”ഒരു സാങ്കേതിക വിദ്യ മാറി വരുമ്പോള്‍ പല ജോലികള്‍ നഷ്ടപ്പെടുകയും പുതിയവ ഉയര്‍ന്നു വരികയും ചെയ്യും. അതിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം ആണ് ചുമട്ടു തൊഴിലിന്റെ ഡിമാന്‍ഡില്‍ ഉണ്ടായ കുറവ്. ആ തൊഴിലിന്റെ ആവശ്യകത സമൂഹത്തില്‍ ഉള്ള സപ്ലൈ അഥവാ ലഭ്യതയേക്കള്‍ ഇപ്പോള്‍ കൂടുതല്‍ ആയിരിക്കുന്നു.”- വിഷ്ണു അജിത്ത് എഴുതുന്നു. |
ജോലിയും കൂലിയും, നോക്കുകൂലിയും!
ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ റോഡിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു. മെക്കാനിക്കല്‍ എക്സ്‌കവേറ്ററുകളുടെ ( ജെസിബി പോലുളള വാഹനങ്ങള്‍) സഹായത്തോടെയാണ് ജോലികള്‍ നടന്നിരുന്നത്. ഈ സമയം ഒരു കപട തൊഴിലാളി നേതാവ് അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു ”പണ്ഡിറ്റ്ജി ഈ യന്ത്രത്തിന് മണ്‍വെട്ടി ഉപയോഗിച്ച് ആയിരം തൊഴിലാളികള്‍ ഒരു ദിവസം ചെയ്യുന്ന ജോലി മണിക്കൂറുകള്‍ക്കുള്ളില്‍ ചെയ്യാന്‍ കഴിയുമോ?”. ”അതെ തീര്‍ച്ചയായും അവയ്ക്ക് കഴിയും” എന്ന് നെഹ്റു മറുപടി നല്‍കി. ”എങ്കില്‍ ഈ യന്ത്രങ്ങള്‍ക്കുപകരം നിങ്ങള്‍ക്ക് എന്തുകൊണ്ട് ആയിരം തൊഴിലാളികളെ നിയമിച്ചുകൂടാ? അവര്‍ക്ക് ജോലി കിട്ടും, അവരുടെ കുടുംബത്തെ പോറ്റുവാനും സാധിക്കും” നേതാവ് ആരാഞ്ഞു. ചോദ്യത്തിലെ വിഡ്ഢിത്തം ആലോചിച്ച് നെഹ്‌റു ഉള്ളില്‍ ചിരിച്ചു. നെഹ്റു പുഞ്ചിരിയോടെ തുടര്‍ന്ന് പറഞ്ഞു ”മണ്‍വെട്ടി ഉപയോഗിക്കുന്ന ഒരു തൊഴിലാളി സ്പൂണുകള്‍ ഉപയോഗിക്കുന്ന 10 തൊഴിലാളികള്‍ക്ക് തുല്യമല്ലേ? പിന്നെ എന്തുകൊണ്ട് എനിക്ക് ഈ നിര്‍മ്മാണത്തിനായി ആയിരം മണ്‍വെട്ടി ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് പകരം പതിനായിരം സ്പൂണുകള്‍ ഉപയോഗിക്കുന്ന തൊഴിലാളികളെ നിയമിച്ചുകൂടാ? അവരും ജോലി ചെയ്യും, അവരുടെ കുടുംബത്തെയും പോറ്റും”. നെഹ്‌റുവിന്റെ മറുപടി കേട്ട നേതാവ് ഇളിഭ്യനായി നിന്നു.
ഇത് ചിലപ്പോള്‍ ഒരു ഫിക്ഷന്‍ ആയിരിക്കാം, എന്നാല്‍് സമീപകാലത്ത് കേരളത്തില്‍ വിശേഷിച്ചും കണ്ടുവരുന്ന സമരങ്ങളുടെയും കൊടികുത്തലിന്റെയും പാശ്ചാത്തലത്തില്‍ ഈ കഥ നല്‍കുന്ന സന്ദേശം വളരെ പ്രസക്തം ആണ്.
ജോലി ഉണ്ടാകുന്നത് എങ്ങനെ?
എങ്ങിനെ ആണു ജോലി ഉണ്ടാകുന്നത്? എന്താണ് ജോലിക്കുള്ള കൂലി നിശ്ചയിക്കുന്നത്? ലളിതമായ ഉത്തരം ഡിമാന്‍ഡ് അഥവാ ആവശ്യം അനുസരിച്ചാണ് എന്നതാണ്. നമ്മള്‍ ചെയ്യുന്ന അല്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ അറിയുന്ന ഒരു കാര്യത്തിന് മറ്റുള്ളവര്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ മാത്രം ആണ് അത് ജോലി ആകുന്നത്. ഒരു ജോലി ചെയ്യാന്‍ തയ്യാറായ, ആ ജോലി ആവശ്യപ്പെടുന്ന കഴിവും ഉള്ള ആളുകളുടെ എണ്ണം ആ ജോലിക്ക് ആ സമൂഹത്തില്‍ ഉള്ള ആവശ്യക്കാരുടെ എണ്ണത്തിന് തുല്യമായി വരുന്നത് ഏത് വിലയില്‍ ആണോ, അതാണ് ആ ജോലിയുടെ കൂലി ആയി വരുന്നത്. നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ജോലിക്ക് വേണ്ടി എടുക്കുന്ന അധ്വാനത്തെ കുറിച്ചാണ്. ഒരു ജോലിക്ക് വേണ്ട അധ്വാനം, അത് എത്ര തന്നെ ആയാലും അത് ഒരു തരത്തിലും ജോലിയുടെ കൂലിയെ നിര്‍ണയിക്കുന്നതില്‍ ഒരു പങ്കും വഹിക്കുന്നില്ല.
There are no Goods or Services of fixed value. They are valuable as long as people value them, and ONLY TO THAT EXTENT. ഈ ആവശ്യകത അല്ലെങ്കില്‍ ഡിമാന്‍ഡ് എന്നത് കാലത്തിനു അനുസരിച്ചും ടെക്‌നോളജി അനുസരിച്ചും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന് ആവശ്യമുള്ള ജോലികളും മാറിക്കൊണ്ടിരിക്കും. ഒരു സാങ്കേതിക വിദ്യ മാറി വരുമ്പോള്‍ പല ജോലികള്‍ നഷ്ടപ്പെടുകയും പുതിയവ ഉയര്‍ന്നു വരികയും ചെയ്യും. അതിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം ആണ് ചുമട്ടു തൊഴിലിന്റെ ഡിമാന്‍ഡില്‍ ഉണ്ടായ കുറവ്. ആ തൊഴിലിന്റെ ആവശ്യകത സമൂഹത്തില്‍ ഉള്ള സപ്ലൈ അഥവാ ലഭ്യതയേക്കള്‍ ഇപ്പൊള്‍ കൂടുതല്‍ ആയിരിക്കുന്നു. ചുമട്ടു തൊഴില്‍ മാത്രം അല്ല, ടെക്‌നോളജി മാറുന്നതിന് അനുസരിച്ച് ടൈപ്പ് റൈറ്റിങ്ങ്, നെയ്ത്ത്, മറ്റു പരമ്പരാഗത തൊഴിലുകള്‍, കൃഷി, തുടങ്ങി പല തരം ജോലികള്‍ക്ക് ഉള്ള പ്രാധാന്യം നഷ്ടപെട്ടു. ആളുകളുടെ ആവശ്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് ജോലികള്‍ കൂടാതെ പണ്ട് നല്ല ലാഭത്തില്‍ പോയിരുന്ന പല സംരംഭങ്ങളും ഇന്ന് പൂട്ടിപോയി. ഇത് തികച്ചും സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യം ആണ്. കാരണം, നമുക്ക് ആവശ്യം ഇല്ലാത്ത ഒരു കാര്യത്തിന് വെറുതെ കാശു മുടക്കാന്‍ ആരും തയ്യാറാകില്ല എന്നത് തന്നെ.
ജോലി കാലാനുസൃതമായി മാറും
തൊഴിലാളികളോടും കര്‍ഷകരോടും ഭയങ്കര പ്രേമം ആണ് എന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ പോലും നിലവിലെ മാര്‍ക്കറ്റ് വിലയുടെ ഒരു രൂപ പോലും അധികം കൂലി കൊടുക്കുകയോ, പച്ചക്കറികളും ധാന്യങ്ങളും അധിക വിലക്ക് വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല എന്നതാണ് വാസ്തവം. പല ജോലികളും ഇല്ലാതെ ആയി പോകുന്നുണ്ട് എങ്കിലും അതിനേക്കാള്‍ കൂടുതല്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. മനുഷ്യരുടെ ആവശ്യങ്ങള്‍ പല തരത്തില്‍ മാറി മറിയുന്നു, പുതിയ പുതിയ ആവശ്യങ്ങള്‍ ഉണ്ടായി വരുന്നു.
അത് കൊണ്ട് തന്നെ സമൂഹത്തിന് ആവശ്യം ഇല്ലാത്ത ജോലികള്‍ ചെയ്യുന്ന ആളുകള്‍ അതില്‍ നിന്ന് മാറി ആളുകള്‍ക്ക് ആവശ്യം ഉള്ള ജോലികള്‍ കണ്ടെത്താന്‍ ശ്രമിക്കുക എന്നത് മാത്രം ആണ് ഇതിനു പോംവഴി. അതിനു വേണ്ടി പരിശ്രമിക്കാനും കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഉള്ള ജോലികള്‍ക്ക് ആവശ്യമായ സ്‌കില്‍ സ്വായത്വം ആക്കാനും ആണ് നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടത്. അതിനു ആളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുക, ബോധവത്കരിക്കുക എന്നത് ഒക്കെ ആണ് സമൂഹം എന്ന നിലയ്ക്ക് നമുക്കും നമ്മള്‍ തിരഞ്ഞെടുക്കുന്ന ഗവണ്‍മെന്റും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍.
ഇത് ഗുണ്ടായിസം
എന്നാല്‍ അതിനു പകരം പുതിയ കഴിവുകള്‍ നേടാന്‍ ഒരു പരിശ്രമവും ചെയ്യാതെ, ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് ആവശ്യകത ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂലി മറ്റൊരാള്‍ തരണം എന്ന് പറയുന്നത്, പച്ച മലയാളത്തില്‍ ഗുണ്ടായിസം ആണ്. അങ്ങിനെ സംഘടന ശക്തി കാണിച്ച് കൊണ്ട് സമൂഹത്തില്‍ ആവശ്യം ഇല്ലാത്ത ജോലി നിര്‍ബന്ധമായും തങ്ങള്‍ക്ക് തന്നിരിക്കണം, പറയുന്ന കൂലി കിട്ടിയിരിക്കണം എന്ന തിട്ടൂരം ഭാവിയില്‍ ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുന്ന ഏതൊരു സംരംഭകരെയും ഇവിടെ അത് വേണ്ട എന്ന തീരുമാനത്തിലേക്ക് മാത്രമേ എത്തിക്കുള്ളൂ. ഇതിന്റെ ഫലം ആയി ഇവിടെ ഉണ്ടാകാന്‍ സാധ്യതയുള്ള പുതിയ ജോലികളും ഇല്ലാതാക്കുക ആണ് ചെയ്യുക. യൂണിയന്റെയും ഗവണ്‍മെന്റിന്റെ യും ഇഷ്ടം നേടാന്‍ ആയിടില്ലെങ്കില്‍ ഒരിക്കലും ഒരാള്‍ക്ക് ഇവിടെ തന്റെ സംരംഭം തുടങ്ങാന്‍ കഴിയാത്ത അവസ്ഥ നാടിനെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് മാത്രമേ ചെന്നെത്തിക്കുള്ളൂ.
ഇത് കൂടാതെ ഇതിന്റെ ആഘാതം പല മടങ്ങായി നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കുകയും ചെയ്യും. അതിന്റെ ഫലം കൂടുതല്‍ ആളുകളുടെ തൊഴില്‍ സാധ്യത നഷ്ടപ്പെടുക എന്നത് ആണ്. ഇനി പറയാനുള്ളത് ഇതെല്ലാം ചുമട്ടുതൊഴിലാളി കളുടെ അവകാശമാണ്, അവരെ മുതലാളി ചൂഷണം ചെയ്യുന്നത് കൊണ്ടാണ് തങ്ങള്‍ സമരം ചെയ്യുന്നത് എന്നൊക്കെ വാദിച്ച് നടക്കുന്ന കുമാരപിള്ള സാറുമാരോടും കോട്ടപ്പള്ളിമാരോടും ആണ്. എല്ലാത്തിനെയും ചൂഷണം ആയി കണ്ട് എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നിങ്ങളുടെ ആ പ്രത്യയ ശാസ്ത്രം അത് എഴുതിയ കാലത്ത് പോലും കാലഹരണപ്പെട്ടത് ആയിരുന്നു എന്ന് മനസിലാക്കുക. ഒരു മനുഷ്യന്റെ അധ്വാനത്തിന്റെ മൂല്യത്തിനു മുകളില്‍ ഒരു വസ്തുവിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില എന്നത് ചൂഷണം അല്ല എന്ന് 100 വട്ടം ഇമ്പോസിഷന്‍ എഴുതി ആണെങ്കിലും പഠിക്കുക. തൊഴിലാളി സ്‌നേഹത്തിന്റെ മൊത്ത കച്ചവടക്കാര്‍ എന്ന് സ്വയം വീര്‍പ്പിക്കുന്ന നിങ്ങള്‍ക്ക് അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉണ്ടെങ്കില്‍, ‘നിങ്ങളുടെ എല്ലാ കഷ്ടപ്പാടിനും കാരണം മറ്റൊരുത്തന്റെ ചൂഷണം ആണ്’ എന്ന് പറഞ്ഞ് അവരുടെ മനസ്സില്‍ വെറുപ്പ് പടര്‍ത്തുന്ന പരിപാടി നിര്‍ത്തി, പകരം അവര്‍ക്ക് പറ്റാവുന്ന മറ്റു തൊഴില്‍ മേഖലകള്‍ കണ്ടെത്തി അവരെ അവിടേക്ക് മാറ്റാന്‍ ഉള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുക.