൃശ്ചികമായി ഒരു ഹിന്ദുവായി ജനിച്ചു, എന്നാൽ ഞാൻ ഒരു ഹിന്ദുവായി മരിക്കില്ല എന്ന് മഹാനായ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞത് പിന്തുടരാൻ എന്നെ സഹായിക്കണം എന്ന് എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അഭ്യർത്ഥിച്ചു കൊണ്ട് നിർത്തട്ടെ…

Life is dear to all. Life has it’s own beauty. There is only one life. Do good to the society and enjoy life to the fullest.

Love you all,
Rakesh Unnikrishnan


Leave a Reply

Your email address will not be published. Required fields are marked *