‘ആന്ധ്രയില്‍ എന്‍ ടി രാമറാവുകൊണ്ടുവന്ന ഒരു രൂപക്ക് ഒരു കിലോ അരിയെന്ന ജനപ്രിയ നയം ഇന്ന് കേരളം പോലും അനുകരിക്കയാണ്. പക്ഷേ ഇത് കര്‍ഷകന്റെ ചുമലിലാണ് നടക്കുന്നത് എന്നതാണ് കാര്യം. വലിയൊരു ശതമാനം പേര്‍ ഈ സബ്‌സിഡൈസ് ചെയ്യപ്പെട്ട അരി വാങ്ങിക്കുമ്പോള്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സൈഡ് തകരുന്നു. എന്നിട്ട് താങ്ങുവില എന്ന സുന്ദര സുരഭില പദം ഉപയോഗിച്ച് കര്‍ഷകരെ മുതല്‍ ബുദ്ധിജീവികളെ വരെ സുഖിപ്പിക്കുന്നു. ഈ താങ്ങുവില കൊടുക്കാനുള്ള ധനം വരുന്നത് കടക്കെണിയില്‍ മുങ്ങിയ സര്‍ക്കാര്‍ വീണ്ടും വീണ്ടും കടമെടുത്തിട്ടാണ്. അതായത് ജനിക്കാന്‍ പോകുന്ന കുട്ടികളില്‍ നിന്നും കടമെടുത്തിട്ടാണ്. ‘- പി ബി ഹരിദാസന്‍ എഴുതുന്നു. |
താങ്ങുവില എന്ന ദുര്‍ഭൂതം!
താങ്ങുവില വേണം, താങ്ങുവില നിര്‍ത്തലാക്കാരുത്… ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു കാര്യം താങ്ങുവിലയെക്കുറിച്ച് മാത്രമാണ്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം ഒന്ന് പരിശോധിക്കാം.
നിലവില്‍ ഇന്ത്യയില്‍ കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അവന് യാതൊരു നിയന്ത്രണവുമില്ല. പാവപ്പെട്ടവരെ സഹായിക്കാനെന്ന ന്യായത്തില്‍ ഒരു കണ്‍ട്രോള്‍ഡ് സാമ്പത്തിക വ്യവസ്ഥിതി അവനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഫ്രീ മാര്‍ക്കറ്റിന്റെ സൗകര്യങ്ങള്‍ മധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും ഉപയോഗിക്കുമ്പോള്‍, നേട്ടമുണ്ടാക്കുമ്പോള്‍, കര്‍ഷകനെ കണ്‍ട്രോള്‍ഡ് ഇക്കണോമിയുടെ നിയന്ത്രണങ്ങള്‍ തളപ്പൂട്ട് ഇട്ട് മറ്റു വര്‍ഗ്ഗങ്ങള്‍ അവന്റെ അദ്ധ്വാനത്തെ അനുഭവിക്കുന്ന ഒരു വ്യവസ്ഥിതിയാണ് കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി ഫ്രീ ഇന്ത്യ നടപ്പാക്കികൊണ്ടിരിക്കുന്നത്. കര്‍ഷകന്റെ അദ്ധ്വാനവും വിയര്‍പ്പും ഊറ്റിയെടുത്തുകൊണ്ട് മധ്യവര്‍ഗം തുടുത്ത കവിളും പൊണ്ണത്തടിയുമായി ജീവിക്കുന്ന വ്യവസ്ഥിതി. ഇപ്പറഞ്ഞത്അരി ഗോതമ്പ് ഒഴിച്ചുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെയും മണ്ഡികളുടെയും നിലനിന്നിരുന്ന പൊതു അവസ്ഥയാണ്. അരിയും ഗോതമ്പിന്റെയും കാര്യം വേറിട്ട് തന്നെ കാണണം.
പാലക്കാടന്‍ കര്‍ഷകരുടെ ചില അനുഭവങ്ങള്‍
ഞങ്ങളുടെ പാലക്കാടന്‍ കര്‍ഷകന്റെ ഉദാഹരണത്തിലൂടെ അരിയുടെ കാര്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാം. കര്‍ഷകരുടെ വീട്ടുപടിക്കല്‍ കളിച്ചു വളര്‍ന്നവനാണ് ഞാന്‍. അന്ന് ഞങ്ങള്‍ തീര്‍ത്തും പാവങ്ങള്‍ ആയിരുന്നു. പത്തുപറ കൃഷി അതായത് ഒരേക്കര്‍ ജലസേചനമുള്ള നെല്‍കൃഷിക്കാരന്‍ അന്നത്തെ മധ്യവര്‍ഗ്ഗി ആയിരുന്നു. നാട്ടില്‍ സ്ഥാനമാനങ്ങളുള്ളവന്‍. അന്നത്തെ മിഡില്‍ക്ലാസ് ജീവിത നിലവാരം ഉള്ളവന്‍. ഇന്നോ? ഇന്നവന്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. എന്താണ് കാരണം? സര്‍ക്കാര്‍ നയങ്ങള്‍, മധ്യവര്‍ഗ്ഗ, ഉപരിവര്‍ഗ്ഗ, ട്രേഡ് യൂണിയന്‍ വര്‍ഗ്ഗത്തിന്റെ അധീശത്വം. വിശദീകരിക്കാം.
മേല്‍പ്പറഞ്ഞ ജലസേചന സൗകര്യമുള്ള ഇരുപ്പൂ വിളയുന്ന ഭൂമിയുള്ള കുടുംബം അന്നത്തെ മധ്യവര്‍ഗ്ഗമായിരുന്നു, ആ കുടുംബത്തിന് ഇക്കാലത്തും മധ്യവര്‍ഗ്ഗിയായി ജീവിക്കാനാവകാശമില്ലേ? ഒരു വാര്‍ക്കപണിക്കാരന്റെ ജീവിത നിലവാരമേ അവര്‍ക്ക് ഇന്നുമായി തുലനം ചെയ്താല്‍ അര്‍ഹതയുള്ളൂ എന്നാണെങ്കില്‍ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം. ഇന്നത്തെ സര്‍ക്കാരോഫീസിലെ ഒരു ശിപായിയുടെ നിലവാരത്തിലുള്ള ഒരു ജീവിതം അവനര്‍ഹിക്കുന്നു. ഒരു സര്‍ക്കാര്‍ ഗുമസ്ഥന്റെ ജീവിത നിലവാരം ചോദിക്കുന്നില്ല. ഒരു സര്‍ക്കാര്‍ ഓഫീസിലെ ശിപായിയുടെ ജീവിതനിലവാരം പോലും അവനിന്നു ലഭിക്കുന്നില്ല. താങ്ങുവില എന്ന സുന്ദര പദം ഉപയോഗിച്ച് അവരെ നിങ്ങള്‍ സുഖിപ്പിച്ചു നിര്‍ത്തുന്നു.
പതിനഞ്ചില്‍ കൂടുതല്‍ വര്‍ഷം ജോലിയിലുള്ള ഒരു സര്‍ക്കാര്‍ ശിപായിയുടെ മാസ ശമ്പളം 30000 എന്നെടുക്കുക. എങ്കില്‍ ഒരുവര്‍ഷത്തെ അദ്ദേഹത്തിന്റെ നെറ്റ് ഇന്‍കം രൂപ 360000 ആണ്. എന്തേ ഒരു കര്‍ഷകന് ഇതു ലഭിക്കാത്തത്. അവന്റെ അവന്റെ അധ്വാനത്തിന് നിപുണത അഥവാ സ്‌കില്‍ ആവശ്യമില്ലാത്തത് കൊണ്ടാണോ? അല്ല. ട്രേഡ് യൂണിയന്‍ ശക്തി അവനില്ലാത്തത് കൊണ്ടാണ്. താങ്ങുവില എന്ന അതിജീവനത്തിനുള്ള തുച്ഛ ഭിക്ഷാന്നം മാത്രം നല്‍കി അവനെ ഒരുകാലത്തും സമ്പന്നനാകാന്‍ അനുവദിക്കാത്ത ഒരു അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ടാണ്. കര്‍ഷകന്‍ ജീവന്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണല്ലോ എന്നതുകൊണ്ട്..? അതിന്റെ ഗണിതത്തിലേക്ക് വരാം.
ഒരേക്കര്‍ നെല്‍ക്കൃഷിയിലെ നല്ല വിള കിട്ടിയാലുള്ള ഒരു സീസണിലെ ഉല്‍പാദനം 2200 കിലോ നെല്ലാണ്. 22 മേനി വിളവ്. (ഇതില്‍ കൂടുതല്‍ വിളവുണ്ടെന്ന് പറഞ്ഞു സര്‍ക്കാരില്‍ നിന്ന് താങ്ങുവില ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സാധാരണയായി മാക്‌സിമം 2200 കിലോ മാത്രമേ താങ്ങുവിലക്കു എടുക്കൂ.) പാലക്കാടിലെ നിലനില്‍ക്കുന്ന അവസ്ഥയാണ് പറഞ്ഞത്. എന്നുവെച്ചാല്‍ ഒരു വര്‍ഷം കന്നി കൊയ്ത്തും മകര കൊയ്ത്തും കൂടിച്ചേര്‍ത്താല്‍ 4400 കിലോ നെല്ല്. കൊട്ടിഘോഷിക്കപ്പെടുന്ന നെല്ലിന്റെ താങ്ങുവിലഒരു കിലോക്ക് 27. 48 രൂപ ആണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നത്. കൃഷിയിടാന്‍ ചിലവ് ഒരു വര്‍ഷം ചുരുങ്ങിയത് ഒരേക്കറിന് രൂപ 40000. ഉഴവുകൂലി, വിത്ത്, രണ്ടു പ്രാവശ്യത്തെയെങ്കിലും വളം, മരുന്ന്, കളപറിക്കാന്‍, കൊയ്യാന്‍ എന്നിങ്ങനെ. പല കര്‍ഷകരോട് പലപ്പോഴായി സംസാരിച്ചു ഉറപ്പിച്ചതാണ് ഈ തുക. കൂടുകയേ ഉള്ളൂ. എന്നുവെച്ചാല്‍ ഒരു വര്‍ഷത്തെ കൃഷി വിള നാശങ്ങളൊന്നും ഇല്ലാതെ കിട്ടിയാല്‍ വരുമാനം (27. 48 X 4400 ) – 40000 = രൂപ 80,912/-. ഒരു ശിപായിയുടെ വാര്‍ഷിക വരുമാനത്തിന്റെ നാലിലൊന്ന്!
വൈകാരികതയല്ല യാഥാര്‍ഥ്യം
ഇതും വിളനാശമില്ലെങ്കില്‍ മാത്രം. പലപ്പോഴുംപല കര്‍ഷകരുടെയും കൈവശം രേഖകള്‍ ഉണ്ടാവാറില്ല. അവര്‍ക്ക് മേല്‍പറഞ്ഞ മിനിമം സപ്പോര്‍ട്ട് 27. 48 കിട്ടാറില്ല. മില്ലുകാരന്‍ കൊടുക്കുന്ന കിലോക്ക് 17 അല്ലെങ്കില്‍ 18 രൂപ മാത്രം. പാലക്കാട്ടെ ഭൂപ്രഭു എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു ഹെക്ടര്‍ ഭൂമി, ഇരുപത്തി അഞ്ചു പറ കൃഷി, ഉള്ളവര്‍ക്ക് പോലും ഒരു സര്‍ക്കാര്‍ ഓഫീസിലെ ശിപായിയുടെ വരുമാനം ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസിലെ പ്യൂണിന്റെ മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പോയി പഠിക്കുന്നു. പഴയ മധ്യവര്‍ഗ്ഗി കര്‍ഷകന്റെ മക്കള്‍ ഇന്ന് കൂലിപ്പണിക്ക് പോകുന്നു. അവര്‍ ഈ അവസ്ഥയില്‍ എത്താന്‍ കാരണം മനസ്സിലാക്കുക. വിലക്കയറ്റം, പാവപ്പെട്ടവര്‍എന്നിങ്ങനെയുള്ള വോട്ട് ജനാധിപത്യം പ്രസംഗിച്ച്, വൈകാരികത പ്രസംഗിച്ചു്, കാലാകാലങ്ങളായി എല്ലാ സര്‍ക്കാരുകളും കര്‍ഷകന്റെ ഉത്പാദനത്തെ അപഹരിക്കുന്നു. അദ്ധ്വാനത്തെ വിയര്‍പ്പിനെ ചൂഷണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ മൂന്നു നാല് പതിറ്റാണ്ടുകളായി നടന്ന, നടന്നു വരുന്ന കര്‍ഷകര്‍ക്കു പോലും ധാരണയില്ലാത്ത മാര്‍ക്കറ്റ് അസന്തുലിതാവസ്ഥ വിശദീകരിക്കാം. സര്‍ക്കാര്‍ താങ്ങുവില കൊടുത്ത് ഒരു കിലോ നെല്ല് സംഭരിക്കുന്നത് 27. 48 രൂപ കൊടുത്തിട്ടാണ്. മേല്പറഞ്ഞ ശിപായിയുടെ വരുമാനം ആ കര്‍ഷകന് ഉണ്ടാകണമെങ്കില്‍ താങ്ങുവില 360000 /4400 = കിലോക്ക് 81 രൂപ എങ്കിലും കിട്ടണം. ഒരു സര്‍ക്കാരുകളും അങ്ങനെയൊരു തുക ആലോചിക്കുന്നതു പോലുമില്ല. ഞാന്‍ തുഗ്ലക്കിനെ പോലെ സംസാരിക്കുകയല്ല. വിശദീകരിക്കാം. അത് നിങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ മാര്‍ക്കെറ്റില്‍ ഇടപെടാതെയെങ്കിലും ഇരിക്കണം. എന്നാലോ വിലക്കയറ്റം ഏന്ന ന്യായം ഉപയോഗിച്ചു് പാവപ്പെട്ടവന്‍ എന്ന ന്യായം പറഞ്ഞു ഒരു രൂപയ്ക്കു ഒരു കിലോ അരി വില്‍ക്കുന്നു. എന്നു വെച്ചാല്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സൈഡിനെ തകര്‍ക്കുന്നു. സര്‍ക്കാരിന്റെ കാശെടുത്ത് ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ചുമലില്‍ കടമുണ്ടാക്കി മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സൈഡിനെ സബ്‌സിഡൈസ് ചെയ്യുന്നു. ഉല്‍പ്പാദന ചിലവുമായി ഒരു ബന്ധവുമില്ലാത്ത സബ്‌സിഡൈസിംഗ്. ഒരു കിലോ നെല്ല് പുഴുക്കി അരച്ചാല്‍ കിട്ടുന്നത് 60-64 ശതമാനം അരിയാണ്. എന്ന് വെച്ചാല്‍ രണ്ടുകിലോ നെല്ല് പുഴുങ്ങി അരച്ചാല്‍ 1280 ഗ്രാം അരികിട്ടുന്നു. വില 27. 48 X 2 = 54. 96. അതായത് 55 രൂപ. കര്‍ഷകന്റെ മുറ്റത്തുനിന്ന് നെല്ല് കയറ്റാന്‍ കയറ്റുകൂലി ഒരുചാക്കിന് 24 രൂപയാണ്. അതിനുമുകളില്‍ മില്ലില്‍ ചെന്നാലുള്ള ഇറക്കുകൂലി, അരവ് കൂലി, ഇത് സിവില്‍ സപ്ലൈസില്‍ ചെന്നാലുള്ള കയറ്റിറക്കു കൂലി, അവിടത്തെ ചിലവുകള്‍, റേഷന്‍ കടക്കാരന്റെ കമ്മീഷന്‍, എല്ലാം ചേര്‍ന്നാല്‍ വില എത്രയാകും? ഒരു കിലോ അരിക്ക് ഇത്രയുംപ്രൊഡക്ഷന്‍ കോസ്റ്റ് ഉല്‍പാദന ചിലവ്ആണ്. അതാണ് ഒരു രൂപയ്ക്കു വില്‍ക്കുന്നത്.
ഒരു രൂപക്ക് അരികൊടുക്കുമ്പോള്‍ സംഭവിക്കുന്നത്?
ഒരു കിലോ അരി ഒരു രൂപക്ക് കൊടുക്കുന്നതിന് ഞാനെതിരല്ല. പക്ഷേ ഇത് കര്‍ഷകന്റെ ചുമലിലാണ് നടക്കുന്നത് എന്നതാണ് കാര്യം. മേല്‍പ്പറഞ്ഞ ശിപായികള്‍ വരെ ഈ അരി വാങ്ങിക്കുന്നു. വലിയൊരു ശതമാനം ജനസംഖ്യ ഈ സബ്‌സിഡൈസ് ചെയ്യപ്പെട്ട അരി വാങ്ങിക്കുമ്പോള്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സൈഡ് തകര്‍രുന്നു. കര്‍ഷകന് കിട്ടേണ്ട ഉല്‍പ്പാദന ചിലവുപോലും ഇല്ലാതാക്കുന്ന സബ്‌സിഡൈസിംഗ്. ഈ ഒരു രൂപയ്ക്കു സബ്‌സിഡൈസ് ചെയ്തു കൊടുക്കുന്ന അരിയിലെ വലിയൊരു ഭാഗം റേഷന്‍ സിസ്റ്റത്തിന് പുറത്തുപോയി, മില്ലുകളില്‍ പോയി പോളിഷ് ചെയ്തു ഉല്‍പാദനവുമായി ബന്ധമില്ലാത്ത നിരക്കില്‍ മാര്‍ക്കെറ്റില്‍ തിരികെ വരുന്നു. അതായത് അങ്ങനെയും മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സൈഡ് മാര്‍ക്കറ്റ് വില സങ്കോചിപ്പിക്കപെടുന്നു. ഫലം മധ്യവര്‍ഗ്ഗിയും മധ്യവര്‍ഗ്ഗിക്ക് മുകളിലുള്ളവരും ഇന്‍കം ടാക്‌സ് കൊടുക്കുന്നവരും വരെ മാര്‍ക്കറ്റ് ഡിമാന്‍ഡ് കോളാപ്‌സ് ചെയ്യപ്പെട്ട വിലക്ക് അരിവാങ്ങിക്കുന്നു, സുഖിക്കുന്നു. ഉല്‍പാദന ചിലവുമായി ബന്ധമില്ലാത്ത വിലക്ക് അരി വാങ്ങിക്കുന്നു. മാസം 75000 ശമ്പളം വാങ്ങിക്കുന്നവരും കര്‍ഷകനെ പിഴിഞ്ഞ ഈ വിലക്ക് അരിവാങ്ങുന്നു. എല്ലാം ചെന്നു പതിക്കുന്നത് കര്‍ഷകന്റെ അദ്ധ്വാനത്തിന് പുറത്ത്.
ഇക്കാര്യം വേറൊരു വശത്തുകൂടി പരിശോധിക്കാം. ഒരു നാലംഗ കുടുംബത്തിന് ഒരു മാസം എത്ര കിലോ അരി വേണം. പതിനഞ്ചു കിലോയില്‍ കൂടുതല്‍ വേണ്ട. അല്ലെങ്കില്‍ ഇരുപത് കിലോ. ഒരു കിലോ അരിക്ക് 100 രൂപ ആണ് മാര്‍ക്കറ്റ് വില എങ്കില്‍ ഒരു കുടുംബത്തിന്റെ മാസ അരിച്ചിലവ് രൂപ 1500 / 2000 മാത്രമേയുള്ളു ആകുന്നുള്ളു എന്നോര്‍ക്കുക. ഇത് ദിവസക്കൂലി 700 രൂപ വാങ്ങുന്നവര്‍ മുതല്‍മേല്പറഞ്ഞ ശിപായിക്കടക്കം മുകളിലേക്കുള്ളവര്‍ക്കു താങ്ങാനാവാത്ത തുകയാണോ? സര്‍ക്കാരുകള്‍ മാര്‍ക്കറ്റില്‍ ഇടപെട്ട് അരിക്ക് സബ്‌സിഡി കൊടുത്ത് ഡിമാന്‍ഡ് സൈഡിനെ നശിപ്പിച്ചില്ലയെങ്കില്‍ മധ്യവര്‍ഗ്ഗവും അതിനു മുകളിലുള്ള വലിയൊരു ജനവിഭാഗവും ഇന്നത്തെ മാര്‍ക്കറ്റിലെ അരിവിലയേക്കാള്‍ വലിയ തുക കൊടുത്ത് അരി വാങ്ങിക്കുമായിരുന്നു. ഫ്രീ മാര്‍ക്കറ്റില്‍ തീരുമാനിക്കപ്പെട്ട വില ഉല്‍പാദന ചിലവുമായി ബന്ധമുള്ള വിലകൊടുത്ത് അരി വാങ്ങിക്കുമായിരുന്നു. ഒരു കര്‍ഷകന് ഒരു മധ്യവര്‍ഗ്ഗ ജീവിതം ലഭിക്കുമായിരുന്നു. കര്‍ഷകന് ചിലവിനും ശ്രമത്തിനും അനുപാദമായ വില ലഭിക്കുമായിരുന്നു. അവര്‍ സന്തോഷത്തോടെ കൃഷിയില്‍ ഉറച്ചിരിക്കുമായിരുന്നു. ഇക്കാണായ കമ്പിവേലി കെട്ടി, പുല്ലു പിടിച്ചു, കാടു പിടിച്ചു കിടക്കുന്ന കനകം വിളയുന്ന ഭൂമി മുഴുവന്‍ നെല്ല് വിളയുമായിരുന്നു. ഈ പൊന്നു വിളയുന്ന ഭൂമി അങ്ങനെ തരിശ് കിടക്കുന്നത് ലേബര്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്ന് നിങ്ങള്‍ ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അത് ഉത്പാദനചിലവുമായി നിരക്കാത്ത റിസ്‌ക് റിവാര്‍ഡ് റേഷ്യേയുടെ അരികത്തുപോലും എത്താത്ത വില നിലവാരം മാര്‍കെറ്റില്‍ കിട്ടാത്തത് കൊണ്ടാണ്.
എല്ലാ സര്‍ക്കാരുകളും വിലക്കയറ്റം പാവപ്പെട്ടവന്‍ മുതലായ ഇമേജറികള്‍ വിറ്റുവോട്ടുബാങ്ക് ജനാധിപത്യം നടത്തുന്നു. മാര്‍ക്കറ്റിനു നിരക്കാത്ത അതിബൃഹത്തായ സബ്‌സിഡി, ഒരു രൂപയ്ക്കു ഒരു കിലോ അരി, കൊടുത്തുകൊണ്ട്, ഉത്പാദനചിലവ് കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. താങ്ങുവില എന്ന സുന്ദര സുരഭിലപദം ഉപയോഗിച്ച് കര്‍ഷകരെ മുതല്‍ ബുദ്ധിജീവികളെ വരെ സുഖിപ്പിക്കുന്നു. ഇതിലെ അയുക്തി എന്തെന്നാല്‍ ഈ താങ്ങു വില കൊടുക്കാനുള്ള ധനം വരുന്നത് കടക്കെണിയില്‍ മുങ്ങിയ സര്‍ക്കാര്‍ വീണ്ടും വീണ്ടും കടമെടുത്തിട്ടാണ്. അതായത് ജനിക്കാന്‍ പോകുന്ന കുട്ടികളില്‍ നിന്നും കടമെടുത്തിട്ടാണ്. താങ്ങുവില എന്ന ഭൂതത്തിന്റെ യഥാര്‍ത്ഥ രൂപം പഠിക്കുക. ഉറപ്പുകൊടുത്ത താങ്ങുവിലക്ക് പോലും സമയാ സമയത്ത് നെല്ല് എടുക്കാത്തതു കാരണം പല ചെറുകിട കര്‍ഷകരും മില്ലുകളുടെ പിടിയില്‍ അകപ്പെട്ട് ഈ കൊളാപ്‌സ് ചെയ്യപ്പെട്ട മാര്‍കെറ്റില്‍കിലോക്ക് 17 രൂപക്ക് നെല്ലുവില്‍ക്കേണ്ടിവരുന്നു.
പല കര്‍ഷകരും ആരോപിക്കുന്നത് മില്ലുകളുമായി ഉപജാപത്തില്‍ ഏര്‍പ്പെട്ടു എല്ലാവര്‍ഷവും നെല്ലെടുപ്പ് വൈകിക്കുന്നുവെന്നാണ്. കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാന്‍ കഴിയാത്ത കര്‍ഷകന്‍ മില്ലുകള്‍ക്ക് കിലോ 17 രൂപക്കും 18 രൂപക്കും വില്‍ക്കേണ്ട ഗതികേടിലാണ്. അവരില്‍ പലരും ഭൂമി വെറുതെയിടുന്നതാണ് നല്ലത് എന്ന് കരുതുന്നു. ഒരു സെന്റ് ഭൂമി ഒരു ലക്ഷം/രണ്ടു ലക്ഷംരൂപക്ക് വില്‍ക്കുന്നതാണ് ഉത്തമം എന്ന് തീരുമാനിക്കുന്നു. അത് മാസപടി 75000, ഒരു ലക്ഷവും കിട്ടുന്ന സര്‍ക്കാരുദ്യോഗസ്ഥന്മാരും കച്ചവടക്കാരും ആ ഭൂമി വാങ്ങിക്കൂട്ടുന്നു. കാലില്‍ ചെളി പുരണ്ടാല്‍ അസ്വസ്ഥരാക്കുന്ന അവര്‍ അത് കമ്പിവേലി കെട്ടി വെറുതെയിടുന്നു. പുല്ലുപിടിച്ചു പലപ്പോഴും അത്യാവശ്യമല്ലാത്ത രണ്ടാം വീടും കെട്ടി അല്ലെങ്കില്‍ പെണ്‍മക്കളെ കെട്ടിക്കാനുള്ള അസറ്റ് ആയി എന്ന് ആശ്വാസം കൊണ്ട് അടുത്തൂണ്‍ വാങ്ങി വീട്ടിലിരിക്കുന്നു. പവിഴം വിളയുന്ന ഈ ഭൂമി പുല്ല് പിടിച്ചു കിടക്കുന്നു. മിനിമം സപ്പോര്‍ട്ട് പ്രൈസ്. താങ്ങു വില എന്ന മധുര മനോജ്ഞ ശബ്ദത്തിന്റെ ഒരു വശം വിവരിച്ചതാണ്.
കര്‍ഷകന് എന്നും നഷ്ടം മാത്രം
ഭീമമായ സബ്‌സിഡികള്‍ കൊടുത്ത് അവന്റെ ഉല്‍പ്പന്നവിലയെ കെടുത്തുക. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് മുതലായ നിയമങ്ങള്‍ ഉപയോഗിച്ച് അവന്റെ സാമ്പത്തിക ഉന്നമനത്തെ കടിഞ്ഞാണിടുക. അവനെ എന്നെന്നും പാവപെട്ടവനായി നിലനിര്‍ത്തുക. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. താങ്ങുവില എന്ന മോഹന ദാക്ഷീണ്യങ്ങള്‍ നല്‍കികര്‍ഷകനെ എന്നെന്നും പാവപെട്ടവനായി മധ്യവര്‍ഗ്ഗ ത്തിന്റെ വണ്ടിക്കാളയായി നിര്‍ത്തുന്ന ഒരു വ്യവസ്ഥ ആണ് അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
ഈ കാര്‍ഷിക ബില്ലില്‍ താങ്ങുവില ഇതുപോലെ തുടര്‍ന്ന് കൊണ്ടിരിക്കും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നീണ്ട കാലയളവില്‍ അത് പാലിക്കപ്പെടണമെന്നില്ല. ഇതൊരു ആകാംക്ഷയാണ്… മിക്കവാറുംആ ആകാംക്ഷശ രിയായിത്തന്നെ വരും. കാരണം എല്ലാ സര്‍ക്കാരുകളും കാലാ കാലങ്ങളിലുള്ള ട്രേഡ് യൂണിയന്‍ ശക്തികള്‍ക്ക് കൊടുക്കാനുള്ള ഡിഎ, ലീവ് എന്‍കാഷ്‌മെന്റ് മുതലായ അവകാശങ്ങള്‍, പേ കമ്മീഷനുകള്‍ നടപ്പാക്കല്‍ ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമാണ് താങ്ങുവിലയില്‍ കിട്ടുകയുള്ളു. അതുകൊണ്ട് ഒരു സര്‍ക്കാരിനും മാര്‍ക്കറ്റില്‍ സപ്പോര്‍ട്ട് ചെയ്യാനുള്ള താങ്ങുവില കൊടുക്കാനാവില്ല. താങ്ങുവില എന്ന പൊടിക്കൈകള്‍ വിളംബരം ചെയ്തു സമാധാനിപ്പിക്കള്‍ മാത്രമായിരിക്കും നടക്കുക. അരി ഗോതമ്പു മുതലായ ധാന്യങ്ങളുടെ കാര്യമെടുത്താല്‍ എന്‍ ടി രാമറാവു തുടങ്ങിവെച്ച, പിന്നീട് പല സര്‍ക്കാരുകള്‍ നടപ്പാക്കിയ, ഒരു രൂപക്ക് ഒരുകിലോ അരി എന്ന ജനപ്രീതി നയം ഒരു സര്‍ക്കാരും തൊടാന്‍ സാധ്യതയില്ല. ഈ ബില്ല് വന്നു എന്നത് കൊണ്ട് ഈ സാഹചര്യം മാറാന്‍ പോകുന്നില്ല.
അതുകൊണ്ടുതന്നെ ഈ രണ്ടു ധാന്യങ്ങളുടെ കാര്യത്തില്‍ മാര്‍ക്കറ്റ് സങ്കോചിപ്പിക്കപ്പെട്ട വിലനിലവാരം തുടര്‍ന്ന് കൊണ്ടുതന്നെ ഇരിക്കും. അതുകൊണ്ടു ഞങ്ങളുടെ പാവപെട്ട പാലക്കാടന്‍ നെല്‍കൃഷി കര്‍ഷകന്‍ പാവപെട്ടവനായി തന്നെ തുടരും. ഈ കര്‍ഷകബില്‍ ഇവരുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ക്ക് അര്‍ഹിക്കുന്ന താങ്ങുവിലയും കിട്ടുകയില്ല മാര്‍ക്കറ്റ് വിലയും കിട്ടുകയില്ല. ഇതൊക്കെ കേരള സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നും ഉണ്ടായ പ്രശ്‌നങ്ങളാണെന്നൊന്നും ധരിക്കരുത്. മാത്രമല്ല കേരളമാണ് ഏറ്റവും കൂടിയ നെല്ലിന്റെ താങ്ങുവില രൂപ 27. 48 കൊടുക്കുന്നത്. പക്ഷെ ഒരു ഓള്‍ ഇന്ത്യ മാര്‍ക്കറ്റില്‍ വില തീരുമാനമാകുമ്പോള്‍ ഇതൊരു തുച്ഛ മായ സപ്പോര്‍ട്ട് ആയി മാറുന്നു. നേരത്തെ പറഞ്ഞത് പോലെ എന്‍ ടി രാമറാവു തുടങ്ങിവെച്ച പിന്നീട് മിക്ക സര്‍ക്കാരുകളും നടപ്പാക്കിയ ഒരു ഓള്‍ ഇന്ത്യ തകരാറാണിത്. ഇന്ത്യ മുഴുവന്‍ ഇതിന്റെ പല രീതികള്‍ നടക്കുന്നു. യഥാര്‍ത്ഥത്തില്‍ അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍ ഈ നോട്ടടിച്ചു നടപ്പാക്കപ്പെടുന്ന, കടമെടുത്ത് നടപ്പാക്കപ്പെടുന്ന ഈ ഡീപ് സബ്‌സിഡൈസിംഗ് ആണ് കര്‍ഷക ഡിസ്‌ട്രെസ്സ് ന്ഒരു കാരണം. ഒരു രാഷ്ട്രീയക്കാരനും ഇത് ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ കാണാനിടയില്ല.
ഇതാണ് PDS. ഇത് നിര്‍ത്താനൊക്കില്ല. കാരണം ഇന്ത്യയിലെ ഭൂമിയില്ലാത്ത ദരിദ്രനാരായണമ്മാര്‍ അര്‍ബന്‍, പൂവര്‍, ചേരജ നിവാസികള്‍ ഒരു പാട് പേരുണ്ട്. ഇത് കൂട്ടിയാല്‍ ഇവരെയെല്ലാം ബാധിക്കും. ഫലം കര്‍ഷകന്‍ എല്ലാവരുടെയും ഭാരം വഹിക്കുന്ന വണ്ടിക്കാള. മിഡില്‍ ക്ലാസ്സിനെയും മുകളിലുള്ളവരെയും കൂടിയ വില കൊടുപ്പിക്കുന്ന ഒരു സിസ്റ്റം ഉരുത്തിരിയിപ്പിച്ചേ ഈ പ്രശ്നത്തെ പരിഹരിക്കാനൊക്കുകയുള്ളു. കര്‍ഷക ഡിസ്‌ട്രെസ്സ് പരിഹരിക്കാനൊക്കുകയുള്ളു. അല്ലാതെ പൂഴ്ത്തി വെയ്പ്പ്, ഇടനിലക്കാരന്‍, കര്‍ഷക കടം എഴുതി തള്ളുക മുതലായ മുദ്രാവാക്യങ്ങള്‍ കൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയില്ല.
എന്താണ് പ്രതിവിധി? ക്യാഷ് ട്രാന്‍സ്ഫര്‍ എന്നൊക്കെ പറയാം. പക്ഷെ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഇതെങ്ങനെ പ്രായോഗികതലത്തില്‍ നടപ്പാക്കാം എന്നൊക്കെ പറയാന്‍ ഒരു എക്‌സ്‌പെര്‍ട്ട്നു മാത്രമേ കഴിയൂ. ഒരു പഠനം തന്നെ വേണ്ടിവരും. അത് സംസാരിക്കാന്‍ എനിക്ക് കഴിവില്ല. ഒരു കാര്യം വ്യക്തമാണ് കര്‍ഷകനാണ് ഇവിടത്തെ അര്‍ബന്‍ പുവറിനെയും ബിലോ പോവെര്‍ട്ടി ജനതയെയും ആഹാരം കൊടുത്ത് നിലനിര്‍ത്തുന്നത്. അതിനര്‍ഹിക്കുന്ന താങ്ങുവില അല്ല കര്‍ഷകന് കിട്ടുന്നത്. അതിന്റെ മറവില്‍ ഇവിടത്തെ മധ്യവര്‍ഗ്ഗിയും അതിനു മുകളിലുള്ളവരും സുഖിക്കുന്ന ഒരു വ്യവസ്ഥിതിയാണ് അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.