പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരോ; വീനസ്-സെറീന വില്ല്യംസുമാര്‍ ഉയര്‍ന്നുവന്നത് നോക്കുക; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു


”തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരാണ് എന്ന് സദാസമയം പറഞ്ഞ്, സ്വന്തം ഉത്തരവാദിത്വം ഒഴിഞ്ഞു കൊണ്ട് സ്വത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടവും, സാമൂഹികപരമായും സാമ്പത്തികമായും മുന്നോട്ട് പോയിട്ടില്ല എന്ന് തോമസ് സോവല്‍ പറയുന്നു. വീനസ് – സെറീന വില്യംസുമാരുടെ ജീവിതം അത് തെളിയിക്കുന്നു’- രാകേഷ് ഉണ്ണികൃഷണന്‍ എഴുതുന്നു
കറുത്തവരോടും പൊരുതേണ്ടിവന്ന വില്യംസ് സഹോദരിമാര്‍

‘King Richard’ 2021ല്‍ ഇറങ്ങിയ സിനിമ ആണ്. വില്യംസ് സഹോദരിമാരുടെ ടെന്നീസ് കരിയറിന്റെ തുടക്കം അവരുടെ അച്ഛന്‍ റിച്ചാര്‍ഡിന്റെ വീക്ഷണകോണിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്.

Virginia Ruzici ടെന്നീസ് കളിക്കുന്നത് ടീവിയില്‍ കണ്ടപ്പോള്‍ തനിക്ക് ജനിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ ടെന്നീസ് കളിക്കാര്‍ ആക്കും എന്ന് റിച്ചാര്‍ഡ് ശപഥം ചെയ്തു. അഞ്ചാം വയസ്സില്‍ തന്നെ വീനസിനും സെറീനക്കും റിച്ചാര്‍ഡ് ടെന്നീസ് പരിശീലനം കൊടുത്തു തുടങ്ങി. അതിനു വേണ്ടി റിച്ചാര്‍ഡ് 85 പേജുള്ള ഒരു പ്ലാനും തയ്യാറാക്കി. അവരുടെ അമ്മ ഒറാസീന്‍ പ്രൈസും സര്‍വ്വ പിന്തുണയുമായി ഒപ്പം നിന്നു. അവരെ ലോകം അറിയുന്ന ടെന്നീസ് താരങ്ങള്‍ ആക്കണം എന്ന തന്റെ ആഗ്രഹം റിച്ചാര്‍ഡിന് ഒരു തരത്തില്‍ ഒബ്‌സെഷന്‍ ആയി തീര്‍ന്നു. അതിന് പ്രിത്യേകിച്ചു ഒരു കാരണം കൂടി ഉണ്ട്. കറുത്ത വംശജര്‍ തിങ്ങി പാര്‍ക്കുന്ന ഗെറ്റോകള്‍ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളും,ടീനേജ് പ്രഗ്‌നന്‍സിയും ഒക്കെ disproportionately കൂടുതലായ ഇടങ്ങളാണ്. അവിടെ നിന്ന് അഭിവൃദ്ധിയിലേക്ക് രക്ഷപെടാന്‍ ഉള്ള മാര്‍ഗം കുട്ടികള്‍ ഈ ghetto cultureല്‍ influenced ആകാതിരിക്കുകയും നന്നായി പഠിച്ചു അല്ലെങ്കില്‍ നന്നായി പ്രൊഫഷണല്‍ സ്പോട്സ് കളിച്ചു സകോളര്‍ഷിപ്പ് നേടിയാല്‍ മാത്രം ആണ്.

ഗെറ്റോ സംസ്‌കാരത്തിന് അടിമപ്പെടാത്തത് കുറ്റമോ?

കുട്ടികളെ കൂടുതലായി പരിശീലിപ്പിച്ചു അവര്‍ക്ക് ആ പ്രായത്തില്‍ ഉള്ള കുട്ടികളുമായി ഇടപഴകാന്‍ ഉള്ള അവസരം നിഷേധിക്കുന്നു എന്ന് ഒരു അയല്‍പ്പക്കക്കാരി പോലീസില്‍ പരാതിപ്പെടുകയും ചൈല്‍ഡ് വെല്‍ഫയറില്‍ നിന്ന് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥ അവരുടെ വീട്ടില്‍ വരികയും ചെയ്തു. അവരോട് റിച്ചാര്‍ഡ് ചോദിക്കുന്ന ചോദ്യം: ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. വീനസ്സിന്റെയും സെറീനയുടെയും സഹോദരിമാര്‍ ക്ലാസ്സില്‍ ഫസ്റ്റ് ആണ്, അവര്‍ നാല് ഭാഷ സംസാരിക്കും, ടെന്നീസ് കളിക്കും. അവര്‍ ഈ തെരുവിന്റെ ഗെറ്റോ സംസ്‌കാരത്തിന് അടിമപ്പെടാത്തതാണോ നിങ്ങളുടെ പ്രശ്നം?

ഒരിക്കല്‍ വീനസ്സിന്റെ മൂത്ത അര്‍ദ്ധസഹോദരിയെ ഒരു കൂട്ടം യുവാക്കള്‍ ശല്യം ചെയ്തപ്പോള്‍ കുട്ടിയെ വെറുതെ വിടാന്‍ പറഞ്ഞതിന് അവര്‍ റിച്ചാര്‍ഡിനെ മക്കളുടെ മുന്നില്‍ വച്ച് ഇടിച്ചു നിലത്തിട്ടു. അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് അന്വേഷിക്കുന്ന മക്കളോട് റിച്ചാര്‍ഡ് പറയുന്നത് തന്റെ കുട്ടിക്കാലം തൊട്ടേ മിക്കവാറും താന്‍ തല്ല് വാങ്ങാറുണ്ടായിരുന്നു. അന്ന് ആക്രമിച്ചിരുന്നത് Klu Klux Klan അംഗങ്ങള്‍ ആയിരുന്നെങ്കില്‍, ഇന്ന് ആക്രമിക്കുന്നത് തന്റെ സ്വന്തം വംശജര്‍ ആയ കറുത്തവര്‍ ആണ്. അത് കൊണ്ട് കഠിനമായ പരിശീലനത്തിലൂടെ ഈ ഗെറ്റോയില്‍ നിന്ന് രക്ഷപെടേണ്ടതിന്റെ ആവശ്യം റിച്ചാര്‍ഡ് മക്കളെ ബോധ്യപ്പെടുത്തുന്നു. പിന്നിട് ഒരിക്കല്‍ ഈ കൂട്ടര്‍ തന്നെ ബലാത്സംഗ ഭീഷണി മുഴക്കി കൊണ്ട് റിച്ചാര്‍ഡിനെ ആക്രമിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ഇവര്‍ ഭീഷണി ആണ് എന്ന് മനസ്സിലാക്കിയ റിച്ചാര്‍ഡ് അതിലെ പ്രധാനിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചു തോക്കുമായി പോകുന്നെങ്കിലും റിച്ചാര്‍ഡ് എത്തുന്നതിന് തൊട്ട് മുമ്പ് അയാള്‍ മറ്റൊരു ഗ്യാങ്ങിനാല്‍ വെടിയേറ്റ് മരിക്കുന്നു. യഥാര്‍ത്ഥത്തില്‍ റിച്ചാര്‍ഡിന്റെ ആത്മകഥയില്‍ പറയുന്നത് തോക്കുമായി താന്‍ പോയത് കൊല്ലണമെന്ന് ഉദ്ദേശിച്ചല്ലായിരുന്നു എന്നാണ്. എന്തായാലും അയാളെ മറ്റൊരു ഗ്യാങ് തല്ലി കൊല്ലുന്നത് റിച്ചാര്‍ഡ് കണ്ടു.

ഏതാണ്ട് നാലു ശതമാനം കുട്ടികളും അമേരിക്കയില്‍ ടെന്നീസ് കളിക്കുന്നവരാണ്. അതില്‍ തന്നെ വളരെ കുറച്ചു പേര്‍ മാത്രം ആണ് പ്രൊഫഷണല്‍ ലീഗില്‍ എത്തുന്നത്. വീനസ്സിനെയും സെറീനയെയും സൗജന്യമായി ആയി പരിശീലിപ്പിക്കാന്‍ റിച്ചാര്‍ഡ് ധാരാളം കോച്ചുമാരെ പോയി കാണുന്നു. എല്ലാവരും റിച്ചാര്‍ഡിന്റെ പ്ലാന്‍ ഒരു അതിമോഹം ആണ് എന്ന് പറഞ്ഞു തഴയുന്നു. പീറ്റ് സാംപ്രാസിനെ പരിശീലിപ്പിക്കുന്ന കോച്ച്, റിച്ചാര്‍ഡിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കുട്ടികള്‍ കളിക്കുന്നത് കാണാന്‍ തയ്യാറാവുന്നു. അവരുടെ കഴിവ് ബോധ്യപ്പെട്ട പരിശീലകന്‍ വീനസ്സിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാവുന്നു.

അവിടുന്ന് തുടങ്ങി വീനസ് ആദ്യത്തെ പ്രൊഫഷണല്‍ ലീഗ് മാച്ച് കളിക്കുന്നു. രണ്ടാമത്തെ മത്സരം അന്നത്തെ ടോപ്പ് സീഡ് ആയ Arantxa Sánchez Vicario ആയിട്ടായിരുന്നു. സാഞ്ചസ്സുമായി സെറ്റില്‍ 2-1ന് വീനസ് തോറ്റെങ്കിലും അവിടെ നിന്ന് വീനസ്സിന്റെ ജൈത്രയാത്ര തുടങ്ങുകയായി. വീനസ്സിന്റെ 15 വയസ്സില്‍ അവരുമായി റീബോക്ക്, 12 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടു. 41 വയസ്സിനുള്ളില്‍ വീനസ് അഞ്ചു തവണ വിംബിള്‍ഡണ്‍ കിരീടം നേടി. വീനസ് പ്രൊഫഷണല്‍ മാച്ചസ് കളിക്കാന്‍ തുടങ്ങി രണ്ടു വര്‍ഷത്തിന് ശേഷം സെറീനയും പ്രൊഫഷണല്‍ മാച്ചസ് കളിച്ചു തുടങ്ങി. സെറീന ഇത് വരെ 23 ഗ്രാന്‍ഡ് ഹെമാ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ചരിത്രത്തില്‍ ഇത് വരെ ഉണ്ടായതില്‍ ഏറ്റവും മികച്ച ടെന്നീസ് കളിക്കാരി ആണ് സെറീന എന്ന് പല ടെന്നീസ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

സ്വന്തം ഉത്തരവാദിത്വം ഒഴിഞ്ഞുളള സ്വത്വവാദം!

തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരാണ് എന്ന് സദാസമയം പറഞ്ഞ്, സ്വന്തം ഉത്തരവാദിത്വം ഒഴിഞ്ഞു കൊണ്ട് സ്വത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടവും, സാമൂഹികപരമായും സാമ്പത്തികമായും മുന്നോട്ട് പോയിട്ടില്ല എന്ന് തോമസ് സോവല്‍ പറയുന്നു. തന്റെ ‘Black Rednecks and White Liberals’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:

”The cultural values and social patterns prevalent among Southern whites included an aversion to work, proneness to violence, neglect of education, sexual promiscuity, improvidence, drunkenness, lack of entrepreneurship, reckless search for excitement, lively music and dance, and a style of religious oratory marked by strident rhetoric, unbridled emotions, and flamboyant imagery. This oratorical style carried over into the political oratory of the region in both the Jim Crow era and the civil rights era, and has continued on into our own times among black politicians, preachers and activists.’

മേല്‍ പറഞ്ഞ സ്വത്വബോധത്തില്‍ നിന്നുണ്ടായ ശീലങ്ങള്‍ ഇന്ന് മിക്കവാറും വെളുത്ത വംശജര്‍ കൊണ്ട് നടക്കുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ സാമൂഹികപരമായും സാമ്പത്തികമായും ഉയര്‍ന്നു. വിരോധാഭാസം എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ശീലങ്ങള്‍ ഇന്ന് കൊണ്ട് നടക്കുന്നത് കൂടുതലും കറുത്ത വംശജര്‍ ആണ്. പല ലിബറലുകളും (Woke culture) ഈ സ്വത്വബോധത്തെ ആദര്‍ശവത്ക്കരിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇത്തരം സംസ്‌കാരത്തെ ഉപേക്ഷിച്ചു സ്വയം ഉയരാന്‍ പ്രചോദനം ഇല്ലാതായ കറുത്തവംശജര്‍ പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുന്നു.

സോവലിന്റെ ജീവചരിത്രം ‘Maverick: A biography of Thomas Sowell’ എഴുതിയത് Jaosn L. Riley ആണ് . അതാണ് ‘Please stop helping us: How liberals make it hard for blacks to succeed’. അതില്‍ ജേസണ്‍ തന്റെ ജീവിതം വിവരിക്കുന്നുണ്ട്. ജേസണിന്റെ അച്ഛന്‍ അവരുടെ black neighborhoodല്‍ നിന്ന് മക്കളെയും കൊണ്ട് ഒരു white neighborhood ലേക്ക് മാറാന്‍ കാരണം അവരുടെ ഭാവിയെ ഓര്‍ത്തായിരുന്നു. ശരിയായ വിദ്യാഭ്യാസത്തിലൂടെ അല്ലാതെ തങ്ങളുടെ പിന്നോക്കാവസ്ഥയെ മറികടക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവധിക്ക് ഇടക്ക് പണ്ട് താമസിച്ചിരുന്ന black neighborhood-ലേക്ക് പോയിരുന്ന ജേസണെ, നന്നായി പഠിക്കുന്നതിന്റെ പേരില്‍ ബന്ധുക്കളും സുഹൃത്തുക്കളും ‘നീ വെള്ളക്കാരന്‍ ആകാന്‍ ശ്രമിക്കുക ആണോ’ എന്ന് പറഞ്ഞു കളിയാക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്യുമായിരുന്നു.

താമസം മാറിയെങ്കിലും ജേസന്റെ സഹോദരിമാര്‍ പഴയ സുഹൃത്തുക്കളുമായി ഉള്ള ചങ്ങാത്തം തുടര്‍ന്നു. അതില്‍ ഒരു ചേച്ചി കൗമാരപ്രായത്തില്‍ ഗര്‍ഭിണി ആയി, മറ്റൊരു ചേച്ചി ഒരു ഗ്യാങ് വയലന്‌സിന്റെ ഇടയില്‍ പെട്ട് വെടിയേറ്റ് മരിച്ചു. ജേസന്റെ അടുത്ത കൂട്ടുകാരന്‍ ജേസണെക്കാള്‍ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നു. അയാളും ഒരു ഗ്യാങ് വയലന്‌സില്‍ കൊല്ലപ്പെട്ടു.

കറുത്തവംശജനെ കറുത്തവന്‍ തന്നെ കൊല്ലുമ്പോള്‍

ജേസണ്‍ പറയുന്ന ഒരു കാര്യം, ഒരു കറുത്ത വംശജനെ ഒരു വെള്ളക്കാരന്‍ കൊലപ്പെടുത്തിയാല്‍ അതിന് വലിയ പ്രചാരണം കിട്ടുന്നുവെന്നതാണ്. എന്നാല്‍ പാവപെട്ട കറുത്ത വംശജരെ ഏറ്റവും കൂടുതലായി കൊലപ്പെടുത്തുന്നത് മറ്റു പാവപെട്ട കറുത്ത വംശജര്‍ ആണ്. അമേരിക്കയില്‍ 14% മാത്രം ആണ് കറുത്തവംശജരുടെ ജനസംഖ്യ. 2007ല്‍ കൊല്ലപ്പെട്ട കറുത്ത വംശജരുടെ കണക്കെടുത്താല്‍ 90.2% കറുത്തവരെയും കൊലപ്പെടുത്തിയത് മറ്റു കറുത്തവംശജര്‍ ആണ്. ‘Is it less racist to care about the victims or the criminals?’ എന്ന് ജേസണ്‍ ചോദിക്കുന്നു.

വിവേചനങ്ങള്‍ ഒട്ടും തന്നെ ഇല്ല എന്ന് സോവല്‍ പറയുന്നില്ല, വംശീയ വിവേചനം ഉണ്ട് എന്ന് തന്നെ ആണ് സോവലിന്റെ അഭിപ്രായം. എന്നാല്‍ കറുത്ത വംശജരുടെ പിന്നോക്കാവസ്ഥയുടെ കാരണം അവരോടു വെളുത്തവര്‍ കാണിക്കുന്ന വിവേചനങ്ങള്‍ കൊണ്ട് മാത്രം ആണ്; അതാണ് ഏക കാരണം എന്ന ലിബറല്‍ ആഖ്യാനത്തെ സോവല്‍ ചോദ്യം ചെയ്യുകയാണ്. പിന്നോക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ പൊളിറ്റിക്കല്‍ കറക്ടനസ്സിന്റെ പേരില്‍ ലിബറല്‍ ആഖ്യാനം തടസ്സമാകുമ്പോള്‍ കറുത്തവംശജര്‍ പിന്നോക്കാവസ്ഥയില്‍ തന്നെ തുടരും എന്ന് സോവല്‍ മുന്നറിയിപ്പ് തരുന്നു.

”Activism is a way for useless people to feel important, even if the consequences of their activism are counterproductive for those they claim to be helping and damaging to the fabric of society as a whole’. – Thomas Sowell

സോവല്‍ പറയുന്ന ഒരു ഉദാഹരണം സിംഗിള്‍ അമ്മമാര്‍ക്ക് സ്റ്റേറ്റ് കൊടുക്കുന്ന വെല്‍ഫയറിനെ കുറിച്ചാണ്. ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ ഇത് സഹായകമാകും എന്ന സദുദ്ദേശത്തോട് കൂടി ആയിരുന്നു ഈ നീക്കം. എന്നാല്‍ കാലം ചെല്ലുംതോറും സിംഗിള്‍ അമ്മമാരുടെ എണ്ണം കൂടുകയാണ് ചെയ്തത്. പകുതിയിലധികം കറുത്ത ഫാമിലികള്‍ അച്ഛന്‍ ഇല്ലാത്ത വീടുകള്‍ ആണ്. കുട്ടികളെ സാമൂഹിക പ്രതിബദ്ധത ഉള്ള പൗരന്മാരായി വളര്‍ത്തുന്നതില്‍ അമ്മക്ക് ഒപ്പം തന്നെ അച്ഛനും വലിയ പങ്കാണ് ഉള്ളത്. അച്ഛന്‍ ഇല്ലാതെ ആയതോടെ സ്വന്തം അതിജീവനത്തിനായി കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് കുട്ടികളെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതായി.ഈ സ്ഥലങ്ങളില്‍ ghetto culture അധികരിക്കുകയും കുറ്റകൃത്യങ്ങളുടെ തോത് ക്രമാതീതമായി കൂടുകയും ആ ഇടങ്ങള്‍ എല്ലാം പിന്നോക്കാവസ്ഥയില്‍ തുടരുകയും ചെയ്യുന്നു.

സിനിമയില്‍ കാണിക്കുന്ന ഒരു സീന്‍, വീനസ്സിന്റെ കളി കാണാതെ Nikeന്റെ പ്രതിനിധി മൂന്ന് മില്യണ്‍ ഡോളറിന്റെ കരാര്‍ വീനസ്സിനെ ഏല്‍പ്പിക്കുന്നു. ഈ പണം യഥാര്‍ത്ഥത്തില്‍ വീനസ്സിന്റെ കുടുംബത്തെ ഒറ്റയടിക്ക് മുന്നോട്ട് എടുക്കാന്‍ ഉതകുന്നതാണ്. തന്റെ കളി കണ്ടിട്ട് മതി കരാര്‍ മുന്നോട്ട് വയ്ക്കുന്നത് എന്ന് പറഞ്ഞു വീനസ് കരാര്‍ നിഷേധിക്കുന്നു. ഇതാണ് ആത്മവിശ്വാസം. സ്വന്തം ചിറകില്‍ ഉള്ള വിശ്വാസം. ഇത് പോലെ നിശ്ചയദാര്‍ഡ്യമുള്ള ഒരു ഭാവി തലമുറ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *