ഒരുപക്ഷേ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവി പാമ്പ് ആയിരിക്കും. നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും പോലും പാമ്പ് ഒരു വില്ലനായിരുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നു മനുഷ്യനെ പുറത്താക്കിയ, പരീക്ഷിത്തിനെ ദംശിച്ചുകൊന്ന ഭീകരന്‍. ജീവനെടുക്കാന്‍ കെല്‍പ്പുള്ള സര്‍പ്പത്തിനെ നമ്മുടെ നാട്ടില്‍ ഭയത്തോടെ ആരാധിക്കുകയും ചെയ്തുപോന്നു. പാമ്പുകടിയേറ്റുള്ള മരണത്തിന്റെ അനിശ്ചിതാവസ്ഥയെ മാനസികമായി നേരിടാന്‍ വിഷഹാരികളും മന്ത്രങ്ങളും മറ്റുമുണ്ടായി. എന്നാല്‍ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവി മാത്രമാണ് പാമ്പ്. പാമ്പിനെ കുറിച്ചുള്ള സമഗ്ര വിവരങ്ങളും ചികില്‍സയുമെല്ലാം ഇപ്പോള്‍ ‘സ്‌നേക്പീഡിയ’ എന്ന ഈ ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ ലഭിക്കുന്നു. ജനകീയാരോഗ്യ പ്രസ്ഥാനമായ ഇന്‍ഫോക്ലിനിക്കിന്റെ നേതൃത്വത്തിലാണ് പുതിയ ആപ്പ് പുറത്തറക്കിയിരിക്കുന്നത്. |
സ്‌നേക്പീഡിയ – സര്‍പ്പത്തെക്കുറിച്ച് സര്‍വതും!
ഇന്‍ഫോക്ലിനിക്ക് ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ മലയാളത്തില്‍ പ്രദാനം ചെയ്യുന്ന ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതു സമക്ഷം എത്തുകയാണ്. ഒരു കൂട്ടം സുമനസ്സുകളുടെ പ്രയത്‌നഫലമായിട്ട് പുറത്തിറങ്ങുന്ന ‘സ്‌നേക്പീഡിയ’ എന്ന ഈ ആന്‍ഡ്രോയ്ഡ് ആപ്പിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഈ സംരംഭത്തില്‍ ഇന്‍ഫോ ക്ലിനിക്ക് അംഗങ്ങള്‍ കൂടി ഭാഗഭാക്കായിരുന്നു എന്ന് ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു കൊള്ളട്ടെ.
കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ അധിവസിക്കുന്ന ജീവികളാണ് പാമ്പുകള്‍. ഒരുപക്ഷേ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവിയും ഇതുതന്നെയായിരിക്കും. നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും പോലും പാമ്പ് ഒരു വില്ലനായിരുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നു മനുഷ്യനെ പുറത്താക്കിയ, പരീക്ഷിത്തിനെ ദംശിച്ചുകൊന്ന ഭീകരന്‍. ജീവനെടുക്കാന്‍ കെല്‍പ്പുള്ള സര്‍പ്പത്തിനെ നമ്മുടെ നാട്ടില്‍ ഭയത്തോടെ ആരാധിക്കുകയും ചെയ്തുപോന്നു. പാമ്പുകടിയേറ്റുള്ള മരണത്തിന്റെ അനിശ്ചിതാവസ്ഥയെ മാനസികമായി നേരിടാന്‍ വിഷഹാരികളും മന്ത്രങ്ങളും മറ്റുമുണ്ടായി.
എന്നാല്‍ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവി മാത്രമാണ് പാമ്പ്. അവയില്‍ത്തന്നെ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. പാമ്പുവിഷബാധയ്ക്ക് ചികിത്സയുമുണ്ട്. ഈ നേട്ടങ്ങളെല്ലാം നമുക്കു കിട്ടിയത് പാമ്പുകളെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനങ്ങളില്‍ നിന്നാണ്. പാമ്പുകളെപ്പറ്റിയുള്ള ശാസ്ത്രീയമായ വിജ്ഞാനം നേടുക എന്നത് ഏറെ പ്രധാനമാണ്. പലപ്പോഴും ഈ അറിവിന് ജീവന്റെ വിലതന്നെയുണ്ടാകും.
l. എന്തു കൊണ്ട് സ്‌നേക്പീഡിയ എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ?
കേരളത്തിലുള്ള വിവിധതരം പാമ്പുകളേയും, അവയെ കാണാന്‍ സാദ്ധ്യതയുള്ള ചുറ്റുപാടുകളേയും, അവയുടെ സ്വഭാവത്തേയുമൊക്കെ അറിയാന്‍ നമ്മളെ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെ,
വിജ്ഞാനം ഏവര്‍ക്കും വിരല്‍ത്തുമ്പരികെ എത്തിക്കുക എന്ന ഉദ്ദേശമാണ് ലക്ഷ്യത്തിലെത്തുന്നത്. സ്‌നേക്പീഡിയ എന്ന ഈ ആപ്പ് പാമ്പുകളെ സംബന്ധിച്ച സമഗ്ര ശാസ്ത്രീയ വിജ്ഞാനം സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ മുഖേന ഏവര്‍ക്കും എളുപ്പം പ്രാപ്യമാക്കുന്നു.
കേരളത്തിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ പാമ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാനായി അവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇന്‍ഫോക്ലിനിക്കിന്റെയും പാമ്പുകളില്‍ ഗവേഷണം നടത്തുന്നവരുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയില്‍ കൊണ്ടു വരുന്ന ശീലം നമുക്കിടയിലുണ്ട്. അത്യാവശ്യമുള്ള കാര്യമല്ല എങ്കില്‍ പോലും, കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍, ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് അതൊരു ഉപകാരമാണ്. പാമ്പുകളെ തിരിച്ചറിയുക എന്നതിലുപരി അക്കാദമിക തലത്തിലുള്ള പല ചര്‍ച്ചകളും പ്രസ്തുത ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തില്‍ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന് ഫലമാണ് Snakepedia എന്ന ഈ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍. ഈ ആപ്പില്‍ ഒരു കൂട്ടം ശാസ്ത്രകുതുകികളോടും പ്രകൃതിസ്‌നേഹികളോടുമൊപ്പം ഇന്‍ഫോ ക്ലിനിക് കൂടി പങ്കാളികളാവുകയാണ്.
ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതില്‍ മുന്നൂറിലധികം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. കൈകാലുകളില്ലാത്ത, കുഴല്‍ പോലെ നീണ്ട, ശല്‍ക്കാവൃതമായ ശരീരമുള്ള പാമ്പുകള്‍ കൈകാലുകളുള്ള പല്ലിവര്‍ഗ്ഗ ജീവികള്‍ക്ക് പരിണാമം സംഭവിച്ച് രൂപപ്പെട്ടുവന്ന ഒരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. ആ ജീവിവര്‍ഗ്ഗത്തെ വിശദമായും കഴിയുന്നത്ര കൃത്യമായും പരിചയപ്പെടുത്തുകയാണ് സ്‌നേക്പീഡിയ. കൂടെ പാമ്പുകളെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അവസാനമുണ്ടാക്കാന്‍ ശ്രമിക്കുകയും.
II. സ്‌നേക്പീഡിയ എന്ന ആപ്പ് പ്രദാനം ചെയ്യുന്ന വിവിധങ്ങളായ അറിവുകളും സംവിധാനങ്ങളും എന്തൊക്കെ?
പാമ്പുകളെ സംബന്ധിച്ച സാധാരണ മൊബൈല്‍ ആപ്ലിക്കേഷനുകളില്ലാത്ത പല പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് ചുരുക്കി പറയാം.
A. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ –
വിവിധ തരം പാമ്പുകളെ സംബന്ധിച്ച പ്രത്യേകതകള്‍, ഇവയെ പരസ്പരം തിരിച്ചറിയാന്‍ ഉതകുന്ന വിവരങ്ങള്‍, പാമ്പു കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ, പാമ്പുകടിച്ചാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും , പാമ്പ് കടിയുടെ ചികിത്സ, പാമ്പു വിഷബാധ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ആധികാരിക ശാസ്ത്രീയ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവും വിധം ഈ ആപ്പില്‍ അടക്കം ചെയ്തിരിക്കുന്നു.
ശബ്ദരേഖകള്‍ (Podcast) വിവരങ്ങള്‍ കുറിപ്പുകളായി വായിക്കാം എന്ന് മാത്രമല്ല, വിവരണങ്ങള്‍ ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്ത് കേള്‍ക്കുകയും ചെയ്യാം.
B. പാമ്പ് രക്ഷകരുടെ (Snake Rescuers) വിവരങ്ങള്‍:
ചുറ്റുപാടുകളില്‍ പാമ്പുകളുടെ സാന്നിദ്ധ്യം അറിഞ്ഞാല്‍, അവയെ തേടി കണ്ടെത്തി സുരക്ഷിതമായി നീക്കം ചെയ്യാന്‍ പരിശീലനം നേടിയവരുടെ വിവരങ്ങള്‍ (ജില്ലാ അടിസ്ഥാനത്തില്‍ തരം തിരിച്ച്) .
C. പാമ്പു കടിയ്ക്കുള്ള ശാസ്ത്രീയ ചികിത്സ ലഭ്യമാവുന്ന ചികിത്സാ കേന്ദ്രങ്ങളുടെ ലിസ്റ്റ്.
ആൻഡ്രോയ്ഡ് പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം
III. സ്‌നേക്ക്പീഡിയ ആപ്പ് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സൗകര്യങ്ങള്‍ ഏങ്ങനെ ഉപയോഗയുക്തമാക്കാം ?
a . തിരയാന്‍ (Search)
പാമ്പുകളെ അവയുടെ ഇംഗ്‌ളീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യത്തെ അക്ഷരങ്ങള്‍ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ഓരോ ഇനം പാമ്പിനെയും സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന താളുകളില്‍ എത്തിച്ചേരാം. ഒരു പാമ്പില്‍ നിന്നും തൊട്ടടുത്തതിലേക്ക് പോകാന്‍ ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് സൈ്വപ്പ് ചെയ്താല്‍ മാത്രം മതിയാകും. വിവരണങ്ങളുടെ ഇംഗ്ലീഷ് – മലയാളം ശബ്ദ രേഖകളും ഇവിടെ കേള്‍ക്കാം.
i. അപകടകാരികളായ പാമ്പുകള്‍ (Dangerous)
നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന വിധത്തില്‍ വിഷവീര്യമുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്നു. ഈ ലിസ്റ്റ് ഇത്ര ചെറുതാണെന്നത് നിങ്ങളെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തും.
ii. അപകടകാരികളല്ലാത്ത പാമ്പുകള്‍ (Harmless)
മനുഷ്യര്‍ക്ക് അപകടകരമല്ലാത്ത പാമ്പുകളെ ഇവിടെ പരിചയപ്പെടാം. തീരെ വിഷമില്ലാത്തവര്‍ മുതല്‍, മനുഷ്യരുടെ ആരോഗ്യത്തിന് ഒരു തരത്തിലും ഭീഷണിയാവാത്ത വിധത്തില്‍, വളരെ നേരിയ തോതില്‍ മാത്രം വിഷമുള്ളവര്‍ വരെ ഈ കൂട്ടത്തിലുണ്ട്.
iii. അപരന്മാര്‍ (Lookalike)
ആകൃതി കൊണ്ടും അടയാളം കൊണ്ടുമൊക്കെ, വിഷമുള്ള പാമ്പുകളെ അനുകരിക്കുന്ന വിഷമില്ലാത്ത ധാരാളം പാമ്പുകള്‍ നമ്മുടെ നാട്ടിലുണ്ട്. വിഷപ്പാമ്പുകള്‍ ആണ് എന്ന തെറ്റിദ്ധാരണ മൂലം ഇവര്‍ കൊല്ലപ്പെടുന്നു. അവരുടെ ജീവരക്ഷയ്ക്ക് വേണ്ടിയാണ് ഈ അനുകരണങ്ങള്‍ എങ്കില്‍ പോലും ഇത് കാരണം നമ്മളിവയെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യും. നേരെ തിരിച്ച്, ഇവയെപ്പോലെ തോന്നിക്കുന്ന വിഷപ്പാമ്പുകള്‍ കടിച്ചാലും, കടിച്ചത് വിഷമില്ലാത്ത അപരനാണെന്നു കരുതി അറിയാതെ കുഴപ്പങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. ഇതുരണ്ടും നല്ലതല്ലാത്തത് കൊണ്ട് നമുക്കിവയെ കൃത്യമായി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെ പ്രത്യേകം ഒരു ഗ്രൂപ്പ് ആക്കുകയും അവയെ കൃത്യമായി തിരിച്ചറിയുന്നത് എങ്ങനെയാണെന്നുള്ള സചിത്രോദാഹരണങ്ങളും മറ്റുവിവരങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും നല്‍കിയിരിക്കുന്നു. കൂടുതല്‍ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
b. എളുപ്പത്തില്‍ തിരിച്ചറിയാന്‍ (ID Tips)
ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇന്‍ഫോഗ്രാഫിക്‌സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അമിത സാങ്കേതിക വര്‍ണ്ണനകളും, ശല്‍ക്ക വര്‍ണ്ണനകളും സാധിക്കുന്നടത്തോളം ഒഴിവാക്കി ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണിത്. കൂടുതല്‍ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
c. വിദഗ്ദ്ധരോട് ചോദിക്കാം (Ask expert)
നിങ്ങള്‍ കാണുന്ന പാമ്പിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ പാമ്പുകളെപ്പറ്റി വിശദമായി അറിയാവുന്ന വിദഗ്ദരോട് നേരിട്ടു ചോദിക്കാം. മൂന്ന് ഫോട്ടോകള്‍ വരെ അയക്കാനുള്ള സൗകര്യമുപയോഗിച്ച്, സുരക്ഷിതമായ അകലത്തില്‍ നിന്നു പാമ്പിനെ തിരിച്ചറിയാം. അയക്കുന്ന ചിത്രങ്ങള്‍ സ്‌നേക്പീഡിയ എക്‌സ്‌പേര്‍ട്ട് പാനല്‍ പരിശോധിക്കും. മൊബൈല്‍ ആപ്പിലെ ഈ മെനുവിലും നിങ്ങള്‍ തന്നിരിക്കുന്ന ഇമെയില്‍ അഡ്രസ്സിലും മറുപടി ലഭിക്കും.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക…
പാമ്പുകടിയേറ്റാല്‍ മറുപടിക്ക് കാത്തു നില്‍ക്കാതെ, എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയില്‍ തന്നെ ചികിത്സ തേടണം.
d. പ്രഥമശുശ്രൂഷ (First Aid)
പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതിരിക്കാം. കടിയേറ്റവര്‍ക്കുള്ള പ്രഥമശുശ്രൂഷ ഇവിടെ വിവരിക്കുന്നു. ഇന്‍ഫോ ക്ലിനിക് ടീമിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലേഖനം. പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങള്‍ നിങ്ങള്‍ക്കും പഠിക്കാം. നൂറ് ശതമാനം ഉറപ്പോടെ പ്രഥമ ശുശ്രൂഷ പരിശീലിക്കാം.
e. വിഷചികിത്സാസൗകര്യമുള്ള ആശുപത്രികള്‍ (Hospitals)
പ്രഥമശുശ്രൂഷ കഴിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട കാര്യം കടിയേറ്റ ആളിനെ, എത്രയും വേഗം ഏറ്റവും അടുത്ത ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളതാണ്. പ്രതിവിഷ (ASV) ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിള്‍ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ആശുപത്രിയിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിച്ചാല്‍ ഗുണകരമായിരിക്കും.
ഓരോ ജില്ലയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലിസ്റ്റ് ആണിത്. ഓരോ ജില്ലയുടെയും ലിസ്റ്റ് തയ്യാറാക്കിയ ഡോക്ടര്‍മാരുടെ പേരും ഇതിനൊപ്പം തന്നെ കാണാം.
f. വിഷചികിത്സ (Treatment)
ശാസ്ത്രീയമായ വിഷ ചികിത്സാരീതികളെ കുറിച്ചും അതിന്റെ ഒഴിവാക്കാനാവാത്ത ആവശ്യകതയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന, ശാസ്ത്രീയ ലേഖനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
g. ഇന്‍ഫോ (Info)
പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍, പാമ്പുകളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്നീ ലേഖനങ്ങള്‍ ഇവിടെ വായിക്കാം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠന – പാഠ്യേതര വിഷയങ്ങളില്‍ ഉപകാരപ്പെടുന്ന രീതിയില്‍ ലളിമായ ഭാഷയില്‍ വിവരിച്ചിരിക്കുന്ന ലേഖനങ്ങളാണ്.
h. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും (Myths & Hoaxes)
സയന്‍സ് ഇത്ര വളര്‍ച്ച പ്രാപിച്ച ഈ കാലത്ത് പോലും, നാട്ടില്‍ പ്രബലമായ ഈ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നല്ലൊരു ശതമാനം ആളുകളെക്കൊണ്ട് അര്‍ത്ഥശൂന്യമായ ആചാരങ്ങളും അബദ്ധജഡിലമായ അശാസ്ത്രീയ വിഷചികിത്സാരീതികളും അനുവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ജീവന്റെ വിലയുള്ള അത്തരം അശാസ്ത്രീയ ചികിത്സാരീതികളുടേയും അന്ധവിശ്വാസങ്ങളുടേയും പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ഈ വിഭാഗത്തില്‍.
i. പാമ്പുരക്ഷകര്‍ (Rescuers)
പാമ്പുകളെ രക്ഷപ്പെടുത്താന്‍, വനം വന്യജീവി വകുപ്പ് നല്‍കിയ ശാസ്ത്രീയമായ പരിശീലനവും ലൈസന്‍സും ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാല്‍ അവരുടെ സഹായം സ്വീകരിക്കാം. ശാസ്ത്രീയമായ പരിശീലനവും ലൈസന്‍സുമുള്ള ആള്‍ക്കാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് പാമ്പുകളെ രക്ഷിക്കല്‍. അങ്ങനെയല്ലാത്തവര്‍ അത് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
j. കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ് (Checklist)
2021 ജനുവരി മാസം വരെ, കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളില്‍ കണ്ടിട്ടുള്ള പാമ്പുകള്‍ ഉള്‍പ്പെട്ട ചെക്ക്‌ലിസ്റ്റ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയില്‍ പുതിയ പഠനങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങള്‍ പുതുക്കി നല്‍കുന്നതായിരിക്കും.
k. ആവാസസ്ഥലം (Habitat)
പാമ്പുകളെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള ആവാസ വ്യവസ്ഥയില്‍ ഏതൊക്കെ പാമ്പുകള്‍ കാണാന്‍ സാധ്യതയുണ്ട് എന്ന് നോക്കാം.
I. ശബ്ദരേഖ (Podcast)
പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാം. മറ്റു ജോലികള്‍ക്കിടയിലും വായന സാധ്യമല്ലാത്ത അവസരങ്ങളിലും ഉപകാരപ്പെടും. കാഴ്ച പരിമിതിയുള്ളവര്‍ക്കും സഹായകരമാകുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.
m. കൂട്ടായ്മ (Team)
ഈ ആപ്പിന്റെ പിന്നിലുള്ള പ്രവര്‍ത്തകരെ ഓരോരുത്തരേയും പരിചയപ്പെടാം. അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലേക്കുള്ള ലിങ്കുകള്‍ അവരുടെ ഫോട്ടോയോടൊപ്പം നല്‍കിയിട്ടുണ്ട്.
n. പങ്കുവെക്കുക (Share)
ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ഈ മെനു സഹായിക്കും. വളരെ വിശദവും ആധികാരികവും അതേസമയം ലളിതവുമായ ഈ ആപ്പ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശിക്കാം. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗ്ഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. നമ്മുടേയും പ്രകൃതിയുടേയും നിലനില്‍പ്പിനായി ശരിയായ അറിവുകള്‍ കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ നമുക്ക് പരിശ്രമിക്കാം.
ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യവും അശാസ്ത്രീയമായ പ്രവൃത്തികളുടെ പരിണിത ഫലങ്ങളും ഏവരിലും എത്തിക്കുവാനും പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും വേണ്ടി ഈ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുകയും വേണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=app.nsakes
എഴുതിയത്: Dr. Arun Mangalath, Dr. Deepu Sadasivan & Jinesh P S
©info clinic