യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി


”ഒരു യുദ്ധം അതാര്‍ക്കും വേണ്ട. എല്ലാവരും യുദ്ധത്തിനെതിരാണ്. യുക്രൈന്‍ കാരും റഷ്യക്കാരും യൂറോപ്പ്യന്‍മാരും ഒരു യുദ്ധം നടക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അമേരിക്കക്കാരനും ഈ ഘട്ടത്തില്‍ ഇനിയൊരു യുദ്ധം അഭിമുഖീകരിക്കാന്‍ ഭയക്കുന്ന അവസ്ഥയിലാണ് . പക്ഷെ എന്നാലും കാര്യങ്ങള്‍ ഒരു യുദ്ധത്തില്‍ ചെന്നവസാനിക്കാം. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്”- ഹരിദാസന്‍ പി.ബി എഴുതുന്നു
എന്തുകൊണ്ട് യുക്രൈയിന്‍ യുദ്ധഭീതി?

ഈ ലേഖനത്തില്‍ യുക്രൈന്‍, റഷ്യ, യു.എസ് , നാറ്റോ എന്നിവ അകപ്പെട്ടിരിക്കുന്ന കുഴമറിഞ്ഞു കിടക്കുന്ന ജിയോ പൊളിറ്റിക്കല്‍ വശങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല .അതൊക്കെ ആ മേഖലയിലെ വിദഗ്ധന്മാര്‍ വിശദീകരിക്കട്ടെ. ലോക ജനതയ്ക്ക്് വന്നു പെട്ടേക്കാവുന്ന വിപത്തുകള്‍ ആണ് പറയാന്‍ ഉദ്ദേശിക്കുന്നത്. മാനവരാശി പലതും നേടിയെങ്കിലും, ഫിലോസോഫിക്കല്‍ ലോജിക്കല്‍ വിലയിരുത്തലുകളില്‍ വളരെ മിടുക്കന്‍മാര്‍ ആണെങ്കിലും, പലപ്പോഴും സാഹചാര്യങ്ങളുടെ അടിമകളായിക്കൊണ്ട് ശിഥിലമായ തീരുമാനങ്ങളുമായി പല വിപത്തുകളും വരുത്തിവെക്കാറുണ്ട്. ആയിരകണക്കിന് മനുഷ്യജീവനുകള്‍ വെറുതെ ബലിയാടാക്കപ്പെടുന്നു. ദാരിദ്ര്യവും പങ്കപ്പാടുകളും ജനതതിക്ക് വരുത്തിവെക്കുന്നു. ചരിത്രത്തില്‍ നമുക്കത് വളരെ കാണാം.

ഇവിടെയൊക്കെ വിരോധാഭാസം എന്തെന്നുവെച്ചാല്‍ ഒരു യുദ്ധം അതാര്‍ക്കും വേണ്ട. എല്ലാവരും യുദ്ധത്തിനെതിരാണ്. യുക്രൈന്‍ കാരും റഷ്യക്കാരും യൂറോപ്പ്യന്‍മാരും ഒരു യുദ്ധം നടക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അമേരിക്കക്കാരനും ഈ ഘട്ടത്തില്‍ ഇനിയൊരു യുദ്ധം അഭിമുഖീകരിക്കാന്‍ ഭയക്കുന്ന അവസ്ഥയിലാണ് . പക്ഷെ എന്നാലും കാര്യങ്ങള്‍ ഒരു യുദ്ധത്തില്‍ ചെന്നവസാനിക്കാം. ഇതാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

Destined for War എന്ന പുസ്തകമെഴുതിയ പ്രൊഫസര്‍ Graham Allison അതിനെ തൂസിഡിഡീസ് ട്രാപ് ( The Thucydides Trap) എന്നാണ് വിളിക്കുന്നത്. ആര്‍ക്കും വേണ്ടാത്തൊരു യുദ്ധം പക്ഷെ കാര്യങ്ങള്‍ യുദ്ധത്തില്‍ ചെന്നവസാനിക്കുന്ന അവസ്ഥ. ഒരു നിലനില്‍ക്കുന്ന ശക്തി (സാമ്രാജ്യം) വളര്‍ന്നു വരുന്ന ശക്തിയെ ഭയക്കുമ്പോള്‍, പൊരുത്തപ്പെടാന്‍ പലപ്പോഴും കഴിയാതെ വരുമ്പോള്‍, ആ സന്ദര്‍ഭം മിക്കപ്പോഴും ഒരു യുദ്ധത്തിലാണ് അവസാനിക്കന്നതെന്ന് അദ്ദേഹം പല യുദ്ധ ചരിത്രങ്ങളെ വിലയിരുത്തിയപ്പോള്‍ കാണുകയുണ്ടായി. രണ്ടു കൂട്ടരും യുദ്ധം ആഗ്രഹിക്കാഞ്ഞിട്ടും യുദ്ധം നടക്കുന്നു. അതിനെയാണ് അദ്ദേഹം തൂസിഡിഡീസ് ട്രാപ് എന്ന് വിളിച്ചത്. ഇവിടെ റഷ്യയെ തരം താഴ്ത്തുന്ന ഒരു വളര്‍ന്നു വരുന്ന ശക്തിയല്ല യുക്രൈന്‍ എന്നത് ശരിതന്നെ . പക്ഷെ റഷ്യയെ ഒതുക്കുന്ന അവരുടെ മതിപ്പിനെ കുറക്കുന്ന പല പരാമീറ്ററുകളും പ്രവര്‍ത്തിക്കുന്നതായി, തങ്ങള്‍ക്കെതിരെ അണിനിരന്നതായി റഷ്യ കാണുന്നു. അതാണ് യൂറോപ്പ് എത്തിനില്‍ക്കുന്ന ട്രാപ്പ്.

എന്താണ് തൂസിഡിഡീസ് ട്രാപ്

എന്താണ് തൂസിഡിഡീസ് ട്രാപ് എന്ന് ചെറുതായി വിശദീകരിക്കാം. ഈ ആശയം നേരത്തെ, രണ്ടു വര്‍ഷം മുന്‍പ് അമേരിക്ക ചൈന സാഹചര്യത്തില്‍, ഞാന്‍ ഒരു ലേഖനത്തില്‍ ഉപയോഗിക്കുകയുണ്ടായി. എങ്കിലും കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. തൂസിഡിഡീസ് (Thucydides) ഒരു ചരിത്ര പുരുഷനാണ്. ഒരു എഥീനിയന്‍ ജെന്‍ട്രി. ഒരു എഥീനിയന്‍ ജനറല്‍. എഥീനിയന്‍ ഭരണസിരാകേന്ദ്രത്തിലെ പല ആകാംക്ഷകളും ആഗ്രഹങ്ങളും നേരിട്ടറിയാവുന്ന ഉന്നതകുല ജാതന്‍. അദ്ദേഹം ഒരു ചരിത്രകാരന്‍ കൂടിയാകുന്നു.

യുദ്ധങ്ങള്‍ ആകാശമാമന്മാര്‍ വരുത്തിവെക്കുന്നതാണെന്നു കരുതിയിരുന്നൊരു കാലഘട്ടത്തില്‍ മനുഷ്യരുടെ പരാജയങ്ങള്‍ ആണ് യുദ്ധം ഉണ്ടാക്കുന്നതെന്നും അങ്ങനെയൊരു യുദ്ധം ഭാവി തലമുറക്കുവേണ്ടി രേഖപെടുത്തിവെക്കുകയും ചെയ്ത വ്യക്തി. ഏഥെന്‍സ് ബി.സി നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പതിയെ പതിയെ ഒരു പ്രബല ശക്തിയായി വളര്‍ന്നു വന്നു. കലയിലും സാഹിത്യങ്ങളിലും അവര്‍ അനിതര സാധാരണമായ നേട്ടങ്ങള്‍ ഉണ്ടാക്കി. പ്രശസ്ത നാടക രചയിതാക്കളായ Aeschylus, Sophocles and Euripides, ചരിത്രകാരന്മാരായ ഹെറോഡോട്ടസ് ചിന്തകരായ Socrates, Pericles ഭിഷഗ്വരന്‍ Hippocrates എന്നീ മഹാനുഭാവന്മാര്‍ അക്കാലത്ത് ഏഥെന്‍സില്‍ ജീവിച്ചവരാണ്. ഏഥെന്‍സ് ഒരു ജനാതിപത്യ രാഷ്ട്രമായിരുന്നു. അടിമകള്‍ക്കും സ്ത്രീകള്‍ക്കും പല അവകാശങ്ങളും ഇല്ലായിരുന്നു എങ്കിലും അതൊരു ജനാധിപത്യമായിരുന്നു. നമ്മുടെ എല്ലാ ജനാധിപത്യങ്ങളുടെയും പ്രപിതാമഹന്‍.

ഏകദേശം 200 കിലോ മീറ്റര്‍ അപ്പുറത്താണ് തറവാടി സ്പാര്‍ട്ട. ബിസി ആറാം നൂറ്റാണ്ടുമുതലെങ്കിലും ഗ്രീക്ക് സിറ്റി സ്റ്റേറ്റുകള്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കുന്ന യുദ്ധവീരന്മാരുടെ സാമ്രാജ്യം. ഗ്രീക്ക് നാട്ടുരാജ്യങ്ങള്‍ക്കിടയില്‍ പല കലഹങ്ങള്‍ ചെറു യുദ്ധങ്ങള്‍ പതിവാണ്. പലരും ഏതെങ്കിലുമൊരു ശക്തിയുടെ കൂടെ പക്ഷം ചേരുന്നു, ഇവരില്‍ ആര്‍ക്കെങ്കിലും ഒരു ശക്തിക്ക് കപ്പം കൊടുക്കുന്നു .ബി.സി 424 ല്‍ സ്പാര്‍ട്ട ഏതെന്‍സിന്റെ സാമന്ത രാജ്യമായിരുന്ന ആംഫിപോളിസിനെ ഉപരോധിച്ചു . കീഴടങ്ങണം കപ്പം കൊടുക്കണം. ആംഫിപോളിസ് ഏതെന്‍സിനും സ്പാര്‍ട്ടക്കും മദ്ധ്യേ കിടക്കുന്ന തന്ത്രപ്രധാനമായ ഒരു നാട്ടുരാജ്യമാണ് (സിറ്റി സ്റ്റേറ്റ് ). ഏഥെന്‍സിന്റെ ശക്തിയെ ചോദ്യം ചെയ്യലാണത്. ഏഥെന്‍സ് തുസ്സിഡിഡീസിന്റെ നേതൃത്വത്തില്‍ ഒരു പട്ടാളത്തെ അയച്ചു. ഇതറിഞ്ഞ സ്പാര്‍ട്ട ആംഫിപോളിസുകാര്‍ക്ക് വളരെ ലളിതമായ കീഴടങ്ങല്‍ വ്യവസ്ഥ മുന്നോട്ടുവെച്ചു. ആംഫിപോളിസ് അതങ്ങീകരിച്ചു. തുസ്സിഡിഡീസി പട്ടാളവുമായി എത്തുമ്പോഴേക്കും വൈകി , ആംഫിപോളിസ് നഷ്ടമായി. ഈ വാര്‍ത്ത അറിഞ്ഞ ഏഥെന്‍സ് തുസ്സിഡിഡീസിനെ രാജ്യത്തുനിന്നും പുറത്താക്കി. അദ്ദേഹം ബഹിഷ്‌കൃതനായി സ്പാര്‍ട്ടയിലും മറ്റു നാട്ടുരാജ്യങ്ങളിലുമായി ജീവിച്ചു.

ആ കാലഘട്ടത്തിലാണ് ഗ്രീക്ക് സിറ്റി സ്റ്റേറ്റുകളുടെ ശക്തി ക്ഷയിപ്പിക്കാനിടയാക്കിയ പെലോപ്പനീഷ്യന്‍ വാര്‍, ഏഥെന്‍സ് എന്ന ജനാധിപത്യത്തെ ഇല്ലാതാക്കിയ യുദ്ധം, ബി.സി 434 നും ബി.സി 404 നു മിടയില്‍ നടന്നത്. പല ഉയര്‍ച്ചതാഴ്ചകള്‍ക്കവസാനം സ്പാര്‍ട്ടയുടെ അന്തിമ വിജയത്തില്‍ അവസാനിച്ച യുദ്ധം ഉണ്ടായത്. തുസ്സിഡിഡീസിന് രണ്ടു മുന്നണികളുടെയും ശക്തിയും ദൗര്‍ബല്യങ്ങളും അറിയാം. ആകാംക്ഷകളറിയാം. ഇതൊരു സാധാരണ യുദ്ധം അല്ലെന്നു അതി പ്രധാനമാണെന്നും യുദ്ധ സന്നാഹങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹത്തിന് ഉറപ്പായി. വരും തലമുറകള്‍ക്കുവേണ്ടി അത് അദ്ദേഹം എഴുതി വെക്കാന്‍ തീരുമാനിച്ചു.

അന്നേവരെയുള്ള യുദ്ധ കഥകളെല്ലാം വീരാളികളുടെ പടപ്പാട്ടായിരുന്നു. എന്നാല്‍ തൂസിഡിഡീസ് അതിലെ മാനുഷിക ശിഥിലതകളെ പരാജയങ്ങളെ വിവരിച്ചു. ആധുനിക ചരിത്രകാരനായി (father of scientific history) തൂസിഡിഡീസിനെ ലോകം ഇന്ന് വിലയിരുത്തുന്നു. പക്ഷം ചേരാതെ തെളിവുകളോടെ എഴുതിയ ചരിത്രം. (അതായത് ദൈവങ്ങളുടെ, ആകാശ മാമന്മാരുടെ യുദ്ധങ്ങളിലെ ഇടപെടലുകള്‍ അല്ല അദ്ദേഹം വിവരിച്ചത്). സ്പാര്‍ട്ടയും ഏതെന്‍സും ചേരിതിരിഞ്ഞു.

പെലോപ്പനീഷ്യകാര്‍ക്കുവേണ്ടിയും ഡീലിയന്‍കാര്‍ക്കുവേണ്ടിയും നടത്തിയ ഈ യുദ്ധത്തിന് അദ്ദേഹം മൂന്നു കാരണങ്ങള്‍ അടിസ്ഥാനമായി കണ്ടു. ഒന്ന് അഭിമാനം, Honour. നൂറ്റാണ്ടുകളായി അനിഷേധ്യരായി നടന്നിരുന്ന നമ്മുടെ മേഖലയില്‍ കാര്യങ്ങള്‍ പഴയ പോലെ അല്ല എന്ന പ്രൈഡ്. രണ്ട് താല്പര്യങ്ങള്‍. സാമ്പത്തികവും അല്ലാതെയുമുള്ള ചില താല്‍പ്പര്യങ്ങള്‍. മൂന്ന് ഫിയര്‍, പരസ്പരമുള്ള ഭയം. ഏഥെന്‍സിന്റെ വളര്‍ച്ചയും അത് സ്പാര്‍ട്ട കാരിലുണ്ടാക്കുന്ന ഭയവും. ഇതൊക്കെയാണ് അന്തര്‍ലീനമായിരിക്കുന്ന കാരണങ്ങളെന്ന് തൂസിഡിഡീസ് വിലയിരുത്തി. ഈ അവസ്ഥകളില്‍ എത്തപ്പെടുന്ന രാജ്യങ്ങള്‍ ഒരു ട്രാപ്പിലാണെന്ന് പ്രൊഫസ്സര്‍ Graham Allison അദ്ദേഹത്തിന്റെ Destined for War എന്ന പുസ്തകത്തില്‍ വിലയിരുത്തുന്നു. അവര്‍ക്കതില്‍ നിന്ന് ഊരിപ്പോരാന്‍ കഴിയാതെ ആയിപ്പോകുന്നു. . കഴിഞ്ഞ അഞ്ഞൂറുവര്‍ഷങ്ങളായി നടന്ന പതിനാറോളം പ്രധാന യുദ്ധങ്ങള്‍ അദ്ദേഹം വിലയിരുത്തിയപ്പോള്‍ അതില്‍ പന്ത്രണ്ടു സന്ദര്‍ഭങ്ങളിലും കാര്യങ്ങള്‍ യുദ്ധങ്ങളിലാണ് അവസാനിച്ചത് എന്ന് Allison പറയുന്നു.

യുദ്ധം നമ്മുടെ തൊഴിലിനെവരെ ബാധിക്കും

ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ട് നമുക്കിനി യുക്രൈന്‍ – റഷ്യ സംഘര്‍ഷം വിലയിരുത്തിനോക്കാം. ഒരു വന്‍ യുദ്ധം ഉണ്ടായാല്‍ അത് ഒരു യുക്രൈന്‍ കാരനെയോ റഷ്യക്കാരനെയോ മാത്രം ബാധിക്കുന്ന കാര്യമായിരിക്കില്ല. ഇങ്ങു നമ്മുടെ സാധാരണക്കാരന്റെ വരെ തൊഴിലിനേയും ജീവിതത്തെയും ബാധിക്കാനിടയിയുള്ള പട്ടിണികൊണ്ടുവരാനിടയുള്ള അവസ്ഥ സംജാതമായിക്കൂടായ്കയില്ല. സാപിയന്‍സിന്റെ ബുദ്ധി പലപ്പോഴും ചഞ്ചലമാണ്. അവന്‍ പലപ്പോഴും പിന്നീട് ബാലിശമെന്നുതോന്നുന്ന തീരുമാനങ്ങള്‍ എടുക്കാറുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയങ്ങു പോകും, അന്തിചര്‍ച്ചയും, കിറ്റും, ശമ്പള പരിഷ്‌കരണവും, ഈവനിംഗ് വാക്കുമൊക്കെയായി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയങ്ങു പോകും എന്നുള്ള നോര്‍മല്‍സി ബയസ് അത്ര നല്ലതല്ല. ഒന്നും സംഭവിക്കാതിരിക്കട്ടെ.

റഷ്യക്കാരന്‍ വിചാരിക്കുന്നത് ഞങ്ങളുടെ സിബിളിങ് ആണ് യുക്രൈന്‍ എന്നാണ്. ഞങ്ങളുടെ ‘സിസ്റ്റര്‍’ (എന്ന് പൂട്ടിന്‍ ). ഞങ്ങളുടെ കോറിഡോര്‍. അങ്ങ് ആയിരകണക്കിന് മൈലുകള്‍ക്കപ്പുറത്തുള്ള അമേരിക്കക്കാരന് ഇവിടെ എന്തു കാര്യം. ഞങ്ങളുടെ യുക്രൈന് നാറ്റോ അംഗത്വം കൊടുത്ത് ഞങ്ങളെ പിരിക്കാന്‍ നിങ്ങളാരാണ്. ഞങ്ങളുടെ അയല്‍പക്കത്ത് ഒരു ശത്രു ശക്തി ഉയര്‍ന്നുവരുന്നത് ഭാവിയില്‍ ഞങ്ങള്‍ക്ക് ദോഷം ചെയ്യും. ഞങ്ങളുടെ നേതാവ് ഗോര്‍ബച്ചേവിന്റെ കുടുംബം ഉക്രൈനി parentage ഉള്ളവരാണ്. റഷ്യ എന്ന രാജ്യം തന്നെ യുക്രൈനില്‍ നിന്ന് ഉടലെടുത്ത് വളര്‍ന്നു നീണ്ട് സൈബീരിയ വരെ എത്തിയതാണ് ഒരര്‍ത്ഥത്തില്‍. ആയിരത്താണ്ട് വര്‍ഷങ്ങളായി ഞങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നവരാണ്. ഇവിടെ മറ്റുള്ളവര്‍ക്കെന്തു കാര്യം. ഇതൊക്കെയാണ് റഷ്യക്കാരുടെ വാദം.

യുക്രൈന്‍ പറയുന്നത് ഞങ്ങള്‍ സ്വതന്ത്രരാണ്. ഞങ്ങള്‍ക്ക് വെസ്റ്റേണ്‍ വേള്‍ഡില്‍ കിട്ടുന്ന ജീവിത സൗകര്യങ്ങളും സ്വാതന്ത്ര്യവും വേണം . ഞങ്ങളുടെ ഭാവി ഞങ്ങളാണ് തീരുമാനിക്കുന്നത്. അതിനിടക്ക് അമേരിക്കയും യൂറോപ്പും പറയുന്നു റഷ്യന്‍ അഗ്രഷന്‍ വെച്ചുപൊറുപ്പിക്കില്ല. US Asks Russia To Stay Away From Ukraine, Warns Of ‘serious Consequences’ . വ്‌ളാഡമീര്‍ പൂട്ടിന്‍ പ്രതികരിക്കുന്നു. 1) Russians and Ukranians are one people – a single whole. 2) West is taking Russia’s ‘Red Lines’ too lightly 3) ‘We will react to NATO build-up…. Strategies that work on Weak Frustrated States torn by Internal Conflict won’t work on us’ (മിഡില്‍ ഈസ്റ്റിലും സൗത്ത് അമേരിക്കയിലും ഒക്കെ പയറ്റിയ കളി ഞങ്ങളോട് വേണ്ട എന്ന് ധ്വനി ) . ആകപ്പാടെ വായിച്ചാല്‍ എന്താണ്. അഭിമാനം ഉച്ഛരിച്ചു കഴിഞ്ഞു .പ്രകടിപ്പിച്ചുകഴിഞ്ഞു. ഇനി തിരിച്ചുപോക്ക് മാനഹാനിയാണ്. ഒരു തൂസിഡിഡീസ് ട്രാപ് ല്‍ രാജ്യങ്ങള്‍ ഉള്‍പെട്ടുകഴിഞ്ഞു. തൂസിഡിഡീസ് പറഞ്ഞ അഭിമാനം, പരസ്പര ഭയം, താല്പര്യങ്ങള്‍ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇനി ഇവര്‍ ഇതില്‍ നിന്നൊക്കെ എങ്ങനെ പുറത്തുകടക്കും എന്നത് മാത്രമാണ് വിലയിരുത്താനുള്ളത്.

യുദ്ധം ഒഴിവാക്കിയതും ആണവായുധങ്ങള്‍

ഇപ്പോള്‍ ഒരു യുദ്ധം ഒഴിവാകാനുള്ള പ്രധാന കാരണം വിരോധാഭാസമെന്നുപറയാം നിരന്നു നില്‍ക്കുന്ന രണ്ടു ശക്തികളുടെയും കൈവശമുള്ള ആയുധ ശക്തിയുടെ ബലമാണ്. രണ്ടു പേരും ഈ ഭൂമിയെ പലവട്ടം നശിപ്പിക്കാന്‍ ശേഷിയുള്ള ന്യൂക്ലിയര്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഒരു യുദ്ധം രണ്ടു കൂട്ടരെയും നശിപ്പിക്കും. ഈ ബോധമാണ് ഒരു യുദ്ധത്തെ നീട്ടിവെക്കുന്നത് . മാനവികതയല്ല ഈ ആയുധശേഖരമാണ് മാനവരാശിയെ തല്‍ക്കാലം രക്ഷിക്കുന്നത്.

സ്ട്രിംഗ് തിയറി യെക്കുറിച്ചും ഗോളാന്തര യാത്രകളെക്കുറിച്ചും ഒക്കെ ഗവേഷണം നടത്തുന്ന സാപിയന്‍സ് ആണ്, ചിലരുടെ പ്രൈഡ് ഹോണര്‍, എന്നീ ട്രിവിയലിറ്റിക്കുമുന്നില്‍ നിസ്സഹായനായി നോക്കിനിക്കുന്നത്. 750 കോടി വരുന്ന ജനത തി നിസ്സഹായര്‍. അവരുടെ ‘വിധി’ , ജീവന്‍, കുറച്ചുനേതാക്കള്‍ മാത്രമിരുന്ന് തീരുമാനിക്കുന്നു. ഇവിടെ Hermann Goering എന്ന ഹിറ്റ്‌ലറിന്റെ വലതു കൈ ആയിരുന്ന നാസി നേതാവിന്റെ വരികള്‍ വായിക്കുമ്പോള്‍ വളരെ അസ്വസ്ഥത തോന്നും. രണ്ടാം ലോക മഹായുദ്ധാവസാനം Hermann Goering പിടിക്കപ്പെടുകയും (കീഴടങ്ങിയതുമാകാം ), ന്യൂറംബര്‍ഗില്‍ വിചാരണ ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത നാസിയാണ്. വധ ശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് അദ്ദേഹം വിഷം സ്വയം കുത്തിവെച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇവിടെ പറയാനുദ്ദേശിച്ച വിഷയം അദ്ദേഹത്തിന്റെ ഒരു ഉദ്ധരിക്കാന്‍ വേണ്ടിയാണ്.

Mark Gilbert എന്ന അമേരിക്കന്‍ സൈക്കോളജിസ്റ്റ് Hermann Goering നെ ജയിലില്‍ വെച്ച് കണ്ടതും അവരുടെ ചര്‍ച്ചയും Nuremberg Diary കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗില്‍ബെര്‍ട്ട്, Hermann Goering നോട് ചോദിച്ചു ‘…how a government may force people to go to war’..? (ഒരു സര്‍ക്കാരിനെങ്ങനെയാണ് ജനങ്ങളെ യുദ്ധത്തിനു നിര്‍ബന്ധിക്കുവാന്‍ കഴിയുക ?) നാസിയുടെ ഉത്തരം ലളിതമാണ് ”…It is the leaders of the country who determine the policy and it is always a simple matter to drag the people along’ (അത് നേതാക്കള്‍ തീരുമാനിക്കുന്നതാണ്. ജനങ്ങളെ അതിലേക്ക് അനായാസമായി നയിക്കാന്‍ കഴിയും) . ഗില്‍ബെര്‍ട്ട് വീണ്ടും … ‘in a democracy the people have some say in the matter through their elected representatives,’ ജനാധിപത്യങ്ങളില്‍ പൗരന്മാര്‍ക്ക് യുദ്ധം വേണമോ അല്ലയോ എന്ന അഭിപ്രായങ്ങള്‍ക്ക് ഇടമുണ്ട് . അതിന് Hermann Goering ന്റെ മറുപടി കേള്‍ക്കുക ….He allegedly responded: ‘It was very easy, it has nothing to do with Nazism, it has something to do with human nature. You can do it in a Nazi, socialist, communist regime, in a monarchy and even in a democracy. The only thing that needs to be done to enslave people is to scare them. If you manage to find a way to scare people, you can make them do what you want.’

(അത് വളരെ എളുപ്പമാണ്. അതിന് നാസിസവുമായി ആയി ബന്ധമൊന്നുമില്ല. അത് മനുഷ്യ പ്രകൃതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് നാസിസത്തിലോ സോഷ്യലിസത്തിലൊ കമ്മ്യൂണിസത്തിലോ രാജവാഴ്ച്ചയിലോ ജനാധിപത്യത്തിലാണെങ്കില്‍ പോലും ഇത് ചെയ്യാവുന്നതേയുള്ളൂ. നിങ്ങള്‍ ജനതതിയെ ഭയപെടുത്തുക. നിങ്ങള്‍ക്ക് ജനതതിയെ ഭീതിത മാക്കാമെങ്കില്‍ നിങ്ങള്‍ക്ക് അവരെക്കൊണ്ട് എന്തുവേണമെങ്കിലും ചെയ്യിപ്പിക്കാവുന്നതേയുള്ളു).

മോറല്‍ ഓഫ് ദി സ്റ്റോറി ഈസ് അമേരിക്ക ഒരു ജനാധിപത്യമല്ലേ എന്ന കംഫര്‍ട്ട് സോണില്‍ ആശ്രയം കൊണ്ടിരിക്കുന്നതില്‍ വലിയ സാംഗത്യമില്ല. റഷ്യയിലാണെങ്കില്‍ കഴിഞ്ഞ ആയിരം വര്‍ഷത്തില്‍ അവിടെ പറയാവുന്നൊരു ജനാധിപത്യ രീതി നിലനിന്നിട്ടേയില്ല. വ്‌ളാഡിമീര്‍ പൂട്ടിന്‍ എന്ന വണ്‍ മാന്‍ തീരുമാനങ്ങളാണ് റഷ്യക്കാരുടെയും പിന്നെ നമ്മുടെയൊക്കെ ജീവിതവും ‘വിധിയും’ തീരുമാനിക്കാന്‍ പോകുന്നത്. നമ്മുടെയൊക്കെ ജീവിതത്തിന്റെ ചരട് ചില നേതാക്കളുടെ കൈകളിലെ കളിപ്പാവയെപോലെയാണെന്ന് ചുരുക്കം. വ്‌ളാഡമീര്‍ പൂട്ടിന്റെ മാനസിക തുലനവും ജോബൈഡന്റെ അങ്കലാപ്പുകളും ഒക്കെയായിരിക്കും നമ്മുടെ ജീവിതങ്ങളിലെ ശാന്തിയും സമാധാനവും തീരുമാനിക്കപ്പെടുന്നത്.

വഷളാക്കാതിരിക്കാന്‍ കാരണം കാപ്പിറ്റലിസം

സ്ഥിതി വഷളാകാതെ രക്ഷപെടാന്‍ ഒരു പ്രധാന കാരണമേ നിലനില്‍ക്കുന്നുള്ളു. അത് ക്യാപിറ്റലിസമാണ്. റഷ്യയുടേത് ഒരു ഡെപ്ത് ഉള്ള ഡൈവേര്‍സ് ഇക്കണോമിയല്ല. ഇന്ത്യയുടേത് പോലെ അല്ലെങ്കില്‍ ചൈനയുടേതുപോലെ ഇന്റെര്‍ണല്‍ ശക്തിയുള്ള വൈവിധ്യമുള്ള ഇക്കണോമിയല്ല. റഷ്യയുടേത് ഒരു റിസോഴ്‌സ് ബേസ്ഡ് എക്കണോമി ആകുന്നു. പ്രധാനമായും നാച്ചുറല്‍ ഗ്യാസ്, കോള്‍, ഇരുമ്പ് അയിരുകള്‍, എണ്ണ എന്നിവയൊക്കെ വിറ്റു ജീവിക്കുന്ന ഒരു സാമ്പത്ത് വ്യവസ്ഥ. അതുകൊണ്ടുതന്നെ ഒരു ഇക്കണോമിക്ക് എംബാര്‍ഗൊ സാങ്ഷന്‍സ് റഷ്യയെ വല്ലാതെ ബാധിക്കും. അതുകൊണ്ടാണ് പൂട്ടിന്‍ സമയം കളയാതെ ഓടി ചെന്ന് ചൈനയുടെ സൗഹൃദം ഉറപ്പിച്ചത്. നേരേമറിച്ച് റഷ്യയില്‍ നിന്ന് വരുന്ന ഗ്യാസ് ഉപയോഗിച്ചാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും ശീതകാലം കഴിച്ചുകൂട്ടുന്നത്. ഈ പരസ്പര ആശ്രയം ആരെ ആദ്യം കണ്ണ് ചിമ്മിപ്പിക്കും എന്നതൊരു പ്രധാന ഘടകമാണ്. വരും നാളുകളില്‍ ഇവരില്‍ നല്ല ബുദ്ധി ഉദിക്കും എന്ന് പ്രദീക്ഷിക്കാം.

അമേരിക്കന്‍ ബൂട്ടുകള്‍ എന്തായാലും യുക്രൈനില്‍ ഇറങ്ങുകയില്ല. അമേരിക്കക്കാരുടെ മാനവികത കൊണ്ടല്ല റഷ്യക്കാരുടെ കൈവശമുള്ള ന്യൂക്ലിയര്‍ ആയുധപ്പുരയുടെ ബലം കാരണം. എന്നാല്‍ സ്ഥിതി വഷളാകാന്‍ വേറെയും കാരണങ്ങള്‍ പലതുണ്ട്. യുക്രൈന്‍ കാര്‍ രാജ്യസ്‌നേഹം കൊണ്ട് മുട്ടി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് അവരെ ആയുധങ്ങള്‍ കൊടുത്ത് ശക്തി പെടുത്തുന്നു.

റഷ്യക്കാരുടെ ടാങ്കുകള്‍ യുക്രൈനില്‍ ഇറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുക്രൈനില്‍ ഇറങ്ങുകയും യുക്രൈന്‍ അവര്‍ക്ക് ‘unacceptable damage’ ഉണ്ടാക്കുകയും ചെയ്താല്‍, കാര്യങ്ങള്‍ പൂട്ടിന്റെ കൈകളില്‍ നിന്ന് വിട്ടു പോകും. പൂട്ടിന്‍ എന്ന പഴയ കെജിബി ഏജന്റിന് മുഖം രക്ഷിക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

 


Leave a Reply

Your email address will not be published. Required fields are marked *