രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു


“പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ശ്വാസം മുട്ടി ഓക്‌സിജന്റെ അഭാവം മൂലം ചര്‍മ്മം നീലയായി മാറി കുഴഞ്ഞു നിലത്തുവീണു മരിച്ചു. അര മണിക്കൂറിന് ശേഷം പൂര്‍ണ്ണ നിശബ്ദത മാത്രമായി. മുയലുകളും എലികളും, കുതിരകളും തൊഴുത്തിലെ പശുക്കളും കോഴികളും പ്രാണികള്‍ വരെ ചത്തു കിടന്നു. ഈ രാസായുധം കണ്ടെത്തി പതിനായിരങ്ങളുടെ കൊലക്ക് കാരണക്കാരനായ ശാസ്ത്രഞ്ജന്‍ തന്നെ പിന്നീട് കോടിക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതിന് നിമിത്തമായി. അതാണ് ഫ്രിറ്റ്‌സ് ഹേബര്‍ എന്ന ജൂത രസതന്ത്രജ്ഞന്റെ ജീവിത കഥ” – രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു
ഫ്രിറ്റ്‌സ് ഹേബര്‍ അഥവാ ഡോക്ടര്‍ ജെക്കില്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ്

 1990 ആഗസ്റ്റില്‍ ഇറാക്ക്, കുവൈറ്റ് പിടിച്ചടക്കിക്കൊണ്ട് ഗള്‍ഫ് യുദ്ധത്തിന് തുടക്കമിട്ടു. അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എട്ട് വയസുകാരനായ ഞാന്‍ ദുബൈയില്‍ താമസിക്കുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ ഇറാക്ക് സൗദിക്കെതിരെയും സ്‌കഡ് മിസൈല്‍ ആക്രമണം തുടങ്ങി. അതോട് കൂടി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാക്ക് തങ്ങളെയും ആക്രമിക്കും എന്ന പരിഭ്രാന്തിയില്‍ ആയി. യു.എ.ഇയില്‍ ഒരുപാട് തദ്ദേശീയര്‍ മറ്റു വിദേശരാജ്യങ്ങളിലേക്ക് അടിയന്തിരമായി മാറി. സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചു, റോഡുകള്‍ വിജനമായി. കാര്‍ട്ടന്‍ കണക്കിന് കുടിവെള്ളവും, മെഴുകുതിരിയും, അത്യാവശ്യ ആഹാരവും ഓരോ വീട്ടുകാരും സ്റ്റോക്ക് ചെയ്തു ബിബിസി റേഡിയോ കേട്ടു കൊണ്ട് എല്ലാവരും ഫ്‌ളാറ്റുകളില്‍ ഇരിപ്പായി.

അപ്പോള്‍ കണ്ട ഒരു പ്രവര്‍ത്തി ജനലുകള്‍ക്കും വാതിലുകളിലും, പുറത്തു നിന്ന് വായു കേറാന്‍ സാധ്യത ഉള്ള എല്ലാ വിടവുകളും മാസ്‌കിങ് ടേപ്പ് ഒട്ടിച്ചു അടക്കുന്നതാണ്. അതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ആണ് പറയുന്നത് സദ്ദാം ഹുസൈന്‍ രാസായുധം ഇവിടിട്ടാല്‍ ഇത് ചെറിയ ഒരു രക്ഷ തന്നേക്കും എന്ന്. കെമിക്കല്‍ വെപ്പണ്‍ അഥവാ രാസായുധം എന്ന വാക്ക് അന്നാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. അന്നേക്ക് രണ്ട് വര്‍ഷം മുമ്പ് 1988-ല്‍ ആണ്്, സദ്ദാം ഹുസൈനിന്റെ ആജ്ഞയാല്‍ ‘കെമിക്കല്‍ അലി’ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ അലി ഹസ്സന്‍ അല്‍-മാജിദ് കുര്‍ദ് ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നത് (The Halabja massacre). ആ ആക്രമണത്തില്‍ ഏതാണ്ട് 3,500 തൊട്ട് 5,000 കുര്‍ദുകള്‍ കൊല്ലപ്പെട്ടു. യു.എ.ഇലും ഇറാക്ക് രാസായുധം വര്‍ഷിക്കുമോ എന്ന ഭയം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു.

ഹേബര്‍ ഉണ്ടാക്കിയ വിഷവാതകം

ഒന്നാം ലോക മഹായുദ്ധസമയത്ത് ആണ് മാരകമായ കെമിക്കല്‍ വാര്‍ഫെയര്‍ ഏജന്റുകള്‍ ആദ്യമായി വിന്യസിച്ചത്. 1915 ഏപ്രില്‍ 22ന്, രണ്ടാം യെപ്രെസ് (Ypres- Belgium) യുദ്ധത്തില്‍ ജര്‍മ്മനി, പതിനായിരം വരുന്ന ഫ്രഞ്ച്, കനേഡിയന്‍, അള്‍ജീരിയന്‍ സൈനികര്‍ക്കെതിരെ ക്ലോറിന്‍ വാതകം പ്രയോഗിച്ചു. പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. അവരുടെ ശ്വാസകോശത്തിലെ മ്യൂക്കസുമായി പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് രൂപപ്പെട്ടു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ശ്വാസം മുട്ടി ഓക്‌സിജന്റെ അഭാവം മൂലം ചര്‍മ്മം നീലയായി മാറി കുഴഞ്ഞു നിലത്തുവീണു മരിച്ചു. അര മണിക്കൂറിന് ശേഷം പൂര്‍ണ്ണ നിശബ്ദത മാത്രമായി.

മുയലുകളും എലികളും, കുതിരകളും തൊഴുത്തിലെ പശുക്കളും കോഴികളും പ്രാണികള്‍ വരെ ചത്തു കിടന്നു. വാതകം അപ്പോഴും വായുവില്‍ ഉണ്ടായിരുന്നു. അവശേഷിച്ച ഏതാനും കുറ്റി ചെടികളില്‍ അത് പറ്റിക്കിടന്നു. അര മൈലില്‍ ചുറ്റളവില്‍ ഫ്രഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കിടപ്പുണ്ടായിരുന്നു. ശ്വസിക്കാന്‍ കഴിയാതെ മരണവെപ്രാളം കൊണ്ട് ആ മനുഷ്യര്‍ അവരുടെ മുഖത്തും കഴുത്തിലും നഖം വച്ച് മാന്തി പറിച്ചിരുന്നു. മരണവെപ്രാളം സഹിക്കാന്‍ വയ്യാതെ ചിലര്‍ സ്വയം വെടി വച്ച് മരിച്ചു. വാതക പ്രയോഗത്തില്‍ പകുതിയിലേറെ സൈനികരും മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചുവെന്നാണ് കരുതുന്നത്.

ഈ പുതിയ യുദ്ധരീതിയുടെ പിതാവാണ് യെപ്രെസിലെ ആക്രമണത്തിന് മേല്‍നോട്ടം വഹിച്ചത്. ജൂത രസതന്ത്രജ്ഞന്‍ ആയിരുന്ന ഫ്രിറ്റ്‌സ് ഹേബര്‍ (Fritz Haber). ഹേബറിന്റെ ദൗത്യത്തിന്റെ വിജയം അദ്ദേഹത്തിന് യുദ്ധമന്ത്രാലയത്തിലെ കെമിസ്ട്രി വിഭാഗത്തിന്റെ തലവനായി സ്ഥാനക്കയറ്റം നേടിക്കൊടുത്തു, ഒപ്പം ചക്രവര്‍ത്തി കൈസര്‍ വില്‍ഹെം രണ്ടാമനോടൊപ്പം ഒരു അത്താഴവും. എന്നാല്‍ ഹേബര്‍ ബെര്‍ലിനിലേക്ക് മടങ്ങിയപ്പോള്‍ അയാള്‍ക്ക് ക്രുദ്ധയായ ഭാര്യ ക്ലാരയെ (Clara Immerwahr) നേരിടേണ്ടി വന്നു.

വെടിവച്ച് ഭാര്യ ജീവനൊടുക്കുന്നു

ബ്രെസ്ലോ യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വനിത ആയിരുന്നു ക്ലാര. അവര്‍ ഒരു വനിതാ അവകാശ പ്രവര്‍ത്തകയും ഒരു സമാധാനവാദിയുമായിരുന്നു. ബുദ്ധിമതിയായ ക്ലാര, വിവാഹത്തിനും കരിയര്‍ നഷ്ടത്തിനും ശേഷം വിഷാദ രോഗിയായി. ലബോറട്ടറിയില്‍ മൃഗങ്ങളില്‍ വാതകത്തിന്റെ സ്വാധീനം ക്ലാര കണ്ടിട്ടുണ്ടായിരുന്നു. മാത്രമല്ല ഒരിക്കല്‍ ഹേബറിന്റെ ഫീല്‍ഡ് ടെസ്റ്റിനിടയില്‍ വാതകം പ്രയോഗിച്ചപ്പോള്‍ കാറ്റു എതിര്‍ ദിശയിലേക്ക് വീശി ഹേബര്‍ അത്ഭുതകരമായി രക്ഷപെട്ടതാണ്. എന്നാല്‍ അയാളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് വിഷ മേഘത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ സാധിച്ചില്ല. അയാള്‍ നരകിച്ചു മരിക്കുന്നത് ക്ലാര നേരില്‍ കണ്ടു.

ഹേബര്‍ Ypres-se കൂട്ടക്കൊലയില്‍ നിന്ന് വിജയിച്ച് മടങ്ങിയപ്പോള്‍, ഒരു വ്യാവസായിക സ്‌കെയിലില്‍ മനുഷ്യനെ ഉന്മൂലനം ചെയ്യാനുള്ള ഒരു രീതി ആവിഷ്‌കരിച്ച് ശാസ്ത്രത്തെ വികൃതമാക്കുന്നു എന്നാരോപിച്ചു ക്ലാര ഭര്‍ത്താവിനോട് വഴക്കുകൂടി. അവളുടെ വാക്കുകളെ ഹേബര്‍ അവഗണിച്ചു. ‘During peace time a scientist belongs to the world, but during war time he belongs to his country.’ എന്ന വികലമായ ലോകവീക്ഷണം ആയിരുന്നു രാജ്യസ്‌നേഹിയായ ഹേബറിന് ഉണ്ടായിരുന്നത്. അയാള്‍ തന്റെ രണ്ടു ദിവസത്തെ അവധി സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ ‘വിജയം’ ആഘോഷിക്കാന്‍ രാത്രി മുതല്‍ പ്രഭാതം വരെ നീണ്ടു നില്‍ക്കുന്ന ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. രാവിലെ ക്ലാര പൂന്തോട്ടത്തിലേക്ക് നടന്നു, അവളുടെ ഷൂസ് അഴിച്ചുമാറ്റി, ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വര്‍ എടുത്തു നെഞ്ചില്‍ സ്വയം വെടിവച്ചു തന്റെ പതിമൂന്ന് വയസ്സുള്ള മകന്റെ കയ്യില്‍ കിടന്ന് മരിച്ചു.

ഈ സംഭവത്തില്‍ തീര്‍ത്തും ഞെട്ടിയെങ്കിലും, ഫ്രിറ്റ്‌സ് ഹേബര്‍ അടുത്ത ദിവസം Eastern Frontല്‍ ഒരു വാതക ആക്രമണത്തിന് മേല്‍ നോട്ടം വഹിക്കാന്‍ യാത്ര ചെയ്തു. പിന്നീട് അങ്ങോട്ട് യുദ്ധത്തിലുടനീളം, അദ്ദേഹം തന്റെ സാങ്കേതിക വിദ്യ കൂടുതല്‍ കാര്യക്ഷമമായി വാതകം പുറത്തു വിടുന്നതിനായി വികസിപ്പിച്ചു കൊണ്ടിരുന്നു.

അമോണിയ ഉണ്ടാക്കുന്നു

1918-ലെ യുദ്ധവിരാമത്തിന് ശേഷം, ഫ്രിറ്റ്‌സ് ഹേബറിനെ സഖ്യകക്ഷികള്‍ ഒരു യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചു. ജര്‍മ്മനിയില്‍ നിന്ന്
സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഹേബര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. അവിടെ വച്ച് യുദ്ധത്തിന് തൊട്ടു മുമ്പ് അദ്ദേഹം നടത്തിയ ഒരു കണ്ടെത്തലിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതായി ഒരറിയിപ്പ് കിട്ടി. വരും ദശകങ്ങളില്‍ മനുഷ്യരാശിയുടെ വിധിയെ മാറ്റിമറിക്കുന്ന ഒരു കണ്ടെത്തലായിരുന്നു അത്.

1907-ല്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രധാന പോഷകമായ നൈട്രജന്‍ ആദ്യമായി നേരിട്ട് വായുവില്‍ നിന്ന് ഹേബര്‍ വേര്‍തിരിച്ചെടുത്തു അതില്‍ നിന്ന് അമോണിയ ഉല്‍പ്പാദിപ്പിച്ചു. വലിയ അളവില്‍ വളം ഉല്‍പ്പാദിപ്പിക്കാന്‍ അമോണിയ പ്രാപ്തമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടാവുമായിരുന്ന അതിഭീകരമായ ആഗോള ഭക്ഷ്യ ക്ഷാമം ഈ കണ്ടെത്തല്‍ തടഞ്ഞു. വളത്തിന്റെ ദൗര്‍ലഭ്യത്തെ ഹേബര്‍ അഭിസംബോധന ചെയ്തു. അത് വരെ ജൈവ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി ജനസംഘ്യ വര്‍ധിക്കുന്നതിനനുസരിച്ചുള്ള വിള നല്‍കുന്നുണ്ടായിരുന്നില്ല. ജൈവകൃഷി തുടര്‍ന്ന് പോയിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കുമായിരുന്നു.

ഹേബറിന്റെ കണ്ടെത്തല്‍, ജര്‍മ്മന്‍ കെമിക്കല്‍ കമ്പനി BASFന്റെ ചീഫ് എഞ്ചിനീയര്‍ കാള്‍ ബോഷ്, നൂറുകണക്കിന് ടണ്‍ അമോണിയ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യാവസായിക പ്രക്രിയയായി പരിഷ്‌കരിച്ചു. ഒരു ചെറിയ നഗരത്തിന്റെ വലിപ്പമുള്ള ഫാക്ടറിയില്‍ അമ്പതിനായിരം തൊഴിലാളികള്‍ അമോണിയയുടെ ഉല്‍പ്പാദനത്തില്‍ പങ്കാളികളായി. ഹൈഡ്രജനും നൈട്രജനും അമോണിയയാക്കി മാറ്റുന്ന ഹേബര്‍-ബോഷ് പ്രക്രിയ (The Haber-Bosch process), ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക രാസപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ഇത് നൂറു വര്‍ഷത്തിനുള്ളില്‍ 1.6 ബില്യണ്‍ മനുഷ്യരില്‍ നിന്ന് 7 ബില്യണ്‍ ആയി ജനസംഖ്യ ഉയരുന്നതിന് കാരണമായി. ഇന്ന് നമ്മുടെ ശരീരത്തിലെ നൈട്രജന്‍ ആറ്റങ്ങളില്‍ ഏതാണ്ട് അമ്പത് ശതമാനവും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്.

ലോകജനസംഖ്യയുടെ പകുതിയിലേറെയും ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വളം ഹേബര്‍-ബോഷ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നവയാണ്. വെറും നൂറ് വര്‍ഷം മുമ്പ് ശരാശരി ഇന്ത്യക്കാരന്റെ ആയുസ്സ് വെറും 25 വയസ്സ് മാത്രം ആയിരുന്നു. ആ കാലത്തു പാരമ്പര്യ ഭക്ഷണരീതികളും പാരമ്പര്യ ചികിത്സാരീതികളുമായിരുന്നു ആളുകള്‍ പിന്തുടര്‍ന്നിരുന്നത്. ഇന്നത് ശരാശരി 69 വയസ്സായി ഉയര്‍ന്നു. സയന്‍സിന്റെ മുന്നേറ്റം കൊണ്ട് ശാസ്ത്രീയമായ കൃഷി കാരണം കൂടുതല്‍ വിളവെടുപ്പിലൂടെ പട്ടിണി പരിഹരിച്ചതും, വാക്‌സിനുകള്‍ തുടങ്ങി വൈദ്യശാസ്ത്രത്തിലെ പുരോഗതി കാരണം കുട്ടികള്‍ അതിജീവിക്കുന്നു, മുതിര്‍ന്നവര്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നിവ മനുഷ്യ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. എല്ലാവരും ജൈവകൃഷി ചെയ്തിരുന്നെങ്കില്‍ പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥ ആയേനെ. ഹേബര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന ആധുനിക ലോകം ഉണ്ടാകുമായിരുന്നില്ല.

1934-ല്‍, ബാസില്‍ വച്ച് ഹേബര്‍ മരിച്ചു. ഹേബര്‍ അറിയാതെ പോയത്, വര്‍ഷങ്ങള്‍ക്ക് ശേഷം, നാസികള്‍ക്ക് ജൂതനായ താന്‍ വികസിപ്പിക്കാന്‍ സഹായിച്ച വാതകം ശ്വസിച്ചു ഗ്യാസ് ചേമ്പറുകളില്‍ കിടന്ന് നരകിച്ചു മരിക്കാന്‍ പോകുന്ന ദശലക്ഷക്കണക്കിന് ജൂതന്മാരില്‍ തന്റെ അര്‍ധസഹോദരിയും അളിയനും അനന്തിരവരും ഉണ്ടായിരിക്കും എന്നതാണ്.

”Strange case of Dr Jekyll and Mr Hyde’ F¶ Robert Louis Stevenson എഴുതിയ കഥയില്‍, ഓരോ മനുഷ്യനിലും നല്ലതും ചീത്തയുമായ ഒരു ശക്തി വസിക്കുന്നു എന്ന സിദ്ധാന്തം പരീക്ഷിച്ചു കൊണ്ട് നല്ലവനായ ഡോ. ജെക്കില്‍ രണ്ടു സ്വഭാവത്തെയും വേര്‍തിരിച്ചു കൊണ്ട് ക്രൂരനായ മിസ്റ്റര്‍ ഹൈഡ് ആയി സ്വയം മാറുന്നു. കോടിക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ കൊടുക്കാനും, അത് പോലെ ജീവന്‍ എടുക്കാനും സഹായിച്ച ഒരു വ്യക്തിയായിരുന്നു ഫ്രിറ്റ്‌സ് ഹേബര്‍.

കടപ്പാട്: ‘ലോക ചരിത്രത്തിന്റെ ഗതി നിയന്ത്രിച്ച തന്മാത്രകള്‍’ എന്ന പേരില്‍ ഡോ. കാനാ സുരേശന്‍ നടത്തിയ പ്രസന്റേഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ലേഖനം. Video link- https://www.youtube.com/watch?v=LYGuQ_M2pFc


Leave a Reply

Your email address will not be published. Required fields are marked *