പശുമാംസവും പന്നിമാംസവും ചില വിഭാഗങ്ങള്‍ക്ക് വര്‍ജ്ജ്യമാകുന്നതെന്തുകൊണ്ട്? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


“പശുവിന് കിട്ടുന്ന അതേ ബഹുമാനം എരുമക്ക് കിട്ടാത്തത് കാഞ്ചാ ഐലയ്യ പറയുന്നതുപോലെ നിറം കറുത്തത് കൊണ്ടാണോ? സ്വതവേ ശുഷ്‌കമായ ഭൂപ്രകൃതിയുള്ള മിഡില്‍ ഈസ്റ്റില്‍, പന്നി കൊള്ളരുതാത്ത മൃഗമായതിനുള്ള കാരണങ്ങളില്‍ ഒന്ന് അത് ഭക്ഷണത്തിനും, വെള്ളത്തിനും മനുഷ്യരുമായി മത്സരിക്കും എന്നതാകാം. കുതിര പ്രധാന വളര്‍ത്തു മൃഗമായ സമൂഹങ്ങളില്‍, അതിന്റെ മാംസം പൊതുവേ തിന്നാറില്ല.” – മാര്‍വിന്‍ ഹാരിസ് എന്ന അന്ത്രോപോളജിസ്റ്റിന്റെ നിഗമനങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു.
പശു മുതല്‍ പന്നിവരെ!

പശു മാംസം വര്‍ജ്ജ്യമാകുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് പതിവുപോലെ ‘ബ്രാഹ്‌മണ ഗൂഢാലോചന’ എന്നതാണ് പൊളിറ്റിക്കലി കറക്റ്റ് നിലപാട്. മാര്‍വിന്‍ ഹാരിസ് എന്ന അന്ത്രോപോളജിസ്റ്റ് അദ്ദേഹത്തിന്റെ Cows, Pigs,Wars, and Witches: the riddles of culture എന്ന പുസ്തകത്തില്‍ രസകരമായ ഒരു ഹൈപ്പോതെസിസ് അവതരിപ്പിക്കുന്നുണ്ട്.

മാര്‍വ്വിന്‍ ഹാരിസ് പറയുന്നതിന്റെ ചുരുക്കം ഇതാണ്. ഒരു ഉപജീവന കര്‍ഷകനെ (subsistence farmer) സംബന്ധിച്ചിടത്തോളം ഒരു ചത്ത പശുവിനെക്കാള്‍ മൂല്യം ജീവനുള്ള പശുവിനുണ്ട്. പശുവിനെ കൃഷിപ്പണിക്ക് ഉപയോഗിക്കാം. പാലില്ലെങ്കില്‍ പോലും പശു കത്തിക്കാനുള്ള ചാണകം തരും. ഈ ചാണകം തന്നെ വളമായും, ഫ്‌ലോറിംഗ് മെറ്റീരിയലായും ഉപയോഗിക്കാം. ഇതിനൊക്കെ പകരം പശുവിന് മനുഷ്യന് തിന്നാന്‍ പറ്റാത്ത പുല്ലും, വൈക്കോലുമൊക്കെ കൊടുത്താല്‍ മതി താനും (ആധുനിക കാലത്ത് സിനിമാപോസ്റ്ററും). പശു അതിന്റെ ഭക്ഷണത്തിനായി മനുഷ്യരുമായി മത്സരിക്കുന്നില്ല എന്നത് കൂടെകൂടെ ക്ഷാമത്തെ നേരിടേണ്ടി വരുന്ന ഒരു ഉപജീവന കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പോയന്റാണ്. (ഒരുപക്ഷേ വെള്ളത്തിനും ആ മത്സരം ഉണ്ടാവില്ല. ഇന്ത്യയിലെ സെബു പോലുള്ള പരമ്പരാഗത പശുക്കള്‍ക്ക് വളരെ കുറച്ചു വെള്ളം മതിയാകുന്നവയാണ്.)

പട്ടിണിയുടെ പാരമ്യത്തില്‍പ്പോലും ഒരു കര്‍ഷകന്‍ പശുവിനെ കൊന്ന് തിന്നില്ല. അത് വല്ല ഉണക്കപുല്ലും തിന്ന് തല്‍ക്കാലം ജീവിച്ചോളും. പാലൊന്നും ഇല്ലെങ്കില്‍ പോലും തണുപ്പുകാലത്തെ അതിജീവിക്കാനുള്ള ഇന്ധത്തിനുള്ള ചാണകമെങ്കിലും പശുവില്‍നിന്ന് കിട്ടും. ഭാഗ്യമുണ്ടെങ്കില്‍ അടുത്ത സീസണിലെ കൃഷി കൊണ്ട് രക്ഷപ്പെടാം. പശുസ്‌നേഹികള്‍ അഥവാ താല്‍ക്കാലിക നേട്ടത്തെ അവഗണിച്ച് ദീര്‍ഘകാല നേട്ടത്തെ വരിച്ചവര്‍ രക്ഷപ്പെടും. തീരെ ഗതികെട്ട് മാത്രമെ പശുവിനെ തിന്നൂ എന്നുമാകും. പശുവിനെ നഷ്ടപ്പെടുത്തിയവന് പലപ്പോഴും വീണ്ടും ഒരിക്കല്‍ കൂടി കര്‍ഷകനായി ജീവിക്കാനുമാകില്ല. അത്തരക്കാര്‍ കര്‍ഷക സമൂഹത്തിന്റെ പുറംപോക്കിലേക്ക് തള്ളപ്പെടും.

എന്തുകൊണ്ട് എരുമ?

ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കൃഷി ഭൂമിയെ രണ്ടായി തിരിക്കുന്നുണ്ട്. ദേവമാതൃകം, നദീമാതൃകം (അദേവമാതൃകം). മഴവെള്ളം മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ജനങ്ങള്‍ ജീവിക്കുന്ന ദേശമാണ് ദേവമാതൃകം. പുഴവെള്ളം കൊണ്ട് കൃഷി ചെയ്തു ജനങ്ങള്‍ ജീവിക്കുന്ന ദേശമാണ് നദീമാതൃകം (അദേവമാതൃകം). ചാണക്യന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല ഭൂമി ഇതാണ്.

ഉണങ്ങിയ ഭൂമി ഉഴാന്‍ കാളയും, നദീതീരത്തെ വെള്ളക്കെട്ടുള്ള ഇടങ്ങളിലെ കൃഷിക്ക് എരുമയും, അതാണ് ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്നത്. (ചെളിയില്‍ ഉഴാന്‍ പരന്ന കുളമ്പുള്ള എരുമയാണ് കൂടുതല്‍ നല്ലത്.) വരണ്ട ഭൂമിയില്‍ മഴയെ മാത്രം ആശ്രയിച്ച് പശുവിനെ ഉപയോഗിച്ച് കൃഷി നടത്തുന്നവരെപ്പോലെയല്ല, നദീമുഖത്തെ എക്കലടിഞ്ഞ് ഫലഭൂവിഷ്ഠമായ ചെളിയില്‍ എരുമകളെ ഉപയോഗിച്ചു കൃഷി നടത്തുന്നവര്‍. അവര്‍ക്ക് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പേടി വേണ്ട. അവിടെ ഉഴവുമൃഗത്തെ കൊന്ന് ചാപ്‌സാക്കുന്നതൊന്നും അവരുടെ അതിജീവനത്തെ അത്ര തന്നെ ബാധിച്ചേക്കില്ല. സ്വാഭാവികമായും എരുമ ഒരു പുണ്യ മൃഗവുമല്ല. പശുവിനു കിട്ടുന്ന ബഹുമാനം എരുമക്ക് കിട്ടാത്തതിന് കാരണവും ഇതാണ്.

എരുമകള്‍ വരണ്ട കാലാവസ്ഥയില്‍ നന്നായി അതിജീവിക്കില്ല. അവ ചെളിയില്‍ ജീവിക്കുന്ന മൃഗങ്ങളാണ്. Water buffalo എന്ന പേര് തന്നെ നോക്കുക. അല്ലാതെ നമ്മുടെ കാഞ്ച ഇലയ്യ സങ്കല്‍പ്പിക്കുന്ന പോലെ എരുമക്ക് കറുത്ത നിറമായതുകൊണ്ടൊന്നുമല്ല. നമ്മുടെ ആ പൂര്‍വ്വികര്‍ക്ക് അല്‍പ്പം കൂടിയൊക്കെ ബുദ്ധി നമുക്ക് അനുവദിച്ചുകൊടുക്കാം. പശുവിനെ പുണ്യ മൃഗമാക്കിയവര്‍ അത് ചെയ്തത് സ്വന്തം ജീവിത സാഹചര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു.

മരുഭൂമിയിലെ പന്നി വളര്‍ത്തല്‍

സ്വതവേ ശുഷ്‌കമായ ഭൂപ്രകൃതിയുള്ള മിഡില്‍ ഈസ്റ്റില്‍, പന്നി കൊള്ളരുതാത്ത മൃഗമായതിനുള്ള കാരണങ്ങളില്‍ ഒന്ന് അത് ഭക്ഷണത്തിനും, വെള്ളത്തിനും മനുഷ്യരുമായി മത്സരിക്കും എന്നതാകാം കാരണമെന്നും മാര്‍വിന്‍ ഹാരിസ് പറയുന്നു. പന്നി മരുഭൂമിയില്‍ വളരുന്ന മൃഗമല്ല. കാടാണ് അതിന്റെ വാസസ്ഥാനം. പന്നികള്‍ വിയര്‍ക്കില്ല. പൊതുവെ ഈര്‍പ്പവും, തണുപ്പും ഇഷ്ടപ്പെടുന്ന പന്നികളെ വളര്‍ത്താന്‍ കൂടുതല്‍ അധ്വാനവും, വിഭവങ്ങളും വേണ്ടിവരും. കര്‍ഷക സമൂഹങ്ങള്‍ക്ക് അവരുടെ കാര്‍ഷിക വേസ്റ്റും ഉച്ഛിഷ്ടങ്ങളും ഉപയോഗിച്ച് പന്നികളെ ലാഭകരമായി പോറ്റാന്‍ സാധിക്കും. (പന്നികളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത് ചൈനയിലെ നദീതീരത്തെ കര്‍ഷകരാണ്. 9000 ബിസി യില്‍.) മരുഭൂമിയില്‍ മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണം തന്നെ കൊടുത്ത് പന്നിയെ വളര്‍ത്തി, അതിന്റെ മാംസം ഭക്ഷിക്കുന്നത് ലാഭകരമല്ല. നല്ലൊരു വരള്‍ച്ചയില്‍ പന്നികള്‍ക്ക് വേണ്ടി കൂടി ദ്രവ്യം ചിലവാക്കേണ്ടി വരുന്ന ഗോത്രങ്ങള്‍ ക്ഷാമത്തെ അതിജീവിക്കില്ല. മരുഭൂമിയില്‍ പന്നികളെ വളര്‍ത്താന്‍ ശ്രമിക്കുന്നത് കുലം തന്നെ മുടിച്ചേക്കാവുന്ന പരിപാടിയാണ്.

കുതിര പ്രധാന വളര്‍ത്തു മൃഗമായ സമൂഹങ്ങളില്‍, കുതിരയുടെ മാംസം ആരും തിന്നാത്തതെന്തുകൊണ്ട് എന്നതിനും സമാനമായ ഒരു ഉത്തരം തന്നെയാണ് മാര്‍വിന്‍ ഹാരിസ് പറയുന്നത്. കുതിര യുദ്ധത്തിന് പ്രധാനപ്പെട്ടതായതു കൊണ്ട് അതിനെ വീണ്ടു വിചാരമില്ലാതെ കൊന്നു തിന്നുന്ന ഗോത്രം പിന്നീടൊരിക്കലും മറ്റുള്ളവരെ പിടിച്ചടക്കി ജീവിക്കാന്‍ സാധ്യതയില്ല. (മുഹമ്മദിന്റെ കൂടെ ജിഹാദില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹനം ഉള്ളവര്‍ക്ക് കൊള്ളമുതലിന്റെ രണ്ടു പങ്കാണത്രെ ലഭിക്കുക.) അത്തരം അവസ്ഥയില്‍ അവരുടെ പ്രധാന മൃഗമായ ഒട്ടകത്തെ കൊല്ലാന്‍ ഒന്ന് മടിക്കും. അതിന്റെ പാലും, മൂത്രവും ഒക്കെ ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിക്കാം. തുള്ളി വെള്ളം കിട്ടാനില്ലാത്തിടത്ത് ഒട്ടകമൂത്രം ജീവജലം തന്നെയാണ്. ഒട്ടക മൂത്രത്തോടും, ഗോമൂത്രത്തോടുമെല്ലാം പുച്ഛം തോന്നുന്നവര്‍ മനുഷ്യ പൂര്‍വ്വികര്‍ എന്തൊക്കെ ഭക്ഷിച്ചിരുന്നു ഇപ്പോഴും ഭക്ഷിക്കുന്നുണ്ട് എന്ന് ആലോചിച്ചു നോക്കുക.

ഒട്ടകവും ബഹുമാനിക്കപ്പെടുന്ന മൃഗം

ചിലയിടങ്ങളില്‍ ഒട്ടകത്തിന്റെ ദേഹത്ത് ചെറിയ മുറിവുണ്ടാക്കി അതിന്റെ രക്തം വരെ ഉപയോഗിക്കാറുണ്ട്. ഒട്ടകം വളരെ ബഹുമാനിക്കപ്പെടുന്ന ഒരു മൃഗമാണ് അവിടെ. പഴയ നിയമം പ്രകാരവും ഒട്ടകം നിഷിദ്ധമായ മൃഗമാണ്. (ആവര്‍ത്തന പുസ്തകം 14-7) പിന്നെ കുതിരയും, ഒട്ടകവും പശുവുമൊക്കെ വിലപ്പെട്ടതായതുകൊണ്ട് ഭക്ഷണത്തിനല്ലാതെ ദൈവപ്രീതിക്കായും, പ്രധാനപ്പെട്ട അതിഥിയുടെ ബഹുമാനാര്‍ത്ഥമായും അവയെ കൊന്നു മാംസമെടുക്കാം. പശുവിനെയും യാഗത്തിന് ഉപയോഗിച്ചിരുന്നു എന്നത് ഗോമംസം പതിവായി ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്നതിന് തെളിവല്ല. Thorstein Veblen പറയുന്ന conspicuous waste ന്റെ ഉദാഹരണമായി അതിനെ എടുക്കാം. (അതേക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും പറയാം.)
ഓരോ ഗോത്രങ്ങളുടെയും ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വളരെ ബുദ്ധിപൂര്‍വ്വമായ, ചില സാമ്പത്തിക പരിഗണനകളുടെ ഫലമാണ് ഗോമംസവര്‍ജ്ജനം (മറ്റു മാംസ വര്‍ജ്ജനങ്ങളും) എന്നത് നമ്മുടെ പുരോഗമന ബുദ്ധിജീവികള്‍ സമ്മതിച്ചുതരില്ല.

Aside point:..”ഗോബ്രാഹ്‌മണേഭ്യ ശുഭമസ്തു നിത്യംലോകാഃ സമസ്താഃ സുഖിനോ ഭവന്തു.’ (പശുക്കളും ബ്രാഹ്‌മണരും സുഖമായിരിക്കട്ടെ, ലോകത്തിനു മുഴുവന്‍ സുഖമുണ്ടാകട്ടെ.) എന്നതിന്റെ യഥാര്‍ത്ഥ അര്‍ഥം ഈ ബാക്ക് ഗ്രൗണ്ട് ഇന്‍ഫര്‍മേഷന്‍ ഇല്ലാതെ മനസ്സിലാക്കാനാകില്ല. ഭൗതിക സമ്പത്തിന്റെ അടിസ്ഥാനമായ പശുക്കളും, അറിവിന്റെ സൂക്ഷിപ്പുകാരായ ബ്രാഹ്‌മണരും (ബ്രാഹ്‌മണന്‍ എന്നതിന് പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്. (ഇത് ‘സംഘി’ വ്യാഖ്യാനമാണ് എന്ന് തോന്നുന്നവര്‍ക്ക് ബുദ്ധന്‍ ബ്രാഹ്‌മണന് കൊടുക്കുന്ന നിര്‍വ്വചനങ്ങള്‍ എന്റെ വേറൊരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു നോക്കാം.)

മതപരമായ ചപ്പടാച്ചി ‘അറിവുകള്‍’ ഒഴിച്ചു നിര്‍ത്തിയാലും ഏത് സീസണില്‍ എന്ത് കൃഷി ചെയ്യണം, തിന്നാല്‍ കൊള്ളാവുന്ന സസ്യങ്ങള്‍ ഏതൊക്കെ, വരള്‍ച്ചയും ശൈത്യവും ഉണ്ടാകാനുള്ള സാധ്യതകള്‍, മുന്‍പ് സമാനമായ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ പൂര്‍വ്വികര്‍ അത് തരണം ചെയ്തതെങ്ങിനെ മുതലായവയൊക്കെ എഴുത്തും, വായനയും വശമുള്ള ഇവര്‍ക്കെ അറിയുന്നുണ്ടാകൂ. (പുസ്തകത്തിന്റെയും ഇന്റര്‍നെറ്റിന്റെയും ഈ കാലത്തുനിന്ന് അത്തരമൊരു വിവരശേഖരത്തിന്റെ പ്രാധാന്യം സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരിക്കും.) എഴുത്തും, വായനയും വ്യാപകമാകുന്നതിനുമുന്‍പും ഇത്തരം ‘ചലിക്കുന്ന എന്‍സൈക്ലോപീഡിയകളുടെ’ പ്രാധാന്യം വിലമതിക്കാനാവാത്തതായിരുന്നു. ലോകമെമ്പാടുമുള്ള സാക്ഷരപൂര്‍വ്വ ഗോത്രങ്ങളില്‍ പ്രായമായവരും, സാക്ഷരതയുള്ള ഗോത്രങ്ങളില്‍ പുരോഹിതരും ഇത്തരം വിജ്ഞാന സൂക്ഷിപ്പുകാരായുണ്ടായിരുന്നു.

ട്രഷറിയും ലൈബ്രറിയും നിലനില്‍ക്കട്ടെ

മെഗസ്റ്റനീസ് അദ്ദേഹം കണ്ട ഇന്ത്യയില്‍ ഏഴ് വിഭാഗം ജനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ണ്ണമായ ബ്രാഹ്‌മണരെക്കുറിച്ച് ഇങ്ങനെ പറയുന്നു…..” .wherein at the beginning of the new year all the philosophers are gathered together before the king at the gates, when any philosopher who may have committed any useful suggestion to writing, or observed any means for improving the crops and the cattle, or for promoting the public interests, declares it publicly. If any one is detected giving false information thrice, the law condemns him to be silent for the rest of his life, but he who gives sound advice is exempted from paying any taxes or contributions.”’. അപ്പോള്‍ ബൗദ്ധികവും, ഭൗതികവുമായ ധനങ്ങള്‍ സൂക്ഷിക്കുന്ന ഗോത്രത്തിന് നിലനില്‍ക്കാം. ( കന്നുകാലി എന്നര്‍ത്ഥം വരുന്ന cattle, അടിമ എന്നര്‍ത്ഥം വരുന്ന chattel, ധനം എന്നര്‍ത്ഥം വരുന്ന capital എല്ലാം സ്വത്ത് എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കിന്റെ വകഭേദങ്ങളാണ്.)

ട്രഷറിയും ലൈബ്രറിയും നിലനില്‍ക്കട്ടെ എന്ന ഒരു അതിജീവന കാര്‍ഷിക സമൂഹത്തിന്റെ പ്രാര്‍ത്ഥനയാണ് ”ഗോബ്രാഹ്‌മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.’ ഗോപിതാവിന് അഥവാ കാളകള്‍ക്ക് എന്തുകൊണ്ട് അത്ര അത്ര പ്രാധാന്യമില്ല എന്നതിനും വിശദീകരണമുണ്ട്. സന്താനോത്പാദനത്തിന് ഏതാനും വിത്ത് കാളകള്‍ മതി, വര്‍ക്ക് ഫോഴ്‌സ് നിലനിര്‍ത്താം. (പത്തു പശുവിന് നാല് കാള എന്നാണ് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ കണക്ക്.) പക്ഷേ പശുക്കളുടെ എണ്ണം കണ്ടമാനം കുറഞ്ഞാല്‍ ഇക്കോണമി തന്നെ തകര്‍ന്നു പോയേക്കാം. അതുകൊണ്ട് ഗോമാതാവല്ലാതെ ഗോ പിതാവില്ല. (കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കറവയുള്ള പശുവിനെയോ കിടാവിനെയോ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ അമ്പതു പണമാണ്.)


Leave a Reply

Your email address will not be published. Required fields are marked *