‘തന്നെ അധികാരത്തിലെത്തിച്ചാല്‍ 2022 ല്‍ ഇതേ വാക്സിന്‍ സൗജന്യമായി തരാമെന്നും അപ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് യാദവ്. അദ്ദേഹം മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല. മറിച്ച് ടിയാന്‍ ഓവര്‍ സ്മാര്‍ട്ട് ആയതാണ്. താന്‍ പറഞ്ഞില്ലെങ്കില്‍ ഇത് വേറെയാരെങ്കിലും പറഞ്ഞ് നേട്ടംകൊയ്യുമെന്ന ആശങ്ക പ്രകടം. ഇതുവരെ വാക്സിന്‍ നേരിട്ടിരുന്ന ഏറ്റവും വലിയ എതിര്‍പ്പ് മതവെറിയര്‍, കപടചികിത്സകര്‍ എന്നിവരില്‍ നിന്നുമായിരുന്നു. അത്രയും ജീര്‍ണ്ണിക്കാതിരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ശ്രദ്ധിച്ചിരുന്നു. ക്രമേണ ആ വ്യത്യാസവും ഇല്ലാതെയാകുകയാണ്. കക്ഷിരാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്. സമാനമായ കിക്ക് ലഭിക്കാന്‍ അടുത്ത തവണ കൂടുതല്‍ ഡോസ് വേണ്ടിവരും…’ |
പരാക്രമം വാക്സിനോടും!
‘I will not take the COVID-19 vaccine at this moment. That too given by Bharatiya Janata Party. How can I trust BJP’s vaccine, not a chance. When our government will be formed, everyone will get a free vaccine. We cannot take the BJP vaccine,’ said Akhilesh Yadav during a press conference here (https://www.livemint.com/…/
കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്! തന്നെ അധികാരത്തിലെത്തിച്ചാല്‍ 2022 ല്‍ ഇതേ വാക്സിന്‍ സൗജന്യമായി തരാമെന്നും അപ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് പറയുന്നു. 22-23 കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ പ്രതിപക്ഷനേതാവാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്! ആരോടാണ് ഇദ്ദേഹമിത് പറയുന്നത്? ആരോടോ പറയുകയാണ്. ഇപ്പറയുന്നത് അപ്പടി വെട്ടിവിഴുങ്ങുന്ന ഒരു വിഭാഗം ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നായിരിക്കുമല്ലോ അഖിലേഷിനെപോലെ വിദ്യാസമ്പന്നനായ ഒരാള്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. ആരെയോ ലക്ഷ്യമാക്കി വലിച്ചെറിയുന്ന സംശയ ബോംബാണിത്. കേന്ദ്രം ഭരിക്കുന്നത് എതിര്‍കക്ഷി ആയതിനാല്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തരുത്, ഞാന്‍ സ്വീകരിക്കുന്നില്ല എന്ന് പച്ചയായി പറയുമ്പോള്‍ നാളെ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി പലരും എത്തുമെന്നും കോവിഡ് വാക്സിനേഷന്‍ പ്രക്രിയ തന്നെ തടസ്സപെടുത്താമെന്നും ഈ ‘ജനസേവകന്‍’ സ്വപ്നം കാണുന്നുണ്ടാവാം! അഖിലേഷ് അധികാരത്തില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്ത് വരുന്ന കക്ഷി ഇതേ നിലപാട് സ്വീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ?!
അഖിലേഷ് യാദവ് മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല. മറിച്ച് ടിയാന്‍ ഓവര്‍ സ്മാര്‍ട്ട് ആയതാണ്. താന്‍ പറഞ്ഞില്ലെങ്കില്‍ ഇത് വേറെയാരെങ്കിലും പറഞ്ഞ് നേട്ടംകൊയ്യുമെന്ന ആശങ്ക പ്രകടം. രാജ്യത്ത് നിലവിലുള്ള കക്ഷിരാഷ്ട്രീയത്തിന്റെ ആകെത്തുകയാണ് ഈ പ്രസ്താവന. ഒരു കക്ഷിയും ഇതില്‍ നിന്നും മോചിതമല്ല എന്നതാണ് ദു:ഖകരമായ സത്യം. ഇതിനാണ് പലരും ‘രാഷ്ട്രീയബോധം’, ‘സാമൂഹികബോധം’, ‘ഫാസിസ്റ്റ് വിരുദ്ധത’എന്നൊക്കെയുള്ള ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇത്തരം ‘മാനവികബോധം’ പ്രകടിപ്പിക്കാത്തവര്‍ അരാഷ്ട്രീയ ജീവികളോ ഫാസിസ്റ്റുകളോ ആണ്. ജനാധിപത്യം എന്നാല്‍ അധികാരനേട്ടത്തിന്റെ പാതയില്‍ എതിരാകുന്നവരെയെല്ലാം ശത്രുക്കളായി കണ്ട് അവര്‍ ചെയ്യുന്നതിനെയും പറയുന്നതിനെയുമെല്ലാം കണ്ണുമടച്ച് അധിക്ഷേപിക്കുക, എതിര്‍ക്കുക, തെറി പറഞ്ഞു നടക്കുക…. ഇതാണ് രാഷ്ട്രീയബോധം!
ഇതുവരെ വാക്സിന്‍ നേരിട്ടിരുന്ന ഏറ്റവും വലിയ എതിര്‍പ്പ് മതവെറിയര്‍, കപടചികിത്സകര്‍ എന്നിവരില്‍ നിന്നുമായിരുന്നു. അത്രയും ജീര്‍ണ്ണിക്കാതിരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ശ്രദ്ധിച്ചിരുന്നു. ക്രമേണ ആ വ്യത്യാസവും ഇല്ലാതെയാകുകയാണ്. കക്ഷിരാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്. സമാനമായ കിക്ക് ലഭിക്കാന്‍ അടുത്ത തവണ കൂടുതല്‍ ഡോസ് വേണ്ടിവരും. അപ്പോള്‍ കുറെക്കൂടി ജീര്‍ണ്ണിച്ച ജല്പനങ്ങള്‍ വേണ്ടിവരും. അങ്ങനെയാണ് സംഗതി ഇപ്പോള്‍ വാക്സിനില്‍ എത്തിനില്‍ക്കുന്നത്. കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണ്! കേരളത്തില്‍ സി.പി.എം വാക്സിനാണ്, തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ വാക്സിന്‍, ബംഗാളില്‍ തൃണമൂല്‍ വാക്സിന്‍…. ചില പാര്‍ട്ടിക്കാര്‍ക്ക് മറ്റേ പാര്‍ട്ടിക്കാരുടെ വാക്സിന്‍ ഹറാമാണ്…!സ്വന്തം പാര്‍ട്ടി വിതരണം ചെയ്താല്‍ ഹലാല്‍…! ആഹാ.. എത്ര നല്ല രാഷ്ട്രീയ അവബോധം! ജാഗ്രത! കരുതല്‍! കേവലം വര്‍ഗ്ഗീയ അടിസ്ഥാനത്തിലുള്ള തുപ്പിക്കളിയായി (communal spatting) ഇന്ത്യന്‍ രാഷ്ട്രീയം അധിപതിച്ചതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്തരം പുലമ്പലുകള്‍.
അഖിലേഷ് യാദവ് ഈ പ്രസ്താവന പുറപ്പെടുവിച്ചത് അദ്ദേഹം വാക്സിന് എതിരായത് കൊണ്ടാകണമെന്നില്ല. മതരാഷ്ടീയ പ്രയോഗത്തിലൂടെ അധികാരം പിടിക്കുകയാണ് ലക്ഷ്യം. സത്യത്തില്‍ എതിര്‍കക്ഷിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ! They can easily play the same game in a better fashion, with better results! വാക്സിന്‍ എടുക്കുന്നവരും എടുക്കാത്തവരും ഉണ്ടാകുന്ന സമൂഹം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. നികുതിപ്പണം ചെലവിട്ട് എല്ലാം സൗജന്യമായി തരാം എന്നു വാഗ്ദാനം ചെയ്താല്‍ അധികാരം കിട്ടും എന്നു മിക്ക രാഷ്ട്രീയകക്ഷികളും മനസ്സിലാക്കിയിട്ടുണ്ട്. ഇന്നയിന്ന മതങ്ങളെ എണ്ണതേച്ച് കുളിപ്പിച്ചാല്‍ തങ്ങളുടെ നില മെച്ചപെടുമെന്നും അവര്‍ക്കറിയാം. ജാതി-മത ശക്തികളെ പ്രീണിപ്പിക്കാനുള്ള ഈ നാണംകെട്ട മിടുക്കിനെയാണ് ‘രാഷ്ട്രീയതന്ത്രം’ എന്നൊക്കെ പലരും വിളിക്കുന്നത്. പ്രതിഷേധം വന്നാല്‍ പ്രസ്താവന മയപെടുത്തി അഖിലേഷ് താളംചവിട്ടും. പക്ഷെ അതിനകം ഉദ്ദേശിച്ച ലക്ഷ്യം നേടിയിട്ടുണ്ടാവും. മതരാഷ്ടീയം മൂര്‍ച്ഛിക്കുമ്പോള്‍ അടി വാക്സിന്റെ മണ്ടയ്ക്ക് വീഴുന്നതില്‍ അത്ഭുതമില്ല.