“അമേരിക്കയിലെ ഇന്നത്തെ നൂറ് വലിയ പൊതുമേഖലാ കമ്പനികളില്‍ അഞ്ചെണ്ണം മാത്രമാണ് 1917ലെ ആദ്യ നൂറില്‍ ഇടംപിടിച്ചത്. 1970ലെ ആദ്യ നൂറില്‍ പകുതിയും 2000-ഓടെ റാങ്കിംഗില്‍ നിന്നും മാറ്റപ്പെട്ടു. ക്യാപിറ്റലിസവുമായി ഇടപെടുമ്പോള്‍ നമ്മള്‍ ഒരു പരിണാമ പ്രക്രിയയെ കൈകാര്യം ചെയ്യുന്നു എന്നതാണ് മനസ്സിലാക്കേണ്ട പ്രധാന കാര്യം.” – പ്രമോദ് കുമാർ എഴുതുന്നു |
സര്‍ഗാത്മക നാശത്തിന്റെ കൊടുങ്കാറ്റ്!
സ്വതന്ത്ര കമ്പോളത്തിന്റെ പുരോഗതി കൈമാറ്റം ചെയ്യുന്നതിനുള്ള, അടുക്കും ചിട്ടയുമില്ലാത്ത വഴികളുടെ സംക്ഷിപ്ത രൂപമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍, ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷനെ (Creative Destruction) കണക്കാക്കുന്നത്. ഓസ്ട്രിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് ഷുംപീറ്റര്‍ ‘ക്യാപിറ്റലിസം, സോഷ്യലിസം, ജനാധിപത്യം’ (1942), എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ”പുതിയ വിപണികള്‍ തുറക്കുന്നതും കരകൗശലശാലയില്‍ നിന്ന് യു.എസ്. സ്റ്റീല്‍ പോലെയുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയെയും, ഇന്‍ഡസ്ട്രീയല്‍ മ്യൂട്ടേഷന്‍ (industrial mutation) എന്ന പ്രക്രിയ ആയിട്ടാണ് ചിത്രീകരിക്കുന്നത് . ഈ ജൈവിക പദം ഉപയോഗിച്ചത് അത് സാമ്പത്തിക ഘടനയില്‍ നിരന്തരം അകത്തു നിന്ന് വിപ്ലവം സൃഷ്ടിക്കുന്നു, സ്ഥിരമായി പഴയതിനെ നശിപ്പിക്കുന്നു, ഇടതടവില്ലാതെ പുതിയത് സൃഷ്ടിക്കുന്നു എന്നത് കൊണ്ടാണ്. ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ ഈ പ്രക്രിയയാണ് ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന പ്രമാണം.
ക്യാപിറ്റലിസത്തെ ‘സര്‍ഗ്ഗാത്മക നാശത്തിന്റെ ഒടുങ്ങാത്ത കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ച ഷുംപീറ്റര്‍, ‘The Process of Creative Destruction’ എന്ന അധ്യായത്തിനായി വെറും ആറ് പേജാണ് നീക്കിവച്ചിട്ടുള്ളതെങ്കിലും, സമ്പദ് വ്യവസ്ഥ എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആധുനിക ചിന്തയുടെ കേന്ദ്രബിന്ദുവായി അത് മാറി.
ആധുനിക സാമ്പത്തിക വിദഗ്ധര്‍ സ്വതന്ത്ര കമ്പോളത്തിന്റെ അവിരാമമായ കടയല്‍ ആയിട്ടാണ് അദേഹത്തിന്റെ സംക്ഷിപ്ത സംഗ്രഹത്തെ മനസിലാക്കുന്നത്. നഷ്ടമായ തൊഴിലവസരങ്ങളും തകര്‍ന്ന കമ്പനികളും അപ്രത്യക്ഷമാകുന്ന വ്യവസായങ്ങളും വളര്‍ച്ചാ വ്യവസ്ഥയുടെ (growth system) അന്തര്‍ലീനമായ ഭാഗങ്ങളാണെന്ന ക്യാപിറ്റലിസ്‌ററ്റ് വിമര്‍ശനത്തിന്റെ കാതല്‍ തന്നെയാണിത്. ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സമൂഹങ്ങളിലാണ്, കാലക്രമേണ, കൂടുതല്‍ ഉല്‍പ്പാദനക്ഷമവും സമ്പന്നവുമായി വളരുന്നുത്. അവരുടെ പൗരന്മാര്‍ക്ക് പുതിയതും മികച്ചതുമായ ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങള്‍, കുറഞ്ഞ പ്രവൃത്തി ദിനങ്ങള്‍, മെച്ചപ്പെട്ട ജോലികള്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവ ലഭിക്കുന്നു.
ചില വ്യക്തികളുടെ ജീവിതാവസ്ഥ കുറച്ചുകാലത്തേക്ക്, ചിലപ്പോള്‍ എന്നന്നേക്കും മോശമായേക്കാം എന്നത് ഉള്‍ക്കൊള്ളാതെ ഒരു സമൂഹത്തിന് ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ല. ഇവിടെയാണ് പുരോഗതിയുടെ വിരോധാഭാസം കിടക്കുന്നത്. അതേസമയം, തൊഴിലവസരങ്ങളും വ്യവസായങ്ങളും സംരക്ഷിക്കുന്നതിനായി ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ രൂക്ഷ വശങ്ങളെ മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്തംഭനത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുകയും പുരോഗതിയുടെ പ്രയാണത്തെ തകര്‍ക്കുകയും ചെയ്യും. ക്യാപിറ്റലിസത്തിന്റെ നട്ടവും കോട്ടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷുംപീറ്ററുടെ ഈ പദം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിലവിലുള്ള ക്രമം തുടച്ചുനീക്കാതെ പുതിയ വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രക്രിയയ്ക്ക് മുന്നോട്ട് പോകാനാകില്ല.
ഗതാഗതമേഖല മികച്ച ഉദാഹരണം
ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ നാടകീയവും തുടര്‍ച്ചയായും മുന്നോട്ട് പോയതിന്റെ ഉദാഹരണമാണ് ഗതാഗത മേഖല നല്‍കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നീരാവി യന്ത്രങ്ങളുടെ വരവോടെ, റെയില്‍പാതകള്‍ അമേരിക്കയിലുടനീളം വ്യാപിച്ചു, വിപണികള്‍ വിപുലീകരിച്ചു, ഷിപ്പിംഗ് ചെലവ് കുറച്ചു, പുതിയ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുകയും ദശലക്ഷക്കണക്കിന് പുതിയ ഉല്‍പ്പാദനക്ഷമമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇന്റേണല്‍ കമ്പസ്റ്റിന്‍ എഞ്ചിന്‍ (internal combustion engine) അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓട്ടോമൊബൈല്‍ വിപ്ലവത്തിന് വഴിയൊരുക്കി. അമേരിക്കയെ ചക്രത്തില്‍ തിരിക്കാനുള്ള തിരക്ക്, പുതിയ സംരംഭങ്ങള്‍ക്ക് കാരണമായി. 1920കളിലെ ഒരു ഘട്ടത്തില്‍, 260ലധികം കാര്‍ നിര്‍മ്മാതാക്കളുള്ള വ്യവസായമായത് വളര്‍ന്നു. ഓട്ടോമൊബൈലിന്റെ അലയൊലികള്‍ എണ്ണ, ടൂറിസം, വിനോദം, ചില്ലറ വില്‍പ്പന, മറ്റ് വ്യവസായങ്ങള്‍ എന്നിവയിലേക്ക് ഒഴുകി. വാഹനത്തിന്റെ പാതപിന്തുടര്‍ന്ന്, വിമാനം നമ്മുടെ ലോകത്തേക്ക് പറന്നുയര്‍ന്നു, അത് സ്വയം പുതിയ ബിസിനസ്സുകളുടെയും ജോലികളുടെയും സ്‌ഫോടനത്തിനു കാരണമായി.
കുതിരകളും കോവര്‍കഴുതകളും കാറുകള്‍ക്കും വിമാനങ്ങള്‍ക്കും വഴിമാറിയതിന്റെ പ്രയോജനം അമേരിക്കക്കാര്‍ക്ക് ലഭിച്ചു. എന്നാല്‍ ഈ സൃഷ്ടികളെല്ലാം നാശമുണ്ടാക്കാതെയല്ല വന്നത്. ഓരോ പുതിയ ഗതാഗത മാര്‍ഗ്ഗവും നിലവിലുള്ള ജോലികളെയും വ്യവസായങ്ങളെയും ബാധിച്ചു. കടന്നുകയറ്റത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലമായ 1900ല്‍ അമേരിക്കയില്‍ 109,000 വണ്ടികളുടെയും കുതിരക്കോപ്പുകളുടെയും നിര്‍മ്മാതാക്കള്‍ ജോലി ചെയ്തിരുന്നു. 1910ല്‍ 238,000 അമേരിക്കക്കാര്‍ കൊല്ലന്‍മാരായി ജോലി ചെയ്തിരുന്നു. ഇന്ന്, ആ ജോലികള്‍ മിക്കവാറും കാലഹരണപ്പെട്ടിരിക്കുന്നു. കനാലുകള്‍ക്കും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കും ശേഷം, റെയില്‍റോഡുകളും, കാറുകള്‍, ദീര്‍ഘദൂര ട്രക്കുകള്‍, വിമാനങ്ങള്‍ എന്നിവയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടു. 1920ല്‍, 2.1 ദശലക്ഷം അമേരിക്കക്കാര്‍ റെയില്‍റോഡുകളില്‍ ജോലി ചെയ്തുകൊണ്ട് അവരുടെ ശമ്പളം നേടിയിരുന്നു, ഇന്നിത് രണ്ട് ക്ഷത്തില്‍ താഴെയാണ്.
ഗതാഗത മേഖലയില്‍ സംഭവിച്ചത് ഒന്നിന് പുറകെ ഒന്നായി ,പല വ്യവസായങ്ങളിലും, ഒരേ വ്യവസായത്തില്‍ തന്നെ പലതവണയും സംഭവിച്ചു. ‘മാറ്റം’, മുതലാളിത്തത്തിലെ സ്ഥിരമായ പ്രക്രീയയായി ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്‍ തിരിച്ചറിയുന്നു. 1900ല്‍, തടിയറപ്പുകാര്‍, കല്‍പ്പണിക്കാര്‍, ഖനിത്തൊഴിലാളികള്‍ എന്നിവര്‍ അമേരിക്കയിലെ തൊഴില്‍ മേഖലയില്‍ ആദ്യ മുപ്പത് സ്ഥാനത്തു ഉള്‍പ്പെട്ടിരുന്നു. ഒരു നൂറ്റാണ്ടിനുശേഷം അവ ഒന്നും ആദ്യ മുപ്പതില്‍ ഇടംപിടിച്ചില്ല; അവര്‍ക്ക് പകരം മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍, എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകള്‍, മറ്റുള്ളവരാണ് ഇടം പിടിച്ചത്.
‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന പദപ്രയോഗത്തിലൂടെ ഷുംപീറ്റര്‍ സൂചിപ്പിച്ചതുപോലെ, ‘സാങ്കേതികവിദ്യ’ എന്നത് തൊഴില്‍ വിപണികളെ ഏറ്റവും അലോസരപ്പെടുത്തുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇ-മെയില്‍, വേഡ് പ്രോസസറുകള്‍, ഉത്തരം നല്‍കുന്ന മെഷീനുകള്‍, മറ്റ് ആധുനിക ഓഫീസ് സാങ്കേതികവിദ്യ എന്നിവ സെക്രട്ടറിമാരെ വെട്ടിക്കുറച്ചെങ്കിലും പ്രോഗ്രാമര്‍മാരുടെ എണ്ണത്തെ ഉയര്‍ത്തി. ഇന്റര്‍നെറ്റിന്റെ ജനനം ലക്ഷക്കണക്കിന് വെബ് മാസ്റ്റര്‍മാരുടെ ആവശ്യത്തിന് കാരണമായി. 1990-ല്‍ നിലവിലില്ലായിരുന്ന ലാസിക്ക് ശസ്ത്രക്രിയ പലപ്പോഴും ഉപഭോക്താക്കളെ അവരുടെ കണ്ണട വലിച്ചെറിയാന്‍ അനുവദിക്കുകയും, ഒപ്റ്റോമെട്രിസ്റ്റുകളുടെയും ഒപ്റ്റിഷ്യന്‍മാരുടെയും അടുത്തേക്കുള്ള സന്ദര്‍ശനം കുറയ്ക്കുകയും ചെയ്തു, എന്നാല്‍ നേത്രരോഗവിദഗ്ദ്ധരുടെ ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറകള്‍ എന്നത് ഫോട്ടോ ലാബ് തൊഴിലിനെ പൂര്‍ണയും ഇല്ലാതാക്കി.
നാശത്തിന്റെയും പുനര്‍സൃഷ്ടിയുടേയും അതേ മാതൃകയാണ് കമ്പനികളും കാണിക്കുന്നത്. അമേരിക്കയിലെ ഇന്നത്തെ നൂറ് വലിയ പൊതുമേഖലാ കമ്പനികളില്‍ അഞ്ചെണ്ണം മാത്രമാണ് 1917ലെ ആദ്യ നൂറില്‍ ഇടംപിടിച്ചത്. 1970ലെ ആദ്യ നൂറില്‍ പകുതിയും 2000ഓടെ റാങ്കിംഗില്‍ നിന്നും മാറ്റപ്പെട്ടു.ക്യാപിറ്റലിസവുമായി ഇടപെടുമ്പോള്‍ നമ്മള്‍ ഒരു പരിണാമ പ്രക്രിയയെ കൈകാര്യം ചെയ്യുന്നു എന്നതാണ് മനസ്സിലാക്കേണ്ട പ്രധാന കാര്യം,’ ഷുംപീറ്റര്‍ എഴുതി.
ഉല്‍പ്പാദനക്ഷമതയുടെ ശക്തി
സംരംഭകത്വവും മത്സരവും ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന് ഇന്ധനം നല്‍കുന്നു. ഷുംപീറ്റര്‍ അത് ഇങ്ങനെ സംഗ്രഹിച്ചു: ക്യാപിറ്റലിസ്റ്റ് യന്ത്രത്തെ ചലിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അടിസ്ഥാന പ്രേരണ വരുന്നത് പുതിയ ഉപഭോക്തൃ വസ്തുക്കള്‍, പുതിയ ഉല്‍പ്പാദന രീതികള്‍ അല്ലെങ്കില്‍ ഗതാഗത രീതികള്‍, പുതിയ വിപണികള്‍, മുതലാളിത്ത സംരംഭം സൃഷ്ടിക്കുന്ന വ്യാവസായിക സംഘടനയുടെ പുതിയ രൂപങ്ങള്‍ എന്നിവയില്‍ നിന്നാണ്.
സംരംഭകര്‍ പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കുന്നതില്‍ കണ്ണു വെയ്ക്കുന്നത്, ലാഭം എന്ന ലക്ഷ്യത്തോടെയാണ്. പുതിയ ചരക്കുകളും സേവനങ്ങളും, പുതിയ സ്ഥാപനങ്ങളും പുതിയ വ്യവസായങ്ങളും വിപണിയില്‍ നിലവിലുള്ളവയുമായി മത്സരിക്കുന്നു. കുറഞ്ഞ വില, മികച്ച പ്രകടനം, പുതിയ സവിശേഷതകള്‍, ആകര്‍ഷകമായ ശൈലി, വേഗതയേറിയ സേവനം, കൂടുതല്‍ സൗകര്യപ്രദമായ സ്ഥലങ്ങള്‍, ഉയര്‍ന്ന പദവി, കൂടുതല്‍ ആക്രമണാത്മക മാര്‍ക്കറ്റിംഗ്, അല്ലെങ്കില്‍ കൂടുതല്‍ ആകര്‍ഷകമായ പാക്കേജിംഗ് എന്നി വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ നേടിയെടുക്കുന്നു. ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ പ്രത്യക്ഷകാഴ്ചയില്‍ കാണുന്ന മറ്റൊരു വൈരുദ്ധ്യാത്മക വശം, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നേടുന്നതിനുള്ള ശ്രമം, അഭിവൃദ്ധിയെ ജ്വലിപ്പിക്കുകയും, മറ്റുള്ളവരുടെ ഗുണത്തിന് കാരണമാകുകയും ചെയ്യുന്നു.
പുതിയതും മികച്ചതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്, തൊഴിലാളികളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കി, ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്നതിലൂടെയാണ് നിര്‍മ്മാതാക്കള്‍ അതിജീവിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് മത്സരാധിഷ്ഠിത വിലയില്‍ വിതരണം ചെയ്യാത്ത കമ്പനികള്‍ക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ഒടുവില്‍ തളര്‍ന്നു മരിക്കുകയും ചെയ്യും. മാര്‍ക്കറ്റിന്റെ ‘അദൃശ്യമായ കൈ’ എന്ന വാചകം ഷുംപീറ്ററിനോടല്ല, ആദം സ്മിത്തിനോടാണ് കടപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍, അസംസ്‌കൃത വസ്തുക്കള്‍, സാമ്പത്തിക മൂലധനം തുടങ്ങിയ വിഭവങ്ങള്‍ അവരുടെ ഏറ്റവും ഉയര്‍ന്ന ലാഭം നേടുന്നതിന് വേണ്ടി, തകര്‍ച്ച നേരിടുന്ന മേഖലകളില്‍ നിന്ന് കൂടുതല്‍ മൂല്യവത്തായ ഉപയോഗങ്ങളിലേക്ക് വഴി മാറ്റുന്നു.
തുണി വ്യവസായത്തില്‍ സംഭവിച്ചത്
20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഇന്ത്യയുടേയും ജാപ്പനിന്റെയും തുണി വ്യവസായങ്ങള്‍ക്ക് സമാനമായ വേതനവും ഉല്‍പ്പാദനക്ഷമതയും ഉണ്ടായിരുന്നു, രണ്ടും ആഗോള വിപണികളിലേക്ക് ഒരേ പോലെ കയറ്റുമതിയും ചെയ്തിരുന്നു. ധാരാളം തൊഴിലാളികള്‍ കൃഷിയില്‍ നിന്ന് വ്യവസായത്തിലേക്ക് വന്നിരുന്നതിനാല്‍, ഈ കാലഘട്ടത്തില്‍ ജപ്പാനില്‍ ഒരു യഥാര്‍ത്ഥ ‘മിച്ച തൊഴിലാളി’ സമ്പദ്വ്യവസ്ഥ ഉണ്ടായിരുന്നു, അതിനാല്‍ തൊഴിലാളികളുടെ വിലപേശല്‍ സ്ഥിതി ഇന്ത്യയേക്കാള്‍ വളരെ ദുര്‍ബലമായിരുന്നു ജപ്പാനില്‍. ഇത് ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ജാപ്പനീസ് മില്ലുകളെ പ്രേരിപ്പിച്ചു; സമരങ്ങളെ അമര്‍ച്ച ചെയ്യുകയും യൂണിയനുകളുടെ വിലപേശല്‍ ശക്തിയെ തടയുകയും ചെയ്തു. നല്‍കിയ കൂലി വര്‍ധനവിന് അനുസൃതമായി തൊഴിലാളികളില്‍ നിന്ന് അധ്വാനം തിരിച്ചെടുക്കുകയും; ഇഷ്ടാനുസരണം സാങ്കേതികവും സംഘടനാപരവുമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്ന് 1930കളോടെ, ജപ്പാന്‍ ബ്രിട്ടനെ (ഇന്ത്യന്‍ കോളനി അടക്കം) പിന്തള്ളി, ലോകത്തെ പ്രബലമായ തുണിത്തരങ്ങളുടെ കയറ്റുമതിക്കാരായി മാറി.
ബ്രിട്ടീഷ് രാജിന്റെ താരിഫ് സംരക്ഷണം ഏര്‍പ്പെടുത്തുക വഴി ഇന്ത്യന്‍ തുണി വ്യവസായം മുരടിച്ചു. സമരോത്സുകരായ തൊഴിലാളികള്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മില്‍ പ്രവര്‍ത്തനങ്ങളെ തടയുകയും തൊഴില്‍ നിലവാരത്തെ പ്രതിരോധിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന നടപടികളെ ചെറുക്കുകയും പ്രയത്‌നത്തേക്കാള്‍ ഉയര്‍ന്ന വേതനം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇന്ത്യന്‍ തുണി വ്യവസായത്തെ മുരടിപ്പ് ബാധിക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.
മാറി മറിഞ്ഞ ടെലിഫോണ്‍ വ്യവസായം
നിലവിലുള്ള അവസ്ഥയുടെ ഈ നിരന്തരമായ ഉലച്ചല്‍, ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്‍; സമൂഹങ്ങളെ സമ്പന്നമാക്കുന്നതിനുള്ള ശക്തി പ്രദാനം ചെയ്യുന്നു. ദുര്‍ലഭമായ വിഭവങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. 1970ല്‍ അമേരിക്കക്കാര്‍ 9.8 ബില്യണ്‍ ദീര്‍ഘദൂര കോളുകള്‍ വിളിച്ചപ്പോള്‍, ടെലിഫോണ്‍ വ്യവസായം 421,000 സ്വിച്ച്‌ബോര്‍ഡ് ഓപ്പറേറ്റര്‍മാരെ വേണ്ടിയിരുന്നു. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സാങ്കേതികവിദ്യ പുരോഗതി നേടുന്നതിലൂടെ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലയ്ക്ക് ഓപ്പറേറ്റര്‍മാരുടെ എണ്ണം 156,000 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. അങ്ങനെ ആകുമ്പോഴും ഇപ്പോള്‍ 106 ബില്യണ്‍ കോളുകള്‍ വിളിക്കുന്നുണ്ട്. 1970-ല്‍ ഒരു ശരാശരി ഓപ്പറേറ്റര്‍ ഒരു ദിവസം 64 കോളുകള്‍ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളു. 2000 ആയപ്പോഴേക്കും അത് 1,861 ആയി വര്‍ദ്ധിച്ചു. ഇത് ഉല്‍പ്പാദനക്ഷമതയില്‍ അമ്പരപ്പിക്കുന്ന നേട്ടമാണ്. 1970-കളിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അവര്‍ക്ക് ഇന്നത്തെ കോളുകളുടെ എണ്ണം കൈകാര്യം ചെയ്യണമെങ്കില്‍, ടെലിഫോണ്‍ കമ്പനികള്‍ക്ക് 4.5 ദശലക്ഷത്തിലധികം ഓപ്പറേറ്റര്‍മാര്‍ അല്ലെങ്കില്‍ മൊത്തം തൊഴില്‍ ശക്തിയുടെ 3 ശതമാനം ആവശ്യമായി വന്നേനെ. ഉല്‍പ്പാദനക്ഷമതയുടെ നേട്ടങ്ങളില്ലായിരുന്നെങ്കില്‍, ദീര്‍ഘദൂര കോളിന് ആറിരട്ടി ചിലവ് വരുമായിരുന്നു.
ടെലിഫോണ്‍ വ്യവസായം ജോലിയിലെ സൃഷ്ടിപരമായ നാശത്തിന്റെ ഒറ്റപ്പെട്ട ഉദാഹരണമല്ല. 1900ല്‍, തൊണ്ണൂറു ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യത്തെ പോറ്റുന്നതിനായി നൂറില്‍ നാല്‍പ്പത് അമേരിക്കക്കാരും കൃഷിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഒരു നൂറ്റാണ്ടിനുശേഷം, നൂറു തൊഴിലാളികളില്‍ രണ്ടുപേര്‍ മാത്രമേ ആ പണിയെടുക്കുന്നുള്ളു. ചരിത്രത്തിലെ ഏറ്റവും സമഗ്രമായ കാര്‍ഷിക തൊഴില്‍ നഷ്ടമുണ്ടായിരുന്നിട്ടും, രാജ്യം പട്ടിണിയിലായിട്ടില്ല, മറിച്ച് അമേരിക്ക കാര്‍ഷിക സമൃദ്ധി ആസ്വദിക്കുന്നു. കാര്‍ഷിക ഉല്‍പാദനക്ഷമതയിലെ വന്‍ മുന്നേറ്റം കൊണ്ട് അമേരിക്ക കൂടുതല്‍ മാംസം, ധാന്യം, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുകയും അഭ്യന്തര ഉപഭോഗത്തിന് ശേഷം കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
വേദനയില്ലാതെ നേട്ടമില്ല
രാജ്യത്തെ പോറ്റാന്‍ ഇനി ആവശ്യമില്ലാത്ത ഈ വിഭവങ്ങള്‍, മറ്റ് ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വതന്ത്രമായിരിക്കുന്നു. പതിറ്റാണ്ടുകളായി, കാര്‍ഷികമേഖലയില്‍ ആവശ്യമില്ലാതായ തൊഴിലാളികള്‍ നഗരങ്ങളിലേക്ക് കുടിയേറി, അവിടെ അവര്‍ മറ്റ് ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കാന്‍ ലഭ്യമായി. വ്യാവസായിക യുഗത്തിന്റെ ആദ്യ നാളുകളില്‍ ലോഹപ്പണിശാലയിലും മീറ്റ് പാക്കിംഗ് പ്ലാന്റുകളിലും ലോഡിംഗ് ഡോക്കുകളിലും അവര്‍ പുതിയ തൊഴില്‍ തുടങ്ങി. വിവരസാങ്കേതിക വിദ്യാ യുഗത്തില്‍, ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷനാല്‍ നവീകരിച്ച സമ്പദ്വ്യവസ്ഥയില്‍ ജീവിക്കുന്ന അവരുടെ കൊച്ചുമക്കള്‍, ആ ജോലികളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണ്. അവര്‍ കമ്പ്യൂട്ടറുകളും സിനിമകളും നിര്‍മ്മിക്കുകയും സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയും ഒരു ആധുനിക സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ട എണ്ണമറ്റ ചരക്കുകളും സേവനങ്ങളും സജ്ജീകരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍, മുതലാളിത്തത്തെ സ്വീകരിച്ച പാശ്ചാത്യ രാഷ്ട്രങ്ങള്‍, പഴയ വ്യവസായങ്ങള്‍ക്ക് പകരം പുതിയ വ്യവസായങ്ങള്‍ വന്നതോടെ വലിയ സാമ്പത്തിക പുരോഗതി കൈവരിച്ചു. ഉയര്‍ന്ന ജീവിതനിലവാരം ഉണ്ടെങ്കിലും, സ്വതന്ത്ര സംരംഭത്തിന്റെ നിരന്തരമായ ഒഴുക്കിനെ എല്ലായിപ്പോഴും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ല. ജോലികള്‍ നഷ്ടമാകുന്നതും ബിസിനസ്സുകള്‍ അടച്ചുപൂട്ടുന്നതും ഉടനടി സംഭവിക്കുമ്പോള്‍, ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷനില്‍ നിന്നുള്ള പ്രതിഫലം പ്രധാനമായും ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ലഭിക്കുക. തല്‍ഫലമായി, ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ പ്രക്രിയയെ തടയാനും സാമ്പത്തിക മാറ്റത്തെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കാനും സമൂഹങ്ങള്‍ എപ്പോഴും പ്രലോഭിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു.
ജോലി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ മിക്കവാറും എല്ലായ്പ്പോഴും തിരിച്ചടിയുണ്ടാക്കും. ബിസിനസ്സില്‍ നിന്ന് പുറത്തു പോകുന്നതിനുപകരം, കാര്യക്ഷമതയില്ലാത്ത നിര്‍മ്മാതാക്കള്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്കും നികുതിദായകര്‍ക്കും ഉയര്‍ന്ന ചിലവുണ്ടാക്കി കൊണ്ടായിരിക്കും. ഇങ്ങനെയുള്ള ഇടപെടലുകള്‍ മാര്‍ക്കറ്റ് സിഗ്‌നലുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്യുകയും വളര്‍ന്നുവരുന്ന വ്യവസായങ്ങളില്‍ നിന്ന് വിഭവങ്ങളെ വഴിമാറ്റുന്നതിന് കാരണമാകുകയും ചെയ്യും. ഇത് പുതിയ ഉല്‍പ്പന്നങ്ങളും ഉല്‍പാദന രീതികളും അവതരിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളെ സ്തംഭനാവസ്ഥയിലേക്കും പിരിച്ചുവിടലിലേക്കും പാപ്പരത്തത്തിലേക്കും നയിക്കുന്നു. ഷുംപീറ്ററുടെ ഐതിഹാസികമായ ഈ പദപ്രയോഗത്തിന്റെ വിരോധാഭാസം ഇതാണ്: ”വേദനയില്ലാതെ ക്രിയേറ്റിവ് ഡിസ്റ്റ്‌റക്ഷന്റെ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സമൂഹങ്ങള്‍ക്ക് വേദന കുറയ്ക്കാനാവുമെങ്കിലും നേട്ടങ്ങളൊന്നുമുണ്ടാക്കാനാവില്ല.”