കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കില്‍ സ്ത്രീകള്‍ക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല, റോസാ ലക്‌സംബര്‍ഗ് ഒഴികെ. സോവിയറ്റ് ബോള്‍ഷെവിക് പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു. പാര്‍ട്ടി എന്നാല്‍ സിംഹാസനാരൂഢനായ കരുത്തനായ സ്റ്റാലിന്‍ പുരുഷന്‍ – അതായിരുന്നു കമ്മ്യൂണിസ്റ്റ് ജെന്‍ഡര്‍ പോളിസി. പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാന്‍ മാവോ അഴിച്ചുവിട്ട സാംസ്‌ക്കാരിക വിപ്‌ളവാതിക്രമത്തിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ നാല്‍വര്‍ സംഘത്തില്‍ മാവോയുടെ ഭാര്യയുമുണ്ടായിരുന്നു. ഇതായിരുന്നു ചൈനീസ് കമ്മ്യൂണിസത്തിലെ ഒരേയൊരു സ്ത്രീശാക്തീകരണ എപ്പിസോഡ്. കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. അവിടെയാണ് ആര്യ എന്ന, 21 വയസ്സുള്ള തിരുവനന്തപുരം മേയര്‍ ചര്‍ച്ചകളില്‍ വരുന്നത്.
റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക്

ഒരുപറ്റം പുരുഷന്മാരുടെ ചിന്തകള്‍, സ്വപ്നങ്ങള്‍, സമത്വവ്യാമോഹങ്ങള്‍,  സാഹസികപോരാട്ടങ്ങള്‍, കുടിലതകള്‍, ചോരക്കൊതികള്‍, അക്രമാതിക്രമങ്ങള്‍  – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗോളചരിത്രത്തെ വേണമെങ്കില്‍ ഒറ്റവാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കില്‍ സ്ത്രീകള്‍ക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. പക്ഷെ ഒരു സ്ത്രീ ഒരേയൊരു സ്ത്രീ സ്വന്തം ബൗദ്ധിക ഔന്നത്യത്താല്‍ പുരുഷകമ്മ്യൂണിസത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് – റോസാ ലക്‌സംബര്‍ഗ്.

ആദ്യം ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റും പിന്നീട് കമ്മ്യൂണിസ്റ്റുമായി മാറിയ റോസാ ലക്‌സംബര്‍ഗ് അവരുടെ സമകാലീനരായ ഏത് പുരുഷ കമ്മ്യൂണിസ്റ്റിനേക്കാളും ധൈഷണിക തേജസ്സുള്ള വ്യക്തിത്വമായിരുന്നു. കമ്മ്യൂണിസ്റ്റായിരിക്കുമ്പോള്‍ തന്നെ തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം എന്ന ആശയത്തെ റോസാ തള്ളിക്കളഞ്ഞിരുന്നു.

പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രം എന്തും ചെയ്യാനുള്ള അവകാശവും ഫ്രീഡവും ലഭിക്കുന്ന സംവിധാനത്തെ സ്വാതന്ത്യമെന്നും ജനാധിപത്യമെന്നും വിളിക്കുന്നത് പരിഹാസ്യമാണെന്ന് ലെനിനേയും സ്റ്റാലിനേയും റോസാ ഓര്‍മ്മിപ്പിച്ചു. മനുഷ്യന്റെ സകലവ്യാപാരങ്ങളിലും ഇടപെട്ട്  നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിബ്യൂറോക്രസിയെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായിരുന്നു റോസാ ലക്‌സംബര്‍ഗ്.

സോവിയറ്റ് ബോള്‍ഷെവിക് പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു. പാര്‍ട്ടി എന്നാല്‍ സിംഹാസനാരൂഢനായ കരുത്തനായ സ്റ്റാലിന്‍ പുരുഷന്‍ അതായിരുന്നു കമ്മ്യൂണിസ്റ്റ് ജെന്‍ഡര്‍ പോളിസി.

പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാന്‍ മാവോ അഴിച്ചുവിട്ട സാംസ്‌ക്കാരിക വിപ്‌ളവാതിക്രമത്തിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ നാല്‍വര്‍ സംഘത്തില്‍ മാവോയുടെ ഭാര്യയുമുണ്ടായിരുന്നു. ഇതായിരുന്നു ചൈനീസ് കമ്മ്യൂണിസത്തിലെ ഒരേയൊരു സ്ത്രീശാക്തീകരണ എപ്പിസോഡ്.

എന്നാല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിരയില്‍ ഒരു വനിതാ നേതാവുണ്ടായിരുന്നു.കെ ആര്‍ ഗൗരിയമ്മ. 1957 മുതലുള്ള എല്ലാ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും സുപ്രധാന വകുപ്പുകള്‍ ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്നു. അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പിന്നില്‍ സ്ത്രീ വിവേചനത്തിന്റേതായ ഒന്നുമില്ലായിരുന്നു.ഗൗരിയമ്മയ്ക്ക് ശേഷവും ഇടത് മന്ത്രിസഭകളില്‍ ഒരു വനിത സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു. ഒരേയൊരു വനിത എന്നുകൂടി എടുത്തുപറയേണ്ടതുമുണ്ട്.

കോണ്‍ഗ്രസിന്റെ കൊല്ലം ഡിസിസി പ്രസിഡന്റ് ഒരു വനിതയാണ്. എന്നാല്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടേയില്ല. സിപിഎമ്മില്‍ ജില്ലാസെക്രട്ടറി എന്നത് വലിയൊരു അധികാരകേന്ദമാണ്. അവിടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം ഇന്നേവരെ ലഭിച്ചിട്ടില്ലെന്നത് ഒരു ഞെട്ടലുളവാക്കേണ്ട വസ്തുത തന്നെയാണ്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മഹിളകളുടെ എണ്ണവും ഇന്നും വിരലില്‍ എണ്ണാവുന്നവരില്‍ ഒതുങ്ങുന്നു. പെണ്ണുങ്ങള്‍ക്കായി മാത്രം ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നൊരു സംഘടനയുണ്ട്. അവിടെ സ്ത്രീവിവേചനമില്ല.

രാജീവ് ഗാന്ധി 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചപ്പോള്‍ അതോടൊപ്പം വനിതാ സംവരണവും കൂടെ വന്നു. അമ്പത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടപ്പൊള്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പെണ്‍ശബ്ദത്താല്‍ മുഖരിതമായി.

പെണ്ണിനെ അധികാരം ഏല്പിച്ചാല്‍ അല്ലാഹുവിന്റെ റസൂല്‍ ശപിക്കുമെന്ന് ആണയിടുന്ന മുസ്ലീം ലീഗിന് പോലും വനിതകള്‍ക്കായി അധികാരക്കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ജനാധിപത്യം കൊണ്ടുവരുന്ന ഓരോരോ പൊല്ലാപ്പുകള്‍.

ഇപ്പോള്‍ ഇതാ തിരുവനന്തപുരത്തിന്റെ മേയറായി ഒരു കോളേജ് വിദ്യാര്‍ത്ഥിനി കടന്നുവരുന്നു.കയ്യടിച്ച് അഭിനന്ദിക്കേണ്ട ഒരു തീരുമാനം തന്നെയാണിത്. 21കാരിയെ മേയറാക്കുന്നതില്‍ രാഷ്ട്രീയ ദുരുദ്ദേശങ്ങളും ജാതീയ കുതന്ത്രങ്ങളും കാണുന്നവര്‍ അവരവരുടെ പാര്‍ട്ടികളിലും ഇത്തരം ഗംഭീരമായ തീരുമാനങ്ങള്‍ നടപ്പിലാക്കി മാതൃക കാട്ടാവുന്നതാണ്.

മേയറായി ഭരിക്കാന്‍ വിശ്വവിജ്ഞാന കോശത്തിന്റെ അഞ്ചെട്ട് വോളിയം തലയില്‍ ചുമന്ന് നടക്കേണ്ട ഒരാവശ്യവുമില്ല. പക്വതയും പ്രായവും തമ്മില്‍ പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്ന് നമ്മുടെ മുതിര്‍ന്ന നേതാക്കള്‍ അവരുടെ ജീവിതം കൊണ്ടുതന്നെ തെളിയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് മേയറാണെങ്കിലും ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അവിടുത്തെ സെക്രട്ടറിയാണ്.  ചുറുചുറുക്കുള്ള അഴിമതിരഹിതനായ ഒരു കോര്‍പ്പറേഷന്‍ സെക്രട്ടറിയും മിടുമിടുക്കിയായ 21കാരി മേയറും കൂടി ചേര്‍ന്നാല്‍ നഗരഭരണത്തിന്റെ മുഖഛായ തന്നെ മാറ്റാനാവും.

കടല്‍ക്കിഴവന്മാരുടെ കുത്തകയല്ല പക്വത. ഭരണസംവിധാനത്തില്‍ പക്വതയോടൊപ്പം ചെറുപ്പത്തിന്‍ ധീരതയും കൂടി സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി രൂപപ്പെടുന്നത്. ശക്തമായ ഒരു സിവില്‍ സൊസൈറ്റി രൂപപ്പെട്ട് കഴിഞ്ഞാല്‍ പാര്‍ട്ടി റിമോട്ട് കണ്‍ട്രോള്‍ താനേ തറയില്‍ വീണ് ചിന്നിച്ചിതറും. ഓവര്‍ പക്വതക്കാര്‍ തല്ക്കാലം ഒന്നടങ്ങി കൊടുക്കുന്നത് അവര്‍ക്ക് നല്ലതാണ്.

ജിജ്ഞാസുവായ ഒരു വിദ്യാര്‍ത്ഥിനിയുടേ മുന്നില്‍ ബാലികേറാമലയായി ഒന്നുമുണ്ടാവില്ല. കുമാരി ആര്യ തിരുവനന്തപുരത്തെ നയിക്കട്ടെ വിജയിക്കട്ടെ…!  ഭാവുകങ്ങള്‍…

 


Leave a Reply

Your email address will not be published. Required fields are marked *