സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ


ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു കഥയാണ്.. മറ്റേതൊരു സാഹിത്യ സൃഷ്ടിയും പോലെ രചിക്കപ്പെട്ട കാലത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞ ഒരു കൽപ്പിത കഥ. അത് വായിക്കുക, ആസ്വദിക്കുക, അതേസമയം അനുകരിക്കാതിരിക്കുക…

രാമായണകഥ – കമലാ സുബ്രമണ്യം

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ് എന്നാണ് പറയാറ്. വാല്മീകി രാമായണം പക്ഷെ വായിച്ചവരെക്കാൾ കേട്ടവരുടെയും, പറഞ്ഞു പരത്തിയവരുടെയും കൃതി ആയിരിക്കും. വാല്മീകി രാമായണത്തിന് കമലാ സുബ്രമണ്യം നൽകിയ വിവർത്തനത്തിന് പൊതു ബോധത്തിനനുസൃതമായ പോളിഷിങ്ങിന്റെ ചുവയുണ്ടെങ്കിലും ഭക്തിസാന്ദ്രമായ ആഖ്യാനത്തിനിടെ ചില രസകരമായ സംഗതികൾ തെളിഞ്ഞു വരുന്നത് കാണാം.

സഹജീവി സ്നേഹം:

രാമായണം എക്കാലത്തേക്കുമായി രചിക്കപ്പെട്ടതാണെന്നാണ് പലരുടെയും അവകാശവാദം. രാമന്റെ മൂല്യങ്ങൾ നിത്യജീവിതത്തിൽ അനുകരിക്കാൻ വേണ്ടിയും. രാമൻ ഒരു പുരോഗമന വാദിയും മനുഷ്യ സ്നേഹിയും ധർമ്മിഷ്ടനും ആയിരുന്നോ? രാമലക്ഷ്മണന്മാർ സീതയോടൊപ്പം വനവാസം ആരംഭിച്ച് ചിത്രകൂടത്തിൽ എത്തുന്നു. അവിടെ വച്ചു ആശ്രമം പണികഴിക്കാൻ നേരം രാമൻ ആവശ്യപ്പെടുന്നു : “ലക്ഷ്മണാ, നമുക്കിവിടെ കുറച്ചു കാലം കഴിയേണ്ടതുണ്ട്. ആശ്രമത്തിൽ അനിഷ്ടങ്ങൾ ഒന്നും വരാതിരിക്കാൻ മൃഗബലി വേണം. അതിനായി മാനിന്റെ മാംസം കൊണ്ടുവരണം”. അങ്ങനെ മൃഗബലി പോലെയുള്ള ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരു രാമനെ അവിടെ കാണാനാകും. (Page 191)

രാമൻ പാലിച്ചു പോന്ന നിയമ സംഹിത:

ഭരണഘടന പോലും അപര്യാപ്തമാണ്, യഥാർത്ഥ മൂല്യങ്ങൾ ആർഷ ഭാരത ഗ്രന്ഥങ്ങളിലാണ് എന്നൊരു നിലപാട് പുലർത്തുന്നവരുടേതും കൂടിയായ സമൂഹത്തിൽ രാമായണം മുന്നോട്ടുവയ്ക്കുന്ന ചില മൂല്യങ്ങൾ പരിശോധിക്കേണ്ടതാണ്. കൗസല്യയുമായുള്ള ഒരു സംഭാഷണവേളയിൽ ഭരതൻ പറയുന്നു : “രാജാവ് പ്രജാപരിപാലനം നടത്താതിരിക്കുക, സ്ത്രീയെ കൊല്ലുക, ഒപ്പം പശുവിനെ ചവിട്ടുക, ഋഷിമാരെ ബഹുമാനിക്കാതിരിക്കുക എന്നിവയെല്ലാം വേദങ്ങൾ പ്രകാരം കൊടിയ പാപമത്രേ” (Page 210). അതുപോലെ തന്നെ “ബ്രാഹ്മണനെ ഹനിക്കുന്നവനും പശുവിനെ കൊല്ലുന്നവനും മരണാന്തരം നരകത്തിൽ വസിക്കേണ്ടിവരും എന്നാണ് ധർമശാസനങ്ങൾ പഠിപ്പിക്കുന്നത്” എന്നും മറ്റൊരിടത്ത് മരണാസന്നനായ ബാലി പറയുന്നുണ്ട് (Page 374). ഈ ആർഷ ഭാരത CRPC നിയമങ്ങൾ എക്കാലത്തെക്കും ഉള്ളവയെങ്കിൽ പ്രായ, ലിംഗ, ജാതി ഭേതമന്യേ എല്ലാവർക്കും തുല്യത വേണം എന്നല്ലേ പറയേണ്ടത്? പശു സംരക്ഷണം ശ്രീരാമനും ഭാരതനുമെല്ലാം പരിപാവനമായി കരുതുന്ന ഒന്നാണ്. (രാമായണം തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്ക് ബി. ജെ. പി. ആഹ്വാനം ചെയ്യുന്ന ബീഫ് നിരോധനത്തെ എതിർക്കാൻ എന്തവകാശം?)

സർവ്വസംഗപരിത്യാഗികളായ ഋഷിമാർ:

പ്രപഞ്ച രഹസ്യങ്ങൾ മുഴുവൻ അറിഞ്ഞ് മാനുഷിക ചാപല്യങ്ങൾ എല്ലാം ത്യജിച്ചവരാണോ ഋഷിമാർ? രാമായണത്തിൽ അതിനു വിരുദ്ധമായവ കാണാനാകും. രാമനെ തേടിയെത്തിയ ഭരതനെ സൽക്കരിക്കുന്ന ഭരധ്വാജ മുനിയുടെ രംഗം രസകരമാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ‘ഇന്ദ്രസദസ്സിൽ നിന്നും സ്വർഗവാസികൾ അപ്സരസ്സുകളോടൊപ്പം എത്തി. അപ്സരസ്സുകളുടെ പാട്ടും നൃത്തവും സദ്യക്ക് കൊഴുപ്പ്കൂട്ടി ‘ (Page 224). ഭരധ്വാജൻ നടത്തുന്നത് ആശ്രമമോ അതോ Dance ബാറോ എന്ന് സംശയിച്ചു പോകും. പബ്ബും ഡാൻസ് ബാറുമെല്ലാം ആർഷ ഭാരത സംസ്കാരത്തെ തകർക്കും എന്ന് വിശ്വസിക്കുന്നവർക്ക് ഇത് നല്ല ഒരു ദൃഷ്ടാന്തമാണ്. സത്യത്തിൽ അവ നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്.

ആരോഗ്യദായകമായ ഭക്ഷണശീലങ്ങൾ:

ഉന്നതമായ ജ്ഞാനം നേടിയ വലിയ ബ്രാഹ്മണ ശ്രേഷ്ഠന്മാർ എല്ലാം എന്ത് തരം ഭക്ഷണം ആണ് കഴിച്ചിരുന്നത്? അവർ സസ്യാഹാരം മാത്രം ഭുജിച്ച് ‘പ്രകൃതിയോട് ഇണങ്ങി’ ജീവിച്ചവരാണോ? അഗസ്ത്യന്റെ പൂർവ്വകഥ വിവരിക്കുന്നിടത്ത് വാതാപിയുടെയും ഇല്വലന്റെയും കഥ പറയുന്നുണ്ട്. ബ്രാഹ്മണ വേഷം ധരിച്ച് ഇല്വലൻ വഴിയിലൂടെ പോകുന്ന ബ്രാഹ്മണരെ വീട്ടിലേക്ക് ക്ഷണിക്കും. ഇതേസമയം വാതാപി ഒരു ആടായി മാറും. ഈ ആടിനെ പാകംചെയ്ത് ഇല്വലൻ ബ്രാഹ്മണന് നൽകും ഒടുവിൽ ബ്രാഹ്മണന്റെ വയറ്റിൽ നിന്നും പുറത്ത് വന്ന്‌ വാതാപി അയാളെ കൊല്ലും. (Page 267). ബ്രഹ്മാണർ എല്ലാം നല്ല മാംസാഹാരികൾ ആയിരുന്നു എന്ന് രാമായണം പറയുന്നു. മരണാസന്നനായ ബാലിയും ഈ ഭക്ഷണശീലങ്ങളെപ്പറ്റി സൂചിപ്പിക്കുന്നു. ‘” ‘ബ്രാഹ്മണർക്കും ക്ഷത്രിയർക്കും’ അനുവദിക്കപ്പെട്ട മാംസാഹാരങ്ങളുടെ കൂട്ടത്തിൽ വാനരനായ തന്റെ വർഗ്ഗം പെടില്ലല്ലോ, എന്നിട്ടും തന്നെ വധിച്ചതെന്തിന് രാമാ? ” എന്ന് വിലപിക്കുന്ന ബാലിയെ കാണാം (Page 374 – 375).

ശ്രീരാമൻ എന്ന മര്യാദാ പുരുഷോത്തമൻ:

‘ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് ‘ എന്ന് പറയാതെ ആരംഭിക്കുന്ന ഏറ്റവും പ്രശസ്തമായ സാങ്കൽപ്പിക കഥയായിരിക്കും രാമായണം. കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്നത് ഒരുതരം മുൻ‌കൂർ ജാമ്യമാണ്. ഇത് ആളുകളെ അൽപ്പനേരം രസിപ്പിക്കാൻ വേണ്ടി പടച്ചുവിട്ടതാണ്, ഇതിനെ അനുകരിക്കരുതേ, ഇനി അനുകരിച്ചാലും ഞങ്ങൾ ഉത്തരവാദികളല്ല എന്ന മുൻ‌കൂർ ജാമ്യം. സൂക്ഷിച്ച് നോക്കിയാൽ ഈ വാചകം രാമായണത്തിന് അനുയോജ്യമാണ്. കാരണം ആധുനിക മനുഷ്യൻ അനുകരിക്കാൻ തീർച്ചയായും ഭയപ്പെടേണ്ടവരാണ് ഇതിലെ പല കഥാപാത്രങ്ങളും.

രാമന്റെ നീതി:

സുഗ്രീവൻ തന്നെ സീതാന്വേഷണത്തിൽ സഹായിക്കാം എന്ന് വാക്കുന്നൽകുമ്പോൾ, പകരം എന്ത് വേണം എന്ന് ആവശ്യപ്പെടുന്ന രാമന് മുൻപിൽ സുഗ്രീവൻ ഒരു വ്യവസ്ഥയേ വയ്ക്കുന്നുള്ളു – തന്നെ രാജ്യത്ത് നിന്നും നിഷ്കാസിതനാക്കിയ തന്റെ ജേഷ്ഠൻ ബാലിയെ വധിച്ച് തന്നെ കിഷ്കിന്ധയുടെ രാജാവായി വാഴിക്കണം. ധർമ്മാധർമങ്ങൾ നോക്കാതെ രാമൻ ആ വ്യവസ്ഥ അംഗീകരിക്കുന്നു. നേർക്ക്നേരെയുള്ള യുദ്ധമാണ് ‘ക്ഷത്രീയ ധർമ്മം’ എന്നിരിക്കെ ബാലിയെ ഒളിഞ്ഞുനിന്ന് അമ്പെയ്ത് വീഴ്ത്താൻ ‘ധർമിഷ്ഠനായ’ രാമൻ മടികാണിക്കുന്നില്ല. ഒടുവിൽ മരണാസന്നനായ ബാലി രാമനോട് ചോദിക്കുന്നു ‘ ദശരഥന് അങ്ങയെപ്പോലൊരു അധർമിയായ പുത്രൻ ഉണ്ടായത് വിചിത്രം തന്നെ. അങ്ങ് എന്നെ എന്തിനാണ് കൊന്നത്? ‘ (Page 375). തന്നെ കൊന്നതെന്തിന് എന്ന ബാലിയുടെ ചോദ്യത്തിന് രാമന്റെ ഉത്തരം രസകരമാണ്. “അങ്ങ് അനുജനായ സുഗ്രീവനെ ദ്രോഹിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായ ‘രുമ’യെ അപഹരിച്ചു സ്വന്തമാക്കി. അങ്ങനെ ധർമശാസനങ്ങൾ ലംഘിച്ചു” ( Page 376). “സഹോദരപത്നിയുടെ നേരെ മൈഥുനേച്ഛയോടെ നോക്കിയാൽ ധർമശാസനകൾ പ്രകാരം മരണശിക്ഷ അർഹിക്കുന്നു” എന്നും പറയുന്നു (Page 377).

ഈ നടപടിയിലൂടെ സ്വയം ഒരു ധർമിഷ്ഠൻ ആണെന്നും അധാർമികത തകർത്ത് ധർമ്മം വീണ്ടെടുക്കാനാണ് താൻ ഈ കൊലചെയ്തതെന്നും പ്രസ്താവിക്കുന്ന രാമനെ നമുക്കിവിടെ കാണാം. പക്ഷെ യഥാർത്ഥ തമാശ അവിടെയല്ല. കിരീടധാരണം കഴിഞ്ഞ സുഗ്രീവൻ സീതാന്വേഷണത്തിന് സഹായിക്കാം എന്ന വാക്ദാനം മറന്ന് അലസനായികഴിയുന്നു. കോപത്തോടെ ചോദിക്കാൻ എത്തുന്ന ലക്ഷ്മണൻ കാണുന്ന കാഴ്ച്ച സുഗ്രീവൻ മദ്യപിച്ചു, അന്തപ്പുരത്തിൽ ബാലിയുടെ ഭാര്യയായ ‘താര’യോടൊപ്പം ശയിക്കുന്നതാണ് (Page 393). പക്ഷെ ഇത് അറിഞ്ഞ ‘നീതിമാനായ’ ലക്ഷ്മണനും അതിലേറെ ധർമിഷ്ഠനായ’ ശ്രീരാമനും സുഗ്രീവനെ ഒന്ന് ശാസിക്കുക പോയിട്ട് അതിനെപ്പറ്റി ഒരു അക്ഷരം പോലും മിണ്ടുകകൂടി ചെയ്യുന്നില്ല. സുഗ്രീവനെയും വാനരപ്പടയെയും തനിക്ക് രാവണയുദ്ധത്തിൽ ആവശ്യമുണ്ട് എന്നതായിരിക്കില്ലേ രാമലക്ഷ്മണൻമാർക്ക് പെട്ടെന്ന് ബാധിച്ച ഈ ‘ധാർമിക Amnesia’-ക്ക് കാരണം?

ഒടുവിൽ രാവണനെ കൊന്ന് സീതയെ വീണ്ടെടുക്കുമ്പോളാണ് രാമനിൽ ഉള്ള യഥാർത്ഥ ഭർത്താവ് ഉണരുന്നത്. അദ്ദേഹം സീതയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുന്നു. അതിൽ വിജയിച്ച് പതിവ്രതയാണെന്ന് തെളിയിക്കപ്പെട്ട അതേ സീതയെ ഏതോ ആയോധ്യയക്കാരൻ പറഞ്ഞു പരത്തിയ പരദൂഷണത്തിന്റെ പേരിൽ കാട്ടിലേക്ക് പറഞ്ഞുവിടുന്ന ധർമ്മിഷ്‌ഠൻ ആയ രാമനെയും തുടർന്ന് കാണാനാകും. (ഈ പരീക്ഷ അയോധ്യയിൽ വച്ച് പൊതുജന സമക്ഷം ഒരിക്കൽക്കൂടി ആവർത്തിച്ചാൽ ചിലപ്പോൾ സീതക്ക് രാമാനോടൊപ്പം ശിഷ്ടകാലം സന്തോഷത്തോടെ കൊട്ടാരത്തിൽത്തന്നെ കഴിയാമായിരുന്നു. അതിനാൽത്തന്നെ അഗ്നിപരീക്ഷ എന്നത് ഒരു OTP പോലെ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടെക്നോളജി ആണോയെന്ന് ഒരു ആധുനിക വായനക്കാരൻ സംശയിച്ചാൽ നമുക്ക് കുറ്റംപറയാൻ പറ്റില്ല!)

ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു കഥയാണ്.. മറ്റേതൊരു സാഹിത്യ സൃഷ്ടിയും പോലെ രചിക്കപ്പെട്ട കാലത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞ ഒരു കൽപ്പിത കഥ. അത് വായിക്കുക, ആസ്വദിക്കുക, അതേസമയം അനുകരിക്കാതിരിക്കുക…

Reference : രാമായണകഥ – കമലാ സുബ്രഹ്മണ്യം


Leave a Reply

Your email address will not be published. Required fields are marked *