ഡിപ്രഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; സി എസ് സുരാജ് എഴുതുന്നു


“രണ്ട് രീതിയിലാണ് ഇത് നടക്കുന്നത്. ഒന്ന്, വിഷാദ രോഗമുള്ള ആളുകളെ ആശ്വസിപ്പിക്കാനെന്ന തരത്തില്‍ കൂടെ കൂടി ചൂഷണം ചെയ്യുക. രണ്ട്, വിഷാദ രോഗത്തിന്റെ പേരിലോ അല്ലെങ്കില്‍ രോഗം അഭിനയിച്ചു കൊണ്ടോ മറ്റുള്ളവരെ ചൂഷണം ചെയ്യുക. പ്രധാനമായും ഇവിടെ ചൂഷണത്തിന് വിധേയരാവാറുള്ളത് സ്ത്രീകളും ചൂഷണം ചെയ്യാറുള്ളത് പുരുഷന്മാരുമാണ്.”- സി എസ് സുരാജ് എഴുതുന്നു
ആണഭിനയങ്ങള്‍!

ലോകത്താകമാനം പടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സ്ലീപ്പിങ് ക്യാന്‍സറാണ് ഇന്ന് ഡിപ്രെഷന്‍. 2021 ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏതാണ്ട് 280 മില്യണ്‍ ആളുകള്‍ ഡിപ്രെഷന്റെ പിടിയിലാണ്. പ്രത്യക്ഷത്തില്‍ മാരകമല്ലെങ്കില്‍ കൂടി ആത്മഹത്യകള്‍ക്ക് വരെ കാരണമായേക്കാവുന്ന ഒന്നാണ് ഡിപ്രെഷന്‍. ഓരോ വര്‍ഷവും ഏതാണ്ട് 7 ലക്ഷത്തോളം ആളുകളാണ് ലോകത്താകമാനം ഡിപ്രെഷന്‍ മൂലം ആത്മഹത്യ ചെയ്യപ്പെടുന്നത്.

വെറും സങ്കടമല്ല വിഷാദ രോഗം

ജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന സങ്കടത്തെ കുറിച്ചല്ല നമ്മളിവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത്. വിഷാദ രോഗം അഥവാ ഡിപ്രഷന്‍ ഡിസോര്‍ഡറിനെ കുറിച്ചാണ്. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. സന്തോഷം, ആനന്ദം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കിടക്കുന്ന സെറോടോണിന്‍, ഡോപമിന്‍, നോറെപിനെഫ്രിന്‍ തുടങ്ങിയ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ക്ക് സംഭവിക്കുന്ന അസന്തുലിതാവസ്ഥയാണ് പ്രധാനമായും വിഷാദരോഗത്തിന് കാരണം. തുടര്‍ച്ചയായ് വ്യക്തിയില്‍ കാണപ്പെടുന്ന വിഷാദ ഭാവം, ഒന്നിനോടും താല്പര്യമില്ലായ്മ, ആത്മഹത്യാ പ്രവണത, ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഗുരുതരമാണെങ്കില്‍ കൂടി മോഡേണ്‍ മെഡിസിന്റെ സഹായത്തോടെ മാറ്റിയെടുക്കാവുന്ന അല്ലെങ്കില്‍ ത്വരിതപ്പെടുത്താവുന്ന ഒരു രോഗം തന്നെയാണ് ഡിപ്രഷന്‍.

നമ്മുടെ നാട്ടിലും സാധാരണയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിപ്രഷന്‍. ഇതിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും ഏറെയാണ്. നമുക്ക് സംസാരിക്കുവാനുള്ളതും ഇതേ കുറിച്ചാണ്!

മാനസികരോഗങ്ങളോട് ഇന്നും അയിത്തം കാണിക്കുന്നവരാണ് നമുക്കിടയിലെ ഭൂരിപക്ഷമാളുകളും. വിദ്യാഭ്യാസ കുറവും, സമൂഹത്തില്‍ സിനിമകളുള്‍പ്പടെ മാനസിക രോഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള രാക്ഷസ നിര്‍മ്മിതിയും ഇതിന് കാരണങ്ങളാണ്. ഇവര്‍ക്കിടയിലാണ് ഡിപ്രഷന്‍ പോലുള്ള മാനസിക രോഗങ്ങളുള്ളവര്‍ ജീവിക്കുന്നത്. എത്രത്തോളം ബുദ്ധിമുട്ടുകളായിരിക്കാം ഇത് മൂലം ഇക്കൂട്ടര്‍ സഹിക്കേണ്ടി വരുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബം പോലും കൂടെ നില്‍ക്കില്ലെന്ന് മാത്രമല്ല, സാമ്പത്തികമായും മറ്റും സ്വതന്ത്രരല്ലാത്തവരാണ് രോഗികളെങ്കില്‍ പല രൂപത്തില്‍ ഇക്കൂട്ടര്‍ ചൂഷണത്തിന് വിധേയരാവാന്‍ സാധ്യതയുണ്ട്.

ഇമോഷണല്‍ ബോണ്ട് മുതലെടുക്കുന്നവര്‍

ഇത്തരം ചൂഷണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. പലപ്പോഴും അഡ്രസ്സ് ചെയ്യുന്നതുമാണ്! എന്നാല്‍ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്ന, പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഡിപ്രഷന്റെ പേരില്‍ നടക്കുന്ന മറ്റൊരുതരം ചൂഷണം കൂടി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മാനസികരോഗങ്ങള്‍ എന്താണെന്ന് അറിയാത്തവരില്‍ നിന്നോ, വിദ്യാഭ്യാസമില്ലാത്തവരില്‍ നിന്നോ അല്ല ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാവുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നാഴികക്ക് നാല്‍പത് വട്ടം പുരോഗമനം വിളമ്പുന്നവര്‍ പോലും ഇത്തരം ചൂഷണങ്ങളുടെ വക്താക്കളാണ്!

രണ്ട് രീതിയിലാണ് ഇത് നടക്കുന്നത്. ഒന്ന്, വിഷാദ രോഗമുള്ള ആളുകളെ ആശ്വസിപ്പിക്കാനെന്ന തരത്തില്‍ കൂടെ കൂടി ചൂഷണം ചെയ്യുക. രണ്ട്, വിഷാദ രോഗത്തിന്റെ പേരിലോ അല്ലെങ്കില്‍ രോഗം അഭിനയിച്ചു കൊണ്ടോ മറ്റുള്ളവരെ ചൂഷണം ചെയ്യുക. പ്രധാനമായും ഇവിടെ ചൂഷണത്തിന് വിധേയരാവാറുള്ളത് സ്ത്രീകളും ചൂഷണം ചെയ്യാറുള്ളത് പുരുഷന്മാരുമാണ്. പലപ്പോഴും ഇക്കൂട്ടര്‍ പോലും ഇതൊന്നും അറിഞ്ഞു കൊള്ളണമെന്ന് കൂടിയില്ല!

ഒന്നാമത്തെ രീതി നമുക്ക് കുറച്ചു കൂടി സുപരിചിതമാണ്. ഒരാളുടെ ബലഹീനതകള്‍ മനസ്സിലാക്കി അതിനെ മുതലെടുത്ത് അവരുടെ തന്നെ രക്തം ഊറ്റി കുടിക്കുന്ന രീതി. ഡിപ്രഷനെന്ന് പറയുന്നത് തന്നെ ഒരു ദുരന്തമാണ്. ആ ദുരന്തത്തിന് പുറകില്‍ മറ്റു പല ദുരന്തങ്ങളും ഒരു പക്ഷേ പലരുടെയും ജീവിതത്തില്‍ കണ്ടെന്ന് വരാം. ഇതിനെല്ലാം ആശ്വാസ വാക്കായി കൂടെ കൂടുകയും, ഇത് വഴി ഒരു നിര്‍ബന്ധിത കടപ്പാട് അല്ലെങ്കില്‍ ഒരു ഇമോഷണല്‍ ബോണ്ട് മനഃപൂര്‍വം വളര്‍ത്തിയെടുക്കുകയും ചെയ്ത്, പിന്നീട് പണം മുതല്‍ സെക്‌സ് വരെ ചോദിച്ചു വാങ്ങുന്നതുമാണ് ഇവിടെ നടക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളയാള്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന് മനസ്സിലാക്കിയിട്ടും ഇമോഷണല്‍ ബോണ്ട് മൂലം പലപ്പോഴും സ്ത്രീകള്‍ നിശബ്ദരായിരിക്കുകയാണ് ചെയ്യുന്നത്.

ലൈംഗിക ചൂഷണം സൂക്ഷിക്കുക

രണ്ടാമത്തെ രീതി മനസ്സിലാക്കാന്‍ കുറച്ചു ബയോളജി അറിഞ്ഞിരിക്കേണ്ടതുണ്ട്! തന്റെ ജീനുകള്‍ പരമാവധി പ്രസരിപ്പിക്കുക എന്നൊരു പ്രാഥമിക ലക്ഷ്യമുള്ള ജീവികളാണ് പുരുഷന്മാര്‍. അത് ഏത് ജീവിവര്‍ഗ്ഗമെടുത്താലും അങ്ങനെ തന്നെ! അതിനവര്‍ പീലി വിടര്‍ത്തി അതിസുന്ദരമായി ആടുന്നത് മുതല്‍ മറ്റൊരു പുരുഷന്റെ തല അറുത്തെടുക്കാന്‍ വരെ തയ്യാറാണ്. ലഭ്യമായ എല്ലാ വിധ റിസോഴ്‌സുകളും പെണ്ണിന്റെ ആകര്‍ഷകത്വം നേടാനായി ഇവര്‍ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് കാലങ്ങളിലിത് ക്യാഷും ബൈക്കും തുടങ്ങി ജോക്കിയുടെ ഇന്നര്‍ വരെയാണെങ്കില്‍ പണ്ടുകാലത്തത് മണ്‍മറഞ്ഞുപോയ മാമത്തിന്റെ ഒരു കഷ്ണം ഇറച്ചി മുതല്‍ തിളക്കമുള്ള അതിസുന്ദരമായ വെള്ളാരംകല്ലുകള്‍ വരെയാവാം!

പറഞ്ഞു വന്നത്, സ്ത്രീകളുടെ ആകര്‍ഷണത്വം നേടിയെടുക്കുന്നതിനായോ സെക്‌സ് നേടുന്നതിനായോ ലഭ്യമായ എല്ലാ വിധ കാര്യങ്ങളും ഉപയോഗപ്പെടുത്താന്‍ സന്നദ്ധനാണ് നമ്മുടെ സമൂഹത്തിലെ നല്ലൊരു ശതമാനം പുരുഷന്മാരും എന്നുള്ളതാണ്. സമൂഹത്തില്‍ വില കിട്ടുന്ന, അതിലുപരി സ്ത്രീകള്‍ക്കിടയില്‍ മതിപ്പുളവാക്കുന്ന എന്തും ഇതില്‍പ്പെടും. പാട്ടും ഡാന്‍സും എഴുത്തും തുടങ്ങി, ഇല്ലാത്ത കാശ് മുടക്കി താടിയും മുടിയും മിനുക്കുന്നത് മുതല്‍ ഫെമിനിസ്റ്റ് ചമയുക, പുരോഗമന മാസ്‌ക്കുകള്‍ എടുത്തണിയുക, യുക്തിവാദിയായി അഭിനയിക്കുക തുടങ്ങിയവയെല്ലാം ഇതില്‍ വരുന്നവയാണ്. ഇതെല്ലാം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിച്ച് ചൂഷണങ്ങളായും മാറാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഡിപ്രഷന്റെ പേരിലുള്ള ചൂഷണം!

തനിക്ക് ഡിപ്രെഷനാണെന്ന് സ്ത്രീ സുഹൃത്തുക്കളോട് പറയുന്നു. ഇത് ഒരുപക്ഷേ കള്ളമാവാം അല്ലെങ്കില്‍ സത്യമാവാം. തുടര്‍ന്ന് പറയുന്ന കാര്യങ്ങളാണ് ഏറ്റവും പ്രധാനം. ‘തനിക്ക് ഭയങ്കര വലിയ ഡിപ്രഷനാണ്. ഇതുമൂലം തനിക്ക് എല്ലാം നഷ്ടപ്പെട്ടു. ആകെയുള്ള സുഹൃത്ത് നീ മാത്രമാണ്. മരുന്നുകളെല്ലാം എടുക്കുന്ന സ്റ്റേജും കഴിഞ്ഞ് ഇഞ്ചക്ഷന്‍ കുത്തിവയ്ക്കുന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍ ഉള്ളത്. ദിവസവും മൂന്ന് നേരം ആഹാരത്തിന് ശേഷം ഇഞ്ചക്ഷന്‍ കുത്തുന്നുണ്ട്. ഡിപ്രഷനും പിന്നെ ഈ മരുന്നുകളും കാരണം, സെക്‌സിനോട് എനിക്ക് വല്ലാത്ത ആകര്‍ഷണമാണ്. ഇത് ചെയ്‌തേ പറ്റൂ. അത്രയ്ക്കും പ്രശ്‌നമാണ്. എനിക്ക് ആകെയുള്ള ആശ്രയം നീയാണ്. മാത്രമല്ല എന്റെ കൈയില്‍ പൈസയുമില്ല.’

ഡിപ്രഷനെക്കുറിച്ചോ ആണുങ്ങളെ കുറിച്ചോ വലിയ ധാരണയൊന്നുമില്ലാത്ത നിഷ്‌കളങ്കര്‍ ഇതൊക്കെ കേള്‍ക്കുമ്പോഴേക്കും ഫ്‌ലാറ്റ്! ഡിപ്രഷന് ഇഞ്ചക്ഷനുണ്ടോ എന്ന് പോലും തിരിച്ച് ചോദിക്കില്ല. സെന്റിമെന്‍സ് കാരണം സഹിക്കവയ്യാതെ, അല്ലെങ്കില്‍ അതിനാല്‍ കബളിപ്പിക്കപ്പെട്ട് പിന്നെ പണം കൊടുക്കലായി സെക്‌സ് കൊടുക്കലായി! മറ്റു ചിലര്‍ പിന്നെ സെന്റിമെന്‍സ് ഒന്നുമില്ല, ആദ്യമേ കേറിയങ്ങ് പീഡിപ്പിക്കും. എന്നിട്ട് ഇത് പുറത്ത് പറയാതിരിക്കാന്‍ സെന്റിമെന്‍സ് ഇറക്കും. പീഡിപ്പിച്ചത് ഡിപ്രഷന്‍ മൂലമാണെന്ന് വരെ വെച്ചങ്ങ് കാച്ചും!

കരുതലും ചികിത്സയും ആവശ്യമായ ഗുരുതര രോഗം

ഇത്തരം കേസുകള്‍ എത്രയോ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ് അതിലും കൂടുതല്‍! പുറത്തു പറയുന്നവരൊന്നും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറുമല്ല. ആദ്യം തന്നെയുണ്ടാക്കി വെച്ച ഇമോഷണല്‍ ബോണ്ട് അല്ലെങ്കില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് തന്നെ ഇതിനും കാരണം!

ഡിപ്രഷന്‍ കരുതലും ചികിത്സയും ആവശ്യമായ ഒരു ഗുരുതര രോഗമാണ്. നമ്മുക്കിടയിലെ ഒരുപാട് ആളുകള്‍ ഈ കരുതലും ചികിത്സയും ലഭിക്കാതെ എത്രയോ കഷ്ടപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇത്തരം രോഗികളെ പോലും സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാനിടയാക്കുന്ന ഒരു പണിയാണിപ്പോള്‍ ഈ അഭിനയ പുരുഷുക്കള്‍ എടുത്തു കൊണ്ടിരിക്കുന്നത്. ഇത് വഴി സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന യഥാര്‍ഥ പ്രശ്‌നത്തിന്റെ മെറിറ്റ് നഷ്ടമാവുകയും, ഒട്ടനവധി പേര്‍ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇത് മൂലം ഇരയാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

മാനസിക രോഗങ്ങളെ കുറിച്ച് മനസ്സിലാക്കി വെക്കുകയും, ഇമോഷണലായി പോവാതെ എപ്പോഴും റിയാലിറ്റിയുമായി ചേര്‍ന്നു നില്‍ക്കാനുള്ള ബൗദ്ധിക പക്വത വളര്‍ത്തിയെടുക്കുകയും, സംശയങ്ങളും ചോദ്യങ്ങളും പ്രകടിപ്പിച്ചു കൊണ്ട് സത്യമേതെന്നും കള്ളമേതെന്നും തിരിച്ചറിയുകയും, ഇത് വഴി കരുതല്‍ ആവശ്യമായവര്‍ക്ക് പരമാവധി സ്‌നേഹവും കരുതലും കൊടുക്കുകയും, അല്ലാത്തവരെ മാറ്റിനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം.


Leave a Reply

Your email address will not be published. Required fields are marked *