ആഗോളവത്ക്കരണവും ഗൂഗിള്‍മാപ്പും തൊട്ട് കൂടംകുളം വരെ; എത്ര അനാവശ്യകാര്യങ്ങള്‍ക്കായിരുന്നു നമ്മുടെ സമരം; ലാല്‍ ഡെനി എഴുതുന്നു – എന്റെ പ്രധാനപ്പെട്ട പത്ത് കാല്പനിക സമരങ്ങള്‍


ആധുനികതയോടും ശാസ്ത്രസാങ്കേതിക പുരോഗതിയോടും ഒരു ശരാശരി ഇടതുപക്ഷ വിശ്വാസി എത്രമാത്രം പുറം തിരിഞ്ഞാണ് നിന്നിരുന്നത് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറലാവുകയാണ്. ആര്‍ട്ടിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ലാല്‍ ഡെനിയാണ്, തന്റെ കോളജ് കാലത്ത് ആഗോളീകരണത്തിനും, ഉദാരവത്ക്കരണത്തിനും, എക്‌സ്പ്രസ്‌വേയ്ക്കും, ഗൂഗിള്‍മാപ്പിനും, മൈക്രോസോഫ്റ്റിനും, കൂടംകുളം നിലയത്തിനും, വിദേശ കുത്തകയ്ക്കും ഒക്കെ എതിരെ എന്ന നിലയില്‍ സമരം നയിച്ച് വൃഥാവിലായ ഒരു കാലം ചൂണ്ടിക്കാട്ടുന്നത്. പിന്നീട് അതിന്റെ ഒരോന്നിന്റെയും ഗുണഫലങ്ങള്‍ അനുഭവിച്ചത് തന്റെ ജീവിതാനുഭവത്തില്‍നിന്ന് തുറന്നുകാട്ടുന്നു ലേഖകന്‍.
എന്റെ പ്രധാനപ്പെട്ട പത്ത്  കാല്പനിക സമരങ്ങള്‍

1 ) കോളേജില്‍ പഠിക്കുമ്പോള്‍ ആഗോളവല്‍ക്കരണ ഉദാരണവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഘോര സമരം. സമരക്കാരുടെ കൂടെ സമരം കല്ലേറ് ലാത്തിച്ചാര്‍ജ്. കോളേജ് കഴിഞ്ഞു നടക്കേണ്ടി വന്നു രണ്ടര വര്‍ഷം. അവസാനം ബാംഗ്ലൂരിലേക്ക് ബസ്സു കയറി. എന്നെപോലുള്ള ഒരു ആര്‍ടിസ്റ്റിനു ജോലി തരാന്‍ അവസാനം ഒരു സാമ്രാജ്യത്വ കുത്തക ആയ അമേരിക്കന്‍ കമ്പനി വേണ്ടി വന്നു. ലക്ഷക്കണക്കിന് മലയാളി യുവാക്കള്‍ ഉയര്‍ന്ന ശമ്പളം വാങ്ങി അന്തസായി ജോലി ചെയ്യുന്നത് നേരിട്ട് കാണേണ്ടി വന്നു. ഭാഗ്യത്തിന് ബാംഗ്ലൂരില്‍ ആയതു കൊണ്ട് കോഴിക്കോട്ടെ കൂട്ടുകാര്‍ ഒന്നും അറിഞ്ഞില്ല. രക്ഷപ്പെട്ടു.

2 ) എക്‌സ്പ്രസ്സ് ഹൈവേ വരുന്നു. അത് കേരളത്തിനെ രണ്ടായി മുറിക്കും. പാത്തുമ്മക്കു ആടിനെ അപ്പുറം കെട്ടാന്‍ പറ്റില്ല. പാത്തുമ്മയുടെയും ആടിന്റേയും കണ്ണീര്‍ എന്റെയും കണ്ണില്‍. ഘോര സമരം. ഇന്ന് കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള ഒരു റോഡും ഇല്ല എന്ന് നാട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ പഴി പറയുന്നു. റെയില്‍വേയില്‍ ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്നു. അപ്പോഴെല്ലാം അതിരാവിലെ അഞ്ചു മണിക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് വണ്ടി ഓടിച്ചു പോകുമ്പോള്‍ നമ്മുടെ ഇടുങ്ങിയ, ഡിവൈഡര്‍ ഇല്ലാത്ത, റിഫ്‌ലക്ടറുകള്‍ ഇല്ലാത്ത കൊലക്കളങ്ങള്‍ ആയ നമ്മുടെ ഹൈവേയില്‍ ചുരുങ്ങിയത് അഞ്ചോ ആറോ സ്ഥലത്ത് വണ്ടികള്‍ ഇടിച്ച് തകര്‍ന്നു കിടക്കുന്നതു കാണുന്നു, ചോരയില്‍ കുതിര്‍ന്നവരെ എടുത്ത് കൊണ്ട് പോകുന്നത് കാണുമ്പോള്‍ അന്നത്തെ ദിവസം സ്വാഹാ ആകുന്നു. മരണങ്ങളും കാണേണ്ടി വരുന്നു. ഓരോ വര്‍ഷവും നാലായിരത്തോളം പച്ച മനുഷ്യര്‍  അനാവശ്യമായി മരിക്കുന്നതും അവരുടെ കുടുംബങ്ങള്‍ അനാഥമാകുന്നതുമായ വാര്‍ത്ത പത്ര സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടു തന്നെ വായിക്കേണ്ടി വരുന്നു.

3 ) ബാങ്കിങ് സ്വാകാര്യ വല്‍ക്കരണത്തിനെതിരെ സമരം, ഞാന്‍ കട്ട സപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്കില്‍ നിന്നും വിദ്യാഭാസ വായ്പ്പ ഒരിക്കലും തരപ്പെടുത്താന്‍ ആകാതെ പോസ്റ്റ് ഗ്രാഡുവേഷന്‍ കഴിഞ്ഞതിനു ശേഷം പഠനം നിര്‍ത്തേണ്ടി വരുന്നു. മാധ്യമ രംഗത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാന്‍  ഡിഗ്രി കാലത്ത്  പി എസ് സി വഴി കിട്ടിയ നല്ല ജോലി വേണ്ട എന്ന് വച്ച ഞാന്‍ ശരിക്കും പെടുന്നു. സ്‌കൂള്‍ കാലത്തു തുടങ്ങിയ വിവിധ തരത്തിലുള്ള കൂലി പണികള്‍ വീണ്ടും തുടരേണ്ടി വരുന്നു.  ഇന്ന് എന്റെ പ്രധാന അക്കൗണ്ട് സ്വകാര്യ ബാങ്കുകളില്‍. അവര്‍ ലോണ്‍ വേണോ വേണോ എന്ന് എല്ലാ മാസവും ഇങ്ങോട്ടു ചോദിക്കുന്നു. പണ്ട് സാറേ സാറേ എന്ന് നമ്മള്‍ വിളിച്ചവര്‍ നമ്മളെ സാറേ എന്ന് വിളിക്കുന്നു. എന്നെ സാറേ എന്ന് വിളിക്കരുത് എന്ന് പലപ്പോഴും പറയേണ്ടി വരുന്നു. ഞാന്‍ പണ്ടത്തെ എന്റെ മണ്ടത്തരം ഓര്‍ത്ത് തല താഴ്ത്തുന്നു.


(ഫയൽ ചിത്രം)

4 ) മൈക്രോ സോഫ്റ്റിനെതിരെ പ്രചാരണം. ഞാനോ അതില്‍ വീണു. കോപ്പി ലെഫ്‌റ് കോപ്പി റൈറ്റ് എന്നൊക്കെ ഞാന്‍ തന്നെ കേട്ടത് പാടാന്‍ തുടങ്ങുന്നു. കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ കടുത്ത നിലപാട്.  പിന്നീട് വിന്‍ഡോസും ആപ്പിളും അഡോബിയും, മാക്രോമീഡിയ എന്നിവയെല്ലാം സ്വയം കുത്തിയിരുന്നു ഹെല്‍പ്പ് നോക്കി  നന്നായി ഉപയോഗിക്കാന്‍  പഠിച്ചതിനു ശേഷം മാത്രം ജോലി ലഭിക്കുന്നു. ഉയര്‍ന്ന വിലയുള്ള  കളറും പേപ്പറും ഉപകാരണങ്ങളും ഒന്നും വാങ്ങാന്‍ കഴിയാതെ അന്തിച്ചു നിന്ന ഞാന്‍ ഇന്ന് ഇതൊന്നും ഇല്ലാതെ എല്ലാ ആര്‍ട്ട് വര്‍ക്കുകളും ഒരു കമ്പ്യൂട്ടറില്‍  ചെയ്യുന്നു.

5) ദൃശ്യ മാധ്യമ രംഗം ( ചാനലുകള്‍ ) സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഘോരസമരം. ഞാന്‍ അന്ന് കട്ട സപ്പോര്‍ട്ട് . ഞാന്‍ ഇന്ന് ടാറ്റ സ്‌കൈ വെച്ച് നൂറുകണക്കിന് ചാനലുകള്‍ കാണുന്നു. ഉറക്കമിളച്ച് പ്രീമിയര്‍ ലീഗ് വരെ കണ്ടിരിക്കുന്നു. സ്വന്തമായി സ്വകാര്യ ചാനലുകളും ഇന്റർനെറ്റ് ചാനലുകളും ഉള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഫേസ്ബുക്കില്‍ കയറി പണ്ട് മഹാഭാരതം കാണാന്‍ കിലോമീറ്ററുകള്‍ നടന്ന് പോയതും കാറ്റടിച്ചാല്‍ റേന്‍ജ് പോയ കാര്യവും പറഞ്ഞു നൊസ്റ്റാള്‍ജിയ പോസ്റ്റിടുന്നു.

6) ഗൂഗിള്‍ മാപ്പിങ്ങിനു വേണ്ടി ഗൂഗ്ള്‍ കമ്പനി ഉദോഗസ്ഥര്‍ എന്തിനോ കേരളത്തില്‍ എത്തുന്നു. പോലീസ് അവരെ കേരളത്തിലെ സമ്പത്ത് കൊള്ളയടിക്കാനുള്ള കണക്കാ പിള്ളമാര്‍ എന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുന്നു . ഞങ്ങള്‍ കയ്യടിക്കുന്നു. ആഗോള കുത്തകക്ക് അങ്ങനെ തന്നെ പണി കൊടുക്കണം എന്ന് മദ്യപാന സദസ്സില്‍ ഞാന്‍ പ്രസംഗിക്കുന്നു.  ഇന്ന് എവിടെ പോകാനും ഞാന്‍ ഗൂഗിള്‍ മാപ്പിടുന്നു. വഴി തെറ്റാതെ കൊടും രാത്രിയിലും അപരിചിതമായ സ്ഥലത്തു നിന്നും രക്ഷപ്പെടുന്നു. പണ്ടത്തെ കയ്യടി ഒരു ബോംബ് പൊട്ടിയ ശബ്ദം പോലെ  പോലെ എന്റെ ചെവിയില്‍ മുഴങ്ങുന്നു.

7 ) ടെലകോം സ്വകാര്യ വല്‍ക്കരണത്തിനെതിരെ സമരം. ഞങ്ങള്‍ മുഴുവനും സപ്പോര്‍ട്ട്. വീട്ടില്‍ ഫോണിന് അപേക്ഷിച്ചിട്ട് കൊല്ലം അഞ്ചായി. കിട്ടിയില്ല. ഫോണ്‍, ഇലക്ട്രിസിറ്റി എന്നിവ കിട്ടുക എന്നത് എന്റെ അച്ഛന്റെ സ്വപ്നം ആയിരുന്നു. അതിനു വേണ്ടി ഞങ്ങള്‍ വേറെ ഒരു സ്ഥലത്തേക്ക് മാറി താമസിച്ചു. ഫോണ്‍ കിട്ടിയില്ല. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കറന്റു കിട്ടി. പക്ഷെ ഫോണ്‍ കിട്ടിയില്ല. സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ അച്ഛന്‍ മരിച്ചു. എന്തോ ഭാഗ്യത്തിന് ടെലകോം സ്വകാര്യ വല്‍ക്കരണത്തിനെതിരെയും കോങ്ക്രസ് സാമ്രാജ്യത്വ ദാസ്യത്തിനെതിരെയും ഉള്ള സമരം വിജയിച്ചില്ല. സ്വകാര്യവല്‍ക്കരണം നടന്നു. അടുത്ത വര്ഷം തന്നെ എന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍. ടാറ്റ ബിര്‍ള അംബാനി എന്നൊക്കെ വിളിച്ച എന്റെ കയ്യില്‍ അഞ്ഞൂറ് രൂപയ്ക്കു ഫോണ്‍. ഭാഗ്യത്തിന് സമരം കാമ്പസില്‍ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ ഞാന്‍ ന്യായീകരിച്ച് വെളുപ്പിച്ചെനെ…

8 ) സാര്‍വത്രിക റേഷനില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ശക്തമായി എതിര്‍ത്തു. കോങ്ക്രസ് എങ്ങനെയും തകരാന്‍ വേണ്ടി സമരം. സാര്‍വത്രിക റേഷന്‍ തകര്‍ക്കാനുള്ള ഗൂഢ പദ്ധതി എന്ന് പറഞ്ഞുള്ള സമരത്തിന് സപ്പോര്‍ട്. നാട്ടിലെ കോടീശ്വരന്മാരും ചില്ലറ പൈസക്ക് റേഷന്‍ ഗോതമ്പു വാങ്ങി കോഴി വളര്‍ത്തുന്നത് നേരിട്ട് കണ്ടപ്പോള്‍ ആണ് മാറ്റി ചിന്തിച്ചത്. അവര്‍ക്കു ചുരുങ്ങിയ പൈസക്ക് റേഷന്‍ കൊടുക്കേണ്ടതുണ്ടോ? ഇന്നിപ്പോള്‍ എ പി എല്‍ , ബി പി എല്‍ കാര്‍ഡുകള്‍ ഒക്കെ നടപ്പിലായി. ആര്‍ക്കും ഒരു പരാതിയും ഇല്ല. എനിക്കും ഇല്ല. ഞങ്ങള്‍ റേഷന്‍ വാങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വേറെ ആവശ്യക്കാര്‍ ആണ് വാങ്ങുന്നത് എന്ന് തോന്നുന്നു.

9 ) ഗ്യാസിന്റെ സംബ്സിഡി പരിമിതപ്പെടുത്തുന്നതിനെതിരെ സമരം. ഞാനും അതിനു സപ്പോര്‍ട്. വിദേശത്തു നിന്നും കൊണ്ട് വരുന്ന ഗ്യാസിന് എല്ലാവര്‍ക്കും സര്‍ക്കാര്‍ നഷ്ടം സഹിച്ച് സംബ്സിഡി കൊടുക്കേണ്ട എന്നും പണക്കാര്‍ക്ക് മുഴുവന്‍ കാശും കൊടുത്ത് വാങ്ങാന്‍ കഴിയും എന്നും ഇപ്പോള്‍ ബോധ്യപ്പെട്ടു. ഇപ്പോള്‍ ഒരു കോടിയില്‍ അധികം ആളുകള്‍ ആണ് സ്വമേധയാ സബ്സിഡി വേണ്ട എന്ന് വെച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇരുപത് കോടി ആളുകള്‍ക്കെങ്കിലും ഒരു കോടി രൂപയില്‍ അധികം സമ്പാദ്യം ഉണ്ട് എന്നാണു ഇപ്പോഴത്തെ കണക്ക് . അവര്‍ എത്ര ആയാലും കണക്കില്‍ കൂടിയാലും കുറഞ്ഞാലും സബ്സിഡി കൊടുക്കേണ്ടതില്ല എന്നാണു ഇപ്പോള്‍ എനിക്ക് തോന്നുന്നത്.

10 ) കൂടംകുളം ആണവ നിലയത്തിനെതിരെ പൊരിഞ്ഞ സമരം. ഞാന്‍ സര്‍വാത്മനാ പിന്തുണച്ചു. വേനല്‍ ആയാൽ ദിവസവും പവര്‍കട്ടും ലോഡ് ഷെഡിങ്ങും സ്ഥിരം പല്ലവി ആയിരുന്നു. രണ്ടു മണിക്കൂര്‍ കറന്റു പോയാല്‍ എന്റെ ജോലി മുടങ്ങും. എനിക്കാണെങ്കില്‍ കമ്പ്യൂട്ടറിനു കറണ്ട് എപ്പോഴും വേണം. ഇപ്പോഴോ കട്ടും ഇല്ല കറന്റ് പോയാല്‍ പെട്ടന്ന് വരികയും ചെയ്യും. കൂടംകുളം എന്നെ നോക്കി ചിരിക്കുന്നു.

ഇനിയും ഒരുപാടുണ്ട് സ്‌കൂള്‍, കാമ്പസ് കാലത്തെ എന്റെ കാല്‍പ്പനിക സമരങ്ങളുടെ ചരിത്രം . ഇനിയും എഴുതി സ്വയം മാനം കെടേണ്ട എന്ന് കരുതി തല്‍ക്കാലം നിര്‍ത്തുന്നു. ലാല്‍ സലാം.

********************
(N B) ഈ എഴുത്തിനു കര്‍ഷക സമരവുമായി ഒരു ബന്ധവും ഇല്ല.  ഉണ്ട് എന്ന് തോന്നുന്നു എങ്കില്‍ നിങ്ങളുടെ ജീവിത പരിചയങ്ങളുടെയും ദുരനുഭവങ്ങളുടെയും  പൊള്ളലുകള്‍ മാത്രം കൊണ്ട്  തോന്നുന്നതാണ്  എന്ന് ഞാന്‍ കരുതുന്നു. എന്റെ പുറത്ത് ഇരുമ്പു ചാപ്പ തീയില്‍ പഴുപ്പിച്ച് ഞാന്‍ ഒരു കുറ്റവാളി ആണെന്ന് ചാപ്പ കുത്തരുത് എന്ന് അപേക്ഷിക്കുന്നു.


Content Highlights: Strikes lead by left political parties against modernization, science and technology development

 

 

 

 


Leave a Reply

Your email address will not be published. Required fields are marked *