നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു


‘അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു… എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ തെക്കന്‍ സ്റ്റേറ്റുകളും വടക്കന്‍ സ്റ്റേറ്റുകളും തമ്മില്‍ നടന്നതിന് സമാനമായ യുദ്ധം ഇവിടെയും നടക്കുമായിരുന്നു. അന്താരാഷ്ട്ര വേരുകളുള്ള ഇസ്ലാമിക ഭീകരര്‍ ഒരു പക്ഷെ മതേതരഇന്ത്യയെ തോല്‍പ്പിച്ച് ചെങ്കോട്ടയില്‍ അധികാരം സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.’- സജീവ് ആല എഴുതുന്നു
നെഹ്രുവാണ് വില്ലാദിവില്ലന്‍

നെഹ്‌റുവിന്റെ കരാളഹസ്തങ്ങളാണ് ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചത്. കുറച്ചുനാളായി സംഘപരിവാര്‍ ജിഹ്വകള്‍ പടച്ചുവിടുന്ന ഒരു പ്രചരണമാണിത്. ശരിയാണ്. അവസാനം നിസ്സഹായനായി നിരുദ്ധകണ്ഠനായി രാജ്യത്തെ രണ്ടായി വിഭജിക്കുവാന്‍ നെഹ്‌റു സമ്മതിച്ചു കൊടുത്തിരുന്നു. ആ ധീരമായ തീരുമാനത്തിന് ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വം ചാച്ചാജിയോട് എക്കാലവും കടപ്പെട്ടിരിക്കുന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്ന നാം ആഗസ്റ്റ് 16 കൂടി അറിയേണ്ടതുണ്ട്.

1946 ആഗസ്റ്റ് 16 ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിക്കുവാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളോട് മുഹമ്മദലി ജിന്നയും ലീഗും ആഹ്വാനം ചെയ്തു.  Either divided India or destroyed India അതായിരുന്നു അയാള്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. കലാപം അഴിച്ചുവിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും അണിയറയില്‍ നടത്തിയതിന് ശേഷമാണ് ജിന്ന പ്രകോപനപരമായ ഈ ആഹ്വാനം നടത്തിയത്. അന്ന് ബംഗാളിന്റെ മുഖ്യമന്ത്രി മുസ്ലീംലീഗുകാരനായ ഹുസൈന്‍ ഷഹീദ് ആയിരുന്നു. കല്‍ക്കത്തയില്‍ അതിക്രമം അഴിച്ചുവിടാനും പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്താനുമുള്ള എല്ലാ പരിപാടികളും ഈ മതഭ്രാന്തന്‍ മുഖ്യമന്ത്രി കൃത്യമായി ചെയ്തു വച്ചിരുന്നു.

ആഗസ്റ്റ് 16ന് ഡയറ്ക്ട് ആക്ഷന്‍ ആരംഭിച്ചു. 72 മണിക്കൂറിനുള്ളില്‍ നാലായിരത്തോളം മനുഷ്യര്‍ കൊല്ലപ്പെട്ടു. ഒരുലക്ഷത്തോളം ആളുകള്‍ക്ക് വീടും കൂടും നഷ്ടപ്പെട്ടു. ഗാന്ധിയന്‍ അഹിംസയില്‍ അടിയുറച്ചുനിന്ന കോണ്‍ഗ്രസിന് ആക്രമണകാരികളെ പ്രതിരോധിക്കാനായില്ല. കലാപം ബീഹാറിലേക്കും യുപിയിലേക്കും പടര്‍ന്നു.

അപ്പോള്‍ ഹിന്ദു മഹാസഭ പോലുള്ള തീവ്രവാദികള്‍ എവിടെയായിരുന്നു..? ഇന്ത്യയിലെ ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷവും കോണ്‍ഗ്രസുകാരായിരുന്നു. മഹാത്മാഗാന്ധി ആയിരുന്നു അവരുടെ കണ്‍കണ്ട ദൈവം. ഹിന്ദു മഹാസഭ ആര്‍എസ്എസ് പോലെയുള്ള സംഘടനകള്‍ അന്ന് വെറും fringe elements ആയിരുന്നു. അവര്‍ക്കൊന്നും ജിന്നയുടെ ആസൂത്രിത അക്രമത്തെ നേരിടാനുള്ള കരുത്തോ ജനപിന്തുണയോ ഇല്ലായിരുന്നു.

ഇന്ത്യ കത്തിച്ചാമ്പലാകണോ അതോ വിഭജിക്കണോ എന്ന രണ്ടേ രണ്ട് ഓപ്ഷനുകള്‍ മുന്നില്‍ വന്നപ്പോള്‍ നെഹ്‌റു വിഭജനത്തെ അനുകൂലിച്ചു.
അവിഭക്തഇന്ത്യ എന്ന ശവക്കോട്ടയുടെ പ്രധാനമന്ത്രിയാകാന്‍ ചാച്ചാജി തയ്യാറല്ലായിരുന്നു. മനുഷ്യസ്‌നേഹിയായ, സ്വബോധമുള്ള ഏത് മനുഷ്യനും എടുക്കേണ്ട ശരിയായ തീരുമാനം തന്നെയായിരുന്നു അത്.

രാഷ്ട്രീയത്തിലേക്ക് മതത്തിനെ കൂട്ടിക്കൊണ്ടുവരികയും ഖിലാഫത്ത് വര്‍ഗീയവാദികളെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി അവര്‍ക്ക് സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്ത ഗാന്ധിജിയുടെ വിഭജനവിരുദ്ധവിലാപത്തിന് ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു.
ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു. പിന്നെയും പലായനം നിലവിളികള്‍ രക്തച്ചൊരിച്ചില്‍ ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു. ഇത്രത്തോളം ഭീകരമായ അവസ്ഥയില്‍ കൂടി കടന്നുപോയെങ്കിലും വിഭജിക്കലോടെ ഭാരതം രക്ഷപെട്ടു എന്നുതന്നെ പറയാം.

അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു. പാകിസ്താനും ബംഗ്‌ളാദേശും കാശ്മീരും ഉള്‍പ്പെട്ട വലിയൊരു ഭൂപ്രദേശവുമായി ജനാധിപത്യ ഇന്ത്യയ്ക്ക് സിവില്‍വാര്‍ തന്നെ നടത്തേണ്ടി വരുമായിരുന്നു. എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ തെക്കന്‍ സ്റ്റേറ്റുകളും വടക്കന്‍ സ്റ്റേറ്റുകളും തമ്മില്‍ നടന്നതിന് സമാനമായ യുദ്ധം ഇവിടെയും നടക്കുമായിരുന്നു. അന്താരാഷ്ട്ര വേരുകളുള്ള ഇസ്ലാമിക ഭീകരര്‍ ഒരു പക്ഷെ മതേതരഇന്ത്യയെ തോല്‍പ്പിച്ച് ചെങ്കോട്ടയില്‍ അധികാരം സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.

ആഭ്യന്തര യുദ്ധത്താല്‍ ഛിന്നഭിന്നമായി പോകാതെ ജനാധിപത്യവും മതേതരത്വവും കുടികൊള്ളുന്ന ഒരു ആധുനിക രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ധീരമായ നയങ്ങളും നിലപാടുകളുമാണ്. പാകിസ്താന്‍ ഇന്നൊരു അയല്‍രാജ്യമാണ്. ഇങ്ങോട്ട് കയറി ചൊറിയാന്‍ വന്നാല്‍ ചുട്ട മറുപടി കിട്ടുമെന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും അവരെ ബോധ്യപ്പെടുത്തി കൊടുത്തിട്ടുമുണ്ട്. പക്ഷെ അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറും കിഴക്കും നിരവധി കാശ്മീരുകള്‍ രൂപപ്പെടുമായിരുന്നു. സമാധാനത്തോടെ ശ്വാസം വിടാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള ഒരു മിലിട്ടറി സ്റ്റേറ്റായി ഭാരതം നരകിക്കപ്പെടുമായിരുന്നു.

കാന്‍സര്‍ ബാധിച്ച ഭാഗം മുറിച്ചുമാറ്റി രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് ഒരു ഓണ്‍കോളജിസ്റ്റിന്റെ ധര്‍മ്മം. അതേപോലെ ഒരു രാജ്യതന്ത്രജ്ഞന്റെ ധര്‍മ്മം യഥാസമയം നെഹ്‌റു പാലിച്ചതിന്റേ സദ്ഫലമാണ് ഇന്നത്തെ മതേതര ജനാധിപത്യ ഇന്ത്യ. രാജ്യം സ്വാതന്ത്ര്യസമര തീച്ചൂളയിലായിരുന്ന കാലത്ത് കൊതുക് വലയ്ക്കുള്ളില്‍ ചടഞ്ഞുകൂടി രാമായണം വായിച്ച് മോക്ഷപ്രാപ്തിക്ക് ശ്രമിച്ച അഖണ്ഡഭാരതയജ്ഞക്കാര്‍ക്ക് നെഹ്‌റു എന്നും ഒരു മരീചികയായി തന്നെ തുടരും.


Leave a Reply

Your email address will not be published. Required fields are marked *