അധ്യാപകര്‍ക്ക് മതവേഷങ്ങള്‍ പാടില്ല; മതപഠനത്തിന് സര്‍ക്കാര്‍ ഫണ്ട് കൊടുക്കരുത്- പ്രൊഫ. ടി. ജെ. ജോസഫ്


‘ഈ മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്. പുരോഹിത വേഷം, കന്യാസ്ത്രീ വേഷം, എന്നിവയൊക്കെ ഇട്ടുകൊണ്ട്, സര്‍ക്കാര്‍ ശമ്പളവാങ്ങി ക്ലാസ് എടുക്കരുത്. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്‌നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കാന്‍ പാടില്ല. മതപഠനത്തിനുവേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പെന്‍ഷനും സാമ്പത്തിക സഹായങ്ങളും, മുഴുവനും എത്രയുംവേഗം നിര്‍ത്തലാക്കണം.’- പ്രൊഫസര്‍ ടി.ജെ. ജോസഫ് തുറന്നടിക്കുന്നു.

മതം നുറുക്കിയിട്ടും തളിര്‍ത്ത ജീവിതം!

മതം നുറുക്കിയിട്ടും തളിര്‍ത്തുവന്ന മനുഷ്യന്‍. മതേതര കേരളത്തിലെ ജീവിക്കുന്ന രക്തസാക്ഷി. വിശേഷണങ്ങള്‍ ഏറെയുണ്ട് പ്രൊഫസര്‍ ടി. ജെ. ജോസഫിന്. ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച്, ഒരുപറ്റം ഇസ്‌ലാമിക തീവ്രവാദികള്‍ വലതുകൈ വെട്ടിയെടുത്തിട്ടും തളരാതെ, ജോസഫ് മാഷ് തന്റെ ഇടതുകൈകൊണ്ട് എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ക്കൊപ്പം, പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിന്റെ ധ്രൂവീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ പുസ്്തകം, പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലര്‍ ആയി. ഇപ്പോള്‍ ഇതാ ‘അറ്റുപോവാത്ത ഓര്‍മ്മകള്‍’ ഇംഗ്ലീഷിലും ഇറങ്ങുകയാണ്. പേര് ‘തൗസന്‍ഡ് കട്ട്‌സ്’. ഈ സാഹചര്യത്തിലാണ് എസ്സന്‍സ് ഗ്ലോബല്‍ അധ്യാപക ദിനമായ സെപ്റ്റമ്പര്‍ 5ന് ക്ലബ് ഹൗസില്‍ ‘മതം നിര്‍മ്മിക്കുന്ന മുറിവുകള്‍’ എന്ന ചര്‍ച്ച നടത്തിയത്. ജോസഫ് മാഷിനൊപ്പം, പ്രഭാഷകയും മാധ്യമ പ്രവര്‍ത്തകയുമായ മനുജാ മൈത്രിയും, സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ അനൂപ് ഐസക്കും ചര്‍ച്ചയില്‍ പങ്കെടുത്തു.

നമുക്ക് വേണ്ടത് മതേതര വിദ്യാഭ്യാസം

ജോസഫ് മാഷിന്റെ വാക്കുകളുടെ പ്രസ്‌ക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. -‘നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. അതായത് രാഷ്ട്രം ഒരു മതത്തെയും പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ മതവിശ്വാസികള്‍ക്ക് അവരുടെ മതം പ്രചരിപ്പിക്കുന്നതില്‍ തടസ്സമില്ല. അവര്‍ക്ക് അങ്ങനെ ഒരു സ്വാതന്ത്ര്യം കല്‍പ്പിച്ചുകൊടുത്തു എന്നേയുള്ളൂ. ആത്യന്തികമായിട്ട് ഒരു മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. നമ്മുടെ ഭരണഘടന അങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. എന്നാല്‍ ഈ മതങ്ങളെല്ലാം കൂടി മതത്തിന് പ്രധാന്യമുള്ള രാജ്യമായി ഈ സ്വതന്ത്രഭാരതത്തെ മാറ്റുകയാണ് ഉണ്ടായത്.

ഇക്കാലത്തൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത എന്റെ ആഗ്രഹം പറയാം. ഈ മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി പുരോഹിത വേഷം, കന്യാസ്ത്രീ വേഷം. അതൊക്കെ ഇട്ടുകൊണ്ട്, സര്‍ക്കാറിന്റെ ശമ്പളം പറ്റിക്കൊണ്ട്, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകള്‍ അധ്യാപകരായി വര്‍ത്തിക്കരുത്. എന്നാലെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതേതരരാജ്യമായി നമുക്ക് തുടരാന്‍ കഴിയുകയുള്ളൂ. അതുപോലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്‌നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള നിയമം നിര്‍ബന്ധമായി ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. അതുപോലെ തന്നെ മതവിദ്യാഭ്യാസം. അച്ഛനമ്മാര്‍ വീടുകളില്‍നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിച്ചോട്ടെ. പക്ഷേ പബ്ലിക്കായുള്ള ഇന്‍സ്റ്റിറ്റിയൂഷനുകള്‍ വഴിയുള്ള മതപഠനത്തെ പ്രോല്‍സാഹിപ്പിച്ച് കൊടുക്കാന്‍ സര്‍ക്കാറുകള്‍ തുനിയരുത്.

നിര്‍ഭാഗ്യവശാല്‍ കൊച്ചുകുട്ടികളെ മതം പഠിപ്പിക്കുന്നതിന്, നമ്മള്‍ കൊടുക്കുന്ന നികുതിയില്‍നിന്നുപോലും, പണം ചെലവാക്കുന്ന ഒരു സംസ്ഥാനത്തും രാജ്യത്തുമാണ് നാം ജീവിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ, പാരമ്പര്യമായി കിട്ടുന്ന കള്‍ച്ചറിന്റെ ഭാഗമായി എന്തെങ്കിലും പഠിപ്പിച്ച് കൊടുക്കാനുണ്ടെങ്കില്‍ അത് വീട്ടില്‍നിന്ന് പഠിപ്പിച്ച് കൊടുക്കാം എന്നല്ലാതെ, സര്‍ക്കാര്‍ അറിയാതെ, സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ ഒരിക്കലും, മതപഠനം നടത്താന്‍ പാടില്ല. അതോക്കെ പാടേ നിഷേധിക്കണം. ഇപ്പോള്‍ മതപഠനത്തിനുവേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പെന്‍ഷനും സാമ്പത്തിക സഹായങ്ങളും, മുഴുവനും എത്രയും വേഗം നിര്‍ത്തലാക്കണമെന്നാണ് ഒരു മതേതര വാദി എന്ന നിലയില്‍, ഇന്ത്യന്‍ ഭരണഘടനയെ ആദരിക്കുന്ന, അതിന്റെ അന്തസത്ത മനസ്സിലാക്കിയ ഒരു പൗരന്‍ എന്ന നിലയില്‍, എനിക്ക് പറയാനുള്ളത്.’- ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.

‘എല്ലാ മുഹമ്മദും മുഹമ്മദ് നബിയാണോ’

അതുപോലെതന്നെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ചോദ്യപ്പേപ്പര്‍ ഇട്ടതില്‍ എന്തെങ്കിലും പിശക് തന്റെ ഭാഗത്തുനിന്ന് പറ്റിയതായി കരുതുന്നില്ലെന്ന് ജോസഫ് മാസ്റ്റര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘ആ ചോദ്യം ഇട്ടപ്പോള്‍ മുതല്‍ ഇന്നുവരെ ആ ചോദ്യത്തില്‍ ഒരു പിശകുമില്ല എന്ന് ഉറപ്പുള്ള വ്യക്തിയാണ് ഞാന്‍. ചോദ്യത്തില്‍ പിശക് ഉണ്ട് എന്ന് പറയുന്നവര്‍ ആ ചോദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ആണ്. എം. എ. ബേബി മഠയന്‍ എന്ന് വിളിച്ചതൊക്കെ ഞാന്‍ ഒരു തമാശയായേ എടുക്കുന്നുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് അത് പിന്തുടരുന്ന രീതിയാണ് ഭൂരിഭാഗം പേര്‍ക്കും ഉള്ളത്. വളരെ ആലോചിച്ചാണ് ആ ചോദ്യം തയ്യാറാക്കിയത്. അതില്‍ ഒരു പിശകുമില്ല എന്ന് മാത്രമല്ല, അത് എനിക്ക് ഏറ്റവും നന്നായിട്ട് ചെയ്യാവുന്ന ഒരു ചോദ്യമായിട്ടാണ് അത് ചെയ്തിരിക്കുന്നത്.

മുഹമ്മദ് എന്ന ഒരു പേര് ചേര്‍ത്തുകഴിഞ്ഞാല്‍ അത് മുഹമ്മ്ദ് നബിയെക്കുറിച്ചായിരിക്കുമെന്ന് ഞാന്‍ അന്നും വിചാരിക്കുന്നില്ല, ഇന്നും വിചാരിക്കുന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കുള്ള പേരാണ് മുഹമ്മദ് എന്നത്. ആ പേര് ഒരു കഥാപാത്രത്തിന് ഇട്ടപ്പോള്‍, അത് മനപുര്‍വം നബിയെ കളിയാക്കാന്‍ പറഞ്ഞതാണ് എന്നാണ്, ഒരു വിഭാഗം പ്രചരിപ്പിച്ചത്. വെറും 32 കുട്ടികള്‍ക്ക് വേണ്ടി ഇട്ടുകൊടുത്ത ഒരു ചോദ്യം ഇത്രയും ലോക പ്രസിദ്ധമായത് ഇവര്‍ കാരണമാണ്. അവര്‍ക്ക് അതില്‍ യാതൊരു വിഷമവുമില്ല. അവര്‍ തന്നെ ലക്ഷക്കണക്കിന് കോപ്പിയടിച്ച് ഇത് കണ്ടോ, എന്ന് പറഞ്ഞ് വിതരണം ചെയ്തു. ശരിക്കും ഈ സംഭവത്തില്‍ ആരുടെയും മത വികാരമൊന്നും വ്രണപ്പെട്ടിട്ടില്ല. ചില മതഭ്രാന്തന്‍മ്മാര്‍ക്ക് മാത്രമായിരുന്നു പ്രശ്‌നം. ഈ ശാസ്ത്രയുഗത്തിലും നൂറ്റാണ്ടുകള്‍ പിറകിലുള്ള മനസ്സുമായി നടക്കുന്നവര്‍. എനിക്ക് പലപ്പോഴും അവരോട് ദയയാണ് തോന്നിയത്. – ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.

‘കൈവെട്ട് കേസ് എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുക കൈയ്ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നാണ്. പക്ഷേ ശരീരം ആസകലം മുറിവേറ്റ ആക്രമണമാണ് ഉണ്ടായത്. വലതുകൈ പൂര്‍ണ്ണമായും നിശ്ചലമാണ്. ഇടതുകൈയിലെ വിരലുകള്‍ ഒടിഞ്ഞ് തൂങ്ങത്തക്ക രീതിയില്‍ ഒരു വെട്ട് കിട്ടി. ഇടതുകാലിനും അതി ഗുരുതരമായി പരിക്കേറ്റു. കണങ്കാലും പാദവും കൈത്തണ്ടയും അടക്കഭാഗങ്ങളില്‍ നിരവധി വെട്ടേറ്റു. ഇടതുകൈയിലെ മൂന്ന് വിരലുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്വാധീനമുള്ളത്. ഇതുവെച്ച് ഏറെ ക്ലേശിച്ചാണ് പുസ്തകം എഴുതിയത്. എന്റെ കൈവെട്ടിയവര്‍ ഇനി ഇവന്‍ എഴുതരുത് എന്ന ഉദ്ദേശം വെച്ചുകൊണ്ടാണല്ലോ, അത് ചെയ്തത്. എന്തു ഉദ്ദേശത്തോടെയാണ് അവര്‍ എന്റെ കൈവെട്ടിയത് ആ ഉദ്ദേശം നടന്നിട്ടില്ല. അതുവരെ എഴുത്തുകാരനല്ലാത്ത ഞാന്‍, എഴുത്തുകാരന്‍ ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്. വലതുകൊണ്ട് എഴുതിയതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടതുകൊണ്ട് എഴുതി. ഇപ്പോള്‍ വലതുകൈകൊണ്ട് മെസേ്ജ് അയക്കാനും കമ്പ്യൂട്ടറിലെഴുതാനുമൊക്കെ കഴിയുന്നുണ്ട്. ഫലത്തില്‍ ഇപ്പോള്‍ ഇടതുകൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാം’- ജോസഫ് മാഷ് പറഞ്ഞു.

ആക്രമിക്കപ്പെട്ടതിനുശേഷം താന്‍പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ പലരില്‍നിന്നും സഹായം കിട്ടിയെന്നും ജോസഫ് മാഷ് പറയുന്നു. ‘ഞാന്‍ എന്റെ പുസ്തകത്തില്‍ എന്നെ സഹായിച്ചവരുടെ പേര് പറയാത്തത് അത്രയും പേരുടെ സഹായം കിട്ടിയതുകൊണ്ടാണ്. എല്ലാജാതിമതസ്ഥരുടെയും സഹായം എനിക്ക് കിട്ടി. രണ്ടും മുട്ടയും പാലും പോലും തന്ന് സഹായിച്ച സാധാരക്കാരുണ്ട്. അവരോടൊക്കെ ഞാന്‍ വല്ലാതെ കടപ്പെട്ടിരിക്കുന്നു’- ജോസഫ് മാസ്റ്റര്‍ പറഞ്ഞു.

നടപ്പായത് മത ശാസന- അനൂപ് ഐസക്ക്

വലതുകാലം ഇടതുകൈയും ഛേദിക്കണമെന്ന മതശാസനതന്നെയാണ് ജോസഫ് മാഷിന്റെ കാര്യത്തിലും നടപ്പായത് ചര്‍ച്ചയില്‍ പാനലിസ്റ്റായി പങ്കെടുത്ത അനൂപ് ഐസ്‌ക്ക് ചൂണ്ടിക്കാട്ടി. ‘മതേതര സർക്കാർ എന്ന് പറഞ്ഞാല്‍ സര്‍ക്കാറിന് മതമില്ല എന്ന് തന്നെയാണ്. മതം പ്ലസ് ഇതരം എന്നാണ് ആ വാക്കിന് അര്‍ഥം. ഞാന്‍ എട്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, റിലീജിയസ് എന്ന വാക്കിന്റെ ഓപ്പോസിറ്റ് ഏതാണെന്ന് ഒരു ചോദ്യം വന്നിരുന്നു. അപ്പോള്‍ ഞാന്‍ എഴുതിവെച്ചത് ടെററിസ്റ്റ് എന്നൊക്കെയാണ്. പിന്നീട് എനിക്ക് മനസ്സിലായത്, ശരിക്കും സെക്യുലര്‍ എന്ന വാക്കാണ് റിലീജിയസിന്റെ വിപരീതം എന്നത്. ടെററിസം എന്നതൊക്കെ റിലീജിയസ് -ന്റെ ഒരു പര്യായം പോലെയാണെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.

മതേതരം എന്ന വാക്ക് നമ്മള്‍ എല്ലാം പഠിക്കുന്നത് മതസൗഹാര്‍ദമായിട്ടാണ്. സെക്യുലര്‍ എന്നാല്‍ മതസൗഹാര്‍ദമല്ല. എല്ലാമതങ്ങളും ശരിയെന്ന് പറയുന്ന പരിപാടിയല്ല ഇത്. മതത്തിന് പുറത്തുള്ള ഒരു സംഭവമാണ്. ഒരു മതത്തിന് ഒരിക്കലും വേറൊരു മതം ശരിയാണെന്ന് പറയാന്‍ കഴിയില്ല. ബൈബിളില്‍പോലും പലയിടത്തും അന്യമത നിന്ദയുണ്ട്. നിങ്ങളില്‍ ആരെങ്കിലും വേറൊരു ദൈവത്തെ ആരാധിക്കയാണെങ്കില്‍ കല്ലെറിഞ്ഞ് കൊന്ന് കളയാന്‍ ആണ് ബൈബിള്‍ പറയുന്നത്. ഇതുതന്നെയാണ് ഇസ്‌ലാം അടക്കമുള്ള മറ്റ് പുസ്തകങ്ങളുടെയും ഗ്രന്ഥങ്ങളില്‍ പറയുന്നത്. വലതുകാലും ഇടതുകൈയും ഛേദിക്കണമെന്ന മതശാസനതന്നെയാണ് ജോസഫ് മാഷിന്റെ കാര്യത്തിലും നടപ്പായത്. ആ മതനിയമം ശ്രദ്ധയോടെ പഠിക്കാത്തതിനാലാണ് ജോസ്ഫ് മാസ്റ്റര്‍ക്ക് ഒരു വെട്ട് അധികം എല്‍ക്കേണ്ടിവന്നത്. മറ്റൊരു മതത്തെ ആദരിക്കാനോ ബഹുമാനിക്കാനോ ഒരു സെമിറ്റിക്ക് മതം ഒരിക്കലും പറയുന്നില്ല- അനൂപ് ഐസ്‌ക്ക് ചൂണ്ടിക്കാട്ടി.

സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തിലും- മനുജ മൈത്രി

പ്രത്യക്ഷമായും പരോക്ഷമായും മതത്തിന്റെ പിന്തുണ കിട്ടിയ സംഭവം തന്നെയായിരുന്നു കൈവെട്ട് കേസ് എന്ന് മനുജ മൈത്രി ചൂണ്ടിക്കാട്ടി. ‘ജോസഫ്മാഷിന്റെ കൈവെട്ടിയപ്പോള്‍ ഈ നാട്ടിലെ ഇസ്‌ലാമിസ്റ്റുകളും, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രൊപ്പഗാന്‍ഡ മുന്നോട്ട് വെക്കുന്നവരും, പരോക്ഷമായി സന്തോഷിക്കുന്ന ഒരു അവസ്ഥ തന്നെയാണ് ഉണ്ടായത്. ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍പോയാല്‍ കുറേ സെക്‌സ്‌വര്‍ക്കേഴ്‌സിനെ കിട്ടും എന്ന മതധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. മതരാഷ്ട്രത്തിനും ജിഹാദിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കുക എന്നത് ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അല്ലാതെ കൈവെട്ടിയ ആര്‍ക്കും ജോസഫ് മാഷിനോട് ഒരു വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നില്ല.

അഫ്ഗാന്‍ താലിബാന്‍ പിടിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകള്‍ നാം കണ്ടു. ഇതൊക്കെ ഇവിടെയുള്ള ചിലര്‍ ആസ്വദിക്കുന്നുണ്ട്. കേരളത്തിലും സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. പൊട്ടന്‍ഷ്യല്‍ ജിഹാദികള്‍ ഇവിടെയുമുണ്ട്. മതം പറയാത്ത എന്തെങ്കിലും ഒരു കാര്യം താലിബാനികള്‍ ചെയ്യുന്നുണ്ടോ? ഇവിടെ ജോസഫ് മാഷിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് എം.എം. അക്ബറിനെപ്പോലുള്ള ഏതെങ്കിലും മതപണ്ഡിതര്‍ വന്നോ? ഇത് കഴിഞ്ഞ് ഈ കേസിലെ പ്രതിയായ ഒരാള്‍ തൊട്ടടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

ആറാം നൂറ്റാണ്ടിലെ ഗോത്രീയ സംസ്‌ക്കാരം വളരെ മഹത്വരമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെപ്പോലും, പഠിപ്പിച്ചെടുത്ത് കൊണ്ടുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ മതഭ്രാന്തന്‍മ്മാര്‍ ശരിക്കും മതത്തിന്റെ ഇരകള്‍ തന്നെയാണ്. അവരെ വഴിതെറ്റിക്കുന്നത് മതം തന്നെയാണ്’- മനുജ ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തകനായ എം റിജു ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് പങ്കെടുത്തു. രാകേഷ് മോഡറേറ്ററായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *