ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു


“ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, സ്ഥലത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉത്തരവ് നല്‍കി. അങ്ങനെ ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളെ ഡ്രഗ് ഓവര്‍ഡോസ് വഴിയോ പട്ടിണിക്കിട്ടോ കൊല്ലുന്ന ഒരു രീതിയും നാസികള്‍ നടപ്പാക്കി.” – നാസി ക്രൂരതയുടെ ചരിത്രത്തിലുടെ ഗൗതം വര്‍മ്മ എഴുതുന്നു.
ജൂതകൂട്ടക്കൊലയുടെ ചരിത്രത്തിലൂടെ

”History Doens’t Repeat Itself, but It Often Rhymes’ – Mark Twain

1939 ല്‍ അറബ് കലാപം ഒരു പരിധിവരെ കെട്ടടങ്ങിയതോടെ ബ്രിട്ടന്റെ നേതൃത്വത്തില്‍ പലസ്തീന്‍കാരും ജൂതരും ഒരുമിച്ചുള്ള ഒരു കോണ്‍ഫറന്‍സിന് London നിലെ St. James Palace ല്‍ വേദിയൊരുങ്ങി. Jewish Agency യെയും World Zionist Organization നെയും പ്രതിനിധീകരിച്ച് എത്തിയത് Chiam Weizmann നും David Ben-Gurion ഉം ആയിരുന്നു. അവരെക്കൂടാതെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള പ്രമുഖരായ ഒരുപാട് ജൂതരും ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഫലസ്തീനെ പ്രതിനിധീകരിച്ച് എത്തിയവരില്‍ ജോര്‍ദാന്‍, യെമന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നെല്ലാം ഉള്ളവര്‍ ഉണ്ടായിരുന്നു. ജൂതരും അറബികളും പലപ്പോഴും ഒരേ മേശക്ക്ചുറ്റും ഇരിക്കാന്‍ വിസമ്മതിച്ചിരുന്ന സാഹചര്യം പോലും ആ സമ്മേളനത്തിനിടയില്‍ ഉടലെടുത്തു. തങ്ങളുടെ കുടിയേറ്റത്തിന് തടയിടരുതെന്ന് ജൂതരും, കുടിയേറ്റം മുഴുവനായും അവസാനിപ്പിക്കണമെന്ന് അറബ് പ്രതിനിധികളും ശക്തമായി വാദിച്ചു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഏകദേശം അഞ്ച് ആഴ്ചയോളം നീണ്ടുനിന്ന ചര്‍ച്ചകളുടെ ഒടുവില്‍ പക്ഷെ കാര്യമായ ഒത്തുതീര്‍പ്പുകളിലേക്കൊന്നും ഇരുകൂട്ടരും എത്തിച്ചേര്‍ന്നില്ല.

ബ്രിട്ടന്റെ പരാജയപ്പെട്ട നയതന്ത്രം

1939 മാര്‍ച്ച് മാസത്തില്‍ Neville Chamberlain ന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ധവളപത്രം (White Paper) പുറത്തിറക്കി. അറബ് ജനതയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പോളിസി പേപ്പര്‍ ആയിരുന്നു അത്. ബാല്‍ഫര്‍ ഡിക്ലറേഷന്‍ പ്രകാരമുള്ള ജൂതരാഷ്ട്രത്തിന്റെ സ്ഥാപനത്തിന് ആവശ്യമുള്ള അത്രയും ജൂതര്‍ നിലവില്‍ ഫലസ്തീനിലേക്ക് കുടിയേറിക്കഴിഞ്ഞത്തിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 75,000 പേരില്‍ കൂടുതല്‍ ജൂതര്‍ അങ്ങോട്ട് കുടിയേറാന്‍ പാടില്ല എന്നത് ധവളപത്രത്തി ലെ ഒരു പ്രധാന വ്യവസ്ഥയായിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പില്‍ ഉണ്ടാവാനിരുന്ന സംഭവങ്ങള്‍ ഈ വ്യവസ്ഥകള്‍ അപ്പാടെ കാറ്റില്‍പറത്താന്‍ പോന്നവയായിരുന്നുവെന്ന് അവിടെ കൂടിയിരുന്നവരാരും അന്ന് അറിഞ്ഞിരുന്നില്ല. അറബ് പ്രതിനിധികള്‍ക്കും ജൂതര്‍ക്കും ഈ വ്യവസ്ഥകള്‍ സ്വീകാര്യമല്ലായിരുന്നു. അറബികളെ സംബന്ധിച്ച്, ജൂതരുടെ കുടിയേറ്റം മുഴുവനായും നിര്‍ത്തലാക്കണമെന്നതായിരുന്നു ആവശ്യം. തങ്ങളുടെ കുടിയേറ്റം തടയുന്ന ഈ നടപടിയോട് ജൂതര്‍ക്കും തീരെ യോജിപ്പില്ലായിരുന്നു. അവര്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ സമരങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.

അമേരിക്കന്‍ നിസ്സംഗത

1939 മെയ് 13 ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് സെന്റ്‌ലൂയിസ് എന്ന് പേരുള്ള ഒരു കപ്പല്‍ 937 യാത്രികരെയും കൊണ്ട് ക്യൂബയിലേക്ക് യാത്രതിരിച്ചു. ജര്‍മ്മനിയിലെ നാസികളില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഒരുകൂട്ടം ജൂതരായിരുന്നു ആ കപ്പലിലെ സഞ്ചാരികള്‍. പക്ഷെ ക്യൂബയിലെ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിച്ചപോലെയായിരുന്നില്ല. വലതുപക്ഷ ആഭിമുഖ്യമുള്ള പത്രങ്ങള്‍, ജൂതരെ ക്യൂബയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഗവണ്മെന്റിനോട് ശക്തമായി വാദിച്ചു. തങ്ങളെ ബാധിച്ച സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കഷ്ടിച്ച് കരകയറിക്കൊണ്ടിരുന്ന ക്യൂബന്‍ ജനതക്ക് അഭയാര്‍ഥികള്‍ ഒരു വലിയ ബാധ്യതയാകുമെന്ന് എല്ലാവരും കരുതി.

ഒടുവില്‍ ഹവാനയുടെ തീരത്തേക്ക് സെന്റ് ലൂയിസ് വന്നടുത്തപ്പോള്‍ വെറും 28 യാത്രികര്‍ക്ക് മാത്രമേ ക്യൂബന്‍ ഗവണ്മെന്റ് തങ്ങളുടെ രാജ്യത്ത് പ്രവേശനം അനുവദിച്ചുള്ളൂ. ബാക്കിയുള്ള ഒരാളെപ്പോലും അവര്‍ തങ്ങളുടെ മണ്ണില്‍ കാലുകുത്താന്‍ സമ്മതിച്ചില്ല. പല അമേരിക്കന്‍ പത്രങ്ങളും ഈ യാത്രികരുടെ ദുരവസ്ഥയെക്കുറിച്ച് അനുഭാവപൂര്‍വ്വം ലേഖനങ്ങള്‍ എഴുതിയെങ്കിലും അവരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ക്യൂബയില്‍ നിന്നും അമേരിക്ക ലക്ഷ്യമാക്കി യാത്രതിരിച്ച അവര്‍ അഭയം ചോദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളില്‍ റൂസ്‌വെല്‍റ്റിന് സന്ദേശങ്ങള്‍ അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

എല്ലാവരാലും കയ്യൊഴിയപ്പെട്ട ആ ജൂത അഭയാര്‍ഥികള്‍, ഒടുവില്‍, ജൂണ്‍ 6ന് യൂറോപ്പിലേക്ക് മടക്കയാത്രയാരംഭിച്ചു. പക്ഷെ തങ്ങളുടെ ഇരുളടഞ്ഞ ഭാവിയെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് ജര്‍മ്മനിയിലേക്ക് തിരികെ വന്നിറങ്ങാന്‍ അവര്‍ തയ്യാറായിരുന്നില്ല. പല ജൂത സംഘടനകളുടെയും പരിശ്രമഫലമായി, നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിട്ടണിലും, നെതര്‍ലാന്‍ഡിലും, ബെല്‍ജിയത്തിലും, ഫ്രാന്‍സിലുമെല്ലാമായി അവര്‍ അഭയംപ്രാപിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം

1939 സെപ്റ്റംബര്‍ 1 ന് ജര്‍മ്മന്‍ സൈന്യത്തിന്റെ പോളണ്ടിലേക്കുള്ള കടന്നുകയറ്റം ലോകചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായത്തിന്റെ ആരംഭമായിരുന്നു. ഈ അധിനിവേശത്തേക്കുറിച്ച് അറിഞ്ഞ ബ്രിട്ടണ്‍ അവരോട് ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാന്‍ ജര്‍മ്മനി ഒരുക്കമായിരുന്നില്ല. അതോടെ ബ്രിട്ടണും, ഫ്രാന്‍സും ജര്‍മ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. അങ്ങനെ 1939 സെപ്റ്റംബര്‍ 3 ന് രണ്ടാം ലോക മഹായുദ്ധത്തിന് അവര്‍ തുടക്കം കുറിച്ചു. പിന്നീട് 1940 മെയ് 20 ന് നാസികള്‍ Heinrich Himmler ന്റെ ഉത്തരവിന്മേല്‍ പോളണ്ടില്‍ Auschwitz എന്ന കുപ്രസിദ്ധ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് സ്ഥാപിച്ചു. അവിടുത്തെ ആദ്യ അന്തേവാസികള്‍ പോളണ്ടിലെ രാഷ്ട്രീയ തടവുകാരായിരുന്നു. 1940 ജൂണ്‍ 14 ന് അവിടേക്കെത്തിച്ച അവരെ പ്രധാനമായും അടിമവേലകള്‍ക്കായാണ് ഉപയോഗിച്ചത്.

ജൂതരെ അവിടേക്ക് കൊണ്ടുവരാന്‍ തുടങ്ങിയിരുന്നില്ല എന്നതിനാല്‍ അവരില്‍ ഭൂരിഭാഗവും നാസി ഭരണകൂടത്തിന്റെ എതിരാളികളായി മുദ്രകുത്തപ്പെട്ട കത്തോലിക്കരായിരുന്നു. അന്ന് അവിടേക്ക് കൊണ്ടുവന്ന എല്ലാവരുടെയും കൈകളില്‍ കുറ്റവാളികള്‍ക്ക് നല്‍കുംപോലെയുള്ള നമ്പറുകള്‍ മുദ്രകുത്തിയിരുന്നു. പോളണ്ടിലെ ജൂതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി, അറവുമാടുകളെപ്പോലെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കിയുകയായിരുന്നെങ്കിലും അവരില്‍ ചിലര്‍ക്കെങ്കിലും വരാനിരുന്ന അപകടത്തിന്റെ സൂചനകള്‍ ആ അന്തരീക്ഷത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

Haganah യുടെ അട്ടിമറി

1940 ഒക്ടോബറില്‍ റൊമാനിയയില്‍ നിന്നും ആയിരത്തി അഞ്ഞൂറിലേറെ ജൂത അഭയാര്‍ത്ഥികളുമായി രണ്ട് കപ്പലുകള്‍ ഫലസ്തീനിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ പലസ്തീന്‍കാര്‍ക്ക് ജൂത കുടിയേറ്റം നിയന്ത്രിക്കും എന്ന് വാക്ക് നല്‍കിയിരുന്നതിനാല്‍ ഈ കപ്പലുകള്‍ അവര്‍ Haifa തുറമുഖത്ത് വച്ച് തടഞ്ഞു. ശേഷം അവര്‍ ജൂതരെ Patria എന്ന് പേരുള്ള മറ്റൊരു കപ്പലിലേക്ക് മാറ്റിയശേഷം Mauritius ലേക്ക് നാടുകടത്തി. ഇതിന് പിന്നാലെ നവംബര്‍ 1 ന് Haifa യില്‍ വന്നടുത്ത മറ്റൊരു കപ്പലിലെ അഭയാര്‍ത്ഥികളെയും സമാനമായ രീതിയില്‍ നാടുകടത്താനുള്ള നീക്കത്തിന് പക്ഷെ വിപരീത ഫലമാണ് ഉണ്ടായത്. ജൂതരുടെ Extremist അര്‍ദ്ധസൈന്യ സംഘടനയായ Haganah സേനാംഗങ്ങള്‍ ആ നാടുകടത്തല്‍ തടയാനായി കപ്പലില്‍ ബോംബ് വക്കാന്‍ പദ്ധതിയിട്ടു. Jewish Agency യിലെ പ്രധാനിയും, ഭാവിയിലെ ഇസ്രായേലിന്റെ രണ്ടാം പ്രധാനമന്ത്രിയുമായ Moshe Sharett ആയിരുന്നു ആ ഓപ്പറേഷന്റെ ചുമതല വഹിച്ചത്.

നവംബര്‍ 22 ലെ ആദ്യ ശ്രമം പാളിയെങ്കിലും 24 ന് നടത്തിയ രണ്ടാം ശ്രമം വിജയം കണ്ടു. കപ്പലിനെ യാത്ര ചെയ്യാന്‍ പറ്റാത്ത വിധം തകരാറിലാക്കുകയായിരുന്നു അവരുടെ ഉദ്ദേശമെങ്കിലും ബോംബ് സ്‌ഫോടനത്തിന്റെ ഫലമായി പക്ഷെ Patria എന്ന ആ കപ്പല്‍ മുങ്ങുകയും ഇരുന്നൂറോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. സ്‌ഫോടനത്തെ അതിജീവിച്ച ജൂതരെ പലസ്തീനിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റുകയും പിന്നീട് ഒരുപാട് ചര്‍ച്ചകളുടെ ഫലമായി അവര്‍ക്ക് ഫലസ്തീനില്‍ താമസിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.

വാര്‍സ ഗെറ്റോ എന്ന തടവറ

പോളണ്ടിലെ വാര്‍സയില്‍ ആയിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ ജൂത സമൂഹം താമസിച്ചിരുന്നത്. 1939 സെപ്റ്റംബര്‍ 1 ന് പോളണ്ടിലേക്കുള്ള കടന്നുകയറ്റത്തോടെ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധത്തിന്റെ അലകള്‍ ആദ്യം പ്രതിഫലിച്ചത് വാഴ്‌സയിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ജൂതര്‍ക്കിടയില്‍, ആയിരുന്നു. സെപ്റ്റംബര്‍ 29 ന് ജര്‍മ്മന്‍ സൈന്യം വാഴസയിലേക്ക് പ്രവേശിച്ചു. അവിടെ അവര്‍ ആദ്യം ചെയ്തത് ജൂത സമൂഹത്തെ കൈകാര്യംചെയ്യാനായി ഒരു ജ്യൂയിഷ് കൗണ്‍സില്‍ രൂപീകരിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായി ജൂതരെ വേര്‍തിരിച്ചറിയുന്നതിനായി ഡേവിഡിന്റെ നക്ഷത്രചിഹ്നം (Star of David) കയ്യില്‍ ധരിക്കണം എന്ന നിയമം കൊണ്ടുവന്നു.

ജൂതരുടെ സ്‌കൂളുകള്‍ പൂട്ടുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഒക്ടോബര്‍ 12 ന് വാഴ്‌സയില്‍ ജൂതര്‍ക്കായൊരു ഗെറ്റോ സ്ഥാപ്പിക്കാനുള്ള ഉത്തരവിറക്കി. ആ ഉത്തരവിന്‍ പ്രകാരം നിലവില്‍ അവിടുത്തെ താമസക്കാരായ ജൂതരെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പ്രദേശത്തേക്ക് താമസം മാറ്റണമായിരുന്നു. വളരെ പരിമിതമായ സ്ഥലങ്ങളില്‍ തിങ്ങിപ്പാര്‍ക്കാന്‍ വിധിക്കപ്പെട്ട അവര്‍ക്ക് അന്നേവരെ ലഭിച്ചിരുന്ന പല സൗകര്യങ്ങളും മെല്ലെ മെല്ലെ ആഡംബരമായി മാറാന്‍ തുടങ്ങിയിരുന്നു. 1940 നവംബര്‍ 15 ന് ഗേറ്റോയുടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച്, മൂന്നര ലക്ഷത്തോളം വരുന്ന ജൂതരെ ഒറ്റപ്പെടുത്താന്‍ ജര്‍മ്മന്‍ അധികാരികള്‍ ഉത്തരവിട്ടു. അതിനായി ഗേറ്റോക്ക്ക്ക് ചുറ്റും അവര്‍ വലിയൊരു മതിലുകെട്ടി അതിന് മുകളില്‍ മുള്ളുകമ്പികള്‍ സ്ഥാപിച്ചു. ഭക്ഷണദൗര്‍ലഭ്യമായിരുന്നു ഇവിടുത്തെ ജൂതരെ കുഴക്കിയ പ്രധാന സംഗതി. അതിന്റെ ഫലമായി 1940 നും 1942 നും ഇടയില്‍ 83,000 നടുത്ത് ജൂതര്‍ പട്ടിണി മൂലം മരണമടഞ്ഞു.

വംശശുദ്ധിക്കായി ‘ദയാവധ’പരമ്പര

1939 ലെ പോളണ്ടിലേക്കുള്ള അധിനിവേശത്തിന്റെ മറ്റൊരു ഇരയായിരുന്നു Kraków എന്ന നഗരം. വാഴ്‌സ നഗരത്തിലേതുപോലെ കാലങ്ങളായി വലിയതോതില്‍ ജൂത സമൂഹം താസിച്ചിരുന്ന മറ്റൊരു ഇടമായിരുന്നു Kraków. 1939 ആയപ്പോഴേക്കും ഏകദേശം 70,000 ജൂതര്‍ അവിടെ ജീവിച്ചിരുന്നു. മറ്റ് പല ഇടങ്ങളിലെയും പോലെ ഇവിടെയും ജൂതര്‍ നിര്‍ബന്ധിത തൊഴിലിന് ഹാജരാകാന്‍ ജര്‍മ്മന്‍ അധികാരികള്‍ ഉത്തരവിട്ടു. അതിന്റെ തുടര്‍ച്ചയായി 1941 മാര്‍ച്ച് 3 ന് Kraków Ghetto സ്ഥാപിക്കപ്പെട്ടു. അതോടെ Kraków ലെയും മറ്റുപല പട്ടണങ്ങളിലെയും ജൂതന്മാരെയെല്ലാം ഈ ഗെറ്റോയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു. ഈ താമസസ്ഥലത്തിന് ചുറ്റും ഇരുമ്പുകമ്പികള്‍ കൊണ്ട് വേലിക്കെട്ടുകള്‍ പണികഴിച്ചു. തുടര്‍ന്ന് 1941 ജൂണ്‍ മാസത്തില്‍ SS (Schutzstaffel) ന്റെ നേതൃത്വത്തില്‍ രണ്ട് നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകള്‍, ഒന്ന് സ്ത്രീകള്‍ക്കും മറ്റൊന്ന് പുരുഷന്‍മാര്‍ക്കുമായി, സ്ഥാപിക്കപ്പെട്ടു.

സമാനമായ രീതിയില്‍ ജൂതരെക്കൊണ്ട് ജോലിയെടുപ്പിക്കപ്പെട്ട ഫാക്ടറികളില്‍ ഒന്നായിരുന്നു നാസി പാര്‍ട്ടി അംഗവും, വ്യവസായിയുമായ ഓസ്‌ക്കാര്‍ ഷിന്‍ഡ്‌ലറിന്റെ Enamelware ഫാക്ടറി. അതോടൊപ്പം തന്നെ മറ്റൊരു ഭാഗത്ത് ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, സ്ഥലത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉത്തരവ് നല്‍കി. അങ്ങനെ ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളെ ഡ്രഗ് ഓവര്‍ഡോസ് വഴിയോ പട്ടിണിക്കിട്ടോ കൊല്ലുന്ന ഒരു രീതിയും നാസികള്‍ നടപ്പാക്കി. ശാരീരികവും മാനസികവുമായി പരിപൂര്‍ണ്ണതയുള്ള ഒരു സൂപ്പര്‍ ആര്യന്‍
റേസ് എന്ന ഉട്ടോപ്യന്‍ ആശയം നടപ്പാക്കാന്‍ വേണ്ടി ചെയ്ത ഈ ക്രൂരതയുടെ ഫലമായി പതിനായിരത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. സമീപഭാവിയില്‍ ജൂതരെ കാത്തിരുന്ന വിധിയും സമാനമായിരുന്നു. ഗേറ്റോകള്‍ അതിന്റെ ആരംഭം മാത്രമായിരുന്നു.

നാസികളുടെ സ്വന്തം ഗ്രാന്‍ഡ് മുഫ്ത്തി

അതേസമയം, പലസ്തീനിലെ അറബ് കലാപത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് പട്ടാളത്തെ ഭയന്ന് നാടുവിട്ട, ജെറുസലേമിലെ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന Haj Amin Al-Husseini, രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭ സമയത്ത് ലേബനോനില്‍ നിന്ന് ബാഗ്ദാദിലേക്ക് കടന്നു. അവിടെയിരുന്നുകൊണ്ട് അദ്ദേഹം ബ്രിട്ടനെതിരെയുള്ള കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒന്നാം ലോക മഹായുദ്ധത്തിന് പിന്നാലെ ബ്രിട്ടീഷ് ഭരണത്തി ന് കീഴിലായിരുന്ന ഇറാഖില്‍ ല്‍ 1941 ല്‍ നടന്ന Anglo-Iraqi യുദ്ധസമയത്ത് Haj Amin Al-Husseini ബ്രിട്ടനെതിരെ ഒരു വിശുദ്ധ യുദ്ധത്തിനായി അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

പക്ഷെ യുദ്ധത്തില്‍ ഇറാഖ് പരാജയപ്പെട്ടതോടെ Al-Husseini ക്ക് അവിടെനിന്നും പാലായനം ചെയ്യേണ്ടിവന്നു. ആ യാത്ര അവസാനിച്ചത് 1941 ഒക്ടോബര്‍ 27 ന് ഇറ്റലിയി ലെ ഫാസിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിയുടെ മുന്‍പിലായിരുന്നു. അവിടെയെത്തിയ അല്‍ ഹുസൈനി, രണ്ടാം ലോക മഹായുദ്ധത്തിലെ ആ ബ്രിട്ടീഷ് വിരുദ്ധ പക്ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം തയ്യാറാക്കിയ കരട് പ്രഖ്യാപനത്തിന്റെ കോപ്പി ഇറ്റലിയിലെ വിദേശമന്ത്രാലയം നേരെ റോമിലെ ജര്‍മ്മന്‍ എംബസിയിലേക്ക് അയച്ചു. 1941 നവംബര്‍ 6 ന് ജര്‍മ്മന്‍ അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തുവാനായി അദ്ദേഹം ബെര്‍ലിനില്‍ വന്നിറങ്ങി.

തന്നേ നേരില്‍ കാണുക എന്ന അല്‍ ഹുസൈനിയുടെ ആവശ്യത്തോട് പക്ഷെ ഹിറ്റ്‌ലര്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. എങ്കിലും, അല്‍ ഹുസൈനിയുമായുള്ള അടുപ്പം മിഡില്‍ ഈസ്റ്റിലെ അറബ് ജനതയുടെ പിന്തുണ ലഭിക്കാന്‍ സഹായകമാകും എന്ന തന്റെ ഉപദേശക സമിതിയുടെ അഭിപ്രായം ഹിറ്റ്‌ലറെ ആ കൂടിക്കാഴ്ച്ചയുമായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചു. അങ്ങനെ 1941 നവംബര്‍ 28 ന് ഹിറ്റ്‌ലറും ഹുസൈനി യും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച്ച നടന്നു. അതേത്തുടര്‍ന്ന് ഹിറ്റ്‌ലറുടെ പ്രധാന അനുയായിയായ ഹിംലറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വളരെ കുപ്രസിദ്ധിയാര്‍ജിച്ച ഒന്നായിരുന്നു. യുദ്ധം അവസാനിക്കും വരെ നാസികളുമായുള്ള ഈ ബന്ധം അല്‍ ഹുസൈനി തുടര്‍ന്നു.

Chelmnoയിലെ ഗ്യാസ് ചേമ്പര്‍:

അതേസമയം 1941 ഡിസംബര്‍ 8 ന് പോളണ്ടിലെ Chelmno എന്ന ഗ്രാമത്തില്‍ നിര്‍ണായകമായ ചില സംഭവങ്ങള്‍ക്കുള്ള അരങ്ങൊരുങ്ങുകയായിരുന്നു . SS ന്റെ നേതൃത്വത്തില്‍ ജൂതരെ ഉന്മൂലനം ചെയ്യാനായി Chelmno യില്‍ ഒരു കില്ലിങ്ങ് സെന്റര്‍ നിര്‍മ്മിക്കപ്പെട്ടു. ജൂതരെ കൂട്ടക്കൊലചെയ്യാനായി ആദ്യമായി വിഷവാതകം ഉപയോഗിക്കപ്പെട്ടത് അവിടെയായിരുന്നു. ഗ്രാമവും, അവിടെയുള്ള ഒരു ഒഴിഞ്ഞ എസ്റ്റേറ്റും, തൊട്ടടുത്തുള്ള കാടുമായിരുന്നു ക്യാമ്പിന്റെ പ്രധാന ഭാഗങ്ങള്‍. ഡിസംബര്‍ 8 ന് ആയിരുന്നു കൊലപാതക പരമ്പരയുടെ ആരംഭം. ആദ്യനാളുകളില്‍ പരിസരപ്രദേശത്തുനിന്നുമുള്ള ജൂതന്മാരെ ട്രക്കുകളില്‍ അവിടേക്കെത്തിച്ചുകൊണ്ടിരുന്നു.

അവിടേക്ക് വന്നിറങ്ങിയ ആളുകളെ സ്വീകരിച്ചത് വെള്ള കോട്ട് ധരിച്ച്, ഡോക്ടര്‍മാര്‍ എന്ന വ്യാജേന അവിടെയുണ്ടായിരുന്ന SS ഉദ്യോഗസ്ഥര്‍ ആയിരുന്നു. അവരെ ലേബര്‍ ക്യാമ്പിലേക്ക് അയക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും അതിന് മുന്നോടിയായി അവരെ അണുവിമുക്തരാക്കണമെന്നും (Disinfected) ആ ഉദ്യോഗസ്ഥര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ജൂതരെ നിരനിരയായി അകത്തേക്ക് നടത്തിച്ചുകൊണ്ടുപോയി, അവരുടെ വസ്ത്രങ്ങളും, വിലപിടിപ്പുള്ള വസ്തുവകകളും വാങ്ങി വച്ചു. അങ്ങനെ, നഗ്‌നരാക്കിമാറ്റിയ തടവുകാരെ അവര്‍ അവിടെയുള്ള ഒരു നിലവറയിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഒരു ട്രക്കിന്റെ ഉള്ളിലേക്ക് കയറ്റിയശേഷം അതിന്റെ വാതിലുകളെല്ലാം അടച്ചുപൂട്ടി.

അതേതുടര്‍ന്ന് വണ്ടിയുടെ ഉള്ളിലേക്ക് ഒരു പൈപ്പ് കടത്തുകയും പിന്നാലെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തതോടുകൂടി കാര്‍ബര്‍ മോണോക്‌സൈഡ് അതിനുള്ളിലേക്ക് വലിയതോതില്‍ പമ്പ് ചെയ്യപ്പെടുകയും അതിനുള്ളില്‍ അകപ്പെട്ടവരെല്ലാം വിഷവാതകം ശ്വസിച്ച് ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. മൃതദേഹങ്ങളെല്ലാം അവര്‍ ക്യാമ്പിന്റെ പരിസരത്തുള്ള കാട്ടില്‍ മുന്‍കൂട്ടി സജ്ജീകരിച്ച കുഴിമാടങ്ങളില്‍ കൊണ്ടുപോയി തള്ളി. കേവലം വംശീയതയുടെ പേരില്‍, മനുഷ്യജീവനുകള്‍ക്ക് കീടങ്ങളുടെ വിലപോലും നല്‍കാതെ നിസ്സാരമായി കൊന്നുതള്ളാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് നാസികള്‍ ആദ്യമായി അവിടെവച്ച് തെളിയിച്ചു.

ഫൈനല്‍ സൊല്യൂഷന്‍:

ജൂതരെ തടവുകാരായി ഗേറ്റോകളില്‍ അടക്കുകയും, കഠിനമായി ജോലിയെടുപ്പിച്ച് കൊല്ലാക്കൊല ചെയ്യുകയുമെല്ലാം തുടര്‍ന്നുകൊണ്ടിരുന്നപ്പോഴും അവരെ ഇല്ലാതാക്കാനുള്ള ഒരു ഏകീകൃത പദ്ധതി ഹിറ്റ്‌ലറും അനുയായികളും കൃത്യമായി രൂപപ്പെടുത്തിയിരുന്നില്ല. അങ്ങനെയിരിക്കെ 1942 ജനുവരി 20 ന് ഹിറ്റ്‌ലറുടെ വിശ്വസ്ത അനുയായികളില്‍ ഒരാളും, Reich Security Main Office (RSHA) എന്ന നാസി സംഘടനയുടെ തലവനുമായിരുന്ന Reinhard Heydrich പ്രധാന നാസി ഉദ്യോഗസ്ഥരെയെല്ലാം ഒരു യോഗത്തിനായി Berlin se Wannsee എന്ന ഗ്രാമത്തിലെ ഒരു വസതിയിലേക്ക് ക്ഷണിച്ചുവരുത്തി. ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം ‘ജൂതരുടെ പ്രശ്‌നത്തിന്’ ഒരു അന്തിമപരിഹാരം (Final Solution of the Jewish Question) കണ്ടെത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

പതിനഞ്ച് പേര്‍ പങ്കെടുത്ത ആ ചര്‍ച്ചയില്‍ വച്ച്, യൂറോപ്പിലെ ജൂതരെ ആകമാനം കൊന്നൊടുക്കാനായി ഹിറ്റ്‌ലര്‍ SS നെയും തന്റെ നേതൃത്വത്തിലുള്ള RSHA യും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് Heydrich വ്യക്തമാക്കി. ജൂതരെ ഒന്നാകെ നാടുകടത്തുക എന്നത് പ്രായോഗികമല്ലെന്നും, അത്തരം നടപടികള്‍ Heinrich Himmler 1941 ല്‍ തന്നെ നിരോധിച്ചതാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതുകൊണ്ടുതന്നെ ജൂതരെ ഒന്നടങ്കം കൂട്ടക്കൊലചെയ്യുക മാത്രമാണ് ഒരു ശാശ്വത പരിഹാരം എന്ന് Heydrich വ്യക്തമാക്കി. അയാളുടെ കണക്കുപ്രകാരം യൂറോപ്പിലെ 11 മില്യണ്‍ ജൂതര്‍ ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യാ പദ്ധതിയായ ഫൈനല്‍ സൊല്യൂഷന്റെ ഇരകളാകാന്‍ അര്‍ഹതപ്പെട്ടവരായിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തിന്റെ അവസാനത്തോടെ നിരപരാധികളായ ലക്ഷക്കണക്കിന് ജൂതരുടെ അന്തിമവിധി നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു.

References:
Al-Nakba (Al-Jazeera Documentary)
The Nazi Collaborators – The Grand Mufti (Documentary)
United States Holocaust Memorial Museum : https://www.ushmm.org/learn/timeline-of-events/1939-1941
Coordinating the Destruction of an Entire People : The Wannsee Conference : https://www.nationalww2museum.org/war/articles/wannsee-conference-1942


Leave a Reply

Your email address will not be published. Required fields are marked *