സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്; സി രവിചന്ദ്രന്‍ എഴുതുന്നു


‘സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്. സമുദ്രത്തില്‍ അന്തര്‍ ജലപ്രവാഹങ്ങള്‍ (under water currents) ഉണ്ടെന്ന കാര്യം നാം ചെറിയ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജൈവപ്രകാശദീപ്തി (Bio-luminescence) ജീവികള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇരപിടിക്കുന്നതും രക്ഷപെടുന്നതുമൊക്കെ പ്രകാശം ഉപയോഗിച്ചാണ്. അതായത് വെളിച്ചം ഉപയോഗിച്ചാണ് അവിടെ ജീവിതം മുന്നോട്ടുപോകുന്നത്. സമുദ്രാന്തര്‍ഭാഗത്ത് അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറണ്ട്. തിളച്ചുമറിയുന്ന ഉരുകിയ ലാവയുടെ പുറത്തേക്കുള്ള ചീറ്റല്‍ ഉണ്ടാക്കുന്ന പ്രകാശവും പ്രഹരശേഷിയും ഊഹിക്കാവുന്നതേയുള്ളൂ. സമുദ്രാന്തര്‍ഭാഗത്ത് വെളിച്ചവും ഇരുട്ടും ജീവിതവും ഒക്കെ കണ്ടെത്താനാവും’. – സി രവിചന്ദ്രന്‍ എഴുതുന്നു
ആഴക്കടലിലെ വെളിച്ചവും ജീവിതവും

മുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഉത്തരം എപ്പോള്‍ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. ചന്ദ്രികാരഹിതമായ രാത്രിയില്‍ കടലിന്റെ ഉപരിതലത്തില്‍പോലും ഇരുട്ടായിരിക്കും. അപ്പോള്‍ അടിത്തട്ടില്‍ എന്തായിരിക്കും എന്നൂഹിക്കാം. പകല്‍സമയത്ത് സമുദ്രത്തിന്റെ അടിത്തട്ടില്‍ ‘ഇരുട്ടിന് മേല്‍ ഇരുട്ടാ’ണോ? അല്ലെന്നും പറയാം ആണെന്നും പറയാം. പല സമുദ്രഭാഗങ്ങളിലും അടിത്തട്ടിന്റെ ആഴം വ്യത്യാസപെട്ടിരിക്കും. അടിത്തട്ട് തന്നെ പുറത്തുനിന്ന് കാണാവുന്ന സമുദ്രഭാഗങ്ങളുണ്ടാവും. അടിത്തട്ടിലേക്ക് പോകുമ്പോള്‍ ഇരുണ്ട് പോവുക സ്വാഭാവികമാണ്. കാരണം ഈ പ്രപഞ്ചത്തിന്റെ സ്ഥായിയ ഭാവം ഇരുട്ടും തണുപ്പുമാണ് (dark n’ cold). ചൂടാക്കാനും പ്രകാശംവിതറാനും സ്രോതസ്സുകള്‍ ഇല്ലെങ്കില്‍ എല്ലായിടത്തും ഇരുട്ടും തണുപ്പും മാത്രമേ ഉണ്ടാവൂ. ie പ്രകാശസ്രോതസ്സുകളുടെ (eg-the Sun) അഭാവത്തില്‍ കടലിന്നകത്തും പുറത്തും ഇരുട്ടായിരിക്കും.

സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്. ആധുനികലോകത്ത് അങ്ങനെയാരും പറയുമെന്നു തോന്നുന്നില്ല. That is false information. കടലിന്റെ അടിത്തട്ടില്‍ ആകെ ഇരുട്ടാണെന്നൊക്കെ തട്ടിവിടുന്ന മത നുണകള്‍ ഡീബങ്ക് ചെയ്യുന്ന വീഡിയോകള്‍ യു-ട്യൂബിലുണ്ട്. മിറക്കുള എന്ന സീരീസ് (Miracula 2) അവതരിപ്പിക്കുന്ന സമയത്ത് ഇതുസംബന്ധിച്ച് കുറെ സ്ളൈഡുകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും അവതരണത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ തികച്ചും ബാലിശമെന്ന് ആര്‍ക്കും ബോധ്യപെടുന്ന ഒരു അവകാശവാദം ഗൗരവബുദ്ധിയുള്ള ആരും കാര്യമായി എടുക്കില്ലെന്ന് കരുതി. മതനുണകളുടെ ഭാഗമായി വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനായി സ്ഥിരമായി ഉന്നയിക്കപെടുന്ന ഒട്ടും പുതുമയില്ലാത്ത, ദുര്‍ബലമായ ഒരു ‘മിറക്കിള്‍വാദം’ മാത്രമാണിത്.

സമുദ്രത്തില്‍ അന്തര്‍ ജലപ്രവാഹങ്ങള്‍ (under water currents) ഉണ്ടെന്ന കാര്യം നാം ചെറിയ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജലത്തിന്റെ മര്‍ദ്ദം, ഊഷ്മാവ്, പ്രതലത്തിന്റെ നിമ്നോന്നതി, ടെക്ടോണിക് ശക്തികള്‍… എന്നിവ ഈ ജലപ്രവാഹങ്ങളുടെ ഹേതുവാകും. യൂറോപ്പിന്റെ പുതപ്പ് (The Blanket of Europe) എന്നറിയപ്പെടുന്ന ഗള്‍ഫ് സ്ട്രീം (Gulf stream) ഉഷ്‌ണജലപ്രവാഹം, ലാബ്രഡോര്‍ (Labrador) എന്ന ശീതജലപ്രവാഹം.. ഒക്കെ ഉദാഹരണങ്ങള്‍. ഇവയൊക്കെ സമുദ്രത്തിന് അടിത്തട്ടിലുള്ള കൂറ്റന്‍ ജലപ്രവാഹങ്ങളാണ്. സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന തിരമാലകളുടെ ആകൃതിയും ആവൃത്തിയും തന്നെ അന്തര്‍ജല പ്രവാഹങ്ങള്‍ക്കും ഉണ്ടാകണമെന്നില്ല. ജൈവപ്രകാശദീപ്തി (Bio-luminescence) ജീവികള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇരപിടിക്കുന്നതും രക്ഷപെടുന്നതുമൊക്കെ പ്രകാശം ഉപയോഗിച്ചാണ്. അതായത് വെളിച്ചം ഉപയോഗിച്ചാണ് അവിടെ ജീവിതം മുന്നോട്ടുപോകുന്നത്.

സമുദ്രാന്തര്‍ഭാഗത്ത് അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നമുക്കറിയാം. കരഭാഗത്തുണ്ടാകുന്നതിലും എത്രയോ ഇരട്ടി! തിളച്ചുമറിയുന്ന ഉരുകിയ ലാവയുടെ പുറത്തേക്കുള്ള ചീറ്റല്‍ ഉണ്ടാക്കുന്ന പ്രകാശവും പ്രഹരശേഷിയും ഊഹിക്കാവുന്നതേയുള്ളൂ. സുനാമിയുടെ ഒരു പ്രധാനകാരണം തന്നെ ഇത്തരം സ്ഫോടനങ്ങളാണല്ലോ. ആറ്റങ്ങള്‍ക്കുള്ളിലെ ന്യൂക്ലിയര്‍ റേഡിയേഷന്‍ പ്രവര്‍ത്തനങ്ങളും സമുദ്രാന്തര്‍ഭാഗത്ത് പ്രകാശം വിതയ്ക്കാറുണ്ട്. പൊട്ടാസ്യം ഐസോടോപ്പ് (K-40) ന്യൂക്ലിയസിന്റെ ക്ഷയം ഉണ്ടാക്കുന്ന പ്രകാശ ഉല്‍സര്‍ജനം അതിലൊന്നാണ്. സെറന്‍കോവ് റേഡിയേഷന്‍ (Cerenkov radiation) എന്നാണിത് അറിയപ്പെടുന്നത്. കോസ്മിക് രശ്മികള്‍ (cosmic rays) സൃഷ്ടിക്കുന്ന പ്രകാശമാണ് മറ്റൊരു സ്രോതസ്സ്. വളരെ അസാധാരമായ മറ്റൊരു ദീപ്തിയാണ് ഹൈഡ്രോതെര്‍മല്‍ ദ്വാരങ്ങള്‍ (hydrothermal vents) സൃഷ്ടിക്കുന്നത്. ഈ ദ്വാരമുഖങ്ങളില്‍ താപനില പലപ്പോഴും 250-400 ഡിഗ്രി വരെ ഉണ്ടാവും. ചുരുക്കത്തില്‍ സമുദ്രാന്തര്‍ഭാഗത്ത് വെളിച്ചവും ഇരുട്ടും ജീവിതവും ഒക്കെ കണ്ടെത്താനാവും. ഏത് രാത്രിയിലും അതാണവസ്ഥ.

For further reading:
1. https://earthobservatory.nasa.gov/images/87519/waves-above-and-below-the-water
2. https://agupubs.onlinelibrary.wiley.com/doi/pdf/10.1029/1999RG000071

 

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *